Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 28

3141

1441 റജബ് 04

നയതന്ത്രജ്ഞതയും പ്രയോഗ കൗശലവും

സാലിഹ് നിസാമി പുതുപൊന്നാനി

വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും രാജ്യാന്തര ബന്ധങ്ങളും രാജ്യാന്തര്‍ ബന്ധങ്ങളും നയപരവും തന്ത്രപരവുമായിരിക്കുകയെന്നത് വളരെ പ്രധാനമായ ഇസ്ലാമിക പാഠങ്ങളിലൊന്നാണ്. ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഡിപ്ലോമസി, സ്ട്രാറ്റജി തുടങ്ങിയ പദാവലികള്‍ ഉപയോഗിച്ച് തുടങ്ങുന്നതിനു മുമ്പ്, ഇസ്ലാമിക പ്രമാണങ്ങളിലും ചരിത്രങ്ങളിലും ഇതിനെ സിയാസ:, തദ്ബീര്‍ (മാനേജ്‌മെന്റ്), ഹിക്മ, ഖദ്അഃ, ഹീലഃ (രക്ഷാസൂത്രം), തൗരിയഃ (ദ്വയാര്‍ഥ പ്രയോഗം), തഅന്നി... എന്നിത്യാദി സംജ്ഞകളിലൂടെയാണ് പരിചയപ്പെടുത്തുന്നത്. ഇസ്‌ലാമിക സ്വഭാവ ശാസ്ത്രം അദബ് എന്ന വലിയ വൃത്തത്തില്‍ ഇവയെ സമഗ്രമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇസ്ലാമിക കര്‍മശാസ്ത്രം പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ള അടിക്കല്ലുകളില്‍ സുപ്രധാനമാണ് നയവും തന്ത്രവും. ഒട്ടേറെ ഉസ്വൂലുകള്‍ തന്ത്രത്തിലും, ആരോഗ്യകരവും നിര്‍മാണാത്മകവുമായ നയങ്ങളിലും ഊന്നിയാണ് നിയമങ്ങളെ താങ്ങി നിര്‍ത്തുന്നത്. ആധ്യാത്മിക ശിക്ഷണത്തിന്റെ മുഖ്യ ശ്രദ്ധയും ഉടമയുമായുള്ള ദാസന്റെ നയതന്ത്രങ്ങളെ കുറിച്ച്തന്നെയാണ്. 'സ്വന്തത്തെ നയപരമായി നേരിടാന്‍ കഴിയാത്തവനാണ് യഥാര്‍ഥത്തില്‍ ദുര്‍ബലന്‍' എന്ന് അലി (റ) പ്രസ്താവിച്ചിട്ടുണ്ട്. ആധ്യാത്മിക ഗുരു ഇബ്‌നു അത്വാഇല്ലാഹി സ്സിക്കന്ദരിയുടെ 'അല്‍ഹികം' ഈ മേഖലയില്‍ പ്രസിദ്ധമായ രചനയാണ്. ചൈനയില്‍ പോയിട്ടെങ്കിലും സ്വായത്തമാക്കണം എന്ന് ഉദ്‌ഘോഷിക്കപ്പെട്ട ഇല്‍മ് സാങ്കേതിക- നിര്‍മാണ വിദ്യയാണെങ്കില്‍, എവിടെക്കണ്ടാലും എടുത്ത് സ്വന്തമാക്കണമെന്ന് പ്രേരിപ്പിച്ച 'ഹിക്മത്ത്' ആണ് നയതന്ത്ര പാഠങ്ങള്‍.
കുടുസ്സുകളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി മാത്രമല്ല, അയത്‌ന ലളിതവും അനായാസവുമായ തുറസ്സ് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിലും സദാ പരിപാലിക്കേണ്ടുന്ന ഇസ്‌ലാമിക അധ്യാപനമാണ് നയം/തന്ത്രം. സമുദായത്തിന്റെ ക്ലേശം ലഘൂകരിക്കുകയും നേട്ടം വര്‍ധിപ്പിക്കുകയുമാണ് നയതന്ത്രങ്ങളുടെ ആത്യന്തിക താല്‍പര്യം. എന്നാലിതൊരു ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. ഇസ്സത്ത് (അന്തസ്സ്), ശുജാഅത്ത് (സധീര നിലപാട്), ശിദ്ദത്ത് (ആദര്‍ശ കണിശത), ഗില്‍ളഃ (കര്‍ശന സമീപനം) തുടങ്ങിയ അടിസ്ഥാന സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാനുള്ള ശക്തമായ ആഹ്വാനങ്ങള്‍ ഒരു ഭാഗത്ത്. നിഫാഖ്, ജുബ്‌ന് (ആദര്‍ശ ഭീരുത്വം), റുകൂന് (ചായ്വ്), മുദാഹന (അനുനയിപ്പിക്കല്‍), മുലായനഃ, മുലാത്വഫ: (അനുഭാവം കാണിക്കല്‍) തുടങ്ങിയ അധമ ബോധത്തില്‍ നിന്നുള്ള ദുര്‍ബല ശീതചിന്തകളും ദുരഭിമാനം, അസ്വബിയ്യത്ത്, ഉന്‍ഫ് (ദയാര്‍ദ്രതയില്ലാത്ത നിലപാട്), അജലത്ത്( എടുത്തുചാട്ടം), ഹിഖ്ദ് (ന്യായമില്ലാത്ത പക) തുടങ്ങിയ അക്രമണോത്സുകമായ തീവ്ര വികാരങ്ങളും ഉണ്ടായിക്കൂടെന്ന താക്കീത് മറു ഭാഗത്ത്. നിലപാട് പിഴവുകളും നയ വൈകല്യങ്ങളും ഉണ്ടാക്കുന്ന ആഘാതങ്ങള്‍, സമുദായത്തിനും ദീനിനും വലിയ പ്രഹരമായി മാറുകയും  ഒരുപാട് കാലത്തേക്ക് പരിഹരിക്കാന്‍ സാധിക്കാത്ത ഭീകര അബദ്ധമായി തീരുകയും ചെയ്യരുതെന്ന സൂക്ഷ്മത മറ്റൊരു വശത്ത്. ഇവയെല്ലാം ചേര്‍ത്തുവെച്ചുവേണം നയതന്ത്ര നിലപാടുകള്‍ ആവിഷ്‌കരിക്കാന്‍. വിശാലമായ ചരിത്ര ബോധത്തിലൂടെയും സാമൂഹിക നിരീക്ഷണ പാടവത്തിലൂടെയും ദീര്‍ഘദര്‍ശന മിടുക്ക് ആര്‍ജിച്ചവര്‍ക്കേ, ഭാവിയിലെ വലിയ നേട്ടം മുന്‍കൂട്ടി കണ്ട് താല്‍ക്കാലിക നഷ്ടങ്ങള്‍ മനഃപൂര്‍വം സൃഷ്ടിക്കാനും ഏറ്റെടുക്കാനും സാധിക്കൂ. ഇവിടെയാണ് നയം ഞാണിന്മേല്‍ കയറിയുള്ള അഭ്യാസമായി മാറുന്നത്. ഇത്തരം അഭ്യാസങ്ങള്‍ സന്ദര്‍ഭം വരുമ്പോള്‍ വിജയകരമായി കാണിക്കാന്‍ കഴിയണമെങ്കില്‍ മോക് ഡ്രില്ലുകള്‍ അത്യാവശ്യമാണ്; ദൗര്‍ഭാഗ്യവശാല്‍, പരിശീലനക്കുറവു കാരണം നേതൃത്വങ്ങള്‍ക്ക് പോലും ഈ അഭ്യാസം പലപ്പോഴും അത്രക്ക്  വഴങ്ങുന്നില്ല; ചിലപ്പോള്‍ നയം ശുദ്ധ ഭീരുത്വം ആകുന്ന ഘട്ടവുമുണ്ട്. മറ്റു വേളകളില്‍ സമുദായത്തെ കുരുതി കൊടുക്കുന്ന 'ആവേശ'വും.
അനുയായികള്‍ നയതന്ത്രങ്ങളെക്കുറിച്ച് നിരക്ഷരരാണ് ഏറക്കുറെ. പാര്‍ട്ടി സ്‌കൂളുകള്‍ നല്‍കുന്ന പാഠബോധനം എല്ലാവര്‍ക്കും ബോധിക്കണമെന്നുമില്ല. സ്വന്തം പക്ഷത്തിന്റെ/ സംഘത്തിന്റെ മാത്രം നയം ബോധ്യമായാല്‍ മതിയാകില്ല. അപരന്റെയും നീക്കം തിരിച്ചറിയാന്‍ സാധിക്കണം. അതായത്, ചതുരംഗപ്പലകയില്‍ നല്ല വഴക്കമാര്‍ജിക്കണം നേതാക്കളും അണികളും. 'വെട്ടൊന്ന് കണ്ടം രണ്ട്' എന്ന മട്ടിലുള്ള നയമില്ലാത്ത എടുത്തു ചാട്ടങ്ങള്‍ പൈശാചികമായതുപോലെത്തന്നെ നയബോധമില്ലാത്ത പിന്മാറ്റങ്ങളും (ഉദാ. യുദ്ധ മുഖത്തു നിന്നുള്ള ഒഴിഞ്ഞുമാറ്റം നയബോധത്തോടെ അല്ലെങ്കില്‍) പൈശാചികമായ കൊടും അപരാധമാണ്; നയ ചാതുരിയോടെയുള്ള ഏത് നീക്കത്തിനും ദൈവിക പിന്തുണയും സഹായവും ഉറപ്പാണ്. ഡിപ്ലോമസിയിലും സ്ട്രാറ്റജിയിലും ഇഫ്രാത്വും തഫ്രീത്വും (തീവ്രതയും അലംഭാവവും) ഇല്ലാത്ത വിധം ഉമ്മത്തുന്‍ വസത്വ് (മധ്യമ സമൂഹം) ആയിരിക്കാന്‍ കഴിയുന്നിടത്താണ് സമുദായം വിജയിക്കുന്നതും സുരക്ഷിതരാകുന്നതും.

