Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 04

സമാധാനത്തിന് കുറുക്കു വഴികളില്ല

കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വി /ലേഖനം

         ഖുര്‍ആനിലെ അവസാന അധ്യായമാണ് അന്നാസ്. ജനങ്ങളുടെ റബ്ബിനോട്, ജനങ്ങളുടെ മലികിനോട്, ജനങ്ങളുടെ ഇലാഹിനോട് ഞാന്‍ ശരണം തേടുന്നുവെന്ന് പ്രാര്‍ഥിക്കാനാണ് സൂറഃ  ആഹ്വാനം ചെയ്യുന്നത്. റബ്ബ്, മലിക്, ഇലാഹ് എന്നിവ അല്ലാഹുവിന്റെ ഗുണങ്ങളാണ്. പ്രാര്‍ഥന ഇബാദത്തിന്റെ മജ്ജയാണെന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. മതങ്ങളെ വ്യത്യസ്തമാക്കുന്നത് പ്രാര്‍ഥനയിലെ വൈവിധ്യമാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമില്ലാത്തത് ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ മൗലികാവകാശമാണ്. ഖുര്‍ആന്‍ ഇത് പല വിധത്തില്‍ പറഞ്ഞിട്ടുണ്ട്. ''അല്ലാഹു ജനങ്ങളെ പരസ്പരം പ്രതിരോധിച്ചില്ലായിരുന്നുവെങ്കില്‍ ദൈവം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങള്‍, ചര്‍ച്ചുകള്‍, പള്ളികള്‍, മസ്ജിദുകള്‍ എല്ലാം തകര്‍ക്കപ്പെടുമായിരുന്നു'' (അല്‍ഹജ്ജ് 40). നിലനില്‍ക്കാനുള്ള ആരാധനാലയങ്ങളുടെ നിയമപരമായ അവകാശത്തിന് ഈ സൂക്തം അടിവരയിടുന്നു. ''പറയുക. സത്യം നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാണ്. ഓരോരുത്തരും അവരവരുടെ ഇഷ്ടപ്രകാരം അവിശ്വസിക്കുകയോ വിശ്വസിക്കുകയോ ചെയ്യട്ടെ'' (അല്‍കഹ്ഫ് 29). ''നിന്റെ രക്ഷിതാവ് ഇഛിച്ചിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസികളാകുമായിരുന്നു. എന്നിരിക്കെ അവര്‍ വിശ്വാസികളാകാന്‍ താങ്കള്‍ അവരെ നിര്‍ബന്ധിക്കുകയോ?'' (യൂനുസ് 99). ''സന്മാര്‍ഗവും ദുര്‍മാര്‍ഗവും വകതിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. മതത്തില്‍ ബലാല്‍ക്കാരമില്ല'' (അല്‍ബഖറ 256).

എല്ലാ മതങ്ങളും ഒരുപോലെ സത്യമാണെന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. സര്‍വമത സത്യവാദം ഖുര്‍ആനികാശയവുമല്ല. ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. സത്യം തിരിച്ചറിഞ്ഞ് അത് അവന്‍ സ്വയം തെരഞ്ഞെടുക്കണമെന്ന് മാത്രമാണ് പറയുന്നത്.

റബ്ബ്, മലിക്, ഇലാഹ്...

