Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 04

ടിപ്പു സുല്‍ത്താന്‍

ഗഫൂര്‍ കൊടിഞ്ഞി /കഥ

         ശ്രീരംഗപട്ടണത്തെത്തിയപ്പോള്‍ മൂടല്‍ മഞ്ഞകന്ന് വെയില്‍ പരക്കാന്‍ തുടങ്ങിയിരുന്നു. ടിപ്പുവിന്റെ ശവകുടീരത്തിലേക്ക് വണ്ടി തിരിക്കാന്‍ ജലീല്‍ വാശിപിടിച്ചു. ഹമീദിന് പക്ഷേ, ബേഡ് സാങ്ച്വറി കാണാനായിരുന്നു താല്‍പര്യം. അതെല്ലാം അവഗണിച്ചുകൊണ്ടാണ് ഞാന്‍ വണ്ടി നേരെ ത്രിവേണീസംഗമത്തിലേക്ക് തിരിച്ചുവിട്ടത്.

കാവേരിയും ഭവാനിയും ഹേമാവതിയും കൈകോര്‍ക്കുന്ന ആ പവിത്ര സ്ഥലിയോടുള്ള ഒരു ചരിത്ര വിദ്യാര്‍ഥിയുടെ അഭിനിവേശം ഊഹിക്കാമല്ലോ. എന്നെ സംബന്ധിച്ചിടത്തോളം യാത്രയിലുടനീളം ഭൂതകാലത്തിന്റെ നനുത്ത സ്മൃതികള്‍ പീലി വിടര്‍ത്തിയാടുകയായിരുന്നു.

സംഗമത്തിനു ചാരെ വണ്ടി നിര്‍ത്തിയിറങ്ങുമ്പോള്‍ തന്നെ ഒരു സ്വപ്നാടനത്തിന്റെ മട്ടിലായിരുന്നു ഞാന്‍. ഏതോ കാന്തശക്തിയുടെ ആകര്‍ഷണത്താലെന്ന പോലെയാണ് ഞാനങ്ങോട്ട് നീങ്ങിക്കൊണ്ടിരുന്നത്. കാലത്തിന്റെ മഹാപ്രവാഹങ്ങളില്‍ ദ്രവിച്ചു തുടങ്ങിയ അതിന്റെ കല്‍പടവുകളില്‍ ചവിട്ടിയപ്പോള്‍ ഉള്ളില്‍ പറഞ്ഞറിയിക്കാനാവാത്ത ശീതളമായൊരു നിര്‍വൃതി പൂത്തുലയുകയായിരുന്നു.

നൂറ്റാണ്ടുകള്‍ പ്രായമുള്ള വന്‍ ആല്‍മരങ്ങള്‍ എന്റെ തലക്കുമീതെ പുഴകള്‍ക്ക് കവചം തീര്‍ത്തു. പ്രശാന്തമായ തെളിനീര്‍ പരപ്പിനു മുകളില്‍ കറുത്ത നീര്‍നായ്ക്കളെ അനുസ്മരിപ്പിക്കുന്ന ഉരുളന്‍ പാറകള്‍ അങ്ങിങ്ങായി തലനീട്ടി നിന്നു. അവക്കപ്പുറം കാതങ്ങള്‍ പിന്നിട്ട് ഏതോ ഗിരിശൃംഗങ്ങളില്‍നിന്ന് ഒഴുകി വരുന്ന പുഴകളെ വേര്‍തിരിക്കുന്ന തുരുത്ത്. അത് മരതകപ്പട്ടുടുത്ത നവോഢയെപ്പോലെ ഹരിതസമൃദ്ധിയില്‍ അണിഞ്ഞൊരുങ്ങി. പുഴയിലേക്കൂര്‍ന്നിറങ്ങിയ പുല്‍നാമ്പുകളിലെ തുഷാരബിന്ദുക്കള്‍ പ്രഭാത സൂര്യന്റെ സ്വര്‍ണകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി.

സ്ഫടിക സമാനമായ പുഴയുടെ ജലവിതാനത്തിലേക്ക് ചുണ്ടില്‍ മന്ത്രങ്ങള്‍ ഉരുക്കഴിച്ചുവന്ന പൂണൂല്‍ ധാരിയായ സന്യാസി ഒരു മത്സ്യത്തെ പോലെ കൂപ്പുകുത്തുന്നത് കണ്ടു. ഒരു നിമിഷം, അയാള്‍ക്കുചുറ്റും ഒരു ജലവൃത്തം രൂപം കൊണ്ടു. കാണെക്കാണെ അതിന്റെ ഓളങ്ങള്‍ പാറക്കെട്ടുകളില്‍ ചിന്നിച്ചിതറി.