നയതന്ത്ര പാഠങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍

ഒരു നയതന്ത്രജ്ഞന്റെ ഭാഷ രൂപപ്പെടുത്തുന്നു് ഖുര്‍ആന്‍. സത്യത്തിന്റെ ആഗോള ദൂതനെ, 'നിശ്ചയമായും ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്മാര്‍ഗത്തില്‍ നിലകൊള്ളുന്നു; അല്ലെങ്കില്‍ വ്യക്തമായ വഴികേടില്‍' എന്ന് പ്രതിപക്ഷ ബഹുമാനത്തോടെ പറയാന്‍ അഭ്യസിപ്പിച്ച ഖുര്‍ആന്‍ സമുദായത്തെ എക്കാലത്തും നയതന്ത്ര മേഖലയിലും  വഴികാട്ടേണ്ടതുണ്ട്. ''ഞങ്ങള്‍ ചെയ്യുന്ന 'രാജ്യദ്രോഹ നടപടികളെ'ക്കുറിച്ച് നിങ്ങളല്ല ചോദ്യം ചെയ്യപ്പെടേണ്ടതും ഉത്തരം നല്‍കേണ്ടതും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങളോടല്ല ചോദിക്കേണ്ടു''. ഞങ്ങളുടെ ചെയ്തികള്‍ അക്രമവും നിങ്ങളുടേത് കേവല കര്‍മങ്ങളും?! സത്യത്തില്‍/നീതിയില്‍ നാം ഏക സ്വരത്തിലെത്തുന്ന സുമോഹന ചുറ്റുപാടിനെക്കുറിച്ചാണ് അവരോട് സംസാരിക്കുന്നത്?! എത്ര മനോഹരമായ ഭാഷ. പലപ്പോഴും ഈ ഭാഷയുടെ അഭാവത്തിലാണ് പല നയതന്ത്രങ്ങളും പരാജയപ്പെടുന്നതും പ്രശ്‌നങ്ങള്‍ കലുഷിതമാകുന്നതും. സൂറ അന്‍കബൂത്ത് നാല്‍പത്തിയാറാം സൂക്തവും ആലുഇംറാന്‍ അറുപത്തിനാലാം സൂക്തവും ഉഭയ കക്ഷി സംഭാഷണത്തിലെ ഡിപ്ലോമാറ്റിക് ഭാഷ തന്നെയാണ് പഠിപ്പിക്കുന്നത്.
വിവിധ സാമൂഹിക സാഹചര്യങ്ങളെ നേരിട്ട പൂര്‍വ പ്രവാചകന്മാരുടെ നയനിലപാടുകള്‍ വിശുദ്ധ ഖുര്‍ആന്‍ വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. എങ്ങനെ  നയതന്ത്രജ്ഞത കൈവരിക്കാം എന്ന മനോഭാവത്തോടെ ആ സംഭവങ്ങള്‍ ഒരാവൃത്തി വായിക്കുന്നവര്‍ക്ക് മുന്നില്‍ 'ഇല്‍മുസ്സിയാസ:' യുടെ ഉസ്വൂലുകള്‍ ഒന്നൊന്നായി ഉയര്‍ന്നുവരുന്നതുകാണാം. ഏതൊരു സമുദായത്തിനുമുണ്ട് തന്ത്രങ്ങളുടെ ആചാര്യനായി ഒരാളെങ്കിലും. കൗടില്യനും തിരുവള്ളുവരും പോലെ. അതുപോലൊരു മഹാ ജ്ഞാനിയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്;  ലുഖ്മാന്‍ എന്ന സാത്വികനെ. മകനെയാണ് അദ്ദേഹം ഉപദേശിക്കുന്നത്. 'ജനങ്ങളുമായി സംസാരിക്കുമ്പോള്‍ അവരെ അവഗണിക്കും വിധം മുഖം തിരിക്കാതെ പരിഗണനയുടെ മുഖഭാവം കാത്തു സൂക്ഷിക്കണം'. ഒരു ഡിപ്ലോമാറ്റിക്കിന്റെ ബോഡി ലാംഗ്വേജ് ശരിയാക്കാന്‍ വേണ്ട തത്ത്വോപദേശമായി അദ്ദേഹത്തിന്റെ ഈ ഉപദേശത്തെ എടുക്കണം; രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണത്തില്‍ പാലിക്കേണ്ട സ്വഭാവ ഗുണമായി ചുരുക്കി വായിക്കരുത്. അദ്ദേഹത്തിന്റെ ഉപദേശത്തില്‍ കടന്നുവരുന്ന 'അന്നാസ്' അത്ര ചെറിയ വൃത്തമല്ല. വായു ഉള്ളില്‍ വീര്‍പ്പിച്ചുള്ള നടപ്പും നടത്തവും ഭൂമിയില്‍ എവിടെയും പാടില്ലെന്നാണ് തുടര്‍ന്ന് ഉപദേശിക്കുന്നത്. നിലപാടുകള്‍ എപ്പോഴും മിതത്വപൂര്‍ണമായിരിക്കണം; ശബ്ദത്തിലും അതിന്റെ സൗമ്യത വേണം. ഇവ മാത്രമല്ല, ധാര്‍മിക പാഠങ്ങള്‍ പകരുന്ന ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ലുഖ്മാനുല്‍ ഹകീമിന്റെ മഹദ് വചനങ്ങള്‍ വേറെയും എമ്പാടും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. 

നബിയുടെ നയതന്ത്രജ്ഞത

മക്കയിലെയും മദീനയിലെയും ഇതരസമുദായങ്ങളുമായും സമീപ- വിദൂര രാജ്യങ്ങളിലെ അധികാരികളുമായും നടത്തിയ രാഷ്ട്രീയ ഇടപാടുകളില്‍  പ്രവാചകനിലെ നയതന്ത്രജ്ഞനെ കണ്ടെത്താനാകും. ബഹുമാനപൂര്‍വം ശത്രുക്കളുമായി തുറന്നു സംസാരിക്കുകയും, അവരോട് മികച്ച ശൈലിയില്‍ സംവദിക്കുകയും ചെയ്യുമായിരുന്നു പ്രവാചകന്‍ (സ). ബഹുദൈവാരാധകരായ ഖുറൈശികളുടെ വക്താവ് ഉത്ത്ബത്തു ബ്‌നു റബീഅയുമായി നബി (സ) നടത്തിയ ഉഭയകക്ഷി ചര്‍ച്ച മാതൃകാപരമാണ്. നബി(സ)യെ ഇസ്ലാമില്‍നിന്ന് പിന്തിരിപ്പിക്കുകയെന്ന ദൗത്യവുമായാണ് ഉത്ത്ബത്ത് വന്നത്. നബി(സ)ക്കെതിരെ കനത്ത ആരോപണങ്ങളും ഉത്ത്ബത്ത് ഉന്നയിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ 'പറയൂ, അബുല്‍ വലീദ്, ഞാന്‍ കേള്‍ക്കുന്നുണ്ട്' എന്ന് പറഞ്ഞ് എതിരാളിയുടെ ആരോപണങ്ങളും ആക്ഷേപങ്ങളും സുസ്‌മേരവദനനായി തികഞ്ഞ അവധാനതയോടെ കേള്‍ക്കാന്‍ തയാറായ നബി (സ), അതെല്ലാം കേട്ട ശേഷം, 'അബുല്‍ വലീദ്, താങ്കള്‍ പറഞ്ഞുതീര്‍ന്നോ?' എന്ന് ചോദിച്ച് തന്റെ നിലപാട് വ്യക്തമാക്കുന്ന സന്ദര്‍ഭം എത്ര മനോഹരമാണ്! തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും എടുത്തുചാടി മറുപടി പറയാന്‍ നില്‍ക്കാതെ, എതിരാളിയെ അയാള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പേര് വിളിച്ച്, താന്‍ പറയുന്നത് കേള്‍ക്കാന്‍ സവിനയം ആവശ്യപ്പെടുന്നു.
