Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 28

3141

1441 റജബ് 04

വിഭജനത്തെ എതിര്‍ത്ത മുസ്‌ലിം നേതാക്കള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

(ഇന്ത്യാ വിഭജനം ആര്‍.എസ്.എസ് അജ@യാണ്-3)


ഇന്ത്യാ വിഭജനത്തിന്റെ പാപഭാരം മുഴുവന്‍ മുസ്‌ലിം സമൂഹത്തിനുമേല്‍ കെട്ടിവെച്ച്, പാകിസ്താന്‍ വാങ്ങിപ്പോയവര്‍ എന്ന ആരോപണം നിരന്തരം ഉന്നയിക്കുകയാണ് സംഘ് പരിവാര്‍. 'പാകിസ്താന്‍, അല്ലെങ്കില്‍ ഖബ്‌റിസ്താന്‍' എന്ന് അവര്‍ സമയാസമയങ്ങളില്‍ ആക്രോശിക്കുന്നതിന്റെ കാരണമിതാണ്. ഇതൊരു കള്ള പ്രചാരണമാണെന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ഇവിടെ ഉദ്ധരിച്ചിട്ടുണ്ട്.  യഥാര്‍ഥത്തില്‍,  രാജ്യം വിഭജിക്കണമെന്നോ പാകിസ്താന്‍ വേണമെന്നോ മുസ്‌ലിംകള്‍ ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നില്ല. 1933-ല്‍ തീര്‍ത്തും ഒറ്റപ്പെട്ട വാദത്തിനും, 1940-ലെ ജിന്നയുടെ പാകിസ്താന്‍ പ്രമേയത്തിനും മുമ്പും ശേഷവും ദ്വിരാഷ്ട്ര വാദത്തെ എതിര്‍ത്ത മുസ്‌ലിം നേതാക്കള്‍ ധാരാളമുണ്ടായിരുന്നു. ദ്വിരാഷ്ട്ര വാദം ഏറ്റെടുത്ത സര്‍വേന്ത്യാ മുസ്‌ലിം ലീഗിനോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും, അവരെ ശക്തമായി തെരുവില്‍ നേരിടുകയും ചെയ്തിട്ടുണ്ട് മുസ്‌ലിംകളില്‍ പ്രമുഖമായൊരു വിഭാഗം. സംഘ് പരിവാറിന്റെ കള്ള പ്രചാരണം കൊണ്ട് മാത്രമല്ല, രാഷ്ട്രീയവും മതപരവും കായികവുമായി  സര്‍വേന്ത്യാ മുസ്‌ലിം ലീഗിനോട് ഏറ്റുമുട്ടിയ തങ്ങളുടെ പൂര്‍വിക മുസ്‌ലിംകളുടെ പാരമ്പര്യം അറിയാത്തതുകൊണ്ടു കൂടിയാണ്, ഇന്ത്യന്‍ മുസ്‌ലിംകള്‍ വിഭജന വിഷയത്തില്‍  വര്‍ഗീയവാദികളുടെ പഴി നിരന്തരം കേള്‍ക്കേണ്ടി വരുന്നത്.
അവിഭക്ത ഇന്ത്യയിലെ പ്രമുഖ മുസ്‌ലിം സംഘടനകളും സമുന്നത നേതാക്കളും വിഭജനത്തിനും പാകിസ്താന്‍ വാദത്തിനും എതിരായിരുന്നു. ആള്‍ ഇന്ത്യാ ആസാദ് മുസ്‌ലിം കോണ്‍ഫറന്‍സ്, ആള്‍ ഇന്ത്യാ ജംഹൂര്‍ മുസ്‌ലിം ലീഗ്, ആള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഉലമാ, ആള്‍ ഇന്ത്യ മുഅമിന്‍ കോണ്‍ഫറന്‍സ്, മജ്‌ലിസെ അഹ്‌റാറുല്‍ ഇസ്‌ലാം, ആള്‍ ഇന്ത്യാ ശിയാ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ്, ഖുദായി ഖിദ്മത്ത്ഗാര്‍, ബംഗാളി കൃഷക് പ്രോജ പാര്‍ട്ടി, ആള്‍ ഇന്ത്യ മുസ്‌ലിം പാര്‍ലമെന്ററി ബോര്‍ഡ്, അന്‍ജുമയെ വത്വന്‍ ബലൂചിസ്ഥാന്‍, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസ്, ജംഇയ്യത്ത് അഹ്‌ലെ ഹദീസ്, ജമാഅത്തെ ഇസ്‌ലാമി, സിന്ധ് യുനൈറ്റഡ് പാര്‍ട്ടി, യൂനിയനിസ്റ്റ് പാര്‍ട്ടി പഞ്ചാബ് തുടങ്ങിയ സംഘടനകളും, ദാറുല്‍ ഉലൂം ദയൂബന്ദും ഇന്ത്യാ വിഭജനത്തെ എതിര്‍ത്തിരുന്നു. അന്നത്തെ മുസ്‌ലിം ബുദ്ധിജീവികളില്‍ പല പ്രമുഖരും നിരവധി രാഷ്ട്രീയ നേതാക്കളും വിഭജനത്തിന് എതിരായിരുന്നു. ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍, മൗലാനാ അബുല്‍ കലാം ആസാദ്, അല്ലാ ബഖ്ഷ് സുംറോ, ഫഖ്‌റുദ്ദീന്‍ അലി അഹ്മദ്, അല്‍ത്വാഫ് ഹുസൈന്‍, ഫസ്ലെ ഹുസൈന്‍, ഇനായത്തുല്ലാ ഖാന്‍ മശ്‌രിഖി, ഖാന്‍ അബ്ദുല്‍ ജബ്ബാര്‍ ഖാന്‍, മൗലാനാ അതാഉല്ലാ ഷാ ബുഖാരി, മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനി, മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി, റഫി അഹ്മദ് കിദ്വായ്, ശൈഖ് അബ്ദുല്ല, ശിബ്‌ലി നുഅ്മാനി, സിക്കന്ദര്‍ ഹയാത്ത് ഖാന്‍,  അബ്ദുല്‍ മതലിബ് മസുംദാര്‍, അബ്ദുസമദ് ഖാന്‍, ഡോ. മുഖ്താര്‍ അഹ്മദ് അന്‍സാരി, അബ്ദുല്ല ബറേല്‍വി, ശൗഖത്തുല്ല അന്‍സാരി, എ.എം ഖ്വാജ തുടങ്ങിയവര്‍ പാകിസ്താന്‍ വാദത്തിനെതിരെ നിലപാട് എടുത്തവരാണ്. ജംഇയ്യത്തുല്‍ ഉലമായും മറ്റു പല മുസ്‌ലിം സംഘടനകളും ദ്വിരാഷ്ട്ര വാദത്തിനെതിരെ, ഉര്‍ദുവില്‍ ധാരാളം ലഘുലേഖകള്‍ തയാറാക്കി വിതരണം ചെയ്തിരുന്നു. ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്‌ലിംകളും സഹവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് അവ ആഹ്വാനം ചെയ്യുകയുണ്ടായി. എഴുത്തുകാരന്‍ സആദത്ത് ഹസന്‍ മന്‍ദോ, 'ആഴമുള്ള ദുരന്തം, ഭ്രാന്തമായ അവിവേകം' എന്ന് അധിക്ഷേപിച്ച് വിഭജനത്തെ ശക്തമായി എതിര്‍ത്തു. ഹിന്ദുക്കളും മുസ്‌ലിംകളും പൊതുവില്‍ സമാധാനത്തോടെ സഹവര്‍ത്തിക്കുന്ന ഇന്ത്യയെ മതാധിഷ്ഠിതമായി രണ്ടായി മുറിച്ചാല്‍ സംഭവിക്കാനിരിക്കുന്ന എല്ലാ ദുരന്തങ്ങളും പ്രവചിച്ചിരുന്നു കാക്സാര്‍ പ്രസ്ഥാനത്തിന്റെ നേതാവ് അല്ലാമാ മശ്‌രിഖി.26
ലാഹോറിലെ മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ ജിന്ന പാകിസ്താന്‍ പ്രമേയം അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ, 'മുസ്‌ലിം ആസാദ് കോണ്‍ഫറന്‍സി'ന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ദല്‍ഹിയില്‍ വലിയൊരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. 1940 ഏപ്രില്‍ 27 മുതല്‍ 30 വരെ, ചാന്ദ്‌നിചൗക്കിലെ ക്യൂന്‍ പാര്‍ക്കിലായിരുന്നു പ്രസ്തുത സമ്മേളനം. ഇന്ത്യയുടെ പലഭാഗങ്ങളില്‍നിന്നായി പ്രമുഖരായ 1400 പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയുണ്ടായി. സിന്ധിലെ തലയെടുപ്പുള്ള രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ അല്ലാ ബഖ്ഷ് (1900-1943) ആയിരുന്നു ഈ സമ്മേളനത്തിലെ അധ്യക്ഷന്‍. രണ്ട് തവണ സിന്ധിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ആള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഉലമാ, ആള്‍ ഇന്ത്യ മുഅമിന്‍ കോണ്‍ഫറന്‍സ്, ആള്‍ ഇന്ത്യാ മജ്‌ലിസെ അഹ്‌റാര്‍, ആള്‍ ഇന്ത്യാ ശിയാ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ്, ഖുദായി ഖിദ്മത്ത്ഗാര്‍, ബംഗാളി കൃഷക് പ്രജ പാര്‍ട്ടി, ആള്‍ ഇന്ത്യ മുസ്‌ലിം പാര്‍ലമെന്ററി ബോര്‍ഡ്, അന്‍ജുമയെ വത്വന്‍ ബലൂചിസ്ഥാന്‍, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസ്, ജംഇയ്യത്ത് അഹ്‌ലെ ഹദീസ് തുടങ്ങിയ പ്രമുഖ സംഘടനകള്‍ ഈ സമ്മേളനത്തില്‍ സജീവമായിരുന്നു. യു.പി, ബിഹാര്‍, പഞ്ചാബ്, സിന്ധ്, മദ്രാസ്, ഒറീസ, ബംഗാള്‍, മലബാര്‍, ബലൂചിസ്ഥാന്‍, ദല്‍ഹി, അസം, രാജസ്ഥാന്‍, ദല്‍ഹി, കശ്മീര്‍, ഹൈദറാബാദ് തുടങ്ങി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും സമ്മേളനത്തിനെത്തിച്ചേര്‍ന്ന വ്യക്തിത്വങ്ങള്‍, ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭൂരിപക്ഷത്തെയും പ്രതിനിധീകരിച്ചിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്.27 സമ്മേളന പ്രതിനിധികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ഒരു റിപ്പോര്‍ട്ട് അന്ന് ഹിന്ദുസ്താന്‍ ടൈംസ് പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചിരുന്നു.28
