Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 04

ചുംബന സമരാനന്തരം

ടി. മുഹമ്മദ് വേളം /കവര്‍‌സ്റ്റോറി

         കേരളത്തില്‍ അടുത്തകാലത്ത് മുഴക്കപ്പെട്ട പ്രധാനപ്പെട്ട രാഷ്ട്രീയ മുദ്രാവാക്യമാണ് ചുംബന സമരം. അതുയര്‍ത്തിയ സംവാദങ്ങള്‍ ഇന്നും തുടരുന്നുണ്ട്. അതിനിടയില്‍ ചുംബന സമരത്തിന്റെ സംഘാടകരില്‍പെട്ട രാഹുല്‍ പശുപാലനും രശ്മി ആര്‍. നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതാണ് സമരാനന്തരം ഇപ്പോള്‍ സമരം വീണ്ടും സജീവ ചര്‍ച്ചയാവുന്നതിന്റെ കാരണം. ഇവര്‍ പെണ്‍വാണിഭം നടത്തുന്നു എന്നത് മറ്റേതു കേസും പോലെ പോലീസിന്റെ ആരോപണമാണ്. കോടതിയില്‍ തെളിയിക്കപ്പെടുന്നത് വരെ എല്ലാ കേസുകള്‍ക്കും ബാധകമായ പൊതു തത്ത്വമാണിത്. ചുംബന സമരംപോലുള്ള വ്യവസ്ഥാവിരുദ്ധ നീക്കങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുക എന്നത് ഭരണകൂട ഉപകരണങ്ങളുടെ ഒരു അജണ്ടയാണ്. ഈ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കുന്ന ഐജി എസ്. ശ്രീജിത്ത് ഇത്തരം നീക്കങ്ങള്‍ മുമ്പും നടത്തിയ ഒരുദ്യോഗസ്ഥനാണ്. അല്ലെങ്കില്‍ ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ളൊരു മികച്ച ഉപകരണമാണ്. പോലീസിനെ കണ്ണുമടച്ചുവിശ്വസിക്കുക എന്നത് പൊതുബോധത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ ഒന്നാണ്. നമ്മുടെ പൊതുബോധം നിര്‍മിക്കുന്നതില്‍ പോലീസിന്റെ പത്രസമ്മേളനങ്ങള്‍ക്കും മറ്റു മാധ്യമ പ്രകടനങ്ങള്‍ക്കും നല്ല പങ്കുണ്ട്. മുസ്‌ലിമിന്റേതുള്‍പ്പെടെ നമ്മുടെ മനസ്സിലെ കുറ്റവാളികളെക്കുറിച്ച ബിംബങ്ങളെല്ലാം പോലീസും മാധ്യമങ്ങളും ചേര്‍ന്ന് നിര്‍മിച്ചവതരിപ്പിച്ചവയാണ്. പോലീസിനെ അവിശ്വസിച്ചുകൊണ്ടു മാത്രമേ ഭരണകൂട ഭീകരതക്കെതിരായ രാഷ്ട്രീയത്തിന്റെ എഞ്ചുവടി ആരംഭിക്കാനാവുകയുള്ളൂ. 

