ഒന്നില്‍ കൂടുതല്‍ ഹജ്ജ് ഹറാമോ?
ഒന്നില്‍ കൂടുതല്‍ ഹജ്ജ് ഹറാമോ?
ലക്കം 2925-ല്‍ ഹജ്ജുമായി ബന്ധപ്പെട്ട കത്ത് വായിച്ചപ്പോള്‍ ഒന്നില്‍ കൂടുതല്‍ നിര്‍വഹിക്കുന്ന ഹജ്ജുകളൊക്കെയും പാപങ്ങളില്‍ പെടുമോ എന്ന് തോന്നിപ്പോയി. ഒരു കാര്യം നിഷിദ്ധമാകണമെങ്കില്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ അത് കൃത്യമായി വ്യക്തമാക്കിയിരിക്കണം. രണ്ടാമത്തെ ഹജ്ജ് നിഷിദ്ധമാണെന്ന് ഒരു ദുര്‍ബലമായ അഭിപ്രായം പോലും ഉള്ളതായി കേട്ടിട്ടില്ല. ആദ്യ ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്ത, ഹജ്ജിന് തയാറായി നില്‍ക്കുന്നവരുടെ അവസരം നഷ്ടപ്പെടുമെന്ന ന്യായമൊഴിച്ച് കത്തില്‍ പരാമര്‍ശിച്ചതത്രയും അബദ്ധമോ അര്‍ധ സത്യമോ മാത്രമാണ്.
ഇക്കഴിഞ്ഞ (2015) ഹജ്ജ് വേളയില്‍ ഉണ്ടായ രണ്ട് അപകടങ്ങളില്‍ മിനാ ദുരന്തത്തെ മാത്രമാണ് രണ്ടാം ഹജ്ജ് കാരണം ഉണ്ടായതായി കുറിപ്പില്‍ സൂചിപ്പിച്ചത്. ഹറമിലെ ക്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഏതായാലും രണ്ടാം ഹാജിമാര്‍ രക്ഷപ്പെട്ടുവല്ലോ! എത്രാമത്തെ ഹജ്ജായാലും സുഊദി ഗവണ്‍മെന്റ് ഹജ്ജിന് വരുന്നവര്‍ക്ക് എണ്ണത്തിന്റെ കാര്യത്തില്‍ ചില നിയന്ത്രണങ്ങളൊക്കെ വരുത്തുന്നുണ്ടെന്നാണറിവ്. ഓരോ രാജ്യത്തിനും നല്‍കുന്ന ക്വാട്ടക്കനുസരിച്ചേ ഹജ്ജിന് ആളുകളെ സെലക്ട് ചെയ്യാന്‍ കഴിയൂ എന്നതും അതനുസരിച്ച് മാത്രമാണ് ഓരോ രാജ്യത്തുനിന്നും ഹജ്ജിനായി പുറപ്പെടുക എന്നതും ശരിയാണെങ്കില്‍ ദുരന്തങ്ങള്‍ക്ക് ഉത്തരവാദികള്‍ രണ്ടാം ഹാജിമാരാണെന്ന വാദത്തിന് എന്തര്‍ഥമാണുള്ളത്?
ഒരു മുസ്‌ലിമിന് ഒരു ദിവസം അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരമേയുള്ളൂ. എന്നാല്‍ വേറെയും ഐഛിക നമസ്‌കാരങ്ങളുണ്ട്. റമദാനിലെ വ്രതാനുഷ്ഠാനമാണ് നിര്‍ബന്ധമെങ്കില്‍ ഐഛികമായി വേറെയും നോമ്പുകളുണ്ട്. കൃത്യമായ സകാത്തിന് പുറമെ സ്വദഖകള്‍ ഉണ്ട്. എങ്കില്‍ ആയുസ്സില്‍ നിര്‍ബന്ധമുള്ള ഒരു ഹജ്ജിന് പുറമെ നിര്‍ബന്ധമില്ലാത്ത വേറെ ഹജ്ജും ആയിക്കൂടേ?
'ഒരു ഹജ്ജ് കൊണ്ട് നേടാന്‍ കഴിയാത്തവര്‍ക്ക് എത്ര ഹജ്ജ് ചെയ്തിട്ടെന്തു കാര്യം' എന്ന പരാമര്‍ശം നൂറ് ശതമാനവും അബദ്ധമാണെന്ന് പറയാതിരിക്കാന്‍ വയ്യ. ഒന്ന് കൊണ്ട് നേടാന്‍ കഴിയാത്തവര്‍ക്ക് പിന്നെ ജീവിതത്തിലൊരിക്കലും നേടാന്‍ കഴിയില്ല എന്ന വാദം ഇസ്‌ലാമികമാണോ? എല്ലാ കാലത്തും മനുഷ്യന്റെ മനോവികാരവും ഈമാനും ഇല്‍മും ഒന്ന് തന്നെയാവണമെന്നില്ലെങ്കില്‍, ഇവയുടെയൊക്കെ മാറ്റത്തിനനുസരിച്ച് ആരാധനകളുടെ ചൈതന്യത്തിലും ആഴപ്പരപ്പുകളിലും വ്യതിയാനമുണ്ടാവുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്.
ഒന്നിലധികം ഹജ്ജ് ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്താം. എന്നാല്‍ അതൊരു കുറ്റകൃത്യമാണന്ന ധ്വനിയോടെ ആവരുത് ബോധവത്കരണം.
പാലാഴി മുഹമ്മദ് കോയ
ബിഹാര്‍ നല്‍കുന്ന പാഠം
വര്‍ഗീയതക്കും അസഹിഷ്ണുതക്കുമെതിരെ ബിഹാറിലെ മഹാ സഖ്യത്തിന്റെ മഹാ വിജയം വിശകലനം ചെയ്തുകൊണ്ടുള്ള ലക്കം (2926) ശ്രദ്ധേയമായി. താരതമ്യേന നിരക്ഷരരും പിന്നാക്കക്കാരുമായ ഒരു ജനത ഇന്ത്യയുടെ മനസ്സറിഞ്ഞ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു എങ്കില്‍ അത് തന്നെയാണ് ഈ തെരഞ്ഞെടുപ്പു ഫലത്തെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യ ഒരു മതേതര രാജ്യമായി കാണാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ജനതക്കും സന്തോഷം നല്‍കുന്നതാണ് ബിഹാറിലെ ജനവിധി. ബിഹാര്‍ ജനതക്ക് അഭിവാദ്യങ്ങള്‍.
മോദിയും അമിത് ഷായും തങ്ങളുടെ ആവനാഴിയിലെ പതിനെട്ടടവും പ്രയോഗിച്ചിട്ടും കനത്ത തിരിച്ചടി നേരിട്ടു. അസഹിഷ്ണുത വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് അതില്‍ നിന്ന് നേട്ടം കൊയ്യാമെന്ന അമിത് ഷായുടെയും മോദിയുടെയും കുതന്ത്രമാണ് ബിഹാറിലെ പാവങ്ങളായ ജനങ്ങള്‍ അമ്പേ പരാജയപ്പെടുത്തിയത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കൊണ്ട് ഒരു ജനതയെ കുറേ കാലം പേടിപ്പിച്ചു നിര്‍ത്തി സുഖമായി ഭരിച്ചുകളയാം എന്ന ഇവരുടെ തന്ത്രമാണ് ഇവിടെ തകര്‍ന്നടിഞ്ഞത്.
ഒരു ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാതെ വികസനം, വികസനം എന്ന് നാഴികക്ക് നാല്‍പതു വട്ടം ഉരുവിട്ടതുകൊണ്ട് മോദിയും കൂട്ടരും രക്ഷപ്പെടാന്‍ പോകുന്നില്ല. സംഘ്പരിവാര്‍ ശക്തികള്‍ക്ക് തങ്ങളുടെ വര്‍ഗീയ അജണ്ട ഇന്ത്യ മുഴുവന്‍ നടപ്പാക്കാന്‍ ഒറ്റയടിക്ക് കഴിയില്ല എന്നുകൂടിയിത് തെളിയിച്ചിരിക്കുന്നു.