റബ്ബ്, മലിക്, ഇലാഹ് എന്നീ സംജ്ഞകള്‍ക്ക് സംരക്ഷകന്‍, പരിപാലകന്‍, ഭരിക്കുന്നവന്‍, ഉടമസ്ഥന്‍, ആരാധ്യന്‍, ദൈവം എന്നിങ്ങനെയാണ് അര്‍ഥം. മനുഷ്യനുള്‍പ്പെടെ പ്രപഞ്ചത്തിന്റെ സംരക്ഷകനും പരിപാലകനും ഭരണകര്‍ത്താവും ഉടമസ്ഥനും അല്ലാഹുവാണ് എന്ന കാര്യത്തില്‍ മതവിശ്വാസികളെല്ലാം ഏകാഭിപ്രായക്കാരാണ്. നിരീശ്വരവാദികളായ ഒരു ന്യൂനപക്ഷം മാത്രമേ അതിന് അപവാദമായുള്ളൂ. മലിക് എന്ന പദം മനുഷ്യരുടെ ജീവിതത്തില്‍ അവരെ മാര്‍ഗദര്‍ശനം ചെയ്യുന്നവന്‍, അവര്‍ക്ക് ധര്‍മാധര്‍മ നിയമം നിര്‍മിച്ചു നല്‍കിയവന്‍ എന്ന ആശയം കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. ഈ ആശയത്തിന്റെ കാര്യത്തില്‍ മനുഷ്യര്‍ പല തട്ടിലാണ്. അവര്‍ക്കിടയില്‍ ഭിന്നതയുണ്ട്. ദൈവേതരമായ തത്ത്വശാസ്ത്രങ്ങള്‍ക്കും നിയമ മീമാംസകര്‍ക്കും ജന്മം നല്‍കിയത് ഈ ഭിന്നതയാണ്. 

ദൈവമുണ്ടെന്ന് എല്ലാ മതക്കാരും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ അല്ലാഹു മാത്രമാണ് ആരാധ്യനായ ദൈവം, മനുഷ്യര്‍ അവനെ മാത്രം വഴിപ്പെടണം, അവനെയല്ലാതെ മറ്റൊന്നിനെയും ദൈവമായി വിശ്വസിക്കുകയോ വഴിപ്പെടുകയോ ചെയ്യരുത് എന്ന കാര്യത്തില്‍ ഭിന്നതയുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സാമൂഹിക അസ്പൃശ്യതക്കും ജന്മം നല്‍കിയത് ഈ ഭിന്നതയാണ്. വിവിധ മതങ്ങള്‍ രൂപപ്പെടാന്‍ ഇടയായതും ഈ ഭിന്നതയാണ്.

ഈ രണ്ട് കാര്യങ്ങളില്‍ ആദിയില്‍ മനുഷ്യര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നില്ല. മനുഷ്യര്‍ ഒറ്റ ജനത(ഉമ്മഃ വാഹിദ) ആയിരുന്നു. പിന്നീട് അവര്‍ ഭിന്നിച്ചു. ഭിന്നിച്ച കാര്യങ്ങളില്‍ ശരിയായ തീരുമാനം കല്‍പിക്കാന്‍ വേദ ഗ്രന്ഥങ്ങളുമായി പ്രവാചകന്മാര്‍ നിയോഗിതരായി. ഭിന്നതയുടെ വിപത്തിനെക്കുറിച്ച് താക്കീത് ചെയ്യുന്നവരായും ഐക്യത്തിന്റെ മേന്മയെക്കുറിച്ച് സുവാര്‍ത്തയറിയിക്കുന്നവരുമായാണ് അവര്‍ സമാഗതരായത്. ഈ കാര്യം അല്‍ബഖറ 213-ാം സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാം.

പ്രവാചകന്മാര്‍ സമാഗതരായി മനുഷ്യരോട് ദൈവത്തിന് മാത്രം വഴിപ്പെട്ട് അവനെ മാത്രം വണങ്ങി, ആരാധിച്ച് ജീവിക്കാന്‍ മാര്‍ഗദര്‍ശനം നല്‍കി.  ഖുര്‍ആന്‍ പറയുന്നു: ''മനുഷ്യരേ, നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ പൂര്‍വികരെയും സൃഷ്ടിച്ച ദൈവത്തിന് ഇബാദത്ത് ചെയ്യുക. നിങ്ങള്‍ ഭക്തിയുള്ളവരായിരിക്കാന്‍ അതാണ് മാര്‍ഗം'' (അല്‍ബഖറ 21). അതിന്റെ കാരണവും അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു: ''അല്ലാഹുവാണ് പരമസത്യം. അല്ലാഹുവിന് പുറമേ അവര്‍ നാമം ചൊല്ലി പ്രാര്‍ഥിക്കുന്നവര്‍ വ്യാജ ദൈവങ്ങളാകുന്നു. നിശ്ചയം അല്ലാഹു അത്യുന്നതനും മഹാനുമാകുന്നു'' (അല്‍ഹജ്ജ് 62).

