Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 28

3141

1441 റജബ് 04

ആവേശം ചോരാതെ ആളിപ്പടരുന്ന സമരങ്ങള്‍

 ഇ.ടി മുഹമ്മദ് ബഷീര്‍  എം.പി

വംശീയ ഉന്മൂലനമാണ് സംഘ് പരിവാറിന്റെ അജണ്ട. അതിന്റെ ചില രൂപങ്ങള്‍ പറയാം. രാജ്യത്ത് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പദവികള്‍ (പ്രിവിലേജ്) ഉണ്ട്. ആ പദവികളെല്ലാം ഇല്ലാതാക്കുകയാണ് അതിലൊന്ന്.  യഥാര്‍ഥത്തില്‍ ബി.ജെ.പിയും സംഘ് പരിവാറും ഇപ്പോള്‍ ശ്രമിക്കുന്നത് അതിനാണ്. അതില്‍ ഒന്നുകൂടിയേ ഇനി പുറത്തെടുക്കാനുള്ളൂ; ഏക സിവില്‍ കോഡ്. അത് നടപ്പാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആര്‍.എസ്.എസിന്റെ മുഖപത്രമായ 'ഓര്‍ഗനൈസറി'ന്റെ ഒരു മാസം മുമ്പത്തെ കവര്‍ സ്റ്റോറിയുടെ തലക്കെട്ട് 'വണ്‍ നാഷന്‍ വണ്‍ കോഡ്' എന്നായിരുന്നു. പതിനഞ്ച് പേജോളം വരുന്ന ആ ലേഖനം ഇന്ത്യയില്‍ ഏക സിവില്‍ കോഡിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു.
ചരിത്രത്തില്‍ ഉന്മൂലന സിദ്ധാന്തങ്ങള്‍ എങ്ങനെയെല്ലാമാണ് നിലകൊണ്ടത് എന്ന് പരിശോധിച്ചാല്‍, ഫാഷിസ്റ്റുകള്‍ എല്ലായിടത്തും ചെയ്തിട്ടുള്ളതു പോലെ തുടര്‍ച്ചയായ നുണപ്രചാരണങ്ങളിലൂടെ തങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തിയെടുക്കുക എന്നതായിരുന്നു. ഇന്ത്യയില്‍ വെറുക്കപ്പെടേണ്ട വിഭാഗമാണ് മുസ്‌ലിംകള്‍ എന്ന പൊതുബോധം സൃഷ്ടിക്കാനാണ് സംഘ് പരിവാര്‍ നിരന്തരം ശ്രമിച്ചുപോന്നിട്ടുള്ളത്. ഓരോ പുതിയ നിയമങ്ങളിലൂടെയും മുസ്‌ലിംകള്‍ വെറുക്കപ്പെടേണ്ടവരാണെന്ന സന്ദേശമാണ് പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ നാം കാണുന്നത് വ്യാപകമായി രാജ്യദ്രോഹ കുറ്റം ചുമത്തുന്നതാണ്. നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചാലും എഴുതിയാലും പാടിയാലും മുദ്രാവാക്യം വിളിച്ചാലും അവര്‍ക്കെതിരെ വളരെ എളുപ്പത്തില്‍ ചുമത്താവുന്ന ഒന്നായി രാജ്യദ്രോഹക്കുറ്റം മാറിക്കഴിഞ്ഞു.
കശ്മീരിലെ ജനങ്ങള്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് 370-ാം വകുപ്പ്  റദ്ദാക്കിയത്. അവകാശ നിഷേധത്തിലൂടെ ഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനസംഖ്യയില്‍ അസന്തുലിതത്വം സൃഷ്ടിക്കുകയെന്ന വലിയ അജണ്ടയാണ് ഇതിനു പിന്നില്‍. കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും മുതിര്‍ന്ന നേതാവായ ഫാറൂഖ് അബ്ദുല്ലയും ആറു മാസമായി വീട്ടുതടങ്കലിലാണ്. എന്ത് കാര്യത്തിനാണ് അവരെ വീട്ടുതടങ്കലില്‍ വെച്ചിരിക്കുന്നത് എന്ന് ഇന്നുവരെ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ കശ്മീരിലെ ചിത്രം കുറച്ചെങ്കിലും പുറത്തുവരുന്നുണ്ടെങ്കിലും ദേശീയ മാധ്യമങ്ങളെ ഇപ്പോഴും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല. 
