രയരോത്ത് മുഹമ്മദ് ഹാജി
കുറ്റിയാടി ഊരത്ത് ഹല്‍ഖയിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായിരുന്നു രയരോത്ത് മുഹമ്മദ് ഹാജി. വളരെ ചെറിയ പ്രായം മുതലേ മുഹമ്മദ് ഹാജി മേഖലയില്‍ പരിചിതനാണ്. വാണിമേല്‍-നരിപ്പറ്റ ഭാഗങ്ങളില്‍ കുറ്റിയാടി ഇസ്‌ലാമിയാ കോളേജിന്റെ ധനശേഖരണാര്‍ഥം കെ. മൊയ്തു മൗലവി, കെ.എന്‍ അബ്ദുല്ല മൗലവി എന്നിവരോടൊത്തുള്ള സന്ദര്‍ശനാവസരങ്ങളിലാണ് അദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്നത്. വാണിമേല്‍ മസ്ജിദുല്‍ ഇസ്‌ലാഹി കേന്ദ്രീകരിച്ചായിരുന്നു അവരുടെ അന്നത്തെ പ്രവര്‍ത്തനങ്ങള്‍.
വാണിമേലിലെ പണിക്കര്‍ വീട്ടില്‍ കുഞ്ഞമ്മദ് ഹാജിയുടെ മകളുടെ മകനാണ് ആര്‍. മുഹമ്മദ് ഹാജി. പി.വി.കെ ഹാജി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി കേരള അമീറായിരുന്ന ഹാജി സാഹിബിന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്നു. ഹാജി സാഹിബിന്റെ വാണിമേലിലെ കേന്ദ്രം പി.വി.കെയുടെ വീടായിരുന്നു. കുറ്റിയാടി ഇസ്‌ലാമിയാ കോളേജ് കെട്ടിപ്പടുക്കുന്നതില്‍ ഹാജി സാഹിബിനോടൊപ്പം പി.വി.കെ ഹാജിയും മുഹമ്മദ് ഹാജിയുടെ പിതാവ് രയരോത്ത് പോക്കര്‍ ഹാജിയുമുണ്ടായിരുന്നു. കുടുംബ പാരമ്പര്യം അനന്തരമെടുത്ത്, മരണം വരെ, കുറ്റിയാടി ഇസ്‌ലാമിയാ കോളേജിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും വേണ്ടി ആര്‍. മുഹമ്മദ് ഹാജിയും കര്‍മനിരതനായിരുന്നു. റിലീജ്യസ് എജുക്കേഷന്‍ ട്രസ്റ്റ് മെമ്പറായിരിക്കെയാണ് അദ്ദേഹത്തിന്റെ മരണവും. ആര്‍.ഇ.ടി സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുകയും ഭരണസൗകര്യാര്‍ഥം കോളേജിനു വേണ്ടി പ്രത്യേകം മാനേജിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തപ്പോള്‍ മുഹമ്മദ് ഹാജി അതിലും അംഗമായിത്തീര്‍ന്നു.
ഭക്തിയിലധിഷ്ഠിതമായിരുന്നു ഹാജിയുടെ ജീവിതം. കുറ്റിയാടി ജുമുഅത്ത് പള്ളി, ഊരത്ത് ജുമുഅത്ത് പള്ളി, കോളേജ് കാമ്പസ് മസ്ജിദ് എന്നിവയുമായി അദ്ദേഹം നിരന്തര ബന്ധം പുലര്‍ത്തി. അഞ്ചു നേരത്തും ജമാഅത്തിനു പള്ളിയിലെത്തുകയും സുന്നത്ത് നമസ്‌കാരങ്ങളിലും ദിക്ര്‍-ദുആകളിലും ഖുര്‍ആന്‍ പാരായണത്തിലും ഏറെ സമയം ചെലവഴിക്കുകയും ചെയ്തു. അനാരോഗ്യവും പ്രയാസങ്ങളും അവഗണിച്ചും ഇക്കാര്യത്തില്‍ അദ്ദേഹം നിഷ്ഠ പുലര്‍ത്തി. ജനകീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മുഹമ്മദ് ഹാജി. സരസമായി സംസാരിക്കുന്ന അദ്ദേഹം എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി. പ്രായഭേദമന്യേ സൗഹൃദം സ്ഥാപിക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക മിടുക്ക് തന്നെയുണ്ടായിരുന്നു. ബന്ധങ്ങള്‍ ചേര്‍ക്കുന്നതിലും മുഹമ്മദ് ഹാജി കാണിച്ചിരുന്ന ശ്രദ്ധ എടുത്തു പറയേണ്ടതാണ്. നാട്ടിന്‍പുറങ്ങളിലൂടെ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തപ്പോള്‍ ഇത് ബോധ്യപ്പെട്ടിട്ടുണ്ട്.
ഭാര്യ വാണിമേല്‍ കാനംപറ്റ അബ്ദുല്ല ഹാജിയുടെ മകള്‍ മാമിയും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകയാണ്. ഏക മകനായ വാസില്‍ പ്രസ്ഥാന പ്രവര്‍ത്തകനാണ്. വഹീദയാണ് മകള്‍.
