തയമ്മും അനുവദനീയമാകാനുള്ള കാരണങ്ങള്‍
വെള്ളം ലഭിച്ചില്ലെങ്കില്‍ മാത്രമേ തയമ്മും ചെയ്യാന്‍ പാടുള്ളൂ എന്നുണ്ടോ? ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ് തയമ്മും ചെയ്യാന്‍ അനുവാദമുള്ളത്?
താഴെ പറയുന്ന കാരണങ്ങളിലൊന്നുണ്ടായാല്‍ ചെറിയ അശുദ്ധിയുള്ളവര്‍ക്കും വലിയ അശുദ്ധിയുള്ളവര്‍ക്കും യാത്രാ വേളയിലും നാട്ടില്‍ വെച്ചും തയമ്മും അനുവദനീയമാകുന്നു.
ഒന്ന്: വെള്ളം തീരെ കിട്ടാതിരിക്കുക. അഥവാ ശുദ്ധീകരണത്തിനു മതിയാകുന്നത്ര ലഭിക്കാതിരിക്കുക. ഇംറാനുബ്‌നു ഹുസൈന്‍ പറയുന്നു: ''ഞങ്ങള്‍ റസൂലിന്റെ കൂടെ ഒരു യാത്രയിലായിരുന്നു. അങ്ങനെ അവിടുന്ന് ജനങ്ങളൊന്നിച്ചു നമസ്‌കരിച്ചു. നോക്കുമ്പോള്‍ നമസ്‌കരിക്കാതെ അകന്നു നില്‍ക്കുന്ന ഒരാളെ കണ്ടു. നബി (സ) ചോദിച്ചു: 'എന്തുകൊണ്ട് നമസ്‌കരിച്ചില്ല?' 'എനിക്ക് ജനാബത്ത് ഉണ്ടായി, വെള്ളം കിട്ടാനുമില്ല' അയാള്‍ പറഞ്ഞു. അപ്പോള്‍ നബി (സ) അരുള്‍ ചെയ്തു: മണ്ണെടുത്തുകൊള്ളുക, അത് മതിയാകുന്നതാണ്'' (ബുഖാരി, മുസ്‌ലിം).
അബൂദര്‍റില്‍നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ''ശുദ്ധമായ മണ്ണ് മുസ്‌ലിമിന്റെ ശുദ്ധീകരണോപാധിയാണ്; പത്തു വര്‍ഷത്തേക്ക് വെള്ളം കിട്ടിയില്ലെങ്കിലും. എന്നാല്‍ വെള്ളം ലഭിച്ചാല്‍ അവന്റെ ചര്‍മത്തില്‍ അതാണുപയോഗിക്കേണ്ടത്. അതാകുന്നു ഉത്തമം'' (തിര്‍മിദി: 124).
എന്നാല്‍, തയമ്മും ചെയ്യുന്നതിന് മുമ്പായി തന്റെ യാത്രാ ഉരുപ്പിടികളിലോ കൂട്ടുകാരുടെ പക്കലോ സമീപ സ്ഥലങ്ങളിലോ വെള്ളമുണ്ടോ എന്ന് അന്വേഷിക്കല്‍ നിര്‍ബന്ധമാണ്. വെള്ളമില്ലെന്നോ ഉണ്ടെങ്കില്‍ തന്നെ വളരെ അകലെയാണെന്നോ ഉറപ്പുണ്ടെങ്കില്‍ പിന്നെ അന്വേഷിക്കേണ്ടതില്ല.
രണ്ട്: വെളളമുപയോഗിക്കുന്ന പക്ഷം ശമനംവൈകുമെന്നോ, രോഗം മൂര്‍ഛിക്കുമെന്നോ ഭയപ്പെടുക. മുറിവോ രോഗമോ ബാധിക്കുകയും വെളളമുപയോഗിക്കുന്ന പക്ഷം രോഗം മൂര്‍ഛിക്കുമെന്നോ ശമനത്തിന് കാലതാമസം നേരിടുമെന്നോ ഭയപ്പെടുകയും ചെയ്യുക. സ്വാനുഭവം കൊണ്ടോ വിശ്വാസയോഗ്യനായ വൈദ്യന്‍ പറഞ്ഞതുകൊണ്ടോ മനസ്സിലായാല്‍ മതി.
