Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 04

ആണ്‍ പെണ്‍ സൗഹൃദം: ഇസ്‌ലാമിന്റെ അതിരടയാളങ്ങള്‍

ജാബിര്‍ വാണിയമ്പലം /കവര്‍‌സ്റ്റോറി

''ഇസ്‌ലാം ഒരു പഴഞ്ചന്‍ മതമല്ലേ... അങ്ങയെ പോലുള്ള ഒരാള്‍ എങ്ങനെ ഈ പഴഞ്ചന്‍ മതത്തില്‍ കഴിഞ്ഞുകൂടുന്നു?'' വൈക്കം മുഹമ്മദ് ബഷീറിനോട് ഒരു ഗുണകാംക്ഷിയുടെ ചോദ്യം.
''അതെ. ഇസ്‌ലാം പഴഞ്ചന്‍ തന്നെ. സൂര്യനും ചന്ദ്രനുമെല്ലാം പഴഞ്ചന്‍ ആണല്ലോ... എന്നിട്ടും എത്ര ശോഭയോടെ വെട്ടിത്തിളങ്ങുന്നു!''

         സദാചാര വിഷയങ്ങളില്‍ മതങ്ങളെ പൊതുവെയും ഇസ്‌ലാമിനെ പ്രത്യേകിച്ചും പഴഞ്ചനും പ്രാകൃതവുമൊക്കെയാക്കി അവതരിപ്പിക്കാറുണ്ട് നമ്മുടെ സമൂഹത്തില്‍. അടുത്തകാലം വരെ നമ്മുടെ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളിലെയോ കോളേജിലെയോ ഒരു ക്ലാസ് റൂമില്‍  വ്യത്യസ്ത ഭാഗത്ത് ഇരിക്കുന്നത് സമൂഹം സര്‍വാത്മനാ അംഗീകരിച്ച സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. ഇന്നിപ്പോള്‍, 'ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ആകാശം പൊളിഞ്ഞു വീഴുമോ' തുടങ്ങിയ ഗമണ്ടന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ താനൊരു പുരോഗമനവാദിയല്ലാതാകുമോ എന്ന് സംശയിക്കുകയാണ് ചില മത വിശ്വാസികള്‍ പോലും.

യൂറോപ്പിലെ രാഷ്ട്രീയ നവോത്ഥാനങ്ങളുടെ കാലത്ത് 'ലിബറലിസം' (ഉദാര വാദം) ഒരു രാഷ്ട്രീയ ടൂള്‍ ആയിരുന്നു. ഫ്രഞ്ച് വിപ്ലവം സാധ്യമായത് വിപ്ലവകാലത്ത് മുഴങ്ങി കേട്ട ലിബറലിസ്റ്റ് മുദ്രാവാക്യങ്ങളിലൂടെ ആയിരുന്നു. എന്നാല്‍, ലിബറലിസത്തിന് ഇപ്പോള്‍ അതിന്റെ രാഷ്ട്രീയ ഉള്ളടക്കം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അതിനെ 'നിയോ ലിബറലിസം' എന്ന് വിളിക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സദാചാരപരവുമായ മുഴുവന്‍ മേഖലകളിലും അരാഷ്ട്രീയതയും അരാജകത്വവും ഉല്‍പാദിപ്പിക്കുകയാണ് നവ ലിബറലിസം ചെയ്യുന്നത്. ആധുനിക ലോകത്ത് രൂപംകൊണ്ട് വികസിച്ച പാശ്ചാത്യ ധാര്‍മിക നിയമസംഹിതകളെ കൂടി അപ്രസക്തമാക്കിക്കൊണ്ടാണ് 'നവ ലിബറലിസം' സമൂഹത്തില്‍ വേരൂന്നിക്കൊണ്ടിരിക്കുന്നത്.

ആധുനിക ലോകത്ത് സദാചാര ധാര്‍മിക നിയമങ്ങളെ സംബന്ധിച്ച ഒട്ടനവധി സിദ്ധാന്തങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇതില്‍ പ്രധാനമാണ് ഇമ്മാനുവല്‍ കാന്റിന്റെ (1724-1804) ധാര്‍മികതയെ കുറിച്ച സിദ്ധാന്തം. നിയമങ്ങളുടെ നിയാമകത്വം (Categorical Imperative) എന്ന തത്ത്വമാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. ഒരു വ്യക്തി തന്നോട് മറ്റുള്ളവര്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നതല്ല, ഒരു സമൂഹത്തില്‍ ഓരോ വ്യക്തിയും ഇതരരോട് എന്ത് നിലപാട് സ്വീകരിക്കണം എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ധാര്‍മിക നിയമങ്ങള്‍ രൂപപ്പെടേണ്ടത് എന്നതാണ് കാന്റ് പറയുന്നത്. സ്ഥായിയായ മത ധാര്‍മിക മൂല്യങ്ങളോട് എതിരിട്ട് കൊണ്ടാണ് ഈ സിദ്ധാന്തം വളര്‍ന്നിട്ടുള്ളത്. കാരണം, ചര്‍ച്ചിനോട് എതിരിട്ട് രൂപംകൊണ്ട യൂറോപ്യന്‍ ആധുനികതയുടെ  അതേ പ്രതലത്തില്‍ തന്നെയാണ് ഇതും വികാസം പ്രാപിച്ചത്. എങ്കിലും ഈ സിദ്ധാന്തവും മുന്നോട്ടു വെച്ച പൊതുവായ കുറെ മൂല്യങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരം മൂല്യങ്ങളെ കൂടി അപ്രസക്തമാക്കി, വ്യക്തിയുടെ മാത്രം സ്വാതന്ത്ര്യത്തിന് പരിധികളില്ലാത്ത മഹത്വം കല്‍പ്പിക്കുകയാണ് നവ ലിബറലിസം ചെയ്യുന്നത്. 

സദാചാരം മത സൃഷ്ടിയോ?