മുലായമും കൂട്ടരും ഇടതു പാര്‍ട്ടികളും കൂടി മഹാസഖ്യത്തോടൊപ്പം നിന്നിരുന്നെങ്കില്‍ വെറും 30-ല്‍ താഴെ സീറ്റുകളില്‍ മോദിയും സംഘവും ഒതുങ്ങുമായിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ ഇടതു പാര്‍ട്ടികളുടെ നിലപാട് കൂടി ഇവിടെ കൂടുതല്‍ വിശകലനമര്‍ഹിക്കുന്നു. ഒപ്പം ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്കുണ്ടായ നേരിയ മുന്നേറ്റവും വിശകലന വിധേയമാക്കേണ്ടതുണ്ട്. അതിന്റെ വളര്‍ച്ചക്ക് തടയിടാന്‍ കേരളത്തിലെ മതേതര കക്ഷികള്‍ കൂടുതല്‍ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്ന പാഠം അത് തരുന്നു.
മതേതര കക്ഷികള്‍ ബിഹാറിലെ തെരഞ്ഞെടുപ്പു ഫലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ സംഘ്പരിവാര്‍ ഭീകരതയെ ഇന്ത്യയില്‍ നിന്ന് പാടെ തുടച്ചുമാറ്റാം എന്നതാണ് ബിഹാര്‍ നല്‍കുന്ന പാഠം.
ശമീറുല്‍ ഹഖ്, തിരുത്തിയാട്
ആ കഥ എന്റേതാണ്
'കഥ' (പ്രബോധനം ലക്കം 2926) എന്ന മിനിക്കഥ ഹരികുമാര്‍ ഇളയിടത്ത് എന്നൊരാളുടെ പേരില്‍ വന്നതായികണ്ടു. ഈ കഥ ഞാനെഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും എന്റെ സുഹൃത്ത് മഹേഷ് എന്റെ ഫോട്ടോയും പേരും വെച്ച് വാട്ട്‌സ്ആപില്‍ പ്രചരിപ്പിക്കുകയും പിന്നീട് അത് മലയാളത്തിലെ പ്രമുഖരായ പല എഴുത്തുകാരും വായനക്കാരും പരമാവധി പ്രചരിപ്പിക്കുകയും ചെയ്തതാണ്. മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന്‍, എഴുത്തുകാരന്‍ ഡോ. അസീസ് തരുവണ, ലാല്‍ ജോസ് തുടങ്ങി പ്രമുഖരായ ആളുകള്‍ ഈ കഥയിലെ കൗതുകവും രാഷ്ട്രീയവും കാലിക പ്രസക്തിയും കണക്കിലെടുത്ത് അവരുടെ ഫേസ്ബുക്കില്‍ എന്റെ പേരും ഫോട്ടോയും വെച്ച് കൊണ്ടുതന്നെ ടൈം ലൈനില്‍ പോസ്റ്റ് ചെയ്യുകയും പതിനായിരക്കണക്കിന് ആളുകള്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തതുമാണ്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ സാധാരണ കണ്ടുവരുന്ന രീതിയില്‍ പലയാളുകളും അവരുടെ പേരില്‍ അത് അവരുടേതാക്കി പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. സോഷ്യല്‍ മീഡിയയില്‍ മാത്രം കണ്ടുവരുന്ന ഇത്തരം സാഹിത്യ മോഷ്ടാക്കളും പോസ്റ്റ് മോഷ്ടാക്കളും പ്രബോധനം വാരികയിലും കയറിയിറങ്ങുന്നു എന്നത് ഖേദകരമാണ്.