തൈ്വഅ് ഗോത്രത്തലവന്‍ അദിയ്യു ബ്‌നു ഹാത്തിമിനെ നബി (സ) ഇസ്‌ലാമിലേക്ക് കൊണ്ടുവന്ന നയതന്ത്ര നീക്കങ്ങളില്‍ ഒരുപാട് പാഠങ്ങള്‍ അടങ്ങിയിട്ടുണ്ട്. അദ്‌നാനി പാരമ്പര്യമുള്ള ഖുറൈശികളുമായി ഗോത്രപരമായ വൈരാഗ്യം പുലര്‍ത്തിയിരുന്ന ഖഹ്ത്വാനി രക്തമുള്ള റബീഅ: ഗോത്രത്തിലെ ഉപഗോത്രമാണ് തൈ്വഅ്. ഫില്‍സ് എന്നു പേരുള്ള വിഗ്രഹമായിരുന്നു അവരുടെ ഗോത്ര ദൈവം. അവര്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിക്കുകയും ചിലര്‍ റോമുമായി ആത്മീയ-രാഷ്ട്രീയ ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. ശക്തരായിരുന്നു റബീഅ. ഇസ്‌ലാമിനോട് കൊടിയ ശത്രുത പുലര്‍ത്തിയിരുന്ന കഅബു ബ്‌നുല്‍ അശ്റഫ് എന്ന ജൂതന്റെ പിതാവ് തൈ്വഅ് ഗോത്രജനായിരുന്നു. നബി(സ)യുടെ ആഗമനസമയത്ത് തൈ്വഅ് ഗോത്രത്തിലെ പൗര മുഖ്യനായിരുന്നു അദിയ്യ്. ആതിഥ്യമര്യാദയിലും ദാനധര്‍മത്തിലും അറിയപ്പെട്ട മാതൃകയായിരുന്ന ഹാതിമുത്ത്വാഈയുടെ പുത്രന്‍. അറബികള്‍ക്കിടയില്‍ ധാരാളം പേര്‍ അദിയ്യിന്റെ ഫാന്‍ ആയിരുന്നു. നബി(സ)യുടെ ആഗമനം അദ്ദേഹത്തെ കനത്തില്‍ അസ്വസ്ഥനാക്കി. 'റസൂലുല്ലാഹി (സ) നിയോഗിക്കപ്പെടുന്ന സമയത്ത്, അദ്ദേഹത്തിനോട് തോന്നിയ വെറുപ്പ് മറ്റാരോടും എനിക്ക് തോന്നിയിട്ടില്ല' എന്ന് അദിയ്യ് പിന്നീട് അയവിറക്കുന്നുണ്ട്.
മക്കാ വിജയം കഴിഞ്ഞപ്പോള്‍, നബി (സ) അലി(റ)യെ തൈ്വഅ് ഗോത്രത്തിലേക്ക് അയച്ചു. ശക്തമായ പോരാട്ടത്തിനൊടുവില്‍ അവര്‍ നാലുപാടും തോറ്റോടി. അദിയ്യ് ശാമില്‍ അഭയം തേടി. അദിയ്യിന്റെ സഹോദരിയും തടവുപുള്ളികളില്‍ ഉണ്ടായിരുന്നു. നബി (സ) പിഴ ചുമത്താതെ അവളെ ശാമിലേക്ക് അയച്ചു. സഹോദരനോട് താന്‍ കാണാന്‍ ആഗ്രഹിക്കുന്നതായി പറയാന്‍ ആവശ്യപ്പെട്ടു. 'അങ്ങയുടെ പിതാവ് പോലും കാണിക്കാത്ത മഹാ മനസ്‌കതയാണ് മുഹമ്മദ് നബി കാണിച്ചിരിക്കുന്നത്; അദ്ദേഹത്തെ ചെന്നു കാണൂ'- സഹോദരി അദിയ്യിനോട് പറഞ്ഞു. അഭയാര്‍ഥിയായി അന്യരാജ്യത്ത് ജീവിക്കുന്നതിഷ്ടമില്ലാതിരുന്ന അദിയ്യ് നബിയുടെ ക്ഷണം സ്വീകരിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം മദീനയില്‍ വന്നു. നബി (സ) മസ്ജിദില്‍ ആയിരുന്നു. ആളെ മനസ്സിലായപ്പോള്‍ ഉടനെ വീട്ടിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയില്‍ അശരണയായ ഒരു ദുര്‍ബല സ്ത്രീ എന്തോ ആവശ്യവുമായി വന്നതും നബി (സ) അവരുമായി വേണ്ടുവോളം സംസാരിച്ചതും അദിയ്യ് ശ്രദ്ധിച്ചു. സമാനതകള്‍ ഇല്ലാത്ത സ്‌നേഹ സ്വീകരണം. ചാരിയിരിക്കാന്‍ ഒരു ചാരുമെത്ത കൊടുത്തു. താങ്കള്‍ ഇരിക്കൂ എന്ന് പറഞ്ഞ് അതിഥി അത് നിരസിച്ചെങ്കിലും, നബി (സ) നിലത്തുതന്നെ ഇരുന്നു. അദിയ്യ് മെത്തയിലും. ദീര്‍ഘമായ സംസാരത്തില്‍ അലിയുമായുള്ള ചെറുത്തുനില്‍പ്പില്‍ തോറ്റതോ ഓടി അഭയം തേടിയതോ സഹോദരിയെ വിട്ടയച്ചതോ ഒന്നും സംസാരിച്ചില്ല. അദിയ്യിന്റെ ആദര്‍ശ സംസ്‌കാരത്തെക്കുറിച്ച് നബി (സ) നന്നായി മനസ്സിലാക്കി വെച്ചിരുന്നു. ആ സംഭാഷണത്തില്‍ അദിയ്യ് ഇസ്ലാം സ്വീകരിച്ചു. 'താങ്കള്‍ നേരത്തേ ഇസ്ലാം സ്വീകരിക്കാന്‍ മടിച്ച കാരണം വ്യക്തമാക്കാമോ?' നബി (സ) അനേഷിച്ചു. 'അറബികള്‍ അരികിലേക്ക് എറിഞ്ഞ ദുര്‍ബലരെയും സമൂഹത്തിലെ അശരണരെയുമാണ് ഇസ്‌ലാമില്‍ കണ്ടത്' എന്നായിരുന്നു അദിയ്യിന്റെ മറുപടി. നബി (സ) അവിടെവെച്ച് നടത്തിയ  പ്രവചനം പുലര്‍ന്നു: അദിയ്യും സംഘവും കിസ്രായുടെ സാമ്രാജ്യം ഇസ്‌ലാമിന് കീഴ്‌പ്പെടുത്തുകയും അവിടത്തെ വമ്പിച്ച ധനശേഖരം ദുര്‍ബല ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു.      
മദീനയില്‍ വന്ന ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് അവരുടെ വിശ്വാസപ്രകാരം മസ്ജിദുന്നബവിയില്‍ ആരാധന നിര്‍വഹിക്കാന്‍ അനുവാദം നല്‍കിയ സംഭവം എന്തുമാത്രം സ്ട്രാറ്റജികും ഡിപ്ലോമാറ്റിക്കും ആണ്! അയല്‍പക്ക രാജാക്കന്മാരെ ബഹുമാനപൂര്‍വമായിരുന്നു നബി (സ) സംബോധന ചെയ്തിരുന്നത്. റോം രാജന്‍ ഖൈസറിനെ 'അളീമുര്‍റൂം' എന്നും പേര്‍ഷ്യന്‍ രാജാവ് കിസ്രയെ 'അളീമു ഫാരിസ്' എന്നും ഈജിപ്ഷ്യന്‍ രാജാവ് മുഖൗഖിസിനെ 'അളീമുല്‍ ഖിബ്ത്വ്' എന്നും എത്യോപ്യന്‍ രാജാവ് നജ്ജാശിയെ 'അളീമുല്‍ ഹബ്ശ:' എന്നും മഹത്വപ്പെടുത്തി സംബോധന ചെയ്താണ് നബി (സ) അവര്‍ക്കെല്ലാം കത്തുകള്‍ അയച്ചത്.
നബി(സ)യുടെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്: 'അല്‍ഹര്‍ബു ഖദ്അ' ഓരോ യുദ്ധവും ഓരോ തന്ത്രത്തില്‍ ഊന്നിയാകണം എന്ന് സാരം. ഖദ്അ: തവണയെ കാണിക്കുന്ന പദരൂപമാണ്. ഒരു തവണ ഒരു തന്ത്രം. ഒരേ തന്ത്രം ആവര്‍ത്തിക്കുന്നത് അപകടകരമാണ്. യുദ്ധങ്ങള്‍ ഓരോന്നും വ്യത്യസ്ത തന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം എന്നുമാത്രമല്ല, യുദ്ധ സാധ്യത ഇല്ലാതാക്കാനുള്ള സൂത്രങ്ങള്‍ പ്രയോഗിക്കാനുള്ള ആഹ്വാനം കൂടിയാണ് ഈ പ്രസ്താവന. നിര്‍വാഹമില്ലാത്തപ്പോള്‍ മാത്രമാണ് സായുധ പോരാട്ടം. നബി (സ) നേതൃത്വം നല്‍കിയതും നിര്‍ദേശിച്ചതുമായ ഓരോ യുദ്ധവും ഇങ്ങനെ സ്ട്രാറ്റജിക് ആയിരുന്നു.
