മഹാമാരികള്‍
പ്രവാചകന്റെ പ്രവചനങ്ങളെ പൂര്‍ണമായും ശരിവെച്ചുകൊണ്ട്, ഇസ്‌ലാമിന്റെ വിമോചന പോരാളികള്‍, സിറിയന്‍ ഭാഗങ്ങളില്‍ വന്‍ മുന്നേറ്റങ്ങളാണ് നടത്തുന്നത്. ദേശാന്തര വിജയങ്ങളുടെ മിന്നുന്ന വാര്‍ത്തകള്‍ മദീനയില്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ ചില അശുഭ വാര്‍ത്തകളും വരുന്നുണ്ട്. ഖലീഫ ഉമര്‍ (റ), പൊരുതുന്ന അണികളെയും പുതുതായി ഇസ്ലാമിന്റെ അധീനതയില്‍ വന്ന പ്രദേശങ്ങളെയും, അവരുടെ പ്രശ്‌നങ്ങളെയും നേരില്‍ കണ്ടു മനസ്സിലാക്കാന്‍ സിറിയയിലേക്ക് പുറപ്പെട്ടു. തത്സമയം മദീനയില്‍ ഉണ്ടായിരുന്ന പ്രമുഖരായ ഏതാനും പ്രവാചകശിഷ്യന്മാരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
സംഘം 'സര്‍ഗി'ല്‍ എത്തിയപ്പോള്‍, സേനാനായകനായ അബൂഉബൈദ(റ)യെയും സൈന്യത്തെയും കണ്ടുമുട്ടി. ഇന്നും ആ ജനവാസ മേഖല അതേ പേരില്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് അറിവ്. താങ്കള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സിറിയന്‍ ഭാഗങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്നും, അവിടങ്ങളില്‍ മാരകമായ മഹാമാരി പടരുന്നുണ്ടെന്നും അവര്‍ അദ്ദേഹത്തോട് പറഞ്ഞു.
ഇനിയെന്തു ചെയ്യണമെന്ന് ആലോചിക്കാന്‍ ഖലീഫ സംഘത്തിലും സൈന്യത്തിലും ഉണ്ടായിരുന്ന ആദ്യകാല 'മുഹാജിറു'കളുടെ യോഗം വിളിച്ചു. 'താങ്കള്‍ ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ച സ്ഥിതിക്ക്, തിരിച്ചുപോകണം എന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല' എന്ന് ഒരു വിഭാഗം തറപ്പിച്ചു പറഞ്ഞു.
അതേസമയം, 'താങ്കളും താങ്കളോടൊപ്പമുള്ള ആദരണീയരായ ആദ്യകാല പ്രവാചക ശിഷ്യരും മുന്‍പിന്‍ നോക്കാതെ അപകടത്തിലേക്ക് ചെന്നു ചാടരുത്' എന്ന് അവരില്‍ മറ്റൊരു വിഭാഗം ഖലീഫയെ ശക്തിയായി ഉപദേശിക്കുകയും ചെയ്തു. ഖലീഫ അവരോട് പിരിഞ്ഞുപോകാന്‍ പറഞ്ഞു. കൂട്ടത്തിലെ അന്‍സ്വാറുകളെ കൂടിയാലോചനകള്‍ക്കായി ക്ഷണിച്ചു. അവര്‍ക്കിടയിലും മേല്‍പ്പറഞ്ഞ അതേ രണ്ടു അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. അദ്ദേഹം അവരോടും പിരിഞ്ഞുപോകാന്‍ പറഞ്ഞു. ശേഷം മക്കാവിജയ വര്‍ഷം, അതായത് ഏറ്റവുമൊടുവില്‍, മദീനയിലേക്ക് ഹിജ്‌റ പോയ പ്രമുഖരായ വ്യക്തിത്വങ്ങളില്‍ സ്ഥലത്തുള്ളവരെ ക്ഷണിച്ചു. 'താങ്കള്‍ മദീനയിലേക്കു തന്നെ തിരിച്ചുപോകണം, പകര്‍ച്ചവ്യാധി ബാധിച്ച സ്ഥലത്തേക്ക് ഒരു കാരണവശാലും പോകരുത്'- ഇതാണ് തങ്ങളുടെ ഉറച്ച അഭിപ്രായമെന്ന് അവര്‍ ശഠിച്ചു പറഞ്ഞു.
ഇതിനകം അഭിപ്രായം പറഞ്ഞ ആളുകളെയും, അവരുടെ എണ്ണവും ഖലീഫ നന്നായി ശ്രദ്ധിച്ചിരിക്കണം. അങ്ങനെ, ഭൂരിപക്ഷം വരുന്ന സഹപ്രവര്‍ത്തകരുടെ അഭിപ്രായവും, തന്റെ ബോധ്യവും പരിഗണിച്ച് ഖലീഫ എല്ലാവരും കേള്‍ക്കുമാറുച്ചത്തില്‍, സഹയാത്രികരോട് പറഞ്ഞു: 'ഞാന്‍ നാളെ രാവിലെ തിരിച്ചുപോവുകയാണ്, നിങ്ങളും പുറപ്പെടുക.' അപ്പോള്‍ അബൂ ഉബൈദ (റ) ചോദിച്ചു: 'അല്ലാഹുവിന്റെ വിധിയില്‍നിന്നും ഓടി രക്ഷപ്പെടുകയാണോ?'
