Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 04

അസഹിഷ്ണുത ഇടപെടലുകളുടെ രാഷ്ട്രീയം

         അസഹിഷ്ണുതയുമായി ബന്ധപ്പെട്ട പലതരം വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കടന്നുപോയത്. കേന്ദ്രസര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വിധം സാഹിത്യകാരന്മാരും സിനിമാ പ്രവര്‍ത്തകരും കലാകാരന്മാരുമൊക്കെ വിഷയത്തില്‍ ഇടപെട്ടു. പ്രധാനമന്ത്രിക്കോ കേന്ദ്ര സര്‍ക്കാറിനോ എന്തെങ്കിലും പോരായ്മയുണ്ടെന്ന് പറയുന്ന ആരെയും പാകിസ്താനിലേക്ക് പറഞ്ഞയക്കണമെന്ന പതിവ് നിലപാട് മറുവശത്തും കാണാനുണ്ടായിരുന്നു. പക്ഷേ ഒടുവിലൊടുവില്‍ ആ വിവാദം വഴിമാറിപ്പോയി എന്നാണ് സംശയിക്കേണ്ടിവരുന്നത്. ഇത്രയൊക്കെ പ്രതികരിക്കാന്‍ മാത്രം ഖാന്മാര്‍ക്കും റഹ്മാനും എന്തുണ്ടായി എന്നിടത്തേക്കാണ് വിവാദം ചുരുങ്ങുന്നത്. കഴിഞ്ഞ 18 മാസത്തിനിടയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ പോലും കഴിയാത്ത വിധം ഇന്ത്യ മാറിപ്പോയി എന്ന് പറയുന്നത് ഒരു കണക്കിന് അതിശയോക്തിയുമാണ്. പക്ഷേ സിനിമാ താരങ്ങളുടെ കുഞ്ഞു കുഞ്ഞു പ്രശ്‌നങ്ങളുടെ തെറ്റും ശരിയുമല്ല സാധാരണക്കാരന് ഈ വിഷയത്തില്‍ പറയാനുണ്ടായിരുന്നത്. സെലിബ്രിറ്റികളുടെ വൈയക്തിക അനുഭവങ്ങളുടെ തെറ്റും ശരിയും ചര്‍ച്ച ചെയ്യുന്ന മറ്റൊരു വഴിയിലൂടെ അസഹിഷ്ണുത സഞ്ചരിച്ചു തുടങ്ങുമ്പോള്‍ അതിന്റെ മറുവശം സ്ഥാപിച്ചെടുക്കാന്‍ സംഘ്പരിവാറിന് എളുപ്പമുണ്ട് എന്നിടത്ത് ചെറുതല്ലാത്ത അപകടവുമുണ്ട്.

ആമിര്‍ഖാനും സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാനും വിഷയത്തില്‍ ഇടപെട്ടത് ചില വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. പി.കെ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളാണ് ആമിര്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക. മുംബൈയിലെ റസാ അക്കാദമി മുഴക്കിയ ഭീഷണിയായിരുന്നു ഓസ്‌കര്‍ ജേതാവും ഇന്ത്യന്‍ സംഗീതത്തിന്റെ ആഗോള അംബാസഡറുമായ റഹ്മാന്‍ ഈ വിഷയകമായി നടത്തിയ പ്രസ്താവനയുടെ മര്‍മം. റഹ്മാനെ ഭീഷണിപ്പെടുത്തിയ സംഘടനക്കാര്‍ മുസ്‌ലിംകള്‍ ആയ സ്ഥിതിക്ക് അസഹിഷ്ണുതയുടെ ജാതിയും മതവുമാണ് പിന്നീട് ചര്‍ച്ചക്കു വന്നത്. മുഹമ്മദ് മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് സംഗീതം നല്‍കിയതിനെ ചൊല്ലിയാണ് ഇസ്‌ലാമിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത ഈ അക്കാദമിക്കാര്‍ റഹ്മാനെതിരെ രംഗത്തു വന്നത്. ഈ വിവാദം ഉയര്‍ന്ന ദിവസങ്ങളില്‍ സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ റഹ്മാനോട് പഴയ മതത്തിലേക്ക് 'ഘര്‍ വാപസി' നടത്താന്‍ പോലും ചിലര്‍ ഉപദേശിച്ചു. ഇന്ത്യയില്‍ സുരക്ഷയില്ലെങ്കില്‍ ഇവരെയൊക്കെ 'അപ്പുറത്തേക്ക്' ക്ഷണിക്കാനുമുണ്ടായിരുന്നു വേറൊരു കൂട്ടര്‍.