മുസ്‌ലിം ലീഗിന്റെ പാകിസ്താന്‍ പ്രമേയം, ഇന്ത്യക്കും മുസ്‌ലിംകള്‍ക്കും ആത്മഹത്യാപരമാണെന്ന് ഊന്നിപ്പറയുന്നതായിരുന്നു 'മുസ്‌ലിം ആസാദ് കോണ്‍ഫറന്‍സി'ന്റെ നേത്യത്വത്തില്‍ നടന്ന സമ്മേളനത്തില്‍ അല്ലാ ബഖ്ഷ് നടത്തിയ അധ്യക്ഷ പ്രസംഗം; 'ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍, മുസ്‌ലിംകളും ഹിന്ദുക്കളും മറ്റുള്ളവരും ഈ നാട്ടില്‍ ജീവിക്കുകയും, മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും, അതിന്റെ വിഭവങ്ങളും സാംസ്‌കാരിക ഈടുവെപ്പുകളും മറ്റും പങ്കുവെക്കുകയും ചെയ്യുന്നു. ഈ മണ്ണിന്റെ അഭിമാനികളായ മക്കള്‍ എന്ന നിലക്ക് ഇതിന്റെ സൗന്ദര്യത്തെ നാം പങ്കിട്ടെടുക്കുന്നു. സാഹിത്യ രംഗത്ത് പോലും ഇത് കാണാം. മുസ്‌ലിം കവികളുടെ, ഹീര്‍ രജ്ഞ, സാസി പന്നു (Heer Ranjha, Sassi Pannu) തുടങ്ങിയ ക്ലാസിക് രചനകള്‍, ഹിന്ദുക്കളും മുസ്‌ലിംകളും പഞ്ചാബിലെയും ഇന്ത്യയിലെയും സിഖുകാരും അഭിമാനത്തോടെ തുല്യമായി പങ്കിടുന്നു. ഇന്ത്യയില്‍ വസിക്കുന്ന ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, മറ്റേതെങ്കിലും വിഭാഗം, ഇന്ത്യ മുഴുവനായോ അല്ലെങ്കില്‍ രാജ്യത്തിന്റെ ഏതെങ്കിലും ഭാഗങ്ങളോ തങ്ങളുടേതായ പ്രത്യേക ഉടമസ്ഥാവകാശം വാദിക്കുന്നത് വളരെ മോശമായ പാതകമാണ്. രാജ്യം അവിഭജിതമായി, ഒന്നിച്ച് ഒരു ഫെഡറേഷനായി, എല്ലാ നിവാസികള്‍ക്കും ഒരുപോലെ അവകാശമുള്ളതായി, യോജിച്ച് നിലകൊള്ളണം. ഇന്ത്യയിലെ മറ്റു ജനവിഭാഗങ്ങളെപ്പോലെ, എല്ലാ അര്‍ഥത്തിലും ഇന്ത്യന്‍ മുസ്‌ലിമിന്റെയും പൈതൃക സ്വത്താണ് ഈ ഭൂമി. വേര്‍പ്പെടുത്തപ്പെട്ടതോ, ഒറ്റപ്പെട്ടതോ ആയ പ്രദേശങ്ങളല്ല. ഇന്ത്യ മുഴുവനായും എല്ലാ ഇന്ത്യന്‍ മുസ്‌ലിംകളുടെയും മാതൃരാജ്യമാണ്. ഈ മാത്യ രാജ്യത്തിന്റെ ഒരു ഇഞ്ചുപോലും നഷ്ടപ്പെടുത്താന്‍, ഹിന്ദുവിനോ മുസ്‌ലിമിനോ അവകാശമില്ല.'29 ഇന്ത്യയെ  ആര്യന്‍വംശീയ ജാതിരാഷ്ട്രമാക്കുന്നതില്‍ നിന്ന് ഹിന്ദു മഹാസഭയെയും ആര്‍.എസ്.എസിനെയും എങ്ങനെയാണോ മഹാത്മാഗാന്ധി തടഞ്ഞു നിര്‍ത്തിയത്, അപ്രകാരം പാകിസ്താന്‍ എന്ന ഒരു മതാധിഷ്ഠിത സാമുദായിക രാഷ്ട്ര രൂപീകരണത്തില്‍നിന്ന് സര്‍വേന്ത്യാ മുസ്‌ലിം ലീഗിനെ തടഞ്ഞു നിര്‍ത്താനാണ് അല്ലാ ബഖ്ഷും ആസാദ് മുസ്‌ലിം കോണ്‍ഫറന്‍സും ശ്രമിച്ചുകൊണ്ടിരുന്നത്. ഇന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നു വന്ന രണ്ടാം സ്വാതന്ത്ര്യ സമരത്തിലേതിനു തുല്യമായി, 'ദേശീയ ഐക്യത്തിലൂടെ സ്വാതന്ത്ര്യം, നാം ഇന്ത്യന്‍ ജനത, ഹിന്ദുസ്താന്‍ ആസാദ്, ഇങ്ക്വിലാബ് സിന്ദാബാദ്, പാകിസ്താന്‍ മുര്‍ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അന്ന് മുസ്‌ലിം ഉയര്‍ത്തിയിരുന്നത്. ഇതുകൊണ്ടെല്ലാമാകണം, 1943 മെയ് 14-ന് സിന്ധിലെ ശികര്‍പൂര്‍ ടൗണില്‍ വെച്ച് അല്ലാ ബഖ്ഷിനെ, പാക് അനുകൂല സാമുദായികവാദികള്‍ വധിച്ചു കളഞ്ഞത്.
