Prabodhanm Weekly

Pages

Search

2013 ജനുവരി 19

മനസ്സ് പതറിപ്പോകുമ്പോള്‍

ഇല്‍യാസ് മൗലവി

അല്ലാഹുവിന്റെ വിധിയിലും തീരുമാനത്തിലും പൂര്‍ണ വിശ്വാസവും സംതൃപ്തിയുമുള്ളവനാണ് ഞാന്‍. വളരെയേറെ പ്രതീക്ഷയോടെ നല്ല വിദ്യാഭ്യാസം നല്‍കി നല്ല നിലയില്‍ ഞാന്‍ പോറ്റിവളര്‍ത്തിയ എന്റെ മകന്‍ ഈയടുത്ത് ഒരു അപകടത്തില്‍ മരണപ്പെട്ടു. എത്ര ക്ഷമിക്കാന്‍ ശ്രമിച്ചിട്ടും ചിലപ്പോഴൊക്കെ വല്ലാതെ പതറിപ്പോകുന്നു. മനഃസമാധാനത്തിന് ഞാന്‍ എന്തു ചെയ്യണം?

താനേറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടുമ്പോള്‍ പതറാത്തവര്‍ മഹാഭാഗ്യവാന്മാരാണ്. ഓരോ വിശ്വാസിയും തനിക്കേറെ പ്രിയപ്പെട്ടതെന്തും ഏതു സമയത്തും അല്ലാഹു തിരിച്ചെടുക്കാം എന്ന് മനസ്സിലാക്കണം. അല്ലാഹു അങ്ങനെ പരീക്ഷിക്കുമെന്ന കാര്യം ഉറപ്പാണെന്ന് ഖുര്‍ആനില്‍ തന്നെ സൂചന കാണാം (സൂറഃതുല്‍ ബഖറ: 155-157).
പേരക്കിടാങ്ങളെ വല്ല്യുപ്പയുടെയും വല്യുമ്മയുടെയും അടുക്കലാക്കി വിദൂരങ്ങളിലേക്ക് പോവേണ്ടി വരികയും ആഴ്ചകളോളം തങ്ങളുടെ പ്രിയപ്പെട്ട അരുമ സന്താനങ്ങളെ പിരിഞ്ഞിരിക്കേണ്ടി വരികയും ചെയ്യുന്ന മാതാപിതാക്കള്‍ മക്കളെപ്പറ്റി മറ്റാരെങ്കിലും അന്വേഷിക്കുമ്പോള്‍, പറയാറുണ്ട്: ''അവരിപ്പോള്‍ വലിയ ഖുശിയിലായിരിക്കും. ഉപ്പാപ്പയും ഉമ്മാമയും മതി അവര്‍ക്ക്. പറയുന്നതും ചോദിക്കുന്നതുമെല്ലാം നല്‍കി താലോലിക്കുന്നുണ്ടാവും. ഞങ്ങള്‍ ഈയടുത്തൊന്നും ചെല്ലരുതെന്നായിരിക്കും ആ കുട്ടികളുടെ പൂതി. അതിനാല്‍ മക്കളുടെ കാര്യത്തില്‍ യാതൊരു ബേജാറും ആശങ്കയും വേണ്ടതില്ല, അത്രക്ക് സാമാധാനത്തിലാണ് ഞങ്ങള്‍'' ഇവിടെ നാമാലോചിക്കുക, നമ്മുടെ മാതാപിതാക്കളെക്കാളും, വല്ലുപ്പ വല്ലുമ്മമാരെക്കാളുമെല്ലാം കാരുണ്യവാനും സ്‌നേഹനിധിയും ദയാപരനുമായ അല്ലാഹുവിന്റെയും അവന്റെ പരിശുദ്ധരായ മലക്കുകളുടെയും സംരക്ഷണത്തിലാണ് തങ്ങള്‍ക്ക് മുമ്പേ മരിച്ചുപോവുന്ന സന്താനങ്ങള്‍ എന്ന്. പിന്നെയെന്തിന് വിഷമിക്കണം!
അതുമാത്രമോ, നാളെ സ്വര്‍ഗ കവാടത്തില്‍ കയറിക്കോളൂ എന്ന് മലക്കുകള്‍ ആ കുട്ടികളോട് പറയുമ്പോള്‍ എന്റെ ഉപ്പയും ഉമ്മയും വന്നിട്ടേ ഞാന്‍ കയറൂ എന്ന് ശാഠ്യം പിടിക്കുകയും അവരുടെ വരവും കാത്ത് സ്വര്‍ഗീയ കവാടത്തില്‍ കാത്തിരിക്കുകയും ചെയ്യുന്ന മക്കള്‍ തങ്ങളുടെ ജീവിത കാലത്ത്തന്നെ തങ്ങള്‍ക്കു മുമ്പേ മരിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ്.