മതങ്ങള്‍ പൊതുവില്‍ തന്നെ 'അരുതു'കളുടെയും 'വിലക്കു'കളുടെയും ഒരു ബാങ്ക് ആയിട്ടാണ് അറിയപ്പെടുന്നത്. ക്രിസ്തുമതം പക്ഷേ, ചര്‍ച്ചും  സയന്‍സും തമ്മിലെ യുദ്ധത്തില്‍ അടിയറവ് പറഞ്ഞതിനാല്‍ ആധുനികതയെ സ്വാംശീകരിക്കുകയാണുണ്ടായത്. അതുകൊണ്ട് മദ്യപാനവും വ്യഭിചാരവും ക്രിസ്തുമതത്തില്‍ തെറ്റാകുമ്പോള്‍ തന്നെ, അവ നിലനിര്‍ത്തിക്കൊണ്ടും ഒരാള്‍ക്ക് നല്ല ക്രിസ്ത്യാനിയായി തുടരാം. മറ്റു മതങ്ങളുടെയും അവസ്ഥ ഏകദേശം ഇങ്ങനെയൊക്കെ തന്നെ. പക്ഷേ, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ധാര്‍മിക-സദാചാര നിയമങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ക്ക് പഴുതില്ലാത്തത് കൊണ്ട് ഒരു സ്വാംശീകരണവും സാധ്യമല്ല. 'ഒരു വിശ്വാസിയും വ്യഭിചാരി ആയി കൊണ്ട് മുസ്‌ലിമാവുകയില്ല' എന്ന നബി വചനം ഈ നീക്കുപോക്കില്ലാത്ത വിശ്വാസത്തെ വരച്ച് വെക്കുന്നുണ്ട്. 

വിലക്കുകള്‍ വളരെ കുറച്ച് മാത്രമുള്ള ഇസ്‌ലാം, ഏറ്റവും കൂടുതല്‍ വിലക്കുകളുള്ള മതമായി പ്രോജക്റ്റ് ചെയ്യപ്പെടുകയാണുണ്ടായത്. ബൈബിള്‍ വിവരണം വായിക്കുമ്പോള്‍, ആദം-ഹവ്വ സംഭവത്തില്‍ തന്നെ ഇത് തുടങ്ങുന്നുണ്ട്. ആദം-ഹവ്വ ചരിത്രത്തില്‍ ഏതൊരാളുടെ മനസ്സിലും ആദ്യമായി കടന്നുവരുന്ന ചിത്രം, പഴം പറിക്കരുത് എന്ന് ദൈവം കല്‍പിച്ചതും, കല്‍പന ധിക്കരിച്ച് കൊണ്ട് പഴം പറിച്ചതുമാണ്. അഥവാ മനുഷ്യ സൃഷ്ടിപ്പിന്റെ ചരിത്രം മുതല്‍ നാം മനസ്സിലാക്കുന്നത് വിലക്കുകള്‍ ലംഘിക്കുന്ന മനുഷ്യനെയും, മനുഷ്യന് സാധ്യമല്ലാത്ത വിലക്കുകള്‍ ഒന്നൊന്നായി നല്‍കുന്ന ദൈവത്തെയുമാണ്. ഇതേ സംഭവത്തെ വിശുദ്ധ ഖുര്‍ആനില്‍ വായിച്ചാല്‍ ലഭിക്കുന്ന ചിത്രം മറ്റൊന്നാണ്. വിശുദ്ധ ഖുര്‍ആനിലെ ആദമിന്റെ സൃഷ്ടിപ്പ് പരാമര്‍ശിച്ചയിടങ്ങളില്‍ 'മരത്തോട് അടുക്കരുത്' എന്ന കല്‍പന നല്‍കുന്നതിന് മുമ്പ് പറയുന്നത് 'നിങ്ങള്‍ ഇരുവരും സ്വര്‍ഗത്തില്‍ താമസിച്ചു കൊള്ളുക. നിങ്ങള്‍ ഇഛിക്കുന്നത് പോലെ എന്തും യഥേഷ്ടം കഴിക്കുകയും കുടിക്കുകയും ചെയ്തു കൊള്ളുക' എന്നാണ്. അല്ലാഹു ആദം-ഹവ്വമാര്‍ക്ക് നല്‍കിയ വിലക്ക്, വളരെ വിശാലമായ സ്വാതന്ത്ര്യം നല്‍കിയതിന് ശേഷം മാത്രമാണ് എന്നര്‍ഥം. സ്വാതന്ത്ര്യത്തിന്റെ ഒരു പരിധിയെ സൂചിപ്പിക്കുന്നതാവാം 'ആ മരത്തോട് അടുക്കരുത്' എന്ന പരാമര്‍ശം. അതുകൊണ്ട് തന്നെ, ആദം-ഹവ്വ സംഭവം അല്ലാഹു മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യത്തെയും സ്വാതന്ത്ര്യത്തിന്റെ പരിധിയെയും ആണ് അടയാളപ്പെടുത്തുന്നത്.

ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ധാര്‍മിക നിയമങ്ങളുടെ ഉറവിടവും അംഗീകാരവും (Source & Sanction) അല്ലാഹുവില്‍ നിക്ഷിപ്തമാണ്. സൃഷ്ടിച്ചവന്‍ അല്ലാഹുവാണ്. പരിപാലിക്കുന്നവനും അവന്‍ തന്നെ. സൃഷ്ടിയുടെ പ്രകൃതങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. അതുകൊണ്ട് സൃഷ്ടിയുടെ വ്യക്തിപരവും സാമൂഹികവുമായ വിജയത്തിന് എന്ത് നിയമങ്ങള്‍ ആവശ്യമാണ് എന്നും, ഏതളവില്‍ അത് വേണ്ടതാണ് എന്നുമെല്ലാം  അവനെക്കാള്‍ നന്നായി അറിയുന്നവന്‍ ആരുമില്ല. ധാര്‍മിക സദാചാര നിയമങ്ങള്‍ കേവല മത സൃഷ്ടിയല്ല. അത് പ്രകൃതിയുടെ തേട്ടമാണ്. അതുകൊണ്ടാണ് നന്മയെ വിശുദ്ധ ഖുര്‍ആന്‍ 'മഅ്‌റൂഫ്' (സുപരിചിതം) എന്നും, തിന്മയെ 'മുന്‍കര്‍' (അപരിചിതം) എന്നും പരിചയപ്പെടുത്തുന്നത്. നന്മ പ്രകൃത്യാ തന്നെ എല്ലാവരാലും നന്മയായി അറിയപ്പെട്ടതും, തിന്മ നേരെ തിരിച്ചുമാണ്. ധാര്‍മിക നിയമങ്ങള്‍ പാലിക്കപ്പെടുന്നതിന് അവശ്യം വേണ്ടതാണ് ചില അതിരുകള്‍ നിശ്ചയിക്കല്‍. ലംഘിക്കാന്‍ പാടില്ലാത്ത അല്ലാഹുവിന്റെ ഇത്തരം അതിരുകളെയാണ് 'ഹുദൂദുല്ലാഹ്' (അല്ലാഹുവിന്റെ പരിധികള്‍) എന്ന് പറയുന്നത്. ആദമിന്റെ പഴം ഈ പരിധികളുടെ, അഥവാ 'ഹുദൂദുല്ലാ'യുടെ ഒരു പ്രതീകമാണ്. ഭാര്യ-ഭര്‍തൃ സമ്പര്‍ക്കം, വിവാഹം, വിവാഹ മോചനം, അനന്തരാവകാശ നിയമങ്ങള്‍ തുടങ്ങിയവ പരാമര്‍ശിച്ച ഇടങ്ങളിലാണ് അല്ലാഹു ഈ സാങ്കേതിക പദം പ്രയോഗിച്ചിട്ടുള്ളത് എങ്കിലും, ഇസ്‌ലാമിലെ എല്ലാ നിയമ പരിധികളെയും പരിചയപ്പെടുത്താന്‍ ഫുഖഹാക്കള്‍ 'ഹുദൂദുല്ലാഹ്' എന്ന് പ്രയോഗിച്ചിട്ടുണ്ട്. ഭൂമുഖത്തുള്ളതെല്ലാം അടിസ്ഥാനപരമായി 'പരിശുദ്ധം' (ത്വയ്യിബാത്ത്) എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. 'അനുവദനീയതയും നിഷിദ്ധതയും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്' എന്ന് പ്രവാചകന്‍ (സ) പറയുകയുണ്ടായി. ഒരു പ്രവൃത്തി, അല്ലെങ്കില്‍ ഒരു വസ്തു നിഷിദ്ധമാകുന്നത് അക്കാര്യം അല്ലാഹു ഖുര്‍ആനില്‍ വ്യക്തമാക്കുമ്പോഴാണ്. അല്ലെങ്കില്‍ നബിചര്യയില്‍ ആ വിലക്ക് ഉണ്ടെങ്കിലാണ്. എന്നാല്‍, നിഷിദ്ധങ്ങള്‍ സ്വയം കണ്ടെത്തുകയും അവയെ അല്ലാഹുവിലേക്കും പ്രവാചകനിലേക്കും ചേര്‍ത്തുവെക്കാന്‍ ഗവേഷണം നടത്തുകയും അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു രീതി നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. തദ്ഫലമായി നിയമങ്ങള്‍ അനുസരിക്കുന്നതിനേക്കാള്‍ നിയമലംഘനമാണ് പ്രോജക്റ്റ് ചെയ്യപ്പെടുന്നത്. ഇസ്‌ലാം വിശാലമാകുന്നതിന് പകരം കുടുസ്സായി അനുഭവപ്പെടുന്നു എന്നതാണതിന്റെ ഫലം.

'സദാചാരം' എന്ന വാക്ക് തന്നെ അശ്ലീലമാകുന്നു എന്നതാണ് ലിബറലിസം സമൂഹത്തില്‍ സൃഷ്ടിക്കുന്ന തികച്ചും പ്രതിലോമപരമായ ആശയം. ഇത്തരം സാഹചര്യങ്ങളെ ഇസ്‌ലാം ചരിത്രത്തില്‍ ഇതിനു മുമ്പും അഭിമുഖീകരിച്ചിട്ടുണ്ട്. സാമ്പത്തിക സദാചാരത്തിന് വേണ്ടിയുള്ള ശുഐബ് നബിയുടെ പ്രവര്‍ത്തനങ്ങളെ പരിഹസിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജനത പറഞ്ഞിരുന്നത് നമ്മുടെ ഇന്നത്തെ ഭാഷയില്‍ 'താങ്കള്‍ വലിയ സദാചാര വാദിയാണല്ലോ' എന്നായിരുന്നു. ''എന്റെ സമൂഹമേ.. നിങ്ങള്‍ക്കറിയുമോ ഞാന്‍ എന്റെ നാഥനില്‍ നിന്നുള്ള ദൃഷ്ടാന്തത്തിന്റെ ബലത്തിലാണ് നില കൊള്ളുന്നത്. അവന്‍ എനിക്ക് ഏറ്റവും നല്ല വിഭവം തന്നു. ഞാന്‍ ഒരിക്കലും നിങ്ങളോട് വിലക്കുന്നതിന് സ്വയം വിരുദ്ധമാകാന്‍ ആഗ്രഹിക്കുന്നില്ല.  എനിക്ക് നിങ്ങളെ സംസ്‌കരിക്കുക എന്ന ഉദ്ദേശ്യം തന്നെയാണ് ഉള്ളത്. അത് ഞാന്‍ എന്റെ കഴിവിന്‍ പടി ചെയ്യും. അതിനെനിക്കുള്ള സാഹചര്യം നല്‍കുന്നത് അല്ലാഹുവല്ലാതെ മറ്റാരുമല്ല, അവനില്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. അവനിലേക്കാണ് എന്റെറ മടക്കം'' (സൂറഃ ഹൂദ്: 88) എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എത്ര ആത്മ വിശ്വാസത്തോടെയാണ് ശുഐബ് നബി ഈ പ്രഖ്യാപനം നടത്തുന്നത് എന്ന് നോക്കുക! എന്നാല്‍, 'സദാചാരം' എന്നത് ഓരോ വ്യക്തിയിലും  സമൂഹത്തിലും പുലരേണ്ട സംസ്‌കാരം എന്നതിനേക്കാള്‍, മതങ്ങളുടെയും മത വിശ്വാസികളുടെയും 'കൈവശാവകാശ'മെന്ന നിലക്കാണ് പലപ്പോഴും മത വിശ്വാസികള്‍ തന്നെ അതിനെ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെയാണ്, മതങ്ങള്‍ സദാചാരം ഉദ്‌ഘോഷിക്കുമ്പോഴും മത മേലാളന്മാരില്‍ പലരും സദാചാര ലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നത്. ശുഐബ് നബിയുടെ 'നിങ്ങള്‍ക്ക് വിലക്കുന്ന ഒന്നിനോടും സ്വയം വിരുദ്ധമാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല' എന്ന പ്രഖ്യാപനവും നിലവിലെ മത സദാചാര നടപ്പ് രീതികളും തമ്മില്‍ എത്ര അന്തരം!

