Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 04

മുഖദ്ദിമ അക്കാദമിക് സമ്മിറ്റ് സാമൂഹിക പഠനങ്ങള്‍ക്കൊരു ആമുഖം

നഹാസ് മാള /കുറിപ്പ്

         വൈജ്ഞാനിക ഇടപെടലുകള്‍ എസ്.ഐ.ഒ അതിന്റെ സുപ്രധാന ദൗത്യമായാണ് മനസ്സിലാക്കുന്നത്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും സമകാലിക വെല്ലുവിളികളെ നേരിടുന്നതിനും സഹായകമാകുന്ന നിരവധി ഇടപെടലുകള്‍ക്ക് എസ്.ഐ.ഒ നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രസ്ഥാന പ്രവര്‍ത്തകരെയും പൊതുസമൂഹത്തെയും വിജ്ഞാനത്തിന്റെ പുതിയ മേച്ചില്‍പുറങ്ങളിലേക്ക് നയിക്കുന്ന പരിപാടികള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്നാണ് എസ്.ഐ.ഒ ആഗ്രഹിക്കുന്നത്. ഇത്തരം ആലോചനകളാണ് ഈ വരുന്ന ഡിസംബര്‍ 23,24 തീയതികളില്‍ കണ്ണൂരില്‍ 'മുഖദ്ദിമ അക്കാദമിക് സമ്മിറ്റ്' എന്ന വൈജ്ഞാനിക സമ്മേളനം സംഘടിപ്പിക്കാനുള്ള പ്രചോദനം. 

ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ആഖ്യാനശാസ്ത്രം (എപ്പിസ്റ്റമോളജി), ഫിഖ്ഹ്, രാഷ്ട്രീയം എന്നീ മേഖലകളിലെ വിശാലമായ ചര്‍ച്ചകളാണ് 2012 ജനുവരി 14,15 തീയതികളില്‍ ശാന്തപുരം അല്‍ ജാമിഅയില്‍ എസ്.ഐ.ഒ സംഘടിപ്പിച്ച ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സില്‍ രൂപപ്പെട്ടത്.  നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ഇടപെട്ട് നമുക്ക് ചെയ്യാനാകുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് 2013 നവംബര്‍ 16,17 തീയതികളില്‍ തിരുവനന്തപരുത്ത് എസ്.ഐ.ഒ കേരള എജുക്കേഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. അതിന്റെ തുടര്‍ച്ചയായി  സാമൂഹിക സിദ്ധാന്തങ്ങളെയും പഠനങ്ങളെയും ഇസ്‌ലാമിക അടിത്തറയില്‍ വായിക്കാനും പരിചയപ്പെടാനുമുള്ള ശ്രമമാണ് മുഖദ്ദിമ അക്കാദമിക് സമ്മിറ്റ്. 

സമൂഹത്തിന്റെ രൂപീകരണം, അതിന്റെ വളര്‍ച്ച, നിലവിലെ സാമൂഹികാവസ്ഥകളെ വായിക്കാനുള്ള ഉപകരണങ്ങള്‍, ശൈലികള്‍ എന്നിവക്ക് വൈജ്ഞാനിക ചിന്താ മണ്ഡലങ്ങളില്‍ വളരെ പ്രാധാന്യമുണ്ട്.  ഈ മേഖലയിലെ സിദ്ധാന്തങ്ങളെയും (സോഷ്യല്‍ തിയറീസ്) അതിന്റെ പ്രായോഗികതയുടെ ഭാഗമായി രൂപപ്പെട്ട ഡികൊളോണിയല്‍ ചിന്തകളെയും മറ്റും ഇസ്‌ലാമികമായ സമീപനങ്ങളോടെ വായിക്കാനും പരിചയപ്പെടാനുമാണ് ഈ പരിപാടിയിലൂടെ എസ്.ഐ.ഒ ശ്രമിക്കുന്നത്. സോഷ്യല്‍ തിയറികളുമായി ബന്ധപ്പെട്ട നമ്മുടെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒരു തുടക്കം എന്ന നിലയില്‍ കൂടിയാണ് ആമുഖം എന്ന അര്‍ഥത്തിലുള്ള 'മുഖദ്ദിമ' എന്ന് ഈ പരിപാടിക്ക് പേര് നല്‍കിയിരിക്കുന്നത്. 

