ഗവേഷണ നിരീക്ഷണങ്ങള്‍ വഴിതെറ്റരുത്
'ഇസ്‌ലാമിന്റെ ചരിത്ര സമീപനവും ഇന്ത്യന്‍ സമൂഹവും'(ലക്കം 26) എന്ന പി.പി അബ്ദുര്‍റസ്സാഖിന്റെ ലേഖനം ഒരു ചര്‍ച്ചയെന്ന നിലക്ക് ഒരളവോളം പരിഗണനീയവും പരിചിന്തനാര്‍ഹവുമാണ്. അതോടൊപ്പം ലേഖനത്തില്‍ പരാമര്‍ശിക്കുന്ന നിരീക്ഷണങ്ങളെല്ലാം ഖണ്ഡിതമായി തെളിയിക്കപ്പെടുന്നതുവരെ അനുമാനങ്ങള്‍ മാത്രമായി തന്നെ അവശേഷിക്കുന്നതാണ്.
ഇന്ത്യയിലെ ഹിന്ദുക്കള്‍ ഒരൊറ്റ സമുദായമല്ല. പ്രതിമകളെ പൂജിക്കാത്തവരും പൂജയെ ശക്തമായി എതിര്‍ക്കുന്നവരും അവര്‍ക്കിടയിലുണ്ട്. പ്രതിമാ പൂജ മാത്രമല്ല ഇവിടെയുള്ള ശിര്‍ക്ക്. ശിര്‍ക്കുപരമോ ശിര്‍ക്ക് കലര്‍ന്നതോ ആയ വേറെയും സംഗതികള്‍ ഉണ്ടാവാം. പ്രതിമ-വിഗ്രഹം- എന്നത് പ്രത്യക്ഷവും പരോക്ഷവുമാകാം. ഒരിനം ശിര്‍ക്കിനെയും ഇസ്‌ലാം ലവലേശം പൊറുപ്പിക്കുന്നില്ല. ''നിശ്ചയം ശിര്‍ക്ക് മഹാ അക്രമമാണ്'' (31:13).
പൊതുവായി ഊന്നുന്ന ഉപരിപ്ലവമോ ഭാഗികമോ ശാഖാപരമോ ആയ സാജാത്യങ്ങളിലൂന്നാന്‍ മൗലികാദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാവതല്ല. ശിര്‍ക്കുമായി രാജിയായിക്കൊണ്ടോ അല്ലെങ്കില്‍ മഹാ അക്രമമായ (31:13) ശിര്‍ക്കിനോട് മൃദുല സമീപനം സ്വീകരിച്ചുകൊണ്ടോ 'ഖൗം' എന്ന പാലം പണിയാന്‍ ആദര്‍ശ പ്രോക്തമായ ഒരു സമുദായത്തിന് സാധിക്കില്ല. അങ്ങനെയുള്ള അനുരഞ്ജനം പല ജാതി ശിര്‍ക്കുകള്‍ ഇങ്ങോട്ട് കടന്നുവരുന്ന അപകടം വരുത്തിവെച്ചേക്കും. വ്യക്തിപൂജ, വീരാരാധന, വിഗ്രഹവത്കരണം, വിഗ്രഹപൂജ, ആത്മാരാധന, ദേഹപൂജ, ധനപൂജ, പിതൃപൂജ, നേതൃപൂജ തുടങ്ങി പലവിധ ശിര്‍ക്കുകളും ബഹുസ്വരതയുടെ മറവില്‍, കാലത്തിന്റെ കറക്കത്തില്‍ പല മാര്‍ഗേണ മുസ്‌ലിംകളാകുന്ന ആദര്‍ശസമൂഹത്തിലേക്ക് സംക്രമിച്ചതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. ശിര്‍ക്കിനെതിരെയുള്ള നിതാന്ത ജാഗ്രത സത്യശുദ്ധവും സമഗ്ര സമ്പൂര്‍ണവുമായ തൗഹീദിന്റെ പ്രഥമവും പ്രധാനവുമായ ഭാഗമാണ്. എല്ലാവിധ ശിര്‍ക്കുകളെയും തീര്‍ത്തും നിരാകരിച്ചുകൊണ്ടേ സുദൃഢമായ ഏകദൈവ വിശ്വാസം സുസാധ്യമാകൂ- ശിര്‍ക്കിന്റെ സകല കവാടങ്ങളെയും കൊട്ടിയടക്കാന്‍ നബി(സ) പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ സത്യസാക്ഷ്യ വചനത്തിലെ രണ്ടാം ഖണ്ഡത്തില്‍ അബ്ദുഹു വറസൂലുഹു എന്ന് പ്രത്യേകം പറയുന്നത് ഇക്കാരണത്താലാണ്. മഹാനായ നബിയുടെ പ്രവാചകത്വത്തിലടിയുറച്ചു വിശ്വസിക്കുമ്പോള്‍ തിരുമേനി ഒരു ദൈവദാസന്‍ ആണെന്ന് മുന്തിച്ചു പറയാന്‍ നബി(സ)തന്നെ പഠിപ്പിച്ചു. ഇസ്‌ലാമിലെ സകല നമസ്‌കാരങ്ങള്‍ക്കും റുകൂഉം സുജൂദുമുണ്ട്. എന്നാല്‍ മയ്യിത്ത് നമസ്‌കാരത്തിന് റുകൂഉം സുജൂദും ഇല്ലാത്തത് ഏതോ രീതിയിലുള്ള പൂജാവികാരം പരേതന്റെ നേരെ പുലര്‍ത്തുകയാണെന്ന അബദ്ധധാരണയുടെ വിദൂര സാധ്യതകളെ പോലും തടയാനാണ്. ഖൗമിയ്യത്തിന്റെ പേരില്‍ ഒരു പാലമോ പാശമോ പിരിശമോ ഉണ്ടാക്കിയെടുക്കുമ്പോള്‍ പല ശിര്‍ക്കിന്റെ നേരെയും മൃദുല സമീപനം പുലര്‍ത്തുന്ന ഗതികേട് വരും.
