ദുര്‍ഭാഷണങ്ങളുടെ കാര്യത്തിലെ ഇരട്ടത്താപ്പ്
ചില ചോദ്യങ്ങള്‍ ആരെങ്കിലുമൊക്കെ ഈ രാജ്യത്തോടു ഉറക്കെ ചോദിക്കേണ്ടവയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവയില്‍ ചിലതൊക്കെ അക്ബറുദ്ദീന്‍ ഉവൈസിയുടെ വിവാദമായ നിര്‍മല്‍ പ്രസംഗത്തില്‍ ഇടംപിടിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ആ വിഷയങ്ങളെ അദ്ദേഹം അവതരിപ്പിച്ച രീതി ഒരിക്കലും അംഗീകരിക്കാന്‍ പറ്റുമായിരുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമൂന്‍ ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ നല്ല ബുക്കിലല്ല ഇപ്പോഴുള്ളത്. അതാണ് കാര്യങ്ങളെ ഒന്നുകൂടി 'പ്രകോപനപരമാക്കി' മാറ്റിയത്. ദല്‍ഹിയില്‍ ശബ്‌നം ഹാശ്മി അടക്കമുള്ളവര്‍ കേസ് കൊടുത്തതിന്റെ പുകില്‍ വേറെയും. ഗോമാതാവിനെയും പുതിയ കാലത്തെ ദൈവങ്ങളെയും കുറിച്ച, ഒഴിവാക്കപ്പെടേണ്ടിയിരുന്ന പരാമര്‍ശങ്ങള്‍ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. നിരവധി ഹൈന്ദവ ദേവീ ദേവന്മാരെ കുറിച്ച് കേട്ടിട്ടുള്ള അക്ബറുദ്ദീന്‍ ഹൈദരാബാദിലെ ചാര്‍മിനാറില്‍ പ്രത്യക്ഷപ്പെട്ട ഭാഗ്യലക്ഷ്മിയുടെ കാര്യത്തിലുള്ള 'വിവരക്കേട്' തീര്‍ത്തും മര്യാദകെട്ട ഭാഷയിലാണ് മൈക്കുകെട്ടി വിളിച്ചു പറഞ്ഞത്. താന്‍ ലക്ഷ്മിയെ കുറിച്ച് കേട്ടിട്ടുണ്ട് എന്നു പറഞ്ഞു കൊണ്ടുതന്നെയാണ് ചാര്‍മിനാറില്‍ അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട ഭാഗ്യലക്ഷ്മിയുടെ കാര്യത്തില്‍ അദ്ദേഹം വിവാദ വിമര്‍ശനം നടത്തിയത്. നിയമത്തിന്റെ ദൃഷ്ടിയില്‍ ഈ പരാമര്‍ശങ്ങള്‍ തീര്‍ച്ചയായും മതവിദ്വേഷം പ്രചരിപ്പിക്കുന്നവയാണ്. പക്ഷേ 1970-ന് ശേഷം മാത്രമാണ് ഈ വിഗ്രഹം സ്ഥിതി ചെയ്യുന്ന ക്ഷേത്രം രൂപം കൊണ്ടതെന്നതു പോലെ മറ്റനേകം വസ്തുതകള്‍ അപ്പോഴും ബാക്കിയായി നില്‍ക്കുന്നുമുണ്ട്. പ്രകാപനമുണ്ടാക്കാതെ എങ്ങനെ സത്യം പറയാം എന്നു തന്നെയാണ് അക്ബറുദ്ദീന്‍ പഠിക്കേണ്ടിയിരുന്നത്.
പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ കേവല രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നു. പാകിസ്താനില്‍ നിന്നും വന്ന കൊലയാളികള്‍ക്ക് കൊടുക്കുന്ന വധശിക്ഷ ഇന്ത്യക്കാരായ കൊലയാളികള്‍ക്ക് നല്‍കാത്തതിനെ കുറിച്ച ഭാഗത്ത് ഗുജറാത്ത് കലാപവും നരേന്ദ്ര മോഡി എന്ന ഹിന്ദുത്വ 'പ്രതിഭാസ'വും കടന്നു വന്നിരുന്നു. മോഡിക്കെതിരെ തെരുവു യുദ്ധത്തിന് മുസ്‌ലിംകളെ ഇളക്കിവിടുന്ന പ്രയോഗങ്ങള്‍ പ്രസംഗത്തിലുണ്ടായിരുന്നു. മുംബൈ കലാപം നടന്നിരുന്നില്ലെങ്കില്‍ മുംബൈ സ്‌ഫോടനം ഉണ്ടാവുമായിരുന്നില്ലെന്ന അവകാശവാദവുമുണ്ടായിരുന്നു. ആസാമിലെ വര്‍ഗീയ കലാപങ്ങളെ കുറിച്ച് പരാമര്‍ശിക്കവെ അവിടത്തെ മുസ്‌ലിംകളെ കൊന്നൊടുക്കാന്‍ കാരണം അവര്‍ ബംഗ്ലാദേശികളായതാണെന്ന ന്യായീകരണത്തെ നിശിതമായ ഭാഷയില്‍ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. പശുവിനെ മാതാവായി അംഗീകരിക്കുന്നവര്‍ പെരുന്നാള്‍ അടുക്കുമ്പോള്‍ കള്ളസര്‍ട്ടിഫിക്കറ്റുണ്ടാക്കി അതിനെ അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ നടക്കരുതെന്നും മാതാവിനെ വിറ്റ് പണം വാങ്ങി പോക്കറ്റിലിട്ടതിനു ശേഷം ഗോസംരക്ഷണത്തെ കുറിച്ച് പ്രസംഗിക്കുന്നത് ആത്മവഞ്ചനയാണെന്നും പ്രസംഗത്തില്‍ മറ്റൊരിടത്ത് ഇദ്ദേഹം പറഞ്ഞു.
