Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 28

3141

1441 റജബ് 04

പെണ്‍പടക്കിതാ ഒരു കൊച്ചുനായിക

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

3500 വര്‍ഷങ്ങള്‍ക്കപ്പുറം തന്റെ സഹോദരന്റെ അസ്തിത്വവും പൗരത്വവും സംരക്ഷിക്കുന്നതിനായി പോരാടിയ കൊച്ചുമിടുക്കിയെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. മൂസാ നബിയുടെ സഹോദരി മര്‍യം. പത്തോ പന്ത്രണ്ടോ വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അവള്‍ ഒറ്റക്കാണ് തന്റെ കൊച്ചാങ്ങളയുടെ ജീവന്‍, ക്രൂര ഭരണാധികാരി ഫറോവയുടെ കൈകളില്‍നിന്നും രക്ഷപ്പെടുത്താനായി പോരാടിയത്. തന്റെ അധികാരത്തിന് ഭീഷണിയാവുമോ എന്ന ഭയത്താല്‍ ബനൂ ഇസ്രാഈലില്‍ ജനിച്ചു വീഴുന്ന എല്ലാ ആണ്‍കുട്ടികളെയും അറുകൊല നടത്തുന്ന കാലം. ഇതില്‍നിന്ന് രക്ഷപ്പെടാനായി മൂസാ നബിയുടെ മാതാവ് കുട്ടിയെ പെട്ടിയിലാക്കി നദിയിലൊഴുക്കി. ബാക്കി വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതിങ്ങനെ: ''മൂസായുടെ മാതാവ്  കുട്ടിയുടെ സഹോദരിയോടു പറഞ്ഞു: 'നീ അവന്റെ പിറകെ പോയി അന്വേഷിച്ചുനോക്കുക.' അങ്ങനെ അവള്‍ അകലെനിന്ന് അവനെ വീക്ഷിച്ചു. ഇതൊന്നും അവരറിയുന്നുണ്ടായിരുന്നില്ല. ആ കുട്ടിക്ക് മുലയൂട്ടുകാരികള്‍ മുലകൊടുക്കുന്നത് നാം മുമ്പേ വിലക്കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ മൂസായുടെ സഹോദരി പറഞ്ഞു: 'നിങ്ങള്‍ക്ക് ഞാനൊരു വീട്ടുകാരെ പരിചയപ്പെടുത്തിത്തരട്ടെയോ? നിങ്ങള്‍ക്കുവേണ്ടി അവര്‍ ഈ കുട്ടിയെ നന്നായി സംരക്ഷിച്ചുകൊള്ളും. അവര്‍ കുട്ടിയോടു ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്യും'' (അല്‍ ഖസ്വസ്വ്: 11,12).
ഈ വാക്യങ്ങളെ വിശദീകരിക്കവെ മൗലാനാ മൗദൂദി എഴുതി: 'അതായത്, നദിയില്‍ ഒഴുകിക്കൊണ്ടിരുന്ന പേടകത്തെ നിരീക്ഷിച്ചുകൊണ്ട് ആ ബാലിക കരയിലൂടെ നടക്കുന്നുണ്ടായിരുന്നു. അവളും പേടകത്തിലെ ശിശുവും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ശത്രുക്കള്‍ക്ക്  മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഈ വിധത്തില്‍ അവള്‍ അതിന്റെ ഗതിവിഗതികള്‍ മനസ്സിലാക്കിക്കൊണ്ടിരുന്നു. ഇസ്രാഈലീ ഐതിഹ്യങ്ങള്‍ പ്രകാരം മൂസാ(അ)യുടെ ഈ സഹോദരിക്ക് അന്ന് ഏതാണ്ട് 10-12 വയസ്സ് പ്രായമായിരുന്നു, അതിജാഗ്രതയോടെ കുഞ്ഞാങ്ങളയെ പിന്തുടരുകയും അവന്‍ ഫറവോന്റെ കൊട്ടാരത്തിലെത്തിച്ചേര്‍ന്നുവെന്ന് ഗ്രഹിക്കുകയും ചെയ്തതില്‍ നിന്ന് അവളുടെ തന്റേടം ഊഹിക്കാവുന്നതാണ്. കുഞ്ഞാങ്ങള കൊട്ടാരത്തിലെത്തിയ ശേഷം ഈ സഹോദരി വീട്ടില്‍ പോയി ഇരിക്കുകയായിരുന്നില്ല. അവള്‍ ശ്രദ്ധയോടെ കൊട്ടാരത്തിന്റെ പരിസരങ്ങളില്‍ ചുറ്റിപ്പറ്റി നടന്നു. ശിശു ആരുടെയും മുലകുടിക്കുന്നില്ല എന്നും കുട്ടിക്കു പറ്റിയ, മുലയൂട്ടുന്ന ഒരു ആയയെ കിട്ടാതെ മഹാറാണി വിഷമിച്ചിരിക്കുകയാണെന്നും അവള്‍ ഗ്രഹിച്ചു. അപ്പോള്‍ ആ കൊച്ചുമിടുക്കി നേരെ കൊട്ടാരത്തിലേക്ക് കടന്നുചെന്ന്, തനിക്കൊരു നല്ല മുലയൂട്ടുകാരിയെ അറിയാമെന്നും അവള്‍ കുട്ടിയെ വളരെ കാരുണ്യത്തോടെ പരിപാലിച്ചുകൊള്ളുമെന്നും അറിയിച്ചു' (തഫ്ഹീമുല്‍ ഖുര്‍ആന്‍).
മുകള്‍ വാക്യങ്ങളെ വിശദീകരിച്ച് ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു:  'തനിക്കൊരു നല്ല മുലയൂട്ടുകാരിയെ അറിയാമെന്നും അവര്‍ കുട്ടിയെ വളരെ കാരുണ്യത്തോടെ പരിപാലിച്ചുകൊള്ളുമെന്നും തന്റേടത്തോടെ ഈ കൊച്ചു പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ആളുകള്‍ അവളെ പിടികൂടി. അവര്‍ ചോദിച്ചു: 'അവരുടെ സ്വഭാവത്തെക്കുറിച്ച് നിനക്കെങ്ങനെയറിയാം?' അവള്‍ പറഞ്ഞു: 'ഫറോവ രാജാവിന് സന്തോഷവും ഉപകാരവും ഉണ്ടാവാനായി ഊഹിച്ച് പറഞ്ഞതാണ്.' അപ്പോഴാണ് അവര്‍ അവളെ വിട്ടയച്ചത് (ഇബ്‌നു കസീര്‍).
ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പോരാട്ടങ്ങളിലെ പെണ്‍പടക്ക്  ഈ കൊച്ചു മിടുക്കിയെ മാതൃകയാക്കാം. 