തൗഹീദിന് വിപരീതമായ അനേകം പുത്തനാചാരങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായി പ്രചാരത്തിലുണ്ടെന്നത് ശരി തന്നെയാണ്. എങ്കിലും ആരാധ്യന്‍, ദൈവം അല്ലാഹു മാത്രമാണെന്ന് അവരെല്ലാവരും ഒരുപോലെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ബഹുദൈവ വിശ്വാസികളെപ്പോലെ, 'ഇയാള്‍ ദൈവങ്ങളെയെല്ലാം കൂടി ഒറ്റ ദൈവമാക്കിക്കളഞ്ഞോ, ഇത് വല്ലാത്ത ഒരു പുതുമ തന്നെ' (സ്വാദ് 5) എന്ന് പറയുന്ന മുസ്‌ലിംകളെ കാണാനാവില്ല.  ക്രൈസ്തവരെയും ജൂതരെയും പോലെ ദൈവം മനുഷ്യനായി അവതരിക്കുമെന്ന് വിശ്വസിക്കന്നവരും അവരുടെ കൂട്ടത്തിലില്ല. ദൈവത്തിന് പുത്രനെയോ പുത്രിമാരെയോ സങ്കല്‍പിക്കുന്നവരുമില്ല. നിയമനിര്‍മാതാവ് (ശാരിഅ്) അല്ലാഹു തന്നെയാണെന്ന അടിസ്ഥാന തത്ത്വവും എല്ലാ മുസ്‌ലിംകളും അംഗീകരിക്കുന്നുണ്ട്.