അതിര്‍ത്തി ഗാന്ധി എന്ന് അറിയപ്പെട്ട പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി,  ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്റെ (1890-1988) നേതൃത്വത്തിലുള്ള ഖുദായി ഖിദ്മത്ത്ഗാര്‍ പ്രസ്ഥാനം  വിഭജനത്തിന് എതിരായിരുന്നു. ദ്വിരാഷ്ട്ര വാദത്തെ ഇസ്‌ലാമിക വിരുദ്ധമായി കണ്ട ഖിദ്മത്ത്ഗാര്‍ പ്രസ്ഥാനം, 'നൂറ്റാണ്ടുകളായി ഇന്ത്യാ ഉപഭൂഖണ്ഡം മാതൃരാജ്യമായിട്ടുള്ള മുസ്ലിം സമൂഹത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമാണ് പാകിസ്താന്‍ വാദം' എന്നാണ് വിശേഷിപ്പിച്ചത്.30 അവസാനം, ഗാന്ധിജി ഇന്ത്യാ വിഭജനത്തിന് വഴങ്ങിയപ്പോള്‍, രൂക്ഷമായ ഭാഷയിലാണ്, ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ അദ്ദേഹത്തോട് പ്രതികരിച്ചത്: 'ഞങ്ങള്‍ പക്തൂണുകള്‍ താങ്കളുടെ കൂടെ നിന്നു, സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായി വലിയ ത്യാഗങ്ങള്‍ ചെയ്തു. എന്നാല്‍, നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ച്, ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുത്തിരിക്കുന്നു.'31 സ്വതന്ത്രവും സ്വയംഭരണാധികാരവുമുള്ള പാകിസ്താന്‍ എന്ന രാഷ്ട്രത്തെ പരിഹാരമായി കാണാത്ത ആളായിരുന്നു മൗലാനാ മൗദൂദി. മതപരമോ സാംസ്‌കാരികമോ ആയ കോണ്‍ഫെഡറേഷന്‍ എന്നതായിരുന്നു മൗദൂദിയുടെ പരിഹാര നിര്‍ദേശം.  വിഭജനത്തെ ഏറ്റവും ശക്തമായി എതിര്‍ത്ത നേതാവാണ് അബുല്‍ കലാം ആസാദ്. തുടക്കം മുതല്‍ തന്നെ പാകിസ്താന്‍ വാദത്തിന്റെ മറുവശത്ത് നിന്ന് പോരാടിയ അദ്ദേഹം, വിഭജന രേഖയില്‍ ഒപ്പ് വെക്കുന്ന അവസാനം നിമിഷം വരെ, സര്‍വേന്ത്യാ മുസ്‌ലിം ലീഗ് നേതാക്കളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു നോക്കി. പരാജയപ്പെട്ട്, പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലിയാഖത്തലി ഖാന്റെ വീട്ടില്‍നിന്ന് ആസാദ് മടങ്ങി വരുന്നത്. വിഭജനാനന്തരം ഇന്ത്യയില്‍ തന്നെ തുടര്‍ന്ന ആസാദിന്റെ ആത്മകഥ ഒരേയൊരു തവണ വായിച്ചാല്‍ മതി, ഇന്ത്യന്‍ മുസ്‌ലിംകള്‍ സ്വീകരിച്ച നിലപാട് മനസ്സിലാക്കാന്‍.
പാകിസ്താന്‍ വാദത്തെ പ്രതിരോധിച്ച്, ഇന്ത്യാ വിഭജനത്തെ എതിര്‍ത്ത ഇന്ത്യയിലെ മുസ്‌ലിം നേതാക്കളൊക്കെ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമാവുകയുണ്ടായി. പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത വിധം അവര്‍ക്കെതിരെ കൊലപാതക ശ്രമങ്ങള്‍ വരെ അരങ്ങേറി.32 വിഭജനത്തെ എതിര്‍ത്തു എന്ന കാരണത്താല്‍ അല്ലാമ മശ്‌രിഖിയെപ്പോലുള്ള നേതാക്കള്‍ ജയിലിലടക്കപ്പെട്ടു. ഈ പ്രതികൂലാവസ്ഥകളെയെല്ലാം മറികടന്നു കൊണ്ടാണ് ഒരു വിഭാഗം മുസ്‌ലിം നേതാക്കളും സമൂഹവും വിഭജനാനന്തരം ഇന്ത്യയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. മതാധിഷ്ഠിത പാകിസ്താനേക്കാള്‍, മതനിരപേക്ഷ ഇന്ത്യക്ക് മുന്‍ഗണന നല്‍കുകയായിരുന്നു അവര്‍. ഈ ചരിത്ര സത്യങ്ങള്‍ക്കു മേല്‍ വംശവെറിയുടെ കരിമ്പടം വലിച്ചിട്ട്, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ കള്ള പ്രചാരണം നടത്തുകയാണ് സംഘ് പരിവാര്‍ കാലമിത്രയും ചെയ്തുവന്നത്. അവസാനം, പൗരത്വ ഭേദഗതി നിയമത്തിന്റെ മൂലകാരണമായി അത് പാര്‍ലമെന്റില്‍ വരെ ഉന്നയിക്കപ്പെട്ടു!

കോണ്‍ഗ്രസ്സിന്റെ നിലപാട്
ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യം വെച്ച ദേശീയ പ്രസ്ഥാനം എന്ന നിലയില്‍, രാജ്യത്തെ ഏകീകരിച്ച് മുന്നോട്ട് കൊണ്ടുപോകാനും, അതിനെ മതനിരപേക്ഷതയില്‍ കെട്ടിപ്പടുക്കാനുമാണ് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസിന്റെ മുഖ്യധാര ശ്രമിച്ചത്. ദ്വിരാഷ്ട്ര വാദത്തെ തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് ഏകീകൃത ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി. എന്നാല്‍, മറുവശത്ത് കോണ്‍ഗ്രസ്സിനെ ആര്യന്‍വംശീയ ജാതിവാദത്തിന്റെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഹിന്ദുമഹാസഭയും ആര്‍.എസ്.എസും നടത്തിക്കൊണ്ടിരുന്നു. ഹിന്ദുമഹാസഭയുടെ നേതാക്കളില്‍ പലരും കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കുന്നുണ്ടായിരുന്നു. ഇത് യാദൃഛികമായി സംഭവിച്ചതാകാന്‍ വഴിയില്ല, ആര്‍.എസ്.എസിന്റെ തന്ത്രപൂര്‍വമായ തീരുമാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സിനെ ആര്‍.എസ്.എസ് ആശയങ്ങളിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ അവര്‍ നിയോഗിക്കപ്പെട്ടതായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. മുസ്‌ലിം രാഷ്ട്രീയത്തിന് വേണ്ടി മുസ്‌ലിംലീഗ് നിലകൊള്ളുമ്പോള്‍, ജാതിവാദ രാഷ്ട്രീയത്തിന് വേണ്ടി കോണ്‍ഗ്രസിനെ മാറ്റിയെടുക്കാം എന്നാണ് അവര്‍ ആലോചിച്ചിട്ടുണ്ടാവുക. ആര്‍.എസ്.എസിന്റെ അജണ്ടകളും പ്രവര്‍ത്തന രീതികളും പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടാന്‍ പ്രയാസമുണ്ടാവില്ല. കോണ്‍ഗ്രസിലെ ഹിന്ദുത്വ സ്വാധീനത്തെ വിമര്‍ശിക്കുമ്പോള്‍ ഈ ആര്‍.എസ്.എസ് അജണ്ടയും പരിഗണിക്കേണ്ടതുണ്ട്.
