Prabodhanm Weekly

Pages

Search

2013 ജനുവരി 19

മതനവോത്ഥാനത്തിന്റെ ആധാരശിലകള്‍

സി.ടി ബഷീര്‍

മതാനുയായികള്‍ സനാതന മൂല്യങ്ങളില്‍ നിന്നു വ്യതിചലിച്ചപ്പോഴെല്ലാം എല്ലാ മതസ്ഥരിലും സമുദായോദ്ധാരകര്‍ ജന്മം കൊണ്ടിരുന്നു. 'മുജദ്ദിദുകള്‍' എന്നാണ് മുസ്‌ലിംകളില്‍ ഈ പരിഷ്‌കര്‍ത്താക്കള്‍ അറിയപ്പെടുന്നത്. 1786-1886 ല്‍ ബംഗാളിലുണ്ടായ മതസംസ്‌കരണ മുന്നേറ്റങ്ങള്‍ വേദപ്രോക്തമായ മൂല്യങ്ങളിലേക്ക് ഹിന്ദുമതത്തെ തിരിച്ചുകൊണ്ടുപോകുവാനുള്ള ധീരശ്രമങ്ങളായിരുന്നു. ബ്രഹ്മസമാജത്തിന്റെയും ആര്യസമാജത്തിന്റെയും ആവിര്‍ഭാവം അതിന്റെ തുടര്‍ച്ചയും. അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായ റാംമോഹന്റായുടെ നെടുനായകത്വത്തിലായിരുന്നു ശുദ്ധീകരണ സംരംഭങ്ങള്‍. അത് ഈ ഭൂഖണ്ഡത്തില്‍ ഒരു പുതിയ യുഗപ്പിറവിക്കു തന്നെ ഉദയം കുറിച്ചു. രവീന്ദ്രനാഥ ടാഗോറിന്റെ പിതാവ് ദേവേന്ദ്രനാഥ ടാഗോറും കേശവ് ചന്ദ്രസെന്നും ദയാനന്ദ സരസ്വതിയും റായുടെ ചുവട് പിടിച്ചു പുതിയ തരംഗങ്ങള്‍ തന്നെ സൃഷ്ടിച്ചു. ആചാരാധിഷ്ഠിത മതമായി സനാതന ധര്‍മം മാറിപ്പോകുന്നതിനു പകരം വേദങ്ങളും ഉപനിഷത്തുകളും ഉല്‍ഘോഷിക്കുന്ന പ്രോജ്വലമായ സംസ്‌കാര സമ്പന്നതയിലേക്കു ഹിന്ദുമതത്തെ ഉയര്‍ത്തുവാനായിരുന്നു ഉപര്യുക്ത ഉദ്ധാരകരെല്ലാം ശ്രമിച്ചത്. രാമകൃഷ്ണ മിഷന്റെ (ആര്‍.കെ മിഷന്‍) ദൗത്യവും ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങളുടെ സാരസത്ത ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു. ഗുരുസമാധിയുടെ പത്താം വര്‍ഷത്തിലാണ് പ്രമുഖ ശിഷ്യന്‍ വിവേകാനന്ദസ്വാമികളും, ശിഷ്യഗണങ്ങളും (Guru bhais) ചേര്‍ന്നു രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത്. നവീനമായ കാഴ്ചപ്പാടോടെ, വേദാന്ത പ്രഭാഷണ പരമ്പരയിലൂടെ സ്വാമിജി ഭാരതീയ സംസ്‌കാരത്തിന്റെ ഔന്നത്യവും സനാതന ധര്‍മത്തിന്റെ മഹത്വവും അവതരിപ്പിച്ചു. ''ആലസ്യം കൈവെടിയുക; ഉണരുക; ഉയിര്‍ത്തെഴുന്നേറ്റു കര്‍മനിരതരാവുക'' - ഇതായിരുന്നു വിവേകാനന്ദ സന്ദേശത്തിന്റെ രത്‌നച്ചുരുക്കം. ദൈ്വതാദൈ്വത ചിന്തകളില്‍ തലതല്ലിത്തകര്‍ക്കുന്നതിനു പകരം, ഉത്തമ കര്‍മങ്ങളിലൂടെ ഒരു നവലോകം കെട്ടിപ്പടുക്കുവാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
