മനുഷ്യാവകാശ ധ്വംസനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി
ലോകത്തിലെ ഏറ്റവും വലിയ മതേതരത്വ ജനാധിപത്യ റിപ്പബ്ലിക് രാജ്യമെന്ന് മേനി നടിക്കുന്ന ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് അബ്ദുന്നാസിര്‍ മഅ്ദനി. കഴിഞ്ഞ രണ്ടര വര്‍ഷമായി കിരാതമായ പീഡനങ്ങള്‍ക്ക് അദ്ദേഹം ഇരയായിക്കൊണ്ടിരിക്കുന്നു. പലപ്പോഴായി വിവിധ കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട ജാമ്യഹര്‍ജികള്‍ ഭരണകൂട ഭീകരതയുടെ ബുദ്ധിപൂര്‍വമായ കരുനീക്കങ്ങള്‍ കൊണ്ട് പരാജയപ്പെട്ടു.
ഒരു മനുഷ്യനെന്ന പരിഗണന പോലും നല്‍കാതെ മഅ്ദനിക്കെതിരെ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങള്‍ സാധാരണക്കാരില്‍ കോടതിയെപ്പറ്റി അവിശ്വാസം ജനിപ്പിച്ചാല്‍ അതിശയിക്കേണ്ടതില്ല.
വളരെ പരിതാപകരമായ അവസ്ഥകളാണ് അബ്ദുന്നാസിര്‍ മഅ്ദനി ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രമേഹം മൂലം ഒരു കണ്ണിന്റെ കാഴ്ച ഏതാണ്ട് പൂര്‍ണമായും ഒന്നിന്റേത് ഭാഗികമായും നഷ്ടപ്പെട്ടിരിക്കുന്നു. നട്ടെല്ലിന്റെ കശേരുകള്‍ക്ക് സ്ഥാനചലനം സംഭവിച്ചതിനാല്‍ അസഹ്യമായ വേദന, ഒപ്പം മൂക്കില്‍നിന്ന് ചലവും രക്തവും നിരന്തരം ഒലിക്കുന്നു. ശരീരത്തില്‍ അങ്ങിങ്ങ് മുഴകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. വൃക്കകളുടെ തകരാറു കാരണം കാലിലും മുഖത്തും നീര് കെട്ടി നില്‍ക്കുന്നു. ശരീരം മെലിഞ്ഞ് എല്ലും തോലുമായി. പ്രാഥമിക കാര്യങ്ങള്‍ പോലും സഹായി ഇല്ലാതെ ചെയ്യാന്‍ കഴിയാത്ത അവസ്ഥ. ശരീരത്തിലെ ഓരോ അവയവത്തെയും രോഗം ബാധിച്ചിരിക്കുന്നു. പണ്ഡിതനും പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ ലീഡറുമായ ഒരു വ്യക്തിയുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ഇന്ത്യയുടെ വിവിധ ജയിലുകളില്‍ അടക്കപ്പെട്ടിരിക്കുന്ന സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?
ഇന്ത്യാ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സാമൂഹിക സാംസ്‌കാരിക മനുഷ്യാവകാശ പ്രസ്ഥാനങ്ങളും മത സംഘടനകളും സര്‍വോപരി പൊതു ജനങ്ങളും അദ്ദേഹത്തിന്റെ ജാമ്യത്തിനു വേണ്ടി ശക്തമായി ആവശ്യപ്പെട്ടിട്ടും ഭരണകൂടവും നീതിന്യായ വ്യവസ്ഥകളും തീര്‍ത്തും മൗനം അവലംബിക്കുകയാണ്.
മാലേഗാവ്, മക്കാ മസ്ജിദ് സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യാ രാജ്യത്തെ നടുക്കിയ ഭീകര സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ ഫാഷിസ്റ്റ് സംഘ്പരിവാറിന്റെ കരങ്ങളാണെന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബംഗളുരു സ്‌ഫോടനത്തിന് പിന്നിലും ഈ ശക്തികള്‍ തന്നെയാകാനുള്ള സാധ്യത ചില നിഷ്പക്ഷമതികള്‍ പങ്കുവെക്കുന്നുണ്ട്. ഒരുപക്ഷേ അത് വെളിച്ചത്ത് വരാതിരിക്കാനായിരിക്കാം അബ്ദുന്നാസിര്‍ മഅ്ദനിയെ ഇങ്ങനെ കുരുക്കിയിരിക്കുന്നത്.
