ദിശാ ബോധം നല്‍കുന്ന പ്രസ്ഥാനം
ശ്രീലങ്കന്‍ യാത്രയുടെ പ്രധാന ലക്ഷ്യം ജമാഅത്തെ ഇസ്‌ലാമിയുടെ 63-ാം വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ സംബന്ധിച്ച് 'ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍ഗണനാക്രമം പുതിയകാലത്ത്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തലായിരുന്നു. സമതലത്തില്‍ നിന്ന് ഏറെ ഉയരത്തില്‍ മലമ്പ്രദേശമായ കാന്റിയിലെ പോള്‍ഗോല്ല എന്‍.ഐ.സി.സി ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. 1600 അംഗങ്ങളും വിദ്യാര്‍ഥി സംഘടനാ ഭാരവാഹികളും വനിതാ വിഭാഗത്തിലെ 150 മെമ്പര്‍മാരുമാണ് പരിപാടിയില്‍ സംബന്ധിച്ചത്. ഒക്‌ടോബര്‍ 31-നായിരുന്നു സമ്മേളനം. പ്രഭാഷണങ്ങള്‍ക്കും ചര്‍ച്ചാ ക്ലാസ്സുകള്‍ക്കും പുറമെ ഡോക്യുമെന്ററിയുടെയും ഷോര്‍ട്ട് ഫിലിമിന്റെയും പ്രദര്‍ശനവും പാട്ടും കവിതാ പാരായണവുമെല്ലാം പരിപാടികളിലുള്‍പ്പെടുത്തിയിരുന്നു.
76 പുതിയ അംഗങ്ങളുടെ ബൈഅത്തും 150 അംഗ മജ്‌ലിസിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. മജ്‌ലിസില്‍ നിന്നാണ് കേന്ദ്ര ശൂറയിലേക്കുള്ള ഇരുപത്തഞ്ച് അംഗങ്ങളെ തെരഞ്ഞെടുക്കുക.
1600 അംഗങ്ങള്‍ക്ക് പുറമെ പതിനായിരത്തോളം അനുഭാവികളും ഒരു ലക്ഷത്തോളം സഹയാത്രികരുമാണ് ശ്രീലങ്കന്‍ ജമാഅത്തെ ഇസ്‌ലാമിക്കുള്ളത്. ശ്രീലങ്കന്‍ മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കുന്നതിലും പ്രധാന പ്രശ്‌നങ്ങളില്‍ മാര്‍ഗദര്‍ശനവും നേതൃത്വവും നല്‍കുന്നതിലും ജമാഅത്ത് നിര്‍ണായകമായ പങ്കുവഹിക്കുന്നു.
അല്‍പം ചരിത്രം
1952-ലാണ് ശ്രീലങ്കന്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിതമായത്. വി.പി മുഹമ്മദലി ഹാജി സാഹിബിനോടൊന്നിച്ച് പഠാന്‍ കോട്ടിലെ ദാറുല്‍ ഇസ്‌ലാമില്‍ മൗലാനാ മൗദൂദിയുടെ കൂടെ കുറെ കാലം കഴിച്ചുകൂട്ടിയ തമിഴ്‌നാട്ടിലെ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ ജീലാനിയാണ് അവിടെ ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കേരളത്തിലെന്നപോലെ ശ്രീലങ്കയിലും മുസ്‌ലിംകള്‍ അക്കാലത്ത് കടുത്ത അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലുമായിരുന്നു. ശിവനൊളിക്കുന്നിലെ ആദം മലയില്‍ ചെന്ന് ആദം നബിയുടേതാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന കാലടികള്‍ സന്ദര്‍ശിക്കലും, കതിര്‍ഗാമ നഗരത്തിലെ പാല്‍കുടി ബാവയുടെ ദര്‍ഗ സിയാറത്ത് ചെയ്യലുമായിരുന്നു അക്കാലത്ത് അന്നാട്ടുകാരുടെ പ്രധാന 'മതാ'നുഷ്ഠാനം. ഇസ്‌ലാമിനെ സംബന്ധിച്ച അറിവ് തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന മത പുരോഹിതന്മാരുടെ വഅ്‌ളുകളില്‍ പരിമിതവും.
മൗലാനാ മൗദൂദിയുടെ നവോത്ഥാന ശ്രമങ്ങളുടെ ആദ്യ അലയൊലി ശ്രീലങ്കയിലെത്തിയത് അദ്ദേഹത്തിന്റെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷകളിലൂടെയാണ്. അഭ്യസ്ത വിദ്യരായ വളരെ ചെറിയ ഒരു സംഘം മാത്രമായിരുന്നു അതിന്റെ വായനക്കാര്‍.