നമ്മുടെ നീതിന്യായ സംവിധാനം തന്നെ നിലനില്‍ക്കുന്നത് പോലീസിനെക്കുറിച്ച വിശ്വാസമില്ലായ്മക്ക് മുകളിലാണ്. ഒരു സമരത്തിലെ പ്രത്യേകിച്ച് ചുംബന സമരംപോലെ തീര്‍ത്തും അയഞ്ഞ ഘടനയുള്ള ഒരു സമരത്തിലെ ചില പങ്കാളികളോ നേതാക്കളോ കുറ്റകൃത്യത്തിലേര്‍പ്പെടുന്നു എന്നത് സമരം തന്നെ കുറ്റകൃത്യമാണെന്നോ കുറ്റകൃത്യത്തിന് സഹായം നല്‍കുന്നതാണെന്നോ പറയാന്‍ മതിയായ ന്യായമല്ല. ബാര്‍ കോഴ കൊണ്ട് പ്രതിസന്ധിയിലായ ഭരണകൂടത്തെ ചുംബന സമര നേതാക്കളുടെ പെണ്‍വാണിഭം കൊണ്ട് രക്ഷപ്പെടുത്താനുള്ള ശ്രമം തീര്‍ച്ചയായും ഇതിനകത്തുണ്ട്. പോലീസ് പറയുന്നതിനെ മുഖവിലക്കെടുത്താല്‍പോലും ഇതുപറയാന്‍ തെരഞ്ഞെടുത്ത സമയത്തിന് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ പോലീസിന്റെ പത്രസമ്മേളനങ്ങളെ വേദവാക്യമായി സ്വീകരിക്കുന്നത് വിഢ്ഡിത്തവും തികഞ്ഞ അരാഷ്ട്രീയതയുമായിരിക്കും. എങ്കിലും ചുംബന സമരം തുറക്കുന്ന വഴികളിലൊന്ന് ലൈംഗിക കച്ചവടത്തിന്റേതാണ് എന്നത് ഈ സമരത്തെക്കുറിച്ചുള്ള ആശയപരമായ വിമര്‍ശനമാണ്. ചുംബന സമരത്തിനകത്ത് മാംസക്കച്ചവടക്കാര്‍ക്കും ഒരു മുറി സാധ്യമാണ്; ബ്രഹ്മചാരിക്കും കുടുംബജീവിതം നയിക്കുന്നവര്‍ക്കും സാധ്യമാണ് എന്നതുപോലെ. ശരീരത്തിന്റെ സ്വയംനിര്‍ണയാവകാശം എന്നത് ഇത്തരം കാമ്പയിനുകളുടെ പിന്നിലുള്ള പ്രധാനപ്പെട്ട ഒരാശയമാണ്. ശരീരത്തിനുമേല്‍ ഓരോരുത്തര്‍ക്കും സമ്പൂര്‍ണമായ സ്വയംനിര്‍ണയാവകാശമുണ്ടെങ്കില്‍ അത് വില്‍ക്കാനുള്ള അവകാശവും ഈ സ്വയംനിര്‍ണയാവകാശത്തില്‍ ഉള്‍പ്പെടുമല്ലോ. പിന്നെ അവശേഷിക്കുന്നത് പ്രായപൂര്‍ത്തിയെന്ന സാങ്കേതിക പ്രശ്‌നം മാത്രമാണ്. ഏത് പ്രായത്തിലാണ് പ്രായപൂര്‍ത്തിയാവുക എന്നത് ജൈവപരമായ തീരുമാനമെന്നതിനേക്കാള്‍ ഭരണകൂടപരവും നിയമപരവുമായ തീരുമാനമാണ്. 

രാഹുല്‍ പശുപാലന്‍ ഈ കേസില്‍ പ്രതിയല്ലെങ്കിലും ആണെങ്കിലും ഈ സമരം ഉയര്‍ത്തിയ ചില സംവാദങ്ങളുണ്ട്. അത് സദാചാരത്തെക്കുറിച്ച ചില മൗലികമായ ചോദ്യങ്ങളാണ്. ചുംബന സമരം പാശ്ചാത്യ മതേതരത്വത്തിന്റെ സ്വാഭാവികവും അനിവാര്യവുമായ ഒരു വളര്‍ച്ചയാണ്. പവിത്രതയുടെ നിരാകരണമാണ് പാശ്ചാത്യ മതേതരത്വത്തിന്റെ അടിസ്ഥാനം. സെക്കുലര്‍ (Secular) എന്ന വാക്കുതന്നെ സെയ്ക്രഡ് (Sacred) എന്നതിന്റെ വിപരീതപദമായി വികസിച്ചുവന്നതാണ്. ആദ്യത്തേത് ലൗകികതയെയും പരിശുദ്ധിയില്ലാത്തതിനെയുമാണ് കുറിക്കുന്നതെങ്കില്‍ രണ്ടാമത്തേത് അലൗകികതയെയും പരിശുദ്ധിയെയുമാണ് കുറിക്കുന്നത്. 