ചിരപുരാതനമായ വിഗ്രഹാരാധനക്കും യജ്ഞങ്ങള്‍ക്കും സതിക്കും എതിരായ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ യാഥാസ്ഥിക ഹിന്ദുസമൂഹത്തെ പ്രകോപിതരാക്കി. റാംമോഹന്റായിയെ പിതാവ് വീട്ടില്‍ നിന്നു പുറത്താക്കി. ബ്രാഹ്മണസമൂഹം അദ്ദേഹത്തിനു ഭ്രഷ്ട് കല്‍പിച്ചു. ഏകദൈവാരാധന പ്രചരിപ്പിക്കാനായി മാത്രം റായ് ഒരാത്മീയ സഭക്ക് രൂപം നല്‍കിയിരുന്നു. ഇതാണ് 1828 ല്‍ ബ്രഹ്മസമാജമായി അറിയപ്പെട്ടത്. ബഹുഭാഷാപണ്ഡിതനായിരുന്നു റാംമോഹന്‍ റായ്. സംസ്‌കൃതപഠനം കഴിഞ്ഞു, ഹിന്ദുമത തത്ത്വശാസ്ത്രങ്ങളിലെല്ലാം അവഗാഹം നേടിയപ്പോള്‍ അദ്ദേഹത്തിനു ഒരു പുനര്‍ജന്മം സിദ്ധിച്ച പ്രതീതിയാണുണ്ടായതെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഇരുപത്തിനാലാം വയസ്സില്‍ ഇംഗ്ലീഷും ഹീബ്രുവും ഗ്രീക്കും ലാറ്റിനും പഠിച്ചു. പാര്‍സിയും അറബിയും കുട്ടിക്കാലത്തുതന്നെ വശമാക്കി. അന്യമതസ്ഥരുമായുള്ള സമ്പര്‍ക്കവും ശാസ്ത്രബോധവും യുക്തിചിന്തയും അദ്ധ്യാത്മദര്‍ശനങ്ങളെ പറ്റിയുള്ള പാണ്ഡിത്യവും സൂഫിസവുമായുള്ള പരിചയവും റായ് എന്ന പരിഷ്‌കര്‍ത്താവിനെ വാര്‍ത്തെടുക്കുന്നതില്‍ കാര്യമായ പങ്കു വഹിച്ചു. നികുതി പിരിവുകാരനില്‍ നിന്നു ജില്ലാ കലക്ടറായി ഉയര്‍ന്നത് അതിവേഗമായിരുന്നു. 1821 ല്‍ ബംഗാളില്‍ ഒരു വര്‍ത്തമാന പത്രം തുടങ്ങി ആശയപ്രചാരണം ശക്തമാക്കി. സ്‌കൂളുകളില്‍ ശാസ്ത്രപഠനത്തിനു സര്‍ക്കാറിനെ പ്രേരിപ്പിച്ചു. കല്‍ക്കത്തയില്‍ മോഡേണ്‍ ഹിന്ദു കോളേജ് ആരംഭിച്ചു. ഭരണകര്‍ത്താക്കളുടെ സഹകരണത്തോടെ തന്നെ സതി നിര്‍ത്തലാക്കുന്ന നിയമം നടപ്പാക്കി. റായുടെ എല്ലാ പരിഷ്‌കരണ സംരംഭങ്ങളെയും ലോര്‍ഡ് വില്യം ബെന്റിക്‌സ് പിന്തുണച്ചു. 1830 ല്‍ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ പ്രതിനിധിയായും റായ് തെരഞ്ഞെടുക്കപ്പെട്ടു. അതോടെ രാജാറാം മോഹന്‍ റായ് എന്ന പേര്‍ വിളിച്ചാണ് ജനം അദ്ദേഹത്തെ ആദരിച്ചത്. 'വേദ് മന്ദിര്‍' എന്ന പാര്‍സി പത്രം മുഖ്യമായും വേദ തത്ത്വ പ്രചാരണത്തിനു വേണ്ടിയാണ് പ്രസിദ്ധീകരിച്ചത്. നാനാവിധ പുരോഗതി നേടി ഭാരതം സ്വന്തം കാലില്‍ ഉയര്‍ന്നു നില്‍ക്കണമെന്ന അദമ്യമായ ആഗ്രഹവും അദ്ദേഹം മറച്ചു വെച്ചിരുന്നില്ല.
