'കാമില്‍ അമീന്‍'
ഈജിപ്തില്‍ ഭരണഘടനയുടെ ഹിതപരിശോധനക്കെതിരെ അരങ്ങേറിയ കലാപം കെട്ടടങ്ങിയിരിക്കുന്നു. എങ്കിലും അതിനു പിന്നില്‍ വൈദേശിക ഹസ്തങ്ങളുണ്ടായിരുന്നുവോ എന്ന ചോദ്യം ഇപ്പോഴും ഏറെ പ്രസക്തമാണ്. ജനങ്ങള്‍ സ്വയം പ്രേരിതരായി തെരുവിലിറങ്ങുകയായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നുണ്ടെങ്കിലും അതിനു പിന്നില്‍ ചില വിദേശശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പലരും കരുതുന്നത്. അത് പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളാണെന്ന് ചിലര്‍ പറയുന്നു. മുര്‍സി ഭരണം പാശ്ചാത്യര്‍ക്ക് ഭീഷണിയല്ല. ഇസ്രയേലിനാണ് ഭീഷണിയാവുക. അതുകൊണ്ട് അവരാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് വേറെ ചിലര്‍. ഇസ്രയേലി മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിക്കുമ്പോള്‍ ഈ സാധ്യതയാണ് മുഴച്ചുവരുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ ബഹിഷ്‌കരിക്കാനും അദ്ദേഹത്തെയോ പ്രതിനിധികളെയോ ഒരു കാരണവശാലും സ്വീകരിക്കാതിരിക്കാനും പ്രസിഡന്റ് ഒബാമയിലും കനേഡിയന്‍ സര്‍ക്കാറിലും അമേരിക്കയിലെ ജൂത നേതാക്കളും കോണ്‍ഗ്രസിലെ ജൂത മെമ്പര്‍മാരും സമ്മര്‍ദം ചെലുത്തി വരുന്നതായി റിപ്പോര്‍ട്ട് ചെയ്തത് ഇസ്രയേലി ടി.വി തന്നെയാണ്. വാഷിംഗ്ടണിലെ ഇസ്രയേലീ അംബാസഡര്‍ മൈക്കല്‍ ഒറോണാണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നതെന്നും റിപ്പോര്‍ട്ട് തുടരുന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടിന് ഹീബ്രു ടി.വി സംപ്രേഷണം ചെയ്ത ഒരഭിമുഖത്തില്‍, കലാപം മുതലെടുത്ത് മുര്‍സിക്കെതിരെ കരുനീക്കങ്ങള്‍ നടത്തണമെന്നും മേഖലയില്‍ ഇസ്രയേല്‍വിരുദ്ധരായ അറബികള്‍ സ്വാധീനം നേടുന്നത് തടയണമെന്നും ഇസ്രയേലിന്റെ ദേശീയ സുരക്ഷാ തലവന്‍ പ്രസിഡന്റ് ഒബാമയോടാവശ്യപ്പെടുന്നുണ്ട്. മുര്‍സിയുടെ അധികാരാരോഹണം ഫലസ്ത്വീന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിന്റെ താല്‍പര്യം ഗണ്യമായി ഹനിച്ചുവെന്ന് മറ്റൊരു ടി.വി അഭിമുഖത്തില്‍ ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഡാനി ഇയാലനും പ്രസ്താവിക്കുകയുണ്ടായി. മുര്‍സിയുടെ ഈജിപ്ത് സൈനിക ഭീഷണി മാത്രമല്ല, ഇസ്രയേലിന്റെ സമ്പദ്ഘടനക്കും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുമെല്ലാം ഹാനികരമാണെന്നു വിലയിരുത്തുന്ന ധാരാളം നിരീക്ഷണങ്ങള്‍ സയണിസ്റ്റ് ചാനലുകളിലും ജറൂസലം പോസ്റ്റ്, യദിയോത്ത് അഹ്‌റാനോത്ത് തുടങ്ങിയ ഇസ്രയേലീ പത്രങ്ങളിലും നിരന്തരം വരുന്നുണ്ട്.