ജലത്തിന്റെ ആന്ദോളനങ്ങള്‍ എന്നെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് ഒഴുക്കിവിട്ടു. അതിന്റെ വേലിയേറ്റങ്ങളില്‍ ടിപ്പുവിന്റെ കുതിരകള്‍ കുളമ്പടിക്കുന്ന ശബ്ദം ക്രമേണ കാതില്‍ വന്നലച്ചു. അവ കിതച്ചുകിതച്ച് ശ്രീരംഗപട്ടണത്തിന്റെ അതിരുകളും കടന്ന് മലബാറിന്റെ ശാദ്വലമായ പച്ചച്ച് കിനിയുന്ന വഴിത്താരകള്‍ പിന്നിട്ടുകൊണ്ടിരുന്നു.

ഇളം മധുരം വഴിയുന്ന ഇളനീര്‍ കരിക്കുകള്‍ തലയിലേന്തി കേരവൃക്ഷങ്ങള്‍ കൈകൂപ്പി. ആകാശം മുട്ടെ ഊയലാടുന്ന നീണ്ടു മെലിഞ്ഞ കമുങ്ങുകളെ പുണര്‍ന്ന കുരുമുളകു വള്ളികള്‍ തലതിരിച്ച് സ്വാഗതം പറഞ്ഞു. നോക്കെത്താദൂരം പരന്നുകിടന്ന വയലേലകളില്‍ ഹരിതാഭമായി കുണുങ്ങിച്ചിരിച്ചുകൊണ്ട് കതിരണിഞ്ഞ നെല്‍ച്ചെടികള്‍ നമിച്ചുനിന്നു.

അന്തിപ്പട്ടിണിക്കാരനായ കീഴാളന്റെ കൂരയില്‍ ആത്മവിശ്വാസത്തിന്റെ നെടുവീര്‍പ്പുയര്‍ന്നു. അവന്റെ വീട്ടുകാരിയുടെ നഗ്‌നമായ മേനി കണ്ട് ടിപ്പുവിന്റെ കണ്ണുകള്‍ ആര്‍ദ്രമായി. സ്വന്തം ഉത്തരീയം കൊണ്ടയാള്‍ ആ അബലയെ പുതപ്പിച്ചു. അതിന്റെ കടപ്പാടില്‍ അന്നോളം തോരാത്ത തന്റെ കണ്ണുകള്‍ തുടച്ചവള്‍ മന്ദസ്മിതം പൊഴിച്ചു.

പാട്ടക്കുടിശ്ശിക പിരിക്കാനെത്തുന്ന തമ്പുരാന്റെ വെറ്റിലക്കറ പുരണ്ട അശ്ലീലങ്ങള്‍ കേള്‍ക്കാതായി. വയലുകളില്‍ ഞാറ്റുപാട്ടിന്റെയും കൊയ്ത്തു പാട്ടിന്റെയും ഈണം മുറുകി. മൗനം ഘനീഭവിച്ച പുഴക്കടവുകളില്‍ ആഹ്ലാദത്തിന്റെ ആരവങ്ങളുയര്‍ന്നു. അത്തന്‍കുട്ടിമാരും കുട്ടിപ്പെരവന്മാരും ഒരമ്മ പെറ്റ മക്കളെപ്പോലെ വട്ടമിട്ടിരുന്ന് കപ്പപ്പുഴുക്കും മത്തിക്കറിയും കഴിച്ചു വിശപ്പൊടുക്കി.

സവര്‍ണ ഭൂസ്വാമിമാര്‍ വെറുതെയിരുന്നില്ല. അവരുടെ കറുത്ത മുഖത്തുനിന്ന് ക്രൗര്യത്തിന്റെ കൂര്‍ത്ത ദംഷ്ട്രകള്‍ നീണ്ടു. ഇന്നലെ വരെ സ്വന്തം കാല്‍ക്കീഴില്‍ ഓച്ചാനിച്ചു നിന്നവന് ഇന്ന് പുതിയ പിടിവള്ളി കിട്ടിയിരിക്കുന്നു. അവന്റുള്ളില്‍ ടിപ്പുവിനോടും കീഴാളരോടുമുള്ള പക നുരഞ്ഞു. വാറോലകളില്‍ വരും തലമുറക്കായി അവന്‍ കുറിച്ചിട്ടു. 'ടിപ്പുവെന്ന അക്രമി.' അങ്ങനെ സവര്‍ണനും സായിപ്പും കൈകോര്‍ത്തു. ഒരു കാലഘട്ടത്തിന്റെ ചരിത്രത്തെ വ്യഭിചരിച്ചു.

