വോട്ടവകാശ നിഷേധമാണ് സി.എ.എയുടെ ഗൂഢലക്ഷ്യം
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ ഭേഗഗതി നിയമത്തില്‍ നിന്ന് മുസ്‌ലിം വിഭാഗത്തെ മാറ്റി നിര്‍ത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സാദിയ ദഹ്‌ലവിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ. സൂഫിസം ദ ഹാര്‍ട്ട് ഓഫ് ഇസ്‌ലാം, ജാസ്മിന്‍ ആന്റ് ജിന്‍ എന്നീ കൃതികള്‍ രചിച്ച അവര്‍ ദക്ഷിണേന്ത്യയിലെ സൂഫി പാരമ്പര്യവും മുസ്‌ലിം സംസ്‌കാരവും എന്ന വിഷയത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിലും ദ ടൈംസ് ഓഫ് ഇന്ത്യയിലും കോളമിസ്റ്റുമാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായിരിക്കുകയാണ്. വര്‍ഷങ്ങളായി ദല്‍ഹി കേന്ദ്രീകരിച്ച് നടത്തുന്ന സാമൂഹിക ഇടപെടലുകളില്‍ മുഖ്യ പങ്കുവഹിച്ച ഒരു കുടുംബത്തില്‍നിന്നുള്ള അംഗമെന്ന നിലക്ക് താങ്കള്‍ ഈയൊരു സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു?
ഒരു ലിബറല്‍ സെക്കുലര്‍ സാംസ്‌കാരിക പശ്ചാത്തലത്തിലായിരുന്നു ഞാന്‍ വളര്‍ന്നത്. തലമുറകളായി ഇന്ത്യയില്‍ കഴിഞ്ഞവരാണെങ്കിലും നിലവില്‍ സമൂഹ മധ്യേ രണ്ടാം കിടക്കാരായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.
സി.എ.എക്കെതിരെ ജനങ്ങള്‍ രംഗത്തുവന്നതിന്റെ പിന്നിലെ പ്രേരണ എന്താണ്?
വലിയൊരു വിഭാഗം മുസ്‌ലിംകളുടെ വോട്ടവകാശ ലംഘനമാണ് ഈയൊരു ആക്ടിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യം. രാജ്യത്ത് ഇന്ന് ജീവിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ക്കും യാതൊരു രേഖയും കൈവശമില്ലാത്തതിനാല്‍ പലര്‍ക്കും തങ്ങളുടെ പൗരത്വം തെളിയിക്കുന്നത് തീര്‍ത്തും ദുഷ്‌കരമായിരിക്കും. സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ അവര്‍ക്ക് ലഭിക്കാതിരുന്നാല്‍ അവര്‍ തീര്‍ത്തും നിസ്സഹായരായിത്തീരും.
രാജ്യത്ത് പൗരത്വം നിഷേധിക്കപ്പെട്ടാല്‍ അവരെല്ലാം എങ്ങോട്ടു പോകും? സാമ്പത്തിക തകര്‍ച്ചയില്‍നിന്നും തൊഴിലില്ലായ്മയില്‍നിന്നും കരകയറ്റാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ഇത്തരമൊരു ബില്ല് സര്‍ക്കാര്‍ കൊണ്ടു വന്നതോടെ ജനം അക്ഷമരായി പോരാട്ട വീഥിയിലേക്ക് എടുത്ത് ചാടുകയായിരുന്നു. പൊതുജനശ്രദ്ധ തിരിച്ചുവിടാന്‍ വിഭജന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് നേതാക്കള്‍ തുടക്കം കുറിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല.
അതിശക്തമായ പ്രതിഷേധങ്ങളില്‍ താങ്കളെ ആശ്ചര്യപ്പെടുത്തിയ ഘടകമെന്താണ്?
എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി നിന്നു കൊണ്ടുള്ള ഇത്തരമൊരു ചെറുത്തു നില്‍പ് നാളിത് വരെ ഞാന്‍ നമ്മുടെ നാട്ടില്‍ കണ്ടിട്ടില്ല. ദല്‍ഹിയിലെ തണുത്തുറഞ്ഞ കാലാവസ്ഥയിലും ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനത്തിനെതിരെയുള്ള ശക്തമായ താക്കീതാണ്.
