ഭരണാധികാരിയുടെ ബാധ്യതകള്‍
നമ്മുടെ രാഷ്ട്രമീമാംസകരില്‍ പ്രമുഖനായ ഒരാള്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്: 'ഭരണാധികാരി അയാളുടെ ബാധ്യതകള്‍ നിര്‍വഹിക്കട്ടെ, അതിനു ശേഷം അയാള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ കൊടുക്കാം എന്ന നിലപാട് സമൂഹം സ്വീകരിക്കരുത്. അങ്ങനെ വരുമ്പോള്‍ ഭരണാധികാരി കൈകള്‍ ബന്ധിച്ച നിലയിലായിത്തീരും. ഒന്നും ചെയ്യാന്‍ അയാള്‍ക്ക് കഴിയാതെ വരും.' അത് വ്യക്തമാവണമെങ്കില്‍ ഭരണാധികാരിക്ക് സമൂഹത്തില്‍നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. ഇസ്‌ലാമിക ശരീഅത്തും ഖിലാഫത്തുര്‍റാശിദയിലെ അനുഭവങ്ങളും മുമ്പില്‍ വെച്ച് ആ അവകാശങ്ങള്‍ രാഷ്ട്രമീമാംസകര്‍ നിര്‍ണയിച്ചിട്ടുണ്ട്. മാവര്‍ദി പറയുന്നു: 'നാം പറഞ്ഞവിധം ഭരണാധികാരി സമൂഹത്തോടുള്ള തന്റെ ബാധ്യത നിര്‍വഹിക്കുമ്പോള്‍ അല്ലാഹുവിനോടുള്ള ബാധ്യതയാണ് അയാള്‍ നിര്‍വഹിക്കുന്നത്. അപ്പോള്‍ രണ്ട് അവകാശങ്ങള്‍ സമൂഹത്തില്‍നിന്ന് അയാള്‍ക്ക് ലഭിക്കണം. അനുസരണയും സഹായഹസ്തവുമാണവ.''1 അര്‍റീസ് പറയുന്നത് ഇപ്രകാരമാണ്: ''ഭരണാധികാരി ദൈവകല്‍പനകള്‍ പാലിക്കുകയും നീതി മുറുകെ പിടിച്ച് ദൈവവിധികള്‍ നടപ്പാക്കുകയും തന്റെ പ്രവൃത്തികളിലും ഇടപാടുകളിലും ശരീഅത്തിനോട് പ്രതിബദ്ധത പുലര്‍ത്തുകയും തന്നില്‍ അര്‍പ്പിതമായ അമാനത്ത് കാത്തുസൂക്ഷിക്കുകയും ചെയ്താല്‍, താന്‍ അധികാരമേറ്റപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഉപാധികള്‍ പൂര്‍ത്തീകരിച്ചു എന്നാണതിന്റെ അര്‍ഥം. അപ്പോള്‍ അയാള്‍ നീതിമാനായ നേതാവാണ്. അയാളെ അനുസരിക്കുക, സഹായിക്കുക എന്നീ രണ്ട് ബാധ്യതകള്‍ അപ്പോള്‍ സമൂഹത്തിന് വന്നുചേരും. അദ്ദേഹത്തിനെതിരെ പടപ്പുറപ്പാട് നടത്തുന്നത് അതിക്രമവുമായിരിക്കും. ഒരു ശരാശരി ജീവിതം നയിക്കാനാവശ്യമായ തുക അദ്ദേഹത്തിന് പൊതുഖജനാവില്‍നിന്ന് കൈപ്പറ്റുകയും ചെയ്യാം. കൂടുതല്‍ വേണമെന്ന് അദ്ദേഹത്തിന് ആവശ്യപ്പെടാം. ഈ ആവശ്യം കൂടിയാലോചനാ സമിതി(ശൂറാ/അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്)ക്ക് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.''
