Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 04

'അയോഗ്യനാണ് നിങ്ങള്‍'

പി.കെ.ജെ. /ഉമര്‍ സ്മൃതികള്‍

         അംറുബ്‌നുല്‍ ആസ്വ്, മുആവിയ, മുഗീറതുബ്‌നു ശുഅ്ബ (റ) തുടങ്ങിയ സ്വഹാബിവര്യന്മാരെ ഉദ്യോഗത്തില്‍ നിയമിക്കുന്ന ഖലീഫ ഉമര്‍ (റ), സ്വഹാബി പ്രമുഖരായ ഉസ്മാന്‍, അലി, അബൂത്വല്‍ഹ, സുബൈര്‍, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (റ) തുടങ്ങിയവരെ യോഗ്യതയും കഴിവും അര്‍ഹതയും ഏറെയുണ്ടായിട്ടും ഉദ്യോഗത്തില്‍ നിയമിക്കാത്തതിനെക്കുറിച്ച് അന്വേഷിച്ചവരോടുള്ള അദ്ദേഹത്തിന്റെ മറുപടി: ''അവരോടെനിക്ക് ഏറെ ആദരവും ബഹുമാനവുമുണ്ട്. മുതിര്‍ന്ന സ്വഹാബി വര്യന്മാരുമാണവര്‍. അവരെ ജോലി നല്‍കി കളങ്കിതരാക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.''

* * *

ഉമര്‍(റ) ഒരിക്കല്‍ സഹപ്രവര്‍ത്തകരോട്: ''വളരെ പ്രധാനപ്പെട്ട ഒരു ചുമതലയുണ്ട്. അതേല്‍പ്പിക്കാന്‍ പറ്റിയ യോഗ്യനായ ഒരു വ്യക്തിയെ തിരയുകയാണ് ഞാന്‍. ഒരാളെ നിങ്ങള്‍ നിര്‍ദ്ദേശിക്കൂ.''

അവര്‍: ''ഇന്ന ഒരാളുണ്ട്.''

ഉമര്‍: ''അദ്ദേഹത്തെ വേണ്ട.''

അവര്‍: ''ആര് വേണമെന്നാണ് അങ്ങ് ഉദ്ദേശിക്കുന്നത്?''

ഉമര്‍: ''ഞാന്‍ ഉദ്ദേശിക്കുന്ന ആള്‍, അയാളെ ഞാന്‍ അമീറായി നിയമിച്ചില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ നേതാവിനെപ്പോലെ പെരുമാറുന്നവനാവണം. ഇനി നേതാവായി ഞാന്‍ അയാളെ നിശ്ചയിച്ചുവെന്നിരിക്കട്ടെ, അവര്‍ക്കിടയില്‍ ഒരു അനുയായിയെ പോലെ വര്‍ത്തിക്കുന്നവനാവണം.''

അവര്‍: ''ഈ ഗുണവിശേഷം ഉള്ള ഒരാളേയുള്ളൂ ഞങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാന്‍. റബീഉബ്‌നു സിയാദില്‍ ഹാരിസി''

ഉമര്‍: ''ശരിയാണ് നിങ്ങള്‍ പറഞ്ഞത്.''

ഉമര്‍ ആ ഉത്തരവാദിത്തം അദ്ദേഹത്തെ ഏല്‍പ്പിച്ചു. 

* * *

പുതുതായി നിയമിച്ച ഉദ്യോഗസ്ഥന് നിര്‍ദ്ദേശങ്ങള്‍ എഴുതി നല്‍കുകയായിരുന്ന ഉമറിന്റെ മടിയില്‍ കുഞ്ഞ് കയറിയിരുന്ന് കളിക്കാന്‍ തുടങ്ങി. ഉമര്‍ ആ പൈതലിനെ കളിപ്പിച്ചും കൊഞ്ചിച്ചും അല്‍പ സമയം ചെലവഴിച്ചു. രംഗം വീക്ഷിച്ച ഉദ്യോഗസ്ഥന്‍: ''എനിക്കിത് പോലെ പത്തെണ്ണമുണ്ട്. ഒറ്റയെണ്ണം എന്നെ പേടിച്ച് എന്റെ അടുത്ത് വരില്ല. ഞാന്‍ വീട്ടിലേക്ക് കയറിയാല്‍ മതി എന്നെ ഭയപ്പെട്ട്, ഇരിക്കുന്നവന്‍ നിന്ന് പോകും. നില്‍ക്കുന്നവന്‍ ഇരുന്നുപോകും. ഭാര്യയാണെങ്കില്‍ പേടിച്ച് മാറിപ്പോകും. അത്രയ്ക്ക് ഗൗരവക്കാരനാണ് ഞാന്‍.'' 

അയാളുടെ വര്‍ത്തമാനം ശ്രദ്ധാപൂര്‍വം കേട്ട ഉമര്‍: ''നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് കാരുണ്യം എന്ന വികാരം അല്ലാഹു എടുത്തുമാറ്റിയെങ്കില്‍ അതെന്റെ കുറ്റമാണോ? അതിന് ഞാനെന്ത് പിഴച്ചു? കരുണയുള്ളവരോട് മാത്രമേ അല്ലാഹുവും കരുണാപൂര്‍വം പെരുമാറുകയുള്ളൂ.''