നമ്മുടെ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി പറഞ്ഞു. 'മോബോക്രസി' എന്നാണ് സുപ്രീംകോടതി അതിനെ വിശേഷിപ്പിച്ചത്. നിയമം ജനങ്ങള്‍ കൈയിലെടുക്കുന്ന  സാഹചര്യമാണെന്നും ഇത് രാജ്യത്തിന് അപമാനമാണെന്നും അടിയന്തരമായി  ഇതിനെതിരെ നിയമം കൊണ്ടുവരണമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്നുവരെ അതിനെപ്പറ്റി ഒരക്ഷരം കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ഇതിനിടയിലാണ് ലൗ ജിഹാദ്, മനുഷ്യക്കടത്ത് പോലുള്ള നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഫാഷിസ്റ്റ് ശക്തികള്‍ എല്ലായിടത്തും ശ്രമിച്ചിട്ടുള്ളത്, തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനും
അത് ശക്തിപ്പെടുത്താനും എന്നിട്ട് അവര്‍ക്കെതിരെ എന്ത് അതിക്രമങ്ങളും ചെയ്യാന്‍ വിധത്തില്‍ മറ്റു വിഭാഗങ്ങളെ പാകപ്പെടുത്തിയെടുക്കാനുമാണ്. അതില്‍ അവര്‍ ഒരു  പരിധി  വരെ വിജയിച്ചിട്ടുമുണ്ട്. സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്ന മനുഷ്യര്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്തി അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതില്‍  വിജയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ വിജയം നാടിനേറ്റ വന്‍ പരാജയമാണെന്ന് തിരിച്ചറിയണം.
സംസ്‌കാരം, വിദ്യാഭ്യാസം, ചരിത്രം തുടങ്ങി സര്‍വ മേഖലകളെയും സംഘ് പരിവാര്‍ കൃത്യമായ അജണ്ടയോടു കൂടി കാവിവത്കരിച്ചുകൊണ്ടിരിക്കുന്നത് നാം നേരില്‍ കാണുന്നുണ്ടല്ലോ. ഇതിന്റെയെല്ലാം  അപകടം ഇപ്പോഴല്ല. അതൊക്കെ നാം
കാണാനിരിക്കുന്നതേയുള്ളൂ.
രാജ്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന എല്ലാ നന്മകളെയും സംഘ് പരിവാര്‍ വലിയ ആഴത്തില്‍ പിന്നോട്ടടിപ്പിച്ചു എന്നതാണ് വസ്തുത.
എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.
ആര്‍ ഇവയൊക്കെയും പിന്‍വലിക്കുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കും വരെ നമ്മുടെ സമരം മുന്നോട്ടു പോകണം. കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ എന്‍.ആര്‍.സി നടന്നല്ലോ അസമില്‍. അവര്‍ പറഞ്ഞ തെളിവുകള്‍ കൊടുത്തില്ല എന്ന സാങ്കേതിക കാരണം പറഞ്ഞ്  എത്ര പേരെ തടങ്കല്‍ പാളയങ്ങളിലേക്ക് അയച്ചു! അവരുടെ മുന്നിലുള്ള പരിഹാരം ഫോറിന്‍ ട്രിബ്യൂണലില്‍ പോവുക എന്നതാണ്. വളരെ കുറച്ചു പേര്‍ മാത്രമേ അങ്ങനെ മുന്നോട്ടു പോവുന്നുള്ളൂ.  സങ്കീര്‍ണമായ പ്രക്രിയകള്‍ കാരണം ആ വാതിലും മുട്ടിയിട്ട് കാര്യമില്ല എന്നാണ് മനസ്സിലാവുന്നത്.
ഒറ്റക്കെട്ടായ സമരങ്ങള്‍ നല്ലതു തന്നെയാണ്. അതിനു കൂട്ടായ ചര്‍ച്ചകള്‍ അത്യാവശ്യമാണ്. ഒന്നിച്ചുള്ള ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞു വരേണ്ടതാണ് ഇത്തരം സമരങ്ങള്‍. കേരള സര്‍ക്കാരിന്റെ സമര പരിപാടികള്‍ സി.പി.എം ഒറ്റക്ക് വിളിച്ചുചേര്‍ക്കുകയല്ല വേണ്ടത്. ഇതേ സി.പി.എം ബംഗാളില്‍ എന്തുകൊണ്ടാണ് മമതാ ബാനര്‍ജിക്കൊപ്പം യോജിച്ച് സമരത്തിനില്ലാത്തത്? ഇതാണ് പ്രശ്‌നം.