തിരുമേനി(സ)യുടെ സന്നിധിയില്‍ നമസ്‌കാരത്തിനും തിരുമേനിയുടെ ക്ലാസുകള്‍ കേള്‍ക്കാനും വരാറുണ്ടായിരുന്ന ഒരു സഹാബിയെപ്പറ്റി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ കുട്ടിയും കൂടെ വരുമായിരുന്നു. ആ പിതാവിന് തന്റെ മകനോട് വലിയ സ്‌നേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു: 'നിനക്കിവനെ ഇഷ്ടമാണോ?' 'തീര്‍ച്ചയായും. അല്ലാഹുവിന് താങ്കളോടുള്ളത് പോലെയുള്ള സ്‌നേഹം' - ഉപ്പ പറഞ്ഞു. പിന്നീടവരെ കാണാനില്ലാതായപ്പോള്‍ തിരുമേനി അന്വേഷിച്ചു. അപ്പോള്‍ ആ കുട്ടി മരണപ്പെട്ടു എന്നും അദ്ദേഹം അതില്‍ സങ്കടപ്പെട്ടിരിക്കുകയാണെന്നും വിവരം കിട്ടി. അങ്ങനെ തിരുമേനി അദ്ദേഹത്തിന്റെയടുത്ത് ചെന്ന് ഇങ്ങനെ ചോദിച്ചു: 'സഹോദരാ, നാളെ സ്വര്‍ഗീയ കവാടത്തില്‍ നീ ചെല്ലുമ്പോള്‍ നിനക്ക് മുമ്പേ അവിടെ എത്തി നിനക്ക് സ്വര്‍ഗീയ കവാടം തുറന്നുതരാന്‍ അവന്‍ കാത്തിരിക്കുന്നത് നിന്നെ സന്തോഷിപ്പിക്കുകയില്ലേ?' ഇതുകേട്ട് അദ്ദേഹത്തിന് വലിയ ആശ്വാസമായി (നസാഇ, അഹ്മദ്, ത്വബ്‌റാനി).
അതിനാല്‍ താങ്കള്‍ക്ക് തീര്‍ച്ചയായും സമാധാനിക്കാം. മരണമില്ലാത്ത, ശാശ്വതമായ ആ സ്വര്‍ഗത്തിലെത്തുന്നതിനും തന്റെ മകനുമായി അവിടെവെച്ച് സന്ധിക്കുന്നതിനും തടസ്സമാകുന്ന പാകപ്പിഴവുകള്‍ വരാതെ നല്ല ജീവിതം നയിക്കുക.
ധാരാളം മക്കളുണ്ടാവുകയും ആ കാരണം കൊണ്ടുമാത്രം ഈ ലോകത്ത് ജീവിതം ദുരിതപൂര്‍ണമാവുകയും പരലോകത്ത് പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുന്നവര്‍ എത്രപേരുണ്ട്! അതിനാല്‍ ഈ പരീക്ഷണത്തില്‍ താങ്കള്‍ വിജയിച്ചേ പറ്റൂ. മകന്‍ മരിച്ചാല്‍ അല്ലാഹു ചോദിക്കുമത്രേ, എന്തായിരുന്നു പിതാവിന്റെ പ്രതികരണമെന്ന്. അപ്പോള്‍ ക്ഷമാപൂര്‍വം ആ സന്ദര്‍ഭത്തെ അതിജീവിച്ച വിശ്വാസികള്‍ അല്ലാഹുവിനെ സ്തുതിക്കുകയും ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ എന്ന് പറയുകയും ചെയ്തു എന്ന് മലക്കുകള്‍ മറുപടി പറയുമെന്നും, ഉടനെ അല്ലാഹു 'എങ്കില്‍ സ്വര്‍ഗത്തില്‍ അദ്ദേഹത്തിനായി ഒരു മന്ദിരം പണിയുക. അതിന് സ്തുതിയുടെ മന്ദിരം എന്ന് നാമകരണം ചെയ്യുക' എന്ന് മലക്കുകളോട് പറയുമെന്നും ഹദീസില്‍ കാണാം (ഫിഖ്ഹുസ്സുന്ന).
അതിനാല്‍ താങ്കള്‍ക്കും ആ ഭാഗ്യം ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആ ഉറപ്പായ സ്വര്‍ഗീയ മന്ദിരം വിലക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. മനോധൈര്യത്തിനും സ്ഥൈര്യത്തിനും നബി(സ) പഠിപ്പിച്ച പ്രാര്‍ഥനകള്‍, മനസാന്നിധ്യത്തോടെയുള്ള ഖുര്‍ആന്‍ പാരായണം, പ്രവാചകന്റെയും സ്വഹാബാക്കളുടെയും സലഫുസ്സ്വാലിഹുകളുടെയും ചരിത്രം വായിക്കല്‍ ഇവയെല്ലാം മനസ്സിന് ആശ്വാസം നല്‍കും. മനസ്സ് അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. അതിന് സ്ഥൈര്യം ലഭിക്കാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുന്നവര്‍ക്ക് അവനത് നല്‍കും, തീര്‍ച്ച. ''ഹൃദയങ്ങളെ മാറ്റിമറിക്കുന്ന തമ്പുരാനേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതില്‍ ഉറപ്പിച്ചുനിര്‍ത്തിയാലും.''

