Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 28

3141

1441 റജബ് 04

'വംശഹത്യയെ ചെറുക്കാന്‍ ജനാധിപത്യം ജാഗ്രത്താണ്'

ടി. ആരിഫലി

സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ആത്മാവും ഭാവിയും സംബന്ധിച്ച കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി. ആരിഫലി


വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ ഗതിവിഗതികളെ എങ്ങനെ വിലയിരുത്തുന്നു?  രണ്ടു മാസത്തെ സമര മുന്നേറ്റങ്ങള്‍ ഏതൊക്കെ വിധത്തിലുള്ള പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്?

ഇന്ന് ഇന്ത്യയില്‍ ഉടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ  പ്രക്ഷോഭം യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത് 2019 ഡിസംബര്‍ 13-നാണ്. പൗരത്വ ഭേദഗതി ബില്‍ (സി.എ.ബി) പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു എന്നറിഞ്ഞപ്പോള്‍തന്നെ സമരങ്ങള്‍ രൂപപ്പെട്ടിരുന്നു. ജാമിഅ മില്ലിയ്യയിലും അലീഗഢിലും ആരംഭിച്ച സമരത്തിലൂടെയാണ്  പുതിയ പ്രക്ഷോഭ വികാസങ്ങളുടെ തുടക്കം. അതു മുതല്‍ ഇതുവരെ സമരം കൂടുതല്‍  തീക്ഷ്ണമായി കൊണ്ടിരിക്കുകയാണ്; വിപുലമായി കൊണ്ടിരിക്കുകയാണ്. സമരം  പുതിയ ജനവിഭാഗങ്ങള്‍ ഏറ്റെടുത്തു കൊണ്ടിരിക്കുന്നു. സമരത്തിന് പുതിയ ആവിഷ്‌കാരങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതിഷേധത്തിന്റെ അലയൊലികള്‍  വിദേശരാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. വിവിധ നഗരങ്ങളിലും, വ്യത്യസ്ത രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും മുമ്പിലും സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. യു.എന്നിന്റെ വിവിധ വേദികളില്‍ പൗരത്വ വിവേചന നിയമം ഒരു വിഷയമായി മാറുന്നു. നിരവധി പാര്‍ലമെന്റുകള്‍ സി.എ.എക്ക്  എതിരായുള്ള പ്രമേയങ്ങള്‍ പാസ്സാക്കുന്നു. ഇങ്ങനെ രാജ്യത്തിനകത്തും പുറത്തും അനുദിനമെന്നോണം സമരം അതിന്റെ തീക്ഷ്ണമായ അലയൊലികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഈ രണ്ടു മാസത്തിനിടക്ക് ഒരു ദിവസം പോലും സമരം പിന്നോട്ട് പോയിട്ടില്ല.
ഈ സമരത്തിന്റെ ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഒന്നാമത്തെ ഘടകം, ഈ നിയമം ആഘാതമേല്‍പ്പിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയെ തന്നെയാണ്. പൗരത്വ വിവേചന നിയമം ഭരണഘടനയോട് ഏറ്റുമുട്ടുന്നു എന്ന് ഇന്ത്യയിലെ മുഴുവന്‍ ജനവിഭാഗത്തിനും ബോധ്യമായി എന്നുള്ളതാണ് ഈ സമരത്തിന്റെ കരുത്ത്.
ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ രാജ്യത്തിന്റെയും ആ രാജ്യവ്യവസ്ഥകളുടെയും ഉടമകള്‍ പൗരന്മാരാണ്. പൗരന്മാരുടെ ഇഛകള്‍ക്ക് അനുസരിച്ച് നിയമനിര്‍മാണം നടത്തുകയും അവര്‍ക്ക് ജീവിക്കാനാവശ്യമായ വ്യവസ്ഥകള്‍ തയാറാക്കി കൊടുക്കുകയും ചെയ്യുന്ന ഉപകരണങ്ങള്‍ അഥവാ പൗരന്മാരുടെ സേവകര്‍ ആണ് യഥാര്‍ഥത്തില്‍ ഭരണകൂടം. പക്ഷേ ലോകത്ത് ഒരിടത്തും ജനാധിപത്യത്തിന്റെ ഈ അന്തഃസത്തക്കനുസരിച്ച്  കാര്യങ്ങള്‍ നടക്കുന്നില്ല.
തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം തെരഞ്ഞെടുത്ത പൗരന്മാരെ ഭരിക്കുകയും അവരെ അടിമകളാക്കുകയും ചെയ്യുന്ന വൈചിത്ര്യമാണ് ജനാധിപത്യത്തിന്റെ പേരില്‍ പല രാജ്യങ്ങളിലും നമുക്ക് കാണാന്‍ കഴിയുക. ഇവിടെ ഈ നിയമത്തിലും സംഭവിച്ചിട്ടുള്ളതും ഇത് തന്നെ. തങ്ങളെ തെരഞ്ഞെടുത്തത് ഏത് പൗരന്മാരാണോ ആ പൗരന്മാരുടെ പൗരത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന വിരോധാഭാസമാണ് നാം കാണുന്നത്. അതുകൊണ്ട്  ഈ സമരത്തിന്റെ ഒരു പ്രധാന മുഖം പൗരത്വത്തിന്റെയും പൗരന്മാരുടെയും ശാക്തീകരണമാണ്. പൗരത്വം എന്താണെന്നും പൗരന്മാര്‍ ആരാണെന്നും അവര്‍ സ്വയം മനസ്സിലാക്കുകയും അവര്‍ തങ്ങളുടെ ശക്തി വീണ്ടെടുക്കുകയും, തങ്ങളെ വിഭജിക്കുന്ന, തങ്ങളുടെ അധികാരം കവരുന്ന ഒരു നിയമവും നിര്‍മിക്കാന്‍ ആര്‍ക്കും അധികാരമില്ല എന്ന ബോധ്യത്തിലേക്ക് തിരിച്ച് അവരെ കൊണ്ടുവരികയും ചെയ്യുന്ന സമരമായിട്ടാണ് ഈ പ്രക്ഷോഭം വളര്‍ന്നുവരുന്നത്; അങ്ങനെ തന്നെയാണ് അത് മുന്നോട്ടുപോകേണ്ടതും.
പ്രക്ഷോഭത്തിന്റെ രണ്ടാമത്തെ മുഖം, മുസ്‌ലിം സമൂഹത്തെ മൊത്തം പൗരത്വ ഘടനയില്‍ നിന്ന് പുറംതള്ളാനുള്ള ശ്രമത്തിനെതിരായ പ്രതിഷേധമാണ്. രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ വന്നശേഷം തുടര്‍ച്ചയായി വന്ന മുത്ത്വലാഖ് വിരുദ്ധ നിയമം, 370-ാം വകുപ്പ് ദുര്‍ബലപ്പെടുത്തല്‍, ബാബരി വിധി എന്നീ തീരുമാനങ്ങളിലൂടെ മുസ്ലിം സമൂഹത്തിനകത്ത് അരക്ഷിതബോധം വ്യാപകമായിട്ടുണ്ട്. എന്‍.ആര്‍.സിയും സി.ഐ.എയും വരുന്നതോടെ എല്ലാ അര്‍ഥത്തിലുമുള്ള വംശീയ ഉന്മൂലനത്തിന് വിധേയമായിത്തീരും തങ്ങള്‍ എന്നുള്ള ബോധം മുസ്ലിംകളില്‍ ശക്തിപ്പെടുകയാണ്. ഈ ഉന്മൂലനത്തിനെതിരായ മുസ്ലിം സമൂഹത്തിന്റെ ചെറുത്തുനില്‍പ്പാണ് ഈ സമരത്തിന്റെ മുഖ്യ ഘടകം. സമുദായം അതിന്റെ എല്ലാ ഐഡന്റിറ്റിയും ഉയര്‍ത്തിപ്പിടിച്ചുതന്നെ ഇന്ത്യാ രാജ്യത്ത് നട്ടെല്ല് ഉയര്‍ത്തി നില്‍ക്കും എന്ന പ്രഖ്യാപനമാണ് സമരത്തിന്റെ ഉജ്ജ്വലമായ ഘടകം.
പാവങ്ങള്‍ക്കെതിരായിട്ടുള്ള നിയമമാണ് സി.എ.എ. സ്വന്തമായി ഭൂമി ഇല്ലാത്തവര്‍, ജീവിതത്തിന് ആധാരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തവര്‍, തീരദേശങ്ങളില്‍ താമസിക്കുന്നവര്‍, നാടോടികള്‍, ആദിവാസികള്‍, ചേരിനിവാസികള്‍ എന്നിവര്‍ക്കെതിരെയുള്ള കൈയേറ്റമാണിത്. അതിനാലാണ് ദലിത് സമൂഹങ്ങള്‍ ഈ സമരത്തിലെ ഏറ്റവും ജീവസ്സുറ്റ പങ്കാളികളായിത്തീരുന്നത്.