രഹസ്യങ്ങളുടെ കൂടാരമായിട്ടാണ് ഇസ്രയേല്‍ പൊതുവില്‍ അറിയപ്പെടുന്നത്. ആ രാജ്യം പരസ്യമായി പ്രവര്‍ത്തിക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് ഗോപ്യമായും നിഗൂഢമായും പ്രവര്‍ത്തിക്കുന്നത്. ലക്ഷ്യപ്രാപ്തിക്കുവേണ്ടി എന്തു ചെയ്യാനും ഏതറ്റംവരെ പോകാനും അവര്‍ക്കൊരു മടിയുമില്ല. ഇസ്രയേലിന്റെ ഇതഃപരന്ത്യമുള്ള ചരിത്രം അതിന്റെ സാക്ഷ്യമാണ്. ഇസ്രയേല്‍ സര്‍ക്കാര്‍ സിറിയന്‍ വിപ്ലവകാരികളുമായി രഹസ്യ ബന്ധം സ്ഥാപിച്ചതായി ഈയിടെ വന്ന റിപ്പോര്‍ട്ട് ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാകുന്നു. ഇസ്രയേലി ചാരനായിരുന്ന ഏലിയാ കോഹന്റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തുകയാണ് ഈ രഹസ്യ വേഴ്ചയുടെ ലക്ഷ്യമെന്ന് ജറൂസലം പോസ്റ്റ് പറയുന്നു. 1965-ലാണ് കോഹന്‍ വധിക്കപ്പെട്ടത്. അയാള്‍ ഇസ്രയേലിന്റെ 26-ാം അതിവിശിഷ്ട പൗരനായി 2005-ല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നു. ഇപ്പോള്‍, ഈ വിപ്ലവസാഹചര്യത്തില്‍ കോഹന്റെ ഭൗതികാവശിഷ്ടങ്ങള്‍ തേടി സിറിയയിലേക്ക് പുറപ്പെടാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചതെന്താവാം? ഈ ചോദ്യത്തിനകത്ത് മറ്റനേകം ചോദ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. സിറിയയില്‍ മറ്റൊരു മുര്‍സി അധികാരത്തിലെത്താതിരിക്കാന്‍ കരുക്കള്‍ നീക്കുകയും ചുരുങ്ങിയപക്ഷം ജൂലാന്‍ കുന്നുകളിലെ അധിനിവേശം നിലനിര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഈ നിരീക്ഷണം അവിശ്വസിക്കേണ്ടതില്ല. ഏലിയാ കോഹന്റെ കഥ തന്നെ സിറിയക്ക് നല്ലൊരു പാഠമാണ്.
1924-ല്‍ ജനിച്ച കോഹന്‍ 1957-ല്‍ ഫലസ്ത്വീനില്‍ കുടിയേറി. ഉറച്ച സയണിസ്റ്റായ അയാള്‍ അതിവേഗം ഇസ്രയേല്‍ സൈന്യത്തിന്റെ രഹസ്യ വിഭാഗത്തില്‍ ചേര്‍ക്കപ്പെട്ടു. പിന്നീട് മൊസാദിലേക്ക് മാറി. 1954-ല്‍ ഒരു ഇറാഖി ജൂത സ്ത്രീയെ വിവാഹം ചെയ്തു. തുടര്‍ന്ന് ആള്‍മാറാട്ടം നടത്തി അര്‍ജന്റീനയിലേക്ക് പോയി. 1962-ല്‍ ദമസ്‌കസിലെത്തി. അപ്പോഴേക്കും ഏലിയാ കോഹന്‍ സിറിയന്‍ പൗരനായ 'കാമില്‍ അമീനാ'യി സ്ഥിരപ്പെട്ടു കഴിഞ്ഞിരുന്നു. സിറിയയില്‍ 'കാമില്‍ അമീന്‍' വിപുലമായ ബന്ധങ്ങളുണ്ടാക്കി സ്വാധീന വലയം വളര്‍ത്തി. ഏറെ താമസിയാതെ കാമില്‍ അമീന്‍ സിറിയന്‍ പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേശകന്‍ എന്ന സ്ഥാനത്ത് അവരോധിതനായി. തുടര്‍ന്ന് സിറിയയുടെയും തൊട്ടടുത്ത അറബി രാജ്യങ്ങളുടെയും സൈനിക രഹസ്യങ്ങള്‍ നിര്‍ബാധം ഇസ്രയേലിലേക്കൊഴുക്കിക്കൊണ്ടിരുന്നു. 'ആറു നാള്‍ യുദ്ധത്തില്‍' ഇസ്രയേലിന്റെ വന്‍ വിജയത്തിനു കളമൊരുക്കിയത് ഈ രഹസ്യച്ചാലാണെന്ന് കരുതപ്പെടുന്നു. ഒരിക്കല്‍ രഹസ്യ വിവരങ്ങള്‍ കൈമാറുമ്പോള്‍ യാദൃഛികമായി 'കാമില്‍ അമീന്‍' പിടിക്കപ്പെട്ടു. വിചാരണയില്‍ കുറ്റം തെളിഞ്ഞതോടെ പരസ്യമായി തൂക്കിലേറ്റപ്പെടുകയായിരുന്നു. ഏലിയാ കോഹന്‍ ഒറ്റപ്പെട്ട ഉദാഹരണമല്ല. സമാനമായ കഥകള്‍ ഏതാണ്ടെല്ലാ മുസ്‌ലിം നാടുകളിലുമുണ്ട്. ഇസ്രയേല്‍ നേടേണ്ടതൊക്കെ നേടുകയും മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടാനുള്ളതൊക്കെ നഷ്ടപ്പെടുകയും ചെയ്ത ശേഷമാണ് ഇത്തരം കഥകള്‍ വെളിച്ചം കാണാറുള്ളത്. ചില കഥകള്‍ ഒരിക്കലും വെളിച്ചത്തുവരുന്നുമില്ല. ഇസ്രയേലിന്റെ പ്രഥമ വനിതാ പ്രധാനമന്ത്രി ഗേള്‍ഡാമീറിനെക്കുറിച്ചുപോലും കഥകളുണ്ട്. കടുത്ത സയണിസ്റ്റായിരുന്നു അവരും. അതിവിശിഷ്ട വനിതയായി ആദരിച്ചുകൊണ്ട് ഇസ്രയേല്‍ അവരുടെ സേവനത്തിനും തക്ക സമ്മാനം നല്‍കിയിട്ടുണ്ട്.
Comments