ആ തിരിച്ചു നടത്തം ഇനിയും സാധ്യമാണ്
ദല്‍ഹി കൂട്ടമാനഭംഗം നമ്മുടെ രാജ്യത്ത് ഒറ്റപ്പെട്ട സംഭവമല്ല. ഏതോ ചരിത്രസന്ധിയില്‍ ഈ പ്രത്യേക സംഭവത്തിനു വാര്‍ത്താ മുഖ്യത വന്നുവെന്നേയുള്ളൂ. ഇതിനേക്കാള്‍ രൂക്ഷവും ബീഭല്‍സവുമായ കീഴടക്കപ്പെടലുകള്‍ രാജ്യത്തിന്റെ നിഗൂഢസ്ഥലികളില്‍ നിരന്തരം തിമിര്‍ക്കുന്നു. പലപ്പോഴും പോലീസിന്റെയും പട്ടാളത്തിന്റെയും അകമ്പടിയില്‍. കശ്മീരിലും അസമിലും, മാവോവാദിയുടെ പേരില്‍ മധ്യ ഇന്ത്യയില്‍ പരക്കേയും. വര്‍ഷങ്ങളായി ഇറോം ശര്‍മിള പ്രസരിപ്പിക്കുന്ന പ്രതിരോധങ്ങള്‍ ഇതിന്റെ തന്നെ ഭാഗമാണ്. കശ്മീരിലാകട്ടെ വാര്‍ത്തകള്‍ പോലും വേട്ടയാടപ്പെടുന്നതുകൊണ്ടു നാം ഒന്നും അറിയാതെ പോവുന്നു. സദാചാരം കാക്കേണ്ട സര്‍ക്കാര്‍ സംവിധാനം തന്നെ ഇങ്ങനെ പെരുമാറുന്നുവെങ്കില്‍ ഒരു നിയമവും നിയന്ത്രിക്കാനില്ലാത്ത പൊതുസമൂഹത്തിന് എങ്ങനെ പ്രവര്‍ത്തിച്ചുകൂടാ?
ഇത്തരം മൃഗീയതകളും കൊലവെറികളും വികസിക്കേണ്ട ഒരു നാടല്ല ഇന്ത്യ. മത ധര്‍മപ്രോക്തമായ സാമൂഹിക ജീവിതത്തില്‍ വ്യക്തിയും കുടുംബങ്ങളും നാട്ടുകൂട്ടായ്മകളും ഏറെ പുരസ്‌കരിക്കപ്പെടുന്ന രാജ്യമാണിത്. ആരോഗ്യകരമായ ജീവിത പാരസ്പര്യങ്ങള്‍ വികസിപ്പിക്കാന്‍ പറ്റിയ ധര്‍മശാസനകള്‍ നമ്മുടെ രാജ്യത്ത് ശക്തമായിരുന്നു. അതിനുമാത്രം ശേഷികാട്ടുന്ന മതബോധത്തിന്റെ പ്രവാഹധാര സനാതന, മുസ്‌ലിം, ബുദ്ധ, ക്രൈസ്തവ മതങ്ങളുടെ സ്വാധീനത്തില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. കൂട്ടത്തില്‍ ഉറച്ച കുടുംബ സംവിധാന ശ്രമങ്ങളും. നിയതമായ വ്യവസ്ഥാപിതത്വങ്ങളില്‍ നിലനില്‍ക്കുന്ന സ്ഥാപനമായിരുന്നു നമ്മുടെ കുടുംബം. ഒരു രാഷ്ട്രത്തിന്റെ ഏറ്റവും ചെറിയ രൂപം. അവിടെ നിയമങ്ങളും അനുശാസനകളും ചിലപ്പോള്‍ ശിക്ഷകളും തരംപോലെ മുകര്‍ന്നു നിന്നു. കണിശ കര്‍ക്കശമായ സ്‌നേഹ പാരവശ്യങ്ങള്‍ പുണര്‍ന്നു നില്‍ക്കുന്ന ഒരു കുഞ്ഞു രാഷ്ട്രം. അതിലൂടെയാണ് നവജാത തലമുറകള്‍ക്ക് അച്ചടക്കത്തിന്റെയും ധര്‍മബോധങ്ങളുടെയും അനുശീലനങ്ങള്‍ ഉണ്ടായത്. അപൂര്‍വമായെങ്കിലും ലംഘിക്കപ്പെടുന്ന സാമൂഹിക മൂല്യങ്ങള്‍ക്ക് മതബോധത്തിന്റെ സര്‍ഗശേഷിയില്‍ ഗ്രാമക്കൂട്ടായ്മകള്‍ പരിഹാരങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരുന്നു. ദൈവവിശ്വാസാധിഷ്ഠിതമായ ഇത്തരം സംഘബോധങ്ങള്‍ പൊതുജീവിതത്തിനു നല്‍കിയത് ഒരു വലിയ ധൈര്യവും സുരക്ഷിതത്വവുമായിരുന്നു. എന്നാല്‍, കമ്പോളവത്കൃതമായ ഭൗതിക ജീവിത പ്രമത്തതകള്‍ പക്ഷേ മതങ്ങള്‍ അന്വേഷിച്ച സര്‍വ സഞ്ചിത മൂല്യങ്ങളെയും പിഴുതെറിഞ്ഞു. വിഘ്‌നങ്ങള്‍ ഇല്ലാതായപ്പോള്‍ അരാജക ജന്മങ്ങള്‍ സമൂഹ സരസ്സിലേക്ക് മുതലകളായും ചീങ്കണ്ണികളായും നീന്തിയെത്തി. അവ സമൂഹ സ്വസ്ഥതയുടെ മാന്‍പേടകളെ ചാടിപ്പിടിച്ചു.