മഴവില്ലു പോലെ മനോഹരം

സങ്കല്‍പിക്കാനാവാത്ത ഹൃദയവിശാലതയുടെ, സഹോദര സ്‌നേഹത്തിന്റെ മഴവില്ലുപോലെ മനോഹരമായ നബിചരിതം. 'ഒരായുധ വായ്പയുടെ ബാക്കിപത്രം' എന്ന കഥയുടെ വി.കെ ജലീലിന്റെ വിവരണവും മധുരതരം (ലക്കം 3138). എത്ര കഴിഞ്ഞിട്ടും നബിയുടെ തുറന്ന മനസ്സിന്റെ മാധുര്യം മായുന്നില്ല. 'ഒരു പ്രവാചകനല്ലാതെ ഇങ്ങനെയൊരു മനസ്സുണ്ടാവുക സംഭവ്യമേ അല്ല' എന്ന് സ്വഫ്‌വാന്‍ പറഞ്ഞുപോകുവോളം ഉയരത്തിലാണ് നബി നില്‍ക്കുന്നത്. സത്യസാക്ഷ്യം ചൊല്ലി അദ്ദേഹം മുസ്‌ലിമായി എന്ന വാചകത്തോടെ കഥയുടെ മഴവില്ല് ആകാശത്തോളം ഉയര്‍ന്നു. ഈയൊരു കുളിര്‍മയാണ് മുസ്‌ലിംകളില്‍നിന്ന് ജനങ്ങള്‍ക്ക് കിട്ടേണ്ടത്. നബിയുടെ കാലത്തു മാത്രമല്ല, ഇന്നും എന്നും. എങ്കില്‍ ഇസ്‌ലാമിന്റെ മധുരിമ ലോകം അനുഭവിക്കുമായിരുന്നു. 