പ്രബോധനത്തിലെ ഉത്തരവാദപ്പെട്ടവര്‍ വഴി ഞാനറിഞ്ഞത് ഹരികുമാര്‍ ഇളയിടത്ത് എന്ന വ്യക്തി സ്വന്തം ഈമെയില്‍ ഐഡിയില്‍ നിന്ന് അഡ്രസ്സും ഫോണ്‍ നമ്പറും സഹിതം അയച്ചതാണ് ആ കഥ എന്നാണ്. അദ്ദേഹമിപ്പോഴും അത് താന്‍ എഴുതിയതാണെന്ന് അവകാശപ്പെടുന്നതായും അറിഞ്ഞു.
എനിക്ക് ഹരികുമാറിനോട് ഒന്ന് മാത്രമേ പറയാനുള്ളൂ. തെരുവില്‍ കാണുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി 'സെല്‍ഫി'യെടുത്ത് 'ഈ കുട്ടിയുടെ പിതാവ് ഞാനാണ്' എന്ന് പറഞ്ഞു നടന്നാല്‍ അത് കുട്ടിയുടെ യഥാര്‍ഥ പിതാവിന് വല്ലാതെ വേദനയുണ്ടാക്കും. താങ്കളിപ്പോള്‍ അതാണ് ചെയ്തത്. സാഹിത്യം മോഷ്ടിച്ച് ആളാവാന്‍ ശ്രമിക്കരുത്. അത് മനസ്സിന്റെ ഉള്ളില്‍ നിന്ന് ഉണ്ടായി വരേണ്ടതാണ്. മോഷണത്തിലൂടെ തല്‍ക്കാലം പിടിച്ചു നില്‍ക്കാം. പക്ഷേ, അതിനാലുണ്ടായിത്തീരുന്ന മാനഹാനി വലുതായിരിക്കും. ലോകോത്തര നിലവാരമുള്ള സൃഷ്ടിയാണ് എന്റേതെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എങ്കിലും സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ എന്തുകൊണ്ടും പ്രസക്തമായ ഒരു 'കഥ'യായതിനാലാണ് ഇതിന് ഇത്രയേറെ പ്രചാരം ലഭിച്ചത്.
ഈ കഥ ചിന്ത പബ്ലിക്കേഷനു വേണ്ടി ഞാനയച്ചു കൊടുത്തതാണ്. അവര്‍ അടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിക്കാനിരുന്നതുമാണ്. കഥാകൃത്ത് വി.എച്ച് നിഷാദിന്റെ നേതൃത്വത്തില്‍ ഇറക്കാനിരിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ പുസ്തകത്തിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞതാണ്. 'സമകാലിക രാഷ്ട്രീയത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ രചനകളില്‍ ഏറ്റവും ചെറിയ വരികളില്‍ ഏറ്റവും ശക്തമായ സൃഷ്ടി' എന്ന് പി.കെ പാറക്കടവ് ഒരു വേദിയില്‍ എന്റെ പേരെടുത്ത് പറഞ്ഞ് പ്രസംഗിച്ചതുമാണ്.
പ്രിയ സുഹൃത്തേ, ഇത് വെറും രണ്ട് വരിയല്ല. എനിക്ക് ലോകത്തോട് പറയാനുള്ളത് കാച്ചിക്കുറുക്കി വന്നപ്പോള്‍ രണ്ട് വരിയായി മാറിയതാണ്. അത് തന്നെയായിരുന്നു ഇതിന്റെ പ്രസക്തിയും.
ടി.കെ ഹാരിസ് മാനന്തവാടി
ഇമാം മൗദൂദി
'ഇമാം മൗദൂദിയെക്കുറിച്ച് ശൈഖ് ഖറദാവി' എന്ന ലേഖനം (ലക്കം 2923) വായിച്ചു. ശൈഖ് ഖറദാവി നവതിയിലെത്തിയിരിക്കുന്നു. മൗദൂദി മരിച്ചിട്ട് 36 വര്‍ഷം പിന്നിട്ടു.