തൊള്ളായിരത്തി നാല്‍പതുകളുടെ അവസാനത്തില്‍ സ്ലോവ് ഐലന്റിലെ അഹ്മദ് സാഹിബിന്റെ വീട്ടില്‍ ഏതാനും മലയാളികള്‍ ഒത്തുകൂടി ക്ലാസ്സുകള്‍ നടത്താന്‍ തുടങ്ങി. ജീലാനി സാഹിബാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹം അരുള്‍ ജ്യോതി എന്ന പേരില്‍ ഒരു പ്രസിദ്ധീകരണവും ആരംഭിച്ചു. ആഗാ അബ്ദുല്‍ ഹമീദ് ബാഖവിയുടെ ഖുര്‍ആന്റെ തമിഴ് വിവര്‍ത്തനം തര്‍ജുമാനുല്‍ ഖുര്‍ആന്‍ അവിടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അതിന് മുമ്പ് 1949-ല്‍ കേരള ജമാഅത്തെ ഇസ്‌ലാമി ഘടകം വി.കെ.എം ഇസ്സുദ്ദീന്‍ മൗലവിയെ അവിടേക്ക് അയച്ചിരുന്നു. പ്രസ്ഥാന പ്രവര്‍ത്തനം ശക്തിപ്പെടുത്താനായിരുന്നു അന്ന് അങ്ങനെ ചെയ്തത്.
ജീലാനി സാഹിബിന്റെ പ്രവര്‍ത്തന ഫലമായി ജമാഅത്തുമായി ബന്ധപ്പെട്ട മൂന്ന് നാലു പേര്‍ 1952-ല്‍ ഹൈദരാബാദില്‍ ചേര്‍ന്ന ദക്ഷിണേന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തില്‍ സംബന്ധിച്ചു. അവരാണ് ശ്രീലങ്കയിലെ ആദ്യ ഘടകം രൂപീകരിച്ചത്. 1954 ജൂലൈ 18-നായിരുന്നു ഇത്; സ്ലോവ് ഐലന്റില്‍. പ്രഥമ അമീര്‍ ജീലാനി സാഹിബ് തന്നെയായിരുന്നു. അദ്ദേഹം ജന്മനാട്ടിലേക്ക് തിരിച്ചുപോയതിനെത്തുടര്‍ന്ന് യു.എം ഖാസിം മൗലവി നദ്‌വി അമീറായി നിശ്ചയിക്കപ്പെട്ടു. ലോക ഇസ്‌ലാമിക പണ്ഡിതന്മാരുടെ ചിന്തകളെ ശ്രീലങ്കന്‍ ജനതക്ക് പരിചയപ്പെടുത്തിയ വഴികാട്ടി മാസിക ആരംഭിച്ചത് അദ്ദേഹമാണ്. ഏതാനും വിദ്യാര്‍ഥികളെ ശ്രീലങ്കയുടെ പുറത്തേക്ക് വിദ്യാഭ്യാസാവശ്യാര്‍ഥം പറഞ്ഞയച്ചതിന്റെ ഭാഗമായി ഫാറൂഖ് എന്ന വിദ്യാര്‍ഥിയെ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലും ചേര്‍ത്തു.
1960-ല്‍ പി.എം.എം യൂസുഫ് ഹാജി അമീറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രീലങ്കയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം സജീവമായി. അദ്ദേഹത്തിന്റെ നേതൃകാലത്താണ് മൗലാനാ മൗദൂദിയുടെ കൃതികള്‍ വ്യാപകമായി തമിഴില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചത്. 1970-ല്‍ 'അല്‍ ഹസനാത്ത്' പ്രസിദ്ധീകരണമാരംഭിക്കുകയും ധാരാളം കൃതികള്‍ തമിഴില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തതോടെ പ്രസ്ഥാന പ്രവര്‍ത്തനം ത്വരിതഗതിയിലായി.