ബാല ഗംഗാധര തിലകന്‍, ലാലാ ലജ്പത് റായ്, മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയവരുടെ നിലപാടുകള്‍ ആര്യന്‍ വംശീയ ജാതിരാഷ്ട്രത്തിന് അനുകൂലമായിരുന്നു. ദേശീയ നേതാക്കളായി അറിയപ്പെട്ട ഇവര്‍ക്ക് കോണ്‍ഗ്രസ്സിനകത്ത് കാര്യമായ സ്വാധീനമുണ്ടായിരുന്നുവെന്നത്  വസ്തുതയാണ്. മദന്‍ മോഹന്‍ മാളവ്യയെ മാത്രം പരിശോധിക്കുക. 1909, 1918, 1933 കാലത്ത് കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു മാളവ്യ. 1923, 1924, 1936 വര്‍ഷങ്ങളില്‍ ഹിന്ദുമഹാസഭയുടെ സമ്മേളനങ്ങളില്‍ അധ്യക്ഷനായിരുന്നതും ഇതേ മാളവ്യ തന്നെയാണ്! 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്താന്‍' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് കൂടിയായിരുന്നു മാളവ്യ എന്നറിയുമ്പോള്‍, കോണ്‍ഗ്രസ്സിനെ ജാതിദേശീയതയുടെ രാഷ്ട്രീയ രൂപമാക്കാന്‍ ആര്‍.എസ്.എസ് എത്രമേല്‍ ശ്രമിച്ചിട്ടുണ്ടാകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.33 മദന്‍ മോഹന്‍ മാളവ്യയുടേത് ഒരു ഉദാഹരണം മാത്രം. ഈയൊരു ധാരയുടെ ശക്തമായ സമ്മര്‍ദത്തെ ഏറക്കുറെ മറികടന്നാണ്, കോണ്‍ഗ്രസ്സിലെ മതനിരപേക്ഷ ധാര മുന്നോട്ട് പോയിട്ടുള്ളത്. ദ്വിരാഷ്ട്ര വാദത്തെ തുടക്കത്തിലേ തളളിക്കളഞ്ഞ മതനിരപേക്ഷ നേത്യത്വം, സാമുദായിക ധ്രുവീകരണത്തിനും വര്‍ഗീയ കലാപങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയുണ്ടായി. 1947-നു മുമ്പ് നടന്ന വര്‍ഗീയ ലഹളകളില്‍ പലതും, വിഭജന വാദത്തിന് ആക്കം കൂട്ടാന്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടവയായിരുന്നു താനും. 1946 ആഗസ്റ്റ് 16-ന് നടന്ന കല്‍ക്കത്ത കൂട്ടക്കുരുതി ഉദാഹരണം. ഈ കൂട്ടക്കുരുതിയില്‍ ഏതാണ്ട് 5000-ഓളം ആളുകള്‍ മരിച്ചതായാണ് കണക്ക്.34  ഇതേതുടര്‍ന്ന് വടക്കേ ഇന്ത്യയിലും ബംഗാളിലും വ്യാപകമായി കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇത്തരം സംഭവങ്ങള്‍,  ഭാവിയിലുണ്ടായേക്കാവുന്ന ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളെക്കുറിച്ച് നേതാക്കളില്‍ ഭീതി ജനിപ്പിച്ചു. വിഭജനതീരുമാനം വേഗത്തിലാക്കാന്‍ ഈ കലാപങ്ങള്‍ നേതാക്കളില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു.35 വിഭജനത്തെ എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കി, അതിന്റെ അനിവാര്യത സ്ഥാപിച്ചെടുക്കാനുള്ള തന്ത്രങ്ങളായിരുന്നു യഥാര്‍ഥത്തില്‍ ഈ കലാപങ്ങള്‍ എന്നു വേണം മനസ്സിലാക്കാന്‍.