ഒന്നും പവിത്രമല്ല എന്നാണ് സെക്കുലരിസം സിദ്ധാന്തിക്കുന്നത്. ലൈംഗികത പവിത്രമായ ഒരു കാര്യമല്ല. അത് ശാരീരികവും മാനസികവുമായ ഒന്നു മാത്രമാണ്. അത് തീര്‍ത്തും ഭൗതികമായ ഒരാവശ്യമാണ്. അതിന് പവിത്രതയുടെ ഉടയാടകള്‍ ആവശ്യമില്ല. ലൈംഗികതയുടെ മേല്‍ അണിയിക്കപ്പെട്ട പവിത്രതയുടെ മുഴുവന്‍ വസ്ത്രാലങ്കാരങ്ങളും അഴിച്ചുമാറ്റി അതിനെ നഗ്നമാക്കുക എന്നതാണ് ചുംബന സമരം നിര്‍വഹിക്കാന്‍ ശ്രമിച്ച ദൗത്യം. ലൈംഗികത രഹസ്യമാകണം എന്നുപറയുന്നത് അത് പവിത്രമായതുകൊണ്ടാണ്. അല്ലെങ്കില്‍ അത് പവിത്രമാവുന്നത് അത് രഹസ്യമാവുമ്പോഴാണ്. ലൈംഗികതയുടെ അനാവരണമാണ് ചുംബന സമരം മുന്നോട്ടുവച്ച പ്രധാന ആശയം. അതിലൂടെ ലഭ്യമാവുന്ന  വ്യക്തിസ്വാതന്ത്ര്യങ്ങളും.

ശാശ്വതമായ മൂല്യങ്ങളില്ല; പവിത്രമായി ഒന്നുമില്ല എന്നീ മതേതര തീര്‍പ്പുകളുടെ അനിവാര്യ വികാസമാണ് പരസ്യലൈംഗികത. ഈ അര്‍ഥത്തില്‍ ചുംബന സമരം മതരഹിത മതേതരത്വത്തിന്റെ സ്വാഭാവികമായ ഒരു വികാസമാണ്. അതാരുടെയോ അത്ഭുതകരമായ കണ്ടുപിടിത്തമൊന്നുമല്ല. വളരെ നവീനമായ ഒരു പ്രസ്ഥാനവുമല്ല. മതേതരത്വം സ്വയം പൂര്‍ത്തിയാക്കുന്ന അതിന്റെ ഒരു ഘട്ടം മാത്രമാണ്. മതേതരമായ അര്‍ഥത്തില്‍ ജനാധിപത്യവത്കരിക്കപ്പെട്ട ലൈംഗികതക്കുള്ള ഏക ഉപാധി ഉഭയകക്ഷി സമ്മതമാണ്. ഈ ഉപാധി പൂര്‍ത്തിയാവുന്ന ഏതു സന്ദര്‍ഭത്തിലും ഇരുവര്‍ക്കും ലൈംഗിക ബന്ധത്തിലേര്‍പ്പെടാം. പവിത്രമായി ഒന്നുമില്ല എന്ന വാദം ചെന്നുചേരുക മനുഷ്യന് കുടുംബപരമായ ബന്ധങ്ങളൊന്നുമില്ല എന്നതിലേക്കാണ്. 

പവിത്രതയാണ് ബന്ധങ്ങളുടെ സ്രഷ്ടാവ്. അമ്മയും മകനും തമ്മിലുള്ള ബന്ധം/ അച്ഛനും മകളും തമ്മിലുള്ള ബന്ധം/ സഹോദരീ സഹോദന്മാര്‍ തമ്മിലുള്ള ബന്ധം പവിത്രമാണെന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ ഉഭയകക്ഷി സമ്മതത്തോടെ അവര്‍ തമ്മിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവും. അതിന് ശരീരശാസ്ത്രപരമായ തടസ്സങ്ങളൊന്നുമില്ല. ഈ ബന്ധങ്ങള്‍ പവിത്രമാണ് എന്നതുകൊണ്ടാണ് മനുഷ്യര്‍ ഇതിനകത്തെ ലൈംഗിക സാധ്യതകളെക്കുറിച്ച് ചിന്തിക്കാത്തത്. അങ്ങനെ ചിന്തിക്കാത്തത് കൊണ്ടാണ് മനുഷ്യന് അച്ഛനും അമ്മയും സഹോദരിയും സഹോദരനുമുണ്ടാവുന്നത്. ഈ പവിത്രതാ ബോധം നഷ്ടപ്പെടുന്ന നിമിഷം മനുഷ്യന് നഷ്ടപ്പെടുന്നത് അച്ഛനെയും അമ്മയെയും സഹോദരനെയും സഹോദരിയെയുമാണ്. പവിത്രത പ്രധാനമാകുന്നത് ലൈംഗികതയുടെ കാര്യത്തില്‍ മാത്രമല്ല, ബന്ധത്തിന്റെ മറ്റു തലങ്ങള്‍ക്കും ഇത് ബാധകമാണ്. 