ഭരണാധികാരിയും പൊതുധനവും തമ്മിലുള്ള ബന്ധം, അനാഥയുടെ ധനവും അതിന്റെ സംരക്ഷണമേറ്റെടുത്തവനും തമ്മിലുള്ള ബന്ധമാണെന്ന് ഉമറുബ്‌നുല്‍ ഖത്ത്വാബ് പറഞ്ഞിട്ടുണ്ട്. അനാഥ സംരക്ഷണമേറ്റയാള്‍ 'ധനികനാണെങ്കില്‍ തന്റെ സ്വന്തം ആവശ്യത്തിന് യതീമിന്റെ ധനം ഉപയോഗിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കട്ടെ. ഇനി അയാള്‍ ദരിദ്രനാണെങ്കില്‍ മര്യാദയനുസരിച്ച് മാത്രം അതില്‍നിന്ന് എടുക്കട്ടെ' (അന്നിസാഅ്: 6) എന്ന നിലപാട് തന്നെയാണ് ഇവിടെയും സ്വീകാര്യം. അതായത്, തന്റെ ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശമ്പളം പൊതുഖജനാവില്‍നിന്ന് ഭരണാധികാരിക്ക് സ്വീകരിക്കാം. ഇനി അദ്ദേഹത്തിന് മറ്റു വരുമാനങ്ങളുണ്ടെങ്കില്‍ ശമ്പളം കൊടുക്കേണ്ടതില്ല. മറ്റു ചിലര്‍ പറയുന്നത്, ഒരു ശരാശരി ജീവിതം നയിക്കാനുള്ള വക അദ്ദേഹത്തിന് നല്‍കണം എന്നാണ്. അദ്ദേഹത്തിന് മറ്റു വരുമാനങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് നല്‍കണം. എന്നാല്‍ ഭരണാധികാരിക്ക് അത് സ്വയം വേണ്ടെന്നു വെക്കുകയോ ദാനം ചെയ്യുകയോ ചെയ്യാം. അഭിപ്രായാന്തരമുള്ളത് ഭരണാധികാരിയുടെ ശമ്പളത്തില്‍ മാത്രമല്ല, മറ്റുള്ള ഉദ്യോഗസ്ഥരുടെ ശമ്പള കാര്യത്തിലും കൂടിയാണ്. ശമ്പളവും മറ്റും ഭരണവ്യവസ്ഥയുടെ ഭാഗമായതിനാല്‍ നാം തെരഞ്ഞെടുക്കുന്നത് രണ്ടാമത്തെ അഭിപ്രായമാണ്. സ്വമേധയാ ശമ്പളം വേണ്ടെന്നു വെക്കുന്നുണ്ടെങ്കില്‍ ഭരണാധികാരിക്ക് അങ്ങനെ ചെയ്യാവുന്നതുമാണ്. വളരെ സമുന്നത നിലപാടാണ് ഒന്നാമത്തെ വീക്ഷണം എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. മദീനയിലേതു പോലുള്ള ഒരു ചെറിയ, എന്നാല്‍ മാതൃകാപരമായ ഒരു സമൂഹത്തില്‍ അത് സ്വാഭാവികവുമാണ്. ഇസ്‌ലാമിക ഭരണചക്രം തിരിക്കാന്‍ നിയോഗിതനായ ആദ്യ കര്‍മഭടന്‍ അബൂബക്ര്‍ സ്വിദ്ദീഖിന്റെ കാര്യമെടുക്കാം. അധികാരമേറ്റ ശേഷം പിറ്റേന്ന് അതിരാവിലെ വില്‍പ്പന നടത്താനുള്ള വസ്ത്രക്കെട്ടുമായി അദ്ദേഹം ചന്തയിലേക്ക് പോവുകയായിരുന്നു. വഴിയില്‍ വെച്ച് ഉമറുബ്‌നുല്‍ ഖത്ത്വാബിനെ കണ്ടുമുട്ടി. ഉമര്‍ ചോദിച്ചു: 'അബൂബക്ര്‍ താങ്കള്‍ എന്താണ് ചെയ്യുന്നത്? മുസ്‌ലിംകളുടെ ചുമതല ഏല്‍പ്പിക്കപ്പെട്ടയാളാണ് താങ്കളിപ്പോള്‍.' അബൂബക്ര്‍ ചോദിച്ചു: 'പിന്നെ ഞാന്‍ എങ്ങനെ എന്റെ കുടുംബത്തെ പോറ്റും?' ഉമറിന്റെ മറുപടി: 'താങ്കള്‍ അബൂഉബൈദയുടെ അടുത്തേക്ക് പോവുക. അദ്ദേഹം താങ്കള്‍ക്കൊരു വിഹിതം നിശ്ചയിച്ചുതരും.'2 അങ്ങനെ അബൂഉബൈദയുടെ നേതൃത്വത്തില്‍ സമിതി കൂടി, ധനികനോ ദരിദ്രനോ അല്ലാത്ത ഒരു മുഹാജിറിന്റെ വരുമാനം കണക്കാക്കി അത് അബൂബക്ര്‍ സ്വിദ്ദീഖിന് നല്‍കാന്‍ തീരുമാനമായി. തനിക്ക് ലഭിക്കുന്നത് മതിയാകുന്നില്ലെന്ന് പിന്നീടൊരു ദിവസം അബൂബക്ര്‍ സ്വിദ്ദീഖ് ആവലാതിപ്പെട്ടു (സാധനങ്ങള്‍ക്ക് വിലകൂടിയതാകാം കാരണം). വര്‍ധിപ്പിച്ചു തരണമെന്നും അഭ്യര്‍ഥിച്ചു. ശമ്പളം വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് പിന്നീടൊരു കീഴ്‌വഴക്കമായിത്തീര്‍ന്നു.