ഈ സമരം നല്‍കുന്ന പ്രതീക്ഷകളെക്കുറിച്ച്?

72 കൊല്ലത്തിനിടക്ക് ഇന്ത്യയിലെ പൗരന്മാരുടെ പൗരത്വബോധം ഇത്രമേല്‍ പ്രബലപ്പെട്ടുവന്ന ഒരു സമരവും ഉണ്ടായിട്ടില്ല. ഇതിനുമുമ്പ് അതുണ്ടായത് 1977 അടിയന്തരാവസ്ഥ  കാലത്താണ്. പക്ഷേ അത് ഇത്ര വ്യാപകമായിരുന്നില്ല. രാജ്യത്തെ എല്ലാ കോണുകളെയും സ്പര്‍ശിക്കുന്നതും ആയിരുന്നില്ല. ആ മുന്നേറ്റത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ മഹാഭൂരിപക്ഷത്തിനും പങ്കാളികളാകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല, കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൗരന്മാര്‍ അവരുടെ പൗരശേഷി വളരെ ശക്തിയായി  ഉയര്‍ത്തിക്കൊണ്ടുവരുന്നു, ഇതില്‍ ഭാഗഭാക്കാകുന്നു എന്നും നമുക്ക് കാണാം.
മുസ്‌ലിം സമൂഹം ഭയത്തിന്റെ അന്തരീക്ഷത്തില്‍ നിന്ന് ഒരു ദിനോസറിനെയും  ഭയപ്പെടേണ്ടതില്ല എന്ന ആത്മവിശ്വാസത്തിലേക്ക് വളര്‍ന്നു എന്നതാണ് പ്രക്ഷോഭത്തിന്റെ മറ്റൊരു പോസിറ്റീവ് വശം. ഇത് വളരെ ചരിത്രപ്രധാനമാണ്. അതായത് ഇന്ത്യാ വിഭജനം മുതല്‍ ഒരു തരത്തിലുള്ള പാപഭാരം കെട്ടിയേല്‍പിക്കപ്പെട്ട ആളുകള്‍, അതിന്റെ മറുവശം ശക്തിയായി പറഞ്ഞു തുടങ്ങിയിരുക്കുന്നു. ഞങ്ങള്‍ ഇന്ത്യാ  രാജ്യത്തെ നിര്‍മിച്ചവരാണ്, ഒറ്റുകൊടുത്തവരല്ല എന്ന് പറയാനുള്ള അസാധാരണമായ ധൈര്യം മുസ്‌ലിം സമൂഹത്തിനു വന്നു ചേര്‍ന്നിട്ടുണ്ട്.
മുസ്ലിം വനിതകളുടെയും വിദ്യാര്‍ഥിനികളുടെയും ശക്തിയും സമരവീര്യവുമാണ് ഈ പ്രക്ഷോഭത്തോടെ വെളിപ്പെട്ടത്. യൂനിവേഴ്‌സിറ്റികളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യമാണ് ഇന്ന് ഏറ്റവുമധികം ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യം. മതസ്പര്‍ധയും വിഭാഗീയതയും വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്ന വിദ്യാര്‍ഥികളാണ് നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷ.

പൗരത്വ ഭേദഗതി നിയമത്തെ താങ്കള്‍ എങ്ങനെയാണ് വീക്ഷിക്കുന്നത്; ബി.ജെ.പി ഗവണ്‍മെന്റിലെ രണ്ട്  പ്രധാനികള്‍, തീവ്രവര്‍ഗീയതയാല്‍ രൂപപ്പെടുത്തിയതാണ് ഇതെന്നും, ഇരുവരും മാറിയാല്‍ ഈ ഭീഷണി ഇല്ലാതാകുമെന്നും കരുതുന്നുണ്ടോ? അതല്ല, ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന സംഘ് പരിവാര്‍, ഒരു നൂറ്റാണ്ട് മുമ്പേ പ്രഖ്യാപിച്ചിട്ടുള്ള ജാതി രാഷ്ട്രത്തിന്റെയും, പൗരത്വം ഉള്‍പ്പെടെ റദ്ദ് ചെയ്തുകൊണ്ട് ആഭ്യന്തര ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിന്റെയും നിര്‍ണായക ചുവടുവെപ്പാണ് ഇതെന്ന് മനസ്സിലാക്കുന്നുണ്ടോ?

ഹിന്ദു രാഷ്ട്ര വാദം ഇന്ത്യയില്‍ ആരംഭിച്ച അന്നുമുതല്‍ രൂപപ്പെടുത്തിയെടുത്ത പദ്ധതികളുമായി തന്നെയാണ് സംഘ് പരിവാര്‍ മുന്നോട്ടുപോകുന്നത്. ഇത് താല്‍ക്കാലിക അജണ്ടയായി കാണാന്‍ കഴിയില്ല, ആരെങ്കിലും അങ്ങനെ കാണുമെന്നും കരുതുന്നില്ല. സവര്‍ണര്‍ക്ക് ആധിപത്യമുള്ള, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവര്‍ക്കൊന്നും യാതൊരു പങ്കാളിത്തവുമില്ലാത്ത, അവശേഷിക്കുന്ന സമൂഹങ്ങള്‍ ബ്രാഹ്മണാധിപത്യത്തിന് വിധേയരായി, അടിമകളായി ജീവിക്കേണ്ടി വരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്കുള്ള ചുവടുവെപ്പ് തന്നെയാണ് യഥാര്‍ഥത്തില്‍ ഈ പൗരത്വ ഭേദഗതി നിയമം.
ക്രിസ്തുമതവും ഇസ്‌ലാമും കമ്യൂണിസവും ഇന്ത്യയിലേക്ക് കടന്നു വന്നതാണ്, ഇന്ത്യയില്‍ കൊടികുത്തിവാണ ജാതി വ്യവസ്ഥക്ക് അല്‍പമെങ്കിലും പോറലേല്‍പിച്ചത്. ഈ മൂന്ന് വിഭാഗങ്ങളെയും നിഷ്‌കാസനം ചെയ്യുന്നതിലൂടെ ജാതി വ്യവസ്ഥയിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോവാന്‍ കഴിയുമെന്ന് സംഘ് പരിവാര്‍ കരുതുന്നു. ഈ പുറംതള്ളലിന്റെ പ്രഥമ ടാര്‍ഗറ്റ് മുസ്‌ലിംകള്‍ ആയി എന്നേയുള്ളൂ.