ഏക ദൈവ വിശ്വാസത്തില്‍ കലര്‍പ്പുണ്ടാകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും തൗഹീദിന്റെ പ്രാധാന്യം ബഹുദൈവവിശ്വാസികളെ പഠിപ്പിക്കാന്‍ മുസ്‌ലിംകള്‍ അങ്ങനെ അപ്രാപ്തരായിത്തീരുമെന്നും, സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. വളരെ ഗുരുതരമായ ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യം നമ്മുടെ രാജ്യത്ത് കരുത്താര്‍ജിച്ച് വരുന്നത് നാം കാണുന്നുണ്ട്. വേദവിശ്വാസികളാണ് തങ്ങളെന്ന് അവകാശപ്പെടുന്ന ഒരു പ്രബല ന്യൂനപക്ഷം നമ്മുടെ രാജ്യത്തുണ്ട്. രാജ്യത്തെ വേദേതിഹാസങ്ങളും പുരാണങ്ങളും മതപരമായ നേതൃത്വവുമെല്ലാം അവരുടെ കുത്തകയാണ്. അവര്‍ സ്വന്തം നിലയില്‍ സാധാരണക്കാരെ പോലെ അന്ധവിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ടോ എന്നറിഞ്ഞുകൂടാ. എന്നാല്‍ എല്ലാ വിധ അന്ധവിശ്വാസാനുഷ്ഠാനങ്ങള്‍ക്കും കാര്‍മികത്വം വഹിക്കുന്നത് അവരാണ്. ജാതീയവും മതപരവുമായ അസ്പൃശ്യത അവര്‍ ജാഗ്രതയോട് കൂടി നിലനിര്‍ത്തിപ്പോരുന്നുണ്ട്. അന്ധവിശ്വാസങ്ങളുടെ ഈ പരിരക്ഷകരാണ് രാജ്യത്തെ ജനകോടികളെ അനാചാരങ്ങളിലും മൂഢവിശ്വാസങ്ങളിലും തളച്ചിടുന്നത്. നടേ പറഞ്ഞ പ്രബല ന്യൂനപക്ഷം പഠിപ്പിച്ചുകൊടുക്കുന്ന പരമത വിദ്വേഷവും വര്‍ഗീയതയുമാണ് അവരുടെ മതമെന്നത് ഹൃദയഭേദകമായ ഒരു യാഥാര്‍ഥ്യമാണ്. ഈ വര്‍ഗീയതക്ക് പ്രതിവര്‍ഗീയത പരിഹാരമല്ല. രാജ്യ നിവാസികള്‍ക്ക് സത്യമതത്തെ പരിചയപ്പെടുത്തുക മാത്രമാണ് അതിന് ഏക പരിഹാരം. മതമെന്താണെന്നറിയാത്തവര്‍ക്ക്, ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പെടാപാട് പെടുന്നവര്‍ക്ക് ജീവിതം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ പിന്‍ബലവും അവരുടെ മുമ്പാകെ അനുകരണീയമായ ജീവിത മാതൃകയും സമര്‍പ്പിക്കേണ്ട ചുമതല ഏകദൈവവിശ്വാസികളുടേതാണ്. വാസ്തവത്തില്‍ അന്ധവിശ്വാസത്തിലും ദാരിദ്ര്യത്തിലും ആണ്ടുപോയ, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ബഹുജനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വിദ്യാഭ്യാസവും പ്രാപ്തിയും ബുദ്ധിയുമുള്ള നേതാക്കള്‍ അവരുടെ കൂട്ടത്തില്‍ തന്നെ ധാരാളമുണ്ട്. പക്ഷേ, അവര്‍ക്ക് നേര്‍മാര്‍ഗം കാണിച്ചു കൊടുക്കുകയും ആ മാര്‍ഗത്തില്‍ മുന്നേറാന്‍ അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യണം. ഈ രാജ്യത്തെ യഥാര്‍ഥ ദൈവദാസന്മാര്‍ക്ക് ഈ ഉത്തരവാദിത്തമാണ് നിര്‍വഹിക്കാനുള്ളത്. പ്രവാചകന്‍ ഇരുപത്തിമൂന്ന് വര്‍ഷത്തെ ചുരുങ്ങിയ കാലയളവില്‍ അതാണ് ചെയ്തത്. ഇതേ ദൗത്യം തന്നെയാണ് നമുക്കും അനുകരണീയം.

