Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 04

ആദ്യം ശ്രമം, പിന്നെ തവക്കുല്‍

അബ്ദുറഹ്മാന്‍ തുറക്കല്‍

         വിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട, അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന സ്വഭാവമാണ് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക എന്നത്. അല്ലാഹു പറഞ്ഞു: ''താങ്കള്‍ ഒരു കാര്യത്തില്‍ ദൃഢനിശ്ചയമെടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അല്ലാഹുവോ, അവനെ ഭരമേല്‍പിച്ചു പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നു.''-(ആലു ഇംറാന്‍:149). തവക്കുല്‍ എന്നാണ് അറബിയില്‍ അതിന് പറയുക. അതില്‍ നിന്നൊഴിഞ്ഞുമാറി ജീവിക്കുക  സാധ്യമല്ല.  അത് ഏകദൈവ വിശ്വാസത്തിന്റെ ഭാഗവുമാണ്. അല്ലാഹു പറഞ്ഞു: ''ഒരിക്കലും മരിക്കാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമായ ഒരുവനില്‍ നീ ഭരമേല്‍പിക്കുക.'' ഇവിടെ എന്നെന്നും ജീവിക്കുന്ന, എല്ലാറ്റിനും കഴിവുള്ള അല്ലാഹുവില്‍ ഭരമേല്‍പിക്കാനാണ് കല്‍പിച്ചിരിക്കുന്നത്.  ആരെങ്കിലും അങ്ങനെ ചെയ്യുകയാണെങ്കില്‍ എല്ലാറ്റിനും അല്ലാഹു തന്നെ അവന് മതി. അല്ലാഹുവല്ലാത്ത മറ്റു വല്ലവരിലുമാണ് ഭരമേല്‍പ്പിക്കുന്നതെങ്കില്‍, അവരുടെ മാര്‍ഗം പിഴച്ചതു തന്നെ. മരിക്കുകയും നശിക്കുകയും ചെയ്യുന്ന ഏതൊരാളും മറ്റുള്ളവവരെ സഹായിക്കാന്‍ അശക്തരും ഭരമേല്‍പിക്കാന്‍ കൊള്ളാത്തവരുമായിരിക്കും. തവക്കുല്‍ അല്ലാഹുവുമായുള്ള ബന്ധത്തിന്റെ താക്കോലാണ്. ''അല്ലാഹു, അവനല്ലാതെ യാതൊരു ദൈവവുമില്ല. അല്ലാഹുവിന്റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്.'' (അത്തഗാബുന്‍:13)

ഇഹപര ലോകങ്ങളില്‍ നന്മ വരുത്താനും തിന്മ തടുക്കാനും, നല്‍കാനും തടയാനും, ഉപകാരമുണ്ടാക്കാനും പ്രയാസങ്ങള്‍ സൃഷ്ടിക്കാനും കഴിവുള്ളവന്‍ അല്ലാഹു മാത്രമേയുള്ളൂവെന്ന് അറിഞ്ഞ്, സുദൃഢ ബോധ്യം വന്ന് മുഴുവന്‍ കാര്യങ്ങളും അവനില്‍ ഭരമേല്‍പ്പിക്കുന്നതിനാണ് തവക്കുല്‍ എന്ന് പറയുക. വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ വിശ്വാസികളെ ഉണര്‍ത്തുകയും അതിന്റെ ഫലങ്ങളും ശ്രേഷ്ഠതകളും വിവരിക്കുകയും ചെയ്തിട്ടുണ്ട്. ''നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.'' (അല്‍മാഇദ: 23). ''അല്ലാഹുവിലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്.'' (അത്തൗബ: 51). ''വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്.'' (അത്ത്വലാഖ്: 3)

തവക്കുലിന്റെ പ്രാധാന്യം ഉണര്‍ത്തുന്ന, അതിന് പ്രേരണ നല്‍കുന്ന ധാരാളം ഹദീസുകളുണ്ട്. ഉമര്‍ ബിനുല്‍ ഖത്വാബി(റ)ല്‍ നിന്ന്: നബി(സ) പറഞ്ഞു: ''നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കേണ്ടവിധം ഭരമേല്‍പ്പിക്കുകയാണെങ്കില്‍, പറവകള്‍ക്ക് തീറ്റ കൊടുക്കുന്നതു പോലെ നിങ്ങള്‍ക്കും അവന്‍ ഭക്ഷണം നല്‍കും. പക്ഷികള്‍ രാവിലെ വയറൊട്ടി പുറപ്പെടുകയും വയറ് നിറഞ്ഞ് മടങ്ങിയെത്തുകയും ചെയ്യുന്നുണ്ടല്ലോ.'' (ഇബ്‌നു മാജ). അല്ലാഹുവില്‍ ഭരമേല്‍പ്പിക്കേണ്ട വിധം ആരെങ്കിലും ഭരമേല്‍പിക്കുകയും കര്‍മങ്ങളിലേര്‍പ്പെടുകയും ചെയ്യുകയാണെങ്കില്‍ അവന് വിജയമുണ്ടാകുമെന്നാണ്  ഹദീസ് നല്‍കുന്ന പാഠം. അല്ലാത്ത രീതിയിലുള്ള ഭരമേല്‍പ്പിക്കലിന് യാതൊരു ഫലവുമില്ലെന്നും.

ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹുവില്‍ ഭരമേല്‍പിക്കുകയെന്നത് ഒരു ജോലിയും ചെയ്യാതെ ചടഞ്ഞിരിക്കുന്നതിന്റെ പേരല്ല.  ചെയ്യേണ്ടത് ചെയ്ത ശേഷം കാര്യങ്ങള്‍ അല്ലാഹുവിന്ന് സമര്‍പ്പിക്കുകയും അവന്‍ തരുമെന്ന പ്രതീക്ഷയോടെ കിട്ടിയതില്‍ സംതൃപ്തിയടഞ്ഞു കഴിയലുമാണത്. ഹദീസിലെ ഉപമ ശ്രദ്ധിക്കുക. പക്ഷികള്‍ കൂട്ടില്‍ അടങ്ങി ഇരിക്കാറില്ല. പലതവണ അതു കൂട്ടില്‍ നിന്ന് അന്നംതേടി പുറപ്പെടും, തിരിച്ചുവരും. അതതു ദിവസത്തെ ഭക്ഷണത്തിനാണ്  ഈ പുറപ്പാട്. ഇങ്ങനെ പക്ഷികളെ പോലെ അധ്വാനിക്കാനും, ശേഷം കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കാനുമാണ് പ്രവാചകന്‍ ഉണര്‍ത്തുന്നത്. വല്ലതും കിട്ടിയാല്‍ അതില്‍ സംതൃപ്തനാവുകയും ക്ഷമയോടെ കിട്ടാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നവനാണ് യഥാര്‍ഥ വിശ്വാസി. നിഷ്‌ക്രിയനായി കഴിഞ്ഞുകൂടുന്നത് ഇസ്‌ലാം വെറുക്കുന്നുവെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. ജാബിര്‍ ബിന്‍ അബ്ദുല്ല (റ) ഉദ്ധരിക്കുന്ന ഹദീസിലിങ്ങനെ കാണാം: ''ഒരാത്മാവും ഒരിക്കലും മരിക്കുകയില്ല, അതിനുള്ള വിഭവം പൂര്‍ണമായി അതിന് ലഭിക്കുന്നതുവരെ. അല്ലാഹുവിനെ സൂക്ഷിക്കുക, നീ അന്വേഷണം  നന്നാക്കുക, അനുവദനീയമായവ എടുക്കുക, നിഷിദ്ധമായവ  ഉപേക്ഷിക്കുക.'' (ഇബ്‌നുമാജ, ഹാകിം)

അല്ലാഹുവില്‍ ഭരമേല്‍പിച്ചവന് അവനറിയാത്ത വഴികളിലൂടെ അല്ലാഹുവിന്റെ സഹായമെത്തും. ഹിജ്‌റ വേളയിലും, ബദ്‌റ്, അഹ്‌സാബ് യുദ്ധവേളകളിലും മറ്റു പ്രതിസന്ധിഘട്ടങ്ങളിലുമെല്ലാം അല്ലാഹുവിന്റെ അദൃശ്യമായ സഹായങ്ങള്‍ പ്രവാചകനും സ്വഹാബികള്‍ക്കും ലഭിച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം വേണ്ടരീതിയില്‍ നിര്‍വഹിക്കുകയും ശേഷം അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്താല്‍ അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്നതിന്റെ തെളിവുകള്‍ പ്രവാചക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിന്ന് നമുക്ക് കണ്ടെടുക്കാനാവും.

