പ്രബോധനം ഡേ വിജയിപ്പിക്കുക
പ്രിയ സഹോദരന്മാരേ, മാര്‍ച്ച് ഒന്ന് പ്രബോധനം ഡേ ആണ്. പ്രബോധനം വാരികക്കുവേണ്ടി പരമാവധി വരിക്കാരെ കണ്ടെത്തുന്നതിന് കേരളത്തിലുടനീളം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്ന ദിവസം. ആ ദിവസത്തെ ലക്ഷ്യം അന്നുതന്നെ നാം പൂര്‍ത്തീകരിക്കണം. മനം നിറഞ്ഞ പ്രാര്‍ഥനകളോടെ എല്ലാവരും സജീവമായി രംഗത്തിറങ്ങുക. ധാരാളം വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും ഭേദങ്ങളൊന്നുമില്ലാതെ പ്രബോധനം എത്തട്ടെ. അവരതിന്റെ വായനക്കാരാവട്ടെ. അത്തരം ഒരു വായന, കാലം അവരോടാവശ്യപ്പെടുന്നുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമാണ് പ്രബോധനം എന്നത് സാങ്കേതികം മാത്രമാണ്. പ്രബോധനം കേരളത്തിലെ ഇസ്‌ലാമിന്റെ തന്നെ മുഖപത്രമാണ്. പാര്‍ട്ടി മുഖപത്രമെന്നതിന് ഒരുപാട് പരിമിതികളുണ്ട്. ആ പരിമിതികളെ കവിഞ്ഞുനില്‍ക്കുന്നതാണ് പ്രബോധനം. ചരിത്രത്തില്‍ ഇടം പിടിച്ച ജിഹ്വകളൊക്കെയും പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും മുമ്പേ സഞ്ചരിച്ചവയാണ്. തര്‍ജുമാനുല്‍ ഖുര്‍ആനിന്റെ ഭാവിയിലേക്കുള്ള വളര്‍ച്ചയാണ് ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനമായി വികസിച്ചത്. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെയും ഇസ്‌ലാമിന്റെയും സഞ്ചാരപഥങ്ങളെ നിര്‍ണയിച്ചത് പ്രബോധനമായിരുന്നു. സമകാലിക സംഭവങ്ങളോടുള്ള ഇസ്‌ലാമികമായ സമീപനങ്ങളുടെ റഫറന്‍സ് ആണ് പ്രബോധനം. ഇസ്‌ലാമും മുസ്‌ലിമും ഭാവിയോട് സംവദിക്കേണ്ട ഭാഷയെ അത് നിര്‍ണയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ജീവിതത്തിന്റെ സമസ്ത തലങ്ങളെയും അഭിമുഖീകരിക്കുന്നു ഇസ്‌ലാം എന്ന് പഠിപ്പിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനം വല്ലാതെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ആ സമരത്തിന്റെ മുന്‍നിരയില്‍ വിശ്രമമില്ലാതെ പൊരുതിനിന്നത് പ്രബോധനത്തിന്റെ താളുകളായിരുന്നു. പ്രബോധനം തെളിച്ച വഴിയിലൂടെയാണ് ഇന്ന് കേരള മുസ്‌ലിം സമുദായത്തിന്റെ പ്രയാണം. ദീനിന്റെ സമ്പൂര്‍ണതയെ പ്രതിനിധീകരിക്കുംവിധം പ്രബോധനത്തിന്റെ പേജുകള്‍ വൈവിധ്യപൂര്‍ണമാണ്. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, ലോകം - ഇതിനെയെല്ലാം പ്രബോധനം അഭിസംബോധന ചെയ്തു. ജീവിതത്തിന്റെ മധുരക്കയ്പുകളോട്, മോഹ- മോഹഭംഗങ്ങളോട് പ്രബോധനം സംവദിച്ചുകൊണ്ടേയിരുന്നു. ഇസ്‌ലാമിന്റെ വക്താക്കളായി ആത്മവിശ്വാസത്തോടെ എഴുന്നേറ്റു നില്‍ക്കാന്‍ പ്രബോധനം സമുദായത്തിന് കരുത്തേകി. സമൂഹം, കല, സാഹിത്യം, രാഷ്ട്രീയം, തത്ത്വചിന്ത, മത സംവാദം തുടങ്ങിയ മനുഷ്യന്റെ വ്യവഹാരമേഖലകളിലെല്ലാം ഇസ്‌ലാമിന്റെ സന്ദേശവുമായി പ്രബോധനം കടന്നുചെന്നു.
