Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 28

3141

1441 റജബ് 04

ദേശീയതയല്ല, മാനവികതയാണ് പരിഹാരം

ഡോ. ജാബിര്‍ അമാനി

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കുമ്പോള്‍ തന്നെ രാജ്യത്ത് രൂപപ്പെട്ട പ്രതിഷേധങ്ങള്‍, സി.എ.എ നിയമമായി ചുട്ടെടുത്തതോടെ ഇന്ത്യയൊട്ടാകെ പടരുകയാണുണ്ടായത്. ദല്‍ഹി ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥി പ്രക്ഷോഭം ജനകീയ ചെറുത്തുനില്‍പ്പിന് ചൂടും ചൂരും പകര്‍ന്നു. ഏതൊരു മുന്നേറ്റത്തിലും അതെത്ര വ്യവസ്ഥാപിതമാണെങ്കിലും സ്വാഭാവികമായ ചില ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം. പൗരത്വ ഭേദഗതി നിയമത്തിനെതിരിലുള്ള പ്രക്ഷോഭങ്ങളില്‍ ഇതുവരെ അങ്ങനെയൊരു വേലിയേറ്റ വേലിയിറക്കം ചൂണ്ടിക്കാണിക്കാനാകില്ല. കേന്ദ്ര ഗവണ്‍മെന്റ് പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയിട്ടു പോലും ശാഹീന്‍ ബാഗിലടക്കം ആബാലവൃദ്ധം ജനങ്ങള്‍ സുസംഘടിതരും സുശക്തരുമാവുകയാണ് ചെയ്തത്. സുപ്രീം കോടതി ഇത് സംബന്ധമായ ഹരജികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് നീട്ടിവെച്ചതിനു ശേഷം പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാവുകയും വ്യത്യസ്ത രൂപത്തിലുള്ള സമരമുന്നേറ്റങ്ങള്‍ക്ക് രാജ്യം സാക്ഷിയാവുകയും ചെയ്യുന്നു. മുസ്‌ലിംകളല്ലാത്ത ഒട്ടേറെ പേര്‍ സമരപ്രതിഷേധങ്ങളുടെ മുന്നണിപ്പോരാളികളായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയും മതേതര പൈതൃകവും സംരക്ഷിക്കുന്നതിന് ആസാദീ പ്രഖ്യാപനങ്ങളുമായി ഇന്ത്യ സമരോത്സുകമാണ്. അറിവും തിരിച്ചറിവും നേടി കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ സര്‍ക്കാറിന്റെ സവര്‍ണാധിപത്യ ദേശീയതക്കും (Hegemonic Nationalism) ഫാഷിസ്റ്റ് തേര്‍വാഴ്ചകള്‍ക്കുമെതിരില്‍ മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ സുസംഘടിതരാവുന്ന കാഴ്ച മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ്.

