പോള്‍ ലറൂഡിയും പോലീസിന്റെ ഇസ്രയേല്‍ കവാത്തും
2012 ഡിസംബര്‍ 29-ന് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ സമ്മേളനത്തിലെ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഡോ. പോള്‍ ലറൂഡി. ഫ്രീ ഗസ്സാ മൂവ്‌മെന്റിന്റെ സ്ഥാപകന്‍ എന്ന നിലയിലും ലോകത്ത് ഇസ്രയേല്‍വിരുദ്ധ മുന്നണിയുടെ പ്രചാരകനെന്ന പേരിലും അറിയപ്പെട്ട വ്യക്തിത്വമാണദ്ദേഹം. വിസാ നടപടിയുമായി ബന്ധപ്പെട്ട് സമ്മേളനത്തില്‍ പ്രസംഗിച്ച ഉടനെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ അദ്ദേഹത്തിന് അനുവാദമില്ലെന്നായിരുന്നു പോലീസ് ഭാഷ്യം. ഈ ദിനങ്ങളില്‍ നടന്ന ഒരു മതസംഘടനയുടെ സമ്മേളനത്തിന് ഇരുപത്തിമൂന്ന് വിദേശ അതിഥികളാണ് പങ്കെടുത്ത് സംസാരിച്ചത്. മറ്റൊരു മത സംഘടനയുടെ പ്രമുഖ സ്ഥാപനത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലും ഇരുപതോളം വിദേശ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. അവിടെയൊന്നും വിസാ നടപടികളുമായി ഓടിയെത്താതിരുന്ന പോലീസ് പോള്‍ ലറൂഡിയെ മാത്രമെന്തിന് ലക്ഷ്യം വെച്ചു? അദ്ദേഹം ഒരു ഇസ്രയേല്‍ വിരുദ്ധനാണ്. ഗസ്സയുടെ മോചനത്തിനു വേണ്ടി ധാരാളം പ്രതിഷേധങ്ങള്‍ക്ക് അമേരിക്കയുടെ നടുത്തളത്തിലും യൂറോപ്പിന്റെ മുറ്റത്തും ഇസ്രയേലിന്റെ തോക്കിനു മുന്നിലും നേതൃത്വം നല്‍കിയിരുന്നു. കൃത്യമായ രാഷ്ട്രീയ നയമുള്ള അദ്ദേഹത്തെ ഇന്ത്യയിലെ ഇന്റലിജന്‍സിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമുണ്ടായിരുന്നു. ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തെക്കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചാല്‍ ധാരാളം ഞെട്ടിക്കുന്ന വിവരങ്ങള്‍ നമുക്ക് ലഭ്യമാകും. തിരൂരിലെ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത അമേരിക്കക്കാരനായ ഒരു പൗരനെ അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദവും ആജ്ഞയും വരുന്നത് ദല്‍ഹിയില്‍ നിന്നാണ്. ഉടനെ ഇന്ത്യയിലെ മുഴുവന്‍ ജില്ലകളിലെയും പോലീസ് മേധാവികള്‍ക്ക് അലര്‍ട്ട് സന്ദേശം നല്‍കുന്നു. ഇദ്ദേഹത്തിനെതിരെ മുമ്പ് ഇന്ത്യയില്‍ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കുറ്റമുണ്ടോയെന്ന് അന്വേഷിക്കാന്‍ ഉത്തരവിടുന്നു. മുംബൈയില്‍ നടന്ന സംഗമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലറൂഡി പങ്കെടുത്തിരുന്നു. അതിനേക്കാള്‍ വലിയ പ്രാധാന്യം ഈ സന്ദര്‍ശനത്തിനു കൈവന്നത് ഒരു ഇസ്‌ലാമിക സംഘടന നടത്തുന്ന പരിപാടിയില്‍ ഏറ്റവും വലിയ ഇസ്രയേല്‍വിരുദ്ധനായ മറ്റൊരു മതസ്ഥന്‍ പങ്കെടുക്കുന്ന രാഷ്ട്രീയ യുക്തിയാണ് നമ്മുടെ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചുകളഞ്ഞത്.