ആണ്‍ പെണ്‍ സൗഹൃദം: ഇസ്‌ലാമിന്റെ കാഴ്ചപ്പാട്

പരിധികളില്ലാത്ത ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന ആശയം ലിംഗ സമത്വമാണ്. പരിധികളും ഉപാധികളും ഇല്ലാത്ത ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവര്‍ ലിംഗ വിവേചനത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് വരുത്തിത്തീര്‍ത്തതാണ് ഈ സ്ട്രാറ്റജി കൊണ്ട് സംഭവിച്ചത്. സ്‌കൂളുകളില്‍ വ്യത്യസ്ത ബെഞ്ചുകളിലും കസേരകളിലും ഇരിക്കുന്നത് ലിംഗ വിവേചനമല്ല (Gender Discrimination), ലിംഗ വേര്‍ത്തിരിവ് (Gender Separation) ആണ് എന്ന് പറഞ്ഞാലും മൂല്യങ്ങളുടെ ആപേക്ഷിക സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരെ അത് ബോധ്യപ്പെടുത്തുക പ്രയാസം. നമ്മുടെ സമൂഹം കാലങ്ങളായി സൂക്ഷിക്കുന്ന മൂല്യം, സംസ്‌കാരം എന്നൊക്കെ പറഞ്ഞാല്‍ സമൂഹത്തിന്റെ കാലങ്ങളായുള്ള കാത്തുവെപ്പുകളെ തന്നെ കെട്ടു കഥകള്‍ ആക്കിക്കളയും ലിബറലിസ്റ്റുകള്‍.

ചരിത്രപരമായും സാമൂഹികമായും പാവനമെന്ന് നാം മനസ്സിലാക്കുന്ന മൂല്യങ്ങളുടെ പ്രസക്തിയെ ചോദ്യം ചെയ്തുകൊണ്ടാണ് ലിബറലിസം വളരുന്നത്. വ്യഭിചാരം തിന്മയാകുന്നത് മനുഷ്യസമൂഹം ഇക്കാലമത്രയും കരുതിപ്പോന്ന മൂല്യങ്ങളുടെയും ധാര്‍മികതയുടെയും അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ആധുനിക സിദ്ധാന്തങ്ങള്‍ പോലെ തന്നെ ആധുനികോത്തരകാലത്തെ അരാഷ്ട്രീയ ആശയങ്ങളിലും മൂല്യങ്ങള്‍ എന്നത് ആപേക്ഷികമാണ്. മൂല്യങ്ങള്‍ ആപേക്ഷികമാകുന്നത് കൊണ്ടാണ് ഉഭയകക്ഷി സമ്മത പ്രകാരമുള്ള വ്യഭിചാരം തെറ്റല്ലാതാവുന്നത്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള വ്യഭിചാരം തെറ്റല്ലാതാവുന്ന ഒരു ആശയത്തോട് സ്ത്രീ പുരുഷന്മാര്‍ ഇടകലരുന്നതിന്റെ അളവും പരിധിയും പറഞ്ഞു സംവദിക്കുന്നതില്‍ അര്‍ഥമില്ല.

സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പുലര്‍ത്തേണ്ട സൗഹൃദം ഏറ്റവും സുന്ദരമായി അവതരിപ്പിച്ച പ്രകൃതി മതമാണ് ഇസ്‌ലാം. വിശുദ്ധ ഖുര്‍ആനിലെ അത്തൗബ അധ്യായത്തിലെ ഒരു സൂക്തം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. ''വിശ്വാസികളും വിശ്വാസിനികളും പരസ്പരം ആത്മ മിത്രങ്ങളാണ്. അവര്‍ നന്മ കല്‍പ്പിക്കുകയും തിന്മ തടയുകയും ചെയ്യുന്നു. നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അവരോടാണ് അല്ലാഹു കാരുണ്യം കാണിക്കാന്‍ പോകുന്നത്. അല്ലാഹു പ്രതാപമുടയവനും യുക്തിജ്ഞനും ആകുന്നു'' (9:71). വിശ്വാസി-വിശ്വാസിനി സൗഹൃദത്തിന്റെ മാനദണ്ഡം ഈ സൂക്തത്തില്‍ നിന്ന്  വ്യക്തമാവുന്നുണ്ട്. അത്, നന്മ നിലനിര്‍ത്തുന്നതിനും തിന്മ തടയുന്നതിനും നമസ്‌കാരവും സകാത്തും നിലനിര്‍ത്തുന്നതിനുമൊക്കെയാണ്. എന്നാല്‍ വിശ്വാസത്തില്‍ കാപട്യം പുലര്‍ത്തുന്നവര്‍ പരസ്പരം പുലര്‍ത്തുന്ന ബന്ധത്തെ മേല്‍ സൂക്തത്തിന് മുമ്പ് അല്ലാഹു വ്യക്തമാക്കിയത് നേരെ തിരിച്ചാണ്. ''കപട വിശ്വാസികളും കപട വിശ്വാസിനികളും പരസ്പരം തിന്മ കല്‍പ്പിക്കുകയും നന്മ തടയുകയും ചെയ്യുന്നു. അവരുടെ കൈകള്‍ (നന്മകളില്‍ നിന്ന്) പിടിച്ച് വെക്കുകയും ചെയ്യുന്നു. അല്ലാഹു അവരെ മറന്നു കളഞ്ഞു. അവര്‍ അല്ലാഹുവിനെയും മറന്നു. തീര്‍ച്ചയായും കപട വിശ്വാസികള്‍ വലിയ അധര്‍മികള്‍ തന്നെ'' (9:67). വിശ്വാസി- വിശ്വാസിനികള്‍ പരസ്പരം നിലനിര്‍ത്തുന്ന ബന്ധത്തെ സൂചിപ്പിക്കാന്‍ അല്ലാഹു 'ഔലിയാ' (ആത്മ മിത്രങ്ങള്‍) എന്ന പദം പ്രയോഗിച്ചിരിക്കുന്നു. എന്നാല്‍ കപട വിശ്വാസി - കപട വിശ്വാസിനികളെ പരാമര്‍ശിക്കുമ്പോള്‍ 'ഔലിയാ' എന്ന പദം ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. നന്മ വളര്‍ത്തുന്നതിനു പകരം അവര്‍ തിന്മയാണല്ലോ വളര്‍ത്തുന്നത്. നന്മയെ പരമാവധി തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എത്ര സുന്ദരമായി അല്ലാഹു ഈ വ്യത്യാസത്തെ വിന്യസിച്ചിരിക്കുന്നു എന്ന് നോക്കുക. ലിബറലിസത്തിന്റെ തള്ളിക്കയറ്റം ഒരു വ്യക്തിയില്‍ ഉണ്ടാക്കുന്ന രോഗമാണ്, നന്മയും തിന്മയും തമ്മില്‍ ഈ പരസ്പരമുള്ള കൈമാറല്‍ (Swapping). നമ്മുടെ കാമ്പസുകളില്‍ വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ പരസ്പരം ബഹുമാനവും സ്‌നേഹവും കാത്തുസൂക്ഷിക്കുമ്പോള്‍ തന്നെ, ഇടകലര്‍ന്ന് ഇരിക്കാതിരിക്കുകയോ, അഭിവാദ്യം അര്‍പ്പിക്കുമ്പോള്‍ കൈ കൊടുക്കാതിരിക്കുകയോ ചെയ്യുന്നത് അറുപിന്തിരിപ്പന്‍ ആവുകയും, യഥേഷ്ടം ഇടകലരുകയും കെട്ടിപ്പുണരുകയുമെല്ലാം ചെയ്യുന്നത് പുരോഗമനപരമാവുകയും ചെയ്യുന്ന  സ്ഥിതിവിശേഷത്തെ ഈ രണ്ട് സൂക്തങ്ങള്‍ മുമ്പില്‍ വെച്ച് വായിച്ചു നോക്കുക.

ആണ്‍-പെണ്‍ ദ്വന്ദ്വങ്ങളെ അല്ലാഹു തന്റെ അപാരമായ ദൃഷ്ടാന്തമായിട്ടാണ് പരിചയപ്പെടുത്തുന്നത്. ''രാത്രി തന്നെ സത്യം. അത് സ്വയം മൂടുമ്പോള്‍... പകല്‍ തന്നെ സത്യം. അത് സ്വയം വെളിവാകുമ്പോള്‍... ആണിന്റെയും പെണ്ണിന്റെയും സൃഷ്ടിപ്പ് തന്നെ സത്യം... നിങ്ങളുടെ പ്രവൃത്തികള്‍ തികച്ചും വ്യത്യസ്തം തന്നെ!'' (അല്ലൈല്‍ 1-4). രാത്രിയും പകലും അടിസ്ഥാനപരമായി വ്യത്യാസമില്ലാത്ത പ്രതിഭാസങ്ങളായിരിക്കുമ്പോഴും, ഇവ രണ്ടും വ്യത്യസ്ത ധര്‍മമാണ് നിര്‍വഹിക്കുന്നത്. അപ്രകാരം പുരുഷനും സ്ത്രീയും ഒരേ വര്‍ഗമായിരിക്കുമ്പോഴും വ്യത്യസ്ത പ്രകൃതത്തില്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ വ്യത്യസ്ത ധര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇത്ര മനോഹരമായ ദൈവിക യുക്തിയാണ് സ്ത്രീ-പുരുഷ ധര്‍മങ്ങളുടെ വ്യത്യസ്തതകളില്‍ നമുക്ക് വായിച്ചെടുക്കാനാവുക. ലിബറലിസ്റ്റുകള്‍ തന്നെയും ലിംഗ സമത്വത്തിന് വേണ്ടി വാദിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ഈ ധര്‍മങ്ങളെ അനുധാവനം ചെയ്യുന്നത് കാണാം. ഇസ്‌ലാം പുരുഷ-സ്ത്രീ പ്രകൃതങ്ങളിലെ വ്യത്യസ്തതകളില്‍ ഊന്നിക്കൊണ്ടാണ് സ്ത്രീ- പുരുഷ സൗഹൃദത്തെ നോക്കി കാണുന്നത്. സ്ത്രീ- പുരുഷന്മാര്‍ തമ്മില്‍ ഒരുമിക്കുമ്പോള്‍ രാസത്വരകമായി വര്‍ത്തിക്കാവുന്ന ഒന്നാണ് ലൈംഗികത. അതുകൊണ്ടാണ്, അന്യ സ്ത്രീ-പുരുഷന്മാര്‍ രണ്ട് പേര്‍ മാത്രമായി ഒരുമിച്ച് ഉണ്ടാകുന്നതിനെ പ്രവാചകന്‍ (സ) വിലക്കിയത്. രണ്ട് പേര്‍ മാത്രമാകുന്നതിനെ വിലക്കുന്നു എന്നതിനര്‍ഥം രണ്ട് പേര്‍ മാത്രമല്ലാതെ സ്ത്രീ-പുരുഷന്മാര്‍ ഒരുമിച്ച് നില്‍ക്കാവുന്ന ഒരു സാഹചര്യത്തെ ഇസ്‌ലാം വിലക്കുന്നില്ല എന്നാണ്. എന്നാല്‍, നന്മ വളര്‍ത്തുക, തിന്മയെ തടയുക എന്ന പ്രചോദനത്താലല്ലാതുള്ള കേവല ആസ്വാദനങ്ങള്‍ ഇത്തരം ഒരുമിക്കലുകള്‍ക്ക്  ന്യായമായിക്കൂടാ. അതുകൊണ്ട് സ്ത്രീ പുരുഷന്മാര്‍ ഒരുമിച്ച് ആസ്വാദനത്തിനു മാത്രമായി സംഘടിപ്പിക്കുന്ന നൈറ്റ് ക്ലബ്ബുകള്‍ ശരിയോ തെറ്റോ എന്ന് രണ്ടാമത് ഒന്ന് ചിന്തിക്കേണ്ട ആവശ്യമേ വരുന്നില്ല. 