നീതി, സമാധാനം, സമത്വം

ബഹുദൈവവിശ്വാസം ഒരു മതമല്ലെന്നാണ് പറഞ്ഞുവന്നത്. ബഹുദൈവ മതത്തിന്റെ സ്ഥാപകനെയും അതിന്റെ ആചാര്യന്മാരെയും ചരിത്രം പരതി കണ്ടെത്താനാവുമാവില്ല. എന്നാല്‍ മുന്‍പിന്‍ നോക്കാതെ കണ്ടതും കേട്ടതുമൊക്കെ വിശ്വസിക്കുകയെന്നത് മനുഷ്യന്റെ ഒരു ദൗര്‍ബല്യമാണ്. എന്തിനെയും ഏതിനെയും പേടി, ദുരാഗ്രഹങ്ങള്‍, പേടിപ്പെടുത്തുന്നവയുടെ 'ബാധ ഒഴിപ്പിക്കാനും' മോഹിച്ചത് നേടാനും കുറുക്കു വഴികള്‍ കണ്ടെത്തല്‍, സര്‍വോപരി വീരാരാധനയും ഈ ദൗര്‍ബല്യത്തിന്റെ ലക്ഷണമാണ്. കൗശലക്കാരുടെ വിളയാട്ട രംഗമാണത്. മൂസാ നബിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്ന് പണ്ടം ശേഖരിച്ച് പശുക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി, അതില്‍ നിന്ന് ഒരു ശബ്ദം പുറപ്പെടുവിച്ച് 'മൂസാ തെരഞ്ഞെുപോയ ദൈവം ഇതാ ഇവിടെ'യെന്ന് കബളിപ്പിച്ച് ഇസ്രാഈല്യരെ വശീകരിച്ച സാമിരി അത്തരം ഒരു കൗശലക്കാരനായിരുന്നു. എല്ലാ മതപുരോഹിതന്മാരും സാമിരിയുടെ റോളാണ് അഭിനയിക്കുന്നത്. വിഗ്രഹങ്ങള്‍ നിര്‍മിച്ച്, അവ പ്രതിഷ്ഠിച്ച് അവയില്‍ ദിവ്യത്വം ആരോപിക്കുന്നതും അവക്ക് വഴിപാട് നേരുന്നതും നൈവേദ്യം വിളമ്പുന്നതും അവയുടെ മുമ്പാകെ മുട്ടുകുത്തി പ്രാര്‍ഥിക്കുന്നതും ബാധ ഒഴിയാനും ആഗ്രഹങ്ങള്‍ സഫലമാകാനും അവയോട് പ്രാര്‍ഥിക്കുന്നതുമെല്ലാം നമുക്കേറെ പരിചിതമാണ്. ഖുര്‍ആന്‍ അതിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ''സത്യദൈവത്തെ വെടിഞ്ഞ് നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത് വെറും വിഗ്രഹങ്ങളെയാണ്. നിങ്ങള്‍ മിഥ്യ സൃഷ്ടിക്കുകയാണ്. സത്യ ദൈവത്തെ കൂടാതെ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നവര്‍ നിങ്ങളുടെ അന്നത്തിന്റെ ഉടമസ്ഥരല്ല. അതിനാല്‍ നിങ്ങള്‍ സത്യദൈവത്തോട് ആഹാരം തേടുക. അവന് വഴിപ്പെടുകയും അവനോട് നന്ദിയുള്ളവരാവുകയും ചെയ്യുക. നിങ്ങള്‍ അവന്റെയടുക്കലേക്ക് തിരിച്ചയക്കപ്പെടുന്നവരാണ്'' (അല്‍അന്‍കബൂത്ത് 17).

സമൂഹത്തിലെ മഹത്തുക്കളാണ് ഏറെയും വിഗ്രഹവത്കരിക്കപ്പെടുന്നത്. പൂജകള്‍ക്ക് ഭക്തിപരിവേഷം സമ്മാനിക്കുന്നത് വീരാരാധനയാണ്. പ്രതിഷ്ഠകള്‍ ഉപകാരവും ഉപദ്രവവും ചെയ്യുമെന്നും, അവ തങ്ങളെ സത്യ ദൈവത്തോടടുപ്പിക്കുമെന്നുമാണ് അവരുടെ വിശ്വാസം. ഹൂദ് നബിയെ ഉദ്ധരിച്ച് ഖുര്‍ആന്‍ പറയുന്നു: ''നിന്റെ വാക്ക് കേട്ട് ഞങ്ങളുടെ ദൈവങ്ങളെ ഞങ്ങള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നവരുമല്ല. ഞങ്ങളുടെ ദൈവങ്ങളുടെ ദോഷബാധ നിന്നെ ബാധിച്ചുവെന്നാണ് ഞങ്ങള്‍ പറയുന്നത്'' (ഹൂദ് 54). ''ചോദിക്കുക: നിങ്ങള്‍ക്ക് ഒരു ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയാത്ത വ്യാജ ദൈവങ്ങളെയാണോ സത്യ ദൈവത്തിന് പകരം നിങ്ങള്‍ ആരാധിക്കുന്നത്?'' (അല്‍മാഇദ 76).