പിന്നില്‍ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രമാണ്
വംശഹത്യയും വര്‍ഗ ഉന്മൂലന ശ്രമവുമാണ് ഫാഷിസത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം. വ്യക്തിയെ വികാരം കൊള്ളിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കുന്ന വൈകാരികതയുടെ വില്‍പ്പനയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. പൗരത്വ ഭേദഗതി നിയമം അധികാരാധിഷ്ഠിതമല്ല, ആശയാധിഷ്ഠിതമാണ്. മൂന്‍ജെ, സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ഹെഡ്‌ഗേവാര്‍ അച്ചുതണ്ടിലൂടെ രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപം നല്‍കിയ പ്രത്യയശാസ്ത്രത്തെ ഇന്ത്യയില്‍ സ്ഥാപിച്ചെടുക്കാനുള്ള ആസൂത്രിത നീക്കങ്ങളിലെ ഒരു കറുത്ത അധ്യായം മാത്രമാണിത്. ഇന്ത്യന്‍ ഫാഷിസം മുസ്‌ലിംകള്‍, ക്രൈസ്തവര്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരെ  മുന്‍ഗണനാക്രമത്തോടെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചതിന്റെ പ്രയോഗവത്കരണമാണിത്. ഒരു നൂറ്റാണ്ട് മുമ്പേ രൂപപ്പെടുത്തിയ വര്‍ഗീയ, വംശീയ ഉന്മൂലന പദ്ധതികളില്‍ ഒന്നു മാത്രമാണ് പൗരത്വഭേദഗതി നിയമം. ആര്‍.എസ്.എസിന് ഫാഷിസ്റ്റ് മാനിഫെസ്റ്റോയില്‍നിന്ന് പിന്മാറാന്‍ കഴിയുകയില്ല. എന്നാല്‍, മതേതരത്വം ജീവവായുവായി കാണുന്ന ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ ഇത്തരം ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര അജണ്ടകള്‍ക്ക് നിലനില്‍ക്കാനാവില്ലെന്നത് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഹിറ്റ്‌ലര്‍ പരാജയപ്പെട്ടതും ഫാഷിസവും നാസിസവും തിരോഭവിച്ചതും വളരെ പെട്ടെന്നായിരുന്നില്ല. നിരന്തരമായ ജനാധിപത്യ മുന്നേറ്റ സമര പോരാട്ടങ്ങള്‍ അതിന് വേണ്ടി വന്നു. ഫാഷിസം ജയം നേടുന്നത് ഇരകളുടെ മൗനത്താലും ഭയത്താലുമാണെന്ന് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് വര്‍ത്തമാനകാല ഇന്ത്യ ഇത്രമേല്‍ പ്രക്ഷുബ്ധമാകുന്നത്. ചകിതരാവാത്തതും. അധികാരത്തിന്റെ കേവല ശക്തിപ്രകടനമല്ല, പ്രത്യയശാസ്ത്രപരമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ അകക്കാമ്പ്. മതരാഷ്ട്ര, സവര്‍ണാധിപത്യ ദേശീയതയെ പ്രണയിക്കുന്ന പ്രത്യയശാസ്ത്രം. ഭരണഘടനയുടെ അന്തസ്സത്തയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളും മുറുകെപിടിച്ച് പ്രതിരോധിക്കുമ്പോള്‍ മാത്രമേ, ഫാഷിസത്തിന്റെ ഉന്മൂലന ശ്രമങ്ങളെ വ്യവസ്ഥാപിതമായി ചെറുത്തു തോല്‍പിക്കാന്‍ കഴിയൂ.