സദാചാര നിര്‍ദേശങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആനിലെ അധ്യായമാണ് അന്നൂര്‍. പ്രസ്തുത അധ്യായത്തിലെ സുപ്രധാന നിര്‍ദേശമാണ് സ്ത്രീ-പുരുഷന്മാര്‍ പരസ്പരം ദൃഷ്ടികള്‍ നിയന്ത്രിക്കണം എന്നത്. ''പ്രവാചകരേ, വിശ്വാസികളോട് തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കാനും രഹസ്യ ഭാഗങ്ങള്‍ സൂക്ഷിക്കാനും പറഞ്ഞേക്കുക. അതാണ് അവരെ സംസ്‌കരിക്കുന്നതിന് ഏറ്റവും നല്ലത്. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായി അറിയുന്നവനാകുന്നു. അപ്രകാരം വിശ്വാസിനികളോടും പറഞ്ഞേക്കുക, അവരുടെ ദൃഷ്ടികള്‍ നിയന്ത്രിക്കാനും രഹസ്യ ഭാഗങ്ങള്‍ സൂക്ഷിക്കാനും...'' (അന്നൂര്‍ 30, 31). ശരീരം സ്പര്‍ശിക്കാവുന്ന വിധം പരസ്പരം അടുത്ത് ഇരിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ സാമൂഹിക മാധ്യമങ്ങളിലെ ലിബറലിസ്റ്റുകളില്‍ നിന്ന് നേരിടുന്ന പരിഹാസമാണ്, 'അടുത്ത് ഇരിക്കുന്നതിനെ നിങ്ങള്‍ ലൈംഗികതയുമായി ബന്ധപ്പെടുത്തുന്നത് എന്തിന്' എന്ന്! 

സമൂഹത്തെയും ധാര്‍മികതയെയും കുറിച്ച് ഒരു സങ്കല്‍പമുണ്ട്. അത്തരം ഒരു സങ്കല്‍പത്തിന് വിഘാതം നില്‍ക്കുന്നതാവരുത് സൗഹൃദങ്ങളുടെ ഇടങ്ങള്‍. അതുകൊണ്ട് ദൃഷ്ടികള്‍ നിയന്ത്രിക്കാന്‍ കല്‍പ്പിച്ച അല്ലാഹു തൊട്ടുടനെ രഹസ്യ ഭാഗങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. ദൃശ്യത്തെ ലൈംഗികതയുമായി ബന്ധിപ്പിക്കുകയല്ല അല്ലാഹു ചെയ്യുന്നത്. എന്നാല്‍ ദൃശ്യവും ലൈംഗികതയും തമ്മിലുള്ള ദൂരം ആണിന്റെയും പെണ്ണിന്റെയും മനസ്സിന്റെയും പ്രകൃതത്തിനും സാഹചര്യത്തിന്റെ അനുകൂലാവസ്ഥക്കും അനുസരിച്ചിരിക്കും. സിഗ്മണ്ട് ഫ്രോയ്ഡ് 'ഇദ്', 'ഈഗോ', 'സൂപ്പര്‍ ഈഗോ' എന്നീ മൂന്നു മാനസികാവസ്ഥകളെ പരിചയപ്പെടുത്തുന്നുണ്ട്. 'ഇദ്' എന്ന മാനസികാവസ്ഥയില്‍ നിലകൊള്ളുന്നവരില്‍ നിന്നാണ് ലൈംഗിക പരാക്രമങ്ങള്‍ ഉണ്ടാകുന്നത്. 'ഈഗോ'യില്‍ നില്‍ക്കുന്നവര്‍, നന്മയുടെയും തിന്മയുടെയും ഒരു താരതമ്യം നടത്തി, സാഹചര്യങ്ങളുടെ അനുകൂലാവസ്ഥകളെ പരിഗണിക്കുന്നവരാണ്. 'സൂപ്പര്‍ ഈഗോ'യുടെ മാനസികാവസ്ഥയിലുള്ളവര്‍ ഏറ്റവും നന്നായി സ്വന്തത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവരാണ്. വിശുദ്ധ ഖുര്‍ആനും മൂന്നുതരം മാനസികാവസ്ഥകളെക്കുറിച്ച് പറയുന്നുണ്ട്. തെറ്റുകളിലേക്ക് പ്രേരിപ്പിക്കുന്ന മനസ്സ് (നഫ്‌സുന്‍ അമ്മാറ), കുറ്റപ്പെടുത്തുന്ന മനസ്സ് (നഫ്‌സുന്‍ ലവ്വാമ), ശാന്തമായ മനസ്സ് (നഫ്‌സുന്‍ മുതമഇന്ന) എന്നിങ്ങനെയാണ് മനസ്സുകളെ കുറിച്ച ഖുര്‍ആനിക പ്രയോഗങ്ങള്‍.  'നഫ്‌സുന്‍ മുത്മഇന്ന:' എന്ന മാനസികാവസ്ഥയില്‍ നില കൊള്ളുമ്പോള്‍ തന്നെ മനുഷ്യന്റെ പ്രകൃതിയില്‍ 'നഫ്‌സുന്‍ അമ്മാറ' അടങ്ങിയിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നുണ്ട് യൂസുഫ് നബി (അ). പക്ഷേ, 'നഫ്‌സുന്‍ ലവ്വാമ'യിലേക്കും തുടര്‍ന്ന്  'നഫ്‌സുന്‍ മുത്മഇന്ന'യിലേക്കും മനുഷ്യന് മാറാന്‍ കഴിയുന്നത് അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹം കൊണ്ടാണ് എന്ന് യൂസുഫ് (അ) നബിയുടെ വാക്യം വ്യക്തമാക്കുന്നു. ''ഞാന്‍ എന്റെ മനസ്സിനെ കുറ്റവിമുക്തമാക്കുന്നില്ല. നിശ്ചയം, മനസ്സ് തെറ്റുകളിലേക്ക് പ്രേരിപ്പിക്കുന്നത് തന്നെയാണ്, എന്റെ നാഥന്‍ എന്നോട് കരുണ കാണിക്കാത്ത പക്ഷം. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണ്'' (യൂസുഫ് 53). ഇസ്‌ലാമിലെ സദാചാര നിയമങ്ങള്‍ ഇത്തരം മൂന്നു അവസ്ഥകളെയും പരിഗണിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍, അങ്ങനെയാകരുത്, ഒരേ ഒരു മാനസികാവസ്ഥയെ മാത്രമേ പരിഗണിക്കാവൂ എന്നതാണ് ലിംഗ സമത്വവാദികള്‍ പറയാതെ പറയുന്നത്.

