സംഘ്പരിവാര്‍ വിരുദ്ധ സര്‍ക്കാര്‍ ഭരണമേല്‍ക്കും വരെ തെരുവില്‍ സമരം തുടരണം
ഇന്ത്യയിലുടനീളം ശക്തിപ്പെടുന്ന സംഘ്പരിവാര്‍ വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നു.
CAA, NPR, NRC ഇവയെല്ലാം ബി.ജെ.പി സര്‍ക്കാര്‍ ദേശീയ പ്രചോദിതമായി ഉണ്ടാക്കിയ നിയമങ്ങളായി ചിലര്‍ പരിചയപ്പെടുത്തുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇവ യാദൃഛികമായി കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ നിയമങ്ങളാണോ? അതോ ആര്‍.എസ്.എസിന്റെ കൃത്യമായ അജണ്ട ഇവക്ക് പിന്നിലുണ്ടോ?
ആര്‍.എസ്.എസിന്റെ താത്ത്വികാചാര്യന്‍ എം.എസ് ഗോള്‍വാള്‍ക്കര്‍ ഹിന്ദുത്വ രാഷ്ട്രത്തെക്കുറിച്ചും അതിന് തടസ്സമായേക്കാവുന്ന ആഭ്യന്തര ശത്രുക്കളെ കുറിച്ചും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ വിചാരധാരയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംകളാണ് ഉന്മൂലനം ചെയ്യപ്പെടേണ്ട ആഭ്യന്തര ശത്രുക്കളില്‍ ഒന്നാമതായി ഗോള്‍വാള്‍ക്കര്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ആ മതാധിഷ്ഠിത രാഷ്ട്രമെന്ന സ്വപ്‌ന അജണ്ടയുടെ പ്രായോഗിക ചുവടുവെപ്പുകള്‍ക്കുള്ള സന്ദര്‍ഭമായാണ് 2019-ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ ലഭിച്ച ഭൂരിപക്ഷത്തെ ബി.ജെ.പി മനസ്സിലാക്കുന്നത്.
പാര്‍ലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ചില സ്റ്റെപ്പുകള്‍ എടുക്കാനാരംഭിച്ചതിന്റെ തുടക്കമായി തന്നെ വേണം പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വപ്പട്ടിക നടപ്പിലാക്കാനുള്ള പ്രഖ്യാപനത്തെയും കാണേണ്ടത്.
ഏക സിവില്‍കോഡും മതപരിവര്‍ത്തന നിരോധന നിയമമടക്കം മറ്റ് അജണ്ടകളും ഈ ജനാധിപത്യ ഭൂരിപക്ഷമുപയോഗിച്ച് നടപ്പിലാക്കാന്‍ സംഘ്പരിവാറിന് പദ്ധതിയുണ്ട്. പൗരത്വഭേദഗതി നിയമത്തേക്കാള്‍ ഭീകരമായത് അണിയറയില്‍ അവര്‍ തയാറാക്കിയിരിക്കണം. അനുയോജ്യമായ സന്ദര്‍ഭത്തിനു വേി കാത്തിരിക്കുകയാവാം. ഇനി ഇന്ത്യയില്‍ അതിനനുകൂലമായ സന്ദര്‍ഭം ഉണ്ടാകാതിരിക്കാനുള്ള പ്രക്ഷോഭത്തിലാണ് നമ്മളിപ്പോഴുള്ളത്.
രാജ്യമെങ്ങും ഇപ്പോള്‍ സമരപ്രക്ഷോഭങ്ങളാണ്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും വിദ്യാര്‍ഥികളുമെല്ലാം സമരത്തിന്റെ മുന്നണിയിലുണ്ട്. സമരം നല്‍കുന്ന പ്രതീക്ഷകള്‍ എന്തെല്ലാമാണ്?
