തിരിഞ്ഞൊഴുകുമോ ഗംഗ?
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിലും ദേശീയ പൗരത്വ നിയമം ഭേദഗതി ചെയ്തതിലും പുനര്‍ വിചിന്തനമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം മണ്ഡലമായ വാരാണസിയില്‍ പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ദേശീയ താല്‍പര്യമനുസരിച്ച് ഈ തീരുമാനങ്ങള്‍ അനിവാര്യമായിരുന്നു. വര്‍ഷങ്ങളായി രാജ്യം ഇതിനായി കാത്തിരുന്നതാണ്. പല ഭാഗത്തുനിന്നും സമ്മര്‍ദമുയരുന്നുണ്ടായിരുന്നെങ്കിലും തീരുമാനങ്ങളില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. അത് തുടരുക തന്നെ ചെയ്യും'' (മാതൃഭൂമി 2020 ഫെബ്രുവരി 17). കേരളം, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാന നിയമസഭകള്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രമേയങ്ങള്‍ പാസ്സാക്കുകയും ആന്ധ്ര, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പുതുശ്ശേരി, തെലങ്കാന എന്നീ സംസ്ഥാന സര്‍ക്കാറുകള്‍ നിയമത്തെ തുറന്നെതിര്‍ക്കുകയും ചെയ്യുന്നു; കോണ്‍ഗ്രസ്, തൃണമൂല്‍, എസ്.പി, ബി.എസ്.പി, ഡി.എം.കെ, സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, എം.ഐ.എം, ടി.ഡി.പി തുടങ്ങി ഇരുപതോളം പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദമുയര്‍ത്തുന്നു; രാജസ്ഥാന്‍, ദല്‍ഹി, യു.പി, ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, കേരളം മുതല്‍ സംസ്ഥാനങ്ങളില്‍ രാപ്പകല്‍ സമരങ്ങളും അതിരൂക്ഷമായ പ്രതിഷേധങ്ങളും അലയടിച്ചുയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അസന്ദിഗ്ധമായ പ്രഖ്യാപനം. എന്‍.ഡി.എ ഘടക കക്ഷികളായ ശിരോമണി അകാലിദള്‍, ജനതാദള്‍ (യു) എന്നിവയുടെ പൗരത്വ ഭേദഗതി നിയമത്തോടുള്ള സമീപനം ബി.ജെ.പിയുടേതല്ല. എല്ലാറ്റിനും പുറമെ സ്വാതന്ത്ര്യത്തിനു ശേഷം ഇന്നേവരെ കണ്ടില്ലാത്ത വിധം രാജ്യത്തെ ഏറ്റവും അധഃസ്ഥിതരായ മുസ്‌ലിം സ്ത്രീകള്‍ പ്രക്ഷോഭ രംഗത്തിറങ്ങിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ നടന്ന ദല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും 11 സംസ്ഥാന മുഖ്യമന്ത്രിമാരും, കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ നൂറുകണക്കിന് പാര്‍ലമെന്റംഗങ്ങളും അതിതീവ്രമായ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിയിട്ടും എഴുപതില്‍ എട്ടു സീറ്റുകള്‍ കൊണ്ട് ബി.ജെ.പിക്ക് തൃപ്തിപ്പെടേണ്ടിവന്നത് പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ ആഘാതം തികച്ചും പ്രതിഫലിപ്പിക്കുന്നതാണ്. ജനാധിപത്യത്തോട് കടുകിട പ്രതിബദ്ധതയുള്ള സര്‍ക്കാറാണെങ്കില്‍ വിവാദ നിയമത്തെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ആരംഭിക്കുകയെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചു. പക്ഷേ മോദി-അമിത് ഷാ കൂട്ടുകെട്ട് അതേപ്പറ്റി ചിന്തിക്കുക പോലും ചെയ്യാത്തത് എന്തുകൊണ്ടാവും?
