Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 04

ആരാണ് നിങ്ങളുടെ ശത്രു?

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടാനും സുഹൃത്തുക്കളുമൊത്തുള്ള ജീവിതം സന്തോഷപ്രദമാവാനും അനിവാര്യമായി വേണ്ടത് സ്‌നേഹിതന് നിങ്ങളുടെ ജീവിതത്തിലുള്ള ഇടം നിര്‍ണയിക്കുകയും, നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ അയാള്‍ക്ക് കടന്നുകയറാനും ഇടപെടാനുമുള്ള അതിരുകള്‍ നിശ്ചയിക്കുകയുമാണ്. സ്ഥിരമായ സ്‌നേഹബന്ധം തുടര്‍ന്നുകൊണ്ടു പോകാന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ചങ്ങാതി ആരെന്നതും ഇതില്‍ പ്രധാന ഘടകം തന്നെ. സുഹൃത്തുക്കള്‍ക്ക് ജീവിതത്തില്‍ നല്‍കേണ്ട സ്ഥാനവും അതിരുകളും നിര്‍ണയിക്കാനും തെരഞ്ഞെടുപ്പ് ലളിതമാക്കാനും ഉതകുന്ന ചോദ്യാവലി ഞാന്‍ നല്‍കാം.

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിത്തുടങ്ങുന്നതിന് മുമ്പ് ഓരോരുത്തരും പേനയും കടലാസും കരുതണം. നന്നായി ചിന്തിച്ചും വിലയിരുത്തിയും വരുംവരായ്കകള്‍ വിലയിരുത്തിയും വേണം ഉത്തരം എഴുതുന്നത്. നിലവിലുള്ള സുഹൃദ് ബന്ധങ്ങളില്‍ മാറ്റം വരുത്താന്‍ കടുത്ത തീരുമാനം എടുക്കേണ്ടിയും വരും ചിലപ്പോള്‍ എന്ന വിചാരത്തോടെയാവണം ഓരോ ചോദ്യത്തിനും ഉത്തരം.

ഒന്ന്, നിന്റെ സ്വകാര്യങ്ങള്‍ പങ്കുവെക്കാന്‍ നീ വിശ്വസിക്കുന്ന സ്‌നേഹിതന്‍ ആരാകുന്നു?

രണ്ട്, നിന്റെ ഒഴിവുവേളകള്‍ ചെലവിടാന്‍ നീ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌നേഹിതന്‍ ആര്?

മൂന്ന്, ചിന്തയിലെ സന്തുലിതത്വവും യുക്തിഭദ്രതയും മുന്‍നിര്‍ത്തി അഭിപ്രായം ശ്രദ്ധാപൂര്‍വം കേള്‍ക്കണമെന്ന് നീ ആഗ്രഹിക്കുന്ന സുഹൃത്ത് ഏതാണ്?

നാല്, നീ തേടുന്നതിനെക്കാള്‍ നിന്നെ കൂടുതല്‍ തേടുന്ന സുഹൃത്ത് ആരാണ്?

അഞ്ച്, നീയുമായി ഏറ്റവും കുറഞ്ഞ അഭിപ്രായ ഭിന്നതകള്‍ ഉള്ള, ആഴത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലാത്ത നിന്റെ സുഹൃത്ത് ആരാണ്?

ആറ്, നിന്റെ വൈകല്യങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടുകയും നിന്നോട് അവ തുറന്നു പറയുകയും ചെയ്യുന്ന കൂട്ടുകാരന്‍ ഏതാണ്?

ഏഴ്, നിന്നില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സുഹൃത്ത് ആരാണ്?

എട്ട്, നീ ഏറ്റവും കൂടുതല്‍ വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്ന സുഹൃത്ത് ആര്?

ഒമ്പത്, ദീര്‍ഘകാലം നീ കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സൗഹൃദം ആരുമായിട്ടാണ്?

