അനുസ്മരണം
സുഹ്‌റാബി
മങ്കട ഏരിയയില്‍ അരിപ്ര വനിതാ കാര്‍കുന്‍ ഹല്‍ഖയിലെ സജീവ സാന്നിധ്യമായിരുന്നു മാമ്പ്ര മേലേത്തൊടി അബൂബക്കറിന്റെ ഭാര്യ സുഹ്‌റാബി (53). ശാന്തശീലയായിരുന്ന അവര്‍ ചെറിയ കുട്ടികളും കുടുംബ പ്രയാസങ്ങളും ഒക്കെ ഉണ്ടായിരുന്നപ്പോഴും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കുകയും തന്റേതായ സേവനങ്ങള്‍ നല്‍കുകയുമുണ്ടായി. പ്രസ്ഥാനത്തിന്റെ തര്‍ബിയത്തീ വിഷയങ്ങളില്‍ നിഷ്ഠ പുലര്‍ത്തി; പ്രത്യേകിച്ച് സാമ്പത്തിക രംഗത്ത്. വളരെ അച്ചടക്കമുള്ള ജീവിതമായിരുന്നു അവരുടെത്. ഏഴ് മക്കളുടെ മാതാവായ അവര്‍ ഭര്‍ത്താവ് ജോലിയാവശ്യാര്‍ഥം വിദേശത്തായിരുന്നിട്ട് കൂടി മക്കളെ ദീനി ചുറ്റുപാടില്‍ വളര്‍ത്താന്‍ ശ്രദ്ധ പുലര്‍ത്തുകയും ഇസ്‌ലാമിക കാലാലയങ്ങളില്‍ പഠിപ്പിച്ച് അവരെ സമൂഹത്തിന് ഉപകരിക്കുന്നവരാക്കി മാറ്റുന്നതില്‍ വിജയിക്കുകയും ചെയ്തു. മക്കളെ വളര്‍ത്തി വലുതാക്കി അവരുടെ തണലിലേക്ക് ഒതുങ്ങാന്‍ തുടങ്ങുമ്പോഴേക്ക് നാഥന്‍ അവരെ തിരിച്ചുവിളിച്ചു. രണ്ട് വര്‍ഷമായി കാന്‍സര്‍ രോഗം പിടിപെട്ട് കിടപ്പിലാകുന്നത് വരെയും അരിപ്ര ഹല്‍ഖയുടെ നാസിമത്തായും സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുബൈദ സഹോദരിയാണ്.
സാബിറ അരിപ്ര
എം. അബ്ദുല്‍ മജീദ്
കര്‍ണാടക ജമാഅത്തിലെ മുതിര്‍ന്ന അംഗവും, സംസ്ഥാന-കേന്ദ്ര തലങ്ങളില്‍ പലവിധ ചുമതലകള്‍ നിര്‍വഹിച്ച വ്യക്തിയുമായിരുന്നു എം. അബ്ദുല്‍ മജീദ് സാഹിബ്. ഫജ്‌റ് നമസ്‌കാരാനന്തരം പതിവുള്ള നടത്തത്തിനിടെ ബാംഗ്‌ളൂരിലെ വീട്ടിന്നടുത്തുള്ള ഒരു പാര്‍ക്കില്‍ വിശ്രമിക്കവെയാണ് നെഞ്ച് വേദന ഉണ്ടായത്. അതും വിശ്രമത്തിനിടെ കണ്ടുമുട്ടിയ ഒരു സുഹൃത്തുമായി ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കെ, ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിട്ട്‌കൊണ്ടിരിക്കെ. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. 73 വയസ്സായിരുന്നു.
1942 മാര്‍ച്ച് 12-നാണ് അര്‍ഷദ് സിദ്ദീഖ് എന്ന അബ്ദുല്‍ മജീദിന്റെ ജനനം. പ്രാഥമിക-കോളജ് വിദ്യാഭ്യാസത്തിന് ശേഷം ഉര്‍ദുവില്‍ എം.എ ബിരുദം നേടി. പിന്നെ ബി.എഡും. മംഗലാപുരം, ഉഡുപി, ഹൂഡെ, ബട്കല്‍ എന്നിവിടങ്ങളില്‍ അധ്യാപനം നടത്തി. 1973 ല്‍ ജമാഅത്ത് അംഗത്വം നേടി. അടിയന്തരാവസ്ഥയില്‍ 14 മാസം ജയില്‍വാസമനുഷ്ഠിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് മുഴുസമയ ജമാഅത്ത് പ്രവര്‍ത്തകനായി.