സ്ത്രീത്വത്തെയും അതുവഴി മാതൃത്വത്തെയും പോലും അപമാനിക്കുന്ന ഈയൊരു പരിണതി എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്? ഇന്ന് ഇന്ത്യ ജീവിക്കുന്നത് ഭൗതികാസക്തിയുടെ ആഗോളവത്കൃതമായ ഒരു കാലത്താണ്. മുതലാളിത്ത ആധുനീകരണത്തില്‍ നിന്നും ആഗോളവല്‍ക്കരണത്തില്‍ എത്തിനില്‍ക്കുന്ന കാലം. തീര്‍ത്തും ഭൗതികമാത്ര ആസക്തി നുരയും കാലം. ആഗോളവത്കൃത ഭൗതിക ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്നത് വെറും വിഭവങ്ങള്‍ (goods) മാത്രമാണ്. അവ വിപണിയുടെ വിസ്മയ പകിട്ടില്‍ വിറ്റഴിക്കാനുള്ള ചെട്ടിമിടുക്കും. ഉപഭോഗ തൃഷ്ണകളെ കൂടുതല്‍ ത്വരിപ്പിക്കുകയും അങ്ങനെ ഉയരുന്ന ചോദനകള്‍ക്കൊത്ത് ചരക്കുകള്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്ന ഇത്തരം വ്യവസ്ഥകളില്‍ ഒരുതരം മൂല്യബോധങ്ങളും നിലനില്‍ക്കുകയില്ല.
സാമൂഹിക ജീവിതത്തെ ഇന്നു സമര്‍ഥമായി റാഞ്ചിയെടുത്തത് വമ്പന്‍ കോര്‍പ്പറേറ്റുകളാണ്. അവരുടെ കുടില വ്യാപാര ശേഷി അമേരിക്കയിലും യൂറോപ്പിലും പുഷ്ടി കാട്ടിയപ്പോഴാണ് ജീവിതത്തിലെ വരിഷ്ഠമൂല്യങ്ങള്‍ പോലും അട്ടിമറിഞ്ഞത്. പൊതുസമൂഹത്തിന്റെയും വ്യക്തിയുടെയും ക്ഷേമവും നിലനില്‍പ്പുമല്ല അവിടെ നാട്ടക്കുറി, മറിച്ചു സംരംഭകത്വത്തിന്റെ അറ്റാദായം മാത്രമാണ്. ഇതിനു നിയമാവലികള്‍ നിര്‍മിക്കുന്ന മാല്‍ത്തൂസിയന്‍ തൃഷ്ണകള്‍ തേരോടുമ്പോള്‍ പ്രതിലോമപരതകള്‍ ഇരമ്പിയെത്തും. ഇങ്ങനെ ഭൗതികവല്‍ക്കരിക്കപ്പെട്ട എല്ലാ സമൂഹങ്ങളിലും കുടുംബ ബന്ധങ്ങള്‍ കുഴമറിഞ്ഞിരിക്കും. ശ്ലഥ ദാമ്പത്യങ്ങളും അതില്‍ ബാക്കിയാവുന്ന അനാഥ ജന്മങ്ങളും സാമൂഹിക നിര്‍മിതിയില്‍ നിഷേധാത്മകമായി ഇടപെടും. ഇത്തരക്കാര്‍ വളരുക മൂല്യവ്യവസ്ഥകളുടെ എതിര്‍പക്ഷത്തായിരിക്കും. അതിരുകള്‍ തകര്‍ക്കാനും തങ്ങള്‍ക്കില്ലാത്ത സൈ്വര്യ സ്വസ്ഥതകള്‍ മറ്റുള്ളവര്‍ക്ക് നിഷേധിക്കാനും അത്തരക്കാര്‍ അബോധത്തില്‍ പോലും ഉത്സാഹിക്കും. മാത്രമല്ല തങ്ങള്‍ക്കു മുമ്പില്‍ അടഞ്ഞുകിടക്കുന്ന ഉപഭോക്തൃശേഷി സമാഹരിക്കാന്‍ നിരന്തമായി ആയുകയും ചെയ്യും. ഇന്ത്യയില്‍ സംഭവിക്കുന്നത് ഇന്നിതാണ്. ഇന്ത്യ ഇന്നു ജീവിക്കുന്നത് ഇന്ത്യയിലല്ല അമേരിക്കയിലോ യൂറോപ്പിലോ ആണ്. ഇങ്ങനെ ഇന്ത്യ അമേരിക്കയാകുമ്പോള്‍ ഭൗതികത നിര്‍മിച്ച സര്‍വ മാലിന്യങ്ങളും നാം ചുമക്കേണ്ടിവരും. ഭൗതികമാത്രമായ ഏക സമവാക്യംകൊണ്ട് ജീവിതത്തെ വ്യാഖ്യാനിക്കുമ്പോള്‍ ഇങ്ങനെ മാത്രമേ സംഭവിക്കുകയുള്ളു.
എല്ലാം വിഭവങ്ങളായി കാണുകയും അതത്രയും സ്വന്തമാക്കാന്‍ ആക്രാന്തം കാട്ടുകയും ചെയ്യുമ്പോള്‍ ഒരു പ്രതിസാംസ്‌കാരിക സംക്രമണം വികസിക്കും. ലൈംഗികാതിക്രമങ്ങള്‍ ഇതിന്റെ തന്നെ ഭാഗമാണ്. ഭൗതിക വിഭവാടിത്തറയില്‍ വികസിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്ന ലോകം പൊതുവെ എന്നും പുരുഷ കേന്ദ്രീകൃതമായിരിക്കും. എങ്ങനെ ആക്രമിക്കാമെന്നും എങ്ങനെ കീഴടക്കാമെന്നുമാണത് അന്വേഷിക്കുന്നത്. ഭൗതിക സംസ്‌കാരം സ്ത്രീയെ കാണുന്നത് ഒരു വിഭവം മാത്രമായാണ്. അതുകൊണ്ടുതന്നെയാണ് സ്ത്രീയെ ഉപയോഗിച്ച് വിഭവ കമ്പോളങ്ങളെ മൊത്തമായി ചലിപ്പിക്കാനും ത്വരിപ്പിക്കാനും അവര്‍ ഉത്സാഹിക്കുന്നത്. അതിനാലാണ് പരസ്യങ്ങളിലും ആനുകാലികങ്ങളിലും ദൃശ്യ ശ്രാവ്യങ്ങളിലും ഇതുമാത്രം പ്രക്ഷേപിതമാവുന്നത്. നെയ്ത്തുമില്ലിന്റെ പരസ്യത്തില്‍ പോലും നൂല്‍ബന്ധമറ്റ ലാസ്യവിലാസിനിമാര്‍ കണ്ണിനുമേലെ കൈപ്പടം ചരിച്ചു പിടിക്കുന്ന സ്‌ത്രൈണരൂപങ്ങളായി പൊതുമണ്ഡലങ്ങളില്‍ മേല്‍ക്കൈ നേടുന്നത്. വീടകങ്ങളില്‍ പോലും വാരിളം ബാല്യങ്ങളുടെയും ഹരിത താരുണ്യങ്ങളുടെയും മുന്നില്‍ വെളിച്ചപ്പെടുന്ന ദൃശ്യച്ചമയവൈകൃതങ്ങള്‍ പ്രകടിതമാക്കുന്നത് ജീവിതം ആഘോഷമാക്കാനുള്ള ഭൗതികതയുടെ കുതറല്‍ തന്നെയാണ്. ഇത്തരം ലഭ്യതകള്‍ ലഹരി വസ്തുക്കളുടെ പരസ്യ ഉപഭോഗത്തോടെ ആഘോഷമാക്കുമ്പോള്‍ സദാചാര ലംഘനങ്ങള്‍ സാധാരണമാവും. ഇതിനെതിരേയുണ്ടാവുന്ന ഏതുതരം ദുര്‍ബല ഗ്രാമക്കൂട്ടായ്മകളെയും സദാചാര പോലീസെന്നാക്ഷേപിച്ച് ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ആര്‍ക്കും മേഞ്ഞുനടക്കാവുന്ന പുറംപോക്കുകളായി നമ്മുടെ കുടുംബ നന്മകളെ മറിച്ചിട്ടതില്‍ ഇത്തരം സാംസ്‌കാരിക കമ്മിസാറന്മാര്‍ കൂടി കൂട്ടുപ്രതികളാണ്.