എന്നാല്‍, അബൂബക്ര്‍ സ്വിദ്ദീഖ് മരണാസന്നനായി കിടക്കുമ്പോള്‍, താന്‍ ഖജനാവില്‍നിന്ന് ശമ്പളമായി പറ്റിയ തുക മുഴുവന്‍ തന്റെ സ്വകാര്യസ്വത്തില്‍നിന്നെടുത്ത് തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇവിടെ രണ്ട് കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുകയാണ് ആദ്യ ഖലീഫയായ അബൂബക്ര്‍ സ്വിദ്ദീഖ്. ശമ്പളം വാങ്ങുകയെന്ന കീഴ്‌വഴക്കം തനിക്കു ശേഷം വരാനിരിക്കുന്ന ഉമര്‍, അലി പോലുള്ള ദരിദ്രരായ ഖലീഫമാര്‍ക്കുള്ളതാണ്. ധനശേഷിയുണ്ടെങ്കില്‍ പറ്റിയ ശമ്പളം തിരിച്ചു നല്‍കി മാതൃക കാണിക്കണമെന്ന മറ്റൊരു കീഴ്‌വഴക്കവും. ഈ കീഴ്‌വഴക്കം മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാനല്ലാതെ മറ്റൊരാള്‍ സ്വീകരിച്ചതായി നാം കാണുന്നില്ല.3
കേള്‍വിയും അനുസരണയും
മുസ്‌ലിംകള്‍ തങ്ങളുടെ കൈകാര്യകര്‍ത്താക്കളെ അനുസരിക്കണമെന്നത് ഇസ്‌ലാം നിര്‍ബന്ധമാക്കിയതാണ്. ഈ അനുസരണം ഭരണഘടനാപരമാണ്. അതായത് വ്യക്തികളെയല്ല അനുസരിക്കുന്നത്. അല്ലാഹുവിനെയും അവന്റെ ദൂതനെയും ഇസ്‌ലാമിക ശരീഅത്തിനെയുമാണ് അനുസരിക്കുന്നത്. കൈകാര്യകര്‍ത്താക്കളെ ഈയൊരു മാനസികാവസ്ഥയോടെയാണ് ഒരാള്‍ അനുസരിക്കുന്നതെങ്കില്‍ അത് ശരീഅത്തിനനുസൃതവും പ്രതിഫലാര്‍ഹവുമാണ്. ഈ ആശയം പല രീതിയില്‍ പ്രമാണങ്ങളില്‍ വന്നിട്ടുണ്ട്. അനുസരണം നന്മയില്‍ മാത്രം; ദൈവധിക്കാരം നടത്തുന്നവന് അനുസരണമില്ല. ഇബ്‌നു ജമാഅ തന്റെ 'തഹ്‌രീറുല്‍ അഹ്കാം ഫി തദ്ബീരി അഹ്‌ലില്‍ ഇസ്‌ലാം' എന്ന കൃതിയില്‍ ഭരണാധികാരിക്ക് ലഭിക്കേണ്ട പത്ത് അവകാശങ്ങളെപ്പറ്റി പറയുന്നുണ്ട്:
1) ഭരണാധികാരി കല്‍പ്പിക്കുന്നതെന്തോ അത് അനുസരിക്കുക; പ്രകടമായും ആന്തരികമായും. അദ്ദേഹം വിലക്കുന്ന കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുക. ഭരണാധികാരി ചെയ്യുന്നത് അധര്‍മമാണെങ്കില്‍ ഇതൊന്നും ബാധകമല്ല. 'നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെ അനുസരിക്കുക' എന്ന് ഖുര്‍ആന്‍ (അന്നിസാഅ്: 59) പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്, ഭരണാധികാരിയും അദ്ദേഹത്തിന്റെ സഹായികളുമാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
2)ഭരണാധികാരിയോടുള്ള ജനത്തിന്റെ നിലപാടുകള്‍ ഗുണകാംക്ഷാനിര്‍ഭരമായിരിക്കണം. 'ദീന്‍ തന്നെ ഗുണകാംക്ഷയാണ്' എന്ന് നബി(സ) പറഞ്ഞപ്പോള്‍ ആര്‍ക്കൊക്കെയാണ് ഗുണം കാംക്ഷിക്കേണ്ടത് എന്ന് അനുയായികള്‍ ചോദിച്ചു. നബിയുടെ മറുപടി: 'അല്ലാഹുവിന്, അവന്റെ ദൂതന്, മുസ്‌ലിംകളുടെ നേതാക്കള്‍ക്ക്, അവരുടെ സാമാന്യ ജനത്തിന്' (മുസ്‌ലിം).