ലോകത്താകെ വലവിരിച്ച അധിനിവേശ യുക്തിയാണ് ഇസ്രയേല്‍. ഫലസ്ത്വീനെ മാത്രമല്ല, അമേരിക്കയെയും ഒരേസമയം അത് അടിമപ്പെടുത്തിയിരിക്കുന്നു. ലോകത്ത് പുറത്തിറങ്ങുന്ന എഴുപത് ശതമാനം പത്രങ്ങളും ചാനലുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും അവരുടെ പിടിയിലാണ്. പത്രദൃശ്യമാധ്യമങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡുകളിലും ഓഹരികളിലും അവര്‍ ഒരുപോലെ മേധാവിത്വം പുലര്‍ത്തുന്നു. ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അവര്‍ ഫണ്ട് നല്‍കിവരുന്നു. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ വലിയൊരു വിഭാഗം പ്രഫസര്‍മാര്‍ ഇസ്രയേല്‍ ബന്ധം പുലര്‍ത്തിവരുന്നു. കേരളത്തിലെ ഒരു സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥനെ എസ്.ഐ.ഒ നടത്തിയ ഫ്രീ ഗസ്സാ ഐക്യദാര്‍ഢ്യ സദസ്സിലേക്ക് ക്ഷണിച്ചപ്പോള്‍ അദ്ദേഹം വാചാലനായത് ഇസ്രയേലിനെക്കുറിച്ചാണ്. ഫലസ്ത്വീനികള്‍ അര്‍ഹിക്കുന്നതാണ് ഈ അധിനിവേശമെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. ഇടക്കിടെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതിന്റെ യുക്തി ഇതിലൂടെ നമുക്ക് ബോധ്യമായി. കേരളത്തില്‍ ഇല്ലാത്ത ഭീകരവാദത്തെ സൃഷ്ടിച്ച് വെള്ളിത്തിരയില്‍ മുസ്‌ലിംവിരുദ്ധ ഭാവനകള്‍ക്കും ചിത്രങ്ങള്‍ക്കും നിറം പകര്‍ന്ന് താണ്ഡവമാടിയ പ്രസിദ്ധനായ ഒരു സിനിമാ സംവിധായകന്‍ സ്വന്തം മകന് പേര് നല്‍കിയത് ഷാരോണ്‍ എന്നാണ്. എന്തുകൊണ്ട് ഷാരോണെന്ന പേര് നല്‍കിയെന്ന പത്രക്കാരുടെ ചോദ്യത്തിന് ഇസ്രയേലിനോടും ഷാരോണിനോടുമുള്ള വീരാരാധന കൊണ്ടാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ആരാണ് ഇദ്ദേഹത്തിന്റെ സിനിമകളുടെ പിന്നിലെ അജണ്ട നിശ്ചയിച്ചതെന്ന് ഇതിലൂടെ വ്യക്തമായി. ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ബൊക്ക നല്‍കി സൗഹൃദം പുതുക്കിയ ഏക സംസ്ഥാനമാണ് കേരളം.
ഫലസ്ത്വീനോട് അനുഭാവവും ഇസ്രയേലിനോട് എതിര്‍പ്പും പുലര്‍ത്തുന്നവര്‍ ആരുമാകട്ടെ അവരെ ടാര്‍ഗറ്റ് ചെയ്ത് വേട്ടയാടുന്നതില്‍ പ്രത്യേകമായി അവര്‍ ശ്രദ്ധിക്കുന്നു. ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന ഡോ. അസ്സാം തമീമിയുടെ വിസ തടഞ്ഞുവെച്ചത് അദ്ദേഹം ഹമാസിനെയും ഫലസ്ത്വീനെയും പിന്തുണക്കുന്നുവെന്ന കാരണം പറഞ്ഞുകൊണ്ടാണ്. യിവോണ്‍ റിഡ്‌ലി കേരളത്തില്‍ എസ്.ഐ.ഒവിന്റെ അതിഥിയായി എത്തിയിരുന്നു. പിന്നീട് ജമാഅത്തെ ഇസ്‌ലാമി നടത്തിയ വനിതാ സമ്മേളനത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അവരുടെ വിസ തടഞ്ഞുവെച്ചു. അതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ റഫാ അതിര്‍ത്തിയിലെ സൈന്യത്തെ മറികടന്ന് ഗസ്സയിലേക്ക് പ്രവേശിക്കാന്‍ തയാറായതോടെ റിഡ്‌ലിയും മൊസാദിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടു. മൊസാദിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ളവര്‍ ഇന്ത്യന്‍ എംബസികളിലും നോട്ടപ്പുള്ളികളാണ്. അങ്ങനെയാണ് സയണിസ്റ്റ് രാജ്യത്തോടുള്ള കവാത്ത് നമ്മുടെ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുന്നത്.