അതേസമയം, സത്യവിശ്വാസിക്ക് ഒരേ മാളത്തില്‍നിന്നും രണ്ടു തവണ സര്‍പ്പദംശനമേല്‍ക്കരുത് എന്ന് ഓര്‍മിപ്പിച്ചതും നബി (സ) തന്നെ. ഒരു പ്രാവശ്യത്തെ ദുരനുഭവത്തില്‍നിന്ന് മതിയാവോളം പാഠം ഉള്‍ക്കൊിരിക്കണം സത്യവിശ്വാസി. ഒരിക്കല്‍ സമുദായത്തെ വെട്ടിലാക്കാന്‍ എടുത്ത സൂത്രങ്ങളുടെ പുതിയ പുതിയ പതിപ്പുകള്‍ എതിര്‍പക്ഷം പ്രയോഗിക്കുമ്പോള്‍, അതില്‍ പെട്ടുപോകാതിരിക്കാന്‍ സത്യവിശ്വാസിക്ക് സാധിക്കണം. അതിനവന്‍ ചരിത്രം വായിക്കണം. അനുഭവങ്ങളോരോന്നിനെയും സസൂക്ഷ്മം വിലയിരുത്തി പാഠം പഠിക്കുന്നവനാണ് സത്യവിശ്വാസി. ഓരോ കാല്‍വെപ്പും പരിണിതഫലത്തെക്കുറിച്ച നല്ല ജാഗ്രതയോടെ ആയിരിക്കണം. നബി (സ) സമുദായത്തെ വേണ്ടതെല്ലാം പഠിപ്പിച്ചിട്ടുണ്ട്.  
വസ്തുതക്ക് വിരുദ്ധമായി പറയല്‍ അനുവദനീയവും ചിലപ്പോള്‍ നിര്‍ബന്ധവും ആകുന്ന ഘട്ടങ്ങളുണ്ട്. അകാരണമായി വധിക്കാനോ സ്വത്ത് കവരാനോ തയാറായി അക്രമി പിന്നാലെ വരുന്ന സമയത്ത്  അഭയം തേടി വന്ന ഒരു നിരപരാധിയെ  ഒളിപ്പിച്ചുവെച്ച് 'ഞാന്‍ കണ്ടില്ല' എന്ന് പറയേണ്ടി വരുന്ന ഘട്ടം ഉദാഹരണം. സമാനമായ സന്ദര്‍ഭങ്ങളുാകും. ദ്വയാര്‍ഥപ്രയോഗം മതിയെങ്കില്‍ അത്രമാത്രം മതി. വലിയ നേട്ടത്തിനു വേണ്ടിയുള്ള ഈ ചെറിയ കളവുകള്‍ സാങ്കേതികമായി ദീന്‍ കളവായി പരിഗണിക്കുന്നില്ല. വാക്കുകളിലെ ഉദ്ദേശ്യമാണ് ദീന്‍ പരിഗണിക്കുക. സദുദ്ദേശ്യം വെച്ചുള്ള 'കളവ്' കളവായി ഗണിക്കില്ല. ഇമാം നവവി 'അല്‍അദ്കാറി' ല്‍ ഇക്കാര്യം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മലബാറിലെ പാഠങ്ങള്‍

മലബാറിലെ മുസ്ലിം നേതൃത്വം കാണിച്ച നയചാതുരിയുടെ ചരിത്രം നമ്മെ വഴികാണിക്കാന്‍ പര്യാപ്തമാണ്. പല കാര്യത്തിലും മുസ്ലിം കേരളം മുസ്ലിം ഇന്ത്യയുടെ ഭാഗമല്ല. കേരളത്തില്‍ പറയത്തക്ക മുസ്ലിം ഭരണം ഉണ്ടായിട്ടില്ല; കണ്ണൂരിലെ അറയ്ക്കല്‍ രാജഭരണം ഒഴിച്ചാല്‍. ആദ്യകാല പ്രബോധക സംഘം മുതല്‍ കോഴിക്കോട് ഖാദിമാരും പൊന്നാനിയിലെ മഖ്ദൂമുമാരും അവരുടെ നേതൃത്വത്തില്‍ കഴിഞ്ഞിരുന്ന മുസ്‌ലിംകളും ഇവിടത്തെ സഹിഷ്ണുക്കളായ അമുസ്‌ലിം ഭരണാധികാരികളുടെ കീഴിലാണ് ഇസ്‌ലാമികമായി ജീവിച്ചതും ഇസ്‌ലാം പ്രബോധനം ചെയ്തതുമെല്ലാം. പ്രബോധന സന്നാഹങ്ങളോ പ്രലോഭന തന്ത്രങ്ങളോ അധികാര ബലപ്രയോഗങ്ങളോ ഇല്ലാതെത്തന്നെ തദ്ദേശീയരായ അസംഖ്യം ജനങ്ങള്‍ ഇസ്ലാം സ്വീകരിച്ചു. വിശ്വാസത്തിലും കര്‍മങ്ങളിലും മാത്രമല്ല, പതിയെപ്പതിയെ അവര്‍ സംസ്‌കാരത്തിലും മുസ്‌ലിംകളായി മാറിക്കൊണ്ടിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ മാത്രമല്ല, ഉന്നത തറവാട്ടുകാരും ഇസ്‌ലാമിലേക്ക് ധാരാളം വന്നിട്ടുണ്ട്. തദ്ദേശീയരായ രാജാക്കന്മാരുടെ അറിവോടെയും സമ്മതത്തോടെയും ആയിരുന്നു ഇതെല്ലാം. മുസ്ലിം നേതൃത്വവും അതിനുള്ള നന്ദിയും കടപ്പാടും മര്യാദയും കാണിച്ചു. രാജ്യത്തെ സേവിച്ചു. ഭരണത്തെ സഹായിച്ചു. ഭരണം അട്ടിമറിക്കാനുള്ള യാതൊരു നീക്കവും മുസ്‌ലിംകളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് മുസ്‌ലിംകള്‍ തങ്ങളുടെ രാജ്യസ്‌നേഹം കൃത്യമായും പ്രകടിപ്പിച്ചു. സാമൂതിരിമാരില്‍ പലരും പ്രജാക്ഷേമം മാത്രം ലാക്കാക്കി ഭരിച്ചു. പിന്നീട് ഉപജാപങ്ങളില്‍പെട്ട അക്കാലത്തെ സാമൂതിരി കുഞ്ഞാലി മരക്കാരെ ഒറ്റുകൊടുത്തപ്പോഴും രാജ്യവിരുദ്ധമായ രഹസ്യമോ പരസ്യമോ ആയ നീക്കത്തിന് മുസ്‌ലിം നേതൃത്വം തുനിഞ്ഞില്ല. അങ്ങനെയൊരു കൈയബദ്ധം അവര്‍ക്ക് സംഭവിച്ചിരുന്നെങ്കില്‍ അതോടെ കേരള മുസ്ലിം ചരിത്രം അവസാനിക്കുമായിരുന്നു. പില്‍ക്കാലത്ത് വാണ സാമൂതിരിമാരുമായി സ്വരച്ചേര്‍ച്ച ഇല്ലായിരുന്നെങ്കിലും മുസ്‌ലിംകള്‍ അനുസരണയുള്ള പ്രജകളായി കഴിഞ്ഞുകൂടി. രാഷ്ട്രീയ കാരണങ്ങളാല്‍ മുസ്‌ലിംകളായ മൈസൂര്‍ ഭരണാധികാരികളെ മലബാറിലേക്ക് ക്ഷണിച്ചുവരുത്തിയത് സാമൂതിരി തന്നെ ആയിരുന്നു. അതയാള്‍ക്ക് തന്നെ ആപത്തായി. കുറച്ചു കാലം മലബാര്‍ മൈസൂര്‍ ഭരണത്തില്‍ വന്നു. അപ്പോഴും, മലബാറിലെ ജ്ഞാനനേതൃത്വം ഹൈദറിനെയോ ടിപ്പുവിനെയോ പൂമാലയിട്ട് സ്വീകരിച്ചില്ല.
ടിപ്പുവിനു ശേഷം ഇംഗ്ലീഷുകാര്‍ മലബാര്‍ ഭരിച്ചപ്പോള്‍ എന്തുണ്ടായി? മുസ്‌ലിം ടിപ്പുവിനോടുള്ള വിദ്വേഷം സാധു മുസ്ലിം ജനങ്ങളോട് തീര്‍ക്കുകയായിരുന്നു ഇവിടത്തെ ഭൂപ്രഭുക്കളായ ഹിന്ദുക്കള്‍. എന്നിട്ടും എടുത്തുചാട്ടത്തിനുള്ള ആഹ്വാനം നാം കേട്ടില്ല. ബ്രിട്ടീഷ് ഭരണാധികാരികളെ ഉപയോഗപ്പെടുത്തി ഹിന്ദു പ്രമാണിമാരും ഉദ്യോഗസ്ഥരും ചെയ്ത അക്രമങ്ങള്‍ക്ക് വൈയക്തികവും പ്രാദേശികവുമായ പ്രതിഷേധ കലാപങ്ങള്‍ ഉണ്ടായത് ശരി. അവിടെയും നയപരമായിരുന്നു പ്രതിഷേധങ്ങള്‍. നികുതി കൂടുതല്‍ ചോദിച്ചതിന് കാണിച്ച പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസിനോട് പരുഷമായി പെരുമാറുകയും അതൊരു കേസ് ആയി മാറുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്തത് ഉമര്‍ ഖാസിയുടെ അമ്പതാം വയസ്സില്‍. അദ്ദേഹം അതില്‍നിന്നും ചില നയതന്ത്ര പാഠങ്ങള്‍ പഠിച്ചുവെന്ന് വേണം മനസ്സിലാക്കാന്‍. തൊണ്ണൂറിലേറെ വയസ്സ് ജീവിച്ച ഉമര്‍ ഖാസി പിന്നെ രംഗത്ത് ഉണ്ടായിട്ടില്ല. നല്ല നയതന്ത്രജ്ഞനായിരുന്ന മമ്പുറം സയ്യിദ് ഫള്ല്‍ കലാപത്തിന് ആഹ്വാനം ചെയ്യാതെ മക്കയിലേക്ക് കടന്നത് ഭീരുത്വമോ ദൗര്‍ബല്യമോ ആയല്ല കാണേണ്ടത്; അതിലും ചില നയതന്ത്രങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹം മുസ്ലിം ജ്ഞാന- അധികാര നേതൃത്വങ്ങളെ സജ്ജമാക്കാന്‍ സമാഹരിച്ച 'ഉദ്ദത്തുല്‍ ഉമറാ'യില്‍ കാര്യമായും പറയുന്നത് തന്ത്രങ്ങളുടെ ആവശ്യകതയെക്കുറിച്ചും ശത്രുക്കളുടെ കുതന്ത്രങ്ങളെ തിരിച്ചറിയേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ആയിരുന്നു. അദ്ദേഹം നാടുവിട്ടതിനു ശേഷം, അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ ബ്രിട്ടീഷ് ബന്ധങ്ങളില്‍ അടവ് മാറ്റുന്നതാണ് നാം കാണുന്നത്. അനുനയത്തിന്റെ വഴിയായിരുന്നു അവര്‍ തെരഞ്ഞെടുത്തത്. ഇതിന്റെ തുടര്‍ച്ചയെന്നോണം സമുദായ സമുദ്ധാരകനായി കടന്നുവന്ന മക്തി തങ്ങള്‍ ആലോചനാശൂന്യമായ പോരാട്ടങ്ങളെ പിന്തിരിപ്പിക്കുകയും, ബ്രിട്ടീഷ് വാഴ്ചയെ നേരിടേണ്ട പുതിയ തന്ത്രങ്ങള്‍ സമുദായത്തെ പഠിപ്പിക്കുകയും ചെയ്തു. സമുദായത്തിന്റെ വികാരവും ആവശ്യങ്ങളും ബ്രിട്ടീഷ് രാജ്ഞിയെ ബോധ്യപ്പെടുത്താന്‍ പ്രാപ്തനായ നല്ലൊരു ഡിപ്ലോമാറ്റിക് ആയിരുന്നില്ലെങ്കിലും മക്തി തങ്ങള്‍ 'ആരോഗ്യകരമായ' വഴിയാണ് തെരഞ്ഞെടുത്തത്.  