പ്രക്ഷോഭകരില്‍ മുന്‍ നിരയില്‍ കാണപ്പെടുന്ന സ്ത്രീ സാന്നിധ്യം ഏറെ പ്രതീക്ഷ നല്‍കുന്നു. ആയുധ സജ്ജരായി ദല്‍ഹി പോലീസ് നരനായാട്ട് നടത്തിയ ജാമിഅ മില്ലിയ്യ കാമ്പസിലും ഉയര്‍ന്നു വന്നത് ഇത്തരം പെണ്‍ ഗര്‍ജനങ്ങളായിരുന്നു. എല്ലാ മത വിഭാഗങ്ങളില്‍ നിന്നുള്ളവരും മുസ്‌ലിംകളോടൊപ്പം അണി ചേര്‍ന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫാഷിസ്റ്റ് മുഖമൂടിയണിഞ്ഞ ബില്ലിനെ ജനം തിരിച്ചറിഞ്ഞതോടെ ഇതൊരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ലെന്ന് അവര്‍ മനസ്സിലാക്കി. ഇന്ത്യയുടെ അന്തസുറ്റ പാരമ്പര്യത്തിന്റെ തിരിച്ചു വരവായിരുന്നു അതിലൂടെ രാജ്യം ദര്‍ശിച്ചത്.
പെട്ടന്നുണ്ടായ ഈ ചെറുത്തുനില്‍പിനോടുള്ള സര്‍ക്കാര്‍ നിലപാടിനെ എങ്ങനെ വിലയിരുത്തുന്നു?
തീര്‍ച്ചയായും വളരെ പെട്ടന്നുള്ളൊരു നീക്കമായിരുന്നു ഇത്. പ്രത്യേകിച്ചും വിദ്യാര്‍ഥികളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ അവര്‍ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. നോട്ട് നിരോധനം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കശ്മീരിലെ നിയന്ത്രണങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം മോദി സര്‍ക്കാര്‍ ഒളിച്ചോടുകയായിരുന്നു. തങ്ങളുടെ മുഖം രക്ഷിക്കാന്‍ അവരുപയോഗിച്ച മൗനം ഇവിടെ വിലപോയില്ലെന്ന് മാത്രമല്ല ജനം തെരുവിലേക്കിറങ്ങുകയും ചെയ്തു. അതോടെ കേന്ദ്ര സര്‍ക്കാറിന്റെ ഇരട്ടമുഖം ജനമധ്യേ തുറന്നു കാട്ടപ്പെട്ടു.
മുസ്‌ലിം വിഭാഗത്തെ അടിച്ചമര്‍ത്താനുള്ള പദ്ധിയാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
തീര്‍ച്ചയായും. പ്രസ്തുത നിയമനിര്‍മാണം ഇത്തരമൊരു ഗൂഢ ലക്ഷ്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്ന് അവരുടെ പ്രകടന പത്രികയില്‍നിന്ന് വളരെ വ്യക്തമാണ്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയെടുത്ത മൃഗീയ ഭൂരിപക്ഷം ഇത്തരം നീക്കങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്തു. ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതി ഹിറ്റ്‌ലറുടെ അതേ ചിന്താഗതി തന്നെയാണ് ആര്‍.എസ്.എസ് തങ്ങളുടെ പ്രത്യയശാസ്ത്രമായി തെരഞ്ഞെടുത്തിരിക്കുന്നത്.
മുസ്‌ലിംകള്‍ നേരിടുന്ന പ്രതിസന്ധികളില്‍ താങ്കള്‍ക്ക് ആശങ്ക തോന്നുന്നുണ്ടോ?