മതനിരാസത്തിലും ഭൗതികാടിത്തറകളിലും മാത്രം വികാസം കൊള്ളുന്ന നവസമൂഹം സ്വന്തം കുടുംബ സംവിധാനത്തിന്റെ ശാദ്വലതകള്‍ തന്നെ ചവുട്ടിപ്പൊളിക്കും. അവരുടെ ജീവിതത്തില്‍ അരാജകതയുടെ കൂത്താടികള്‍ പുളച്ചു കളിക്കും. ഭൗതികാസക്തിയില്‍ ഭ്രമിച്ചു നില്‍ക്കുന്ന മേല്‍പ്പാട സമൂഹം ആദ്യം ചെയ്യുക മൂല്യങ്ങളെ കൊല്ലുകയാണ്. എല്ലാം കമ്പോളമാണെന്ന ബോധം പറഞ്ഞു പരത്തുകയും. കമ്പോളത്തില്‍ ലഭിക്കാത്തതൊന്നുമില്ലെന്ന് വരും. ഇത് അപായകരമായ ഒരു രസതന്ത്രമാണ് (Dangerous Chemistry). ഇത്തരം രസതന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സമൂഹം അരാജകതയിലേക്ക് വഴുതുന്നത്. എക്കാലത്തും മൂല്യങ്ങളെ ഉല്‍പ്പാദിപ്പിച്ചത് മതങ്ങള്‍ തന്നെയാണ്. ഇടതുപക്ഷത്തിന് മതമൂല്യങ്ങളോടുള്ള ഉദാസീനതകളും ഇത്തരം ആക്രാന്തങ്ങളെ പുഷ്ടി നേടാന്‍ ഫലത്തില്‍ കാരണമായി.
മതത്തിന്റെ സാമൂഹിക പ്രസക്തിയെ തോല്‍പ്പിക്കാന്‍ മുന്നണിയുണ്ടാക്കിയ പുരോഗമനക്കാര്‍ സാമൂഹിക ഇടപെടലില്‍നിന്നും മതത്തിനു ഭ്രഷ്ട് കല്‍പ്പിച്ചു. എന്നിട്ട് തിന്മകളുടെ സര്‍വ വേതാളങ്ങളെയും മനുഷ്യ ജീവിതത്തിലേക്ക് ഇറക്കിവിട്ടു. അവസാനം അവയത്രയും സ്വന്തം വീട്ടുകാരെ ആക്രമിക്കാനെത്തുമ്പോള്‍ മെഴുകുതിരിയും പ്രാര്‍ഥനയുമായി വരിയുടക്കലിന്റെ വെളിപാടുമായെത്തിയിട്ടെന്തു ഫലം? സാമൂഹിക ജീവിതത്തില്‍ സദാചാരം തന്നെ വേണ്ടെന്നും സ്ത്രീയും പുരുഷനും തമ്മില്‍ മതങ്ങള്‍ അനുശാസിക്കും വിധം അകലങ്ങള്‍ ആവശ്യമില്ലെന്നും പറഞ്ഞു നടന്നവര്‍ ഇത്തരം സംഭവങ്ങള്‍ എങ്ങനെയാണ് വ്യാഖ്യാനിക്കുക?