ഇന്ത്യയിലെ ഹിന്ദുക്കളെ(?) മക്കാ മുശ്‌രിക്കുകളെ പോലെ കാണേണ്ടതില്ലായിരിക്കാം. പക്ഷേ, അവരെ 'അഹ്‌ലുല്‍ കിതാബി'ന്റെ ഗണത്തിലുള്‍പ്പെടുത്താന്‍ കേവല അനുമാനങ്ങള്‍ പോര. ഖണ്ഡിത തെളിവുകള്‍ തന്നെ വേണം. അനുമാനത്തിന്റെ അടിസ്ഥാനത്തിലല്ല ജൂത ക്രൈസ്തവരെ വേദക്കാര്‍ എന്ന് ഖുര്‍ആന്‍ വിളിച്ചത്. പ്രവാചകന്മാര്‍ ആഗതരായി എന്നതിനാല്‍ വേദക്കാരാവണമെന്നില്ല. എല്ലാ പ്രവാചകര്‍ക്കും വേദം നല്‍കപ്പെട്ടിട്ടില്ലല്ലോ? 'ഒരു താക്കീതുകാരന്‍ കടന്നുപോയിട്ടില്ലാത്ത ഒരു ജനതതിയും ഇല്ല' (35:24) എന്ന സൂക്തമുള്‍പ്പെടെ ലേഖകനുദ്ധരിച്ച ചില സൂക്തങ്ങള്‍ വേദാവതരണത്തിന്റെ കൃത്യമായ സൂചന നല്‍കുന്നില്ല. പ്രവാചകനിയോഗകാലത്ത് പ്രവാചകന്റെ പ്രഥമ സംബോധിതരായിരുന്ന അന്നത്തെ ജൂത ക്രൈസ്തവ സമൂഹങ്ങള്‍ ഇന്നത്തെ ജൂത ക്രൈസ്തവരെപ്പോലെയായിരുന്നില്ല. ഇന്നത്തേക്കാള്‍ കൂടുതല്‍ മൂല്യബോധമുള്ളവരായിരുന്നു അന്നവര്‍. അവരെല്ലാം ഒരുപോലെയല്ലെന്ന് (3:113) ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുമുണ്ട്. ജൂതരേക്കാള്‍ താരതമ്യേന ഭേദം അന്നത്തെ ക്രൈസ്തവരാണെന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അന്നത്തെ വേദക്കാര്‍ക്ക് നല്‍കിയ പരിഗണന പിന്നീട് വളരെ കൂടുതല്‍ പിഴക്കുകയും ദുഷിക്കുകയും ചെയ്ത ജൂത ക്രൈസ്തവര്‍ക്ക് നല്‍കാമോ എന്നതും പരിചിന്തനം ചെയ്യേണ്ട കാര്യമാണ്.
ഇസ്‌ലാമിന്റെ ഭാരതീയ വായനയും ഭാരതീയ നാഗരികതയെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്യുന്നതും തമ്മില്‍ ചില അന്തരങ്ങളുണ്ട്. മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാം ഇക്കാലം വരെ ലോകത്തെങ്ങുമുള്ള ഭിന്ന ദേശക്കാരെ ധാരാളമായി ആകര്‍ഷിച്ചത് തനിമയും മേന്മയും അടിയറവെക്കാതെ സ്വന്തമായ ഒരു രീതിയിലാണ്. അല്ലാഹുവിന്റെ വര്‍ണം (സിബ്ഗത്തുല്ലാഹ്) എന്ന സ്വഛസുന്ദര മുഖം വിനഷ്ടമാകും വിധം ദേശീയമോ പക്ഷപാതപരമോ ആയ വായന അസന്തുലിതമാണ്. അത്തരം വായനകളാണ് പൂര്‍വീക വേദങ്ങളുടെ തനിമയും മേന്മയും ചോര്‍ന്നുപോകാനിടയാക്കിയത്. 3:64 സൂക്തത്തിലൂടെ ഖുര്‍ആന്‍ വേദക്കാരെ ക്ഷണിക്കുന്നത് ഇങ്ങനെയാണ്: ''(നബിയേ) പറയുക. വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു ആശയത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നാം ഇബാദത്ത് അര്‍പ്പിക്കാതിരിക്കുകയും അവനോട് ഒരര്‍ഥത്തിലും യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കള്‍ (റബ്ബുകള്‍) ആക്കാതിരിക്കുകയും ചെയ്യുകയെന്നതാണത്...''
Comments