3) കൈകാര്യകര്‍ത്താക്കളെ സഹായിക്കണം; എല്ലാ നിലക്കും. ദീനിന്റെ പവിത്രത കാത്തുരക്ഷിക്കാനും ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താനും ആവശ്യമായ മുഴുവന്‍ സഹായങ്ങളും.
4) ഭരണാധികാരിയുടെ മഹത്വം അംഗീകരിക്കുകയും അദ്ദേഹത്തിന് ആദരവ് നല്‍കുകയും വേണം. ഇസ്‌ലാമിലെ പണ്ഡിതശ്രേഷ്ഠര്‍ അധികാരത്തോടും അധികാരവുമായി ബന്ധപ്പെട്ട സകലതിനോടും വിരക്തി കാണിച്ചിരുന്നുവെങ്കിലും ഭരണാധികാരികളെ ആദരിക്കുകയും അവരുടെ ക്ഷണം സ്വീകരിക്കുകയുമൊക്കെ ചെയ്തിരുന്നു. സ്വൂഫി പാരമ്പര്യത്തിലെ ചില വിഭാഗങ്ങള്‍ ഭരണാധികാരികളെ വിലവെക്കാത്ത രീതിയില്‍ പെരുമാറുന്നത് നബിചര്യക്കെതിരാണ്.
5) ഭരണാധികാരി അശ്രദ്ധനും അലസനുമായാല്‍ അയാളെ ജാഗ്രത്താക്കണം. വഴിതെറ്റുമ്പോള്‍ ഉപദേശിച്ച് നേരെയാക്കണം. അത് അയാളോടുള്ള സ്‌നേഹപ്രകടനമാണ്. അയാളുടെ ദീനിനെയും അഭിമാനത്തെയും സംരക്ഷിക്കാനുള്ള യത്‌നം.
6) അപായപ്പെടുത്താന്‍ ശ്രമിക്കുന്ന ശത്രുവിനെക്കുറിച്ചും കുഴപ്പമുണ്ടാക്കാന്‍ നോക്കുന്ന അസൂയാലുവിനെക്കുറിച്ചും ഭരണാധികാരിക്ക് മുന്നറിയിപ്പ് നല്‍കണം. അപകടം പുറമെനിന്നോ അകത്തു നിന്നോ ആകാം. ഭയപ്പെടേണ്ടതായി എന്തൊക്കെയുണ്ടോ അവയെക്കുറിച്ചെല്ലാം സമൂഹം അദ്ദേഹത്തെ അറിയിച്ചുകൊണ്ടിരിക്കണം.
7) താന്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ നടപ്പുവഴികളെക്കുറിച്ച് അദ്ദേഹത്തിന് വിവരം കൈമാറിക്കൊണ്ടിരിക്കണം. അവരുടെ കാര്യത്തില്‍ ഉത്തരവാദിത്തം അദ്ദേഹത്തിനാണല്ലോ.
8) രാജ്യഭാരം വഹിക്കുന്നവനെന്ന നിലക്കും സമൂഹ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവനെന്ന നിലക്കും കഴിയുന്ന രീതിയിലൊക്കെ സമൂഹം ഭരണാധികാരിയെ സഹായിച്ചുകൊണ്ടിരിക്കണം. 'നന്മയിലും ജീവിത സൂക്ഷ്മതയിലും പരസ്പരം സഹായിക്കുക' എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ (അന്നിസാഅ്: 59). ഭരണം ചുമതലയേല്‍പ്പിക്കപ്പെട്ടവരാണ് സഹായിക്കപ്പെടാന്‍ ഏറ്റവും അര്‍ഹര്‍.
9) ജനങ്ങള്‍ക്ക് അയാളോട് വെറുപ്പുണ്ടെങ്കില്‍ അത് മാറ്റിയെടുക്കാനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരാക്കി അവരെ മാറ്റാനും ശ്രമിക്കണം. കാരണം അതിലാണ് സമുദായത്തിന്റെ നന്മയുള്ളത്.