ഈ സമരം രാജ്യം ഏറ്റെടുത്തിരിക്കുന്നു. മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള ഈ നടപടിക്കെതിരെ രാജ്യം മൊത്തം ഏറ്റെടുത്ത ഈ പ്രക്ഷോഭത്തെ ക്ഷയിപ്പിക്കാനോ തളര്‍ത്താനോ പാടില്ല. അതിനെ  ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോവുക എന്നതിനായിരിക്കണം മുസ്ലിംകള്‍ ഈ സമരത്തിന് നല്‍കേണ്ട ഊന്നല്‍. 
വിശ്വാസം തന്നെ അപകടത്തിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളെ മറികടക്കാനാവണം. അഭിപ്രായ വ്യത്യാസങ്ങള്‍ പ്രവാചകന്റെ  കാലത്തും ഉണ്ടായിട്ടുണ്ട്. ഒരു വലിയ ലക്ഷ്യത്തിലേക്ക് ഐക്യത്തോടെ നടത്തുന്ന ഈ കൂട്ടായ പ്രതിരോധം തീര്‍ച്ചയായും ഭാവിയിലേക്കും ഗുണം ചെയ്യും.
കോടതിയില്‍ പോയാല്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം ലഭിക്കുന്ന സാഹചര്യമുണ്ട് അസമില്‍. അവിടെ മുസ്‌ലിംകളാവട്ടെ തടങ്കല്‍ പാളയങ്ങളില്‍  തുടരുകയും. ഇത് കടുത്ത നീതിനിഷേധവും ആസൂത്രിത വംശീയ ഉന്മൂലനവുമല്ലാതെ പിന്നെ മറ്റെന്താണ്?
സമരം ദുര്‍ബലപ്പെടുമായിരുന്നെങ്കില്‍, എത്രയോ മുമ്പുതന്നെ പരാജയപ്പെട്ടുപോകുമായിരുന്നു.  എന്നാല്‍ ആവേശം ഒട്ടും ചോരാതെ പ്രക്ഷോഭങ്ങള്‍ ആളിപ്പടരുന്ന കാഴ്ചയാണ് നാം കണ്ടത്. ഉത്തര്‍പ്രദേശിലെ പ്രക്ഷോഭ കേന്ദ്രങ്ങളിലൂടെ ഞാന്‍ യാത്ര ചെയ്യുകയുണ്ടായി. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ ഒരു സംഘം യു.പി
യില്‍ എങ്ങനെയെല്ലാമാണ് ജനങ്ങളെ അടിച്ചമര്‍ത്തിയതെന്ന്  ഞങ്ങള്‍ നേരിട്ട് കണ്ടു. പ്രക്ഷോഭകാരികളെ, സാധാരണക്കാരെ ദൂരെയുള്ള അവരുടെ  വീടുകളില്‍  തെരഞ്ഞു ചെന്ന് മര്‍ദിക്കുകയും വെടിവെക്കുകയുമായിരുന്നു യോഗിയുടെ യു.പി പോലീസ്.  പക്ഷേ സമരം കെട്ടടങ്ങുകയല്ല, കൂടുതല്‍ ശക്തിപ്പെടുകയായിരുന്നു അവിടെ. അതാണ് സംഘ് പരിവാറിനെ അസ്വസ്ഥമാക്കുന്നതും.
പോലീസ് അഴിഞ്ഞാടിയ മംഗലാപുരവും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. പ്രക്ഷോഭത്തില്‍ രക്തസാക്ഷികളായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും നിയമസഹായം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് മുസ്‌ലിം ലീഗ് പാര്‍ലമെന്റിനു മുന്നിലെ മഹാത്മാ ഗാന്ധി പ്രതിമക്കു മുന്നില്‍ പ്രതിഷേധം നടത്തിയത്. ദേശീയതലത്തില്‍ തന്നെ ലീഗ് യോഗം വിളിച്ചുചേര്‍ക്കുകയും കൂടുതല്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോവുകയും ചെയ്യും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഉന്നത അഭിഭാഷകനെ ചുമതലപ്പെടുത്തി ആദ്യമായി കേസിനു പോയത് മുസ്‌ലിം ലീഗാണ്. ഈ വിഷയകമായി ആരുമായി സഹകരിക്കാനും അവരുടെ യോഗങ്ങളില്‍ പങ്കെടുക്കാനും ലീഗ് സന്നദ്ധമാണ്. കോടതിയില്‍നിന്ന് നീതി ലഭ്യമാകാത്ത സാഹചര്യമാണെങ്കില്‍ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുക, തുടരുക, മുന്നോട്ടു പോവുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക മാര്‍ഗം. 
 

തയാറാക്കിയത്: തശ്‌രീഫ് മമ്പാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (7-9)
ടി.കെ ഉബൈദ്‌

ഹദീസ്‌

കരുണയര്‍ഹിക്കുന്ന മൂന്ന് വിഭാഗങ്ങള്‍
സുബൈര്‍ കുന്ദമംഗലം