Prabodhanm Weekly

Pages

Search

2013 ജനുവരി 19

സ്ത്രീ രക്ഷ സാമൂഹിക സുരക്ഷ

ഇ.എന്‍ നസീറ

രാജ്യത്തെ ഞെട്ടിച്ച ദല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ എ. റഹ്മത്തുന്നീസ എഴുതിയ 'സ്ത്രീ പീഡകരെ സൃഷ്ടിക്കുന്നത് കുത്തഴിഞ്ഞ ജീവിതശൈലി' എന്ന ലേഖനം സ്ത്രീകളുടെ സത്വര ശ്രദ്ധയര്‍ഹിക്കുന്നു. ക്രൂരമായ മാനഭംഗ വാര്‍ത്തയും അതിന് വിധേയമായ പെണ്‍കുട്ടിയുടെ ദയനീയ മരണവും ദേശീയ മീഡിയയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെയാണ് രാജ്യത്തിന്റെ പല ഭാഗത്തും സമാനമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിയത് എന്ന ഞെട്ടിക്കുന്ന സത്യം നമ്മുടെ സമൂഹത്തിന്റെ രോഗാവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നു. ഭരണരംഗത്തെ പ്രമുഖരും സമുന്നത നീതിപീഠവും ആക്ടിവിസ്റ്റുകളും ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഉറക്കെ പറയുമ്പോള്‍ തന്നെയാണ് ഒട്ടും കൂസാതെ സ്ത്രീ പീഡനത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ അരങ്ങേറിയത്. ഭരണകൂടത്തെ പേടിച്ചോ ശിക്ഷകളെ ഭയന്നോ മാത്രം മനുഷ്യന്‍ നേരെയാകാന്‍ പോകുന്നില്ല എന്നതിലേക്ക് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നു. ഒച്ചപ്പാടുകള്‍ക്ക് താല്‍ക്കാലിക ശാന്തി വരുത്താനും രാഷ്ട്രീയ പ്രതിസന്ധികള്‍ ഒഴിവാക്കാനും ഭരണകൂട വേദികള്‍ മുന്നോട്ടുവെക്കുന്ന പരിഹാരങ്ങളില്‍ മാത്രം വിശ്വാസമര്‍പ്പിക്കുന്നത് വിഡ്ഢിത്തമായിരിക്കും എന്നതാണ് അനുഭവസത്യം.
മാറി മാറി വരുന്ന സര്‍ക്കാറുകള്‍ നമ്മെ രക്ഷിക്കുമെന്ന് കരുതി പോളിംഗ് ബൂത്തുകളില്‍ ക്യൂ നിന്ന് നമുക്ക് മതിയായി. വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ മകള്‍ തിരിച്ചെത്തുന്നത് വരെയുള്ള മാതാക്കളുടെ നെഞ്ചിടിപ്പ് ഒരാള്‍ക്കും മനസ്സിലാവില്ല. 'തലയില്‍ വെച്ചാല്‍ പേനരിക്കും, നിലത്തു വെച്ചാല്‍ ഉറുമ്പരിക്കും' എന്ന ജാഗ്രതയോടെ നാം വളര്‍ത്തിക്കൊണ്ടുവരുന്ന നമ്മുടെ പെണ്‍മക്കളെ തക്കം നോക്കി റാഞ്ചി വലിച്ചുകീറി നശിപ്പിക്കാന്‍ കാമക്കഴുകന്മാര്‍ക്ക് മിനിറ്റുകള്‍ മതി. ഇത്തരമൊരു ദുരവസ്ഥയില്‍ നമ്മുടെ രക്ഷക്ക് നാം തന്നെ വഴിയൊരുക്കുകയല്ലാതെ തല്‍ക്കാലം ഗതിയില്ല. ഒരു നിയമത്തെയും കാത്തുനില്‍ക്കാതെ സ്ത്രീ രക്ഷക്ക് നമുക്കെന്തു ചെയ്യാനാവും എന്ന് ഗൗരവത്തില്‍ ആലോചിക്കേണ്ട സമയമാണിത്.
ഒന്നാമതായി സ്വന്തം കുടുംബങ്ങളില്‍ സംരക്ഷണം ഉറപ്പാക്കാന്‍ നമുക്ക് കഴിയണം. അപകടം വിളിച്ചുവരുത്തുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ സ്ത്രീകള്‍ തന്നെ ശ്രദ്ധിക്കണം. ആസ്വാദനങ്ങളും ആഘോഷങ്ങളും വഴിവിട്ടുപോകാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. സൂക്ഷ്മത കുറഞ്ഞ ഇടപഴകലുകളും ലജ്ജയില്ലാത്ത അഴിഞ്ഞാട്ടങ്ങളും ദുഃഖം സമ്മാനിക്കുന്ന വഴികളാണെന്ന് നാം