ഭഗവാന്‍ രാമനെ കുറിച്ച് അക്ബറുദ്ദീന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇന്ത്യയില്‍ പുസ്തക രൂപത്തില്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടതാണെങ്കിലും അവിടെയും ഉപയോഗിച്ച ഭാഷയാണ് വില്ലനായത്. ഹരിയാനയില്‍ കൗസല്യാപുരം എന്ന പേരില്‍ ഒരു ഗ്രാമമുണ്ടെന്നും അവിടെ ദശരഥപത്‌നിയുടെ ജന്മഭവനം ഉണ്ടെന്നും അയോധ്യയില്‍ തന്നെ ദശരഥ മഹാരാജാവിന്റെ പത്‌നിയുടെ പേരില്‍ നിരവധി ഭവനങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി ഈ ഭവനങ്ങളിലെല്ലായിടത്തുമായി ഒരേയൊരു കൗസല്യ എങ്ങനെ ജീവിച്ചു എന്ന യുക്തിഭദ്രമായ ചോദ്യമുയര്‍ത്തുന്നതിനു പകരം ഒരുതരം തെരുവു ഭാഷയിലാണ് ശ്രീരാമന്റെ മാതാവിന്റെ പ്രസവത്തെ അദ്ദേഹം പരാമര്‍ശിച്ചത്. സംവരണം, പോലീസിന്റെ ഇരട്ടത്താപ്പ് മുതലായ പതിവ് മുസ്‌ലിം പ്രശ്‌നങ്ങളിലും അതിവൈകാരികമായ ഭാഷയിലായിരുന്നു അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരുന്നത്. ഒട്ടും യുക്തിഭദ്രമോ കാര്യമാത്ര പ്രസക്തമോ ആയിരുന്നില്ല ഈ പ്രസംഗം. ആന്ധ്ര പ്രദേശ് രാഷ്ട്രീയത്തില്‍ നിന്നും എം.ഐ.എമ്മിനെ ഉത്തരേന്ത്യയിലേക്കു വ്യാപിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായാണ് അക്ബറുദ്ദീന്‍ ഈ പ്രസംഗം നടത്തിയതെന്നും, അല്ല നാല്‍പതുകാരനായ ഈ നേതാവിന്റെ പൊതുവെയുള്ള ഭാഷ തന്നെ ഇതാണെന്നും രണ്ട് നിരീക്ഷണങ്ങളുണ്ട്. ഹൈദരാബാദിലെ ഭൂമാഫിയയുമായി അടുത്ത ബന്ധമുള്ള, കൊലപാതകമടക്കം ഒന്നിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അക്ബര്‍ തന്റെ പാര്‍ട്ടിക്കകത്തു പോലും സ്വീകാര്യനല്ല എന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്.
നാവില്‍ ഗുളികന്‍ വിളയാടുന്ന മോഡിക്കും തൊഗാഡിയക്കും താക്കറെക്കും സിംഗാളിനുമൊന്നും ബാധകമല്ലാത്ത നിയമവാഴ്ച അക്ബറുദ്ദീനും പൂര്‍വകാല പ്രാബല്യത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കും ബാധകമാക്കുന്നതാണ് നമ്മുടെ നിയമവാഴ്ച എന്നതാണ് പക്ഷേ ദൗര്‍ഭാഗ്യകരമായ ഇരട്ടത്താപ്പ്. അക്ബറുദ്ദീന്‍ പ്രസംഗത്തിന്റെ ഏതാനും ആഴ്ചകള്‍ മുമ്പെ രാംവിലാസ് വേദാന്തി ചാര്‍മിനാറിലും ആചാര്യ ധര്‍മേന്ദ്രയെന്ന വി.എച്ച്.പി നേതാവ് നഗരത്തിലെ ബീഗം ബസാറിലും നടത്തിയ പ്രസംഗങ്ങളും ഇപ്പറഞ്ഞതു പോലെയോ അതിനേക്കാളേറെയോ മറുപക്ഷത്തിന്റെ വികാരം വ്രണപ്പെടുത്തുന്നവ തന്നെയായിരുന്നു. അയോധ്യയില്‍ പള്ളിയുണ്ടാക്കുന്നത് ബാബറിനെ ആരാധിക്കാനാണെന്ന് ചാര്‍മിനാറിലെ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിനു മുമ്പാകെ നടത്തിയ പൊതുയോഗത്തില്‍ വേദാന്തി പറഞ്ഞത് മതവികാരം വ്രണപ്പെടുത്തുന്ന കേസായി കണക്കിലെടുക്കാനോ കൊമ്പും കുഴലുമായി വന്ന് വേദാന്തിയെ പിടിച്ചു ജയിലിലിടാനോ നമ്മുടെ അധികാരികള്‍ക്ക് സമയമുണ്ടായിട്ടില്ല. തുടങ്ങിവെച്ച കേസ് എല്ലാ വായാടികള്‍ക്കും ഒരുപോലെ ബാധകമാക്കട്ടെ. അല്ലെങ്കില്‍ അക്ബറുദ്ദീന്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലത് പോലീസ് അടിവരയിടുകയല്ലേ ചെയ്യുക?
Comments