കോടതിവിധിയില്‍ പ്രതീക്ഷയര്‍പ്പിക്കാമോ?
സര്‍ക്കാറിനെ വരെ വിമര്‍ശിക്കാനും തിരുത്താനും അവകാശമുള്ള ഭരണഘടനാ സ്ഥാപനമാണ് സുപ്രീം കോടതിയെന്ന വിഷയത്തില്‍ രണ്ടഭിപ്രായം ആര്‍ക്കും ഇല്ല. ഇതഃപര്യന്തം ഈ ദൗത്യം കോടതികള്‍ ഒരു പരിധിവരെ നിര്‍വഹിച്ചുപോന്നിട്ടുണ്ടെങ്കിലും 2014-നു ശേഷം സ്ഥിതി ഒട്ടും ആശാവഹമല്ല. സുപ്രീം കോടതി ജഡ്ജിയുള്‍പ്പെടെയുള്ള നിയമന വിവാദങ്ങള്‍ രാജ്യത്ത് കോളിളക്കമുണ്ടാക്കിയിരുന്നുവല്ലോ. മാറിമാറി വരുന്ന സര്‍ക്കാറുകളുടെ ആശയാഭിപ്രായങ്ങള്‍ക്ക് അനുസൃതമായി 'നീതി' നിര്‍വഹണം സംഭവിക്കുമ്പോള്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയില്‍ സംശയമുണരുക സ്വാഭാവികമാണ്. 'മുത്ത്വലാഖ്' മുസ്‌ലിംകള്‍ക്ക് മാത്രം ക്രിമിനല്‍ നിയമമായി പരിഗണിച്ചതും ബാബരി മസ്ജിദ് കേസിലുണ്ടായ വിധിപ്രസ്താവവും മറ്റും ചില ഉദാഹരണങ്ങള്‍ മാത്രം. എന്നാല്‍ പരമോന്നത നീതിപീഠം എന്ന നിലയില്‍ ജനങ്ങള്‍ കോടതി വിധികളെ ആദരവോടെയാണ് കാണാറുള്ളത്. ഈ പരമോന്നത പദവി, ജുഡീഷ്യറി തികച്ചും നീതിയുക്തമായി ഉത്തരവാദിത്തം നിര്‍വഹിക്കുമെന്ന കലവറയില്ലാത്ത ഒരു വിശ്വാസത്തെ സൃഷ്ടിക്കുന്നില്ല. പൂര്‍വകാല അനുഭവ സാക്ഷ്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ ഈ അഭിപ്രായത്തെ പിന്തുണക്കുന്നില്ല. അതിനാല്‍ പൗരത്വഭേദഗതി നിയമവും അനുബന്ധങ്ങളും സമ്പൂര്‍ണമായും കോടതിയും സര്‍ക്കാറും തള്ളിക്കളഞ്ഞാലല്ലാതെ ഭരണഘടനാ സാധുതയും നീതിനിര്‍വഹണവും സാര്‍ഥകമാവുകയില്ല. മഹാത്മാ ഗാന്ധി നിയമ ലംഘനസമരം നടത്തവെ പ്രസ്താവിച്ചത് ഏറെ പ്രസക്തമാണ്: 'നിയമം എപ്പോഴാണോ നീതിയുടെ പക്ഷത്തുനിന്ന് വ്യതിചലിക്കുന്നത്, അപ്പോള്‍ മുതല്‍ നിയമലംഘന സമരം പ്രസക്തമാവുന്നതാണ്.'