ഈ ഘട്ടത്തില്‍, ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകരായിരുന്ന ഏതാനും പേര്‍ സംഘടന വിട്ട് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ശാഖ രൂപീകരിക്കാന്‍ തീരുമാനിച്ചു. ജമാഅത്തുസ്സലാമ എന്നാണ് അവര്‍ തങ്ങളുടെ സംഘടനക്ക് നല്‍കിയ പേര്. തുടക്കത്തില്‍ ഇത് ജമാഅത്തിനെ നേരിയ പ്രതിസന്ധിയിലകപ്പെടുത്തിയെങ്കിലും അതിവേഗം അതിനെ അതിജയിച്ചു. മൗലവി എ.എല്‍.എം ഇബ്‌റാഹീം സാഹിബിന്റെ നേതൃത്വത്തില്‍ പ്രസ്ഥാനം അതിവേഗം തഴച്ചുവളര്‍ന്നു. ഇന്ന് ജമാഅത്തെ ഇസ്‌ലാമി ശ്രീലങ്കന്‍ മുസ്‌ലിംകള്‍ക്കിടയിലെ ഏറ്റവും സജീവ സാന്നിധ്യമായി മാറിയിരിക്കുന്നു. വായനാശീലമുള്ളവരെല്ലാം ഇസ്‌ലാമിനെ സംബന്ധിച്ച് പഠിക്കാന്‍ ഉപയോഗപ്പെടുത്തുന്നത് ജമാഅത്ത് പ്രസിദ്ധീകരണങ്ങളാണ്. ശ്രീലങ്കയില്‍ ജമാഅത്തിനെ കരുപ്പിടിപ്പിക്കുന്നതില്‍ മലയാളികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഒരുകാലത്ത് ജമാഅത്തിന്റെ അമീറായിത്തീര്‍ന്ന യു.എം ഖാസിം നദ്‌വിയെ പ്രസ്ഥാന പാതയിലേക്ക് കൊണ്ടുവന്നത് മലയാളിയായ ഒ.കെ മൊയ്തു സാഹിബാണ്. അദ്ദേഹം പിന്നീട് നാട്ടിലേക്ക് മടങ്ങുകയാണുണ്ടായത്. 'അല്‍ ജിഹാദ്' ബുക് സ്റ്റാള്‍ സ്ഥാപിച്ചു നടത്തിയ തൃശൂര്‍ ജില്ലക്കാരനായ അബ്ദുല്ല സാഹിബും, ജൗളിക്കട നടത്തിപ്പുകാരനായിരുന്ന അബു സാഹിബും പ്രസ്ഥാന വളര്‍ച്ചയില്‍ വഹിച്ച പങ്ക് മഹത്തരമാണെന്ന് ജലാലുദ്ദീന്‍ ഇസ്ഹാഖ് അനുസ്മരിക്കുന്നു.
ജംഇയ്യത്തുത്ത്വലബ
ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയാണ് ജംഇയ്യത്തുത്ത്വലബത്തില്‍ ഇസ്‌ലാമിയ്യ. 1980-കളിലാണ് ഇത് സ്ഥാപിതമായത്. ഇപ്പോള്‍ 65 അംഗങ്ങളും 250 സജീവ പ്രവര്‍ത്തകരും ആറായിരത്തോളം സാധാരണ പ്രവര്‍ത്തകരുമാണ് സംഘടനയിലുള്ളത്. ശ്രീലങ്കയിലെ എല്ലാ യൂനിവേഴ്‌സിറ്റികളിലും അതിന് ശാഖകളും പ്രവര്‍ത്തകരുമുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലാണ് മുഖ്യമായ ഊന്നല്‍ നല്‍കുന്നത്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബുദ്ധന്മാര്‍ക്കും മുസ്‌ലിംകള്‍ക്കുമെല്ലാം സ്വന്തവും സ്വതന്ത്രവുമായ വിദ്യാര്‍ഥി സംഘടനകളുണ്ട്. ജംഇയ്യത്ത് വ്യത്യസ്ത രംഗങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. ഇതിനെ സര്‍ക്കാര്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകും ചെയ്യുന്നു. എം.എല്‍.എം തൗഫീഖാണ് ഇപ്പോള്‍ സംഘടനയുടെ പ്രസിഡന്റ്.
ജമാഅത്തെ ഇസ്‌ലാമിയില്‍ വിദ്യാര്‍ഥിനികള്‍ക്കായി ത്വാലിബ വിംഗുണ്ട്. ത്വാലിബയും ശ്രദ്ധ കേന്ദ്രീകരിച്ചത് പഠനപരിശീലന പരിപാടികളിലാണ്.
പൊതുരംഗത്ത്
മുസ്‌ലിം മന്ത്രിമാരും എം.പിമാരുമുള്‍പ്പെടെ ഭരണകൂടവുമായി ജമാഅത്തെ ഇസ്‌ലാമി സഹകരണാത്മക സമീപനമാണ് സ്വീകരിച്ചുവരുന്നത്. ഇസ്‌ലാമും മുസ്‌ലിംകളും മറ്റു പാര്‍ശ്വവത്കൃത വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണുന്നതില്‍ അനല്‍പമായ പങ്കുവഹിക്കുകയും ചെയ്യുന്നു.