ടിപ്പു നീരാടിയ നീര്‍ത്തടങ്ങള്‍ക്കു മീതെ ചരിത്ര പുസ്തകത്തിലെ അടുക്കു തെറ്റിയ അക്ഷരങ്ങള്‍ കൂട്ടംതെറ്റിയ പറവകളെപ്പോലെ അലയുകയാണെന്ന് തോന്നി. അതിന്റെ അസ്വസ്ഥതകള്‍ക്കിടയിലും ഒരു നേര്‍ത്ത വിലാപം പോലെ മന്ത്രോച്ചാരണത്തിന്റെ അമൃത വീചികള്‍ ബാങ്കൊലി നാദവുമായി സമന്വയിച്ച് സംഗീതസാന്ദ്രമായ ലയവിന്യാസം തീര്‍ത്തുകൊണ്ടിരുന്നു. ആ ലയവിന്യാസങ്ങളിലൂടെ ടിപ്പുവിന്റെ പടയണിക്കൂട്ടങ്ങള്‍ എന്നില്‍ വീണ്ടും വീണ്ടും പുനര്‍ജനി തേടിയെത്തി.

ദേവനഹള്ളിയിലെ ഹഖ്‌റുന്നിസ ബീഗത്തിന് സുല്‍ത്താന്‍ ഹൈദരലിഖാനില്‍ പിറന്ന ടിപ്പു. സത്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അത്തരമൊരു പേരില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗിരിനിരകള്‍ താണ്ടിയലഞ്ഞ ടിപ്പു മസ്താന്‍ എന്ന സ്വൂഫിവര്യന്‍. യാത്രക്കിടയില്‍ ദേവനഹള്ളിക്കടുത്ത് ആര്‍ക്കോട്ടില്‍ വഴിയമ്പലം തേടിയണഞ്ഞു. പ്രായാധിക്യം തളര്‍ത്തിയ ആ വയോധികന്‍ അവിടെ വെച്ചു പരലോകം പൂകിയത്രെ. വിശ്വാസികള്‍ക്ക് പക്ഷേ, മസ്താന്‍ ഔലിയയായിരുന്നു.

ഫഖ്‌റുന്നിസ ബീഗത്തിന് ജീവിതത്തിന്റെ സകല സൗഭാഗ്യങ്ങളുമുണ്ടായിരുന്നു. പ്രതാപിയായ ഹൈദറിന് പക്ഷേ സ്വന്തം ഭാര്യക്കൊരു കുഞ്ഞിനെ മാത്രം നല്‍കാനായില്ല. വാര്‍ധക്യം യൗവനത്തെ എത്തി നോക്കാന്‍ തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന വേവലാതി അവരിലുയര്‍ന്നത്. മാനത്ത് നിന്ന് അമ്പിളിയെ പിടിച്ചുതരാന്‍ പറഞ്ഞാല്‍ ഹൈദരത് സാധിച്ചുതന്നെന്നിരിക്കും. ഇതുപക്ഷേ ദൈവവിധിയാണ്.

പിന്നീട് ബീഗം ഗര്‍ഭിണിയായി. അന്തഃപുരം ആനന്ദ നിര്‍വൃതിയില്‍ ആറാടി. ഒരു കുഞ്ഞിളം പൈതലിന്റെ കരച്ചില്‍ അരമനയെ കോള്‍മയില്‍ കൊള്ളിച്ചു. ഔലിയയുടെ കഴിവ് കൊണ്ടാണ് തനിക്ക് മകന്‍ പിറന്നതെന്ന് ബീഗം വിശ്വസിച്ചു. രാജവീഥികളില്‍ ഉത്സവഛായ പരന്നു. കുഞ്ഞിന് ടിപ്പുവെന്ന പേര് വിളിച്ച് ബീഗം ഉദ്ദിഷ്ട സ്വപ്നത്തിന് ഉപകാര സ്മരണ നിലനിര്‍ത്തി.

