Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 28

3141

1441 റജബ് 04

കെജ്‌രിവാള്‍ ഒരു പരിഹാരമാണോ?

നിലഞ്ജന്‍ മുഖോപാധ്യായ്

നയവും പ്രവൃത്തിയുമെല്ലാം മനുഷ്യക്ഷേമത്തെ മുന്‍നിര്‍ത്തിയാണ് രൂപീകരിക്കേണ്ടതെന്ന തിയറിയെ വെല്‍ഫെയറിസം (Welfarism) എന്നാണ് വിളിക്കുക. കെജ്‌രിവാളിന്റെ 'കാം കി രാജ്‌നീതി', അഥവാ പ്രവര്‍ത്തന രാഷ്ട്രീയം(Politics of Doing‑) വെല്‍ഫെയറിസത്തിന്റെ ഒരു വകഭേദം തന്നെയാണ്. നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും നീരാളിപ്പിടിത്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ മന്ത്രം കൂടിയാണിത്.
ഈ രീതി പരീക്ഷിക്കുന്ന ആദ്യത്തെയാളല്ല കെജ്‌രിവാള്‍. 2019 തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തീവ്ര ദേശീയതക്കൊപ്പം ഗ്യാസ് സിലിണ്ടര്‍, ഗ്രാമീണ വീടുകള്‍, ടോയ്‌ലറ്റുകള്‍, എല്ലാ വീട്ടിലും വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍, ആയുഷ്മാന്‍ ഭാരത്.. തുടങ്ങി പലതും മോദിയും മുന്നോട്ടുവെച്ചു.  
നവീന്‍ പട്‌നായികും നിതീഷ് കുമാറും ഈ മോഡല്‍ പരീക്ഷിച്ചതാണ്. ബി.ജെ.പിയെയും മോദിയെയും നേരിട്ടിരുന്ന മമതാ ബാനര്‍ജി അതിനല്‍പം അയവു വരുത്തി, പകരം  മുഖ്യമന്ത്രിയെന്ന നിലയില്‍  പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനല്ലേ ഇന്നേരം പണിപ്പെടുന്നത്? 
കോണ്‍ഗ്രസും പശുവും (Congress plus Cow‑) ചേര്‍ന്നാല്‍ മോദി ഗവണ്‍മെന്റായി എന്നാണ് 2015 ഒക്‌ടോബറില്‍ ബി.ജെ.പി നേതാവ് അരുണ്‍ ഷൂരി പറഞ്ഞത് മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്നതിനെ വിമര്‍ശിച്ചായിരുന്നു അന്നദ്ദേഹം അങ്ങനെ പറഞ്ഞത്. രണ്ടു കാര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ദേഷ്യം. ഒന്ന്, മന്‍മോഹന്‍ സിംഗ് ഭരണത്തിന്റെ അതേ പോളിസി പിന്തുടരുന്നത്. രണ്ട്, മോദി ഭരണം ഒട്ടും മികവ് കാണിക്കാത്തതും ജനങ്ങളെ തീരെ പരിഗണിക്കാത്തതും.
ചില കാര്യങ്ങള്‍ കണക്കിലെടുത്ത് കെജ്‌രിവാളിനെ, 'മോദി മൈനസ് ഹിന്ദുത്വ' എന്ന് വിളിച്ചാല്‍ തെറ്റാകുമോ? 'കാം കി രാജ്‌നീതി' എന്നാല്‍ വൈദ്യുതിയും വെള്ളവും ആരോഗ്യവും വിദ്യാഭ്യാസവുമെല്ലാമായതുകൊണ്ട് കെജ്‌രിവാള്‍  ലിബറല്‍ ഇന്ത്യക്ക് പ്രിയങ്കരനാകാന്‍ സാധ്യതയുണ്ട്. ഹനുമാന്‍ ചാലിസ ചൊല്ലിയിട്ടും ബി.ജെ.പി നേതാക്കളെ പോലെ അദ്ദേഹം വിഷം വിതറുന്നുമില്ല. ജാനേധാരി ശിവഭക്തനായ രാഹുല്‍ ഗാന്ധിയേക്കാള്‍ സത്യസന്ധത ഇക്കാര്യത്തില്‍ കെജ്‌രിവാളില്‍ കാണുന്നുണ്ട്. 
പക്ഷേ, കോണ്‍ഗ്രസ് മൃദുഹിന്ദുത്വം പയറ്റിയ നാളുകളില്‍ വീണതിനേക്കാള്‍ വലിയ കെണിയിലല്ലേ ശാഹീന്‍ ബാഗുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോദി-അമിത് ഷാ കെണിയില്‍ കെജ്‌രിവാള്‍ വീണത്?