ജാബിര്‍ (റ) പറയുന്നു: ഞങ്ങള്‍ ഒരു യാത്രയിലായിരുന്നു. അങ്ങനെ ഞങ്ങളിലൊരാളുടെ തലയില്‍ ഒരു കല്ലു തട്ടി മുറിപ്പെടുകയുണ്ടായി. അനന്തരം അദ്ദേഹത്തിന് സ്വപ്‌ന സ്ഖലനമുണ്ടായി. അപ്പോള്‍ അദ്ദേഹം തനിക്ക് തയമ്മും ചെയ്യാന്‍ വല്ല ഇളവുമുണ്ടോ എന്ന് തന്റെ കൂട്ടുകാരോട് അന്വേഷിച്ചു. വെള്ളമുപയോഗിക്കാന്‍ സാധിക്കുന്ന സ്ഥിതിക്ക് താങ്കള്‍ക്ക് യാതൊരിളവും ഞങ്ങള്‍ കാണുന്നില്ല എന്നായിരുന്നു അവരുടെ മുപടി. അതനുസരിച്ച് അദ്ദേഹം കുളിക്കുകയും അതു കാരണം മരണപ്പെടുകയുമുണ്ടായി. ഞങ്ങള്‍ റസൂലിന്റെ അടുത്ത് ചെന്ന് ഈ വിവരമറിയിച്ചപ്പോള്‍ അവിടുന്ന് ഇങ്ങനെ പറഞ്ഞു: 'അയാളെ അവര്‍ കൊന്നു! അവര്‍ക്ക് അല്ലാഹുവിന്റെ ശാപം! തങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ക്ക് അന്വേഷിക്കരുതായിരുന്നോ? അന്വേഷണമാണ് അജ്ഞതക്കുള്ള മരുന്ന്. അയാള്‍ക്ക് തയമ്മും ചെയ്താല്‍ മതിയായിരുന്നു. അല്ലെങ്കില്‍ മുറിവിന്മേല്‍ ഒരു ശീലക്കഷ്ണം വെച്ചുകെട്ടി അതിന്മേല്‍ തടവുകയും ശരീരത്തിന്റെ ബാക്കി ഭാഗം കഴുകുകയും ചെയ്താല്‍ മതിയായിരുന്നു' (അബൂദാവൂദ്: 336, ഇബ്‌നുമാജ: 572, ദാറഖുത്വനി: 744).
മൂന്ന്: കഠിന തണുപ്പു കാരണം വെള്ളം ഉപയോഗിച്ചാല്‍ വല്ല ബുദ്ധിമുട്ടും നേരിടുമെന്ന് ഭയപ്പെടുക. അതോടൊപ്പം കൂലി കൊടുത്തിട്ടെങ്കിലും വെള്ളം ചൂടാക്കാന്‍ കഴിയാതിരിക്കുകയും ചൂടുവെള്ളമുള്ള കുളിപ്പുരയില്‍ പോകാന്‍ സൗകര്യമില്ലാതിരിക്കുകയും ചെയ്യുക. അംറുബ്‌നുല്‍ ആസ്വ് (റ) നിവേദനം ചെയ്ത ഹദീസാണ് തെളിവ്. അദ്ദേഹം പറയുന്നു: ദാത്തുസ്സലാസില്‍ യുദ്ധത്തിനു നിയുക്തനായിരുന്ന അവസരത്തില്‍ കഠിന തണുപ്പുള്ള ഒരു രാത്രി എനിക്ക് സ്വപ്‌നസ്ഖലനമുണ്ടായി. കുളിച്ചാല്‍ മരിക്കുമെന്നു പോലും ഞാന്‍ ഭയപ്പെട്ടു. അങ്ങനെ ഞാന്‍ തയമ്മും ചെയ്ത് കൂട്ടുകാര്‍ക്ക് ഇമാമായി സ്വുബ്ഹ് നമസ്‌കരിച്ചു. ഞങ്ങള്‍ നബിയുടെ സന്നിധിയില്‍ മടങ്ങിയെത്തിയപ്പോള്‍ അവര്‍ തിരുമേനിയോട് സംഭവം പറഞ്ഞു. തദവസരം അവിടുന്ന് ചോദിച്ചു: 'ഓ അംറ്, ജനാബത്തുകാരനായിരിക്കെ നീ കൂട്ടുകാര്‍ക്ക് ഇമാമായി നമസ്‌കരിച്ചു അല്ലേ?' ഞാന്‍ പറഞ്ഞു: 'നിങ്ങള്‍ ആത്മഹത്യ ചെയ്യരുത്. അല്ലാഹു നിങ്ങളോട് വലിയ ദയയുള്ളവനാകുന്നു എന്നുള്ള അല്ലാഹുവിന്റെ വാക്യം ഞാന്‍ ഓര്‍മിച്ചു. അങ്ങനെ തയമ്മും ചെയ്തു നമസ് കരിച്ചു.' ഇതു കേട്ടപ്പോള്‍ തിരുമേനി പുഞ്ചിരിച്ചു ഒന്നും പറഞ്ഞില്ല (അബൂദാവൂദ്: 334). ഇതില്‍ മൗനാനുവാദമുണ്ട്. നബി(സ)യുടെ മൗനാനുവാദം പ്രമാണമാണ്. കാരണം അസത്യമായ ഒരു കാര്യവും തിരുമേനി സമ്മതിച്ചുകൊടുക്കുകയില്ല.