പ്രശ്‌നം സംബന്ധിച്ച് അനേകം ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കോടതിയുടെ തീര്‍പ്പാണ് ഈ പ്രശ്‌നത്തില്‍ അന്തിമ പരിഹാരമാര്‍ഗം എന്ന് കരുതുന്നുണ്ടോ? ബാബരി മസ്ജിദ് പ്രശ്‌നത്തിലെന്ന പോലെ, പൗരത്വ വിഷയത്തിലും ബി.ജെ.പി ഗവണ്‍മെന്റിന് അനുകൂലമായി കോടതി വിധി വന്നാല്‍ എന്തു ചെയ്യും? 'പൗരന്മാരുടെ ആശങ്കകള്‍ പരിഹരിക്കണം, അര്‍ഹതയുള്ള ആരും പട്ടികക്ക് പുറത്താകരുത്, സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ എന്‍.ആര്‍.സി പ്രക്രിയ പൂര്‍ത്തീകരിക്കണം' തുടങ്ങിയ നിലപാടുകള്‍ കോടതി കൈക്കൊണ്ടാല്‍ അത് അംഗീകരിക്കാനാകുമോ? എന്‍.പി.ആര്‍, എന്‍.ആര്‍.സി, സി.എ.എ എന്നിവ പൂര്‍ണമായും ഉപേക്ഷിക്കുന്നതു വരെ സമരം തുടരണം എന്നാണോ?

ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ  മുന്നില്‍ വന്നപ്പോള്‍ യഥാര്‍ഥത്തില്‍  വിചാരണ ചെയ്യപ്പെട്ടത്   സുപ്രീംകോടതിയാണ്. സുപ്രീംകോടതിക്ക് നീതിന്യായ വ്യവസ്ഥയെ  നിര്‍വചിക്കാനും അഭിമാനം ഉയര്‍ത്തി പിടിക്കാനുമുള്ള അവസരമായിരുന്നു കിട്ടിയത്. പക്ഷേ അതിനു സാധ്യമായില്ല എന്നത് വിധി വായിച്ചു നോക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഇതേ  സ്വഭാവത്തില്‍ തന്നെ രണ്ടാമതൊരു അവസരം കൂടി വരികയാണ്.
സി.എ.എ  സൃഷ്ടിക്കുന്ന ഭരണഘടനാപരവും നിയമപരവുമായ പ്രശ്‌നങ്ങള്‍ അനേകം ഹരജികളിലൂടെ ആളുകള്‍ ഉന്നയിച്ചിട്ടുണ്ട്. എല്ലാവരും ഒരേ പാറ്റേണിലുള്ള ഹരജികള്‍ അല്ല സമര്‍പ്പിച്ചിട്ടുള്ളത്. ഓരോ ഹരജിയും പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള മനുഷ്യാവകാശ നിയമങ്ങളുമായും സ്ത്രീകളുടെയും കുട്ടികളുടെയും അഭയാര്‍ഥികളുടെയും അവകാശങ്ങളുമായും, നമ്മുടെ രാജ്യം തന്നെ ഒപ്പുവെച്ച പലതരത്തിലുള്ള കരാറുകളുമായും ഏറ്റുമുട്ടുന്ന അനേകം ഘടകങ്ങള്‍ വിവിധ ഹരജികളില്‍ എടുത്തു കാണിച്ചിട്ടുണ്ട്. ഇവയെല്ലാം അവഗണിച്ചുകൊണ്ട്, ഏകപക്ഷീയമായി തീര്‍പ്പ് കല്‍പിക്കുകയാണ് ചെയ്യുന്നതെങ്കില്‍ നമ്മുടെ സുപ്രീം കോടതിയെ ലോകമെങ്ങനെ വിലയിരുത്തുമെന്ന് പറയേണ്ടതില്ല. സുപ്രീം കോടതി അതിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണം എന്നാണ് നമുക്ക് ആവശ്യപ്പെടാനുള്ളത്. പരമോന്നത നീതിപീഠം സര്‍ക്കാരിനോടുള്ള വിധേയത്വമാണ് കാണിക്കുന്നതെങ്കില്‍ പ്രശ്‌നം പൗരന്മാരുടെ കോടതിയില്‍ സമര്‍പ്പിക്കേണ്ടിവരും. അതുകൊണ്ടാണ് പൗരത്വത്തെയും പൗരന്മാരെയും ബലപ്പെടുത്തുന്നതിനെക്കുറിച്ച് നാം സംസാരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ വിവേചനത്തെ നിരസിക്കാന്‍ പോന്ന പുതിയ ഭരണകൂടം നിലവില്‍ വരികയാണ് പരിഹാരം.

മതനിരപേക്ഷ കക്ഷികളും രാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യ പോരാളികളും മുസ്‌ലിം സമൂഹം ഒന്നടങ്കവും സമരരംഗത്തുണ്ട്. ഈ പ്രക്ഷോഭത്തിന്റെ  മുന്നാട്ടുള്ള വഴികള്‍ എങ്ങനെയായിരിക്കണം എന്നാണ് താങ്കളുടെ അഭിപ്രായം? പല വിഷയങ്ങളിലെയും മുന്‍ അനുഭവങ്ങള്‍ പരിശോധിച്ചാല്‍, മതേതര രാഷ്ട്രീയ പാര്‍ട്ടികളില്‍ നമുക്ക്  എത്രത്തോളം പ്രതീക്ഷയര്‍പ്പിക്കാനാകും? ഇതിന്റെ ഇരകള്‍ എന്ന നിലക്ക് മുസ്‌ലിം സമുദായം സ്വയം തന്നെ ഈ സമരം മുന്നോട്ട് കൊണ്ടു പോകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

പൗരത്വ പ്രക്ഷോഭം മുസ്ലിം സമുദായം മാത്രമായി മുന്നോട്ട് കൊണ്ടുപോവേണ്ട സമരമല്ല. രണ്ട് മാസം പിന്നിടുമ്പോഴും സമരത്തിന്റെ മുന്‍ നിരയില്‍ തന്നെ എല്ലാ ജന വിഭാഗങ്ങളുമുണ്ട്. പ്രക്ഷോഭം വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും നേതൃത്വത്തില്‍ ആരംഭിക്കുകയും വികസിച്ചുവരുകയും ചെയ്ത സമരമാണ്. ഒരു തരത്തിലുള്ള വിഭാഗീയതയും സമരത്തിലില്ല. സമരം ബഹുജനം ഏറ്റെടുക്കുമ്പോഴും വിഭാഗീയത കടന്നുവരാതെ സൂക്ഷിക്കണം. സ്വാഭാവികമായും മുസ്ലിം സമുദായം ഹിന്ദുത്വത്തിന്റെയും ഈ നിയമത്തിന്റെയും ആദ്യ ഇരകള്‍ എന്ന നിലയില്‍ അവര്‍ക്ക് പ്രഥമ സ്ഥാനമുണ്ട്. അവര്‍ അവരുടെ സവിശേഷതകളോടൊപ്പം സമരത്തില്‍ പങ്കാളികള്‍ ആവുന്നതോടെ മാത്രമേ പൊതു സമൂഹത്തിന് 'പുറന്തള്ളല്‍ പ്രത്യയശാസ്ത്ര'ത്തെ പ്രതിരോധിക്കാനാവൂ.
സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ബാങ്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കാര്യങ്ങളെ വിലയിരുത്താനാവൂ. അതിന്റെ ഏറ്റവും വികൃതമായ ഉദാഹരണമാണ് നാം കേരളത്തില്‍ കാണുന്നത്. കേരളത്തിലെ ഇടതുപക്ഷം ഈ സമരത്തെ മുസ്ലിം സമൂഹത്തിലേക്ക് വേരുപായിക്കാനുള്ള അവസരമായി കാണുന്നു. അതേസമയം, ഭൂരിപക്ഷ വോട്ട് ചോര്‍ന്നുപോവുമോ എന്ന ഭയവും അവരെ പിടികൂടുന്നു. ഭയം കടന്നുവരുമ്പോഴെല്ലാം മുസ്ലിം സമുദായത്തില്‍ തീവ്രവാദികള്‍ പ്രശ്‌നമുണ്ടാക്കുന്നു എന്ന് നിലവിളിക്കുന്നു. കേരളത്തിലെ ജനങ്ങളില്‍ സാമുദായിക ധ്രുവീകരണമുണ്ടാക്കാന്‍ അതെത്ര മാത്രം കാരണമാകുമെന്ന് അവര്‍ ചിന്തിക്കുന്നില്ല. അതിലേക്ക് വലിച്ചിഴക്കുന്നതോ മുസ്ലിംകളില്‍ ഏറ്റവും ഉന്നതമായ പ്രൊഫൈല്‍ ഉള്ള ജമാഅത്തെ ഇസ്ലാമിയെയും. സമരത്തിനെതിരായ പ്രചാരണത്തിന് പാര്‍ലിമെന്റില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ധരിക്കുന്നേടത്തോളം എത്തി കാര്യങ്ങള്‍.
രാജ്യം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ ഈ സമരത്തില്‍ പങ്ക് ചേരേണ്ടത് സങ്കുചിത കക്ഷിതാല്‍പര്യങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയവും മാറ്റിവെച്ചാണ്. സമരത്തെ നയിച്ചുകൊണ്ടിരിക്കുന്ന യുവാക്കള്‍ ബുദ്ധിപരമായ സത്യസന്ധതയുള്ളവരും രാഷ്ട്രീയ ബോധമുള്ളവരുമാണ്. ഇത് തിരിച്ചറിഞ്ഞാല്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത സംഘടനകള്‍ക്കും ഈ പ്രക്ഷോഭത്തില്‍ പങ്കാളികളാകാന്‍ കഴിയൂ. ഇത് തീവ്ര ഹിന്ദുത്വത്തിനെതിരായുള്ള സമരമാണ്. തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ടോ മറ്റേതെങ്കിലും തീവ്രതകൊണ്ടോ നേരിടാന്‍ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കൊറ്റക്ക്  നിന്നുകൊണ്ടുള്ള സമരങ്ങളാണ് പൊതുവില്‍ കാണുന്നത്. വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു നിന്നുകൊണ്ടുള്ള പ്രക്ഷോഭം രൂപപ്പെടാന്‍ എന്താണ് വഴി? അത്തരമൊരു പ്രക്ഷോഭമില്ലാതെ, 100 വര്‍ഷത്തോളമായി സംഘ് പരിവാര്‍ ലക്ഷ്യം വെക്കുന്ന ഒരു അജണ്ടയെ പരാജയപ്പെടുത്താന്‍ കഴിയുമോ?

