സ്വാതന്ത്ര്യവും സദാചാരമൂല്യവും
വ്യഷ്ടിഗതവും സമഷ്ടിഗതവുമായ സ്വാതന്ത്ര്യം മനുഷ്യ മഹത്വത്തിന്റെയും, ഇന്നോളം അവന്‍ നേടിയ സൗഭാഗ്യങ്ങളുടെയും ആധാരമാകുന്നു. ഇതേ സ്വാതന്ത്ര്യം തന്നെയാണ് ചിലപ്പോള്‍ അവനെ അധമരില്‍ അധമനും അധഃസ്ഥിതനുമാക്കി മാറ്റുന്നതും. തെരഞ്ഞെടുക്കാനുള്ള സാധ്യതയും കഴിവുമാണ് സ്വാതന്ത്ര്യം. നന്മയും തിന്മയും ധര്‍മവും അധര്‍മവും സത്യവും അസത്യവും കൂടിക്കുഴഞ്ഞ് നിറഞ്ഞു കിടക്കുന്നതാണീ ലോകം. തെരഞ്ഞെടുക്കാനുള്ള സൗകര്യം, സത്യവും ധര്‍മവും തെരഞ്ഞെടുക്കാന്‍ ഉപയോഗിക്കുമ്പോഴാണ് സ്വാതന്ത്ര്യം സാര്‍ഥകമാകുന്നത്. ഈ അര്‍ഥത്തില്‍ സ്വാതന്ത്ര്യമെന്നത് ഉത്തരവാദിത്തം ഏറ്റെടുക്കലാണ്. മനുഷ്യേതര സൃഷ്ടികളെല്ലാം ഏറ്റെടുക്കാന്‍ വിസമ്മതിച്ച മഹാ ഭാരമാണത്. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: ''ആകാശഭൂമികള്‍ക്കും പര്‍വതങ്ങള്‍ക്കും നാം ഈ ഉത്തരവാദിത്തബദ്ധമായ സ്വാതന്ത്ര്യം വെച്ചുനീട്ടി. അവ അതേറ്റെടുക്കാന്‍ വിസമ്മതിച്ചു; ആ മഹാ ഭാരത്തെ പ്രതി സംഭീതരായി. പക്ഷേ, മനുഷ്യന്‍ അതേറ്റെടുത്തു. എന്നിട്ടോ, അവനിതാ മഹാ അക്രമിയും അവിവേകിയുമായിരിക്കുന്നു'' (33:72). സനാതന മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ് മാനുഷികമായ ഉത്തരവാദിത്തബോധം. ബുദ്ധിയുടെയും വിവേചനശക്തിയുടെയും നിയാമകശക്തി മൂല്യബോധമാണ്. മൂല്യനിരപേക്ഷമായ സ്വാതന്ത്ര്യം നിരര്‍ഥകമാകുന്നു. വിവേചനശക്തിയില്‍ നിന്നും മൂല്യബോധത്തില്‍ നിന്നും മുക്തമായ സ്വാതന്ത്ര്യം തിര്യക്കുകള്‍ക്കുമുണ്ട്. ജന്തുവാസനകള്‍ പൂര്‍ത്തീകരിക്കാന്‍ മാത്രമേ അവയ്ക്കതുപകരിക്കുന്നുള്ളൂ. അതുകൊണ്ടാണ് ഭൂമിയിലെ ആദ്യത്തെ പട്ടിയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പട്ടിയും ഒരുപോലെ ജീവിക്കുന്നത്. ബുദ്ധിയും വിവേചനശക്തിയും ഉണ്ടായിട്ട് യഥോചിതം ഉപയോഗിക്കാതിരുന്നാലും ഇതുതന്നെയാണുണ്ടാവുക.