നാല്: വെള്ളം അടുത്ത സ്ഥലത്തുണ്ടെങ്കിലും അതിനു വേണ്ടി ശ്രമിച്ചാല്‍ തന്റെ ദേഹത്തിനോ അഭിമാനത്തിനോ ധനത്തിനോ ക്ഷതം പറ്റുമെന്നോ കൂട്ടുകാരെ പിരിയേണ്ടിവരുമെന്നോ ഭയമുണ്ടാവുക. അല്ലെങ്കില്‍ വെള്ളത്തിനു പോകുന്ന വഴിയില്‍ താന്‍ ഭയപ്പെടുന്ന ശത്രുക്കളോ, മറ്റെന്തെങ്കിലും തടസ്സങ്ങളോ ഉണ്ടായിരിക്കുക. അതുമല്ലെങ്കില്‍ താന്‍ ബന്ധനസ്ഥനാവുകയോ വെള്ളമെടുക്കാനുള്ള കയര്‍, ബക്കറ്റ് മുതലായ ഉപകരണങ്ങള്‍ ഇല്ലാതിരിക്കുകയോ ചെയ്യുക. കാരണം, ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വെള്ളമുണ്ടെങ്കിലും ഇല്ലാത്ത ഫലമാണ്. അപ്രകാരം തന്നെ കുളിക്കുന്ന പക്ഷം തന്റെ പേരില്‍ ഇല്ലാത്ത അപവാദം ചുമത്തപ്പെട്ടു വിഷമിക്കേണ്ടിവരുമെന്നു ഭയപ്പെട്ടാലും തയമ്മും അനുവദനീയമാണ്.
അഞ്ച്: ഉള്ള ജലം തനിക്കോ മനുഷ്യരെ ഉപദ്രവിക്കാത്ത നായ അടക്കമുള്ള മറ്റുള്ളവേക്കാ കുടിക്കേണ്ടതിനും മാവ് കുഴക്കുക, ഭക്ഷണം പാകം ചെയ്യുക, മാലിന്യം നീക്കുക മുതലായവക്കും താല്‍ക്കാലികമോ പിന്നീടോ ആവശ്യമായി വരിക. ഇങ്ങനെ വന്നാല്‍ കൈവശമുള്ള വെള്ളം സൂക്ഷിച്ചു വെച്ച് തയമ്മും ചെയ്യാവുന്നതാണ്. ഇമാം അഹ്മദ് പറയുന്നു: സ്വഹാബത്തില്‍ അനേകം പേര്‍ ദാഹം തീര്‍ക്കാന്‍ വെള്ളം സൂക്ഷിച്ചുകൊണ്ട് തയമ്മും ചെയ്തിട്ടുണ്ട്. യാത്രയിലായിരിക്കെ ജനാബത്ത് ബാധിച്ച ഒരാളുടെ വശം അല്‍പം വെള്ളമുണ്ടങ്കിലും ഭാവിയില്‍ ദാഹം ഭയപ്പെടുന്ന പക്ഷം അയാള്‍ കുളിക്കുകയല്ല, തയമ്മും ചെയ്യുകയാണ് വേണ്ടതെന്ന് അലി (റ) പ്രസ്താവിച്ചതായി ദാറഖുത്വനി രേഖപ്പെടുത്തിയിരിക്കുന്നു. വുദൂ ചെയ്ത ഒരാള്‍ക്ക് വെള്ളമില്ലാത്ത പരിതഃസ്ഥിതിയില്‍ വിസര്‍ജനത്തിനു മുട്ടിയാല്‍ വുദൂ കാത്തുസൂക്ഷിച്ചുകൊണ്ട് വിഷമത്തോടെ നമസ്‌കരിക്കുന്നതിനേക്കള്‍ ഉത്തമം വിഷമമില്ലാതെ തയമ്മും ചെയ്തു നമസ്‌കരിക്കലാണെന്ന് ഇബ്‌നുതൈമിയ്യ (റ) പ്രസ്താവിക്കുന്നു.