സമീപകാലത്തായി ഇന്ത്യയെ ദുര്‍ബലപ്പെടുത്തുന്ന ഒട്ടേറെ നയങ്ങള്‍ ഗവണ്‍മെന്റിന്റേതായി വന്നു. അവക്കെതിരെ നില്‍ക്കാന്‍ അവസരം കിട്ടിയാല്‍ എന്തെങ്കിലും ചെയ്യുമെന്ന ഒരു സൂചനയും എ.എ.പി നേതാവ് കെജ്‌രിവാള്‍ നമുക്ക് നല്‍കുന്നില്ല എന്നതാണ് പ്രശ്‌നം. സമീപഭാവിയില്‍ ഭൂരിപക്ഷ രാഷ്ട്രീയത്തിലേക്ക് ആശയപരമായ വ്യത്യാസമില്ലാതെ കെജ്‌രിവാള്‍ കടന്നേക്കുമോ എന്നതാണ് ആശങ്കപ്പെടുത്തുന്നത്. 
കെജ്‌രിവാളിനെ പോലൊരു നേതാവില്‍  മതപരവും സാമൂഹികവും ബൗദ്ധികവുമായ ന്യൂനപക്ഷങ്ങള്‍ തീര്‍ച്ചയായും ആശ്വസം കണ്ടെത്തുമായിരിക്കും. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തിന്റെ ഘടനക്ക് സംഭവിച്ച കേടുപാടുകള്‍ക്ക് വല്ല പരിഹാരവും ഉണ്ടാകുമോ.?
എ.എ.പി അരാഷ്ട്രീയമായ വെല്‍ഫെയറിസത്തിലേക്ക് ചായുന്നു എന്നതാണ് മറ്റൊരു അപകടം. മറ്റൊന്നിലും ഇടപെടാതെ വികസനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചുള്ള രീതി, ചെറിയ തരത്തിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ മാത്രമുള്ള സ്ഥിരതയുള്ള രാജ്യങ്ങളെ സംബന്ധിച്ച് ഗുണകരമാകാം. എന്നാല്‍ ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ ഭൂമിക കുറേക്കൂടി സങ്കീര്‍ണമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നിരന്തരം പലതരത്തിലുള്ള അരക്ഷിതാവസ്ഥയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. അക്കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതെങ്ങനെയാണ്?   
തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് കെജ്‌രിവാളും കൂടെയുള്ളവരും തന്ത്രപരമായ നിശ്ശബ്ദതയിലായിരുന്നു. പല പ്രശ്‌നങ്ങളെയും അവഗണിച്ചു. ഭൂരിപക്ഷ വോട്ടര്‍മാരെ വിഷമിപ്പിക്കുമെന്ന ഭയത്താല്‍ പാര്‍ട്ടി ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ല എന്നത് അപകടകരമല്ലേ? പാര്‍ട്ടിയിലെ ഒരു വിഭാഗം മോദിക്കെതിരെ തിരിയുന്നതിനെ പല കാരണങ്ങള്‍ പറഞ്ഞ് മുടക്കുകയായിരുന്നു. 
മറ്റു പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി എ.എ.പിക്ക് ഒരു ഭൂതകാലമില്ല, ചരിത്രമില്ല. അഴിമതിവിരുദ്ധ പ്രക്ഷോഭവും സിവില്‍ സൊസൈറ്റി ആക്ടിവിസത്തിന് ലഭിച്ച മാഗ്‌സസെ അവാര്‍ഡുമാണ് കെജ്‌രിവാളിന്റെ ഭൂതകാലം. അതുകൊണ്ടു തന്നെ കോണ്‍ഗ്രസോ മറ്റു കേന്ദ്ര പാര്‍ട്ടികളോ ഇടതു പക്ഷമോ പോലെ സെക്യുലരിസത്തോട് പ്രതിബദ്ധത കാണിക്കേണ്ട കാര്യമൊന്നും കെജ്‌രിവാളിനില്ല. ഒരു ഭൂതകാലമില്ലാത്തതുകൊണ്ട് തന്നെ പ്രായോഗികത നോക്കിയാല്‍ മതി. മറ്റു കാര്യങ്ങളില്‍ ഇടപെടാതെ ദല്‍ഹിയുടെ കാര്യങ്ങളില്‍ മാത്രം ഫോക്കസ് ചെയ്താല്‍ മതി. പ്രശാന്ത് കിഷോറിന്റെ ഉപദേശം കേട്ടാണ് ഈയൊരു രാഷ്ട്രീയം രൂപപ്പെടുന്നത് എന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. ഇന്നത്തെ ഇന്ത്യക്ക് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ഏക ലക്ഷ്യം മാത്രമല്ല ഉള്ളത്. നമുക്ക് ഇന്ത്യയെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ആര്‍ട്ടിക്ക്ള്‍ 370, മുത്ത്വലാഖ്, പൗരത്വഭേദഗതി നിയമം, വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം മിണ്ടാതിരുന്നാല്‍ ഇന്ത്യയെ വീണ്ടെടുക്കാനാകില്ല. 
എ.എ.പി തെരഞ്ഞെടുപ്പില്‍ വിജയിച്ചതു കാരണം, ഈ നിലപാടിന്റെ പേരില്‍ അവര്‍ക്ക് മാപ്പ് കൊടുക്കാമെന്ന് സകലരും കരുതുന്നുവെന്നതും നമ്മെ ആശങ്കപ്പെടുത്തണം. പരാജയപ്പെട്ടെങ്കിലും ബി.ജെ.പി വിജയിച്ചവരോട് വ്യക്തമായിത്തന്നെ അവര്‍ക്ക് പറയാനുള്ളത് പറയുന്നുണ്ട്. ഞങ്ങളുടെ ആശയത്തെ വെല്ലുവിളിക്കാനോ തകര്‍ക്കാനോ വന്നേക്കരുത് എന്നതാണത്. ഇന്നത്തെ അവസ്ഥയില്‍ എ.എ.പിക്ക് ബി.ജെ.പി യുടെ രാഷ്ട്രീയ ചട്ടക്കൂടിനപ്പുറത്തേക്ക് കടക്കാന്‍ പ്രയാസമാണ്. 
അതുകൊണ്ടുതന്നെ സംഘ് പരിവാര്‍ നേതൃത്വം സംതൃപ്തരാണ്. കാരണം അവരാഗ്രഹിക്കുന്നത് ഹിന്ദു ഇന്ത്യയുടെ പുരാതന ചിഹ്നങ്ങളെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്നുവരണമെന്നാണ്. അടിസ്ഥാന മൂല്യങ്ങളെ കുറിച്ചും ഹിന്ദു പൈതൃകത്തെക്കുറിച്ചും കെജ്‌രിവാളും രാഹുല്‍ ഗാന്ധിയുമൊക്കെ ഊന്നിപ്പറയുന്നതും മതപരമായ അനുഷ്ഠാനങ്ങളില്‍ പബ്ലിക്കായി പങ്കെടുക്കുന്നതുമൊക്കെ തീര്‍ച്ചയായും ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കും. 
എ.എ.പിയുടെ രാഷ്ട്രീയ വികാസം ആര്‍.എസ്.എസിനെ അലട്ടുന്നില്ല. അവരുടെ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ഇതിനകം തന്നെ ബി.ജെ.പി മാത്രമല്ല ഹിന്ദു സമൂഹത്തെ പ്രതിനിധീകരിക്കുന്നത് എന്നും ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ ഹൈന്ദവ കാഴ്ചപ്പാടുകള്‍ക്ക് എതിരാകണം എന്നുമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 
അങ്ങനെയൊക്കെയാണെങ്കിലും കെജ്‌രിവാള്‍ നമുക്ക് നല്‍കുന്നത് വലിയൊരു ആശ്വാസം തന്നെയാണ്. പക്ഷേ രാജ്യത്തെ വീണ്ടെടുക്കണമെന്നാഗ്രഹിക്കുന്നവര്‍ പറയേണ്ടത് പറഞ്ഞു തന്നെ മുന്നോട്ടു പോകണം. രാഷ്ട്രീയമായി അപകട സാധ്യതയുണ്ട് എന്നതുകൊണ്ട് വാക്കുകളെ വിഴുങ്ങാന്‍ നില്‍ക്കരുത്. 

(The Wire-ല്‍ വന്ന ലേഖനം)
വിവ: അബൂ ഇനാന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (7-9)
ടി.കെ ഉബൈദ്‌

ഹദീസ്‌

കരുണയര്‍ഹിക്കുന്ന മൂന്ന് വിഭാഗങ്ങള്‍
സുബൈര്‍ കുന്ദമംഗലം