നര കറുപ്പിക്കാമോ?

യുവപ്രായത്തില്‍ തന്നെ നരബാധിച്ച ഒരാളാണ് ഞാന്‍. സ്വന്തം ഭാര്യയടക്കം നര കറുപ്പിക്കാന്‍ ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ ഇസ്‌ലാമിക വീക്ഷണം എന്താണ്?

നരച്ച മുടിക്ക് ചായം തേക്കുന്നത് അനുവദനീയമാണ്. ഹദീസുകള്‍ പരിശോധിച്ചാല്‍ സുന്നത്താണെന്നും മനസ്സിലാക്കാം. ജൂതന്മാരും ക്രിസ്ത്യാനികളും നരയ്ക്ക് ചായം കൊടുക്കുന്നത് അംഗീകരിച്ചിരുന്നില്ല. സൗന്ദര്യമല്ല ദൈവത്തിന് ഇഷ്ടം, പരമാവധി സൗന്ദര്യം ഒഴിവാക്കിയുള്ള ഭൗതിക വിരക്ത ജീവിതമാണ് ദൈവസാമീപ്യത്തിന് ഉത്തമം എന്നതായിരുന്നു ആ കാലത്ത് അവരുടെ കാഴ്ചപ്പാട്. ഇസ്‌ലാം ഈ ധാരണ തിരുത്തി. എന്നിട്ട് സൗന്ദര്യത്തിന്റെ മതമാണ് ഇസ്‌ലാമെന്നും അല്ലാഹു സുന്ദരനാണെന്നും സൗന്ദര്യത്തെ അവന്‍ ഇഷ്ടപ്പെടുന്നുവെന്നുമൊക്കെ പഠിപ്പിച്ചു. ആ കൂട്ടത്തില്‍ നബി(സ) പറഞ്ഞു: ''ജൂത ക്രൈസ്തവര്‍ നരക്ക് ചായം കൊടുക്കാറില്ല. നിങ്ങള്‍ അവരെപ്പോലെയാവരുത്. അതിനാല്‍ നരക്ക് ചായം കൊടുക്കുക'' (ബുഖാരി, മുസ്‌ലിം). നരക്ക് ചായം കൊടുക്കണമെന്ന് നിര്‍ദേശിച്ചതല്ലാതെ ഏത് വര്‍ണം എന്ന് നിര്‍ണയിക്കുകയുണ്ടായില്ല. മൈലാഞ്ചി, കത്മ് (മുടി കറുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ചെടി) എന്നിവ ഉപയോഗിച്ച് ചായം കൊടുക്കുകയായിരുന്നു സ്വഹാബിമാരുടെ പതിവ്.
എന്നാല്‍, മക്കാ വിജയസന്ദര്‍ഭത്തില്‍ അബൂബക്‌റി(റ)ന്റെ പിതാവ് ഇസ്‌ലാം സ്വീകരിക്കുകയും നബി(സ)യുടെ അടുത്ത് വരികയും ചെയ്ത സന്ദര്‍ഭത്തില്‍, അദ്ദേഹത്തിന്റെ തൂവെള്ളപോലെയുള്ള നര കണ്ട പ്രവാചകന്‍ അത് ചായം കൊടുക്കാന്‍ നിര്‍ദേശിക്കുകയുണ്ടായി. ചില റിപ്പോര്‍ട്ടുകളില്‍ കറുപ്പ് നിറം അദ്ദേഹം ഒഴിവാക്കട്ടെ എന്ന് പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്.
ഇതിന്റെ വെളിച്ചത്തില്‍ നരക്ക് കറുത്ത ചായം നല്‍കുന്നത് നിഷിദ്ധമാണെന്ന് ഒരുവിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. നിഷിദ്ധമല്ല, കറാഹത്ത് (അനഭിലഷണീയം) മാത്രമേ ആവൂ എന്ന് വേറൊരു വിഭാഗം പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. നിഷിദ്ധമോ അനഭിലഷണീയമോ അല്ലെന്നും അനുവദനീയമാണെന്നും മൂന്നാമതൊരു വിഭാഗവും അഭിപ്രായപ്പെടുന്നു.