ലൈംഗികത പാപമല്ല. ലൈംഗികത പാപമായിരുന്നെങ്കില്‍ മനുഷ്യനെയെന്നല്ല, ജീവി വര്‍ഗങ്ങളെ ആണ്‍- പെണ്‍ എന്ന ദ്വന്ദ്വ പ്രകൃതിയില്‍ സൃഷ്ടിച്ചതിന് ഒരു ന്യായവുമുണ്ടാകില്ല. പക്ഷേ, മനുഷ്യ സമൂഹത്തില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് അല്ലാഹു ചില അതിരുകള്‍ നിശ്ചയിച്ചിരിക്കുന്നു. അത് ലൈംഗികതക്കുള്ള അതിരുകള്‍ അല്ല. ലൈംഗികത ഉപയോഗപ്പെടുത്തേണ്ട വ്യവസ്ഥയില്‍ (System) ഉള്ള അതിരുകളാണ്. 'വിവാഹം' ആണ് അല്ലാഹു ഇതിനു നിശ്ചയിച്ച സിസ്റ്റം. എന്നല്ല, വിവാഹ ബന്ധത്തിലൂടെ നിങ്ങള്‍ ആസ്വദിക്കുന്ന ലൈംഗികതയില്‍ നിങ്ങള്‍ക്ക് പുണ്യം ഉണ്ട് എന്ന് പഠിപ്പിച്ചിരിക്കുന്നു പ്രവാചകന്‍ (സ). സ്വാഭാവികമായും ഉയരാവുന്ന ഒരു സംശയം ഉന്നയിച്ചു ഒരു അനുയായി. 'അല്ലാഹുവിന്റെ ദൂതരേ.. ഞങ്ങളില്‍ ഒരാള്‍, തന്റെ വികാര ശമനം നടത്തുന്നതിലും പുണ്യമോ?' 'അതെ, അത് വിവാഹേതര മാര്‍ഗത്തിലൂടെ ആയിരുന്നെങ്കിലോ?' എന്നാണ് പ്രവാചകന്‍ തിരിച്ചു  ചോദിച്ചത്. അതുകൊണ്ട് വ്യഭിചാരം പാപമാണ്. വ്യഭിചാരത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ അതുകൊണ്ട് തന്നെ നിയന്ത്രിക്കപ്പെടേണ്ടതാണ്. 'നിങ്ങള്‍ വ്യഭിചാരത്തോട് അടുക്കരുത്' (അല്‍ഇസ്‌റാഅ് 32) എന്ന ഖുര്‍ആനിക സൂക്തം മുന്നോട്ട് വെക്കുന്നത് ആണ്‍-പെണ്‍ സൗഹൃദങ്ങളിലെ 'ജാഗ്രത'  എന്ന ആശയത്തെയാണ്. 'സ്ത്രീയും പുരുഷനും രണ്ട് പേര്‍ മാത്രം ഒരുമിച്ചാകുമ്പോള്‍ മൂന്നാമനായി പിശാച് ഉണ്ടാകും' എന്ന നബി വചനം മുന്നോട്ട് വെക്കുന്നതും ഇതേ ആശയം തന്നെ. അല്ലാഹു പറയുന്നു: ''അല്ലയോ വിശ്വാസികളേ... നിങ്ങള്‍ പിശാചിന്റെ കാലടികള്‍ പിന്തുടരരുത്. പിശാചിന്റെ കാലടികള്‍ പിന്തുടരുന്നത് ആരാണോ അവന്‍ കരുതി കൊള്ളട്ടെ, പിശാച് അശ്ലീലതക്കും തിന്മക്കും പ്രേരണ നല്‍കുകയാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ ഒരാളും സംസ്‌കരിക്കപ്പെടുമായിരുന്നില്ല. എന്നാല്‍, അല്ലാഹുവാണ് അവന്‍ ഇഛിക്കുന്നവരെ സംസ്‌കരിക്കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (അന്നൂര്‍ 21). 

സൂറഃ അന്നൂറിലെ നിര്‍ദേശങ്ങള്‍ സ്ത്രീ-പുരുഷ സമ്പര്‍ക്കത്തിന്റെ അതിരടയാളങ്ങള്‍ കൃത്യമായി വരച്ച് കാണിക്കുന്നതാണ്. സ്ത്രീയോടും പുരുഷനോടും പ്രത്യേകമായി ദൃഷ്ടി നിയന്ത്രിക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നത്, സദാചാര നിര്‍ദേശങ്ങള്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണ് എന്നതിനെ കുറിക്കുന്നു. അതേസമയം, ലൈംഗിക വിചാരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സ്ത്രീയേക്കാള്‍ ദുര്‍ബലനാണ് പുരുഷന്‍ എന്ന പ്രകൃതി യാഥാര്‍ഥ്യം മുന്നില്‍ വെച്ച് കൊണ്ടാകാം ശരീര ഭാഗം മറക്കുന്നതിനെ സംബന്ധിച്ച പ്രത്യേകമായ ചില നിര്‍ദേശങ്ങള്‍ സ്ത്രീക്ക് നല്‍കുന്നത്. 