പാര്‍ലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ചായിരുന്നു ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ തന്റെ നാസിസ്റ്റ് അജണ്ടകള്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയത്. ഘട്ടംഘട്ടമായി പാര്‍ലമെന്റും ഭരണകൂടവും പാസ്സാക്കിയ ഈ നിയമങ്ങള്‍ ജര്‍മനിയില്‍ ഇരകളായ സമൂഹങ്ങള്‍ക്ക് ഒരുമിച്ചു നിന്ന് ചെറുക്കാന്‍ സാധിച്ചില്ല. പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ വരികള്‍ പോലെ ഓരോരുത്തരെയും തേടി ഹിറ്റ്‌ലറുടെ പോലീസ് വാതിലില്‍ മുട്ടിയപ്പോള്‍ അതെന്നയല്ലല്ലോ എന്ന് മറ്റുള്ളവര്‍ സമാധാനിച്ച് മൗനം പാലിച്ചു. ഒടുവില്‍ ഓരോ വിഭാഗത്തെയും ഹിറ്റ്‌ലര്‍ വംശഹത്യക്ക് വിധേയമാക്കി. നേരിയ പ്രതികരണം പോലുമുയര്‍ത്താനവര്‍ക്ക് സാധിച്ചില്ല. തങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരു വിഭാഗവും ഇല്ലാതായതോടെ ഭയം അവരെ കീഴ്‌പ്പെടുത്തി. അങ്ങനെ യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെ ഹിറ്റ്‌ലര്‍ക്ക് അവരെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞു. ജര്‍മനിയിലെ ഈ വംശീയ ഉന്മൂലന ചരിത്രം നമുക്ക് മുന്നിലുള്ളതിനാല്‍ ഫാഷിസ്റ്റ് അജണ്ടകളെ തുടക്കം മുതലേ ചെറുത്തു നിന്നേ പറ്റൂ എന്ന തിരിച്ചറിവ് ഇന്ത്യന്‍ ജനതക്കും മുസ്‌ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുമുണ്ട്. അതിനാല്‍ സംഘ്പരിവാര്‍ വിരുദ്ധരായ മുഴുവന്‍ ജനവിഭാഗങ്ങളും ഒരുമിച്ചു ചേര്‍ന്നുള്ള ചെറുത്തുനില്‍പ്പും പ്രക്ഷോഭങ്ങളുമാണിപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇത് വലിയ പ്രതീക്ഷകളും ഇന്ത്യയുടെ ഭാവിയെക്കുറിച്ച പ്രത്യാശകളും പകര്‍ന്നു നല്‍കുന്നു്.
മുസ്‌ലിം ജനതക്കൊപ്പം ഇന്ത്യയിലെ മതനിരപേക്ഷ സമൂഹവും ഈ പോരാട്ടത്തിലുണ്ട്. ഈ ഫാഷിസ്റ്റ് അജണ്ട തിരിച്ചറിയാനും തെരുവിലിറങ്ങി രാജ്യമൊന്നടങ്കം പ്രക്ഷോഭങ്ങളും സമരങ്ങളും തീര്‍ക്കാനും നമ്മളല്‍പ്പം വൈകിയെന്നത് നേരാണ്. പൗരത്വവിരുദ്ധ നിയമം നടപ്പാകും മുമ്പ് കശ്മീരിനെ ഈ സര്‍ക്കാര്‍ തടവറയാക്കിയിരുന്നു. ഇന്റര്‍നെറ്റ് കണക്ഷനടക്കം നിഷേധിച്ച് ആ ജനത ഇന്നും രാജ്യത്തുനിന്ന് ഒറ്റപ്പെട്ട നിലയിലാണ്. പക്ഷേ, കശ്മീര്‍ ജനതക്കൊപ്പം നില്‍ക്കാനോ അവര്‍ക്ക് വേണ്ടി തെരുവിലിറങ്ങാനോ നമുക്ക് സാധിച്ചിരുന്നില്ല. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥ് കേരളത്തില്‍ വന്ന് കശ്മീര്‍ ജനതയനുഭവിക്കുന്ന നീതിനിഷേധം വിവരിച്ചപ്പോഴാണ് ആ ഭരണകൂട ഭീകരതയുടെ ആഴം ആദ്യമറിഞ്ഞത്. എന്തുകൊണ്ട് കശ്മീര്‍ ജനതക്ക് വേണ്ടി നിങ്ങള്‍ തെരുവിലിറങ്ങി ശബ്ദിച്ചില്ല എന്നാണ് കണ്ണന്‍ ഗോപിനാഥ് കേരളത്തിലെ ജനങ്ങളോട് ചോദിച്ചത്.
