ജനകീയ പോരാട്ടത്തിന്റെ ഹൃദയരേഖകള്‍
ആധുനിക ദേശരാഷ്ട്രങ്ങളുടെ പിറവിക്കും ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിനും മുക്കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ലോകമെമ്പാടും ദേശ രാഷ്ട്രങ്ങള്‍ക്കകത്ത് പുതിയ പോരാട്ടഭൂമികകള്‍ പിറന്നുകൊണ്ടേയിരിക്കുകയാണ്. ഏകാധിപത്യത്തിനും വംശീയ ഉന്മൂലന പദ്ധതികള്‍ക്കുമെതിരിലാണ് ഇവയില്‍ പലതും. ഇതില്‍ ഏറ്റവുമൊടുവിലത്തേതാണ് ഇന്ത്യയിലെ സംഘ് പരിവാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍. സാമ്പത്തിക ഉദാരീകരണാനന്തര ഇന്ത്യയുടെ സമര ചരിത്രത്തെയും മുന്‍ഗണനകളെയും അട്ടിമറിച്ച് സമര വസന്തമായിത്തീര്‍ന്നിരിക്കുകയാണ് പൗരത്വ നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം.
സംഘ് പരിവാറിന്റെ മുസ്‌ലിം വംശീയ ഉന്മൂലന പദ്ധതികളുടെ സവിശേഷ ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന പൗരത്വ നിയമത്തിന്റെ വേരുകള്‍ ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന് രൂപം നല്‍കുന്ന ഭരണഘടനാ നിര്‍മാണ വേളയില്‍തന്നെ ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ നാമ്പെടുത്തിരുന്നുവെന്ന് മനസ്സിലാക്കാം. 2019 ഡിസംബര്‍ 11-ന് പാര്‍ലമെന്റില്‍ പാസ്സാവുകയും 12-ന് രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്തതോടെ മാത്രം നിലവില്‍ വന്ന ഒന്നല്ല ഈ നിയമം, സംഘ് പരിവാറിന്റെ വംശവെറിയുടെ ചരിത്രം അതിനുണ്ട്. സമരവും ചരിത്രവും വംശീയതയും ഇന്ത്യ എന്ന മതനിരപേക്ഷതയുടെ വൈരുധ്യങ്ങളുമെല്ലാം കൂടിക്കുഴഞ്ഞ സ്ഥലിയാണ് പൗരത്വ നിയമമെന്നത് അതിനെതിരായ പ്രക്ഷോഭത്തിന്റെ ദിശാസൂചികയില്‍ സുപ്രധാനമാണ്.
ഈ യാഥാര്‍ഥ്യത്തെ മുന്നില്‍ നിര്‍ത്തിയുള്ളതാണ് അഡ്വ. സി. അഹ്മദ് ഫായിസ് എഡിറ്റ് ചെയ്ത 'പൗരത്വ ഭേദഗതി നിയമം, ജനകീയ പോരാട്ടത്തിനൊരു മാനിഫെസ്റ്റോ' എന്ന പുസ്തകം. അഞ്ച് ഭാഗങ്ങളിലായാണ് ഈ പുസ്തകം സമാഹരിച്ചിരിക്കുന്നത്. ഒന്നാം ഭാഗത്ത് പൗരത്വ ഭേദഗതി നിയമത്തിന്റെ അര്‍ഥവും വ്യാപ്തിയുമാണ് വിശകലനം ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമം സംഘ് പരിവാറിന്റെ സര്‍പ്പസന്തതിയാണെന്ന് തുറന്നുകാട്ടിയ ശേഷം, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അരക്ഷിതരാണെന്ന സംഘ്പരിവാര്‍ പ്രചാരണത്തിലെ വസ്തുതയെന്തെന്ന് വിശകലനം ചെയ്യുന്നു. ജനാധിപത്യ രാജ്യക്രമത്തില്‍ കരിനിയമങ്ങള്‍ ദേശരാഷ്ട്ര സങ്കല്‍പങ്ങളുമായി എങ്ങനെ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു എന്നും വംശഹത്യയുടെ മുന്നൊരുക്കങ്ങളെന്തൊക്കെയെന്നും ഇവിടെ ഒന്നാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നു.
പൗരത്വ നിയമങ്ങളുടെ ചരിത്ര പശ്ചാത്തലങ്ങളും അതിന്റെ ആഗോളമാനവുമാണ് രണ്ടാം ഭാഗത്ത് വിശകലനം ചെയ്യുന്നത്. നാസി ജര്‍മനിയും ആര്യന്‍ വംശീയതയും, മ്യാന്മറിലെ വംശീയാതിക്രമങ്ങളും ചര്‍ച്ചയാവുന്നു. ഒരു കാലത്ത് വംശീയ ഉന്മൂലനത്തിനിരയായ ജൂതര്‍ ഇസ്രയേല്‍ എന്ന അധിനിവേശ രാജ്യ സ്ഥാപനത്തിലൂടെ അതേ ആയുധങ്ങള്‍ തിരിച്ച് എങ്ങനെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു എന്നും വ്യക്തമാക്കുന്നു.
പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിന്റെ സമകാലിക ചരിത്രമാണ് മൂന്നാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്. ദലിത്-ബഹുജന്‍-പിന്നാക്ക രാഷ്ട്രീയത്തിന് പൗരത്വ സമരം നല്‍കിയ പുതിയ മാനങ്ങളെയും സമരത്തെ ചോരയില്‍ മുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ തെരുവില്‍നിന്നും കാമ്പസില്‍നിന്നും ഉയരുന്ന ശബ്ദങ്ങളെയും ഇവിടെ അടയാളപ്പെടുത്തുന്നു. പൗരത്വ പ്രക്ഷോഭത്തിന്റെ വിവിധ അടരുകളെ വെളിവാക്കുന്ന സംഭാഷണങ്ങളാണ് നാലാം ഭാഗത്ത്. ഉത്തരേന്ത്യയിലെ മുസ്‌ലിം സാന്നിധ്യങ്ങള്‍, അസം അനുഭവങ്ങള്‍, തെരുവിലെ പ്രതീക്ഷകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ കടന്നുവരുന്നു. പൗരത്വ സമരം ഉയര്‍ത്തിവിട്ട വിവിധ രാഷ്ട്രീയ സമസ്യകളെ വിശകലനം ചെയ്യുന്ന എഴുത്തുകളാണ് അഞ്ചാം ഭാഗത്ത്. മുസ്‌ലിം കര്‍തൃത്വത്തെ പ്രക്ഷോഭം എങ്ങനെ മാറ്റിപ്പണിതു, ബഹുജന്‍ രാഷ്ട്രീയത്തെ സമരം എങ്ങനെ പുനര്‍നിര്‍വചിക്കുന്നു, സമരത്തിലെ മുസ്‌ലിം മുന്‍കൈകളും സാന്നിധ്യവും ഇടതു മതേതരത്വത്തിന് തീര്‍ക്കുന്ന പ്രതിസന്ധികള്‍ എന്തൊക്കെ എന്നും അന്വേഷിക്കുന്നു. പൗരത്വ പോരാട്ടത്തിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ കഴിയുന്ന സമാഹാരമാണിതെന്ന് നിസ്സംശയം പറയാം.
Comments