കുഞ്ഞിന് ഹൈദരിനേക്കാള്‍ ആഭിമുഖ്യം ഔലിയയോടായിരുന്നു. മതചിന്തയും ദൈവബോധവും കുഞ്ഞുനാളിലേ അവനില്‍ അങ്കുരിച്ചു. മതപാഠങ്ങളുരുവിട്ട് മനസ്സിനെ വിമലീകരിച്ച് അവന്‍ വളര്‍ന്നു. ബീഗത്തിന്റെ ആഗ്രഹവും അതു തന്നെയായിരുന്നു.

ഹൈദരിനു പക്ഷേ താന്‍ വെട്ടിപ്പിടിച്ച അധികാര സീമകള്‍ അനന്തരാവകാശികളില്ലാതെ അന്യാധീനപ്പെടുമോ എന്ന ആധിയില്‍ രാത്രികള്‍ നിദ്രാവിഹീനങ്ങളായി. ഒടുവില്‍ ആത്മജ്ഞാനത്തിന്റെ അനന്ത വിഹായസ്സില്‍ ചിറകടിക്കാന്‍ വെമ്പിയ ടിപ്പുവിനെ ഹൈദര്‍, രാജസൂയങ്ങളുടെ മുള്‍മുന നിറഞ്ഞ രണാങ്കണത്തിലേക്ക് തിരിച്ചുവിട്ടു.

ഭരണമാണ് തന്റെ നിയോഗമെന്ന് ടിപ്പു ക്രമേണ തിരിച്ചറിഞ്ഞു തുടങ്ങി. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഭക്തിപരവശനായി ഉഴറിനടന്നവന് രാജ്യഭരണത്തിന്റെ ചതുരംഗക്കളങ്ങള്‍ പുതിയ പാഠങ്ങളായി.

അധികാരത്തിന്റെ ഭാഷ മതവിഷയങ്ങളെപ്പോലെ നിര്‍മലമല്ലെന്ന് ടിപ്പുവിന് എളുപ്പം മനസ്സിലായി. അത് കൈയേറ്റത്തിന്റെയും കൈയൂക്കിന്റെയും പുതിയ ഭാഷയാണ്. എങ്കിലും താന്‍ സ്വാംശീകരിച്ച ആത്മീയ മൂല്യങ്ങള്‍ ടിപ്പു, ഭരണത്തിന്റെ തേര്‍ചക്രങ്ങളാക്കി അഴിച്ചുപണിതു. ജാതിമതങ്ങള്‍ക്കതീതമായി ഭരണത്തിന്റെ ചെങ്കോല്‍ മുതുകൊടിഞ്ഞ അശരണരുടെ ഊന്നുവടിയാക്കി ടിപ്പു മാറ്റിയെടുത്തു.

മുഗള്‍ സാമ്രാജ്യത്തിന്റെ എച്ചില്‍ നുണഞ്ഞു വളര്‍ന്ന നൈസാമും, ഭരണത്തിന് കേവലം കൊള്ളയടിയെന്ന പദം നല്‍കി ശൃംഗേരിമഠത്തിന്റെ ഭണ്ഡാരങ്ങള്‍ പോലും കവര്‍ച്ച ചെയ്ത മറാഠരും സാമ്രാജ്യത്വ ദുര്‍മോഹങ്ങളുടെ കഴുകക്കണ്ണുകളുമായി ഉഴറിനടന്ന ബ്രിട്ടീഷ് അധിനിവേശ സേനയും ഒന്നിച്ചു കൈകോര്‍ക്കേണ്ടി വന്നു ടിപ്പുവെന്ന മൈസൂര്‍ സിംഹത്തെ ചിത്രവധം ചെയ്യുവാന്‍.

ജന്മഭൂമിയെ ഒറ്റിക്കൊടുക്കുന്ന നംപുംസക ജന്മങ്ങള്‍ക്കിടയില്‍ കല്‍പാന്തകാലം ജീവിക്കുന്നതിനേക്കാള്‍ പിറന്ന മണ്ണില്‍ പടപൊരുതി വീണ് വീരമൃത്യുവരിക്കുന്നതാണ് ആണത്തമെന്ന് പറഞ്ഞ ടിപ്പു, അത് കേവലം വീരത്വം പറച്ചിലല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു.

