Prabodhanm Weekly

Pages

Search

2013 ജനുവരി 19

വഴിവിളക്കാവേണ്ടവരല്ലേ നമ്മുടെ കുഞ്ഞുങ്ങള്‍

അബ്ദുല്‍ മലിക് മുടിക്കല്‍

മദ്‌റസാ പഠനത്തിന് ശേഷമെന്ത് എന്നന്വേഷിക്കുന്ന ലേഖനം (ലക്കം 29) ചില തിരിച്ചറിവുകള്‍ പങ്കുവെക്കുന്നതായിരുന്നു. ആയിരക്കണക്കിന് മദ്‌റസകളും നൂറുക്കണക്കിന് ദര്‍സുകളും അനാഥശാലകളും സമുദായത്തിന്റെ ചെലവില്‍ നടക്കുന്നു. ഇവിടെ നിന്ന് പുറത്തിറങ്ങുന്ന കുട്ടികള്‍ സമുദായത്തിന് വഴികാട്ടികളാവേണ്ടതല്ലേ? ഈ ദൗത്യം ഇന്ന് നിര്‍വഹിക്കപ്പെടുന്നുണ്ടോ? കുറെയേറെ ഓതിപ്പഠിച്ചതുകൊണ്ടോ മനഃപാഠം ഉരുവിട്ടതുകൊണ്ടോ മൂല്യങ്ങള്‍ നേടാനാവുന്നില്ല. വിജ്ഞാനം വെളിച്ചമാകുന്നില്ല. മദ്‌റസാ പഠനം നിലച്ചതിനുശേഷം ഈ കുട്ടികള്‍ ഭൗതികതയില്‍ ലയിച്ചുചേരുന്നു.
കുട്ടികളുടെ മനസ്സിനിണങ്ങുന്നതും ആകര്‍ഷിക്കുന്നതും മൂല്യവത്തായതും മറക്കാനാവാത്ത പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായിരിക്കണം അവര്‍ പഠിക്കേണ്ട കാര്യങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും വായിക്കാവുന്നതും മാതൃഭാഷയിലുമായിരിക്കണം പാഠപുസ്തകങ്ങള്‍. അറബി-മലയാള കൂടിച്ചേരല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു.

നസീര്‍ പള്ളിക്കല്‍ രിയാദ്

'സ്ത്രീ പീഡകരെ സൃഷ്ടിക്കുന്നത് കുത്തഴിഞ്ഞ ജീവിതശൈലി' എന്ന എ. റഹ്മത്തുന്നീസയുടെ ലേഖനം കാലിക പ്രസക്തമായി. സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും കൊലപാതകങ്ങളും മുറക്ക് നടക്കുന്നുണ്ടെങ്കിലും ദല്‍ഹിയില്‍ നടന്ന സഹോദരിയുടെ മരണം രാജ്യത്തിന്റെ വേദനയായി മാറിയിരിക്കുന്നു. ജനാധിപത്യ ഇന്ത്യക്ക് കറുത്ത മറ്റൊരു അധ്യായമായി ഈ ദുരന്തം. ഇത്തരം കുറ്റവാളികള്‍ക്ക് വധശിക്ഷ തന്നെ നല്‍കി രാജ്യം മാതൃക കാണിക്കേണ്ടതുണ്ട്.