എല്ലാ കണ്ടുപിടിത്തങ്ങളും രക്തത്തിനു വേണ്ടി മാത്രം നടത്തുന്ന രാഷ്ട്രമാണ് ഇസ്രയേല്‍. ഹിംസ പുണ്യമായും അധിനിവേശം സ്വര്‍ഗാരോഹണത്തിന്റെ വഴിയായും മനസ്സിലാക്കിയവര്‍. അതേസമയം ലോകത്ത് വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകളും യൂനിവേഴ്‌സിറ്റികളും സ്റ്റുഡന്റ്‌സ് ഗ്രൂപ്പുകളും ഇസ്രയേല്‍ ബഹിഷ്‌കരണ പ്രസ്ഥാനങ്ങള്‍ തുടങ്ങിയിരിക്കുന്നു. അവരില്‍ പ്രധാനിയാണ് പോള്‍ ലറൂഡി. എസ്.ഐ.ഒ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിച്ച ഉടനെ അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തില്‍നിന്ന് സ്റ്റേറ്റ്‌മെന്റെടുത്തപ്പോള്‍ പോലീസുകാര്‍ അദ്ദേഹത്തെ ഇറാന്‍ പൗരനാക്കാനാണ് ശ്രമിച്ചത്. അദ്ദേഹം ജനിച്ചത് ഇറാനിലാണ്. പഠനവും വളര്‍ന്ന് വലുതായതും അമേരിക്കയിലുമാണ്. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അമേരിക്ക നല്‍കിയതാണ്. പാസ്‌പോര്‍ട്ട് മറിച്ചു നോക്കിയാല്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകുന്നതാണ് ഏത് രാജ്യക്കാരനാണെന്നത്. പക്ഷേ, വിക്കി പീഡിയ നോക്കി ജനനസ്ഥലം നിശ്ചയിച്ച് പൗരത്വം നല്‍കിയാലാണ് മുകളിലുള്ള ഇസ്രയേല്‍ ഭക്തരെ തൃപ്തിപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ജനിച്ച സ്ഥലം നോക്കിയാണ് പൗരത്വം നിശ്ചയിക്കുന്നതെങ്കില്‍ നമ്മുടെ നാട്ടിലെ പലയാളുകളും തൊട്ടടുത്ത നഗരസഭയിലോ ഗള്‍ഫ് രാജ്യങ്ങളിലെയോ താമസക്കാരായിരിക്കും. ശുദ്ധ അമേരിക്കനും വെള്ളക്കാരനുമായ ഒരാളെ ഇറാനിയാക്കാന്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരായ പോലീസുകാര്‍ക്ക് പോലും മിടുക്കുണ്ടെങ്കില്‍ ഉടുമുണ്ടഴിച്ച് പൗരത്വം തെളിയിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ ഇന്റലിജന്‍സിനു ശിഷ്യപ്പെടേണ്ടിവരും. രണ്ടാമതായി, നമ്മുടെ പോലീസുകാര്‍ക്ക് അറിയേണ്ടത് ക്രിസ്ത്യാനിയായ പോള്‍ എന്തിനാണ് ഇസ്‌ലാമിക സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ്. ഭീകരതയുടെ ചിഹ്നങ്ങളും മതവും നിശ്ചയിച്ചുറപ്പിച്ചവര്‍, അത് കണ്ടെത്താതിരുന്നതിലെ നിരാശയോടെയാണ് ഈ ചോദ്യമുന്നയിച്ചത്. താങ്കള്‍ക്ക് ഇപ്പോള്‍ ഏത് മതത്തോടാണ് കൂടുതല്‍ താല്‍പര്യമെന്നുപോലും അവര്‍ അന്വേഷിച്ചു. എങ്ങനെയെങ്കിലും 'ഞാനൊരു മുസ്‌ലിമാണെ'ന്ന് അബദ്ധത്തില്‍ പറഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമായെന്ന ആശ്വാസമാണ് ഈ അന്വേഷണങ്ങളില്‍ നിഴലിച്ചത്. പോള്‍ ഫലസ്ത്വീനെക്കുറിച്ച് പറഞ്ഞതെല്ലാം സ്റ്റേറ്റ്‌മെന്റില്‍ പാകിസ്താന്‍ എന്നാണ് പോലീസുകാര്‍ എഴുതിവെച്ചത്. കൂടെയുള്ളവര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് 'അബദ്ധം' പറ്റിയതാണെന്ന് പറഞ്ഞൊഴിയാനാണ് അവര്‍ ശ്രമിച്ചത്. ഈ 'അബദ്ധം' തന്നെയാണ് ഇമെയില്‍ ചോര്‍ത്തിയപ്പോള്‍ കേരള പോലീസിനു സംഭവിച്ചത്. ഇതേ 'അബദ്ധ'മാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സിനും പിണഞ്ഞത്. ഇത്രമേല്‍ ആസൂത്രണം ചെയ്ത 'അബദ്ധ'മെങ്ങനെയാണ് ഒരു പ്രത്യേക വിഭാഗത്തിനുമേല്‍ നിരന്തരം പതിച്ചുകൊണ്ടിരിക്കുന്നത്?