ഒരു ബന്ധത്തിന്റെ സമ്പൂര്‍ണ ജനാധിപത്യവത്കരണം എന്നത് പലപ്പോഴും ബന്ധത്തിന്റെ നിരാകരണമായിരിക്കും. അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തെ സമ്പൂര്‍ണമായി ജനാധിപത്യവത്കരിക്കുക എന്നതിന്റെ അര്‍ഥം ആ ബന്ധത്തെ നിരാകരിക്കുക എന്നതാണ്. അച്ഛന് സവിശേഷമായ ഒരു പരിഗണനയും നല്‍കുന്നില്ല എന്നതിന്റെ അര്‍ഥം നാം അദ്ദേഹത്തെ അച്ഛനായി പരിഗണിക്കുന്നില്ല എന്നാണ്. അമ്മയും മകനും തമ്മിലുള്ള ശരീര വേഴ്ച തെറ്റാവുന്നത് അതില്‍ ഉഭയകക്ഷി സമ്മതമില്ലാത്തത് കൊണ്ട് അല്ല. അത് പവിത്രതയുടെ ലംഘനമാണ് എന്നതുകൊണ്ടാണ്. എല്ലാ പവിത്രതകളും തകര്‍ക്കപ്പെടുന്നു എന്നതിന്റെ അര്‍ഥം എല്ലാ ബന്ധങ്ങളും സമനിരപ്പാക്കപ്പെടുന്നു എന്നതാണ്. സമനിരപ്പ് ബന്ധശൂന്യതയുടെ രൂപകമാണ്. എല്ലാവരും ഒരുപോലെയാണെങ്കില്‍ പിന്നെ പ്രത്യേകിച്ച് ആരുമില്ലല്ലോ. പ്രത്യേകിച്ചുള്ളവര്‍ എന്നതാണല്ലോ ബന്ധുത്വത്തിന്റെ അടിസ്ഥാനം. ഇവിടെയുണ്ടാവുക അപ്പപ്പോള്‍ ഉണ്ടാക്കുന്ന, എപ്പോഴും ഇല്ലാതാകാവുന്ന താല്‍ക്കാലിക ബന്ധങ്ങള്‍ മാത്രമാണ്. 

ഇതൊരു സാങ്കല്‍പ്പിക വിചാരമല്ല. പാശ്ചാത്യ സെക്കുലരിസത്തിന്റെ പറുദീസകളില്‍ ഒരു പരിധിവരെ പരീക്ഷിക്കപ്പെട്ട കാര്യമാണ്. പരസ്യ ലൈംഗികതയും ഒരു പരിധിവരെയുള്ള പവിത്രതാ നഷ്ടവും ബന്ധരാഹിത്യവും അവിടങ്ങളില്‍ പ്രയോഗവത്കരിക്കപ്പെട്ടവയാണ്. അതുകൊണ്ടാണ് പ്രമുഖ ഫ്രഞ്ച് ദാര്‍ശനികനും കമ്യൂണിസ്റ്റ് ആചാര്യനുമായിരുന്ന, പിന്നീട് ഇസ്‌ലാം സ്വീകരിച്ച റജാ ഗരോഡി പാശ്ചാത്യ സമൂഹത്തെക്കുറിച്ച്, 'ജീവിക്കാന്‍ കാരണമില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്നവരാണവര്‍' എന്ന് പറഞ്ഞത്. മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ബന്ധങ്ങളാണ്. സ്വന്തം ജീവിതം അര്‍ഥശൂന്യമാവുമ്പോഴും അവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ച്  അതിനെ അര്‍ഥസമ്പന്നമാക്കുന്നു; പ്രത്യേകിച്ചും അടുത്ത ബന്ധുക്കള്‍ക്കുവേണ്ടി. അത് ഭാര്യയോ ഭര്‍ത്താവോ മാതാപിതാക്കളോ മക്കളോ സഹോദരനോ സഹോദരിയോ ഒക്കെയാവാം. പവിത്രതാ നഷ്ടം ബന്ധുത്വത്തിന്റെ നഷ്ടത്തിലേക്കും ബന്ധുത്വത്തിന്റെ നഷ്ടം ജീവിതത്തിന്റെ അര്‍ഥ നഷ്ടത്തിലേക്കും കൊണ്ടെത്തിക്കുന്നു. ഇതിനര്‍ഥം പാശ്ചാത്യ സമൂഹങ്ങളെല്ലാം അഗമ്യഗമനം നടത്തിക്കൊണ്ടിരിക്കുന്നവരാണ് എന്നല്ല. പക്ഷേ, അങ്ങനെ ഒരാള്‍ നടത്താന്‍ തീരുമാനിച്ചാല്‍ അതിനെ തടയാനുള്ള ആശയപരമായ ഒരു ശേഷിയും ആ നാഗരികതക്കില്ല എന്നാണ്. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ ഡോ. ജാസിര്‍ ഔദ, അങ്ങേയറ്റം പാശ്ചാത്യവത്കരിക്കപ്പെട്ട മുസ്‌ലിം രാജ്യമായ തുനീഷ്യയില്‍ കോടതിക്ക് മുമ്പാകെ വന്ന ഒരപേക്ഷയെക്കുറിച്ച് പറയുന്നുണ്ട്. ഒരു സഹോദരനും സഹോദരിയും ചേര്‍ന്ന് നല്‍കിയ, അവര്‍ക്ക് പരസ്പരം വിവാഹം ചെയ്യാനുള്ള അനുമതിക്ക് വേണ്ടിയുള്ള അപേക്ഷയായിരുന്നു അത്. 