എന്തായിരുന്നു ആ ഘട്ടത്തില്‍ കലാപത്തിലും വിഭജനത്തിലും ആര്‍.എസ്.എസിന്റെ നിലപാട്? 'വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലും പഞ്ചാബിലും വര്‍ഗീയ കലാപം പടരുമ്പോള്‍ കുറ്റകരമായ മൗനമായിരുന്നു അവര്‍ വെച്ച് പുലര്‍ത്തിയത്. മിണ്ടിയില്ലെന്നതു പോകട്ടെ, വിഭജന വിരുദ്ധവും മതേതരവുമായ സമരമുഖങ്ങളെ ഇല്ലാതാക്കാനുള്ള ഉത്സാഹവും കാട്ടി. 1929-ലെ ദണ്ഡിയാത്രയും 1940-ലെ ക്വിറ്റ് ഇന്ത്യാ ആഹ്വാനവുമെല്ലാം മതേതരവും വിഭജന വിരുദ്ധവുമായ സമരങ്ങള്‍ ആയിരുന്നല്ലോ. ഗാന്ധിയുടെ നേതൃത്വത്തില്‍ അന്ന് ആ സമരങ്ങള്‍ ജനഹൃദയങ്ങളെ മതത്തിനും വംശത്തിനുമപ്പുറം ഒറ്റ ഇന്ത്യ എന്ന നിലയില്‍ ഐക്യപ്പെടുത്തിയപ്പോള്‍ അതടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സൈന്യത്തോടൊപ്പം നില്‍ക്കാമെന്ന വാഗ്ദത്തമാണ് അന്ന് അമിത് ഷായുടെ മാതൃസംഘടന നല്‍കിയത്. പഴയ ചരിത്രത്തിലേക്ക് ഒരുപാടൊന്നും പോകാതെത്തന്നെ വിഭജന കുറ്റവാളി കോണ്‍ഗ്രസാണെന്ന ഷായുടെ വാദം പൊളളത്തരമാണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാകും.'36 ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വേണ്ടി ഇന്ത്യയെ വിഭജിക്കുക എന്നത് ദൈവനിന്ദയാണെന്ന്  ഒരു ഘട്ടത്തില്‍ ഗാന്ധിജി പറയുകയുണ്ടായി.37 ജിന്നക്ക് അധികാരമേല്‍പ്പിച്ചിട്ടാണെങ്കിലും വിഭജനം ഒഴിവാക്കണം എന്ന് ഗാന്ധിജി നിര്‍ദേശിച്ചിരുന്നു. പട്ടേലും മറ്റും തന്നില്‍ നിന്ന് അകന്നതും മൗണ്ട് ബാറ്റന്റെ സമ്മര്‍ദവുമൊക്കെയാണ് ഗാന്ധിജിയെ അവസാനം വിഭജന വിഷയത്തില്‍ മൗനിയാക്കിയത്.
1940-ല്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗ് പാകിസ്താന്‍  പ്രമേയം പാസ്സാക്കിയപ്പോഴും, 1942-ല്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സ് വിഭജന ആശയം മുന്നോട്ട് വെച്ചപ്പോഴും കോണ്‍ഗ്രസ്സ് അതിനെ തള്ളിക്കളയുകയായിരുന്നു. മതാധിഷ്ഠിതമായി രാഷ്ട്രം വിഭജിക്കാനുള്ള ശ്രമത്തെ 1946 അവസാനം വരെ കോണ്‍ഗ്രസ്സ് എതിര്‍ത്തു നിന്നു. പക്ഷേ, 1946 ആഗസ്റ്റില്‍ ബംഗാളിലെ നവഖാലിയിലും ബിഹാറിലും മറ്റും ഉണ്ടാ(ക്കി)യ കലാപങ്ങള്‍, അതുവരെ എതിര്‍ത്തു നിന്ന കോണ്‍ഗ്രസ്സ് നേതാക്കളെ വിഭജനം അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു; ആസാദും പുരുഷോത്തംദാസ് ടാണ്ടനും ശക്തമായ വിയോജിപ്പ് അപ്പോഴും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. കലാപത്തിന്നു പുറമെ, മറ്റു ചില രാഷ്ട്രീയ പ്രശ്‌നങ്ങളും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ടാകണം. കോണ്‍ഗ്രസ്സിനകത്തെ ഒരു വിഭാഗത്തിന്റെ ജാതിവാദ നിലപാടുകള്‍ ഉദാഹരണം.
ആര്യന്‍വംശീയ ജാതിരാഷ്ട്രവാദത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നിലപാട്. നേരത്തേതന്നെ ജാതിരാഷ്ട്ര ചിന്ത മനസ്സിലുണ്ടായിരുന്നതുകൊണ്ടാകണം, മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ വിഭജന നിര്‍ദേശം പട്ടേല്‍ പെട്ടെന്ന് തന്നെ ഏറ്റുപിടിച്ചു. മൗണ്ട് ബാറ്റന്റെ നിര്‍ദേശത്തിനു മുമ്പു തന്നെ വിഭജനത്തിന്റെ പാതി മനസ്സ് പട്ടേലിനുണ്ടായിരുന്നുവെന്നാണ് അബുല്‍ കലാം ആസാദ് പറയുന്നത്; 'വിഭജനത്തിന്റെ കൊടി ഉയരത്തില്‍ ഉയര്‍ത്തിയത് മുഹമ്മദലി ജിന്നയായിരിക്കാം. എന്നാല്‍, യഥാര്‍ഥ പതാകവാഹകന്‍ വല്ലഭായ് പട്ടേലായിരുന്നു.' പിരിഞ്ഞു മാറുന്നതാണ് ഇരു വിഭാഗത്തിനും നല്ലതെന്ന നിലപാടിലേക്ക്  അഭിപ്രായ രൂപീകരണം നടത്തി പലരെയും എത്തിച്ചത് പട്ടേലായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം കഴിഞ്ഞാല്‍, വിഭജന വിഷയത്തില്‍ സ്വാധീനം ചെലുത്തിയത് പട്ടേലാണ്.38 വിഭജനത്തിന്റെ പ്രധാന ഉത്തരവാദി പട്ടേല്‍ ആയിരുന്നുവെന്ന് അബുല്‍ കലാം ആസാദ് തന്റെ ആത്മകഥയില്‍ നിരീക്ഷിച്ചിട്ടുണ്ട്. സംഘ്പരിവാറിന്റെ കോണ്‍ഗ്രസിനകത്തെ നോമിനിയായിരുന്നു സര്‍ദാര്‍ പട്ടേലെന്ന് ന്യായമായും സംശയിക്കാം. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസിന് ഏര്‍പ്പെടുത്തിയ നിരോധം, നിബന്ധനകളോടെ നീക്കിയതും ഇതേ പട്ടേലായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്, 2989 കോടി രൂപ ചെലവഴിച്ച് ഗുജറാത്തില്‍ ബി.ജെ.പി ഗവണ്‍മെന്റ് പണിത പ്രതിമ, 2018-ല്‍ ഉദ്ഘാടനം ചെയ്തത് ബി.ജെ.പിയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 1947-ലെ വിഭജനവും ഈ വെങ്കല പ്രതിമയും തമ്മിലുള്ള ബന്ധം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമത്രെ. വിഭജനത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഒരാളുടെ പ്രതിമക്ക് 'സ്റ്റാച്യു ഓഫ് യൂനിറ്റി' എന്നാണ് പേര്! 