വെള്ളമുപയോഗിക്കാന്‍ സാധിക്കുമെങ്കിലും അതുപയോഗിച്ച് വുദൂവോ കുളിയോ നിര്‍വഹിക്കുമ്പോഴേക്കും സമയം തെറ്റുമെന്ന് ഭയപ്പെട്ടാല്‍ തയമ്മും ചെയ്തു നമസ്‌കരിക്കാന്‍ പറ്റുമോ? ഫിഖ്ഹുസ്സുന്നയില്‍ അങ്ങനെ കാണുന്നു.
വെള്ളമുപയോഗിക്കാന്‍ സാധിക്കുമെങ്കിലും അതുപയോഗിച്ച് വുദൂവോ കുളിയോ നിര്‍വഹിക്കുമ്പോഴേക്കും സമയം തെറ്റുമെന്ന് ഭയപ്പെടുക. അങ്ങനെ വന്നാല്‍ തയമ്മും ചെയ്തു നമസ്‌കരിക്കാന്‍ പറ്റില്ല എന്നാണ് പണ്ഡിതമതം.
'നിങ്ങള്‍ക്ക് വെള്ളം ലഭിച്ചില്ലെങ്കില്‍' എന്നാണ് തയമ്മും ചെയ്യാനുള്ള കാരണമായി അല്ലാഹു പറഞ്ഞത്. ഇവിടെ വെള്ളം ലഭിക്കാത്ത പ്രശ്‌നമേ ഇല്ല. അതുപോലെ വെള്ളം ഉപയോഗിക്കുന്നതിന് തടസ്സമുണ്ടായാല്‍ തയമ്മും ചെയ്യാമെന്ന് സുന്നത്തും പഠിപ്പിച്ചു. ഇവിടെ അത്തരം തടസ്സങ്ങളും ഇല്ല. സ്വന്തം പിടിപ്പുകേട് കൊണ്ടോ അലസത കൊണ്ടോ നമസ്‌കാരസമയം മനഃപൂര്‍വം വൈകിപ്പിച്ചവര്‍ ഇത്തരം ഇളവുകള്‍ക്ക് അര്‍ഹരല്ല എന്ന ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം തന്നെയാണ് ഇവിടെ പരിഗണനീയം, പ്രമാണങ്ങളുടെ തേട്ടവും അതു തന്നെ.
തത്സംബന്ധമായി ഫിഖ്ഹുസ്സുന്നയില്‍ വന്നതിനെ നിരൂപണം ചെയ്തുകൊണ്ട് ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി ഇങ്ങനെ രേഖപ്പെടുത്തുന്നു: ''എനിക്ക് ബോധ്യമാകുന്നത് നേരെ തിരിച്ചാണ്. എന്തുകൊണ്ടെന്നാല്‍, വെള്ളം ലഭിക്കാത്തപ്പോള്‍ മാത്രമാണ് ശരീഅത്തില്‍ തയമ്മും ചെയ്യാനുള്ള വകുപ്പുള്ളത്. അക്കാര്യം ഖുര്‍ആന്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളതാണ്. ഗ്രന്ഥകാരന്‍ പരാമര്‍ശിച്ച പോലെ രോഗം, അതിശൈത്യം തുടങ്ങിയ കാരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സുന്നത്ത് അത് വിശാലമാക്കി. എന്നാല്‍ വെള്ളം ഉപയോഗിക്കാന്‍ സാധിക്കുമെന്നിരിക്കേ തയമ്മും ചെയ്യാമെന്നതിനുള്ള തെളിവെവിടെ?