പി.കെ ഹഫ്‌സാബി
എറണാകുളം പട്ടണത്തിലെ കലൂര്‍ പ്രാദേശിക ജമാഅത്ത് അംഗമായിരുന്നു പി.കെ ഹഫ്‌സാബി. പ്രസ്ഥാന മാര്‍ഗത്തിലെ സ്ഥിരോത്സാഹി എന്ന് വിശേഷിപ്പിക്കാവുന്ന ഹഫ്സാബി ഒമാനിലെ പ്രവാസ ജീവിതത്തിനിടയിലാണ് അവിടത്തെ ആദ്യവനിതാ റുക്ന്‍ ആയത്. പ്രസ്ഥാനത്തെ അടുത്തറിഞ്ഞതു മുതല്‍ സര്‍വ ഊര്‍ജവും പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അവരുടേത്. ചെറുപ്രായത്തില്‍ തന്നെ ഭര്‍ത്താവ് അറക്കല്‍ മൊയ്തു സാഹിബ് അല്ലാഹുവിലേക്ക് യാത്രയായിരുന്നു. മക്കളുടെ പരിപാലനവും കൂടുംബ ഭാരവും സ്വയം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ പരിഭവങ്ങളില്ലാതെ ആത്മധൈര്യത്തോടെ, തവക്കുലിന്റെ പിന്‍ബലത്തില്‍ ആ പരീക്ഷണ ഘട്ടങ്ങളെ അവര്‍ അതിജീവിച്ചു. എറണാകുളം ഫ്രൈഡെ ക്ലബ്ബില്‍ മൗലവി ബശീര്‍ മുഹ്‌യിദ്ദീന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ പ്രഥമ ബാച്ചില്‍ പഠിതാവായി ചേര്‍ന്ന് ഖുര്‍ആന്‍ പഠനം പൂര്‍ത്തീകരിച്ചു. മസ്‌കത്തിലായിരിക്കുമ്പോഴും പരീക്ഷ എഴുതാന്‍ മാത്രമായി നാട്ടിലെത്തുമായിരുന്നു. വെള്ളിയാഴ്ചകളിലെ ജുമുഅകളും ഹല്‍ഖാ യോഗങ്ങളും മുടങ്ങരുതെന്ന ശാഠ്യം അവര്‍ക്കുണ്ടായിരുന്നു. രോഗം മൂര്‍ഛിച്ച സമയത്തും, നമസ്‌കാരങ്ങളിലെ കൃത്യതയും സാമ്പത്തിക ഇടപാടുകളിലെ കണിശതയും പാലിച്ചു.
കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യമറിഞ്ഞ് നേരില്‍ കണ്ടും ഫോണ്‍ മുഖേനയും എല്ലാ ബന്ധങ്ങളും നിലനിര്‍ത്തിയിരുന്നു. വായനക്കായി പ്രത്യേക സമയം തന്നെ കണ്ടെത്തി. പരന്ന വായന പതിവാക്കിയ അവരുടെ മുറിയില്‍ വന്‍ഗ്രന്ഥശേഖരം തന്നെ ഉണ്ടായിരുന്നു. ദാനധര്‍മങ്ങളില്‍ അവര്‍ പുലര്‍ത്തിയ സന്തുലിത നിലപാട് എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ദീനീ, പ്രസ്ഥാന വിഷയങ്ങളില്‍ ഒരു തരത്തിലുള്ള നീക്കുപോക്കുകള്‍ക്കും വിട്ടുവീഴ്ചക്കും അവര്‍ തയാറല്ലായിരുന്നു. ബാങ്ക് വിളി കേട്ടാല്‍ വീട്ടില്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ ആരും പള്ളിയില്‍ പോകാതെ ഉണ്ടാകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലും ദഅ്‌വ രംഗത്തും അവര്‍ സജീവമായിരുന്നു. ബാഗില്‍ എപ്പോഴും ലഘുലേഖകള്‍, പ്രാര്‍ഥനാ പുസ്തകങ്ങള്‍ എന്നിവ കരുതിവെക്കുമായിരുന്നു. കൂടാതെ ബാഗില്‍ കരുതിയ പച്ചക്കറി വിത്തുകള്‍ എല്ലാവര്‍ക്കും കൊടുക്കുമായിരുന്നു. ഒമാനിലെ പ്രസ്ഥാന ബന്ധുക്കളുടെ വീടുകളില്‍ ഇപ്പോഴും പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന മുരിങ്ങ മരങ്ങള്‍ അതിന്റെ തെളിവുകളാണ്. ഹജ്ജിനോ ഉംറക്കോ ആരെങ്കിലും പോകുന്ന വിവരം ലഭിച്ചാല്‍ ആവശ്യമുള്ള മരുന്നുകളും എന്തിനേറെ അച്ചാറുകള്‍ വരെ അവര്‍ തയാറാക്കിക്കൊടുക്കും. ഇസ്‌ലാമിക മാര്‍ഗത്തില്‍ പ്രവര്‍ത്തനസജ്ജരാകാന്‍ മക്കളെയും പേരമക്കളെയും നിരന്തരം ഉദ്‌ബോധിപ്പിക്കുക വഴി പ്രസ്ഥാന മാര്‍ഗത്തിലെ പ്രവര്‍ത്തകരായ മക്കളെ വാര്‍ത്തെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. മക്കള്‍ അബ്ദുര്‍റശീദ് (മസ്‌കത്ത്), ജമീല, ഫൗസിയ ലത്വീഫ്.
കെ.ഐ അബ്ദുല്‍ ഖാദര്‍, കലൂര്‍
Comments