Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 28

3141

1441 റജബ് 04

പാറുവിന്റെ ദൈവവും ചില ഇസ്‌ലാം മുന്‍വിധികളും

പാറു വിജേഷ്

ഓരോ യാത്രയും എത്ര ചെറുതായാലും വലുതായാലും എന്റെ ഉള്ളില്‍ തന്നെ കിടക്കുന്ന നീരുറവകളെ കണ്ടെത്താനും തിരിച്ചറിയാനും സഹായകരമായിത്തീര്‍ന്നിരുന്നു. കുറേ മുന്‍വിധികളോടെ മൂന്നു മാസത്തേക്ക് സുഊദി അറേബ്യയില്‍ വന്ന് ഇപ്പോള്‍ ആറാമത്തെ മാസത്തോട് അടുക്കുന്ന എനിക്ക് ഇതും അപ്രതീക്ഷിതമായ ഒരു സ്വയം തിരിച്ചറിവോ നേരത്തേ പറഞ്ഞപോലെ പുതിയൊരു ഉറവയെ കണ്ടെത്തലോ ആയിത്തീര്‍ന്നിരിക്കുന്നു. ആദ്യമേ പറയട്ടെ, ഞാനൊരു കണ്ണൂര്‍ക്കാരിയാണ്. കണ്ണൂരിനു പുറത്തുള്ള ആള്‍ക്കാള്‍ 'കണ്ണൂര്‍' എന്ന് പറയുന്നതരം കണ്ണൂരല്ല, കണ്ണൂര്‍ മുഴുക്കെ എന്നു മാത്രമേ കണ്ണൂരിനെ കുറിച്ചു പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ.
അക്കാദമിക പഠനത്തിന് ഒരു വര്‍ഷത്തെ അവധികൊടുത്ത് സുഊദി അറേബ്യയിലേക്ക് കുറേ പുസ്തകങ്ങളുമായി എത്തിയതായിരുന്നു ഞാന്‍. ആദ്യത്തെ രണ്ടു മാസത്തെ വിരസത കൈയിലുള്ള പുസ്തകങ്ങളെല്ലാം തിന്നുതീര്‍ത്തു. ഇനി എന്തുചെയ്യും എന്ന ചിന്തയിലേക്കാണ് ഭര്‍ത്താവ് എനിക്ക് 'ഖുര്‍ആന്‍' എത്തിക്കുന്നത്.
ഒരുപാട് ആരാധനാമൂര്‍ത്തികളുള്ള ഒരു മതത്തില്‍ ജനിച്ചുവളര്‍ന്ന ഞാനെന്ന എട്ടുവയസ്സുകാരി ഒരിക്കല്‍ അമ്മയോട് ചോദിച്ചു:
'ഞാന്‍ ആരെയാണ് തൊഴുക? ഒരുപാട് പേരില്‍ ഞാന്‍ ആരെയാണ് തെരഞ്ഞെടുക്കുക? ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ എന്നോട് പിണങ്ങുമോ?'
അപ്പോള്‍ അമ്മ എന്നോട് പറഞ്ഞു: 'നിനക്ക് ഈ ദൈവങ്ങളില്‍ ആരെ വേണമെങ്കിലും തൊഴാം!!'
അന്നു രാത്രി കിടക്കാന്‍ നേരം ഞാന്‍ എന്റെ മതത്തെ ഒരു സമൂഹമായി കരുതി. ഓരോരോ ആവശ്യങ്ങള്‍ക്ക് ഓരോരോ വ്യക്തികളെ സമീപിക്കുംപോലെ, ഓരോരോ ആവശ്യങ്ങള്‍ക്ക് ഓരോരോ ദൈവങ്ങള്‍. എന്നാല്‍ ഈ ചിന്തയും എനിക്ക് സംതൃപ്തി നല്‍കിയില്ല. എനിക്ക് വേണ്ടിയിരുന്നത് എന്റെ അഛനെയോ അമ്മയെയോ പോലെ എന്നെ സംരക്ഷിക്കുന്ന ഒരു രക്ഷിതാവിനെ ആയിരുന്നു. എനിക്ക് ദുഃഖം വന്നാല്‍ ഒരു നേരത്ത് ഒരാളുടെ കരങ്ങളിലേക്കേ ഓടിച്ചെല്ലാന്‍ പറ്റൂ എന്ന ചിന്ത എന്നെ അസ്വസ്ഥയാക്കി. പിന്നീട് ഞാന്‍ എന്റെ സംശയം എന്റെ അന്നത്തെ ക്ലാസ് ടീച്ചറോട് ചോദിച്ചു.