രാജഭക്തിയുള്ള നല്ല പ്രജയായി നിന്ന്, വിദ്യാഭ്യാസം നേടി രാജ്യത്തെ സേവിക്കുക എന്ന നയമായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചത്. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സമുദായത്തെ ഒറ്റുകൊടുക്കാന്‍ തയാറായ ഒട്ടേറെ സൂപ്രണ്ടുമാരുടെയും ഖാന്‍ ബഹാദൂര്‍മാരുടെയും കാലമായിരുന്നിട്ടും മക്തിതങ്ങള്‍ ആ വഴിക്ക് നീങ്ങിയില്ല. ചില നല്ല മനുഷ്യര്‍ സമുദായ രക്ഷ മുന്നില്‍ കണ്ടായിരുന്നു ബ്രിട്ടീഷുകാര്‍ 'അപ്പക്കഷണം' പോലെ നല്‍കിയിരുന്ന ബഹാദൂര്‍ പട്ടം ഏറ്റെടുത്തത്. നയതന്ത്ര വൈദഗ്ധ്യം കാണിച്ച പ്രമുഖനായിരുന്നു പൊന്നാനി ആറ്റക്കോയ തങ്ങള്‍. പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭക്ക് ഇംഗ്ലണ്ടില്‍നിന്നും ലൈസന്‍സ് തരപ്പെടുത്താന്‍ സാധിച്ചത് അദ്ദേഹത്തിന്റെ നയതന്ത്രജ്ഞത കൊായിരുന്നു. ഖിലാഫത്ത് സമര കാലത്തെ മുസ്‌ലിം നേതൃത്വങ്ങളുടെ വ്യത്യസ്ത നിലപാടുകളിലും കാണാം, നയതന്ത്രങ്ങളുടെ വൈവിധ്യം. ഖിലാഫത്ത് പ്രശ്‌നത്തിന് കോണ്‍ഗ്രസ് സഹായത്തോടെ പരിഹാരം കാണാന്‍ കഴിയുമെന്ന വീക്ഷണമായിരുന്നു ദേശീയ മുസ്‌ലിം നേതാക്കള്‍ക്കും അവരെ അനുകരിച്ച കേരള മുസ്‌ലിം നവോഥാന നേതൃത്വങ്ങള്‍ക്കും. എന്നാല്‍, സ്വാതന്ത്ര്യസമര പോരാട്ടഭൂമിയില്‍ രക്തം നല്‍കാന്‍ മുസ്‌ലിംകളെ ഉപയോഗപ്പെടുത്തുകയും, രാജ്യഭരണം തട്ടിയെടുക്കുകയുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് വാദിച്ചവരായിരുന്നു വേറെ ചിലര്‍. അവര്‍ നിസ്സഹകരണ-ഖിലാഫത്ത് സമരത്തെ പിന്തുണക്കാതെ മാറിനിന്നു. വിദ്യാഭ്യാസം നേടി, സര്‍ക്കാര്‍ ഉദ്യോഗം വരിച്ച് ബ്രിട്ടീഷ് വാഴ്ചയെ ശക്തിപ്പെടുത്താന്‍ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു; മമ്പുറം ഫള്ല്‍ തങ്ങളുടെ നിലപാടായിരുന്നു ഇവര്‍ക്ക്. ഒരുവേള ഇപ്പറഞ്ഞവരുടെ ദീര്‍ഘ വീക്ഷണമാണ് പുലര്‍ന്നത്. രാജ്യം സ്വതന്ത്രമാകുമ്പോള്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ ജനങ്ങളുടെ പ്രതിനിധി ആവുകയും, മുസ്ലിംകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ബ്രാഹ്മണാധിപത്യമായിരുന്നു കോണ്‍ഗ്രസില്‍. അവരുടെ തന്ത്രത്തില്‍ വീര രക്തസാക്ഷികളുടെ സമുദായം 'അഭയാര്‍ഥി'കളായി അരികിലേക്ക് ഒതുക്കപ്പെട്ടു; ഭരണഘടനാ സമിതിയില്‍ മുസ്ലിംകള്‍ കേവല 'കറിവേപ്പില'കളും. അംബേദ്കര്‍ കൂട്ടത്തില്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ പൗരത്വ അവകാശ സമരം അന്നേ നടന്നേനെ. നയതന്ത്രം ഞാണിന്മേല്‍ കളിയാണ്, എക്കാലത്തും. എവിടെ നില്‍ക്കണം എന്ന് പലവട്ടം ആലോചിക്കാതിരുന്നാല്‍, ചരിത്രവും പേരക്കുട്ടികളും നമ്മെ ആലോചനാശൂന്യന്മാരായി വിലയിരുത്തും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (7-9)
ടി.കെ ഉബൈദ്‌

ഹദീസ്‌

കരുണയര്‍ഹിക്കുന്ന മൂന്ന് വിഭാഗങ്ങള്‍
സുബൈര്‍ കുന്ദമംഗലം