ഒരു നൂറ്റാണ്ട് കൊണ്ട് വളര്‍ന്ന് വികസിച്ച് വന്നതാണ് ഹിന്ദുത്വവാദം. അതിന് ഇന്ത്യയില്‍ അതി ശക്തമായ വേരുകളും ശാഖകളുമുണ്ട്. അതിന്റെ വക്താക്കള്‍ ഇപ്പോള്‍ അധികാരത്തിലും എത്തിയിരിക്കുന്നു. അതേസമയം തീവ്രഹിന്ദുത്വ ആശയത്തെ അംഗീകരിക്കുന്നവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്. സ്വാതന്ത്ര്യ സമരത്തോടെ രൂപപ്പെട്ട് വന്ന ഇന്ത്യ എന്ന ആശയം (Idea Of India‑) അതിനേക്കാള്‍ ശക്തമായി ഇന്ത്യന്‍ ജനതയില്‍ വേരുറച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ തെരുവുകളിലും കാമ്പസുകളിലും നമുക്ക് കാണാന്‍ കഴിയുന്നത് ഇന്ത്യ എന്ന ആശയത്തോടുള്ള ജനങ്ങളുടെ പ്രതിബദ്ധതയാണ്. 'ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ-സഹോദരന്മാര്‍ ആണ്' എന്ന് ചൊല്ലിപ്പഠിച്ചത് വെറുതെയായില്ല എന്ന് ഇന്ത്യന്‍ തെരുവുകള്‍ നമ്മോട് വിളിച്ചു പറയുന്നുണ്ട്. We the People of India എന്ന ഐക്യത്തിന്റെ സംജ്ഞകൊണ്ട് വിഭജനത്തിന്റെ പ്രത്യയ ശാസ്ത്രത്തെ തകര്‍ത്തെറിയുക പ്രയാസമുള്ള കാര്യമല്ല. ഇതിനായുള്ള ഒരു ജനകീയ പ്രസ്ഥാനമാണ് ഇന്ത്യയില്‍ ഉയര്‍ന്നു വരാനിരിക്കുന്നത്. അതിന് ആര് നേതൃത്വം നല്‍കും എന്ന് ഇപ്പോള്‍ പറയാനാവില്ല. അടിയന്തരാവസ്ഥയെ പത്തൊമ്പത് മാസം കൊണ്ട് ചെറുത്തു തോല്‍പിച്ച വോട്ടര്‍മാര്‍ വിഭജനത്തിന്റെ പ്രത്യയ ശാസ്ത്രത്തെയും ചെറുത്തു തോല്‍പ്പിക്കും. കോണ്‍ഗ്രസ്സും ഇടതുപക്ഷവും മറ്റു മത-നിരപേക്ഷ കക്ഷികളും അവരുടെ ഭാഗധേയങ്ങള്‍ നിര്‍ണയിക്കുവാന്‍ കരുത്താര്‍ജിക്കുമോ എന്നത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണ്.