അല്ലാഹു എന്നോടൊപ്പമുണ്ടെന്ന ബോധം ഏതൊരാളെയും കൂടുതല്‍ ദൃഢവിശ്വാസിയാക്കും. അതവനില്‍ ആത്മധൈര്യവും സ്‌ഥൈര്യവുമുണ്ടാക്കും. ഭയമുള്ളവനും അശക്തനുമാണെന്ന തോന്നല്‍ ഇല്ലാതാക്കും. സല്‍കര്‍മങ്ങളിലേക്ക് കൂടുതലടുപ്പിക്കും. എല്ലാ അവസ്ഥകളിലും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവര്‍ക്കാണ് പരീക്ഷണമുണ്ടാകുമ്പോള്‍ പതറാതെ അടിയുറച്ച് നില്‍ക്കാന്‍ സാധിക്കുക. വിപത്തുകളുണ്ടാകുമ്പോള്‍ അവയെ പരീക്ഷണങ്ങളായി കണ്ട് പതറാതെ സ്വന്തത്തെ പിടിച്ചുനിര്‍ത്താനും  കാര്യങ്ങളെ ശരിയാംവണ്ണം വിലയിരുത്താനും കഴിയുന്നവന് വിജയമായിരിക്കും അന്തിമഫലം. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോള്‍ അതില്‍ നിന്നുള്ള രക്ഷാമാര്‍ഗമാണ് 'തവക്കുല്‍'. നൂഹ് (അ), ഹൂദ് (അ), ശുഅൈബ്(അ), മൂസ (അ) തുടങ്ങിയ പ്രവാചകന്മാര്‍ പീഡനങ്ങളും മര്‍ദ്ദനങ്ങളും ആക്ഷേപങ്ങളുമെല്ലാം അഭിമുഖീകരിച്ചപ്പോള്‍ അവരെ ദൈവിക മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ പ്രാപ്തരാക്കിയത് അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും തവക്കുലുമാണ്. അദ്ദേഹം (നൂഹ്) തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: ''എന്റെ ജനങ്ങളേ, എന്റെ സാന്നിധ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ പറ്റിയുള്ള എന്റെ ഉല്‍ബോധനവും നിങ്ങള്‍ക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവില്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചുകൊള്ളുക.'' (യൂനുസ്: 71)

മൂസാ (അ) പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവനില്‍ നിങ്ങള്‍ ഭരമേല്‍പ്പിക്കുക, നിങ്ങള്‍ അവന് കീഴ്‌പ്പെട്ടവരാണെങ്കില്‍. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവില്‍ ഞങ്ങള്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്റെ മര്‍ദ്ദനത്തിന്നിരയാക്കരുതേ.'' (യൂനുസ്:84-85)

ഒരു മകന് പിന്നാലെ മറ്റൊരു മകനെയും  നഷ്ടമായപ്പോള്‍ യഅ്ഖൂബി(അ)ന്റെ നിലപാട് ഏറെ ശ്രദ്ധേയമാണ്. ''അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനില്‍ ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. അവനില്‍ തന്നെയാണ് ഭരമേല്‍പ്പിക്കുന്നവരൊക്കെയും ഭരമേല്‍പ്പിക്കേണ്ടത്.'' (യൂസുഫ്: 67). ശത്രുക്കളെയും ദൈവനിഷേധികളെയും കപടവിശ്വാസികളെയും അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ സഹായവും വിജയവും അല്ലാഹുവിങ്കല്‍ നിന്നാണെന്ന് പ്രതീക്ഷിച്ച് അവനില്‍ ഭരമേല്‍പിക്കുകയാണ് പ്രവാചകന്‍ മുഹമ്മദ്(സ) ചെയ്തത്. അപ്പോള്‍ അല്ലാഹു  വിജയവും പ്രതാപവും ഔന്നത്യവും നല്‍കി. ''പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഒന്നും ഞങ്ങളെയൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പ്പിക്കേണ്ടത്.'' (തൗബ: 51)

 ''അല്ലാഹു നിങ്ങളെ തുണക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ അതിജയിക്കുന്ന ഒരു ശക്തിയുമില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കിലോ, അവനുശേഷം നിങ്ങളെ തുണയ്ക്കാനാവുന്നവരാരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികളൊക്കെയും അല്ലാഹുവില്‍ തന്നെ ഭരമേല്‍പിച്ചുകൊള്ളട്ടെ.'' (ആലു ഇംറാന്‍: 160)

പരീക്ഷണങ്ങളുടെ കടലാഴങ്ങളിലൂടെ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട ആധുനിക മുസ്‌ലിം സമൂഹം ഇസ്‌ലാം വിഭാവനം ചെയ്യുന്ന തവക്കുലിനെ ശരിയായ രീതിയില്‍ മനസ്സിലാക്കേണ്ടതുണ്ട്. അതവര്‍ക്ക്  പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും നല്‍കും. നിരാശകളെ ആട്ടിയോടിക്കും, വിശ്വാസത്തിനു കരുത്തു പകരും, മനസ്സിന് സമാധാനമേകും, വിജയത്തിലേക്ക് അടുപ്പിക്കും. അല്ലാഹുവില്‍ പ്രതീക്ഷ പുലര്‍ത്തിയും അവനെക്കുറിച്ച വിചാരം നന്നാക്കിയും ഇബാദത്ത് അവന് മാത്രമാക്കിയും അവന് പൂര്‍ണമായി കീഴ്‌പെട്ടും എല്ലാ കാര്യങ്ങളും അവനില്‍ ഭരമേല്‍പിച്ചും അവന്റെ പാശത്തെ മുറുകെ പിടിച്ചും മുന്നോട്ട് പോകുന്ന സമൂഹത്തിനേ വിജയം എത്തിപ്പിടിക്കാനാകൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23/ അല്‍ മുഅ്മിനൂന്‍/ 31-38
എ.വൈ.ആര്‍