റസാ അക്കാദമിയാകട്ടെ, സാധ്വി പ്രാചിയോ ആദിത്യനാഥോ വിജയ് വര്‍ഗീയയോ രാംദാസ് ഖദമോ ആരുമാകട്ടെ ഇവരെല്ലാം ചേര്‍ന്ന് മറ്റുള്ളവര്‍ എന്ത് ചെയ്യണമെന്ന് നിശ്ചയിക്കുന്ന ദുരവസ്ഥ രാജ്യത്ത് ഉണ്ടോ ഇല്ലേ എന്ന തര്‍ക്കമാണ് യഥാര്‍ഥത്തില്‍ ചര്‍ച്ചക്കു വരേണ്ടിയിരുന്നത്. ആമിര്‍ഖാനും എ.ആര്‍ റഹ്മാനും ഇരകള്‍ ആണോ അല്ലേ എന്ന ചര്‍ച്ച പ്രാധാന്യ ക്രമമനുസരിച്ച് ഏറെ താഴെ നില്‍ക്കേണ്ടിയിരുന്ന ഒന്നാണ്. ദാദ്രിയും കല്‍ബുര്‍ഗിയും മറ്റും ഉയര്‍ത്തിയ ചോദ്യങ്ങളുടെ നൈതികത ഇപ്പോഴത്തെ ബഹളത്തില്‍ നഷ്ടപ്പെടുകയാണുണ്ടായത്. ചര്‍ച്ചക്ക് രണ്ട് വശമുണ്ടെന്ന് എളുപ്പം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന മറുവശമാണ് സെലിബ്രിറ്റികളുടേത്. വളരെ എളുപ്പത്തില്‍ ഈ ദിശയിലൂടെ ചര്‍ച്ചകളെ തിരിച്ചുവിടാനും സര്‍ക്കാറിനായി. ആമിര്‍ഖാനും ഷാരൂഖ് ഖാനും നേടിയ പ്രശസ്തി ഇന്ത്യ നല്‍കിയതായിരുന്നില്ലേ, റഹ്മാനെതിരെ അസഹിഷ്ണുത പ്രകടിപ്പിച്ചത് ഹിന്ദുക്കളല്ല, മുസ്‌ലിംകള്‍ ആയിരുന്നില്ലേ എന്നും മറ്റുമുള്ള രീതിയിലാണ് കേന്ദ്ര മന്ത്രിമാര്‍ പോലും ഈ ചര്‍ച്ചയില്‍ ഇടപെട്ടത്. ഒരു കേന്ദ്രമന്ത്രിയുടെ ഭാഷയേ ആയിരുന്നില്ല വെങ്കയ്യ നായിഡുവിന്റേത്. വര്‍ഗീയതയായിരുന്നു മര്‍മം. ആമിറും മറ്റും ഇടപെടുമ്പോള്‍ അസഹിഷ്ണുത വീണ്ടും ചര്‍ച്ചക്ക് വരുന്നുണ്ട്. പക്ഷേ, ആമിറിന്റെ പരിഭവം പുരട്ടിയ വാക്കുകളില്‍ വരച്ചിട്ട ചിത്രമായിരുന്നില്ല വിഷയത്തിന്റെ യഥാര്‍ഥ തീവ്രത.