കെ. ജമാലുദ്ദീന്‍ പടിഞ്ഞാറങ്ങാടി

 

കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു

മനുഷ്യജീവിതത്തിന്റെ സുരക്ഷ തകര്‍ക്കുന്ന ഏറ്റവും ഭീകരമായ വിപത്താണ് മദ്യവും മയക്കുമരുന്നും. മലയാളിയുടെ മുഖ്യ ഭക്ഷണമായ അരിക്ക് കേരളം ചെലവിടുന്നത് പ്രതിവര്‍ഷം 3500 കോടിയെങ്കില്‍ മദ്യത്തിന് ചെലവിടുന്നത് പതിനായിരം കോടിയിലേറെയാണ്. മദ്യ ഉപയോഗത്തില്‍ ഇന്ത്യയില്‍ പ്രഥമ സ്ഥാനം നേടിയിരിക്കുന്ന കേരളമാണ് രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന മദ്യത്തിന്റെ പതിനാറ് ശതമാനവും കുടിച്ചുതീര്‍ക്കുന്നത്. 2019 ഡിസംബര്‍ 21 മുതല്‍ 31 വരെ 522.93 കോടി, പുതുവത്സര രാവ് മാത്രം 102-62 കോടി ഇതാണ് കേരളം. മദ്യത്തിന്റെ ഉപയോഗം വര്‍ധിക്കുന്നതു പോലെ മയക്കുമരുന്നു വ്യാപാരവും കേരളത്തില്‍ ശക്തിപ്പെടുന്നതായിട്ടാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. പുകവലി കുറഞ്ഞെങ്കിലും പാന്‍പരാഗിന്റെ രൂപത്തില്‍ പുകയില ചവയ്ക്കുന്ന ശീലം വിദ്യാര്‍ഥികളുടെ ഇടയില്‍ പോലും സാധാരണമായിരിക്കുന്നു. മദ്യവും മയക്കുമരുന്നുകളും നമ്മുടെ സംസ്‌കാരത്തിന് ഏല്‍പിക്കുന്ന അപച്യുതിയും ജീര്‍ണതയും ഗുരുതരമാണ്. ആളോഹരി മദ്യ ഉപഭോഗം 8.3 ലിറ്റര്‍ എന്ന ആപത്കരമായ സ്ഥിതിയിലെത്തി നില്‍ക്കുകയാണ് കേരളത്തില്‍.
മാനസിക-ശാരീകിക രോഗങ്ങള്‍ക്ക് പുറമെ കുടുംബസമാധാനം തകര്‍ക്കുന്നതിലും സാമൂഹിക ജീവിതം അസ്വസ്ഥമാക്കുന്നതിലും മദ്യം വഹിക്കുന്ന പങ്ക് വലുതാണ്. മദ്യം മനുഷ്യന്റെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും മനസ്സാക്ഷിയുടെ ശരിയായ തീരുമാനമെടുക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തി അധമ കാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മനുഷ്യന് സുബോധമുള്ളപ്പോള്‍ ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ മദ്യം വഴി അബോധാവസ്ഥയില്‍ ചെയ്യുന്നു. നമ്മുടെ കുഞ്ഞുങ്ങളെ അനാഥരാക്കുന്ന, കാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന, കുടുംബബന്ധങ്ങള്‍ ഇല്ലാതാക്കുന്ന, നിരവധി സ്ത്രീകളെ വിധവകളും അബലകളും ആക്കുന്ന, നമ്മുടെ മക്കളുടെ ജീവന്‍ നിരത്തുകളില്‍ പൊലിയാനിടയാക്കുന്ന, സ്ത്രീപീഡനങ്ങള്‍-കൊലപാതകങ്ങള്‍-ആത്മഹത്യ എന്നിവക്ക് കാരണമാകുന്ന, സര്‍വോപരി നമ്മുടെ നാടിന്റെ സമാധാനം തകര്‍ക്കുന്ന മദ്യവും മയക്കുമരുന്നുകളും സമൂഹത്തില്‍നിന്നും ദൂരീകരിക്കപ്പെടണം.