ഒന്ന്, സമ്പൂര്‍ണ ഹിന്ദുത്വവത്കരണ പാതയില്‍നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് അനുയായികള്‍ക്കും അനുകൂലികള്‍ക്കും ദൃഢമായ സന്ദേശം നല്‍കാന്‍ അവരാഗ്രഹിക്കുന്നു. അതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ സമ്പൂര്‍ണ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുകയെന്ന ആര്‍.എസ്.എസ്സിന്റെ അജണ്ട നടപ്പാക്കുന്നതില്‍ നിര്‍ണായക വിജയം നേടിക്കഴിഞ്ഞിരിക്കെ, നിമിഷനേരത്തെ ശങ്കയോ പിന്നോട്ടുള്ള തിരിഞ്ഞുനോട്ടം പോലുമോ ലക്ഷ്യപ്രാപ്തിയെ ചഞ്ചലമാക്കും എന്നവര്‍ ഉറച്ചുവിശ്വസിക്കുന്നു. അതിനാല്‍ എതിര്‍പ്പുകളെ എന്തു വില കൊടുത്തും ചെറുത്തുതോല്‍പിക്കുകയല്ലാതെ നിര്‍വാഹമില്ല.
രണ്ട്, അടിസ്ഥാനപരമായി പൗരത്വ പ്രശ്‌നം മുസ്‌ലിം ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്നതും അവരെ മാത്രം ചകിതരും ആശങ്കാകുലരാക്കുന്നതുമാണെന്ന് ആര്‍.എസ്.എസ് കരുതുന്നു. അവരാകട്ടെ, ഹിന്ദുത്വ രാഷ്ട്രത്തിന്റെ പ്രഖ്യാപിത ശത്രുക്കളെന്ന നിലയില്‍ ഒരളവിലും സഹതാപത്തിനോ വിട്ടുവീഴ്ചക്കോ മാനുഷിക പരിഗണനക്കോ അര്‍ഹരുമല്ല. 15-20 കോടി വരുന്ന ഒരു ജനസഞ്ചയത്തെ നിശ്ശേഷമായി നാടുകടത്തുകയോ തടവറകളില്‍ പാര്‍പ്പിക്കുകയോ ചെയ്യുക ഏറക്കുറെ അസാധ്യമാണെങ്കിലും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവരെ തെരഞ്ഞുപിടിച്ച് എവ്വിധവും നിശ്ശബ്ദരാക്കാന്‍ കഴിഞ്ഞാല്‍ എതിര്‍പ്പ് സ്വതേ ദുര്‍ബലമാവും. ചൈനയിലും മ്യാന്മറിലും ശ്രീലങ്കയിലും സുസാധ്യമായത് ഒരല്‍പം പ്രയാസപ്പെട്ടാണെങ്കിലും ഇന്ത്യയില്‍ സാധ്യമാവാതിരിക്കാന്‍ കാരണമില്ല. മുസ്‌ലിം നേതാക്കളിലും വ്യവസായികളിലും ഉദ്യോഗസ്ഥരിലും ഒരു വിഭാഗം ഇപ്പോള്‍ തന്നെ കീഴടങ്ങലിന്റെ ലക്ഷണങ്ങള്‍ കാണിച്ചുകഴിഞ്ഞിരിക്കെ വിശേഷിച്ചും.