'അഹ്‌ലുല്‍ കിതാബ്'
യഹൂദികളും ക്രൈസ്തവരും മാത്രം

പി.പി അബ്ദുര്‍റസ്സാഖിന്റെ ലേഖനം (ലക്കം 26) മുന്നോട്ടുവെക്കുന്ന വാദം, ഹൈന്ദവരെ വേദാവകാശികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തണം എന്നതാണല്ലോ. എന്നാല്‍, നേരത്തെ ഈ വിഷയം ചിലര്‍ മുന്നോട്ടുവെക്കുകയും അന്നുതന്നെ അതിന് മറുപടി നല്‍കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതില്‍ മൗലാനാ മൗദൂദിയുടെ ഏറെ പ്രസക്തമായ വീക്ഷണമാണ് ചുവടെ:
അഹ്‌ലുല്‍ കിതാബ് എന്നതിന്റെ വിവക്ഷ യഹൂദികളും ക്രൈസ്തവരുമാണ്. അവര്‍ ഇസ്രാഈല്‍ സന്തതികളില്‍ പെട്ടവരോ അല്ലയോ എന്നത് പ്രശ്‌നമല്ല. ഖുര്‍ആനില്‍ അഹ്‌ലുല്‍ കിതാബ് എന്ന് ഈ രണ്ട് വിഭാഗങ്ങള്‍ക്ക് മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. അവരാണ് അഹ്‌ലുല്‍ കിതാബ് എന്ന് ഒരിടത്ത് വ്യക്തമാക്കിയിട്ടുമുണ്ട്.
''ഇത് നാം അവതരിപ്പിച്ച നന്മനിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. 'ഞങ്ങള്‍ക്ക് മുമ്പുള്ള രണ്ട് വിഭാഗങ്ങള്‍ക്ക് മാത്രമേ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. അവര്‍ വായിച്ചു പഠിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും ധാരണയില്ലാത്തവരായിരുന്നു' എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാലാണ് ഇത് അവതരിപ്പിച്ചത്'' (അല്‍ അന്‍ആം 155,156).
എന്നാല്‍, ഗ്രന്ഥം നല്‍കപ്പെട്ട ഇതര സമൂഹങ്ങള്‍ അവരുടെ ഗ്രന്ഥങ്ങള്‍ നഷ്ടപ്പെട്ടതിനാലും അവരുടെ വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളും പ്രവാചകന്മാരുടെ അധ്യാപനങ്ങളുമായി യോജിക്കുംവിധം ശേഷിക്കാത്തതിനാലും അവക്ക് അഹ്‌ലുല്‍ കിതാബ് എന്ന പേര് പറയുന്നത് ശരിയല്ല. അതുകൊണ്ടുതന്നെ പ്രവാചകനാണെന്ന് വിശ്വസിക്കപ്പെടുന്ന സൗരാഷ്ട്രരെ അംഗീകരിക്കുന്ന അഗ്നിയാരാധകരായ മജൂസികളെ നബി(സ) അഹ്‌ലുല്‍ കിതാബില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹജ്‌റിലെ മജൂസികളില്‍നിന്ന് ജിസ്‌യ സ്വീകരിച്ചപ്പോള്‍ നബി(സ) നിര്‍ദേശിച്ചത്, 'അവരോട് അഹ്‌ലുല്‍ കിതാബിനോട് സ്വീകരിച്ച നടപടിക്രമം സ്വീകരിക്കുക' എന്നായിരുന്നു. അവര്‍ അഹ്‌ലുല്‍ കിതാബില്‍ പെട്ടവരാണെന്ന് നബി(സ) പറയുകയുണ്ടായില്ല. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് എഴുതിയപ്പോള്‍ ഇങ്ങനെ വ്യക്തമാക്കി: ''നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ ഞങ്ങള്‍ക്കുള്ള അവകാശം നിങ്ങള്‍ക്കും ലഭിക്കും. ഞങ്ങള്‍ക്കുള്ള ബാധ്യത നിങ്ങള്‍ക്കുമുണ്ടാവും. ആരെങ്കിലും വിസമ്മതിച്ചാല്‍ അയാള്‍ ജിസ്‌യ ഒടുക്കണം. അവര്‍ അറുത്തവ ഭക്ഷിക്കാവതല്ല, അവരുടെ സ്ത്രീകളെ വിവാഹം ചെയ്യാവതല്ല'' (അഹ്കാമുല്‍ ഖുര്‍ആന്‍ ലില്‍ ജസ്സ്വാസ്വ്: 2/400,401). ചുരുക്കത്തില്‍ യഹൂദരും ക്രൈസ്തവരുമല്ലാത്ത സമുദായങ്ങള്‍ അഹ്‌ലുല്‍ കിതാബ് എന്ന സാങ്കേതിക പദത്തിന്റെ വിവക്ഷയില്‍ വരില്ല.
(മൗലാനാ മൗദൂദി പല സന്ദര്‍ഭങ്ങളിലായി എഴുതിയതും ഖലീല്‍ അഹ്മദുല്‍ ഹാമിദി ഉര്‍ദുവില്‍നിന്ന് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയതുമായ അല്‍ ഇസ്‌ലാമു ഫീ മുവാജഹത്തിത്തഹദ്ദിയാത്തില്‍ മുആസ്വിറഃ എന്ന കൃതിയിലെ 'വേദാവകാശികളുമായുള്ള വിവാഹം' എന്ന ലേഖനത്തില്‍നിന്ന്. പേജ് 117-119).
അബ്ദുല്ലത്വീഫ് കൊടുവള്ളി 