'ആത്മവിശ്വാസം ഇല്ലാത്തവന്റെ ഒളിച്ചോട്ടത്തിന്റെ വഴി' എന്നാണ് മാഷ് പറഞ്ഞുതന്നത്. സത്യത്തില്‍ 'ആത്മവിശ്വാസം' എന്ന രസമുള്ള ഒരു വാക്കിലെ കൗതുകമൊഴിച്ച് യാതൊന്നും എനിക്ക് മനസ്സിലായില്ല. എങ്കിലും ആ വാചകം ഞാനെന്റെ നോട്ടുബുക്കിന്റെ പിറകില്‍ കുറിച്ചിട്ടിരുന്നു. അപ്പോഴും എന്റെ മനസ്സിനെ എനിക്ക് തൃപ്തിപ്പെടുത്തിയേ മതിയാവുമായിരുന്നുള്ളൂ. അതിനാല്‍ 'അമാനുഷിക' കഴിവുകളുള്ള ഒരു ദൈവത്തെ ഞാന്‍ എന്റെ ദൈവമായി സങ്കല്‍പ്പിച്ചു! ആ ദൈവം എല്ലാത്തിനും മീതെയായിരുന്നു, സര്‍വശക്തനായിരുന്നു. ആ ദൈവം മനുഷ്യന്റെ മാത്രം ദൈവമായിരുന്നില്ല. എല്ലാ ജീവജാലങ്ങളുടെയും ദൈവമായിരുന്നു. അന്നത്തെ എന്റെ സൂപ്പര്‍ ഹീറോസ് ആയ 'സ്‌പൈഡര്‍മാന്റെ'യും 'പോപോയ്'യുടെയും രൂപം കൊടുത്തുനോക്കി. പക്ഷേ എന്റെ ദൈവം അവരേക്കാള്‍ ശക്തനായിരുന്നു. അതിനാല്‍തന്നെ എന്റെ ദൈവത്തിന് ആ രൂപങ്ങള്‍ ചേര്‍ന്നില്ല. മാത്രമല്ല, പ്രാര്‍ഥിക്കാന്‍ ശ്രമിക്കുമ്പോള്‍ പല എപ്പിസോഡുകളുമായിരുന്നു ചിന്തയില്‍ വന്നത്. അതിനാല്‍ ദൈവത്തിന് രൂപം നല്‍കുന്ന ഉദ്യമം ഞാന്‍ അവിടെ ഉപേക്ഷിച്ചു. എങ്കിലും പിന്നീട് ഞാന്‍ പ്രാര്‍ഥിച്ചതത്രയും ആ ദൈവത്തെ ആയിരുന്നു. അന്നുമുതല്‍ എന്റെ ഡയറികള്‍ എല്ലാം ആ ദൈവത്തോടുള്ള എന്റെ സംസാരങ്ങള്‍ ആയിരുന്നു.
ഖുര്‍ആനില്‍ ഞാന്‍ കണ്ടത് സര്‍വശക്തനായ, എല്ലാറ്റിനും നാഥനായ, ഏകനായ ദൈവത്തെയാണ്, രക്ഷിതാവിനെയാണ്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം എന്നിലെ ദൈവ ചിന്തകള്‍ക്ക് കുറച്ചുകൂടി വ്യക്തതയുള്ള, വിശാലമായ, സ്വതന്ത്രമായ ഒരു ഇടം തരുന്നു. ദൈവത്തിലേക്ക് കൂടുതല്‍ അടുക്കുന്നു എന്ന ഒരു തോന്നല്‍. ഒരുപക്ഷേ ഇവിടെ വരുംവരെ ഞാന്‍ ഏറ്റവും അധികം തെറ്റിദ്ധരിച്ച മതം ഇസ്‌ലാം ആയിരുന്നു. എന്നാല്‍ ഇന്ന് ആ ധാരണകളില്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഇസ്‌ലാം എന്ന ജീവിതചര്യ എന്നില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു. ഇവിടെ ഞാന്‍ അറിഞ്ഞ മതം സ്‌നേഹത്തിന്റേതും കരുണയുടേതുമാണ്. എന്നെ സംബന്ധിച്ചേടത്തോളം ഒരിക്കലും ഇത് വെച്ചുമാറലോ തള്ളിപ്പറയലുകളോ അല്ല, മറിച്ച് അംഗീകരിക്കലും 'ചില' ധാരണാ തിരുത്തലുകളുമാണ്. എന്നില്‍ ഇതൊരു വിമലീകരണം ആകുന്നത് അങ്ങനെയാണ്.
'അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരേ' എന്ന് ആ ജനതയെ അഭിസംബോധന ചെയ്ത് സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രശസ്തമായ പ്രസംഗം വായിച്ചിരുന്നു. എന്നാല്‍ അത് പാറുവിന്റെ ജീവിതത്തില്‍ പ്രസക്തമാകുന്നതും ഇവിടെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (7-9)
ടി.കെ ഉബൈദ്‌

ഹദീസ്‌

കരുണയര്‍ഹിക്കുന്ന മൂന്ന് വിഭാഗങ്ങള്‍
സുബൈര്‍ കുന്ദമംഗലം