ദല്‍ഹി ഒരു കോസ്‌മോപൊളിറ്റന്‍ നഗരമാണ്. ജനങ്ങള്‍ അവിടെ സമാധാനപരമായി ജീവിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വെറും 8 സീറ്റുകള്‍ മാത്രം നേടി കനത്ത പരാജയം നേരിട്ടു. 62 സീറ്റുകള്‍ നേടി ഉജ്ജ്വല വിജയം നേടിയ ആം ആദ്മി പാര്‍ട്ടി ഒട്ടനവധി വിദ്യാഭ്യാസ, സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നതു കൊണ്ടു തന്നെ ദല്‍ഹിയിലെ നിലവിലെ സാഹചര്യം ഏറെ സമാധാനപരമാണ്. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണ്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന വാര്‍ത്തകള്‍ ദിനം പ്രതി വര്‍ധിച്ചു വരുന്നു. ഉത്തര്‍പ്രദേശില്‍ പോലീസിന്റെ നരനായാട്ടില്‍ നിരവധി യുവാക്കള്‍ കൊല്ലപ്പെടുകയും ക്രൂര പീഡനങ്ങള്‍ക്കിരയാവുകയും ചെയ്തു. പിന്നാക്ക മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകളിലേക്ക് പോലീസ് ഇരച്ചു കയറുകയും നിരവധി ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ പൊതുവെ ഭീതിയിലാണെങ്കിലും സ്വന്തം നിലനില്‍പിനായി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാനുള്ള തയാറെടുപ്പിലാണവര്‍.
ഇത്തരം മുസ്‌ലിം വിരുദ്ധ നയങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പൂര്‍വകാല പൈതൃകത്തെ ഇല്ലാതാക്കുമോ?
ഖുത്വ്ബ് മിനാറും, താജ്മഹലുമെല്ലാം മുസ്‌ലിം പൈതൃകത്തിന്റെ ശേഷിപ്പുകളില്‍ പെട്ടതാണ്. ഇരുട്ടിന്റെ മറവിലല്ലാതെ ഇത്തരം സ്മാരകങ്ങള്‍ പാടെ തകര്‍ത്തു കളയാന്‍ അവര്‍ക്കാവില്ല. എന്നാല്‍ മറ്റു മുസ്‌ലിം പൈതൃക ശേഷിപ്പുകളുടെ അടിത്തറയിളക്കാനുള്ള ശ്രമങ്ങള്‍ അണിയറക്കു പിന്നില്‍ ശക്തമായി നടന്നുവരുന്നുമുണ്ട്. മുസ്‌ലിം സംസ്‌കാരത്തിന്റെ വലിയൊരടയാളമായിരുന്നു ഉര്‍ദു ഭാഷ. എന്നാല്‍ നിരവധി ഉര്‍ദു രചനകള്‍ സംഭാവന ചെയ്ത പല പ്രസാധകര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഉര്‍ദു ഭാഷയുടെ നിലനില്‍പ് തന്നെ അപകട ഭീഷണിയിലാണ്.
ചില ഉര്‍ദു ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തപ്പെടുന്നുണ്ടെങ്കിലും ഉര്‍ദു ഭാഷാ പഠനം പ്രോത്സാഹിപ്പിക്കപ്പെടാതിരിക്കുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യ പാക് വിഭജനത്തിലൂടെ പാകിസ്താന്റെ ഔദ്യോഗിക ഭാഷയായി ഉര്‍ദു മാറിയതോടെ ദല്‍ഹിയിലും ലക്‌നോവിലും വളര്‍ച്ച പ്രാപിച്ച വലിയൊരു സംസ്‌കാരത്തിന്റെ അന്ത്യം സംഭവിക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ മോദി സര്‍ക്കാറിനുള്ള ജന പിന്തുണ കുറയുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ ?
നുണ പ്രചാരണങ്ങളാലും ഇരട്ടത്താപ്പുകളാലും ഏറെ നിഗൂഢമാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമം വന്നതോടെ ഇന്ത്യയില്‍ കുടിയേറിയവര്‍ക്ക് പ്രത്യേകമായി തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് ഈയടുത്ത് പ്രസ്താവന ഇറക്കിയെങ്കിലും അതീവ രഹസ്യമായി ഇത്തരം നീക്കള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പലയിടത്തു നിന്നും വന്നു കൊണ്ടിരിക്കുന്നു. മുസ്‌ലിം സമൂഹത്തിന് കാര്യമായും നേരിടേണ്ടി വരുന്ന ഈയൊരു വെല്ലുവിളി ദിനംപ്രതി ശക്തമായിക്കൊണ്ടിരിക്കുന്നു. പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആവശ്യപ്പെടുകയും വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ കേന്ദ്രമെന്ന് വിശ്വസിച്ചിരുന്ന പലയിടങ്ങളിലും പരാജയം നേരിടേണ്ടി വന്നു.