പത്ത്, ദൈവാനുസരണത്തിനും സല്‍കര്‍മത്തിനും നിന്നെ ഏറ്റവും കൂടുതല്‍ സഹായിക്കുകയും, പിശാചിനെ സന്തോഷിപ്പിക്കാത്ത, അല്ലാഹുവിനെ വെറുപ്പിക്കാത്ത കര്‍മങ്ങളും വഴികളും നിനക്ക് നിര്‍ദേശിച്ചുതരികയും ചെയ്യുന്ന സുഹൃത്ത് ആരാണ്?

മെച്ചപ്പെട്ട സാമൂഹിക ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആരോഗ്യകരമായ സുഹൃദ് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും സഹായകമായ പത്ത് ചോദ്യങ്ങളാണിവ. നിങ്ങളീ ചോദ്യാവലി വേഗത്തില്‍ വായിച്ചുപോയെങ്കില്‍ ഒന്നുകൂടി മനസ്സിരുത്തി വായിച്ചു നോക്കുക.

'സോഷ്യോ ക്വാഷന്റ്' ആയ വ്യക്തികള്‍ക്ക് ഓരോ സുഹൃത്തിനെയും അയാളുടെ പ്രത്യേകതകള്‍ മനസ്സിലാക്കി ഉള്‍ക്കൊള്ളാന്‍ കഴിയും. അയാളിലെ നല്ല വശങ്ങള്‍ സ്വാംശീകരിക്കാനാകും. ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി മാറി നില്‍ക്കാനും സാധിക്കും. നാം ആഗ്രഹിക്കുന്ന എല്ലാ സവിശേഷതകളും പൂര്‍ണമായി ഒത്തിണങ്ങിയ വ്യക്തികളെ കണ്ടുകിട്ടുക അസാധ്യമാണ്. ഈ ചോദ്യാവലിക്ക് ഉത്തരം നല്‍കുന്നതിലൂടെ ഓരോ സുഹൃത്തിനും കല്‍പിക്കേണ്ട ഇടം നിര്‍ണയിച്ചു നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാനും അത് ഉതകും. ഉള്ളതിനെക്കാള്‍ പ്രതീക്ഷിച്ച് സൗഹൃദം തകരാതിരിക്കാനും സത്യസന്ധമായി ഉത്തരമെഴുതുന്നതിലൂടെ സാധിക്കും. ചില സുഹൃത്തുക്കളോട് നമുക്ക് കുടുംബത്തെക്കാള്‍ കൂടുതല്‍ അടുത്ത ബന്ധമായിരിക്കും. നരകത്തില്‍ നിന്ന് പുറത്തു കടക്കാനുള്ള വഴികള്‍ അന്വേഷിച്ചലയുന്നവര്‍ ഓര്‍ക്കുന്നതാദ്യം സ്‌നേഹിതന്മാരെയാവും. 'നമുക്കിവിടെ ശിപാര്‍ശകരില്ല, ഉറ്റ സുഹൃത്തുക്കളില്ല' എന്നതായിരിക്കും അവരുടെ പരിദേവനമെന്ന് ഖുര്‍ആന്‍. ഇഹലോക ജീവിതത്തില്‍ നമുക്ക് ആനന്ദവും സന്തോഷവും പരലോക ജീവിതത്തില്‍ സൗഭാഗ്യവും അരുളുന്ന സുഹൃദ് ബന്ധങ്ങളാണ് അഭികാമ്യവും ഹൃദ്യവും. ''അന്ന് ആത്മമിത്രങ്ങള്‍ ശത്രുക്കളായിത്തീരും, സൂക്ഷ്മാലുക്കള്‍ ഒഴികെ'' (ഖുര്‍ആന്‍).