അസമില്‍ എന്‍.ആര്‍.സി നടപ്പിലാക്കിയപ്പോഴും ആര്‍.എസ്.എസ് അജണ്ട വേണ്ടത്ര തിരിച്ചറിയാന്‍ നമുക്ക് സാധിക്കാതെ പോയിട്ടുണ്ട്. ഇതെല്ലാം ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ആസൂത്രിത നീക്കങ്ങളായിരുന്നുവെന്ന് നമ്മള്‍ തിരിച്ചറിഞ്ഞത് പൗരത്വഭേദഗതി നിയമം പാസാക്കിയതിന് ശേഷവും എന്‍.ആര്‍.സി രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നശേഷവുമായിരുന്നു. ഇന്ത്യന്‍ ജനതയുടെ പ്രതികരണമില്ലായ്മ മുതലെടുത്താണവര്‍ ഓരോ അജണ്ടയും ഘട്ടംഘട്ടമായി നടപ്പിലാക്കിയത്. ഇപ്പോള്‍ രാജ്യമത് തിരിച്ചറിഞ്ഞു. അതോടെ പ്രതിഷേധ സമരങ്ങളും പ്രക്ഷോഭങ്ങളും ഇന്ത്യയിലുടനീളം ശക്തിപ്പെട്ടു. ഇനി ഈ പ്രക്ഷോഭത്തില്‍നിന്ന് ലക്ഷ്യം നേടുംവരെ നമുക്ക് പിന്‍വാങ്ങാനാവില്ല. സുപ്രീംകോടതി വിധി അനുകൂലമാവുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. രാജ്യമെങ്ങും ദിനംപ്രതി ശക്തിപ്രാപിക്കുന്ന ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളും ഭരണകൂടത്തിന്റെ തെറ്റുതിരുത്താന്‍ സുപ്രീംകോടതിയെ പ്രേരിപ്പിക്കുമെന്നാണ് പ്രത്യാശ. അതിനാല്‍ എല്ലാവരും പ്രക്ഷോഭങ്ങളുമായി ഇനിയും തെരുവില്‍ തുടരേണ്ടതുണ്ട്.
സുപ്രീം കോടതി വിധിയില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍ തിരിച്ചുള്ള അനുഭവവും സമീപകാല ഇന്ത്യയില്‍ തന്നെ മുസ്‌ലിം സമുദായത്തിനുണ്ട്. കേന്ദ്രസര്‍ക്കാരിന് അനുകൂലമായാണ് സുപ്രീംകോടതി വിധിയെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമോ?
സുപ്രീം കോടതിയില്‍നിന്ന് നീതികിട്ടുമെന്നു തന്നെയാണ് നമ്മുടെ പ്രതീക്ഷ. ഇനി വിധി മറിച്ചായാലും ജനകീയ സമരങ്ങള്‍ തുടരുക തന്നെ വേണം. അതിന്റെ രൂപവും ഭാവവുമെല്ലാം സമുദായനേതാക്കളും മതനിരപേക്ഷ കക്ഷികളുമൊക്കെ ഒരുമിച്ചിരുന്ന് രൂപപ്പെടുത്തേണ്ടതാണ്. സമരമവസാനിപ്പിച്ച് തെരുവില്‍നിന്ന് ജനം പിന്‍വാങ്ങിയാല്‍ ഫാഷിസ്റ്റ് ശക്തികള്‍ അവരുടെ അടുത്ത അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമം നടത്തും. അതിന് ഇനിയൊരവസരം കൊടുക്കാന്‍ പാടില്ല. നിലവിലെ ഈ കേന്ദ്രസര്‍ക്കാര്‍ എക്കാലത്തേക്കുമുള്ളതല്ല.