ബ്രഹ്മസമാജത്തിന്റെ സ്ഥാപകനായ ദേവേന്ദ്രനാഥ ടാഗോര്‍, രാജാറാം മോഹന്‍ റായിയില്‍ നിന്നു ആവേശമുള്‍ക്കൊണ്ടു അദ്ദേഹത്തിന്റെ പുരോഗമനാശയങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. ആജാനബാഹുവും അതിസുന്ദരനും ആരെയും ആകര്‍ഷിക്കുന്ന സ്വഭാവമാഹാത്മ്യവുമുള്ള ആ കുലീന വ്യക്തിയുടെ പ്രവര്‍ത്തനശൈലി ബ്രഹ്മസമാജത്തിന്റെ കീര്‍ത്തിപരക്കുന്നതിനു സഹായകമായി. സര്‍വമതാനുയായികള്‍ക്കും പിന്തുടരാന്‍ സാധിക്കുന്ന നാലു പ്രമാണങ്ങളാണ് ബ്രഹ്മസമാജം മുന്നോട്ടു വെച്ചത്:
1. ആദിയില്‍ സര്‍വേശ്വരനല്ലാതെ ഒന്നുമുണ്ടായിരുന്നില്ല. ആദിയുമന്ത്യവുമില്ലാത്തവനും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനുമാണ് സര്‍വേശ്വരന്‍.
2. നന്മയുടെയും ശക്തിയുടെയും ഉറവിടമായ, സത്യത്തിന്റെയും ജ്ഞാനത്തിന്റെയും ആ ദേവനെയാണ് ആരാധിക്കേണ്ടത്.
3. ഏകദൈവ വിശ്വാസത്തെയും ആരാധനയെയും ഇഹലോകത്തിലും പരലോകത്തിലുമുള്ള വിശ്വാസത്തെയും ആശ്രയിച്ചിരിക്കുന്നു മനുഷ്യാത്മാവിന്റെ മുക്തി.
4. മുക്തി മാര്‍ഗമെന്നത് സര്‍വേശ്വരനെ സ്‌നേഹിക്കുകയും ദൈവം ആഗ്രഹിക്കുംവിധം ആരാധനകള്‍ അനുഷ്ഠിക്കുകയുമാകുന്നു. ടാഗോറിന്റെ ഭവനമായ 'ശാന്തിനികേതന'ത്തിന്റെ കവാടത്തില്‍ ഇങ്ങനെ കൊത്തിവെപ്പിച്ചു: ''ഇവിടെ വെച്ചു രൂപങ്ങള്‍ ആരാധിക്കപ്പെടരുത്; ആരുടെയും വിശ്വാസത്തെ അവജ്ഞയോടെ നോക്കിക്കാണരുത്.''
പരിഷ്‌കരണ സംരംഭങ്ങളുടെ തുടര്‍ച്ചയെന്നോണം മദിരാശിയില്‍ 'വേദസമാജ'വും ബോംബെയില്‍ 'പ്രാര്‍ഥനാസമാജവും' ക്രൈസ്തവ-ബൗദ്ധ-ഇസ്‌ലാമിക ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട 'നവവിധാന്‍ സമാജവും'വും രൂപീകൃതമായി. ആത്മറാം പാണ്ഡുരംഗ, വാസുദേവ് ബാബാജി, രാമകൃഷ്ണ ഗോപാല്‍ ബന്ദ്‌റാര്‍കര്‍ മഹാദേവ്, ഗോവിന്ദ് റാനഡെ, നാരായണ ഗണേഷ് ചന്ദ്രവര്‍കര്‍ തുടങ്ങിയവര്‍ സ്ഥാപിച്ച പ്രാര്‍ഥന സമാജത്തിന്റെ അഞ്ചു സിദ്ധാന്തങ്ങള്‍ കൂടി ശ്രദ്ധിക്കുക:
(1) പ്രാര്‍ഥനയിലൂടെയും സേവനത്തിലൂടെയും ദൈവത്തെ ആരാധിക്കുക. (2) ജാതിസമ്പ്രദായത്തെ എതിര്‍ക്കുക. (3) വിധവകള്‍ക്ക് പുനര്‍വിവാഹത്തിനും മിശ്രവിവാഹത്തിനും പ്രോത്സാഹനം നല്‍കുക. (4) സ്ത്രീകളെ വിദ്യാസമ്പന്നരാക്കുക (5) ഹരിജനോദ്ധാരണത്തിനും വനിതകളുടെ ക്ഷേമത്തിനും വേണ്ടി മുന്നിട്ടിറങ്ങുക.
