Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 28

3141

1441 റജബ് 04

വെള്ളക്കാരന്റെ മുമ്പില്‍ നെഞ്ചു വിരിച്ച് നിന്നവരോട് പൗരത്വം ചോദിക്കാന്‍ നിങ്ങളാരാണ്?

അനസ് റശീദ്

അന്ന് വെള്ളക്കാരെ തല്ലി പായിച്ചോലെ ചൂടും ചൊണേം ഇന്നാട്ടിലെ പേരക്കുട്ട്യാക്ക് ഇപ്പളും ബാക്കിണ്ട്.......ന്താ  സംശയണ്ടോ....... ങ്ങക്ക്
ഹംഭി പ്രൊഡക്ഷന്‍ ഹൗസ് പുറത്തിറക്കിയ CITIZEN NUMBER '21  എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലെ വരികളാണിത്. കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് നിയമത്തിനെതിരെയുള്ള കലാ പ്രതിരോധമാണ് വീഡിയോ. വിഷ്വല്‍സും റാപ്പും തീര്‍ക്കുന്ന വിസ്മയകരമായ സംഗീത വിരുന്നാണ് വീഡിയോ സമ്മാനിക്കുന്നത്. സന്ദീപ്. പിയാണ് വീഡിയോ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 1921-ലെ മലബാര്‍ സമരത്തെ ഓര്‍മിപ്പിക്കുന്ന 
അന്നിരുപത്തൊന്നില്‍ നമ്മളി 
മ്മലയാളത്തില് ഒന്ന് ചേര്‍ന്ന് 
എതിര്‍ത്ത് നല്ല മട്ടില് 
ഏറനാട്ടിന്‍ ധീര മക്കള് 
ചോര ചിന്തിയ നാട്ടില്.... 
എന്ന പാട്ടിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. 1921-ലെ മലബാര്‍ സമരകാലത്ത് പോരാളികള്‍ക്ക് വലിയ ദ്രോഹം ചെയ്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു ഹിച്ച് കോക്ക്. മരണശേഷം മോങ്ങത്തിനടുത്ത് വള്ളുവമ്പ്രത്ത് ബ്രിട്ടീഷുകാര്‍ അയാള്‍ക്ക് സ്മാരകം നിര്‍മിച്ചു. സ്വാതന്ത്ര്യ പോരാളികളെ അവഹേളിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി കമ്പളത്ത് ഗോവിന്ദന്‍ നായര്‍ എന്ന കവി എഴുതിയതാണീ വരികള്‍. പിന്നീട് പോരാളികള്‍ സ്മാരകം തകര്‍ക്കുകയും ചെയ്തിരുന്നു.
പൗരത്വത്തിന്റെ രേഖ ചോദിച്ച് വീട്ടില്‍ വരുന്ന ഉദ്യോഗസ്ഥരോട് പണ്ട് വെള്ളക്കാരന്റീം അതിന്റെ മുമ്പ് പറങ്കികള്‍ടീം ഓലപ്പാമ്പ് കണ്ട് പേടിക്കാത്ത ങ്ങമ്മളാടോ.......... തരാന്‍ സൗകര്യല്ല എന്നാണ് വീട്ടിലെ ഉമ്മ പറയുന്നത്. നാടിനു വേണ്ടി ജീവന്‍ നല്‍കി  പോരാടിയ വീര രക്തസാക്ഷികളുടെ തലമുറക്ക് ഈ നാട്ടില്‍ അഭിമാനത്തോടെ ജീവിക്കാന്‍ അവരുടെ പോരാട്ടം തന്നെ തെളിവാണെന്നിത് പറഞ്ഞുവെക്കുന്നു.
മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് മതേതര രാജ്യത്ത് ആര്‍ട്ടിക്ക്ള്‍ 14-ന്റെ ലംഘനമാണ്. ജാമിഅയിലെയും ജെ.എന്‍.യുവിലെയും പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന റാപ്പിന്റെ വരികള്‍, ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഭീരുത്വമാണെന്നും വ്യാജപ്രചാരണങ്ങള്‍ കൊണ്ട് ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ കഴിയില്ലന്നും പറയുന്നു. 
സരസ ബാലുശ്ശേരിയാണ് മുഖ്യ കഥാപാത്രമായ ഉമ്മയുടെ വേഷം ചെയ്തിരിക്കുന്നത്. നേറ്റീവ് ബാപ്പ, ഫ്യുണറല്‍ ഓഫ് നേറ്റീവ് സണ്‍സ് എന്നിവയില്‍ റാപ്പ് അവതരിപ്പിച്ച ഹാരിസ് സലീമാണ് റാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സന്ദീപ്, ഹാരിസ് സലീം, നിസാം പാരി എന്നിവരാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. ഢ3ഗ ആണ് സംഗീതം നല്‍കിയത്. അഫ്‌നാസ്, നിസാം പാരി എന്നിവരാണ് ഛായാഗ്രഹണം. ഷാന്‍ അഹ്മദ് എഡിറ്റിംഗ്. ബോദി സൈലന്റ് സ്‌കേപ് യൂറ്റിയൂബ് ചാനലിലൂടെ റിലീസ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ പതിനായിരക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.
നാടിന്റെ മോചനത്തിനായി ഇന്ത്യന്‍ കാമ്പസില്‍ പോരാടിക്കൊണ്ടിരിക്കുന്ന പെണ്‍മക്കളെ ഓര്‍ത്തുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. നിലനില്‍പ്പിനുവേണ്ടി നിലക്കാത്ത പോരാട്ടങ്ങളും പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങിയ പുതിയ ചെറുപ്പത്തിന്റെ ചരിത്രമാണ് വീഡിയോ വരച്ചുകാണിക്കുന്നത്..

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (7-9)
ടി.കെ ഉബൈദ്‌

ഹദീസ്‌

കരുണയര്‍ഹിക്കുന്ന മൂന്ന് വിഭാഗങ്ങള്‍
സുബൈര്‍ കുന്ദമംഗലം