അന്ധവിശ്വാസ ജടിലമായ ഈ ആരാധനാ രീതികളാണ് പില്‍ക്കാലത്ത് ജനസഹസ്രങ്ങളുടെ സംസ്‌കാരമായി രൂപപ്പെട്ടത്. പൗരാണിക കാലം മുതല്‍ രൂപപ്പെട്ട ഇത്തരം ആചാര വിശ്വാസങ്ങള്‍ ഈ ശാസ്ത്രയുഗത്തിലും മാറ്റമില്ലാതെ നിലനില്‍ക്കുകയാണ്. ഭൗതിക താല്‍പര്യമാണ് ഈ വ്യാജ സംസ്‌കാരത്തെ നിലനിര്‍ത്തുന്നതെന്ന് നാലായിരം വര്‍ഷം മുമ്പ് വിശ്വഗുരുവും ഏകദൈവ വിശ്വാസത്തിന്റെ ലോകാചാര്യനുമായ ഇബ്‌റാഹീം പ്രവാചകന്‍ പറഞ്ഞത് വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ''നിങ്ങള്‍ ഐഹിക ജീവിതത്തില്‍ അല്ലാഹുവിനെ വിട്ട് വിഗ്രഹങ്ങളെ നിങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ മാധ്യമമാക്കിയിരിക്കുന്നുവല്ലോ. എന്നാല്‍, പുനരുത്ഥാന നാളില്‍ നിങ്ങള്‍ പരസ്പരം നിഷേധിക്കും'' (അല്‍ അന്‍കബൂത്ത് 25).

അസ്പൃശ്യതയിലും വിവേചനത്തിലും അധിഷ്ഠിതമായിരിക്കും പലപ്പോഴും ഇത്തരം പാരമ്പര്യങ്ങളും സംസ്‌കാരങ്ങളുമൊക്കെ. മനുഷ്യരെ എണ്ണിയാലൊടുങ്ങാത്ത ജാതികളായി തിരിക്കുന്ന സാമൂഹിക ഘടനയായിരിക്കും തദ്ഫലമായി രൂപം കൊള്ളുക. ജാതികളുടെയും ഉപജാതികളുടെയും ദൈവങ്ങള്‍ പലതാണ്. അവ തമ്മില്‍ ശത്രുക്കളുമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തം. പുരോഹിതന്മാര്‍ ജാതികള്‍ക്കും കുടുംബങ്ങള്‍ക്കും, വ്യക്തികള്‍ക്കു പോലും വേറെ വേറെ ദൈവങ്ങളെയാണ് കല്‍പിച്ചിരുന്നത്. ഖുര്‍ആന്‍ പറയുന്നു: ''ആകാശ ലോകത്തും ഭൂമിയിലും അല്ലാഹുവിന് പുറമെ ദൈവങ്ങളുണ്ടായിരുന്നെങ്കില്‍ രണ്ടിന്റെയും സംവിധാനം താറുമാറാകുമായിരുന്നു. സിംഹാസനത്തിനുടമയായ അല്ലാഹു ഇക്കൂട്ടര്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നെല്ലാം പരിശുദ്ധനത്രേ'' (അല്‍ അമ്പിയാഅ് 22).

ഒന്നിലധികം ദൈവങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രപഞ്ചത്തിന്റെ ഘടന സുഭദ്രമായി നിലനില്‍ക്കുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍, മനുഷ്യര്‍ അനേകം ദൈവങ്ങളെ മെനഞ്ഞുണ്ടാക്കിയതിനാല്‍ മനുഷ്യരുടെ സാമൂഹിക ഘടന ശിഥിലവും വിനാശകരവും പിന്തിരിപ്പനുമായിത്തീര്‍ന്നിരിക്കുന്നു. ഇപ്രകാരം വിവേചനത്തിലും അസ്പൃശ്യതയിലും ശത്രുതയിലും സ്ഥാപിതമായ ഒരു സംസ്‌കാരത്തിന് രാജ്യത്ത് നീതിയും സമാധാനവും സമത്വവും സ്ഥാപിക്കാനാവുന്നതെങ്ങനെ? പരസ്പര വിശ്വാസവും സമാധാനവുമാണ് ഈ സംസ്‌കാരം ആദ്യം നഷ്ടപ്പെടുത്തുന്നത്. എന്തിനെയും പേടിക്കാനാണത് പഠിപ്പിക്കുന്നത്. തൊട്ടു കൂടായ്മ, തീണ്ടിക്കൂടായ്മ, മാരണം, ദുശ്ശകുനം, പിശാച് ബാധ തുടങ്ങി അസമാധാനം വിതക്കുന്ന എണ്ണിയാലൊടുങ്ങാത്ത ദുരാചാരങ്ങള്‍. അവ മുഖാന്തരം ഉണ്ടാകുന്ന മനോവിഭ്രാന്തികള്‍ക്ക് വഴിപാടുകള്‍, പ്രശ്‌നം വെക്കല്‍, ദേവപ്രതിഷ്ഠ തുടങ്ങിയ പ്രതിവിധികളും! സാമിരിമാരുടെ വിളയാട്ട രംഗം! സമയവും കാലവുമില്ലാതെ പണം മുടക്കി നിര്‍വഹിക്കേണ്ട ഇത്തരം ആചാരച്ചങ്ങലകള്‍ മനുഷ്യരുടെ മുതുകുകളില്‍ നിന്ന് മുറിച്ച് മാറ്റുകയെന്നതായിരുന്നു പ്രവാചക നിയോഗത്തിന്റെ ദൗത്യം (അല്‍അഅ്‌റാഫ് 157).