മൂന്ന്, സെക്യുലര്‍ എന്നവകാശപ്പെടുന്ന പാര്‍ട്ടികളുടെ എതിര്‍പ്പ് ആത്മാര്‍ഥമാണെങ്കില്‍ തന്നെ അവര്‍ക്കിടയിലെ അനൈക്യവും ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള വിരോധത്തിലെ മൃദുത്വവും എന്‍ഫോഴ്‌സ്‌മെന്റ്, ഇന്‍കം ടാക്‌സ് തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ചുള്ള വേട്ടയും ദേശീയതലത്തില്‍ ഒരു ബദല്‍ ശക്തി പുനരവതരിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു. കൂറുമാറ്റവും കാലുമാറ്റവും പണമൊഴുക്കും പൂര്‍വാധികം ശക്തമാക്കി പ്രതിപക്ഷ നേതൃത്വത്തെ നിര്‍വീര്യമാക്കുന്ന തന്ത്രവും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
നാല്, 2001 സെപ്റ്റംബര്‍ 11-നു ശേഷം അമേരിക്ക ആരംഭിച്ച ഇസ്‌ലാമോഫോബിയ വ്യാപന തന്ത്രത്തിന്റെയും തദടിസ്ഥാനത്തിലുള്ള നടപടികളുടെയും ഫലമായി ലോകത്തിലെ മുസ്‌ലിം -അറബ് രാജ്യങ്ങളിലെ ഭരണാധികാരികളെ ആഗോളതലത്തില്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളുടെയും നടപടികളുടെയും നേരെ കണ്ണ് ചിമ്മാനും ഒരളവ് വരെ ശത്രുക്കളോടൊപ്പം നില്‍ക്കാനും പ്രേരിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും ഈ പ്രവണതയുടെ ഗുണഭോക്താക്കളായ ഇന്ത്യക്കും ഇസ്രയേലിനും അന്താരാഷ്ട്ര തലത്തില്‍ നിര്‍ഭയത്വം നല്‍കാന്‍ ഇത് വഴിയൊരുക്കിയിട്ടുമുണ്ട്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം മുഖ്യ ശത്രുവായ പാകിസ്താനെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സ്വീകരിക്കുന്ന കടുത്ത നടപടികള്‍ ഒട്ടൊന്നുമല്ല ആശ്വാസം പകരുന്നത്. ഇന്ത്യയുടെ പ്രവിശാലമായ വിപണി സാധ്യതകളെ, ഈ രാജ്യവുമായി സൗഹൃദം ശക്തിപ്പെടുത്താന്‍ എണ്ണസമ്പന്ന അറബ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നുമുണ്ട്. ജനാധിപത്യ ധ്വംസനത്തിനും മനുഷ്യാവകാശ നിഷേധത്തിനും ഇവയില്‍ പലതും കുപ്രസിദ്ധി നേടിയവയാണു താനും.
ഇങ്ങനെ നോക്കുമ്പോള്‍ കാവിപ്പടയുടെ ആസൂത്രിതവും തന്ത്രപരവും ശക്തവുമായ മുന്നേറ്റം ലക്ഷ്യത്തിലെത്താന്‍ ശക്തമായ തടസ്സങ്ങള്‍ ദൃശ്യമല്ല എന്നു തോന്നാം. പക്ഷേ, കണക്കുകൂട്ടലുകള്‍ എപ്പോഴും സുബദ്ധമാവണമെന്നില്ലെന്നാണ് അനുഭവ പാഠം. പ്രതീക്ഷിതമോ അപ്രതീക്ഷിതമോ ആയ തിരിച്ചടികള്‍ സമ്പൂര്‍ണ ഹിന്ദുത്വ രാഷ്ട്ര സ്വപ്നത്തെ അയഥാര്‍ഥമാക്കാം. എന്തൊക്കെയാവാം ആ തിരിച്ചടികള്‍?