ഇത് സംബന്ധമായി വന്നിട്ടുള്ള തെളിവുകളും പണ്ഡിതന്മാരുടെ ചര്‍ച്ചകളും പരിശോധിച്ചപ്പോള്‍ മനസ്സിലായ കാര്യങ്ങള്‍ ചുവടെ:
1. പ്രവാചകന്‍ നിര്‍ദേശിച്ചതാകയാല്‍ അഭികാമ്യമാണ്.
2. യുദ്ധം പോലുള്ള സന്ദര്‍ഭങ്ങളില്‍ കറുപ്പ് ഉള്‍പ്പെടെയുള്ള വര്‍ണങ്ങള്‍ ഉപയോഗിക്കുന്നതിന് വിരോധമില്ല.
3. ആളുകളെ കബളിപ്പിക്കാനുദ്ദേശിച്ച് നിറം മാറ്റുന്നതും കറുപ്പ് ചായം തേക്കുന്നതും തെറ്റാണ്; വിശിഷ്യാ വൃദ്ധന്മാര്‍.
4. പടുവൃദ്ധര്‍ തങ്ങളുടെ പ്രായം വെളിപ്പെടാതിരിക്കാന്‍ കറുപ്പ് ചായം തേച്ച് യുവാവായി ചമയാന്‍ ഒട്ടും പാടില്ല. അതാണ് അബൂബക്‌റി(റ)ന്റെ പിതാവിനോട് കറുപ്പ് ഒഴിവാക്കാന്‍ തിരുമേനി ആവശ്യപ്പെട്ടത്.
5. സാധാരണഗതിയില്‍ നര ബാധിക്കാന്‍ മാത്രം പ്രായമായിട്ടില്ലാത്തവര്‍ കറുപ്പ് ചായം തേക്കുന്നതില്‍ കുഴപ്പമില്ല. അബൂബക്കറിന്റെ പിതാവിന്റെ കാര്യത്തില്‍ ''കറുപ്പ് അദ്ദേഹത്തിന് വേണ്ടാ'' എന്ന് നബി പറഞ്ഞത്, അദ്ദേഹത്തിന്റെയത്രയും പ്രായം ചെന്ന പടുകിഴവന്മാരെപ്പറ്റിയാണ്. അബൂബക്കറിന് തന്നെ ആ സമയത്ത് 60 നടുത്ത് പ്രായമുണ്ട്. അപ്പോള്‍ പിതാവിന്റെ പ്രായം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഈ വിശദീകരണം തന്നെ 'കറുപ്പ് ഒഴിവാക്കുക' എന്ന കല്‍പന നബിയില്‍നിന്ന് സ്ഥിരപ്പെട്ടാലാണ്. വാസ്തവത്തില്‍ ഹദീസ് വിശാരദന്മാരായ ധാരാളം പണ്ഡിതന്മാര്‍ 'കറുപ്പ് ഒഴിവാക്കുക' എന്ന പരാമര്‍ശം തിരുമേനിയുടേതല്ല എന്നും അത് തിരുകിക്കയറ്റിയതാണെന്നും സമര്‍ഥിച്ചിരിക്കുന്നു. അബൂബക്‌റിന്റെ പിതാവായ അബൂഖുഹാഫയുടെ നര മാറ്റാന്‍ ആവശ്യപ്പെടുന്ന ഹദീസ് ഇമാം മുസ്‌ലിം ഒന്നിലധികം പ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ ഒരു റിപ്പോര്‍ട്ടില്‍ അബൂസ്സുബൈറില്‍നിന്നും അബൂഖൈസമയാണ് ഉദ്ധരിക്കുന്നത്. ആ റിപ്പോര്‍ട്ടില്‍ കറുപ്പ് ഒഴിവാക്കുക