മൂല്യങ്ങളെ നിഷേധിക്കാനുള്ള അനുമതിപത്രമല്ല സ്വാതന്ത്ര്യം. സ്വാതന്ത്ര്യം തന്നെ മഹത്തായ ഒരു മൂല്യമാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യ നിഷേധം പരക്കെ എതിര്‍ക്കപ്പെടുന്നത്. സത്യം, ധര്‍മം, നീതി തുടങ്ങിയവയും ജീവിതത്തിന്റെ ഉദാത്തമായ മൂല്യങ്ങളാണ്. എല്ലാ മൂല്യങ്ങളും സമഞ്ജസമായി സംരക്ഷിക്കപ്പെടുമ്പോഴാണ് മനുഷ്യ ജീവിതം പുഷ്‌കലമാകുന്നത്. മൂല്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നില്ല. സ്വാതന്ത്ര്യം ഇതര മൂല്യങ്ങളോട് ഏറ്റുമുട്ടുന്നത് അത് ദുര്‍വിനിയോഗം ചെയ്യുമ്പോഴാണ്. സ്വാതന്ത്ര്യം എന്ന ഒരു മൂല്യത്തെ മാത്രം ഉയര്‍ത്തിപ്പിടിക്കുകയും ഇതര മൂല്യങ്ങളെ അവഗണിക്കുകയും ചെയ്താല്‍ സ്വാതന്ത്ര്യമടക്കം എല്ലാ മൂല്യങ്ങളുടെയും തകര്‍ച്ചയായിരിക്കും ഫലം. സാമ്പത്തിക സ്വാതന്ത്ര്യം പ്രവര്‍ത്തിക്കേണ്ടത് സാമൂഹിക നീതി എന്ന മൂല്യവുമായി ഇഴചേര്‍ന്നുകൊണ്ടാണ്. പെരുമാറ്റ സ്വാതന്ത്ര്യം നൈതിക-ധാര്‍മിക മൂല്യങ്ങളുടെ താല്‍പര്യങ്ങള്‍ അംഗീകരിച്ചേ പറ്റൂ. ലൈംഗിക സ്വാതന്ത്ര്യം സദാചാരമൂല്യങ്ങളോട് സമരസപ്പെട്ടേ പ്രവര്‍ത്തിക്കാവൂ. ഒരു മൂല്യത്തിന്റെ പേരില്‍ ഉദാത്തമായ മറ്റു മൂല്യങ്ങളെല്ലാം തള്ളിക്കളയുന്ന നിലപാട് സ്വാതന്ത്ര്യമല്ല, അരാജകത്വമാണ്.
2014-ന്റെ അവസാന മാസങ്ങളില്‍ കേരളത്തിലെ പത്രങ്ങളും ചാനലുകളും ഉറക്കെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ചുംബന സമരം. പൊതുസ്ഥലങ്ങളില്‍ യുവതീ യുവാക്കള്‍ക്ക് പരസ്യമായി ചുംബിക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു ഈ സമരാഭാസം. ആ സന്ദര്‍ഭത്തില്‍ ഇതേ കോളത്തില്‍ പ്രബോധനം ഉണര്‍ത്തുകയുണ്ടായി: ''യുവതീ യുവാക്കളുടെ ചുംബനവും ആലിംഗനവും ലൈംഗിക ചേഷ്ടകളാണ്. ചുംബനത്തില്‍ നിന്ന് വേഴ്ചയിലേക്ക് ഏറെ ദൂരമില്ല.'' അന്ന് ഞങ്ങള്‍ ആശങ്കിച്ച വിപത്ത്, പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ പുലരുന്നതായിട്ടാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. ചുംബനസമരത്തിന് നേതൃത്വം നല്‍കിയ ചിലര്‍ പെണ്‍വാണിഭ സംഘത്തിനും നേതൃത്വം നല്‍കിയതിന്റെ പേരില്‍ പിടിയിലായിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വരെ ഇവരുടെ ഇരകളായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചുംബന സമരത്തില്‍ പങ്കെടുത്തവരൊന്നടങ്കം പെണ്‍വാണിഭക്കാരാണെന്ന് പറയുകയല്ല. വ്യക്തിസ്വാതന്ത്ര്യം, ലിംഗ നീതി തുടങ്ങിയ മുദ്രാവാക്യങ്ങളില്‍ ഭ്രമിച്ച് മുന്‍പിന്‍ നോക്കാതെ ചാടിപ്പുറപ്പെട്ട അതിവിപ്ലവകാരികളും തീര്‍ച്ചയായും അക്കൂട്ടത്തിലുണ്ടായിരിക്കും. പക്ഷേ, പെണ്‍വാണിഭക്കാര്‍ക്ക് ഇരകളെ ഒരുക്കിക്കൊടുക്കുന്ന ദല്ലാളന്മാരാവുകയായിരുന്നു തങ്ങളെന്ന് ഇപ്പോഴെങ്കിലും അവര്‍ തിരിച്ചറിയേണ്ടതുണ്ട്. ചുംബന സമരം അതിമഹത്തരവും മനോഹരവുമായ ജനകീയ സമരമാണെന്നും, പെണ്‍വാണിഭക്കാര്‍ അതിലെ കറുത്ത ആടുകള്‍ മാത്രമാണെന്നുമുള്ള മട്ടില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്ന ഉദീരണങ്ങള്‍ അത്തരമൊരു തിരിച്ചറിവ് ഉണ്ടായതിന്റെ ലക്ഷണമല്ല. ചുംബന സമരത്തിന് സിന്ദാബാദ് വിളിക്കുന്നവര്‍ക്ക് അതാവാം. തിരിഞ്ഞുനിന്ന് അതേ നാവു കൊണ്ട് സ്ത്രീ പീഡനത്തിനെതിരെ പ്രഘോഷണം നടത്തുന്നതിലെ വൈരുധ്യമെങ്കിലും തിരിച്ചറിഞ്ഞേ പറ്റൂ.