ദേശീയപതാകക്ക് കീഴില്‍ ഒന്നിക്കണം
പൗരാവകാശ ഭേദഗതി നിയമവും അനുബന്ധങ്ങളും നേര്‍ക്കുനേരെ മുസ് ലിംകളെ ബാധിക്കുന്ന പ്രശ്‌നമാണെങ്കിലും ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെയും സ്വത്വസംസ്‌കാരത്തെയും സര്‍വോപരി ഭരണഘടനാ മൂല്യങ്ങളെയും വെല്ലു വിളിക്കുന്നതാണ് അവയെല്ലാം. കേവലം മൂന്ന് രാജ്യങ്ങളില്‍ അനുഭവിക്കുന്ന 'മതപീഡന'ത്തിനുള്ള അനുഭാവപൂര്‍ണമായ ഇന്ത്യയുടെ ഒരു ദയാവായ്‌പ്പൊന്നുമല്ല പൗരത്വ നിയമ ഭേദഗതി. ഘട്ടം ഘട്ടമായി ഇന്ത്യയെ സവര്‍ണ ഹിന്ദു ദേശീയതയില്‍ അധിഷ്ഠിതമായ ഒരു മതരാജ്യമാക്കി ശുദ്ധീകരിക്കാനുള്ള ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആസൂത്രിത നീക്കം മാത്രമാണ് ഇവയെല്ലാം. ഈ ഹിഡന്‍ അജ എല്ലാ ഇന്ത്യക്കാരും തിരിച്ചറിഞ്ഞിട്ടു്. അതുകൊുതന്നെ ഇന്ന് ഇരയുടെ പക്ഷത്ത് ഇല്ലാത്തവര്‍, ജനവിഭാഗങ്ങള്‍ നാളെയുടെ ഇരകളായിരിക്കും, തീര്‍ച്ച. വേട്ടക്കാരന് മാത്രമാണ് മാറ്റം സംഭവിക്കാതിരിക്കുക. അതിനാല്‍ ഇന്ത്യന്‍ ജനതയുടെ ഒന്നടങ്കമുള്ള പ്രതിഷേധമോ ഫാഷിസ്റ്റുകളല്ലാതെ മുഴുവന്‍ മനുഷ്യരുടെയും ഏകോപിച്ചുള്ള പ്രതിഷേധങ്ങളോ ആണ് ഇത്തരം സന്ദര്‍ഭത്തില്‍ വ്യവസ്ഥാപിതമായ ഫലപ്രാപ്തി കൈവരിക്കാന്‍ കാരണമാവുകയുള്ളൂ. ഇത് വരെയുള്ള പ്രതിഷേധങ്ങളില്‍ അധികാരികളുടെ കണ്ണ് ഉറപ്പിക്കാന്‍ കാരണമായതും മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടി പ്രത്യേകം വേലിക്കെട്ടുകളോ മതിലുകളോ ഇല്ലാതെ എല്ലാവരും യോജിച്ച സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്നുള്ളതാണ്. സമരങ്ങള്‍ വിജയിക്കുന്നതും ഫലപ്രാപ്തി നേടുന്നതും അതുകൊണ്ടാണ്. ജാമിഅ മില്ലിയ്യ സമരങ്ങളുടെ പശ്ചാത്തലത്തില്‍ 'വേഷംനോക്കി സമരക്കാരെ തിരിച്ചറിയാന്‍ സാധിക്കുമെ'ന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട്, മുസ്‌ലിം വേഷം ധരിച്ചും, വസ്ത്രങ്ങള്‍ അഴിച്ച് വെച്ചും പ്രതിഷേധത്തിന് മൂര്‍ച്ച കൂട്ടിയതും അതുകൊണ്ടാണ്. മുസ്‌ലിംകളെ തടങ്കല്‍ പാളയത്തിലേക്കയച്ചാല്‍ 'ഞങ്ങള്‍ പ്രതിരോധിക്കുമെന്നും' അല്ലെങ്കില്‍ ഞങ്ങളും മുസ്‌ലിംകളായി മതപരിവര്‍ത്തനം നടത്തി സമര മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരുമെന്നുമുള്ള