ആ മഹാത്യാഗിയുടെ പാദസ്പര്‍ശമേറ്റ മണ്ണിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന ചിന്തയില്‍ എനിക്ക് രോമാഞ്ചമുണ്ടായി. പക്ഷേ....

''.....എത്രനേരായി ചെങ്ങായി, കിനാവ് കണ്ടിര്ന്നാ മത്യാ? ഞമ്മക്ക് പോണ്ടെ?'' ഹമീദിന്റെ പരുക്കന്‍ ശബ്ദം എന്റെ ശീതളമായ സ്മൃതികളെ നിഷ്‌കരുണം മുറിച്ചുകളഞ്ഞു. സ്ഥലകാലങ്ങളിലേക്ക് തിരിച്ചുവന്നപ്പോള്‍ മുന്നില്‍ അവന്റെ മടുപ്പുളവാക്കുന്ന മുഖമായിരുന്നു. അവനെന്ത് കാഴ്ച! എന്ത് ചരിത്രം?! പണമുണ്ടാക്കുന്നതിലപ്പുറമൊരു വിഷയം ആ തലയിലേക്ക് കയറില്ല. ഹമീദിനെ വലിച്ചുകൊണ്ടു വരുമ്പോള്‍ ആദ്യ ചോദ്യം തന്നെ 'അവടെ വല്ല ഏര്‍പ്പാടും നടക്വോ?' എന്നായിരുന്നുവല്ലോ. അവനെ അനുനയിപ്പിക്കാനായി ഞാന്‍ പുഴയുടെ മറുകരെയുള്ള വിശാലമായ പുല്‍മേടുകളിലേക്ക് വിരല്‍ചൂണ്ടി.

''.....നീ അത് കണ്ടോ ഹമീദേ?''

''.....കണ്ട്കണ്ട്, രണ്ട് പോത്ത്വേള്‌ണ്ടെങ്കി പള്ള നെറച്ചും ത്ന്നാന്‌ള്ളെ പുല്ല്ണ്ട്.'' പരിഹാസ രൂപത്തിലുള്ള അവന്റെ മറുപടിയില്‍ എനിക്ക് അവജ്ഞ തോന്നി. അവനതിലപ്പുറം കണ്ടാലാണ് അത്ഭുതം. കൂടുതലവന്‍ വല്ലതും പറയുംമുമ്പ് ഞാന്‍ വിഷയം മാറ്റി: ''....ജലീലെവിടെ?''

''....ഓനെവിടെങ്കിലും തെണ്ടിത്തിരിഞ്ഞ് നടക്ക്ണ്ണ്ടാവും.'' ഹമീദങ്ങനെ പറഞ്ഞെങ്കിലും എന്റെ കണ്ണുകള്‍ അവനെ തേടി. അല്‍പ്പമകലെ കൗതുക വസ്തുക്കള്‍ വില്‍ക്കുന്ന കടക്കരികെ അവന്‍ നില്‍ക്കുന്നത് കണ്ടു. രണ്ടു വിദേശികള്‍ തൂവല്‍ തൊപ്പിക്ക് വില പേശുന്നത് ശ്രദ്ധിക്കയാണ് ജലീല്‍. ഞാനും ഹമീദും അവനേയും കൂട്ടി മരച്ചുവട്ടില്‍ നിര്‍ത്തിയിട്ട ഞങ്ങളുടെ മാരുതി എണ്ണൂറിനടുത്തേക്ക് നീങ്ങി. അതിനിടയില്‍ ജലീല്‍ അവന്റെ ആഗ്രഹമറിയിച്ചു.

''.....ഇനി നമ്മക്ക് ടിപ്പൂന്റെ മഖ്ബറ കാണാന്‍ പോവ്വല്ലേ?'' അത് കേട്ട് ഹമീദിന്റെ മുഖത്തൊരു പരിഹാസച്ചിരി പരന്നു. ജലീലിന്റെ വിശ്വാസത്തോടവന് പുച്ഛമാണ്. രണ്ടു പേരും കീരിയും പാമ്പും പോലെയാണ്. ഇടക്ക് ഞാനുള്ളത് കൊണ്ട് കൈയാങ്കളിയിലേക്ക് നീങ്ങാറില്ലെന്ന് മാത്രം. എങ്കിലും കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടയില്‍ ഞാനെന്റെ അഭിപ്രായം അവതരിപ്പിച്ചു:

''.....അതിനു മുമ്പാണ് ടിപ്പൂന്റെ കൊട്ടാരം, അത് കാണണ്ടേ?''