നീതിയുടെ വഴി

അധര്‍മം (ഫിസ്ഖ്) പിന്തുടര്‍ന്നും സത്യത്തെ നിഷേധിച്ചും (കുഫ്ര്‍), സ്വയം ദൈവവേഷമണിഞ്ഞും (താഗൂത്ത്) ആര് വാഴ്ച നടത്തിയാലും-മതങ്ങളുടെ  പേര് പറഞ്ഞോ അല്ലാതെയോ ആയിരുന്നാലും - സമൂഹത്തില്‍ സമാധാനം പുലരുകയില്ല. പുരോഗതിയും സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കണമെങ്കില്‍ മനുഷ്യര്‍ ദൈവേതര ശക്തികള്‍ക്ക് വഴിപ്പെടുന്നതും അടിമപ്പെടുന്നതും അവസാനിക്കണം. ആരാധ്യനും വഴിപ്പെടാന്‍ അര്‍ഹനുമായി ഒരേയൊരു ദൈവമേയുള്ളൂവെന്ന് അംഗീകരിച്ച് ജീവിതം ആ മാര്‍ഗത്തില്‍ സമര്‍പ്പിക്കണം. അതുപോലെ മനുഷ്യര്‍ക്ക് സാന്മാര്‍ഗിക നിയമ നിര്‍ദേശങ്ങള്‍ നല്‍കാനും ആ നിലക്ക് മനുഷ്യന്റെ പരമമായ അനുസരണം അവകാശപ്പെടാനുമുള്ള അര്‍ഹതയും പരമ സത്യമായ ഏക ദൈവത്തിന് മാത്രമേയുള്ളൂവെന്നും മനുഷ്യര്‍ സ്വയം അംഗീകരിച്ച് ജീവിതം ആ മുറക്ക് ക്രമീകരിക്കണം. എല്ലാവരും ഒരേയൊരു പിതാവിന്റെ സന്തതികളും, ആദി പിതാവ് മണ്ണിന്റെ സന്തതിയുമാണ് എന്ന സത്യം അംഗീകരിച്ച് മനുഷ്യര്‍ ഒന്നാണ് എന്ന ജീവിത വീക്ഷണം മനുഷ്യരുടെ സംസ്‌കാരമായി മാറണമെങ്കില്‍, തദ്വാരാ സമൂഹത്തില്‍ ശാന്തിയും സമാധാനവും പുലരണമെങ്കില്‍ ഇതല്ലാത്ത വേറെ കുറുക്ക് വഴികളില്ല. അപ്പോള്‍ മാത്രമേ മനുഷ്യന്റെ വിശ്വാസവും കര്‍മവും അവന്റെ വ്യക്തിജീവിതവും സാമൂഹിക ജീവിതവും അവന്റെ കുടുംബവും ദേശവും മാലിന്യങ്ങളില്‍ നിന്ന് മുക്തമാവുകയുള്ളൂ. അല്ലാഹു പറയുന്നു: ''അതിനാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളെ വര്‍ജിക്കുവിന്‍. പൊളിവചനങ്ങളെ വിട്ടകലുകയും ചെയ്യുവിന്‍. അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കാതെ ഏകാഗ്ര ചിത്തരായ അവന്റെ ദാസന്മാരാകുവിന്‍. ദിവ്യത്വത്തില്‍ അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുന്നവര്‍ ആകാശത്ത് നിന്ന് വീണവനെ പോലെയത്രേ. അവനെ പക്ഷികള്‍ റാഞ്ചിക്കൊണ്ടുപോവുകയോ അല്ലെങ്കില്‍ കാറ്റ് വല്ല അഗാധ ഗര്‍ത്തത്തിലും വീഴ്ത്തുകയോ ചെയ്യും'' (അല്‍ഹജ്ജ് 30).