10) പുറമെക്കും ഉള്ളിലും, രഹസ്യമായും പരസ്യമായും അദ്ദേഹത്തിനു വേണ്ടി പ്രതിരോധം തീര്‍ക്കണം - വാക്ക് കൊണ്ട്, പ്രവൃത്തി കൊണ്ട്, ധനത്തെയും സ്വന്തം ജീവനെയും കുടുംബത്തെയുമൊക്കെ ഇതിനുവേണ്ടി സമര്‍പ്പിച്ചുകൊണ്ട്.
ഈ എണ്ണിപ്പറഞ്ഞവയില്‍ ചിലത് ആവര്‍ത്തനമാണെന്ന് തോന്നാമെങ്കിലും ഇസ്‌ലാമിക രാഷ്ട്രമീമാംസാ കൃതികളില്‍ ഭരണാധികാരിയുടെ അവകാശങ്ങളെക്കുറിച്ച് വന്ന ഏറ്റവും സമഗ്രമായ പരാമര്‍ശങ്ങളാണിതെന്നാണ് അല്‍ഖാസിമിയുടെ അഭിപ്രായം. മാവര്‍ദിയും അബൂ യഅ്‌ലയും 'ഭരണാധികാരിയെ അനുസരിക്കുകയും സഹായിക്കുകയും വേണം' എന്ന് ചുരുക്കിപ്പറയുമ്പോഴും ഈ കാര്യങ്ങളെല്ലാം അവിടെയും ഉദ്ദേശിക്കപ്പെടുന്നുണ്ട്. ആ പരാമര്‍ശത്തെ വിശദീകരിക്കുകയാണ് ഇബ്‌നു ജമാഅ ചെയ്തത് എന്നും പറയാം. ഈ അവകാശങ്ങളൊക്കെയും ഭരണാധികാരിക്ക് ഉണ്ടാവുന്നത് ജനങ്ങളോട് അദ്ദേഹമെടുത്ത പ്രതിജ്ഞ/ബൈഅത്ത് പാലിക്കുമ്പോള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ കാരണത്താലോ മറ്റു ബാഹ്യകാരണങ്ങളാലോ അത് പാലിക്കാന്‍ കഴിയാതെ വന്നാല്‍ എന്തു ചെയ്യും? അയാള്‍ മാറിനില്‍ക്കേണ്ടതുണ്ടോ? പ്രതിജ്ഞാ ലംഘനം എത്രയളവില്‍ ആയാലാണ് അയാള്‍ക്ക് മാറിനില്‍ക്കേണ്ടിവരിക? ആ പ്രക്രിയ എങ്ങനെയായിരിക്കും?
കുറിപ്പുകള്‍
1. മാവര്‍ദി - അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യ വല്‍ വിലായത്തുദ്ദീനിയ്യ, പേ: 51
2. ശമ്പളം നിശ്ചയിച്ചുതരും എന്നര്‍ഥം. അബൂഉബൈദക്കായിരുന്നു ധനകാര്യ വകുപ്പിന്റെ ചുമതല.
3. അല്‍ ഖാസിമിയുടെ നിളാമുല്‍ ഹുകുമി ഫിശ്ശരീഅത്തി വത്താരീഖില്‍ ഇസ്‌ലാമി, പേ: 355-56 (അല്‍പം ഭേദഗതികളോടെ). നമ്മുടെ കാലത്തെ ആധുനികതയുടെ വക്താക്കളുണ്ടല്ലോ, അവര്‍ പ്രഭാഷകരാവട്ടെ പത്രപ്രവര്‍ത്തകരാവട്ടെ, രാഷ്ട്രത്തലവനുള്ള ബജറ്റ് വിഹിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ധൈര്യപ്പെടുന്നില്ല. ഭരണാധികാരിക്കുള്ള വിഹിതം ഏതാനും വര്‍ഷങ്ങള്‍ക്കകം അഞ്ചിരട്ടി വര്‍ധിച്ചിട്ടും ഇവര്‍ ഒരക്ഷരം മിണ്ടുന്നില്ല. ഫ്യൂഡലിസം നിലനില്‍ക്കുന്ന നാടുകളില്‍, ഭരണാധികാരിയുടെ ധനത്തിന്റെ ഉറവിടമേതെന്ന് ചോദിക്കാനും ഇക്കൂട്ടര്‍ക്ക് ധൈര്യമില്ല. സ്വയം ചുമക്കുന്ന ഈ പാപഭാരങ്ങളൊക്കെ പോരേ ശരീഅത്തിനെയും ഖിലാഫത്തിനെയും 'മതമൗലികവാദ'ത്തെയും പരിഹസിക്കുന്നതില്‍നിന്ന് ഇവരെ പിന്തിരിപ്പിക്കാന്‍?
Comments