ബംഗാളില്‍ ജീവിച്ച യോഗീവര്യനും പരിഷ്‌കര്‍ത്താവുമായ രാമകൃഷ്ണ പരമഹംസന്‍ (1836-1886) ചുറ്റുപാടും അലയടിച്ചുയര്‍ന്ന ശുദ്ധീകരണ പ്രസ്ഥാനങ്ങളെപറ്റിയെല്ലാം ബോധവാനായിരുന്നു. സനാതനധര്‍മ തത്ത്വങ്ങള്‍ പൗരോഹിത്യത്തിന്റെ പിടിയിലമര്‍ന്നു വികൃതമായിപ്പോകുന്നതില്‍ അദ്ദേഹവും ഖിന്നമാനസനായിരുന്നു. എല്ലാ മതസ്ഥരെയും തുറന്ന മനസ്സോടെ കണ്ട മഹാത്മാവായിരുന്നു അദ്ദേഹം. തന്റെ സന്നിധിയില്‍ എത്തിപ്പെട്ട യുവനിഷേധിയായ നരേന്ദ്രദത്തിനെ വിവേകാനന്ദ സ്വാമികളായി പരിവര്‍ത്തിപ്പിച്ചതാണ് അദ്ദേഹത്തിന്റെ വന്‍നേട്ടവും ജീവിതസാഫല്യവും. സ്വാമി വിവേകാനന്ദന്‍ ഗുരുവേക്കാള്‍ മികച്ച നിലയില്‍ വേദാന്തചിന്തകള്‍ പ്രചരിപ്പിച്ചു. ഹ്രസ്വമായ കാലയളവില്‍ ഭാരതത്തിലെ എല്ലാ സിരാകേന്ദ്രങ്ങളിലും അമേരിക്കയിലും ജപ്പാനിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും സഞ്ചരിച്ചു വേദാന്തപ്രഭാഷണങ്ങള്‍ നടത്തി. ഭൗതികതയില്‍ മുങ്ങിക്കുളിച്ച പാശ്ചാത്യരുടെ ആത്മദാഹം തീര്‍ക്കുംവിധമായിരുന്നു പ്രഭാഷണപരമ്പരകള്‍. സേവനപ്രവര്‍ത്തനങ്ങളും കൂടി ലക്ഷ്യമിട്ടു അദ്ദേഹവും ശിഷ്യഗണങ്ങളും ചേര്‍ന്നു സ്ഥാപിച്ച രാമകൃഷ്ണമിഷന്‍ (ആര്‍.കെ. മിഷന്‍) മുഖ്യമായും വിവേകാനന്ദന്റെ കാലടിപ്പാടുകളായിരുന്നു പിന്തുടര്‍ന്നത്. രാമകൃഷ്ണന്‍ എന്ന വ്യക്തിക്ക് ഊന്നല്‍ നല്‍കരുതെന്നു അദ്ദേഹം ഉപദേശിച്ചിരുന്നു. ''രാമകൃഷ്ണ പൂജ ചെയ്യരുത്. ഉത്തമമായത് എവിടെ കണ്ടാലും പഠിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്നാണ് എനിക്കുപദേശിക്കാനുള്ളത്; ഇതുകൊണ്ട് ഗുരുഭക്തി കുറയുമെന്നു വരാഹ നഗരത്തില്‍ പലരും സംശയിക്കുന്നു. അത് ഉന്മത്തരും മതഭ്രാന്തരും പരത്തുന്ന പ്രചരണമാണ്. കാരണം എല്ലാ ഗുരുക്കന്മാരും ഒരുപോലെ തന്നെയാണ് - ജഗദ് ഗുരുവിന്റെ അംശങ്ങളും പ്രകാശനങ്ങളും മാത്രം'' (വിവേകാനന്ദ സാഹിത്യസര്‍വസ്വം അഞ്ചാം ഭാഗം).