പ്രഖ്യാപനങ്ങളെയും ചെറുതായി കണ്ടുകൂടാ- ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ പിന്മടക്കമില്ലാത്ത പ്രതിരോധങ്ങളാണ് അവയെല്ലാം. അതുകൊണ്ടുതന്നെ മതേതര രാഷ്ട്രീയ കക്ഷികള്‍ പ്രതീക്ഷക്കനുസരിച്ച് ഉയര്‍ന്നാലും ഇല്ലെങ്കിലും മുസ്‌ലിംകള്‍ മാത്രം സ്വയം നിര്‍വഹിക്കുന്ന സമര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ ഫലപ്രാപ്തി കൈവരിക്കുകയെന്നത് ഇത്തരമൊരു സാമൂഹിക പശ്ചാത്തലത്തില്‍ പൂര്‍ണമായും സാധ്യമാവുകയില്ല. അത് പ്രോത്സാഹിപ്പിക്കുന്നത് ദീര്‍ഘവീക്ഷണമുള്ള നിലപാടുമല്ല. എന്നാല്‍ മുസ്‌ലിം മഹല്ലുകള്‍ വഴിയോ, സംഘടനകള്‍ വഴിയോ പ്രതിഷേധിക്കാന്‍ പാടില്ല എന്ന് ഇതിനര്‍ഥവും ഇല്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അവരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്, നടക്കേണ്ടതുമുണ്ട്. അവയെല്ലാം ഇന്ത്യയുടെ മതേതര പൈതൃകം തിരിച്ചുപിടിക്കാനുള്ള സമരമാര്‍ഗത്തില്‍ ചെറുതല്ലാത്ത ഗുണഫലം പ്രദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും ദേശീയ പതാകയുടെ കീഴില്‍ സര്‍വരും അണിനിരക്കുന്ന പ്രതിഷേധങ്ങള്‍ക്കാണ് ഉജ്ജ്വലമായ ഫലപ്രാപ്തി കൈവരിക്കാന്‍ ആപേക്ഷികമായി സാധിക്കുകയുള്ളൂ എന്നാണ് അഭിപ്രായപ്പെടുന്നത്.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒറ്റക്കൊറ്റക്ക് പ്രതിഷേധ രംഗത്ത് ഉണ്ട്. അതോടൊപ്പം തന്നെ ഐക്യനിര സൃഷ്ടിച്ച് പൗരാവലിയുടെയും ജനകീയ മുന്നേറ്റങ്ങളുടെയും മുന്നണിപ്പോരാളികളായും പ്രവര്‍ത്തനരംഗത്തുണ്ട്. സംഘടനാപരമായ വൈരനിര്യാതന ബുദ്ധിയോടെ പ്രതികരിക്കേണ്ട സന്ദര്‍ഭമല്ല ഇത്. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ഇന്ത്യയെ തീറെഴുതിക്കൊടുക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഫാഷിസ്റ്റുകളുടെ പക്ഷത്തുനിന്ന് ഉണ്ടാവുമ്പോള്‍ മതേതരമായ, സര്‍വരും അണിനിരക്കുന്ന പ്രതിഷേധങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഭീഷണികളെ മാനവികതകൊണ്ട് ചെറുക്കണം. ടാഗോര്‍ ഈ അഭിപ്രായമാണ് മുമ്പേ പ്രകടിപ്പിക്കാറുള്ളത്. ''ദേശീയത എന്റെ അവലംബമേ അല്ല, മറിച്ച് മാനവികതയാണ് എന്റെ അഭയസ്ഥാനവും ആശ്രയവും.''