ഒന്ന്: കര്‍ക്കശമായ സമഗ്രാധിപത്യ സ്വഭാവമുള്ള ദേശീയതക്ക് അഥവാ വംശീയതക്ക് നേരെ ഉയരാവുന്ന ഏറ്റവും വലിയ ഭീഷണി ഉപദേശീയതകളില്‍നിന്നു തന്നെയാണ്. പ്രത്യയശാസ്ത്രപരമായി കമ്യൂണിസത്തെ അടിസ്ഥാനമാക്കി ജോസഫ് സ്റ്റാലിന്‍ ബലപ്രയോഗത്തിലൂടെ സ്ഥാപിച്ചെടുത്ത റഷ്യന്‍ ദേശീയതയാണ് സമീപകാല ചരിത്രത്തിലെ ഏറ്റവും സ്പഷ്ടമായ ഉദാഹരണം. വിവിധ ഉപദേശീയതകളെ അടിച്ചമര്‍ത്തി യൂനിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്‌സ് അരക്കിട്ടുറപ്പിച്ച സ്റ്റാലിന്റെ മുഠാള ഭരണത്തിന് ശേഷം യു.എസ്.എസ്.ആറിന്റെ പിടി അയഞ്ഞുതുടങ്ങി. 1990-കളോടെ 16 റിപ്പബ്ലിക്കുകള്‍ ഓരോന്നായി സ്വന്തം സ്വത്വത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും തിരിച്ചുപോകുന്നതാണ് കണ്ടത്. എസ്‌തോണിയ, ലാത്‌വിയ, ജോര്‍ജിയ, അര്‍മീനിയ എന്നീ ക്രിസ്ത്യന്‍ റിപ്പബ്ലിക്കുകളായിരുന്നു ആദ്യം. പിറകെ ഉസ്‌ബെകിസ്താന്‍, താജികിസ്താന്‍, കസാഖിസ്താന്‍, തുര്‍ക്കുമെനിസ്താന്‍, അസര്‍ബൈജാന്‍, കിര്‍ഗിസ്താന്‍ എന്നിവയും സ്വത്വത്തിലേക്ക് മടങ്ങി. ഉക്രൈനും ആ വഴി പിന്തുടര്‍ന്നു. ചെച്‌നിയ സ്വാതന്ത്ര്യത്തിനായി പൊരുതിയെങ്കിലും റഷ്യന്‍ പട്ടാളം അടിച്ചമര്‍ത്തി. പൂര്‍വ യൂറോപ്യന്‍ രാഷ്ട്രങ്ങളായ യുഗോസ്ലാവിയയും ചെക്കസ്ലോവാക്യയും ശിഥിലമായതും ലോകം കണ്ടു. ഭൂരിപക്ഷ വംശീയത എത്ര ശക്തമാണെങ്കിലും ഉപദേശീയതകളുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കില്ലെന്ന് ഗുണപാഠം.
ഇന്ത്യയിലേക്ക് വരുമ്പോള്‍ ജനസംഖ്യയില്‍ വെറും 15 ശതമാനം വരുന്ന സവര്‍ണ വംശീയതയിലധിഷ്ഠിതമാണ് ആര്‍.എസ്.എസ്സിന്റെ ഹിന്ദു രാഷ്ട്രവാദം. പിന്നാക്ക, പട്ടിക ജാതി, ആദിവാസി വര്‍ഗങ്ങളും മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി മതസമൂഹങ്ങളും ചേര്‍ന്നതാണ് ശിഷ്ട ഇന്ത്യ. മണ്ഡല്‍ കമീഷന്‍ കണ്ടെത്തിയ ജാതികളും ഉപജാതികളും തന്നെ വരും മൂവായിരത്തോളം. ഈ ജനകോടികളെയാകെ ഏക ജനത, ഏക സംസ്‌കാരം, ഏക ഭാഷ ബാനറില്‍ ബലപ്രയോഗത്തിലൂടെ അണിനിരത്താനുള്ള ശ്രമം ലക്ഷ്യം കാണാതെ വിഫലമായി കലാശിക്കുകയേ ചെയ്യൂ. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മര്‍ എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍ച്ചേരുന്ന അഖണ്ഡ ഭാരതമെന്ന ആത്യന്തിക ലക്ഷ്യത്തെപ്പറ്റി ഇപ്പോള്‍ തന്നെ ആര്‍.എസ്.എസ്സിന് അര്‍ഥഗര്‍ഭമായ മൗനമാണ്. പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള ഹിന്ദു അഭയാര്‍ഥികളെയല്ലാതെ പൗരത്വ ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടു പോലുമില്ല. അസമിലെ ഗോത്രവര്‍ഗ സംസ്‌കൃതിയില്‍ സാക്ഷാല്‍ ഹിന്ദുക്കള്‍ക്ക് പോലും സ്ഥാനം നിഷേധിക്കപ്പെട്ടതിനെച്ചൊല്ലി പാളയത്തില്‍ കലാപമാണ് താനും. സവര്‍ണ-അവര്‍ണ-ദലിത് വിഭാഗങ്ങളുടെ പൊരുത്തക്കേടുകള്‍ക്ക് ഹിന്ദുത്വവാദികളുടെ പക്കല്‍ പ്രതിവിധിയില്ലെന്നതും ശ്രദ്ധേയമാണ്. എം.എസ് ഗോള്‍വാള്‍ക്കറുടെ ഹിന്ദുത്വ വിചാരധാര കേവലം ഉട്ടോപ്യ ആയി കലാശിക്കും എന്ന് പ്രവചിക്കാന്‍ ഇതൊക്കെ ധാരാളം മതി.