ഇതര വീടുകള്‍ സന്ദര്‍ശിക്കുന്നതിന്റെ മര്യാദകള്‍ വളരെ വിശദമായി അല്ലാഹു സൂറഃ അന്നൂറില്‍ വിവരിക്കുന്നുണ്ട്. എങ്ങനെ ഒരു വീട്ടില്‍ പ്രവേശിക്കണം, ഭക്ഷണം കഴിക്കണം, ആരുടെ വീടുകളില്‍ നിന്നെല്ലാം ഭക്ഷണം കഴിക്കാം തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കുന്നു. എല്ലാം വിവരിച്ചതിനു ശേഷം അല്ലാഹു പറയുന്നു: ''നിങ്ങള്‍ ഒറ്റക്കോ ഒരുമിച്ചോ ഭക്ഷണം കഴിക്കുന്നതില്‍ ഒരു തെറ്റുമില്ല'' (സൂറഃ അന്നൂര്‍ 61). ഭക്ഷണം കഴിക്കുന്ന വീട് എന്നത് ആ വീടുമായി നാം എത്രത്തോളം ബന്ധപ്പെടുന്നു എന്നതിന്റെ കൂടി തെളിവാണ്. അതുകൊണ്ട് തന്നെ വീടുകളിലെ സന്ദര്‍ശന മര്യാദ കൂടി പഠിപ്പിക്കുന്നു അല്ലാഹു. നമസ്‌കാര ക്രമവും സമയവുമൊന്നും കൃത്യമായി പഠിപ്പിക്കാത്ത വിശുദ്ധ ഖുര്‍ആനിലാണ് ഇതെന്ന് ഓര്‍ക്കണം. എത്രത്തോളം നാം ഒരു വീടിനോട് ബന്ധപ്പെടുന്നോ അത്രത്തോളം അവിടെ സ്ത്രീ പുരുഷ കൂടിച്ചേരലിനുള്ള സാധ്യത കൂടുതലാണ്. ഇത് കൊണ്ട് തന്നെയാണ് അല്ലാഹു ഇത്ര മേല്‍ പ്രാധാന്യത്തോടെ ഈ വിഷയം പരാമര്‍ശിക്കുന്നത്. 

ലിബറല്‍ കാലത്തെ സൗഹൃദങ്ങള്‍ 

സ്ത്രീയും പുരുഷനും ഒറ്റക്കിരിക്കുന്നത് തെറ്റല്ലെന്ന് കരുതുന്ന ഒരു പുതു തലമുറ നമ്മുടെ നാട്ടില്‍ വളര്‍ന്നു  വരുന്നുണ്ട്. ലിബറലിസത്തെ രാഷ്ട്രീയമായി എതിര്‍ക്കുന്നവരില്‍ പോലും സൗഹൃദങ്ങള്‍ ലൈംഗികതയുമായി ബന്ധപ്പെടുന്നില്ലെങ്കില്‍ അത് തെറ്റല്ലെന്ന ധാരണ നിലനില്‍ക്കുന്നു. പ്രണയവും പ്രണയ വിവാഹവും സാര്‍വത്രികമായിക്കൊണ്ടിരിക്കുന്നു. ആണും പെണ്ണും ആയാല്‍ പ്രണയിച്ചിരിക്കണം, നമസ്‌കരിക്കുന്ന ആണ്‍ കുട്ടിയും  സ്‌കാര്‍ഫ്  ധരിക്കുന്ന പെണ്‍ കുട്ടിയും ആക്ടിവിസ്റ്റുകള്‍ ആകുന്നു എന്നത് മാത്രം അവര്‍ക്കിടയില്‍ തളിരിട്ട് വളരുന്ന പ്രണയങ്ങള്‍ക്കും വിവാഹത്തിന് മുമ്പുള്ള സല്ലാപങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുമെല്ലാമുള്ള ന്യായമാകുന്നത് തിരുത്തപ്പെടണം. വിവാഹത്തെ തന്നെ പല ഘട്ടങ്ങൡൂടെ മാത്രം സംഭവിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുകയാണ് ഇന്ന് പുതു തലമുറ. പഠനകാലത്ത് വിവാഹം നിശ്ചയിക്കുക (എന്‍ഗേജ്‌മെന്റ്), വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം നടക്കുന്ന നികാഹ്, പിന്നെയും വര്‍ഷങ്ങള്‍ക്ക്  ശേഷം നടക്കുന്ന സ്വീകരണ വിരുന്ന്. ഇങ്ങനെയൊക്കെയാണ് പുതിയകാല വിവാഹ രീതികള്‍. ഇത് ഒരു പുതിയകാല നടപ്പ് രീതി എന്ന അര്‍ഥത്തില്‍ തെറ്റാണോ എന്ന് ചോദിച്ചാല്‍ നിരുപാധികം ശരിയും തെറ്റും പറയാന്‍ ആവില്ല. എന്നാല്‍, എന്‍ഗേജ്‌മെന്റ്  കഴിയുന്നതോടെ, ഇനി ലൈംഗിക ബന്ധമല്ലാത്ത എല്ലാം ശരിയാണ് എന്ന കാഴ്ചപ്പാടിലേക്ക് വരുമാറ് നമ്മുടെ സമൂഹത്തില്‍ അത് പതിവായി മാറുന്നുണ്ടെങ്കില്‍ ഗൗരവത്തില്‍ ചിന്തിക്കേണ്ടത് തന്നെയാണ്. മത പ്രതിബദ്ധതയില്ലാത്തവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഇത്തരം രീതികളുമായുള്ള വ്യത്യാസം മതബോധമുള്ളവരില്‍ വളരെ നേര്‍ത്തതാകാന്‍ പാടില്ലാത്തതാണ്. കാരണം ഇത്തരം നടപ്പു രീതികള്‍ക്ക് ഇസ്‌ലാമിക ധാര്‍മിക നിയമങ്ങള്‍ എന്നതിനേക്കാള്‍ ആധുനിക ലിബറല്‍ ആശയങ്ങളോടാണ് ആഭിമുഖ്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23/ അല്‍ മുഅ്മിനൂന്‍/ 31-38
എ.വൈ.ആര്‍