സൗഹൃദത്തിനുമുണ്ട് മാറ്റും മാനദണ്ഡങ്ങളും. സ്വര്‍ണത്തിനുള്ളത് പോലെതന്നെ. മിന്നുന്നതെല്ലാം പൊന്നല്ല. സുഹൃത്തുക്കളും അങ്ങനെ തന്നെ. എല്ലാവരും കൂട്ടുകൂടാന്‍ പറ്റിയവരല്ല. ഹൃദയത്തിലിടം നല്‍കേണ്ട സ്‌നേഹിതന്മാരുണ്ട്. ഹൃദയത്തോട് അടുത്തു നില്‍ക്കുന്ന സ്‌നേഹിതന്മാരുമുണ്ട്. ഹൃദയത്തിന് പുറത്ത് നിര്‍ത്തേണ്ട സ്‌നേഹിതന്മാരുണ്ട്. ഹൃദയത്തില്‍ നിന്ന് ആയിരം കാതം അകലം പാലിക്കേണ്ട സുഹൃത്തുക്കളുമുണ്ട്. ഒരാള്‍ കൊള്ളാവുന്ന ഏറ്റവും നല്ല സുഹൃത്താണെന്ന് വിധിയെഴുതാന്‍ വരട്ടെ. ധൃതി വെക്കേണ്ട. അയാളുടെ സത്യസന്ധതയും നിങ്ങളോടുള്ള ഗുണകാംക്ഷയും ആത്മാര്‍ഥതയും നിങ്ങള്‍ പരീക്ഷിച്ചു ബോധ്യപ്പെട്ടിട്ടില്ലല്ലോ. പരീക്ഷിക്കാതെ വിധിയെഴുതുന്നത് അബദ്ധമാണ്.

പല മാനദണ്ഡങ്ങളും വെച്ച് നമുക്ക് സുഹൃത്തുക്കളെ അളക്കാം. ചിലപ്പോള്‍ നാളുകളോളം നീണ്ട പരീക്ഷണത്തിനൊടുവിലാണ് യാഥാര്‍ഥ്യം ബോധ്യപ്പെടുക. നാം തെരഞ്ഞെടുക്കുന്ന സ്‌നേഹിതന്‍ നമ്മുടെ ചിന്തകളോടും മനോഭാവങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നവനാണോ എന്ന് നോക്കണം. മാനവികവും ആത്മീയവും ചിന്താപരവുമായ ഏകീഭാവമെന്നാണ് ഇതിന് പറയുക. ഒരു സഹായം ആവശ്യമായി വന്നപ്പോള്‍ നിങ്ങളെ സഹായിക്കാനും നിങ്ങളുടെ വിഷമ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കൂടെ നില്‍ക്കുകയും ആവശ്യത്തിന് ഉതകുകയും ചെയ്യുകയുണ്ടായോ എന്നതാണ് രണ്ടാമത് പരിഗണിക്കേണ്ടത്. മൂന്നാമത്തേത് സാമ്പത്തിക വശം. സാമ്പത്തിക ക്ലേശമുണ്ടായപ്പോള്‍ സഹായിക്കാന്‍ അയാള്‍ മുന്നോട്ടുവന്നുവോ? ആപത് വേളകളില്‍ കൂടെ നില്‍ക്കുമോ എന്നത് നാലാമത്തേത്. പെരുമാറ്റങ്ങളില്‍ വീഴ്ച വന്നാലും ദ്യേഷ്യപ്പെട്ടാലും ക്ഷമാപൂര്‍വം അവ സഹിക്കാനുള്ള മനസ്സുണ്ടോ അയാള്‍ക്ക്? ഇത് അഞ്ചാമത്തേത്. സുസ്ഥിര സ്‌നേഹബന്ധമാണോ, സ്‌നേഹ ബന്ധത്തില്‍ ആത്മാര്‍ഥതയുണ്ടോ എന്ന നോട്ടം ആറാമത്. 'ഉമ്മ പ്രസവിച്ചിട്ടില്ലാത്ത എത്ര സഹോദരങ്ങളുണ്ട് നിനക്ക്' എന്ന് പഴമൊഴി. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23/ അല്‍ മുഅ്മിനൂന്‍/ 31-38
എ.വൈ.ആര്‍