പ്രാസ്ഥാനിക മാര്‍ഗത്തില്‍ സമര്‍പ്പിക്കപ്പെട്ടതായിരുന്നു അബ്ദുല്‍ മജീദ് സാഹിബിന്റെ ജീവിതം. മൗലാനാ സിറാജുല്‍ ഹസന്‍ കര്‍ണാടക അമീറായിരിക്കെ ഓഫീസ് സെക്രട്ടറി ആയിരുന്നു. മംഗലാപുരം-കുടഗ് മേഖലാ നാസിമായും, മൈസൂര്‍, കോലാര്‍, ബാംഗ്‌ളൂര്‍ (റൂറല്‍) ജില്ലകളില്‍ ജില്ലാ നാസിമായും, കര്‍ണാടക ജമാഅത്തില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മീഖാത്തില്‍ ശൂറാ അംഗമായിരുന്നു. ജമാഅത്തിന്റെ വിദ്യാഭ്യാസ വകുപ്പില്‍ കേന്ദ്ര-സംസ്ഥാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇദാറെ-അദബ്-എ-ഇസ്‌ലാമി ഹിന്ദിന്റെ ദക്ഷിണേന്ത്യന്‍ ചുമതല അദ്ദേഹത്തിനായിരുന്നു. ബാംഗ്‌ളൂര്‍ ജയ നഗറിലായിരുന്നു താമസം.
അബ്ദുര്‍റഹ്മാന്‍, വിരാജ്‌പേട്ട
ഹേമലത
മാള ഐ.എസ്.ടി.യു.പി സ്‌കൂളില്‍ 14 വര്‍ഷം സേവനം അനുഷ്ഠിച്ച പ്രധാനാധ്യാപികയായിരുന്നു ഹേമലത (39). പഠനത്തില്‍ മാത്രമല്ല, കുട്ടികളുടെ സര്‍വതോമുഖമായ കഴിവുകള്‍ കണ്ടെത്തി വളര്‍ത്താന്‍ പ്രത്യേക പരിശീലനം നല്‍കുന്നതിലും അതില്‍ രക്ഷാകര്‍ത്താക്കളുടെ പിന്തുണ നേടുന്നതിലും അവര്‍ അതീവ ശ്രദ്ധ ചെലുത്തുമായിരുന്നു. മജ്‌ലിസ്, ഉപജില്ലാ മത്സരങ്ങള്‍ തുടങ്ങി എം.ടി.എസ്, എല്‍.എസ്.എസ്, യു.എസ്.എസ് പോലെയുള്ള വിവിധ തരം സ്‌കോളര്‍ഷിപ്പുകള്‍ക്ക് വരെ കുട്ടികളെ പരിശീലനം നല്‍കി സജ്ജരാക്കി. സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ അധ്യാപകര്‍ക്ക് അതിന്റെ ചുമതല നല്‍കുമായിരുന്നു. അതിന്റെ പുരോഗതി ഇടക്കിടെ അന്വേഷിച്ച് വിലയിരുത്തും.
ധാര്‍മിക വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ കരസ്ഥമാക്കുന്ന കുട്ടികളുടെ ജീവിതത്തിലും ഈ നിലവാരം ഉണ്ടാകണമെന്ന് ടീച്ചര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നമസ്‌കാരത്തില്‍ അലസത കാണിച്ച് മാറി നില്‍ക്കുന്നവരെപ്പറ്റി അന്വേഷിച്ച്, തൃപ്തികരമല്ലെങ്കില്‍ പള്ളിയില്‍ കൊണ്ട് വന്ന് നമസ്‌കരിപ്പിച്ച് അതിന്റെ കൃത്യത മറ്റു കുട്ടികളെക്കൊണ്ട് ഉറപ്പുവരുത്തുകയും ചെയ്യുമായിരുന്നു.
പ്രാസ്ഥാനിക പരിപാടികള്‍ക്ക് സ്‌കൂള്‍ ഹാള്‍ സംവിധാനിക്കേണ്ടിവരുമ്പോള്‍ പ്രവര്‍ത്തകരുടെ അസാന്നിധ്യത്തില്‍ ടീച്ചര്‍ സ്വയം ആ കാര്യം ഏറ്റെടുത്തു സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ നിര്‍വഹിക്കുമായിരുന്നു. മാധ്യമം ഹെല്‍ത്ത് കെയര്‍ ഫണ്ട് ശേഖരണത്തില്‍ രക്ഷാകര്‍ത്താക്കളുമായി ബന്ധപ്പെട്ട് അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊടുത്ത് ഒരു നല്ല തുക സ്‌കൂളില്‍ നിന്ന് സംഭരിച്ച് നല്‍കാറുണ്ടായിരുന്നു. സാമ്പത്തിക രംഗത്ത് കണിശത പുലര്‍ത്താന്‍ തന്റെ ചെറിയ വേതനം ഒരു തടസ്സമായിട്ടില്ല. പുസ്തകം-യൂനിഫോം ഏജന്‍സികള്‍ നല്‍കുന്ന ചെറിയ ഉപഹാരം പോലും സാമ്പത്തിക ശേഷി കുറഞ്ഞ കുട്ടികള്‍ക്ക് വേണ്ടി വിനിയോഗിക്കാറാണ് പതിവ്. മാതാപിതാക്കളുടെ ഏകമകളായ ഹേമലതക്ക് രണ്ട് കുട്ടികളാണുള്ളത്.
സുലൈമാന്‍ അഷ്ടമിച്ചിറ
Comments