ഹസീന ചൊവ്വ

ഈയിടെ കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ദേശീയ നാടകോത്സവം അരങ്ങേറി. അതില്‍ അവതരിപ്പിക്കപ്പെട്ട രണ്ട് നാടകങ്ങള്‍ മഹാഭാരത കഥയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഇതുപോലുള്ള പൊതുവേദികള്‍ ഉപയോഗപ്പെടുത്തി ഖുര്‍ആനിക ആശയങ്ങളും ചരിത്ര കഥാ വിവരണങ്ങളും കലാപരമായി അവതരിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


നമുക്ക് നന്മനാളേകള്‍
പടക്കാനാവും

കാരകുന്ന് സംയുക്ത മഹല്ല് സമിതി പ്രഖ്യാപന സമ്മേളനത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍ ചെയ്ത പ്രസംഗം (2012 ഡിസംബര്‍ 22) ആദ്യന്തം മുസ്‌ലിം ഐക്യത്തിന്റെ കാലിക പ്രസക്തിയും അനിവാര്യതയും അതിശക്തമായി വിളിച്ചോതുന്നു. ഈ ഐക്യം സാധ്യമാവാന്‍ 'ഞാനും ഞങ്ങളുടെ ആളുകളും പറയുന്നത് മാത്രം ശരി, നിങ്ങളും നിങ്ങളുടെ ആളുകളും പറയുന്നതെല്ലാം തെറ്റ്' എന്ന സമവാക്യം മാറ്റി എഴുതണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം ശ്രദ്ധേയമാണ്.
ടി.പി അബ്ദുല്ലക്കോയ മദനിയുമായി പ്രബോധനം നടത്തിയ അഭിമുഖത്തില്‍, മുജാഹിദുകളും സുന്നികളും ജമാഅത്തുകാരും യോജിക്കുന്ന കാര്യങ്ങളാണ് മഹാ ഭൂരിപക്ഷമെന്ന് ചൂണ്ടിക്കാട്ടുകയും സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ പണ്ഡിതന്മാര്‍ കൂട്ടായി നേതൃത്വം നല്‍കിയാല്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.
അഭിമുഖങ്ങളിലും സ്റ്റേജിലും പേജിലും തിളങ്ങി നില്‍ക്കുന്ന ഐക്യത്തിന്റെയും യോജിപ്പിന്റെയും ആവേശം നിത്യജീവിതത്തിന്റെ പ്രായോഗിക തലങ്ങളിലേക്ക്, വിശേഷിച്ചും താഴെ തട്ട് മുതല്‍ പ്രാവര്‍ത്തികമാക്കാനുള്ള കര്‍മപദ്ധതികളാണ് പരമപ്രധാനം. മദ്യം, മയക്കുമരുന്ന്, അശ്ലീലത, സ്ത്രീ പീഡനം, ചൂഷണം, ധൂര്‍ത്ത്, അഴിമതി തുടങ്ങി സമൂഹഗാത്രത്തെ കാര്‍ന്നു തിന്നുന്ന ഒട്ടേറെ സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരുന്നതിന് പകരം ഓരോ സംഘങ്ങളുടെയും സമയവും സമ്പത്തും ഊര്‍ജവും മറ്റു വിഭവങ്ങളും തമ്മില്‍ തമ്മില്‍ ക്രൂശിക്കാനും ദ്വേഷിക്കാനും വേണ്ടി ചെലവിടുന്ന സമീപനം ആത്മഹത്യാപരമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മുസ്‌ലിം ഐക്യത്തിന്റെ മന്ത്രധ്വനികള്‍ അത്യുച്ചത്തില്‍ നീട്ടിപ്പാടാന്‍ നമുക്ക് സാധിക്കുമെന്ന് തീര്‍ച്ച. ഇത് സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തുമെന്ന് തിരിച്ചറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ സമൂഹത്തിന്റെ വര്‍ത്തമാനവും ഭാവിയും.
റഹ്മാന്‍ മധുരക്കുഴി 


മാധ്യമങ്ങള്‍ക്ക് തുണിയില്ലാ
പരസ്യങ്ങള്‍ ഒഴിവാക്കരുതോ...