തിരിച്ചറിയണം. വീടകങ്ങളിലും സ്വന്തം വാഹനങ്ങളിലും സ്‌കൂള്‍ ബസ്സുകളിലും ഇന്ന് കുട്ടികള്‍ കേട്ടുക്കൊണ്ടിരിക്കുന്നത് അശ്ലീലത കുത്തിനിറച്ച പാട്ടുകളും കിഞ്ചന വര്‍ത്തമാനങ്ങളുമാണ്. മാപ്പിളപ്പാട്ടെന്നും മദ്ഹ് ഗാനങ്ങളെന്നും പേര് നല്‍കി പുറത്തിറക്കുന്ന ആല്‍ബങ്ങളധികവും ഭര്‍ത്താവ് സ്വന്തം ഭാര്യയോട് പറയുന്ന മണിയറ സല്ലാപങ്ങളും സ്വകാര്യ വര്‍ത്തമാനങ്ങളുമാണ്. ഇത്തരം കാര്യങ്ങള്‍ പാട്ടാക്കുന്ന വൃത്തികെട്ട സംസ്‌കാരം തള്ളിക്കളയാന്‍, കാഴ്ചയും കേള്‍വിയും ചോദ്യം ചെയ്യപ്പെടുമെന്ന് വിശ്വസിക്കുന്ന മതനിഷ്ഠയുള്ളവര്‍ക്ക് പോലും സാധിക്കുന്നില്ല.
ചാനലുകള്‍ പടച്ചുവിടുന്ന അശ്ലീലതകള്‍ കാരണം വാര്‍ത്തകള്‍ പോലും അറിയേണ്ടെന്ന് തീരുമാനിക്കേണ്ട ഗതികേടിലാണ് നാം. സദാചാരം എന്ന സങ്കല്‍പത്തെ പോലും പുഛിക്കുന്ന രീതിയിലാണ് ചാനലുകള്‍ വിഭവങ്ങള്‍ വിളമ്പുന്നത്. റിയാലിറ്റി ഷോകളില്‍ റിയലായി ചുംബിച്ചും കെട്ടിപ്പിടിച്ചും അഭിനന്ദിക്കുമ്പോഴല്ലേ റിയലാവൂ?! പുരുഷന്‍ മുഖവും മുന്‍കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍ മറച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, സ്ത്രീക്ക് മുട്ടുപൊക്കിളിനിടയില്‍ 'ഔറത്ത്' മറക്കാന്‍ ഒരു കഷ്ണം തുണി മതിയെന്ന വിരോധാഭാസം ഏത് സംസ്‌കാരത്തെയാണ് പ്രതിനിധീകരിക്കുന്നത്? ലജ്ജാബോധത്തെ പതിയെ പതിയെ ഇല്ലാതാക്കുന്ന ഈ പൈശാചിക തന്ത്രം നമ്മുടെ സ്ത്രീകളും ഒരു പുരുഷന്റെ സഹധര്‍മിണിയായി മാറേണ്ട പെണ്‍കുട്ടികളും തിരിച്ചറിഞ്ഞേ പറ്റൂ.
അത്യന്തം ദുഷിച്ചു നാറിയ ഒരു സാമൂഹിക ചുറ്റുപാടിലാണ് നാം ജീവിക്കുന്നതെന്ന് തിരിച്ചറിയണം. ആസുരകാലത്തിന്റെ കെണികളും വലകളും പഴയതലമുറയെയും പുതിയ തലമുറയെയും കൃത്യമായി ബോധ്യപ്പെടുത്തുക എന്നത് അനിവാര്യമായിരിക്കുന്നു. മാറിയ കാലത്തിനനുസരിച്ച് മക്കളെ വളര്‍ത്താനും സാമൂഹികമായി ഇടപഴകാനും പ്രത്യേകിച്ച് മാതാക്കള്‍ക്ക് സാധിക്കണം. ചുറ്റുപാടും എന്താണ് നടക്കുന്നത് എന്ന് വളര്‍ന്നുവരുന്ന മക്കളെ യുക്തമായ രീതിയില്‍ ബോധ്യപ്പെടുത്താനാവണം. കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള പുതിയ സംസ്‌കാരം തന്നെ പാഠ്യപദ്ധതിയുടെ ഭാഗമാവേണ്ടതുണ്ട്.
സ്ത്രീകള്‍ ഇനിയുമിവിടെ പിറന്നുകൊണ്ടിരിക്കും. അവര്‍ക്കൊക്കെ മാന്യമായി ജീവിക്കാന്‍ അവകാശമുണ്ട്. പെണ്ണായി പിറന്നതിന്റെ പേരില്‍ ലജ്ജിക്കാനും മാപ്പുസാക്ഷിയായി ജീവിക്കാനും എളുപ്പമാണ്. എന്നാല്‍, ഇതല്ല നമ്മുടെ വഴി. സ്ത്രീ രക്ഷയാണ് സാമൂഹിക സുരക്ഷ എന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ നമുക്കാവണം. ഇതിന് സ്ത്രീകള്‍ സ്വയം തിരിച്ചറിവിലൂടെ മാതൃക കാണിക്കുകയും തിരുത്തേണ്ട ജീവിതശൈലികളെ തിരുത്തുകയുമാണ് ആദ്യം വേണ്ടത്. പുതിയൊരു സാംസ്‌കാരിക ഉണര്‍വിനും മുന്നേറ്റത്തിനും സമയമായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