മലബാറിലെ പ്രശസ്തമായ ഒരു കലാലയത്തില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പരസ്പരം പറ്റിച്ചേര്‍ന്നിരിക്കാനനുവദിക്കാത്തതിലെ സ്വാതന്ത്ര്യ ധ്വംസനവും ലിംഗവിവേചനവുമാണ് ഇന്ന് മലയാള മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. സ്ഥാപനം മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ളതാകുമ്പോള്‍ 'താലിബാനിസ'ത്തില്‍ കുറഞ്ഞ ഒരു വിശേഷണവും മതിയാവില്ലല്ലോ! എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരു പെരുമാറ്റച്ചട്ടവും അച്ചടക്ക വ്യവസ്ഥയുമുണ്ടാകും. സ്ഥാപനത്തിന്റെയും വിദ്യാര്‍ഥികളുടെയും ഉത്തമ താല്‍പര്യങ്ങളെ കരുതിയാണ് അതേര്‍പ്പെടുത്തുന്നത്. കേരളത്തില്‍ ആണ്‍കുട്ടികള്‍ക്കു മാത്രമായും പെണ്‍കുട്ടികള്‍ക്ക് മാത്രമായും, സ്‌കൂളുകളും കോളേജുകളും ക്ലാസ് മുറികളുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ഇരിപ്പിടങ്ങളും ബോഗികളും സംവരണം ചെയ്തുകൊണ്ടാണ് നമ്മുടെ ബസ്സുകളും തീവണ്ടികളും ഓടിക്കൊണ്ടിരിക്കുന്നത്. അതൊന്നും ലിംഗ വിവേചനമായി ആരും കാണുന്നില്ല. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ ഉത്തമം രോഗ കാരണങ്ങള്‍ കഴിയുന്നത്ര തടയുകയാണെന്ന തത്ത്വം എല്ലാവരും അംഗീകരിച്ചതാണ്. ഇസ്‌ലാമിന്റെ ഭാഷയില്‍ അതിനെ 'സദ്ദുദ്ദറാഇഅ്'എന്ന് പറയും. ഈ സാഹചര്യത്തില്‍ ഒരു ന്യൂനപക്ഷ കലാലയം വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും വെവ്വേറെ ഇരിപ്പിടം നിശ്ചയിച്ചതിനെതിരെ 'ഉടനടി നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ട ഗമണ്ടന്‍ താലിബാനിസ'മായി കാണുകയും പ്രക്ഷോഭിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് യഥാര്‍ഥ വിപ്ലവമെന്തെന്നറിയാത്തവരുടെ, അല്ലെങ്കില്‍ അറിഞ്ഞിട്ടും അതിനു തയാറാവാത്തവരുടെ സ്യൂഡോ വിപ്ലവ പ്രവര്‍ത്തനമാണ്. ചുംബന സമരത്തിന്റേതു തന്നെയാണ് അതിന്റെയും അടിസ്ഥാന പ്രചോദനം. ഈ ഇരിപ്പിടസമരത്തിനു പിന്നില്‍, ചാഞ്ഞ മരത്തില്‍ പാഞ്ഞുകയറാനുള്ള ത്വരയും കാണാം. ചുംബന സമരം ഫാഷിസത്തിന്റെ ഇരകളായ മത-ജാതി ന്യൂനപക്ഷങ്ങളെ അപരവത്കരിക്കുന്നുവെന്നും, ഫാഷിസത്തിനെതിരായ ജനാധിപത്യ മുന്നേറ്റത്തെ ശിഥിലീകരിക്കുന്നുവെന്നും ഈയിടെ ഒരു ദലിത് ചിന്തകന്‍ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ചുകപ്പും കാവിയും തമ്മിലുള്ള അടുപ്പം കാഴ്ചയില്‍ മാത്രമല്ല, കാമ്പിലുമുണ്ടെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ കുറ്റപ്പെടുത്താനാവില്ല.
Comments