ഖലീഫ, അബൂ ഉബൈദയെയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെയും ഏതു വിഷയത്തിലും വല്ലാതെ ആദരിച്ചിരുന്നു. ഏതൊരു കാര്യത്തിലും അദ്ദേഹത്തോട് വിയോജിക്കുന്നത് അദ്ദേഹത്തിന് തീരെ ഇഷ്ടമായിരുന്നില്ല. പക്ഷേ, അബൂ ഉബൈദയുടെ അപ്പോഴത്തെ നിലപാട് ഒട്ടും സുബദ്ധമാണെന്നു അദ്ദേഹത്തിനൊട്ടു തോന്നിയതുമില്ല. അത് മനസ്സില്‍ വെച്ചു കൊണ്ടാവണം ഖലീഫ പറഞ്ഞു: 'അബൂഉബൈദാ, താങ്കളല്ലാത്ത ആരെങ്കിലും ആണ് ഇത് എന്നോട് പറഞ്ഞിരുന്നതെങ്കില്‍.' പിന്നെ ഉമര്‍ (റ) ഇപ്രകാരം പറഞ്ഞു: 'നാം അല്ലാഹുവിന്റെ വിധിയില്‍നിന്ന് അല്ലാഹുവിന്റെ വിധിയിലേക്ക് തന്നെയാണു തിരിച്ചുപോകുന്നത്.' ശേഷം അദ്ദേഹം തന്റെ നിലപാട് സോദാഹരണം വിശദീകരിച്ചു സംസാരിച്ചുകൊണ്ടിരുന്നു.....
ഈ സംഭവമെല്ലാം വിവരിക്കുന്ന അബ്ദുല്ലാഹിബ്‌നു അബ്ബാസ് പറയുന്നു: സദസ്സില്‍ താല്‍ക്കാലികമായി ഇല്ലാത്തതു കാരണം, ഇത്രയും നേരം കൂടിയാലോചനയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് അപ്പോള്‍ അവിടെയെത്തിച്ചേര്‍ന്നു. അദ്ദേഹം പറഞ്ഞു: ഈ വിഷയത്തില്‍ റസൂല്‍ തിരുമേനി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്; 'ഒരു പ്രദേശത്ത് പകര്‍ച്ചവ്യാധി ഉണ്ടെന്നു കേട്ടാല്‍ നിങ്ങള്‍ അങ്ങോട്ട് പോകരുത്. നിങ്ങളുടെ പ്രദേശത്ത് പകര്‍ച്ചവ്യാധി വന്നുപെട്ടാല്‍ നിങ്ങള്‍ അവിടെ നിന്ന് പുറത്തേക്ക് പോവുകയും അരുത്.' തത്സമയം ഖലീഫ അല്ലാഹുവിനെ സ്തുതിച്ചു. പിറ്റേ ദിവസം അദ്ദേഹം മടക്കയാത്ര ആരംഭിക്കുകയും ചെയ്തു.
മേല്‍വിവരണത്തിനു ഉപോദ്ബലകമായ വിധം നേരിയ വ്യത്യാസങ്ങളോടെയും, അല്‍പം കൂടി വിശദാംശങ്ങളോടെയും 'സ്വഹീഹ് മുസ്‌ലി'മില്‍ കാണാം.
ഇന്ന് ലോകത്തെ ഒന്നടങ്കം ഭീതിപ്പെടുത്തുന്ന പകര്‍ച്ചവ്യാധികള്‍ക്ക് സമാനമായി എല്ലാ കാലത്തും ഭീകര രോഗങ്ങള്‍ ഉണ്ടായിരുന്നു. ഇനി ഉണ്ടാവുകയും ചെയ്‌തേക്കാം. എന്നാല്‍, ഇസ്‌ലാം മനുഷ്യരില്‍ വളര്‍ത്തുന്ന വൃത്തി- ശുദ്ധി- സദാചാര ബോധങ്ങളും ഭക്ഷണരീതികളും ആരോഗ്യപരമായ മുന്‍കരുതലുകളും ശാസ്ത്രീയമായ ആരാധനാരീതികളും മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് എല്ലാ കാലത്തും ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പല രോഗപ്പകര്‍ച്ചകളില്‍നിന്നും മുക്തിയേകാന്‍ ഇസ്‌ലാമിലെ 'വുദൂ' (അംഗസ്‌നാനം) വളരെ സഹായകമാണെന്നു പല വിദഗ്ധരും ചൂണ്ടിക്കാട്ടാറുള്ളതാണല്ലോ.
ഒരിടത്ത് പകര്‍ച്ചവ്യാധികള്‍ വന്നുപെട്ടാല്‍, അത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു നിയന്ത്രണാതീതമാകാതിരിക്കാനാണല്ലോ പ്രഥമ ശ്രദ്ധ വേണ്ടത്. അബ് ദുര്‍റഹ്മാനുബ്‌നു ഔഫ് മുകളില്‍ ഉദ്ധരിച്ച പ്രവാചക വചനത്തോടൊപ്പം, രോഗബാധയുള്ള വളര്‍ത്തുമൃഗങ്ങളെ, അന്യരുടെ രോഗമില്ലാത്ത വളര്‍ത്തുമൃഗങ്ങളുമായി ഇടകലരാതെ നോക്കാന്‍ അവയുടെ ഉടമസ്ഥര്‍ ബാധ്യസ്ഥരാണെന്ന പ്രവാചകനിര്‍ദേശം കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.
Comments