തന്റെ ശരീരം പവിത്രമാണെന്ന് കരുതുന്ന ആണും പെണ്ണും അതിലൂടെ ലൈംഗികതയെ നിരാകരിക്കുകയല്ല ചെയ്യുന്നത്. പവിത്രീകരിക്കപ്പെട്ട ലൈംഗികതയിലൂടെ മാത്രമേ തങ്ങളുടെ ശാരീരികവും മാനസികവുമായ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുകയുള്ളൂ എന്ന് തീരുമാനിക്കുകയാണ്. പവിത്രീകരിക്കപ്പെട്ട ലൈംഗികതയാണ് കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്റെ അടിത്തറ. കുടുംബം ബന്ധങ്ങളുടെ വടവൃക്ഷമാണ്. അത് ജീവിതത്തിന് പച്ചപ്പും തണലും കായ്ഫലങ്ങളും പ്രദാനം ചെയ്യുന്നു. പവിത്രമല്ലാത്ത ലൈംഗികത കുടുംബം എന്ന സ്ഥാപനത്തിന്റെ ശത്രുവാണ്. അതുകൊണ്ടാണ് വീട്ടില്‍ ചെയ്യേണ്ടത് റോഡില്‍ ചെയ്താല്‍ സമരമാവില്ല എന്നുപറയുന്നത്. ചുംബന സമരം കുടുംബത്തിന് നേരെയുള്ള വെല്ലുവിളിയാണ്. 

മനുഷ്യന്റെ മൊത്തം ഊര്‍ജം ലൈംഗിക ഊര്‍ജമാണെന്ന് ആധുനിക മനഃശാസ്ത്രം അഭിപ്രായപ്പെടുന്നുണ്ട്. അതനുസരിച്ച് മിച്ചം പിടിക്കപ്പെടുന്ന ലൈംഗിക ഊര്‍ജമാണ് മറ്റു ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നത്. അഥവാ നിയന്ത്രിക്കപ്പെടുന്ന ലൈംഗികതയാണ് സര്‍ഗാത്മകത. അനിയന്ത്രിതമായ ലൈംഗികത എല്ലാ സര്‍ഗാത്മകതകളെയും തരിശാക്കിക്കളയും. അപ്പോള്‍ ലൈംഗിക നിയന്ത്രണം എന്നത് ഒരാത്മീയ ആവശ്യം മാത്രമല്ല; ക്രിയാത്മകമായ ഭൗതിക ജീവിതത്തിന്റെ ആവശ്യം കൂടിയാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23/ അല്‍ മുഅ്മിനൂന്‍/ 31-38
എ.വൈ.ആര്‍