മുസ്‌ലിം സംഘടനകള്‍ വലിയ തോതില്‍ ഐക്യപ്പെട്ടത് അഭിമാനകരമാണ്. ഈ ഐക്യം സമരരംഗത്ത് എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം? ഒരുമിച്ചു ചേര്‍ന്നു കൊണ്ടുള്ള ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കേണ്ടതില്ലേ? ഈ ഐക്യത്തിന് ഹാനി വരുത്തുന്ന നിലപാടുകള്‍, പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ സൂക്ഷിക്കേണ്ടതില്ലേ?

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളും സംഘടനകളും തമ്മിലുള്ള ഐക്യത്തിന് ശക്തികൂടിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഓരോ വിവാദ തീരുമാനവും ഒന്നിച്ചിരിക്കാനും കാര്യങ്ങള്‍ കൂടിയാലോചിക്കാനുമുള്ള അവസരമാണ് സൃഷ്ടിച്ചത്. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വന്നത് മുതല്‍ സംഘടനാ നേതാക്കള്‍ക്കിടയില്‍ കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത നേതൃയോഗത്തില്‍ തന്നെ എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തിലും മുസ്ലിം സംഘടനകള്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുള്ള ഐക്യം വലിയ പ്രതീക്ഷ നല്‍കുന്നു. ഈ ഐക്യം മുസ്ലിംകളുടെ നിലനില്‍പ്പ്, സുരക്ഷിതത്വം, വികസനം എന്നീ കാര്യങ്ങളില്‍ പോസിറ്റീവ് ആയ അജണ്ടകള്‍ നിര്‍ണയിക്കാനും പരസ്പരമുള്ള പെരുമാറ്റച്ചട്ടം നിര്‍ണയിച്ച് അസ്വാരസ്യങ്ങള്‍ ലഘൂകരിക്കാനും ഉപയോഗപ്പെടുത്തണം. മുസ്ലിം സമൂഹത്തിന് ചലനാത്മകവും വികസനോന്മുഖവുമായ അജണ്ടകള്‍ രൂപപ്പെടുത്തിക്കൊടുക്കാനും ഈ ഐക്യത്തിന് സാധ്യമാവണം. പൗരത്വ ഭേദഗതി നിയമത്തിന് എതിരായിട്ടുള്ള സമരത്തോടനുബന്ധിച്ച് നടക്കുന്ന ഐക്യ ശ്രമങ്ങള്‍ക്ക് മറ്റൊരു ഗുണവശം കൂടിയുണ്ട്. ഈ ഐക്യത്തെ അനിവാര്യമായ ഒരു ഐക്യമായിട്ടേ പൊതു സമൂഹവും കാണുകയുള്ളൂ. ന്യായമായ ഒരു വിഷയത്തില്‍ ന്യായമായ ഒത്തുചേരല്‍.

സമീപ ഭാവിയില്‍ മുസ്‌ലിംവിരുദ്ധ വംശഹത്യയുടെ സാധ്യതകള്‍ കാണുന്നുണ്ടോ? അസമില്‍ എന്‍.ആര്‍.സിയില്‍നിന്ന് പുറത്തായ 19 ലക്ഷത്തിലേറെ വരുന്നവരിലെ, അഞ്ച് / ആറ് ലക്ഷം മുസ്‌ലിംകള്‍  ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലും അല്ലാതെയും പീഡിപ്പിക്കപ്പെടുന്നു, അവരില്‍ ഒരു ഗര്‍ഭിണിക്ക് അലസിപ്പിക്കാനുള്ള ഇഞ്ചക്ഷന്‍ നല്‍കിയതായി വാര്‍ത്ത വരുന്നു, ബാംഗ്ലൂരില്‍ രേഖകളുള്ള കുറേ മനുഷ്യരെ ബംഗ്ലാദേശികള്‍ എന്ന് ആരോപിച്ച് ആട്ടിയോടിക്കുന്നു, യു.പി.യിലും കശ്മീരിലും ഭരണകൂട ഭീകരത വേട്ടയാടുന്നു. ഇതെല്ലാം വംശഹത്യയുടെ സൂചനകളായി പരിഗണിക്കാമോ? റോഹിങ്ക്യകള്‍ അനുഭവിച്ചതിന് സമാനമായ  സാഹചര്യമുണ്ടായാല്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ അതിനെ എങ്ങനെ നേരിടും?