രണ്ട്: റോട്ടി, മകാന്‍, കപ്ഡാ എന്നീ അടിസ്ഥാനാവശ്യങ്ങള്‍ക്കു വേണ്ടി ജനകോടികള്‍ പൊരുതേണ്ടിവരുന്ന രാജ്യമാണ് സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷവും ഇന്ത്യ. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കോര്‍പ്പറേറ്റുകള്‍ മുതല്‍മുടക്കി അധികാരത്തിലേറ്റിയ മോദി സര്‍ക്കാര്‍ ഭരണത്തിന്റെ രണ്ടാമുഴം തുടങ്ങിയിട്ടും ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് കുത്തനെ താഴ്ന്ന് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിനില്‍ക്കുന്നു. ഭക്ഷ്യസുരക്ഷ ലക്ഷ്യപ്രാപ്തിയുടെ ബഹുദൂരം അകലെയാണ്. തൊഴിലില്ലായ്മ അനുദിനം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഒടുവില്‍ നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദുത്വ സര്‍ക്കാറിനെതിരെ പ്രതിഫലിച്ചത് മറ്റെന്തിലുമുപരി സാമ്പത്തിക തകര്‍ച്ചയില്‍ ജനങ്ങളുടെ അമര്‍ഷവും ആശങ്കയുമാണ്. സാധാരണ മനുഷ്യരെ ചവിട്ടിത്താഴ്ത്തി കൊമ്പന്‍സ്രാവുകളെ കൂടുതല്‍ കൂടുതല്‍ കൊഴുപ്പിക്കുന്ന സാമ്പത്തിക നയം തുടരുന്ന കാലത്തോളം അതിവൈകാരിക മുദ്രാവാക്യങ്ങള്‍ക്ക് മാത്രം ജനപിന്തുണ പിടിച്ചുനിര്‍ത്താനാവില്ല.
മൂന്ന്, രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷം അതിന്റെ ഭാഗധേയം തിരുത്തിക്കുറിക്കുന്ന പ്രക്രിയ ആരംഭിച്ചു എന്ന് വിശ്വസിപ്പിക്കുന്നതാണ് പൗരത്വ നിയമങ്ങള്‍ക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍. കൃത്യമായ നേതൃത്വമോ ഏതെങ്കിലും സംഘടനയുടെ ആഭിമുഖ്യമോ ഇല്ലാതെ ആബാലവൃദ്ധം ജനങ്ങള്‍ തെരുവുകളിലും വിദ്യാര്‍ഥി-യുവജനങ്ങള്‍ കലാശാലാ കാമ്പസുകളിലും തീര്‍ക്കുന്ന ശാഹീന്‍ ബാഗുകള്‍ പോലീസിന്റെ വെടിയുണ്ടകളുടെയോ ലാത്തികളുടെയോ മുന്നില്‍ പതറുന്നില്ലെന്നത് സാമ്പ്രാദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണ് തുറപ്പിക്കുന്നുണ്ട്. ജാതി-മതഭേദമന്യേ ജനം അവരെ പിന്തുണക്കുന്നുമുണ്ട്. മുമ്പൊരിക്കലും കാണാത്തവിധം പര്‍ദ ധരിച്ച മുസ്‌ലിം വനിതകള്‍ പുരോഹിതന്മാരുടെ വിലക്കുകള്‍ മറികടന്ന് പോരാട്ടത്തിനിറങ്ങിയതും നേതൃത്വം നല്‍കുന്നതും അനിവാര്യമായ മാറ്റത്തിന്റെ കാഹളം മുഴക്കലാണ്. ബദല്‍ കാമ്പയിനിറങ്ങിയ കാവിപ്പട ജനകീയ ബഹിഷ്‌കരണത്തിന്റെ മുന്നില്‍ വാല് മടക്കുന്നതും പുതിയ അനുഭവമായി.
നാല്, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും മതനിരപേക്ഷ ഭരണഘടനയുടെ സംരക്ഷണം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളത്രയും. സമഗ്രാധിപത്യത്തിന്റെ വക്താക്കളെ അത് വിറളി പിടിപ്പിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ശുഭകരമാവും ഭാവി.
Comments