പരദൈവ സങ്കല്‍പത്തെ സ്വന്തം വിശ്വാസവും സംസ്‌കാരവുമായി കൊണ്ട് നടക്കുന്നവര്‍ പരമ സത്യമായ ദൈവത്തെ പരിഗണിക്കേണ്ടവിധം പരിഗണിക്കുകയില്ല (അല്‍അന്‍ആം 90, അല്‍ഹജ്ജ് 74). തത്ഫലമായി ഏത് വേട്ടപ്പക്ഷിയും അവരെ റാഞ്ചാം. ഏത് കാറ്റിലും കോളിലും അവര്‍ അകപ്പെടാം. ഏത് വിനാശ ഗര്‍ത്തത്തിലും വീണ് തവിട് പൊടിയാകാം.

ജീവിതത്തില്‍ ഏത് മാര്‍ഗം സ്വീകരിക്കണമെന്ന് കല്‍പിക്കാന്‍ മനുഷ്യന്റെ സ്രഷ്ടാവും ഉടമസ്ഥനും രക്ഷിതാവുമായ യഥാര്‍ഥ ദൈവത്തിന് മാത്രമേ അവകാശമുള്ളൂ. അവനാകട്ടെ സത്യം മാത്രമേ പറയുകയുള്ളൂ. സനാതന സത്യമാണത്. ഈ സത്യം അംഗീകരിച്ച് സത്യസന്ധമായി ജീവിതം നയിച്ചാല്‍ മാത്രമേ മനുഷ്യന് സമാധാനം ലഭിക്കുകയുള്ളൂവെന്ന് അബ്രഹാം പ്രവാചകന്‍ പ്രഖ്യാപിക്കുന്നുണ്ട്. ''സത്യവിശ്വാസം കൈക്കൊള്ളുകയും തങ്ങളുടെ വിശ്വാസത്തെ അധര്‍മം കൊണ്ട് മലിനമാക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് സന്മാര്‍ഗം സിദ്ധിച്ചവര്‍'' (അല്‍അന്‍ആം 82). അതേ, ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും സാംസ്‌കാരികാടിത്തറ പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത കേവലം മൂഢ വിശ്വാസങ്ങളാണെങ്കില്‍ അവിടെ ജനങ്ങള്‍ക്കിടയില്‍ ഐക്യവും രഞ്ജിപ്പുമുണ്ടാവുകയില്ല; സമത്വവും നീതിയുമുണ്ടാവില്ല. നീതിയില്ലാതിരുന്നാല്‍ സമാധാനവുമുണ്ടായില്ല. ശിര്‍ക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ട് അത്തരം അബദ്ധ ജടില വിശ്വാസങ്ങളെ തികഞ്ഞ അനീതിയായും ഖുര്‍ആന്‍ (ലുഖ്മാന്‍ 13) ചിത്രീകരിച്ചിട്ടുണ്ട്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23/ അല്‍ മുഅ്മിനൂന്‍/ 31-38
എ.വൈ.ആര്‍