മദ്യത്തോടൊപ്പം മയക്കുമരുന്നുകളും ലഭ്യമാക്കപ്പെടുന്ന വഴികള്‍ അടക്കപ്പെടണം. സംസ്ഥാനത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും ഒത്തു ശ്രമിച്ചാല്‍ മദ്യവും മയക്കുമരുന്നുകളും എത്തുന്ന ഉറവിടങ്ങളും വഴികളും അടക്കാം. മദ്യവും മയക്കുമരുന്നും ചേര്‍ന്ന് സമൂഹത്തില്‍ ഒരു അപ്രഖ്യാപിത ഗ്യാസ് ചേംബര്‍ രൂപപ്പെടുത്തിയിരിക്കുകയാണ്. മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലം പതിനായിരങ്ങള്‍ മരണത്തിലേക്ക് പോകുമ്പോള്‍ ഈ വിപത്തിന്റെ അടിമയായിരിക്കുന്നവരുടെ അതിക്രമങ്ങള്‍ മൂലം അതിന്റെ എത്രയോ ഇരട്ടി നിരപരാധികള്‍ ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയാകുന്നു. എന്തുകൊണ്ട് നാടിന് ഇത് പ്രശ്‌നമായി തോന്നുന്നില്ല? മദ്യപന്മാരുടെ ജീവിതവും രക്ഷിക്കണം. ഒപ്പം മദ്യപന്മാരുടെ ചെയ്തികള്‍ മൂലം നിരപരാധികള്‍ സഹിക്കേണ്ടിവരുന്നതിനും അവസാനമുണ്ടാകണം. അതിന് സമൂഹം ഒന്നടങ്കം മദ്യനിരോധനം എന്ന ആവശ്യം ശക്തമായി ഉയര്‍ത്തണം.
നാടിന്റെയും വീടിന്റെയും രക്ഷക്ക് വേണ്ടി ഈ വിഷയത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയണം. നമ്മുടെ സഹോദരങ്ങളുടെ ജീവനേക്കാള്‍ വലുതല്ല ഖജനാവിലെ ധനം എന്ന് തിരിച്ചറിയാനുള്ള വിവേകം ഇനിയും ഉത്തരവാദപ്പെട്ടവര്‍ക്കുണ്ടാകുന്നില്ലെങ്കില്‍ ജനക്ഷേമം എന്ന അവകാശത്തില്‍ ആത്മാര്‍ഥതയുണ്ടോ എന്ന് ഗൗരവമായിത്തന്നെ സംശയിക്കേണ്ടിവരും. 

കാട്ടുങ്ങല്‍ അലവിക്കുട്ടി ബാഖവി

 

 

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം വളരെയധികം ഉപകാരപ്രദമായ പംക്തിയാണ്. ലക്കം കൈയില്‍ കിട്ടിയാല്‍ ആദ്യം അതാണ് വായിക്കുന്നത്. അതുപോലെത്തന്നെ ഹദീസും. പ്രബോധനത്തിന് ഇതര മതസ്ഥരായ വായനക്കാരും ഉള്ളതാണല്ലോ, അവര്‍ക്കുകൂടി വായിച്ചു മനസ്സിലാക്കാന്‍ പാകത്തിന് അറബിയിലുള്ള എഴുത്തിന്റെ മലയാളത്തിലുള്ള ഉച്ചാരണം കൂടി കൊടുത്താല്‍ നന്നായിരിക്കും. 

ഔറംഗസീബ് പെരുമാതുറ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (7-9)
ടി.കെ ഉബൈദ്‌

ഹദീസ്‌

കരുണയര്‍ഹിക്കുന്ന മൂന്ന് വിഭാഗങ്ങള്‍
സുബൈര്‍ കുന്ദമംഗലം