എന്ന ഭാഗം ഇല്ല എന്ന് മാത്രമല്ല, ഈ നിവേദന ശൃംഖലയില്‍ ഉള്ള അബൂഖൈസമ (അദ്ദേഹത്തിന്റെ പേര് സുഹൈറുബ്‌നു മുആവിയ എന്നാണ്) പറയുന്നു: ഞാന്‍ അബുസ്സുബൈറിനോട് ചോദിച്ചു: ''കറുപ്പ് ഒഴിവാക്കുക'' എന്നത് തിരുമേനിയുടെ വാക്കാണോ? അബൂസ്സുബൈര്‍ പറഞ്ഞു: അല്ല (തുഹഫതുല്‍ അഹ്‌വദി കാണുക).
അതുകൊണ്ടാണ് അതിപ്രഗത്ഭരായ സഹാബിമാര്‍, അവരുടെ പിന്‍ഗാമികളായ താബിഉകളിലെ മഹാന്മാരായ ഇമാമുകള്‍, അവരുടെ ശേഷം വന്ന താബിഉത്താബിഇകളില്‍പെട്ട ഇമാമുകള്‍ തുടങ്ങിവരെല്ലാം നരക്ക് കറുപ്പ് ചായം നല്‍കിയിരുന്നു എന്ന് സ്ഥിരപ്പെട്ടിരിക്കുന്നത്. ഇത്ര പ്രകടമായ ഒരു കാര്യം നിഷിദ്ധമായിരുന്നുവെങ്കില്‍ ഇവരൊന്നും ഇത് ചെയ്യുമായിരുന്നില്ല.
ഉമര്‍(റ) കറുപ്പ് വര്‍ണം ഉപയോഗിക്കാന്‍ നിര്‍ദേശിച്ചതായും ഉസ്മാനും(റ) പ്രവാചകന്റെ പേരമക്കളായ ഹസനും ഹുസൈനുമൊക്കെ അങ്ങനെ ചെയ്യാറുണ്ടായിരുന്നതായും സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ കാര്യം ഇമാം ഇബ്‌നുല്‍ഖയ്യിം സാദുല്‍ മആദില്‍ ഉദ്ധരിച്ചിട്ടുണ്ട്.
1. വര്‍ണമേതെന്ന് നിര്‍ണയിക്കാതെ നരക്ക് ചായം നല്‍കാം എന്ന് കുറിക്കുന്ന പ്രബലമായ ധാരാളം ഹദീസുകള്‍ വന്നിരിക്കുന്നു. അവയുടെ വെളിച്ചത്തില്‍ കറുപ്പ് ചായം ഉപയോഗിക്കാം. സ്വഹാബിമാരുള്‍പ്പെടെ പലരും അങ്ങനെ ചെയ്തിട്ടുണ്ട്.
2. സഹാബിമാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടവ തന്നെ സ്വീകാര്യയോഗ്യമായ പരമ്പരയോടെ ഉദ്ധരിക്കപ്പെട്ടവയാണ്.
3. താബിഉകളില്‍ ഇമാം സുഹ്‌രി, ഇമാം നാഫിഅ്, ഇമാം ഉര്‍വതുബ്‌നു സുബൈര്‍, ഇമാം ഇബ്‌നു സീരിന്‍, ഇമാം ഹസനുല്‍ ബസ്വ്‌രി, ഇബ്‌റാഹീമി നഖഈ തുടങ്ങിയവര്‍ ഇതനുവദനീയമാണെന്ന വീക്ഷണക്കാരാണ്. ഹനഫീ മദ്ഹബിലെ ഇമാമുമാരും ഇതേ വീക്ഷണം പ്രകടിപ്പിച്ചിട്ടുണ്ട്.
നരച്ച മുടിക്ക് കറുപ്പ് ചായം തേക്കാമോ എന്ന വിഷയത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ചുരുക്കം. ഓരോരുത്തര്‍ക്കും അവരുടേതായ തെളിവുകളുമുണ്ട്. മറ്റുള്ളവര്‍ അതിനെ നിരൂപണം ചെയ്തിട്ടുണ്ട്.