മഅ്ദനി ഒരു ഒറ്റപ്പട്ട സംഭവമല്ല. ഭീകരതയുടെ ഇരകളുടെ കൂട്ടത്തില്‍ ഒരു കണ്ണി മാത്രമാണദ്ദേഹം. ആ നിര നീണ്ടുപോകുന്ന കാഴ്ചയാണ് നാം കാണുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തകാലത്ത് നടന്ന അറസ്റ്റുകളും കുറ്റം ചാര്‍ത്തലുകളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതെല്ലാം വ്യക്തമായ ഭീകര അജണ്ടയുടെ ഭാഗമാണ്.
ഭീകരതയും രാജ്യദ്രോഹവും ആരോപിച്ച് ജനങ്ങളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ പിന്നെ ഇരകള്‍ക്ക് വേണ്ടിയുള്ള ശബ്ദങ്ങള്‍ പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയും. മഅ്ദനീ വിഷയത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടകയില്‍ നിന്ന് പോലീസ് ഓഫീസര്‍മാര്‍ ഇവിടെ എത്തുകയും അവരും കേരള പോലീസും ചേര്‍ന്ന് അന്‍വാര്‍ശ്ശേരി എന്ന ഇസ്‌ലാമിക കലാലയം ഒരു പ്രശ്‌നബാധിത മേഖലയാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചതാണ്.
ഇങ്ങനെ നാടകം അരങ്ങേറുമ്പോള്‍ എല്ലാവരും പ്രസ്തുത സംഭവങ്ങളെ ആദ്യമാദ്യം സംശയദൃഷ്ടിയോടെ കാണാനുള്ള സാഹചര്യമാണ് ഇവര്‍ ആദ്യമൊരുക്കുന്നത്. പത്രമാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ശബ്ദിച്ചു തുടങ്ങുമ്പോഴേക്കും വളരെ ആസൂത്രിതമായി ജാമ്യം ലഭിക്കാത്ത രീതിയില്‍ ഇരകളെ കേസുകളിലെ കെണിവലകളില്‍ പെടുത്തിയിരിക്കും. പിന്നെ ആ ശബ്ദങ്ങളും ജാമ്യത്തിനും മോചനത്തിനും വേണ്ടിയുള്ള മുറവിളികളും പ്രയോജനരഹിതമായി പരിണമിക്കും. ഉത്തരവാദപ്പെട്ടവര്‍ 'നിയമം അതിന്റെ വഴിക്ക് പോകട്ടെ', 'കേസ് കോടതിയിലാണ്, നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല', 'നിങ്ങള്‍ കോടതിയെ സമീപിക്കുക', 'ഇനി കോടതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുക' എന്ന പതിവ് പല്ലവി ആവര്‍ത്തിച്ച് രക്ഷപ്പെടുകയും ചെയ്യും. കോയമ്പത്തൂര്‍ വിഷയത്തില്‍ വ്യക്തമായി ഇതുതന്നെയാണ് സംഭവിച്ചത്. കോയമ്പത്തൂര്‍ കേസിന് മുന്നോടിയായി അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തെല്ലാം അസത്യങ്ങളും നിറം പിടിപ്പിച്ച ആരോപണങ്ങളുമാണ് ഇവിടെ എഴുതുകയും പറയുകയും ചെയ്തത്. എന്ത് ഭീതിതമായ അവസ്ഥയായിരുന്നു! ആരും പ്രതികരിക്കാതെ മടിച്ച് നിന്ന ഒരു അവസ്ഥയുണ്ടായിരുന്നു. ജനാധിപത്യ വിശ്വാസികള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭാവി കൂടുതല്‍ ദുഷ്‌കരമായിരിക്കും.
Comments