ജമാഅത്തെ ഇസ്‌ലാമി വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ വ്യാപാര വ്യവസായ മന്ത്രി റിഷാദ് ബദീഉദ്ദീന്‍ സംബന്ധിക്കുകയും മറ്റു രണ്ട് കാബിനറ്റ് മന്ത്രിമാര്‍ ദീര്‍ഘമായ സന്ദേശങ്ങള്‍ അയക്കുകയുമുണ്ടായി.
സമൂഹത്തില്‍ സാരമായ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന ജമാഅത്ത് പ്രവര്‍ത്തകരും നേതാക്കളുമുണ്ട്. സൗത്ത് ഈസ്റ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. നാജിം ജമാഅത്തെ ഇസ്‌ലാമി ദേശീയ ശൂറാംഗമാണ്. ശ്രീലങ്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുസ്‌ലിം റിലീജ്യസ് ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഡയറക്ടര്‍ മുഹമ്മദ് സമീല്‍ ജമാഅത്ത് നേതാക്കളിലൊരാളാണ്. ജമാഅത്തെ ഇസ്‌ലാമി ഡെപ്യൂട്ടി അമീര്‍ ആഗാര്‍ മുഹമ്മദ് രാജ്യത്ത് ഏറെ സ്വാധീനമുള്ള പ്രമുഖ വ്യക്തിയാണ്. ജാമിഅ നളീമിയ്യ ഇസ്‌ലാമിയ്യ എന്ന പ്രമുഖ സ്ഥാപനത്തിന്റെ ഡപ്യൂട്ടി ഡയറക്ടറും, മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായ ആള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമായുടെ വൈസ് പ്രസിഡന്റുമാണ് അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമി അമീര്‍ റശീദ് ഹജ്ജുല്‍ അക്ബര്‍ പ്രസ്ഥാനത്തിലെന്ന പോലെ സമുദായത്തിലും രാജ്യത്തും ഏറെ ആദരിക്കപ്പെടുന്ന പ്രമുഖ വ്യക്തിത്വമാണ്. അറിയപ്പെടുന്ന പണ്ഡിതനും ഗ്രന്ഥകാരനുമായ ഹജ്ജുല്‍ അക്ബര്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി ജമാഅത്തിന്റെ അമീറായി സേവനമനുഷ്ഠിച്ചുവരുന്നു. വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്തിന്റെ (വമി) ശ്രീലങ്കന്‍ ഡയറക്ടര്‍ നജ്മാനും ജമാഅത്ത് പ്രവര്‍ത്തകനാണ്.
ജനസേവന രംഗത്ത്
ശ്രീലങ്കയില്‍ ജനസേവനരംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. സറന്‍ദീബ് (ശ്രീലങ്കക്ക് അറബികള്‍ നല്‍കിയ നാമമാണിത്) ഫൗണ്ടേഷന്‍ ഫോര്‍ റിലീഫ് ആന്റ് ഡവലപ്‌മെന്റ് ഒട്ടേറെ സേവന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നു.