ഇസ്‌ലാമിന്റെ പ്രഥമ അടിസ്ഥാനം ഖുര്‍ആനാണല്ലോ. ഖുര്‍ആന്‍ പഠനം തന്നെയായിരുന്നു പ്രബോധനത്തിന്റെയും മുഖ്യസവിശേഷത. അരനൂറ്റാണ്ടിലധികം കാലം ഇടവേളകളില്ലാതെ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ചിന്തകളാണല്ലോ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തുടക്കത്തിനാധാരം. പക്ഷേ, പ്രബോധനം അവിടെ ഖുര്‍ആന്‍ പഠനം അവസാനിപ്പിച്ചില്ല. ലോകത്തിന്റെ വിവിധ കോണുകളില്‍ നിര്‍വഹിക്കപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ, ഇസ്‌ലാമിക ചിന്തകളെ മലയാളി സമൂഹവുമായി പങ്കുവെച്ചു. കേരളത്തിന്റെ മത, സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഖുര്‍ആന്‍ ബോധനം ആയിരത്തില്‍പരം ലക്കങ്ങള്‍ പിന്നിട്ടു. പ്രബോധനം അതിന്റെ ചരിത്രത്തില്‍ നിര്‍വഹിച്ച പ്രോജ്ജ്വലമായ ഒരു സല്‍ക്കര്‍മമാണ് ഇത്.
വിവരവിതരണം നടത്തിയ ഒരു പ്രസിദ്ധീകരണമല്ല പ്രബോധനം. ഇസ്‌ലാമിക മൂല്യങ്ങളുടെ ബലത്തില്‍ വിവരങ്ങളെ വ്യാഖ്യാനിച്ചും വിമര്‍ശിച്ചും മനുഷ്യന്റെ വിചാരത്തെയും വികാരത്തെയും പ്രബോധനം ഉദ്ദീപിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധന(ദഅ്‌വത്ത്)ത്തിന് ഒരു വിമോചനമൂല്യമുണ്ട്. പ്രബോധനവും അത് കാത്തുപോന്നിട്ടുണ്ട്. അനീതിയോടും അക്രമത്തോടും പ്രബോധനം വിയോജിക്കുന്നു. നീതിയും സമാധാനവുമാണ് അത് ഉദ്‌ഘോഷിക്കുന്നത്. സമകാലിക സാഹചര്യത്തില്‍ സമുദായത്തിനകത്ത് കനത്തു കാണുന്ന സമരോത്സുകതയുടെയും വിസമ്മതത്തിന്റെയും ജനിതക സവിശേഷതകളില്‍ പ്രബോധനം വായനയുമുണ്ട്. അതിനാല്‍ അത് കാലത്തിന്റെ ഒരു സമരപുസ്തകമാണ്. എന്നാല്‍, കൊടും ശത്രുവിനെപ്പോലും ആത്മമിത്രമാക്കുന്ന സംവാദശൈലി അതിന്റെ മൗലികതയാണ്. അങ്ങനെ പ്രബോധനം വായനയിലൂടെ സാമൂഹിക യാഥാര്‍ഥ്യങ്ങളോട് സര്‍ഗാത്മകമായി പ്രതിപ്രവര്‍ത്തിക്കുന്ന ഒരു സമൂഹവും അന്തരീക്ഷവും രൂപപ്പെട്ടുവന്നു. അതിനെ കേരളത്തിലെ ഇസ്‌ലാമികത എന്ന് വിളിക്കാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഇതര മുസ്‌ലിം ആനുകാലികങ്ങളുടെ ഉള്ളടക്കവും ഭാഷയും താരതമ്യം ചെയ്താല്‍ പ്രബോധനം അവയെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്നും കണ്ടെത്താവുന്നതാണ്.
വായന തുടങ്ങിയവരാരും പ്രബോധനത്തെ ഉപേക്ഷിച്ചില്ല എന്നതാണ് മറ്റൊരു കാര്യം. ഉള്ളടക്കം അവരെ അതൃപ്തരാക്കിയില്ല. വിയോജിപ്പുകളും വിമര്‍ശങ്ങളും അവര്‍ പ്രബോധനത്തെ അറിയിച്ചു. നിശ്ചിത ദിവസം പ്രബോധനം കൈയിലെത്തിയില്ലെങ്കില്‍ അസ്വസ്ഥപ്പെടുന്നവര്‍, നിഷ്ഠാപൂര്‍വം ആദ്യാവസാനം വായിച്ചു തീര്‍ക്കുന്നവര്‍ നിരവധി. പ്രബോധനത്തെ കാത്തിരിക്കുന്നവരില്‍ മുസ്‌ലിം സമുദായത്തിന് പുറത്തുള്ളവരുമുണ്ട്. പ്രബോധനം ഒരു ദൗത്യമാണ്. ഒരു വീടിനകത്തേക്ക്, പ്രബോധനം എത്തുമ്പോള്‍ ഒരു ഇസ്‌ലാമിക പ്രബോധകനാണ് വീട്ടില്‍ സ്വീകരിക്കപ്പെടുന്നത്. ഇന്നത്തെ കാലത്ത് ആര്‍ക്കും മുന്നോട്ടുള്ള ദിശ ചൂണ്ടിക്കാണിക്കാന്‍ പ്രബോധനത്തിനാവുന്നു. മരവിപ്പിനും തീവ്രതക്കും മധ്യേ, വിവേകം അതു പങ്കുവെക്കുന്നു. ചുരുക്കത്തില്‍, പ്രബോധനം ഏതര്‍ഥത്തിലും ഒരു നന്മയാണ്; ഈ കാലത്തിന്റെ മികച്ചൊരു നന്മ. അത് നുകരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും വര്‍ധിപ്പിക്കുന്നതും ഒരു സല്‍ക്കര്‍മമാണ്.
Comments