തുടര്‍ന്ന് നിയമന ഉത്തരവ് അയാളില്‍ നിന്ന് തിരിച്ച് വാങ്ങി ചീന്തിയെറിഞ്ഞ ഉമര്‍: ''സ്വന്തം മക്കളോട് അലിവും കാരുണ്യവും കാണിക്കാത്തവന്‍ എങ്ങനെ തന്റെ പ്രജകളോട് കരുണ കാട്ടും? നിങ്ങളെ നിയമിക്കാന്‍ പറ്റില്ല. അയോഗ്യനാണ് നിങ്ങള്‍.''

* * *

തങ്ങളുടെ ഗവര്‍ണര്‍ സഅ്ദുബ്‌നു അബീവഖാസിനെക്കുറിച്ച് പരാതി ബോധിപ്പിക്കാന്‍ വന്ന കൂഫക്കാരോടു ഉമര്‍ (റ): ''ഈ കൂഫക്കാരെ കൊണ്ടു ഞാന്‍ തോറ്റു. ഒരു ഭക്തനെ അവര്‍ക്ക് നിയമിച്ചുകൊടുത്താല്‍, അവര്‍ പറയും അയാള്‍ ദുര്‍ബലനാണെന്ന്. ഇനി ഒരു ശക്തനെ നിയമിച്ചു കൊടുത്താലോ അവര്‍ പറയും അയാളൊരു കുഴപ്പക്കാരനാണെന്ന്.''

സദസ്സില്‍ ഉണ്ടായിരുന്ന മുഗീറത്തുബ്‌നു ശുഅ്ബ (റ): ''അമീറുല്‍ മുഅ്മിനീന്‍, ദുര്‍ബലനായ ഭക്തന്റെ ഭക്തി അയാള്‍ക്ക്. ദൗര്‍ബല്യം അങ്ങേല്‍ക്കണം. ഇനി കുഴപ്പക്കാരനായ ശക്തന്റെ കാര്യം, അയാളുടെ കരുത്തും ശക്തിയും അങ്ങേക്ക് പ്രയോജനപ്പെടുത്താമല്ലോ. അയാള്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങളുടെ ബാധ്യത അയാള്‍ ഏല്‍ക്കട്ടെ.'' 

ഉമര്‍ (റ): ''സമ്മതിച്ചു. നിങ്ങള്‍ പറഞ്ഞതാണ് സത്യം. ആ കുഴപ്പക്കാരനായ ശക്തന്‍ നിങ്ങളാണ്. കൂഫയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിക്കൊള്ളൂ.'' മുഗീറത്തുബ്‌നു ശുഅ്ബ ഇത് കേട്ടു തരിച്ചിരുന്നു.

തുടര്‍ന്ന് ഉമര്‍ (റ): ''കൂഫാ നിവാസികളായ എന്റെ പ്രജകളുടെ കാര്യം അത്ഭുതമാണ്. സൗമ്യശീലനെ നിശ്ചയിച്ചുകൊടുത്താല്‍ അവരുടെ പരാതി അയാള്‍ ദുര്‍ബലനാണെന്നായിരിക്കും. ഒരു കരുത്തനെ നിയമിച്ചാല്‍ പിന്നെ പരാതികളുടെ പ്രളയമായി. ശക്തനും വിശ്വസ്തനും മുസ്‌ലിമുമായ ഒരാളെ അവര്‍ക്ക് നിയമിച്ചു നല്‍കണം എന്ന് പലപ്പോഴും ഞാന്‍ ആശിച്ചതാണ്.''

സദസ്സില്‍ നിന്ന് ഒരാള്‍: ''അമീറുല്‍ മുഅ്മിനീന്‍, അങ്ങ് പറഞ്ഞ ഈ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരാളുണ്ട്. ആള് പരമ യോഗ്യനാണ്.''

''ആരാണയാള്‍?'' ഉമര്‍ തിരക്കി.

''അങ്ങയുടെ മകന്‍ അബ്ദുല്ല.''

ഉമര്‍: ''അല്ലാഹു നിങ്ങളോടു പടവെട്ടട്ടെ. അല്ലാഹുവാണ സത്യം, അല്ലാഹുവിന്റെ തൃപ്തി മോഹിച്ചല്ല നിങ്ങള്‍ ഈ നിര്‍ദ്ദേശം ഉന്നയിച്ചത്.'' 

* * *

ഒരു വ്യക്തിയെ ഉദ്യോഗത്തില്‍ നിയമിക്കാന്‍ ഉമര്‍(റ) ഉദ്ദേശിച്ചതാണ്. പക്ഷെ അപ്പോഴേക്കും അയാള്‍ അത് തേടി വന്നു. 

ഉമര്‍ അയാളോട്: ''ഞാന്‍ ആ ഉദ്യോഗത്തിലേക്ക് നിങ്ങളെ കണ്ടുവെച്ചതായിരുന്നു. പക്ഷെ ഇങ്ങനെ തേടിവരുന്നവരെ സഹായിക്കാന്‍ ആരുമുണ്ടാവില്ല.''  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23/ അല്‍ മുഅ്മിനൂന്‍/ 31-38
എ.വൈ.ആര്‍