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വംശഹത്യയുടെ ലക്ഷണം ഉള്‍ക്കൊള്ളുന്ന കുടിയിറക്കലും ഉണ്ട്. എന്‍.ആര്‍.സി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അഞ്ഞൂറോളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവം അവയില്‍ ഒന്ന് മാത്രമാണ്. അസമിലെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ കഴിയുന്ന അമുസ്‌ലിംകളെ മോചിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ബന്ധപ്പെട്ട മന്ത്രി ഒരു ചോദ്യത്തിന് ഉത്തരമായി പാര്‍ലമെന്റില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമമനുസരിച്ച് തന്നെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനങ്ങള്‍ അനുഭവിച്ചു എന്ന് തെളിയിക്കണം. അത്തരം അന്വേഷണങ്ങള്‍ ഒന്നും കൂടാതെ മോചിപ്പിക്കുന്നതിന് അര്‍ഥം വംശ വിവേചനം എന്നല്ലാതെ എന്താണ്? ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നതു തന്നെ വംശ നശീകരണത്തിനാണ്. സ്ത്രീകളെയും പുരുഷന്മാരെയും വേറെവേറെ പാര്‍പ്പിക്കുകമൂലം പുതിയ തലമുറക്ക് ജന്മം നല്‍കാന്‍ അവര്‍ക്ക് കഴിയില്ല. അവിടെ വന്ന് ചേര്‍ന്നവര്‍ മരിച്ചു തീരുകതന്നെ.
റോഹിങ്ക്യപോലെ പൂര്‍ണമായ വംശഹത്യ ആരംഭിച്ചാല്‍ എന്തു ചെയ്യുമെന്ന് ചോദിച്ചുവല്ലോ. അതിനിപ്പോള്‍ മറുപടി പറയാന്‍ കഴിയില്ല. രാജ്യവുമായി ഓരോ പൗരനും കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആ കരാര്‍ ഏകപക്ഷീയമായി വിഛേദിക്കപ്പെടുന്ന പക്ഷം പിന്നീടുള്ള പൗരന്മാരുടെയും സമൂഹങ്ങളുടെയും പെരുമാറ്റം രാജ്യത്തിന്റെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായിക്കൊള്ളണമെന്നില്ല. എന്നാല്‍ അത്തരം ഒരു അവസ്ഥയിലേക്ക് എത്തുന്നതിനു മുമ്പേ രാജ്യം വംശവെറിയെ ചെറുത്തുതോല്‍പ്പിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ജമാഅത്തെ ഇസ്‌ലാമിയുടെ ഇടപെടലുകള്‍?

ഈ സമരം ലക്ഷ്യം കാണുംവരെ മുന്നോട്ട് പോവണം. ഇത്  ഇന്ത്യയില്‍ സാമുദായിക വിഭജനത്തിന്  കാരണമാവരുത്. സമരം അക്രമാസക്തവുമാകരുത്. ഇതിന് ആവശ്യമായിട്ടുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്തിട്ടുള്ളത്. അതിനുവേണ്ടിയാണ് അലയന്‍സ് എഗൈന്‍സ്റ്റ് സി.എ.എ ആന്റ് എന്‍.ആര്‍.സി(അഹഹശമിരല അഴമശിേെ ഇഅഅ മിറ ചഞഇ)യിലും മറ്റും സജീവമായ പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്നത്.
യഥാര്‍ഥത്തില്‍  ഇന്ത്യയില്‍ ഫാഷിസത്തിന്റെ ഇന്ധനം, ഇസ്‌ലാമോഫോബിയയും മുസ്‌ലിം വെറുപ്പുമാണ്. ലോകാടിസ്ഥാനത്തില്‍ തന്നെ അതിന് തഴച്ചുവളരാനുള്ള അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. ഇവിടെ ഇസ്ലാമിന്റെ യഥാര്‍ഥ മുഖം  ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക, അങ്ങനെ മുസ്‌ലിംകളെ അനുഭവിക്കാനുള്ള  അവസരം ഉണ്ടാക്കുക എന്നുള്ളതാണ്  നമ്മുടെ ദീര്‍ഘകാല പദ്ധതി.
ഇസ്‌ലാമോഫോബിയക്ക് തടയിടാന്‍ കഴിയുന്ന വിധം വ്യക്തിത്വം വളര്‍ത്തിയെടുക്കുക, സമൂഹവുമായി എന്‍ഗേജ് ചെയ്യുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. മുസ്‌ലിംകളോടുള്ള വെറുപ്പ് ഇല്ലെങ്കില്‍ പിന്നെ ഇന്ത്യയില്‍ ഫാഷിസത്തിന് വളരാന്‍ കഴിയില്ല.
ഇന്ത്യയിലുടനീളമുള്ള  പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍തന്നെ ജമാഅത്തെ ഇസ്ലാമി ഉണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ശാഖകളും വേരുകളുമുള്ള ഒരു പ്രസ്ഥാനം എന്ന നിലക്ക്  പ്രസ്ഥാനത്തിന്റെ നെറ്റ്‌വര്‍ക്ക് ഈ സമരങ്ങളെ വികസിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (7-9)
ടി.കെ ഉബൈദ്‌

ഹദീസ്‌

കരുണയര്‍ഹിക്കുന്ന മൂന്ന് വിഭാഗങ്ങള്‍
സുബൈര്‍ കുന്ദമംഗലം