''.....അത് കണ്ടില്ലെങ്കിലും തരക്കേട്ല്ല്യ. ഞാന് പോരുമ്പൊ തന്നെ മനസ്സില് കരുതീതാ ആ ഖബറൊന്ന് കാണണന്ന്. ഞമ്മളെ ഉസ്താദും പറഞ്ഞീര്ന്ന്. അവടൊന്ന് ദ്വാരക്കണന്ന്.'' വളരെ കാര്യമായാണ് ജലീലത് പറഞ്ഞത്. പക്ഷേ ഹമീദിനത് തീരെ പിടിച്ചില്ല.

''.....ഓന്റൊര് ഉസ്താദ്! യ്യ് ചെലക്കാതെ വണ്ടി നാട്ട്ക്ക് വിട് ചെങ്ങായി.'' സത്യത്തില്‍ രണ്ടു പേരുടെയും വിരുദ്ധാഭിപ്രായങ്ങള്‍ക്കിടയില്‍ ഞാനാണ് കുടുങ്ങിയത്. അതിനിടക്കാണ് ഒരു ഇന്നോവ കാര്‍ ഓവര്‍ടേക്ക് ചെയ്ത് കയറിവന്നത്. ഞാന്‍ സ്റ്റിയറിംഗ് പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ചു. എന്നിട്ടും അത് ഞങ്ങളുടെ വണ്ടിയുടെ ബോണറ്റില്‍ വന്നിടിച്ചു. വെപ്രാളത്തോടെ വണ്ടി ഞാന്‍ റോഡിന്റെ ഓരത്തിലേക്കൊതുക്കി നിര്‍ത്തി. ബോണറ്റിന് കാര്യമായ ഞെളുക്കം പറ്റിയിരിക്കുന്നു. എന്റെ നെഞ്ച് ശക്തിയില്‍ മിടിക്കുന്നുണ്ടായിരുന്നു. കൈകാലുകള്‍ കുഴയുന്ന പോലെ... ഏതായാലും വലിയൊരു അപകടം ഒഴിവായിരിക്കുന്നു എന്ന സമാധാനമായിരുന്നു. നെറ്റിയില്‍ നിന്ന് ചോരവരുന്നത് ജലീല്‍ തലയിലേക്ക് കൈ നീട്ടിയപ്പോഴാണ് ശ്രദ്ധിച്ചത്. ഇടിയുടെ ആഘാതത്തില്‍ തല ഫ്രന്റ് മിററില്‍ വന്നടിച്ചത് അപ്പോള്‍ ഓര്‍മ വന്നു. ഹമീദ് റോഡ് സൈഡില്‍ നിന്ന് കാട്ടപ്പ പറിച്ചുപിഴിഞ്ഞ് മുറിവില്‍ പുരട്ടി തന്നു.

ഇന്നോവ റോഡിന്റെ വലതുഭാഗത്ത് ഏതാനും വാര ദൂരെയുള്ള നരേന്ദ്ര മോദിയുടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോഡിന് ചാരെ നിര്‍ത്തിയിരുന്നു. നോക്കിയപ്പോള്‍ അവരുടെ വണ്ടിക്ക് കാര്യമായ തകരാറില്ല. ചെറിയ പോറലേ ഉള്ളൂ. ഏതായാലും ഇങ്ങനെ ശ്രദ്ധയില്ലാതെ വാഹനമോടിച്ചാല്‍ റോഡിലൂടെ ധൈര്യത്തിലെങ്ങനെ യാത്ര ചെയ്യും? ചിന്തിച്ചുനില്‍ക്കെ ഇന്നോവയുടെ ഡോര്‍ തുറന്ന് നാലഞ്ചുപേര്‍ ഇറങ്ങിവന്നു. തീഷ്ണമായ മദ്യത്തിന്റെ ഗന്ധം മൂക്കിലേക്ക് കയറി.

''....യാവദ്കടെ നോട്ത ഓട്‌സ്താ ഇതിയാ ഗാഡി ബഡ്ഢിമക?'' കൂട്ടത്തില്‍ വെള്ള ഖദര്‍.

(എങ്ങോട്ട് നോക്കിയാടാ വണ്ടിയോടിക്കുന്നത്?)