സാമൂഹിക തിന്മകള്‍ നിവാരണം ചെയ്യാനും എന്നിട്ടു മനുഷ്യ ജീവിതം അതിന്റെ നൈതിക പരിസ്ഥിതിയില്‍ പുനര്‍കൃഷി നടത്താനും പ്രാപ്തമായ ഞാറ്റുവേലകളാണ് മതങ്ങള്‍, പ്രത്യേകിച്ച് അന്ത്യ പ്രവാചകനിലൂടെ അല്ലാഹു നല്‍കിയ ഇസ്‌ലാമിക ജീവിത വ്യവസ്ഥ. നാം തന്നെ പറിച്ചെറിഞ്ഞ കൈവരികള്‍ കാരണം അഗാധ കയങ്ങളിലേക്ക് മറിഞ്ഞവരെ തടയാന്‍ പ്രാപ്തമായ ഒരന്വേഷണ തലം. ഭൗതിക ജീവിത വീക്ഷണത്തിന്റെ പരിമിതിക്കപ്പുറത്താണതിന്റെ തുറസ്സും യുക്തിയും. ഭൗതിക ലോകവും അതിന്റെ വിഭവങ്ങളും അനശ്വര ജീവിതത്തെ ചതിക്കുന്ന സ്വര്‍ണമാനുകളാണെന്നും എക്കാലവും ശേഷിക്കുന്ന ഉത്തമ സ്ഥാനം അതിനപ്പുറമാണെന്നുമുള്ള മതത്തിന്റെ മൂലപാഠമാണ് മനുഷ്യ ജീവിതത്തെ വിനയത്തിലെത്തിക്കുന്നത്. ഈ പാഠബോധ്യത്തില്‍ നിന്നുള്ള ജീവിത അന്വേഷണമാണ് ഭൗതിക വ്യവഹാരങ്ങളില്‍ ഒതുക്കവും മൂല്യബോധങ്ങളും പണിയുക. മതമെന്നത് കേവലമായ അനുഷ്ഠാന വ്യഗ്രതയോ വേഷഭൂഷയിലെ നിഷ്ഠകളോ അല്ല. മറിച്ച് ജീവിതത്തെ സംബന്ധിക്കുന്ന അഗാധവും സമഗ്രവുമായ ബോധ്യ വിശ്വാസങ്ങളും അതില്‍ നിന്നു മാത്രം വികസിക്കുന്ന ജീവിത പ്രയോഗങ്ങളുമാണ്.
മനുഷ്യ ജീവിതത്തിനു സവിശേഷമായ നിയോഗദൗത്യമുണ്ടെന്നറിയാന്‍ അവനവനിലേക്കുള്ള ചെറിയ തിരിച്ചു നടത്തം മതി. ഇത്തരം തിരിച്ചു നടത്തങ്ങള്‍ ലോകത്തെമ്പാടും ശീഘ്രവേഗതയില്‍ സംഭവിക്കുന്നുണ്ട്. അവര്‍ക്കറിയാം മൂല്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് മതങ്ങള്‍ മാത്രമാണെന്ന്. മതനിരാസത്തോടെ ഫലത്തില്‍ സംഭവിക്കുന്നത് മൂല്യരാഹിത്യവും അരാജകതയുമാണ്. അത്യന്തം അപകടകരമായ കള്‍ട്ടുകളിലേക്കുപോലും വീണുപോവുന്നവയാണിതില്‍ ചിലതെങ്കിലും. അതു കാണിക്കുന്നതു ഭൗതികലോകം നല്‍കുന്ന ആകുലതകളും വിഹ്വലതകളും തന്നെയാണെന്നാണ്. സാമൂഹിക ജീവിതത്തിലെ രക്ഷാബോധവും വ്യക്തിജീവിതത്തിലെ ഭദ്രപ്രതീക്ഷയും ഭൗതികലോകത്തിന്റെ കമ്മട്ടങ്ങളില്‍ ഒതുങ്ങുന്നതല്ല. ഇത്തരം ഒരു സാമൂഹിക സന്ദര്‍ഭവും ഇവര്‍ ഇതുവരെ ഉല്‍പ്പാദിപ്പിച്ച ചരിത്രവുമില്ല. ഇവിടെയാണ് 'സന്‍ആ' മുതല്‍ 'ഹളറമൗത്ത്' വരെ നീളുന്ന സഞ്ചാര വിസ്തൃതിയില്‍ ജീവിതം താണ്ടുന്ന ഹരിത താരുണ്യങ്ങള്‍ക്ക് കൂടെയുള്ള ആട്ടിന്‍ കുഞ്ഞിനെ പിടിക്കുന്ന ചെന്നായ്ക്കളെപ്പോലും ഭയക്കേണ്ടതില്ലാത്ത ശുഭലോകത്തെപ്പറ്റി, നിയോഗത്തിന്റെ പീഡാനുഭവ കാലത്തുപോലും പ്രവാചകന്‍ കിനാവു കണ്ടത്. അതു സ്വപ്നമായിരുന്നില്ല, പുലര്‍ച്ചയായിരുന്നു. അത്തരം പുനര്‍ പുലര്‍ച്ചക്കുള്ള വിശ്വാസ സാമഗ്രികള്‍ പരമശേഷിയില്‍ ഇന്നും നിലനില്‍ക്കുന്നു. അതന്വേഷിച്ചു പോവാനുള്ള ജീവിത വിനയം നമ്മില്‍ പുലരണമെന്നു മാത്രം.
Comments