ഇനിയുമിവിടെ തെരഞ്ഞെടുപ്പുകള്‍ നടക്കും. അതില്‍ ഫാഷിസ്റ്റ് വിരുദ്ധ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേല്‍ക്കുംവിധം ജനകീയ സമരങ്ങള്‍ തുടരുക തന്നെ വേണം. സംഘ്പരിവാറിനെ ജനാധിപത്യപരമായി തോല്‍പ്പിച്ച് ഒരു മതനിരപേക്ഷ ഭരണകൂടം കേന്ദ്രത്തില്‍ അധികാരത്തിലേറുന്നത് വരെ പലനിലക്കായി ഈ പ്രക്ഷോഭങ്ങള്‍ തുടരേണ്ടതുണ്ട്.
രാജ്യമെങ്ങുമുള്ള സമരത്തിന്റെ മുന്നണിയിലുള്ളത് മുസ്‌ലിം സംഘടനകളും സമുദായത്തിലെ സാധാരണ ജനവുമാണ്. അത് ചൂണ്ടിക്കാണിച്ച് സമരത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനെ എങ്ങനെ കാണുന്നു?
മുസ്‌ലിം സമുദായമാണ് ഈ പൗരത്വ ഭേദഗതി നിയമത്തിന്റെ മുഖ്യ ഇരകള്‍. അതിനാല്‍ മുസ്‌ലിം കൂട്ടായ്മകള്‍ ഒറ്റക്കും ഒന്നിച്ചും സമരപ്രക്ഷോഭങ്ങള്‍ തീര്‍ക്കുകയെന്നത് സ്വാഭാവികമാണ്. ഇന്ത്യയിലെ മതനിരപേക്ഷ ജനതയും രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടായ്മകളുമെല്ലാം ഈ സമരത്തില്‍ മുസ്‌ലിംകളോട് ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ പൗരസമത്വത്തെ റദ്ദ് ചെയ്യുന്ന ഭേദഗതി കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയിരിക്കുന്നത്. അതിനാലിത് ഭരണഘടനാ സംരക്ഷണ പോരാട്ടം കൂടിയാണ്. ഈ നിലക്ക് മതനിരപേക്ഷ കൂട്ടായ്മകള്‍ ഈ സമരത്തിന്റെ മുന്നണിയിലുണ്ട്. ചന്ദ്രശേഖര്‍ ആസാദും സ്വാമി അഗ്നിവേശുമെല്ലാം കേരളത്തിലെത്തി പ്രഖ്യാപിച്ചതുമതാണ്.
മുസ്‌ലിം സമുദായ സംഘടനകളുടെ സമരങ്ങളെ തീവ്രവാദമായി ചാപ്പകുത്തി ഒറ്റപ്പെടുത്താന്‍ ബി.ജെ.പി ദേശീ
യ തലത്തില്‍ തന്നെ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. കോഴിക്കോട് യൂത്ത് ലീഗ് സംഘടിപ്പിച്ചുവരുന്ന ശാഹീന്‍ ബാഗ് സമരത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തീവ്രവാദികളുടെ സമരമെന്ന് വിളിച്ചത് ഇതിന്റെ ഭാഗമായാണ്. ലീഗില്‍ തീവ്രവാദികളുമുണ്ടെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയും അതിന്റെ തുടര്‍ച്ചയാണ്. ഈ ആരോപണങ്ങളൊന്നും പൊതുസമൂഹം വിശ്വാസത്തിലെടുക്കുകയില്ല. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ട പൊതുജനത്തിന് മനസ്സിലായിത്തുടങ്ങിയതിന്റെ വെപ്രാളമാണിതെല്ലാം.