ജുബ്ബ ധരിച്ച തടിയന്‍ ഞങ്ങള്‍ക്കുനേരെ കലിതുള്ളിവന്നു. അയാളെന്താണ് പറഞ്ഞതെന്ന് ഹമീദിനും ജലീലിനും മനസ്സിലായില്ല. എനിക്ക് കന്നട അല്‍പമൊക്കെ കേട്ടാലറിയും, പറയാന്‍ സാധിക്കില്ലെന്നേയുള്ളൂ. അയാളുടെ വാക്കുകള്‍ മയപ്പെടുത്തിയാണ് ഞാനവര്‍ക്ക് പറഞ്ഞ് കൊടുത്തത്. എന്നിട്ടും ഹമീദിന്റെ മുഖം ചുവന്നു.

''.....ഇത് നല്ല തമാസ; ഞമ്മളെ തട്ടിത്തെറിപ്പിച്ചതും പോര, മുട്ട് ഞ്യായം പറ്യേ?''

പരിസര ബോധം നഷ്ടപ്പെട്ട മട്ടില്‍ ഉറക്കെയാണവന്‍ പറഞ്ഞത്. ഒരുവിധം ഞാനവനെ സമാധാനിപ്പിച്ചു. ഞങ്ങള്‍ മലയാളികളാണെന്ന് മനസ്സിലാക്കിയിട്ടാണെന്ന് തോന്നുന്നു അവരുടെ കൂടെയുള്ള കഷണ്ടി കയറിയ കാവിത്തുണിക്കാരന്‍ ഇടപെട്ട് മുന്നോട്ടുവന്നു:

''.....മലപ്പുറത്ത്കാരാണല്ലേ. വല്ലാതെ ഒച്ച വെക്കണ്ട. ഒര് രണ്ടായിരം രൂപ തന്ന് വേഗം സ്ഥലം വിട്ടോളിന്‍'' ആ ധിക്കാര സ്വരത്തിനപ്പുറം അയാള്‍ക്ക് മലയാളം അറിയാമെന്ന സമാധാനത്തിലായിരുന്നു ഞാന്‍. എങ്കിലും ഹമീദ് അടങ്ങാന്‍ കൂട്ടാക്കിയില്ല. അവന് ദേഷ്യം ഇരച്ചുകയറുകയായിരുന്നു.

''.....എന്ത് തോന്ന്യാസാ നിങ്ങളീ പറ്യണത്?'' അവന്‍ എന്റെ പിടിയില്‍നിന്ന് കുതറി അവരുടെ മുന്നിലേക്ക് കുതിക്കാന്‍ ശ്രമിച്ചെങ്കിലും ഒരുവിധം ഉന്തിത്തള്ളി അവനേയും ജലീലിനെയും ഞാന്‍ വണ്ടിയിലേക്ക് കയറ്റി. അപ്പോള്‍ കാവിധാരി കൃത്രിമ സൗമനസ്യം പ്രകടിപ്പിച്ച് എന്റെ തോളില്‍ കൈവെച്ചു.

''....സ്‌നേഹിതന്മാര്‍ക്കൊന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കനിയാ. അവര്‍ക്ക് ഇത് നാടേതാണെന്ന് തിരിയാഞ്ഞിട്ടായിരിക്കും.''

ആ വാക്കില്‍ പതിയിരിക്കുന്ന അപകടം കനലെരിയുന്ന പോലെ ഉള്ളില്‍ നീറിക്കൊണ്ടിരുന്നു. കീശയില്‍ നിന്ന് രണ്ട് ആയിരത്തിന്റെ നോട്ടെടുത്ത് അയാളുടെ കൈകളില്‍ വെച്ചുകൊടുത്തപ്പോള്‍ അയാളുടെ സ്വരം കേട്ടു.

''.....ഇനി തടി കേടാക്കാതെ വേഗം നാട് വിട്ടോളിന്‍''

ഒരുനിമിഷം. അപ്പോള്‍ എന്റെയുള്ളില്‍ ടിപ്പുവില്ലായിരുന്നു. ഖുത്ത്ബുദ്ദീന്‍ അന്‍സാരിയുടെ നിസ്സഹായമുഖം എന്നില്‍ തെളിഞ്ഞുവന്നു.... 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23/ അല്‍ മുഅ്മിനൂന്‍/ 31-38
എ.വൈ.ആര്‍