അസഹിഷ്ണുതയുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഇന്ത്യ ഇപ്പോഴും മതിയാംവണ്ണം ചര്‍ച്ചക്കെടുത്തിട്ടില്ല. ഉദാഹരണമായി സാമ്പത്തികം മാത്രമെടുക്കുക. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭയപ്പെടുത്തുന്ന ഒരു പ്രതീകമായി പശു ഇതിനകം മാറിക്കഴിഞ്ഞു. ദാദ്രി സംഭവത്തിന്റെ അലയൊലികള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന ചോദ്യത്തിന് നടുങ്ങുന്ന ഉത്തരങ്ങളാണ് ഉത്തരേന്ത്യ നല്‍കുന്നത്. മുസ്‌ലിംകള്‍ പശുവിനെ വാങ്ങാന്‍ ധൈര്യപ്പെടാത്ത, ഹിന്ദുക്കള്‍ക്ക് പശുവിനെ വില്‍ക്കാന്‍ കഴിയാത്ത, ദലിതര്‍ക്ക് ചത്ത പശുവിന്റെ തോല്‍ എടുക്കാനാവാത്ത, എടുത്താലും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകാനാവാത്ത സാഹചര്യമാണ് രൂപം കൊള്ളുന്നത്. മാട്ടിറച്ചി മേഖലയില്‍ 2014-ല്‍ 29000 കോടി വിദേശനാണ്യം നേടിത്തന്ന കയറ്റുമതി മേഖല 2015 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം 8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ദേശീയ വരുമാനത്തെ ഇത് ബാധിച്ചു തുടങ്ങി. കഴിഞ്ഞ വര്‍ഷം കയറ്റുമതി മേഖലയില്‍ 6494 ദശലക്ഷം ഡോളര്‍ നേടിത്തന്ന തുകല്‍ സംസ്‌കരണ മേഖലയില്‍ ഇതുവരെ നടന്നത് 2654 ദശലക്ഷത്തിന്റെ വിദേശ വ്യാപാരം മാത്രമാണ്. ഒറ്റ നോട്ടത്തില്‍ ലളിതമെന്നു തോന്നിയേക്കാം. പശു ബാധ്യതയാകുന്ന സാമൂഹിക ചിത്രം രൂപപ്പെടുമ്പോള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ചില്ലറയൊന്നുമല്ല.

ഗ്രാമീണ സംസ്‌കൃതിയിലും തൊഴില്‍ മേഖലയിലും ക്രമസമാധാന മേഖലയിലുമൊക്കെ പ്രായോഗികമായി വെട്ടിമുറിക്കപ്പെട്ടു തുടങ്ങിയ ഒരു ജനത ഏതൊക്കെയോ മേഖലകളില്‍ നാം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത നഷ്ടങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. കൃഷി ഭൂമി തട്ടിപ്പറിച്ച് അദാനിക്കും കൂട്ടര്‍ക്കും തീറെഴുതാന്‍ എന്തു വഴി എന്നാലോചിച്ച് ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു ഭരണകൂടത്തിന് ഇത്തരം മറുവശങ്ങള്‍ ആലോചനാമൃതം ആണെന്നതില്‍ തര്‍ക്കമില്ല. എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോകാന്‍ തീരുമാനിച്ചാലും അവരെ ഏറ്റുവാങ്ങാന്‍ പാകിസ്താന്‍ പോലുമുണ്ടാകില്ല. ജനങ്ങളുടെ കൂട്ട കുടിയേറ്റങ്ങള്‍ക്ക് വഴിയൊരുക്കും വിധത്തില്‍ ഗ്രാമീണ സമ്പദ് ഘടനയുടെ തകര്‍ച്ചയാണ് ഒരുപക്ഷേ മോദി ആഗ്രഹിക്കുന്ന എല്ലാ തരം ബില്ലുകളുടെയും സൂത്രവാക്യം. അസഹിഷ്ണുതയെ കുറിച്ച ചര്‍ച്ചകള്‍ വഴിതെറ്റിച്ച് ആമിറിന്റെ സിനിമ ബോക്‌സ് ഓഫീസില്‍ കൊയ്ത കോടികള്‍ ഹിന്ദുക്കളുടേതോ മുസ്‌ലിംകളുടേതോ എന്ന അസഭ്യത്തിലേക്ക് എത്തിക്കുന്ന പ്രാചിയെയും ആദിത്യനാഥിനെയുമൊക്കെ എന്‍.ഡി.എ സര്‍ക്കാര്‍ മൗനമാചരിച്ച് ആശീര്‍വദിക്കുന്നത് അതു കൊണ്ടാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23/ അല്‍ മുഅ്മിനൂന്‍/ 31-38
എ.വൈ.ആര്‍