ഇന്ത്യയിലെ സാഹിത്യകാരന്‍മാരുടെ ഇടപെടലുകളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
എല്ലാ മതവിഭാഗങ്ങളിലുമുള്ള സാഹിത്യകാരന്മാരുടെ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാണ്. അടിച്ചമര്‍ത്തപ്പെടുന്ന ഒരു വിഭാഗത്തിനു വേണ്ടിയും മുസ്‌ലിം വിഭാഗത്തിനു വേണ്ടിയും അവര്‍ നടത്തുന്ന അവസരോചിതവും യുക്തിപൂര്‍ണവുമായ ഇടപെടലുകള്‍ തീര്‍ത്തും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ബി.ജെ.പി അനുയായികളിലെ ചില സാഹിത്യകാരന്മാര്‍ വരെ നമുക്ക് നല്‍കുന്ന പിന്തുണ ഈയൊരു സാഹചര്യത്തില്‍ വളറെ പ്രധാനമാണ്. ഭരണഘടന നമുക്കനുവദിച്ചു നല്‍കുന്ന പ്രതിഷേധിക്കുവാനുള്ള അവകാശം ഉപയോഗപ്പെടുത്തി ഇത്തരം മതേതരത്വ നീക്കങ്ങള്‍ക്ക് പൊതു സമൂഹം ഒന്നടങ്കം മുന്നോട്ടു വരുന്നത് ശുഭ സൂചനയായി ഞാന്‍ മനസ്സിലാക്കുന്നു.
താങ്കളുടെ നോട്ടത്തില്‍ മുസ്‌ലിംകള്‍ ഇത്തരം പ്രതിതസന്ധികളെ എപ്രകാരമാണ് അഭിമുഖീകരിക്കേണ്ടത്?
രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ നിലനില്പിനും സ്വന്തം നിലനില്പിനും അവര്‍ ഒന്നടങ്കം മുന്നോട്ടു വരേണ്ടതുണ്ട്. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നത് ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നാം തിരിച്ചറിയണം (ആര്‍ട്ടിക്കിള്‍ 14). വൈവിധ്യപൂര്‍ണമായ നമ്മുടെ രാജ്യത്തിന്റെ പൈതൃകം നൂറ്റാണ്ടുകളായി നാം സംരക്ഷിച്ചു പോരുന്നു. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയുടെ വിത്തു വിതറി പരസ്പരം വിദ്വേഷം മുളപ്പിച്ചെടുക്കുവാനുള്ള ശ്രമമാണ് വിഭജിച്ചു ഭരിക്കുക എന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നയം ലക്ഷ്യമിടുന്നതെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് നീങ്ങാന്‍ നമുക്ക് കഴിയണം.
അവസാനമായി, ഇന്ത്യയുടെ ഭാവിയെ കുറിച്ച താങ്കളുടെ പ്രതീക്ഷ?
ശക്തമായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളും അവകാശ ലംഘനത്തിനെതിരെ ഉയര്‍ന്നു വരുന്ന ശബ്ദങ്ങളുമാണ് എനിക്ക് പ്രതീക്ഷ നല്‍കുന്നത്. ഇന്ത്യയുടെ ജനസംഖ്യയുടെ ഇരുപത് ശതമാനം വരുന്ന വലിയൊരു ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. ഇന്ത്യയുടെ സമ്പദ് ഘടനയിലും സംസ്‌കാര സമ്പുഷ്ടിയിലും ഏറെ പങ്കു വഹിച്ച മുസ്‌ലിം സമൂഹത്തെ പുറത്താക്കല്‍ അത്ര എളുപ്പമല്ല. മനുഷ്യര്‍ അഭിമുഖീകരിക്കുന്ന ഏത് ആപല്‍ ഘട്ടങ്ങളിലും ക്ഷമ കൈകൊള്ളണമെന്നതാണ് വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനം. ഇന്ത്യന്‍ ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ ഇന്ത്യയുടെ സ്വത്വമെന്നത് ബഹുസ്വരവും ജനാധിപത്യപരവുമാണെന്ന വിശ്വാസമാണ് പ്രതീക്ഷ നല്‍കുന്നത്.
തയാറാക്കിയത്: റിഷാദ് മേലാക്കം
(ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി)
Comments