ആര്‍.കെ മിഷന്റെ നിലപാടുകളില്‍ സാരമായ മാറ്റം സംഭവിച്ചിരുന്നുവോ? മിഷന്‍ ന്യൂനപക്ഷപദവിക്കുവേണ്ടി കല്‍ക്കത്ത ഹൈക്കോര്‍ട്ടില്‍ കേസു ഫയല്‍ ചെയ്തപ്പോള്‍ ഈ സംശയങ്ങള്‍ ദൃഢീകരിക്കപ്പെട്ടു. ആര്‍. കെ മിഷന്റെ വാദങ്ങളെല്ലാം ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയാണുണ്ടായത്. ഈ വിധി സ്വീകാര്യമാകാത്ത വിഭാഗങ്ങളെല്ലാം യോജിച്ചു സുപ്രീംകോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചു (No: 4937). ചീഫ് ജസ്റ്റിസ് പി.എന്‍. ഭഗവതി, ജഡ്ജിമാര്‍ ഡി.പി. മദന്‍, സി.എ. ഓസാ എന്നിവരടങ്ങുന്ന ബെഞ്ച് '85 ആഗസ്റ്റ് 10-ന് അപ്പീല്‍ തള്ളിയത് വലിയ സംഭവമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാമകൃഷ്ണ പരമഹംസരുടെ സമാധിക്കുശേഷം പത്തുകൊല്ലം ആയപ്പോള്‍ സ്ഥാപിതമായ ആര്‍.കെ മിഷന്‍ യഥാര്‍ഥ ഹിന്ദുമത വിശ്വാസികള്‍ തങ്ങളാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ന്യൂനപക്ഷാവകാശങ്ങള്‍ക്കു അര്‍ഹരാകുന്നുവെന്ന വിധിന്യായം വേണ്ട വിധത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. പക്ഷേ ഈ സ്ഥിതി വിശേഷത്തെ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം പ്രഫസര്‍ ജി.സി. അസ്‌നാനി (G.C. Asnan) രചിക്കുകയുണ്ടായി. ''Did Vivekananda give up Hinduism?'' 1990 ല്‍ സിസ്റ്റര്‍ നിവേദിത അക്കാദമിയാണ് ഈ കൃതി, സ്വാമികളുടെ ചിത്രത്തോടുകൂടി പ്രസിദ്ധീകരിച്ചത്. ആര്‍കെ മിഷന്റെ ഈ നവീനമായ ആശയങ്ങള്‍ക്കൊന്നും വിവേകാനന്ദ സ്വാമികള്‍ ഉത്തരവാദിയല്ല എന്ന് സ്ഥാപിക്കാനാണ് ഈ കൃതിയിലൂടെ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുള്ളത്. കോടതികളില്‍ വാദമുഖങ്ങള്‍ വേണ്ടുംവിധം അവതരിക്കപ്പെട്ടില്ലെന്നും പ്രഫസര്‍ അസ്‌നാന്‍ വ്യാകുലപ്പെടുന്നു.