വിദ്യാഭ്യാസം, റിലീഫ്, മൈക്രോ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ എന്നിങ്ങനെ നാല് ഡിവിഷനുകളായി തിരിച്ചാണ് ഫൗണ്ടേഷന്‍ അതിന്റെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍സൈറ്റ് എജുക്കേഷന്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുതന്നെ വ്യത്യസ്ത സമിതികളുണ്ട്. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് ആവശ്യമായ പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിലും കരിയര്‍ ഗൈഡന്‍സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ട്രസ്റ്റ് ഉപരിപഠനത്തിന് സാമ്പത്തിക സഹായവും നല്‍കിവരുന്നു. അതോടൊപ്പം വ്യത്യസ്ത സ്വഭാവത്തിലുള്ള സാങ്കേതിക വിദ്യാ സ്ഥാപനങ്ങളും നടത്തുന്നു. ശ്രീലങ്കന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ മഹത്തായ പങ്കുവഹിക്കുന്ന ഈ സംവിധാനത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പുറത്തുള്ള ധാരാളം പ്രമുഖ വ്യക്തികള്‍ സജീവമായി പങ്കുവഹിക്കുന്നു. ലോകത്തിലെ വിവിധ സര്‍വകലാശാലകളിലെ വിസിറ്റിംഗ് പ്രഫസറും ശ്രീലങ്കയിലെ അറിയപ്പെടുന്ന ഡോക്ടറുമായ എം.എല്‍.എം റഈസാണ് ഇന്‍സൈറ്റ് എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ച് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ നടത്തിവരുന്ന ഫൗണ്ടേഷന്‍ ആതുര സേവന രംഗത്തും റിലീഫ് പ്രവര്‍ത്തനങ്ങളിലും സജീവ ശ്രദ്ധ പതിപ്പിക്കുന്നു. എന്റെ മുഖ്യ ആതിഥേയന്‍ കൂടിയായ വൈ.എ.എം ഹനീസാണ് സറന്‍ദീബ് ഫൗണ്ടേഷന്റെ ചെയര്‍മാന്‍. എസ്.എം റഫീഖ് സെക്രട്ടറിയും. 2004-ലാണ് ഇത് സ്ഥാപിതമായത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് അഞ്ചു കോടി രൂപ മൂലധനവും രണ്ടു ലക്ഷം ഗുണഭോക്താക്കളുമുണ്ട്.
ശ്രീലങ്കന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴില്‍ വളരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്ററുണ്ട്. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ കൂടി സഹകരിച്ചു നടത്തുന്ന പലിശരഹിത ബാങ്കും അമാന ഇന്‍ഷുറന്‍സ് പദ്ധതിയും ശ്രീലങ്കയിലുണ്ട്. പലിശാധിഷ്ഠിത ബാങ്കുകളെക്കാള്‍ സ്വീകാര്യത നേടാനും നിക്ഷേപകര്‍ക്ക് ഡിവിഡന്റ് നല്‍കാനും പലിശരഹിത ബാങ്കിന് സാധിക്കുന്നു. ഇത്തരം ബാങ്കുകള്‍ നടത്താന്‍ ശ്രീലങ്കയില്‍ ഇന്ത്യയിലേതുപോലുള്ള നിയമ തടസ്സമില്ല.
ശ്രീലങ്കന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന നോളജ് ബോക്‌സ് ചാനലുകള്‍ക്കും റേഡിയോകള്‍ക്കും പത്രങ്ങള്‍ക്കും വിവരങ്ങള്‍ ശേഖരിച്ചു നല്‍കുന്നതോടൊപ്പം ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും തയാറാക്കി കൊടുക്കുന്നു. ഈ സ്ഥാപനത്തെ വികസിപ്പിച്ച് മീഡിയാ സെന്ററാക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ ഭാരവാഹികള്‍. ഗവണ്‍മെന്റിന്റേതുള്‍പ്പെടെയുള്ള ചാനലുകള്‍ ഇപ്പോള്‍ തന്നെ വാര്‍ത്തകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും നോളജ് ബോക്‌സിനെ അവലംബിക്കാറുണ്ട്. ഇതിന്റെ കീഴില്‍ 'ഡെയ്‌ലി സിലോണ്‍ നെറ്റ് വര്‍ക്ക്' എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പ്രവര്‍ത്തിച്ചുവരുന്നു. ശൈഖ് ആഗാര്‍ മുഹമ്മദ് ആണ് ഇതിന്റെ സ്ഥാപകന്‍. ഇപ്പോള്‍ ചുമതല വഹിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരന്‍ അഷ്‌കര്‍ ഖാനാണ്.
ശ്രീലങ്കയില്‍ അഞ്ചു നാള്‍ കഴിച്ചുകൂട്ടി തിരിച്ചുപോന്നപ്പോള്‍ പല നാടുകളും സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായതില്‍ നിന്ന് ഭിന്നമായി മുസ്‌ലിംകളെ സംബന്ധിച്ചും ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചും ഒട്ടൊക്കെ മതിപ്പും സംതൃപ്തിയുമാണ് അനുഭവപ്പെട്ടത്. മുസ്‌ലിം ന്യൂനപക്ഷമെന്ന നിലയില്‍ അവിടത്തെ സഹോദരങ്ങളുടെ പല മാതൃകകളും അനുകരണീയമാണ്; പ്രത്യേകിച്ചും മുസ്‌ലിം കൂട്ടായ്മയിലും അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിലും. മറ്റു മുസ്‌ലിം സംഘടനകള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി വഹിക്കുന്ന പങ്കും ശ്രദ്ധേയമത്രേ.
(അവസാനിച്ചു)
Comments