സോഷ്യോളജിയുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക ലോകത്ത് വിവിധ ചര്‍ച്ചകളും സംവാദങ്ങളും നടന്നിട്ടുണ്ട്. അതിന്റെ ഏറ്റവും മികച്ച അടയാളമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് ഇബ്‌നു ഖല്‍ദൂനിന്റെ മുഖദ്ദിമ. മുഖദ്ദിമയില്‍ സമൂഹവുമായും സമൂഹ രൂപീകരണവുമായും ബന്ധപ്പെട്ട് ധാരാളം ചിന്തകള്‍ ഇബ്‌നു ഖല്‍ദൂല്‍ മുന്നോട്ടു വെക്കുന്നുണ്ട്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ചിന്തകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവയെ വിലയിരുത്താനും ഒപ്പം ഗസ്സാലി, ഇബ്‌നുല്‍ അറബി പോലുള്ള പണ്ഡിതന്മാരുടെ സാമൂഹിക ചിന്തകളെ പരിചയപ്പെടാനും പഠിക്കാനും മുഖദ്ദിമ അക്കാദമിക് സമ്മിറ്റ് പ്രയോജനപ്പെടും. അടുത്ത കാലത്തായി രൂപപ്പെട്ട ഡികൊളോണിയല്‍ ചിന്തകളും അതിന്റെ സാധ്യതകളും ചര്‍ച്ച ചെയ്യുകയെന്നതും സുപ്രധാനമായൊരു ലക്ഷ്യമാണ്. സമ്മിറ്റിലും അനുബന്ധ പരിപാടികളിലുമായി സാമൂഹിക ജീവിതവുമായി ബന്ധപ്പെടുന്ന വിവിധ വിഷയങ്ങളും ചര്‍ച്ചയാകും.

സമ്മിറ്റിന്റെ ഭാഗമായി ചര്‍ച്ചക്കെടുക്കുന്ന വിഷയങ്ങള്‍ 

ഇബ്‌നു ഖല്‍ദൂനും മുഖദ്ദിമയും -  ഇബ്‌നു ഖല്‍ദൂനിന്റെ സോഷ്യോളജിയിലെ സംഭാവനകളെ വായിക്കുകയും പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. മുഖദ്ദിമയില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്ന ചിന്തകള്‍, അതിനെ നിരൂപണം ചെയ്തുകൊണ്ട് വിവിധ പണ്ഡിതര്‍ ഉയര്‍ത്തിയ ചിന്തകള്‍ എന്നിവ ചര്‍ച്ചയാകണമെന്നാണ് ആഗ്രഹിക്കുന്നത്.

ഇസ്‌ലാമിക് ഡികൊളോണിയാലിറ്റി-  കൊളോണിയല്‍ ചിന്തകളും സമീപനങ്ങളും അരികുവത്കരിച്ചവരുടെ ഭാഗത്തുനിന്നുള്ള വൈജ്ഞാനിക ഇടപെടലുകള്‍ എന്ന നിലയില്‍ സജീവമാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇസ്‌ലാമിക പക്ഷത്തുനിന്നുള്ള ഡികൊളോണിയല്‍ വായനകള്‍. അവയെ പരിചയപ്പെടാനും പഠിക്കാനും സഹായകമാകുന്ന രീതിയില്‍ ആഗോളതലത്തിലും ദേശീയതലത്തിലുമുള്ള ഈ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച പരിപാടികളും വീഡിയോ കോണ്‍ഫറന്‍സുകളും നടക്കും.