മുസ്‌ലിം സംഘടനകളുടെ ഏകോപനം
മുസ്‌ലിം സംഘടനകളുടെ ഏകോപനവും ഒരുമിച്ചുള്ള പ്രതിഷേധങ്ങളും അഭിമാനകരമാണ്. പ്രാദേശിക കൂട്ടായ്മകളിലൂടെ ഐക്യനിര രൂപപ്പെടുത്തിയുള്ള പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ ആവേശവും പ്രതികരണങ്ങളും സൃഷ്ടിക്കാന്‍ കഴിയും. ഏകീകൃത പ്ലാറ്റ്‌ഫോം പൗരത്വ നിയമ പ്രതിഷേധ പശ്ചാത്തലത്തില്‍ കേരള മുസ്‌ലിംകളില്‍ രൂപപ്പെട്ടുവെന്നത് അഭിമാനകരമാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരിലുള്ള പ്രതിഷേധ സമരങ്ങളെല്ലാം ഐക്യബോധത്തോടെയായിരിക്കണം. പരസ്പരമുള്ള പഴിചാരലുകളും അനാവശ്യ വിമര്‍ശനങ്ങളും വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന പ്രസ്താവനാ യുദ്ധങ്ങളും ഈ പശ്ചാത്തലത്തില്‍ ആരോഗ്യകരമല്ല. ഇത് പ്രതിരോധ സമരങ്ങളില്‍ മാത്രം കണ്ടാല്‍ പോരാ. പൗരത്വ ഭേദഗതിക്കെതിരിലുള്ള പ്രഭാഷണങ്ങളിലും വിലയിരുത്തലുകളിലും സ്റ്റേജിലും പേജിലും ഈ മര്യാദ പാലിക്കേണ്ടതുണ്ട്. എത്രമേല്‍ ധിക്കാരികളായിരുന്നാലും ഭരണാധികാരികളെ അഭിസംബോധന ചെയ്യുമ്പോഴും സഭ്യമായ ശൈലികള്‍ ഉപയോഗിക്കേണ്ടതുണ്ട്. സഹോദര സമുദായ സംഘടനകളിലെ അംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ശൈലി സ്വീകരിക്കരുത്. രാഷ്ട്രീയപരമായ വിയോജിപ്പുകളുടെ പേരില്‍ ചെയ്യുന്നതിലെല്ലാം തിന്മയും വിമര്‍ശനവും കാണുന്ന രീതി പ്രോത്സാഹിപ്പിക്കേതല്ല. രചനാത്മകവും ഗുണാത്മകവുമായ ഒരു പൊസിറ്റീവ് അപ്രോച്ച് സമകാല ഇന്ത്യയിലെ എല്ലാ പ്രതിഷേധങ്ങളോടും അനുഭാവപൂര്‍വം പുലര്‍ത്തേതുണ്. ഇതിനര്‍ഥം എല്ലാം ശരിയെന്നല്ല. മാനവികതാ വിരുദ്ധമായ ഏത് സമരമാര്‍ഗങ്ങളും എതിര്‍ക്കപ്പെടേത് തന്നെയാണ്. പകരത്തിന് പകരം ചോദിക്കുന്ന തീവ്ര ശൈലികള്‍ എരിതീയില്‍ എണ്ണയൊഴിക്കലാണ്. ടാഗോര്‍ പറഞ്ഞത് പോലെ, ദേശീയതയല്ല, മാനവികതയാണ് (Humanity) അവലംബവും അഭയവുമാകേണ്ടത്. പ്രതിസന്ധികള്‍ എത്ര ശക്തമാണെങ്കിലും സായുധമുന്നേറ്റങ്ങളേക്കാള്‍ വിവേകപൂര്‍ണമായ സമീപനങ്ങളാണ് വേണ്ടത്. തീവ്രവാദം ലോകത്ത് ഒരിക്കലും ഗുണഫലം പ്രദാനം ചെയ്തതായി അനുഭവങ്ങളില്ല.
ഒറ്റക്കൊറ്റക്ക് വേറിട്ടും മാറിനിന്നും സംഘടിപ്പിക്കുന്ന സംഘടനാധിഷ്ഠിത പ്രതിഷേധങ്ങളെ ഐ.എസ്.എം അത്രമേല്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രാദേശികമായ ഗുണഫലങ്ങള്‍ വിലയിരുത്തി നിര്‍വഹിക്കുന്നതിനെ വിലക്കുന്നുമില്ല. എന്തൊക്കെയായാലും ഒരുമിച്ചുള്ള സമരമുന്നേറ്റം തന്നെയാണ് ഇപ്പോള്‍ ആവശ്യം.
പ്രസാധന രംഗത്തും ബോധവല്‍ക്കരണ, ഗൃഹാങ്കണ സംഗമങ്ങളിലും സംഘടനാപരമായ രൂപകങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് അപരാധമല്ല. എന്നാല്‍ ഈ രംഗത്ത് കാപട്യങ്ങളും വെടിയണം. അഥവാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഒരു സംഘടനാ ബാനറില്‍ തന്നെ സംഘടിപ്പിക്കുകയും പ്രോഗ്രാമുകള്‍ക്ക് മതേതര കൂട്ടായ്മ, ഭരണഘടനാ സംരക്ഷണ സമിതി പോലുള്ള പേരുകള്‍ ഉപയോഗിച്ച് കൃത്രിമമായ ഐക്യനിര ഉണ്ടാക്കി 'നല്ലപിള്ള ചമയുകയും' ചെയ്യുന്നതിനോട് വിയോജിക്കുന്നു. ഒറ്റക്കായാലും സംഘടനാ തലത്തിലായാലും സത്യസന്ധമായ സംഘടനാ പ്രതിനിധാനമായിരിക്കും നല്ലത്. അതാണല്ലോ വിശ്വാസ്യതയുളള നിലപാട്. രാജ്യത്ത് മതേതര മാനവിക ബെല്‍റ്റാണ് ശക്തിപ്പെടേത്. അതിന്നാവശ്യമായ പദ്ധതിക്കാണ് സംഘടന പ്രാധാന്യം നല്‍കുക. 

(ഐ.എസ്.എം സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (7-9)
ടി.കെ ഉബൈദ്‌

ഹദീസ്‌

കരുണയര്‍ഹിക്കുന്ന മൂന്ന് വിഭാഗങ്ങള്‍
സുബൈര്‍ കുന്ദമംഗലം