മൗദൂദിയെക്കുറിച്ച് വളരെ ആദരവോടെയാണ് ഖറദാവി സംസാരിക്കാറുള്ളത്. മൗദൂദി ചിന്തകള്‍ തന്നെ അഗാധമായി സ്വാധീനിച്ചിട്ടുണ്ടെന്ന് ഖറദാവി എപ്പോഴും എടുത്തു പറയാറുണ്ട്. അറബി പണ്ഡിതന്മാരെ അനറബികള്‍ ഉദ്ധരിക്കുകയല്ലാതെ, തിരിച്ചുണ്ടാകാറില്ലല്ലോ. ആ പതിവ് തെറ്റിക്കുകയാണ് ഖറദാവി.
മൗദൂദിയെക്കുറിച്ച് അപദാനങ്ങള്‍ പറയുന്നതിനു പകരം മൗദൂദിയുടെ കാഴ്ചപ്പാടുകളുടെ മൗലികതയാണ് ഖറദാവി പഠന വിഷയമാക്കുന്നത്. ഖറദാവി വിശേഷിപ്പിച്ച പോലെ 'ലോക ഇസ്‌ലാമിക ചിന്തകന്‍ എന്നാണ് നമുക്ക് മൗദൂദിയെ വിശേഷിപ്പിക്കാനാവുക. അത്തരക്കാര്‍ വളരെ അപൂര്‍വമായേ ലോക ചരിത്രത്തില്‍ ഉണ്ടാകാറുള്ളൂ.' പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം പ്രതീക്ഷിക്കുന്നു.
സി.കെ മുഹമ്മദ് കരുവാരക്കുണ്ട്
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന
ശുഭ സൂചനകള്‍
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷ മുന്നണിക്ക് വ്യക്തമായ ലീഡ് ലഭിച്ചിരിക്കുകയാണല്ലോ. യു.ഡി.എഫിലെ അഴിമതിയും കോഴയും സോളാറും രാജ്യത്ത് നടക്കുന്ന ബീഫ് കൊലയും കല്‍ബുര്‍ഗി-പന്‍സാരെമാരുടെ കൊലയും എല്ലാം പ്രബുദ്ധ കേരളത്തില്‍ ചര്‍ച്ചാ വിഷയങ്ങളായി. എന്തിനേറെ, മലയാള സാഹിത്യകാരന്മാരില്‍ അഗ്രഗണ്യനായ ഡോ. എം.എം ബഷീറിന് പോലും ഇടക്ക് വെച്ച് തന്റെ പംക്തി നിര്‍ത്തേണ്ടിവന്നു. ഇത് മുസ്‌ലിംകളില്‍ ഉണ്ടാക്കിയ ഭയപ്പാടുകളെ നീക്കാനുതകുന്ന ഒരു പ്രസ്താവന പോലും ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടേക്കുമോ എന്ന ഭയത്താല്‍ യു.ഡി.എഫ് നേതൃത്വത്തില്‍ നിന്ന് ഉണ്ടായില്ല. എന്നാല്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്ന വി.എസ് അച്യുതാനന്ദന്റെ യുക്തമായ ഇടപെടലുകള്‍, തങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരെങ്കിലുമൊക്കെ ഉണ്ടെന്ന ആശ്വാസം സമുദായത്തിന് നല്‍കി. വെള്ളാപ്പള്ളിയെ കെട്ടിയ രഥത്തില്‍ കയറിയുള്ള ബി.ജെ.പിയുടെ അശ്വമേധത്തിന് കടിഞ്ഞാണിടാനും ഇടതുപക്ഷത്തിന് സാധിച്ചു.
റംല അബ്ദുല്‍ ഖാദര്‍ കരുവമ്പൊയില്‍
വര്‍ഗീയത വളര്‍ത്തി അധികാരത്തില്‍ കടിച്ചുതൂങ്ങാമെന്ന പ്രവണത ആരുടെ ഭാഗത്തുനിന്നായാലും അതിന് അധികകാലം പിടിച്ചുനില്‍ക്കാനാവില്ല എന്ന സന്ദേശമാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം വിളിച്ചു പറയുന്നത്. ജനങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും വളര്‍ത്തുന്നവര്‍ക്കെതിരിലുള്ള താക്കീതു കൂടിയാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം.
അബ്ദുല്‍ മലിക് മുടിക്കല്‍
Comments