വിഗ്ഗ് വെക്കുന്നതിന്റെ വിധി

കഷണ്ടിയുള്ളവര്‍ വിഗ്ഗ് വെക്കുന്നതിന്റെ വിധി എന്താണ്?

ശാരീരികമായ വൈകല്യങ്ങള്‍, തീപ്പൊള്ളല്‍, രോഗം, അപകടം മൂലമോ മറ്റോ ഉണ്ടാകുന്ന അംഗവൈകല്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കാനായി ചികിത്സിക്കുന്നതും, അത്തരം വൈകല്യങ്ങള്‍ മാറ്റാന്‍ ഉപദ്രവകരമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമാണെന്നാണ് ഈ വിഷയകമായി പണ്ഡിതന്മാരുടെ അഭിപ്രായം. ഇങ്ങനെ ചെയ്യുന്നത് അല്ലാഹു വിലക്കിയ, അവന്റെ സൃഷ്ടിയില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍ പെടുന്നതല്ലെന്നും യഥാര്‍ഥ സൃഷ്ടിപ്പിലേക്കും പ്രകൃതിയിലേക്കും തിരിച്ചുകൊണ്ടുവരുക മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളുവെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ മുടി കൊഴിഞ്ഞുപോവുന്ന ഒരു വൃദ്ധന്റെയും ചെറുപ്രായത്തില്‍തന്നെ എന്തോ കാരണത്താല്‍ മുടി കൊഴിഞ്ഞ് കഷണ്ടിയാവുന്ന യുവാവിന്റെയും വിധി ഇവിടെ ഒരു പോലെയല്ല. ആദ്യം പറഞ്ഞത് പ്രകൃതിയുടെ തേട്ടമാണെങ്കില്‍ രണ്ടാമത് പറഞ്ഞത് അസാധാരണവും അസ്വാഭാവികവുമാണ്. മേല്‍പറഞ്ഞ ന്യൂനതകള്‍ പരിഹരിക്കാന്‍ വേണ്ടിയുള്ള പ്ലാസ്റ്റിക് സര്‍ജറികള്‍, കഷണ്ടി മറയ്ക്കാന്‍ വിഗ് വെക്കല്‍ തുടങ്ങിയവ അനുവദനീയമാണെന്ന വീക്ഷണമാണ് സലഫി പണ്ഡിതനായ ശൈഖ് മുഹമ്മദ് സാലിഹ് അല്‍ഉസൈമീന്‍ ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ക്കുള്ളത്.
എന്നാല്‍, കഷണ്ടിയോ മറ്റു വൈകല്യങ്ങളോ ഒന്നും ഇല്ലാതിരിക്കേ, തന്റെ ആകാര സൗഷ്ഠവത്തില്‍ അവജ്ഞ തോന്നി ഫാഷന്‍ മാത്രം ഉദ്ദേശിച്ച്, കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കോലം കെട്ടുന്നത് ഇസ്‌ലാം ഒട്ടും അനവദിക്കുന്നില്ല. ഒരു ദിവസം യൂറോപ്യന്‍, പിറ്റേ ദിവസം ആഫ്രിക്കന്‍, മൂന്നാം ദിവസം കൊറിയന്‍ എന്ന മട്ടില്‍, നാടകമഭിനയിക്കാന്‍ മേക്കപ്പിടുന്നതുപോലെ ഓരോ ദിവസവും വ്യത്യസ്ത കോലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഇസ്‌ലാം വിലക്കിയ കബളിപ്പിക്കലില്‍ പെടാന്‍ സാധ്യത ഏറെയാണ്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