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീ പുരുഷന്മാരെ യഥേഷ്ടം അഴിഞ്ഞാടാന്‍ അനുവദിക്കുകയും സ്ത്രീ ശരീരത്തിന്റെ ആകര്‍ഷക ഭാഗങ്ങള്‍ അന്യപുരുഷന്മാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന 'പുരോഗമന വാദികള്‍' ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അരാജകവാദികളായ ഫെമിനിസ്റ്റുകളും, സ്ത്രീകളുടെ നഗ്നത വിറ്റു കാശാക്കുന്ന ഉപഭോഗസംസ്‌കാരത്തിന്റെ വക്താക്കളും അമ്മയെയും പെങ്ങളെയും മകളെയും തിരിച്ചറിയാത്ത കാമരോഗികളും സ്ത്രീ സമൂഹത്തോട് ചെയ്യുന്ന അപരാധവും സ്ത്രീ പീഡന ചര്‍ച്ചകളില്‍ വിഷയമാക്കേണ്ടതുണ്ട്.
മാന്യമായ വസ്ത്രം ധരിച്ചും ധാര്‍മികത പാലിച്ചും സ്ത്രീകള്‍ക്ക് വഴങ്ങുന്ന മേഖലയില്‍ കടന്നുചെല്ലാന്‍ പ്രോത്സാഹനവും അവകാശവും നല്‍കുന്നുണ്ട് ഇസ്‌ലാം. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പവിത്രത നല്‍കിയ ദര്‍ശനമാണത്. സ്ത്രീകളോട് വളരെ മാന്യമായി ഇടപെടണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. സ്ത്രീകളുടെ സംരക്ഷണം പുരുഷന്മാരുടെ ബാധ്യതയായി നിശ്ചയിക്കുകയാണ് ഇസ്‌ലാം ചെയ്തത്. ഒരു വ്യക്തിക്ക് മൂന്ന് പെണ്‍കുട്ടികള്‍ പിറക്കുകയും അവരെ മാന്യമായി സംരക്ഷിക്കുകയും ആവശ്യമായ വിദ്യാഭ്യാസം നല്‍കുകയും വിവാഹ പ്രായമായാല്‍ ദൈവഭക്തിയും ജീവിത വിശുദ്ധിയുമുള്ളയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്താല്‍ ആ പിതാവിന് സ്വര്‍ഗം വാഗ്ദാനം ചെയ്യുകയാണ് ഇസ്‌ലാം. സ്ത്രീ പുരുഷ വികാരത്തെ ആളിക്കത്തിക്കുന്ന ഇടങ്ങളും സാഹചര്യങ്ങളും ഇസ്‌ലാം വിലക്കുന്നു.
സ്ത്രീകള്‍ എല്ലാവര്‍ക്കും യഥേഷ്ടം ആസ്വദിക്കാനുള്ള ഉപഭോഗവസ്തുവാണെന്നും ഹോട്ടലില്‍ കയറി ചായ കുടിക്കുന്ന ലാഘവത്തോടെയോ, വസ്ത്രങ്ങള്‍ മാറി മാറി ഉപയോഗിക്കുന്ന പോലെയോ, ഉപയോഗിച്ച് കഴിഞ്ഞാല്‍ വലിച്ചെറിയേണ്ട, ഡിസ്‌പോസബ്ള്‍ ആണെന്ന ധാരണയാണ് 'പുരോഗമന വാദി'കള്‍ക്കുള്ളത്.
യാതൊരുവിധ ധാര്‍മിക സദാചാര ബോധവുമില്ലാതെ സ്ത്രീകളുടെ നഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പരസ്യം 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന ചാനലുകളും മറ്റു മാധ്യമങ്ങളും സ്ത്രീവിരുദ്ധ സമീപനം പുലര്‍ത്തുന്നവരാണ്. അല്‍പം ധാര്‍മിക ബോധം അവശേഷിക്കുന്നുവെങ്കില്‍ മാധ്യമങ്ങള്‍ ചെയ്യേണ്ടത് സ്ത്രീകളുടെ നഗ്നത വെളിവാക്കുന്ന പരസ്യങ്ങളും സിനിമകളും പ്രദര്‍ശിപ്പിക്കാതിരിക്കുകയാണ്.
സലീം ഹമദാനി, താമരശ്ശേരി 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