ഈ രാത്രി ഞാനൊരു കത്തെഴുതും
അസദ് അഷ്‌റഫ് /കവിത
ഈ രാത്രി,
പാരീസ് ആക്രമണത്തില്‍ മരിച്ചവര്‍ക്ക്
ഞാനൊരു കത്തെഴുതും,
അവരെന്ത് പിഴച്ചുവെന്ന് അവരോടു ചോദിക്കും.
ഈ രാത്രി
ആ കൊലപാതകികള്‍ക്കും ഞാനൊരു കത്തെഴുതും
എന്നിട്ട്, നിരപരാധികളെ കൊല്ലാനുണ്ടായ
പ്രചോദനമെന്തെന്നവരോട് ചോദിക്കും.
ഈ രാത്രി
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്
ഞാനൊരു കത്തെഴുതും.
എന്നിട്ട് അഫ്ഗാന്‍, ഇറാഖ് അങ്ങനെ മധ്യേഷ്യയിലേക്കൊന്നാകെ
കടന്നു കയറാനുള്ള അയാളുടെ ക്ഷുദ്ര പദ്ധതിയെ പറ്റി ചോദിക്കും.
ഈ രാത്രി
ഇറാഖ്, അഫ്ഗാന്‍, സിറിയ, ബൈറൂത്ത്, മറ്റനേകമിടങ്ങളിലെ
ബോംബിടലുകളുടെ ഇരകള്‍ക്ക് ഞാനൊരു കത്തെഴുതും.
എന്നിട്ടവരോട് എവിടെയാണവര്‍
തങ്ങളുടെ കുഞ്ഞുങ്ങളെ മറമാടിയതെന്ന് ചോദിക്കും.
ഈ രാത്രി
ഞാന്‍ എനിക്ക് തന്നെയൊരു കത്തെഴുതും.
എന്നിട്ട് എന്ത്‌കൊണ്ടീ ആപല്‍ സന്ധികള്‍ക്ക് മധ്യേ
ഞാന്‍ ജീവനോടെയിരിക്കുന്നുവെന്ന് ചോദിക്കും.
ഈ രാത്രി
എന്റെ കത്തുകളാര്‍ക്കും വായിക്കാനാവില്ല.
കാരണം, അവയെല്ലാം എന്റെ കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്നു.
കത്തെഴുതിയ ചുവന്ന മഷി
ഓരോ പേജിലും ചുവന്ന കട്ടച്ചോരയുടെ
നിറമായ് പടര്‍ന്നിരിക്കുന്നു!
(തെഹല്‍ക വാരികയില്‍ ജേര്‍ണലിസ്റ്റായ അസദ് അഷ്‌റഫ് ബിഹാര്‍ സ്വദേശിയാണ്. ദല്‍ഹിയിലെ മുസ്‌ലിം ഗെറ്റൊകളുമായുള്ള തന്റെ ഒരു ദശകം നീണ്ട ബന്ധത്തെ പറ്റിയുള്ള ഓര്‍മകള്‍ പങ്ക് വെക്കുന്ന അസദിന്റെ പുസ്തകം ഉടന്‍ പുറത്തിറങ്ങും.)
വിവ: സി. അഹമ്മദ് ഫായിസ്
Comments