പൗരത്വ വിരുദ്ധ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ പിന്തുണക്കുകയും സ്വയം സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ ഇടതുപക്ഷവും തീവ്രവാദ ആരോപണങ്ങള്‍ സമരത്തിനെതിരെ ഉയര്‍ത്തിയിരുന്നു.
ഇടതുപക്ഷം ഈ സമരത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം കൂടിയായി കാണുകയാണ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണകൂടമെന്ന നിലക്ക് വന്‍പരാജയമാണ്. ഇതിനെ മറികടക്കാനുള്ള തന്ത്രം കൂടിയായി പൗരത്വവിരുദ്ധ സമരത്തെ ഇടതുപക്ഷം ഉപയോഗപ്പെടുത്തുന്നു. അതിനാലാണ് പൗരത്വ വിഷയത്തില്‍ കേന്ദ്രീകരിക്കാതെ, മുഖ്യമന്ത്രി പിണറായി വിജയനെ ഉയര്‍ത്തി കാണിക്കുംവിധം വലിയ പ്രചാരണ പരിപാടികളവര്‍ നടത്തിയത്. ഇതിലേക്ക് എല്ലാ മുസ്‌ലിം സംഘടനാ നേതാക്കളെയും ക്ഷണിച്ച് മുസ്‌ലിം സമുദായത്തിനൊപ്പമാണ് തങ്ങളെന്നും മുഖ്യമന്ത്രി എല്ലാവരെയും സംരക്ഷിക്കുമെന്നും വരുത്തിത്തീര്‍ക്കുകയാണവര്‍.
യഥാര്‍ഥത്തില്‍ കഴിഞ്ഞ കാലങ്ങളിലൊന്നുമില്ലാത്തവിധം പൗരത്വ പ്രക്ഷോഭത്തില്‍ മുസ്‌ലിം സമുദായം ഐക്യപ്പെട്ടിട്ടുണ്ട്. സംഘടനാതീതമായി മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങള്‍ തന്നെയാണ് ഇതിന്റെ മികച്ച ഉദാഹരണം. സംസ്ഥാന-ജില്ലാ തലങ്ങളില്‍ നടന്ന ലക്ഷങ്ങള്‍ പങ്കെടുത്ത ജനകീയ പ്രക്ഷോഭങ്ങളില്‍ ഇരുവിഭാഗം സമസ്തയുടെ നേതാക്കളും അണികളും ഒരുമിച്ചായിരുന്നു. മുജാഹിദ് സംഘടനകളും ജമാഅത്തെ ഇസ്‌ലാമിയും ഈ മുസ്‌ലിം കൂട്ടായ്മയുടെ ഭാഗമായിരുന്നു. കേരളത്തില്‍ നടന്ന പൗരത്വ പ്രക്ഷോഭങ്ങളിലെവിടെയും തീവ്രവാദ പ്രവണതകളോ അത്തരം സംഘര്‍ഷങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീവ്രവാദ ആശയമുള്ളവരോട് ഒരു യോജിപ്പുമില്ല, അത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുന്നുമില്ല. എന്നാല്‍ ഇല്ലാത്ത തീവ്രവാദമാണ് പൗരത്വ വിരുദ്ധ സമരത്തില്‍ ഇടതുപക്ഷം ആരോപിച്ചിട്ടുള്ളത്. സി.പി.എമ്മിന്റെ ആ ആരോപണത്തെ അടിസ്ഥാനരഹിതമെന്ന് തുറന്നുകാണിക്കാതിരിക്കാനുമാവില്ല.
യൂത്ത് ലീഗ് പൗരത്വ പ്രക്ഷോഭത്തില്‍ തുടക്കം മുതലേ തെരുവിലുണ്ട്. സംഘടനയുടെ സമരങ്ങളെയും ഭാവി പ്രക്ഷോഭങ്ങളെയും കുറിച്ച്?