നെഹ്‌റുവിന്റെ അധികാര മോഹം!
എന്നാല്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അധികാര താല്‍പര്യമാണ് പാകിസ്താന്‍ രൂപീകരണം എളുപ്പമാക്കിയത് എന്നൊരു വിലയിരുത്തലുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ അധികാരം പൂര്‍ണമായും കൈയടക്കണമെന്ന ആഗ്രഹം നെഹ്‌റുവിന് ഉണ്ടായിരുന്നതായി 1946 ഡിസംബര്‍ പത്തിന് ക്ലമന്റ് ആറ്റ്‌ലി മന്ത്രിസഭാ ചര്‍ച്ചക്കിടയില്‍ പറഞ്ഞതായി ചില ചരിത്രകാരന്മാര്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്. മുഹമ്മദലി ജിന്ന പ്രധാനമന്ത്രിയാകുന്നത് ഒഴിവാക്കാന്‍ നെഹ്‌റു ശ്രമിച്ചുവെന്നും അങ്ങനെയാണ് വിഭജനം നടന്നതെന്നും വിലയിരുത്തപ്പെടുകയുണ്ടായി. 'ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ രാജ്യം വിഭജിക്കപ്പെടുകയില്ലായിരുന്നു'വെന്ന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. ഇത് യാഥാര്‍ഥ്യമാണെങ്കില്‍ തന്നെയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റേത് വ്യക്തിപരമായ അധികാര താല്‍പര്യം മാത്രമായിരുന്നു, വംശീയ ഭ്രാന്ത് ആയിരുന്നില്ലെന്ന് വ്യക്തം. കാരണം, സ്വതന്ത്ര ഇന്ത്യയെ മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് രാജ്യമാക്കി രൂപപ്പെടുത്തുന്നതില്‍ ഡോ. അംബേദ്കര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പങ്കുവഹിച്ച വ്യക്തിത്വമാണ് നെഹ്‌റു. പാകിസ്താന്‍ അനന്തര ഇന്ത്യയെ മതാധിഷ്ഠിതമല്ലാതെ, ബഹുസ്വര-മതനിരപേക്ഷ രാഷ്ട്രമായി രൂപപ്പെടുത്തി എടുക്കുകയെന്നത് ആ ഘട്ടത്തില്‍ ഏറെ ശ്രമകരമായിരുന്നു. ആര്‍.എസ്.എസിന്റെ സകല സമ്മര്‍ദങ്ങളെയും മറികടന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു, സയ്യിദ് മുഹമ്മദ് സആദത്തുല്ല തുടങ്ങിയവര്‍,  ഈ ദൗത്യം ഏറെ പണിപ്പെട്ടാണ് പൂര്‍ത്തീകരിച്ചത്. ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍.എസ്.എസിന് ഉണ്ടായ തിരിച്ചടി മതനിരപേക്ഷ ഇന്ത്യക്ക് വേണ്ടി പരിശ്രമിച്ച നേതാക്കള്‍ക്ക് ഒരര്‍ഥത്തില്‍ തുണയാവുകയും ചെയ്തു. അല്ലെങ്കില്‍, ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമവും മറ്റും കൊണ്ടുവരേണ്ടതില്ലാത്ത വിധം 1947-ല്‍ തന്നെ സംഘ് പരിവാര്‍ കുറേക്കൂടി പിടിമുറുക്കുകയോ, ജാതിരാഷ്ട്രം രൂപപ്പെടുത്തുകയോ ചെയ്യുമായിരുന്നു.