സന്യാസ ജീവിതത്തിനു ഒരു പുതിയ കാഴ്ചപ്പാട് വിവേകാനന്ദ സ്വാമി നല്‍കിയെന്നത് ഒരു വസ്തുതയാണ്. സന്യാസികള്‍ക്ക് നിഷിദ്ധമെന്ന് കരുതപ്പെട്ട സമുദ്രയാത്രകള്‍ അദ്ദേഹം പലവട്ടം ചെയ്തു. അദ്ദേഹത്തിന്റെ വേഷവിധാനവും മറ്റു സന്യാസികളില്‍ നിന്നു വ്യത്യസ്തമായിരുന്നു. മുസ്‌ലിംകള്‍ അടക്കമുള്ളവരുടെ ആതിഥ്യം സ്വീകരിക്കുകയും ആഹാരം കഴിക്കുകയും ചെയ്തിരുന്നു. ധ്യാനനിരതനായത് വൃക്ഷങ്ങളുടെ ചുവട്ടില്‍ മാത്രമായിരുന്നില്ല, വിദേശത്തെ മണിമന്ദിരങ്ങളില്‍ കൂടിയായിരുന്നു. വിപുലമായ വായനക്കുവേണ്ടി പ്രസിദ്ധ ലൈബ്രറികളെ ആശ്രയിച്ചിരുന്നു. മതസഹിഷ്ണുതയുടെ മകുടോദാഹരണമായിരുന്നു സ്വാമിജി. ''ക്രിസ്തുവിന്റെ കാലത്ത് ഫലസ്ത്വീനില്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങള്‍ കഴുകി ആ ജലപാനം ചെയ്യുകയായിരുന്നു''വെന്ന അദ്ദേഹത്തിന്റെ വചനാമൃതത്തോട് ചേര്‍ത്തു വായിക്കേണ്ടതാണ് ഇസ്‌ലാമിക സാഹോദര്യത്തെപ്പറ്റി അദ്ദേഹം പുകഴ്ത്തിപ്പറഞ്ഞ വാക്കുകള്‍. വേദാന്ത ചിന്തകള്‍ക്കനുസൃതമായ ഒരു കര്‍മജീവിതം കെട്ടിപ്പടുത്തു. സേവനനിരതമാകാനും അദ്ദേഹം അനുയായികളെ ആഹ്വാനം ചെയ്തു. 1970 ല്‍ ശ്രീരാമകൃഷ്ണാശ്രമം തൃശൂര്‍ പ്രസിദ്ധീകരിച്ച സിദ്ധാനന്ദ സ്വാമികളുടെ 'ശ്രീമദ് വിവേകാനന്ദ സ്വാമികള്‍' എന്ന ആയിരം പുറങ്ങളുള്ള ബൃഹദ്ഗ്രന്ഥം, സ്വാമികളുടെ ഹ്രസ്വമായ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം വിശദമായി വിവരിക്കുന്നു. സാഹിത്യത്തിന് നൊബേല്‍ സമ്മാനാര്‍ഹനായ റെമയ്ന്‍ റോളണ്ട് (Romain Rolland) രചിച്ച ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം വംഗദേശത്തുണ്ടായ ചിന്താപ്രസ്ഥാനങ്ങളെ പറ്റിയെല്ലാം പ്രതിപാദിക്കുന്നതോടൊപ്പം ശ്രീ വിവേകാനന്ദ സ്വാമികളെയും പരിചയപ്പെടുത്തുന്നു. പരിഷ്‌കരണ സംരംഭങ്ങള്‍ എത്രത്തോളം വിജയിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിക്കുന്നു:
''ചുരുക്കത്തില്‍ ബ്രഹ്മസമാജത്തിന്റെ വിശ്വാസം വേദങ്ങളിലും ഉപനിഷത്തുകളിലും അധിഷ്ഠിതമെങ്കിലും, ദേവേന്ദ്രനാഥ ടാഗോര്‍ ആവശ്യപ്പെടും പോലെ, ശൂന്യതയില്‍ നിന്ന് ഈ പ്രപഞ്ചം സൃഷ്ടിക്കുകയും കാരുണ്യത്തില്‍ അതിനെ വര്‍ത്തിപ്പിക്കുകയും പരലോകത്തിനുവേണ്ടി ഏകദൈവത്തെ മാത്രം ആരാധിക്കുകയും ചെയ്യലാണ് ഹിന്ദുവിന്റെ കടമയെന്ന വാദം ഒരു സാധാരണ ഹിന്ദുവിന് വിശ്വസിക്കാനാവുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു'' (പേജ്:74).

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