ഇന്ത്യയില്‍ നടന്ന വിവിധ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ആദ്യം അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട ചെറുപ്പക്കാരുടെ കാര്യത്തിലും, ബട്‌ല ഹൗസടക്കമുള്ള വ്യാജ ഏറ്റുമുട്ടലുകളിലും 'അബദ്ധ'ങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയും ചെയ്യുന്നു. സാമൂഹിക ബന്ധങ്ങളില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഈ അബദ്ധങ്ങള്‍ എന്നാണ് നമ്മുടെ ഉദ്യോഗസ്ഥര്‍ തിരുത്തുന്നത്? ഇസ്രയേല്‍വിരുദ്ധനായ ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യം ലോകത്ത് വളരെ പരിമിതമാണ്. പല രാജ്യങ്ങളിലേക്കും അയാള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. ഇന്ത്യന്‍ എംബസികളടക്കം ഇതിനു വിധേയപ്പെട്ടുകിടക്കുകയാണ്. ഇസ്രയേല്‍ എന്ന രക്തത്തില്‍ തീര്‍ത്ത ഭൂപടത്തോട് കലഹിക്കല്‍ ഒരു വലിയ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. വെസ്റ്റ് ബാങ്കിലെ ചെക്കുപോസ്റ്റുകളില്‍ പീഡനത്തിനു വിധേയമായ കുടുംബത്തോട് അനുഭാവം പ്രകടിപ്പിച്ച്, ഇസ്രയേല്‍ സൈന്യത്തിനു നേരെ കലഹിച്ചപ്പോഴാണ് പോള്‍ ലറൂഡിക്ക് വെടിയേറ്റത്. വെടിയേറ്റ കാലുമായി ലോകത്തെവിടെയും ഫലസ്ത്വീനുവേണ്ടി അദ്ദേഹം ആവേശത്തോടെ എത്തിച്ചേരും. ഒരു രാജ്യത്ത് വന്ന് പ്രസംഗിക്കുമ്പോള്‍ ആ നാട്ടിലെ ഭരണഘടനയെ വിമര്‍ശിച്ചാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് നമുക്ക് മനസ്സിലാവും. തിരൂരില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം ഇന്ത്യയെ പുകഴ്ത്തുകയാണ് ചെയ്തത്. യു.എന്‍.ഒയിലെ ഫലസ്ത്വീന്‍ നിരീക്ഷക പദവിക്ക് വേണ്ടി നടന്ന ചര്‍ച്ചയിലും വോട്ടെടുപ്പിലും ഇന്ത്യയെടുത്ത നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. അപ്പോള്‍, ഇന്ത്യയെ പുകഴ്ത്തിയോ ഇകഴ്ത്തിയോ എന്നതല്ല, മറിച്ച് നിങ്ങള്‍ ഇസ്രയേലിനോടെന്തു നിലപാട് സ്വീകരിച്ചുവെന്നതാണ് പ്രശ്‌നം. തങ്ങളുടെ തത്ത്വശാസ്ത്രത്തിനു സമാനമായ രീതികളുള്ള ആര്‍.എസ്.എസ്സും അമേരിക്കയിലെ ഇവാഞ്ചലിസ്റ്റ് ഗ്രൂപ്പുകളുമായി ചേര്‍ന്നാണ് പൊതുശത്രുക്കളെ ഇസ്രയേല്‍ വേട്ടയാടുന്നത്. നമ്മുടെ നാട്ടിലെ സബ് ഇന്‍സ്‌പെക്ടറായ പോലീസുകാരന്‍ മുതല്‍ ലോക പോലീസായ അമേരിക്കന്‍ ഭരണാധികാരി വരെ ഓച്ചാനിച്ചു നില്‍ക്കുന്നത് ഇസ്രയേലിന്റെ മുന്നിലാണ്. ഇത്രയധികം സ്വാധീനമുള്ള ഒരു രാജ്യത്തിന്റെ രക്തപങ്കിലമായ മുന്നേറ്റത്തിനു മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ അല്‍പമാളുകളെങ്കിലും ഉണ്ട് എന്നത് ഇസ്രയേലിനെ ദുര്‍ബലപ്പെടുത്തുന്നതാണ്.
Comments