വിഭജനം മതാധിഷ്ഠിതമാണെങ്കില്‍ അതിന്റെ ഒന്നാമത്തെ ഉത്തരവാദി ഹിന്ദുമഹാസഭയും രണ്ടാമത്തെ ഉത്തരവാദി ബ്രിട്ടീഷ് സാമ്രാജ്യത്വവുമാണ്. ഇവരുടെ കുതന്ത്രങ്ങളില്‍ പെട്ടുപോയി എന്നത് മാത്രമാണ് മുഹമ്മദലി ജിന്നക്കും സര്‍വേന്ത്യാ മുസ്‌ലിം ലീഗിനും സംഭവിച്ച അബദ്ധം. ആ അബദ്ധം ചെയ്തവര്‍ അതുമായി വേര്‍പ്പെട്ട് പോയി. ആ മഹാപാതകത്തിന്റെ യഥാര്‍ഥ പ്രതികള്‍ രാജ്യത്തെ വീണ്ടും വിഭജിച്ച് നശിപ്പിക്കാനൊരുങ്ങുന്നു. എന്നാല്‍ വിഭജനത്തെയും പാകിസ്താനെയും തള്ളി ഇന്ത്യയില്‍ തുടര്‍ന്ന മുസ്‌ലിംകള്‍ യഥാര്‍ഥത്തില്‍ ഇന്ത്യയോട് ഏറ്റവും കൂറും പ്രതിബദ്ധതയുമുള്ളവരാണ്. മതനിരപേക്ഷവും മനോഹരവുമായൊരു ഭരണഘടനയിലേക്ക് ഇന്ത്യയെ നയിച്ചതില്‍ അന്ന് ഇന്ത്യയില്‍ തങ്ങിയ മുസ്‌ലിംകള്‍ക്ക് ക്രിയാത്മകമായ സ്വാധീനമുണ്ട്. മത-സമുദായ മുഖമുള്ള പാകിസ്താന്‍ ഒരു ഭാഗത്ത്. ഇനിയും രൂപപ്പെടേണ്ട മതനിരപേക്ഷ ഭരണവും രാഷ്ട്രവും മറുഭാഗത്ത്. ഏതു രാഷ്ട്രം തെരഞ്ഞെടുക്കണമെന്ന ചോദ്യത്തിന്, മതനിരപേക്ഷ ഇന്ത്യ എന്ന മറുപടി പ്രായോഗികമായി കൈകൊണ്ടവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. വിഭജന സന്ദര്‍ഭത്തിലെ ഏറ്റവും ധീരമായ തീരുമാനം പലായനം ചെയ്ത് രണ്ടു രാജ്യങ്ങളിലേക്ക് മാറിയവരുടേതല്ല. പലായനം ചെയ്യാതെ ജന്മദേശത്തെ നെഞ്ചോടു ചേര്‍ത്തവരുടേതാണ്. വിശ്വാസ-ആദര്‍ശത്തെ ജന്മദേശത്തോട് ചേര്‍ത്ത് വെച്ചുകൊണ്ടാണ് പാകിസ്താനിലേക്ക് പോവുകയെന്ന പ്രതിസന്ധിയെ ഇന്ത്യന്‍ മുസ്‌ലിംകള്‍ മറികടന്നത്. അത് അംഗീകരിക്കുകയും അന്വര്‍ഥമാക്കുകയും ചെയ്യുംവിധം ഭരണഘടനാശില്‍പികള്‍ സ്വതന്ത്ര ഇന്ത്യയുടെ അടിസ്ഥാന തത്ത്വങ്ങള്‍ രൂപപ്പെടുത്തുകയുമുണ്ടായി. അന്ന് നിലവില്‍ വന്ന ഭരണഘടനയുടെ ഏറ്റവും വലിയ പ്രായോഗിക സംരക്ഷകരായി ഏഴു പതിറ്റാണ്ടിലധികം ഇന്ത്യന്‍ മുസ്‌ലിംകള്‍ ഈ മണ്ണില്‍ ജീവിച്ചു വരുന്നുണ്ട്. അതൊരു വിശ്വാസത്തിന്റെ ജീവനമാണ്. ജന്മ നാടും കൂടപ്പിറപ്പുകളായ നാനാജാതി മത സഹോദരങ്ങളും കെട്ടുറപ്പോടെ ഒന്നിച്ച് പുലരുന്ന ഒരൊറ്റ ദേശത്തെക്കുറിച്ച, അവിടത്തെ സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ച ഉറച്ച വിശ്വാസം. വിട്ടുവീഴ്ചകളോടുകൂടിത്തന്നെ നിലനിന്നു പോന്ന ആ വിശ്വാസത്തിന് വംശവെറിയുടെ ഭ്രാന്തന്‍ നുകങ്ങളാല്‍ വിള്ളലുകള്‍ വീഴാതിരിക്കണം. അതിനുള്ള ജാഗ്രതയാണ് ജനാധിപത്യ ഇന്ത്യക്ക് ഉണ്ടാകേണ്ടത്. 

(അവസാനിച്ചു)

കുറിപ്പുകള്‍

26.    "The tragedy of Partition". Deccan Herald. 11 August 2012. Retrieved 29 January2019. Partition of India and Mountbatten Paperback - 1989, by L.A. Sherwani, P.  8-12.
27.    Smith, Wilfred Cantwell, Modern Islam in India: A Social Analysis, Victor G. Ltd, London, 1946, 231
28.    The Hindustan Times, April 28, 1940
29.    Smith, Wilfred Cantwell, Modern Islam in India: A Social Analysis, Victor G. Ltd, London, 1946, 231
30.    (Totten, Samuel (2018). Dirty Hands and Vicious Deeds: The US Government‑'s Complicity in Crimes against Humanity and Genocide. University of Toronto Press. ISBN 9781442635272)
31.    Khan, Abdul Ghaffar Khan, Words of Freedom: Ideas of a Nation, Penguin, Delhi, 2010, pp. 41-42
32.    Adardi, Aseer, Tehreek-e-Azadi aur Musalman, Darul Maualefeen, Deoband, 2000 (6th edition), p. 341
33.    (Gangadharan, K. K., Indian National Consciounsess: Growth & Development, Kalamkar, Delhi,1972, p. 97).
34.    A secret report written on 22 August 1946 to the Viceroy Lord Wavell, from Sir Frederick John Burrows, concerning the Calcutta riots.The British library,   IOR: L/P&J/8/655 f.f. 95, 96-107
35.    A City Feeding on Itself, Riots, Testimonies and Literatures of the 1940s in Calcutta, Debjani Sengupta.
36.    എന്തുകൊണ്ടാണ് ഇതൊരു മോശം നിയമമാകുന്നത്, വേണു ബാലക്യഷ്ണന്‍, മാതൃഭൂമി ദിനപത്രം, എഡിറ്റ് പേജ്, 18.12.19.37.    Religion and Politics in the International System Today,
    Eric O. Hanosn, Cambridge University Press, 16-Jan-2006 - Political Science, page 200
38.    Thoughts on Pakistan, by B. R. Ambedkar

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (7-9)
ടി.കെ ഉബൈദ്‌

ഹദീസ്‌

കരുണയര്‍ഹിക്കുന്ന മൂന്ന് വിഭാഗങ്ങള്‍
സുബൈര്‍ കുന്ദമംഗലം