ലീഗും യൂത്ത് ലീഗും പ്രക്ഷോഭത്തില്‍ തുടക്കം മുതലേ വ്യത്യസ്ത സമരങ്ങളുമായി തെരുവിലുണ്ട്. പൗരത്വ റാലി സംഘടിപ്പിച്ചുകൊണ്ടായിരുന്നു സമരങ്ങളുടെ തുടക്കം. പിന്നീട് പതിനായിരങ്ങളെ അണിനിരത്തി ദേശ് രക്ഷാ മതില്‍ തീര്‍ത്തു. കോഴിക്കോട് കേന്ദ്രീകരിച്ച് ശാഹീന്‍ ബാഗ് മോഡല്‍ സമരത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുന്നു. കേരളത്തിലും ഇന്ത്യയിലും അറിയപ്പെടുന്ന സോഷ്യല്‍ ആക്ടിവിസ്റ്റുകളും മതനിരപേക്ഷ കൂട്ടായ്മകളുടെയും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളും അതില്‍ പങ്കെടുക്കുന്നുണ്ട്.
'വീട്ടുമുറ്റം' എന്ന പേരില്‍ യൂത്ത് ലീഗ് നടത്തുന്ന പരിപാടിയുടെ അജണ്ട പ്രായമായവരെയും സ്ത്രീകളെയും ഈ വിഷയത്തില്‍ ബോധവത്കരിക്കുക എന്നതാണ്. സമരങ്ങള്‍ക്കൊപ്പം ബോധവത്കരണവും സമുദായത്തിനകത്ത് ഈ വിഷയത്തില്‍ അനിവാര്യമാണ്. അറുപത് വയസ്സ് പിന്നിട്ട ചിലര്‍ക്കെങ്കിലും ഈ നിയമത്തിന്റെ പ്രത്യാഘാതമോര്‍ത്ത് മാനസിക നില തെറ്റിയിട്ടുണ്ട്. ഇത്തരം കേസുകളിപ്പോള്‍ ഹോസ്പിറ്റലുകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്‌കൂളുകളിലും മറ്റ് ഓഫീസുകളിലും രേഖകളും സര്‍ട്ടിഫിക്കറ്റും ശരിയാക്കാന്‍ കയറിയിറങ്ങി ആശങ്കകള്‍ പങ്കുവെക്കുന്ന ചെറുതല്ലാത്ത ഒരു വിഭാഗവും പ്രായമായവരിലുണ്ട്. വീട്ടിലെ മുതിര്‍ന്ന ചില സ്ത്രീകള്‍ക്കും അമിതാശങ്കയുടെ പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ സമരങ്ങള്‍ക്കൊപ്പം ഇത്തരം വിഷയങ്ങളില്‍ ആശങ്കയകറ്റുകയും ഇവര്‍ക്ക് ആത്മവിശ്വാസവും കരുത്തും നല്‍കുംവിധമുള്ള ബോധവത്കരണവും കുടുംബങ്ങളില്‍ നടക്കേണ്ടതുണ്ട്. ഇത്തരത്തിലൊരു ബോധവല്‍ക്കരണവും കൂടി ഉദ്ദേശിച്ചാണ് യൂത്ത്‌ലീഗ് 'വീട്ടുമുറ്റം' പരിപാടി ആവിഷ്‌കരിച്ചത്. ഈ വിഷയം എല്ലാ സംഘടനകളുടെയും കൂട്ടായ്മകളുടെയും അജണ്ടയില്‍ വരേണ്ടതുണ്ട്. പ്രാദേശിക തലങ്ങളിലടക്കം നടക്കുന്ന ജനജാഗ്രതാ സദസ്സാണ് ഇനി ഈ വിഷയത്തില്‍ ലീഗ് ആസൂത്രണം ചെയ്തിരിക്കുന്നത്.
Comments