സമയം തെറ്റുമെന്ന ഭയം എന്ന് ആരെങ്കിലും പറഞ്ഞാല്‍, തെളിവായി അത് മാത്രം പോരാ എന്നാണ് നമുക്ക് പറയാനുള്ളത്. കാരണം സമയം തെറ്റുമെന്ന ഭയമുണ്ടാവുന്നത് രണ്ട് സാഹചര്യങ്ങളിലാവാം. ഒന്നുകില്‍ അവന്റെ ജോലി, അലസത തുടങ്ങിയ കാരണങ്ങളാല്‍ അവന് സമയം ഇടുങ്ങിയതാവാം. അല്ലെങ്കില്‍ ഉറക്കം, മറവി തുടങ്ങി തന്റെ അധീനത്തില്‍ പെടാത്ത കാരണങ്ങള്‍ കൊണ്ടുമാകാം.
ഈ രണ്ടാമത് പറഞ്ഞ സാഹചര്യത്തില്‍ എപ്പോഴാണോ ഉണരുന്നത്, അല്ലെങ്കില്‍ ഓര്‍മ വരുന്നത് അപ്പോള്‍ മുതല്‍ ആരംഭിച്ച് നമസ്‌കാരം നിര്‍വഹിക്കുവാന്‍ സൗകര്യപ്പെടുന്ന അത്രയും അതിനുള്ള സമയമാണ്. 'ആരെങ്കിലും ഒരു നമസ്‌കാരം മറന്നുപോവുകയോ, അല്ലെങ്കില്‍ ഉറങ്ങിപ്പോവുകയോ ചെയ്താല്‍ ഓര്‍മ വരുമ്പോള്‍ അത് നമസ്‌കരിക്കുക എന്നതാണ് അതിന്റെ പ്രായശ്ചിത്തം' എന്ന ബുഖാരിയും മുസ്ലിമുമെല്ലാം ഉദ്ധരിച്ച പ്രവാചക വചനമാണതിന് തെളിവ്.
അപ്പോള്‍ ഇത്തരം ന്യായമായ ഒഴികഴിവുകളുള്ളവര്‍ക്ക് മാത്രമായി യുക്തിമാനായ അല്ലാഹു ഒരു പ്രത്യേക സമയം നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ അങ്ങനെയുള്ളവര്‍ക്ക് ആജ്ഞാപിക്കപ്പെട്ട പ്രകാരം നമസ്‌കരിക്കുകയാണെങ്കില്‍ കുളിക്കാനും, വുദൂ ചെയ്യാനുമെല്ലാം വെള്ളം ഉപയോഗിക്കാം. സമയം തെറ്റിപ്പോകുമെന്ന ഭയം അവരെ സംബന്ധിച്ചേടത്തോളം വേണ്ടതില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് തയമ്മും ചെയ്യാന്‍ അനുവാദമില്ല എന്നത് സ്ഥിരപ്പെട്ടു. ഇതേ വീക്ഷണമാണ് ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യയും മുന്‍ഗണന നല്‍കിയിട്ടുള്ളത്.... എന്നാല്‍ ഒന്നാമത്തെ അവസ്ഥയില്‍ (ബോധപൂര്‍വം വൈകിപ്പിച്ച) അവനും വെള്ളം ഉപയോഗിക്കണമെന്നും, തയമ്മും ചെയ്യുകയല്ല വേണ്ടതെന്നുമുള്ളതാണ് അടിസ്ഥാന നിയമം. അതിനാല്‍ അവനും ഈ സാഹചര്യത്തില്‍ വെള്ളമുപയോഗിച്ചേ പറ്റൂ. അങ്ങനെ സമയത്തിനുള്ളില്‍ നമസ്‌കരിക്കാന്‍ അവന് പറ്റിയാല്‍ അത്രയും നന്ന്. ഇനി സമയം നഷ്ടപ്പെട്ടെങ്കില്‍ അവന് സ്വയം പഴിക്കുകയല്ലാതെ നിര്‍വാഹമില്ല. കാരണം അവനാണ് ഈയൊരു പരിണതിക്കുത്തരവാദി'' (ഫിഖ്ഹുസ്സുന്നക്ക് എഴുതിയ നിരൂപണ ഗ്രന്ഥമായ തമാമുല്‍ മിന്ന).
Comments