ജ്ഞാനശാസ്ത്രവും ഹിംസയും- സമൂഹത്തെയും സാഹചര്യങ്ങളെയും സംഭവങ്ങളെയും വിലയിരുത്തുന്നതിനും അതിനോടുള്ള നിലപാടുകള്‍ രൂപീകരിക്കുന്നതിനും ഉപയോഗിക്കുന്ന ചട്ടക്കൂടാണ് എപ്പിസ്റ്റമോളജി (ജ്ഞാനശാസ്ത്രം). അതുപോലെ സാമൂഹിക ഇടപാടുകളില്‍ അപരവത്കരണത്തിന് ഉപയോഗിക്കപ്പെടുന്ന ടൂളുമാണിത്. അത് അപരനോടുള്ള ഹിംസയുടെ (എപ്പിസ്റ്റമിക് വയലന്‍സ്) അടിസ്ഥാനമാണെന്നും മനസ്സിലാക്കാം. ഇവയെ കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും നടക്കും. 

ഖുര്‍ആനും സാമൂഹിക വിശകലനങ്ങളും സമൂഹത്തിന്റെ ഉത്ഭവം, വികാസ പരിണാമങ്ങള്‍, ഉത്ഥാന പതനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഖുര്‍ആനിക സമീപനങ്ങളുടെ വായനകളും പഠനങ്ങളുമാണ് ഉദ്ദേശ്യം.

സാമൂഹിക ശാസ്ത്രത്തിലെ മുസ്‌ലിം പണ്ഡിതര്‍- സാമൂഹിക ശാസ്ത്ര മേഖലയില്‍ വിവിധ രീതികളില്‍ സംഭാവനകളര്‍പ്പിച്ച മുസ്‌ലിം പണ്ഡിതരെ പരിചയപ്പെടുത്തും. ഇമാം ഗസ്സാലി, ഇബ്‌നുല്‍ അറബി തുടങ്ങി സാമൂഹിക തത്ത്വശാസ്ത്രത്തില്‍ വലിയ സംഭാവനകളര്‍പ്പിച്ചവരെ ഇതിലൂടെ പരിചയപ്പെടാം.

നവ സാമൂഹിക പ്രസ്ഥാനങ്ങളും രാഷ്ട്രീയവും- സൂക്ഷ്മ സ്വത്വങ്ങളെല്ലാം രാഷ്ട്രീയമുയര്‍ത്തുന്ന കാലമാണിത്. അവയുടെ ഉയര്‍ച്ചയുടെയും മുന്നോട്ടുപോക്കിന്റെയും രാഷ്ട്രീയവും സാമൂഹികതയും ഇസ്‌ലാമിക നിലപാടുകളും വായിക്കുകയാണിവിടെ.

ലിബറലിസവും ധാര്‍മികതയും- വ്യക്തിസ്വാതന്ത്ര്യം എന്നതാണ് ലിബറലിസത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്. എന്നാല്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന പല കാഴ്ചപ്പാടുകളും ഇതുമായി ഏറ്റുമുട്ടും. ഇത്തരം ആദാനപ്രദാനങ്ങളെ നിരൂപണാത്മകമായി സമീപിക്കുന്ന ചര്‍ച്ചകള്‍ നടക്കും.

ഇടത് ചിന്തകളും ജ്ഞാനശാസ്ത്ര പരിമിതികളും- മതം, വിശ്വാസം എന്നിവയെ ഉള്‍കൊള്ളാനാകാത്ത ചിന്താ ചട്ടക്കൂടാണ് ഇടതുപക്ഷം പൊതുവെ സ്വീകരിക്കുന്നത്. സാമൂഹിക വിശകലനങ്ങളിലെ ഈ നിലപാടുകള്‍ വിവിധ സാമൂഹിക വിഭാഗങ്ങളോടുള്ള ഹിംസക്ക് കാരണമാകാറുണ്ട്. അത്തരം വായനകളും സമ്മിറ്റിന്റെ ഭാഗമാണ്. 

സംവരണം, സ്ത്രീ സ്വാതന്ത്ര്യം, മതേതരത്വം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത സെമിനാറുകളും സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23/ അല്‍ മുഅ്മിനൂന്‍/ 31-38
എ.വൈ.ആര്‍