Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 04

തുര്‍ക്കി സാമ്പത്തിക വ്യവസ്ഥയെ മുന്‍നിര്‍ത്തി ചില ചിന്തകള്‍

മുഹമ്മദ് നസീഫ് കുന്നുമ്മക്കര /വിശകലനം

         വിവിധങ്ങളായ കാരണങ്ങളാല്‍ ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു നവംബര്‍ ആദ്യവാരം തുര്‍ക്കിയില്‍ നടന്നത്. ഒരു വ്യാഴവട്ടക്കാലം തുര്‍ക്കി രാഷ്ട്രീയത്തില്‍  ഉര്‍ദുഗാനും അദ്ദേഹത്തിന്റെ അക്പാര്‍ട്ടിയും നിലനിര്‍ത്തി വന്നിരുന്ന അപ്രമാദിത്വത്തിന് വിരാമം കുറിക്കുന്നതെന്ന് ആഗോള മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയ ജൂണിലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള അവരുടെ ഈ വന്‍ തിരിച്ചുവരവ് ഏറക്കുറെ അപ്രതീക്ഷിതമായിരുന്നു. മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളായ സിഎച്ച്പിക്കും എച്ഡിപിക്കുമൊപ്പം ഒരു കാലത്ത് ഉര്‍ദുഗാന്റെ സഹയാത്രികനായിരുന്ന പ്രശസ്ത ചിന്തകന്‍ ഫത്ഹുല്ലാ ഗുലന്റെ അനുയായികളും വ്യാപകമായ വിമര്‍ശങ്ങളായിരുന്നു അക്പാര്‍ട്ടിക്കെതിരെ അഴിച്ചു വിട്ടത്. കൂടാതെ ഐസിസ്, കുര്‍ദ്, സിറിയന്‍ അഭയാര്‍ഥി വിഷയങ്ങളുമായി ബന്ധപ്പെട്ട് മേഖലയിലെ അരക്ഷിതാവസ്ഥയും കുറച്ചൊന്നുമല്ല അവരെ വിഷമിപ്പിച്ചത്.

ഒരു ഗംഭീര തിരിച്ചുവരവിലൂടെ വിമര്‍ശകരുടെ നാവടക്കാന്‍ അക്പാര്‍ട്ടിക്കു കഴിഞ്ഞെങ്കിലും ഈ വിജയം അവര്‍ക്ക് നല്‍കുന്ന സമ്മര്‍ദം ചെറുതല്ല. തുര്‍ക്കി  അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ ആ രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മണ്ഡലങ്ങളില്‍ സമൂല പരിവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നിലവിലെ പ്രസിഡന്റ് ഉര്‍ദുഗാന്നും അദ്ദേഹത്തിന്റെ അക്പാര്‍ട്ടിക്കും വീണ്ടും  ഭരണത്തിന്റെ കടിഞ്ഞാണ്‍ കൈമാറുമ്പോള്‍ വലിയ പ്രതീക്ഷകളുണ്ട് തുര്‍ക്കി ജനതക്ക്. 

യൂറോപ്യന്‍ യൂണിയന്റെ വാതില്‍ക്കല്‍ രോഗിയായി ഓച്ചാനിച്ചുനിന്നിരുന്ന കമാല്‍ അത്താതുര്‍ക്കിന്റെ 'മോഡേണ്‍ തുര്‍ക്കി'യെ സമ്പന്നമായ പൂര്‍വകാലത്തിന്റെ സ്മൃതികളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ആത്മാഭിമാനത്തോടെ മുന്നില്‍നിന്നു നയിച്ചു എന്നതാണ് ഉര്‍ദുഗാന്റെ മികവ്. നിലവിലെ പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലുവിന്റെ നേതൃത്വത്തില്‍ അക്പാര്‍ട്ടി വീണ്ടുമൊരു പട്ടാഭിഷേകത്തിനൊരുങ്ങുമ്പോള്‍, ഇടക്കാലത്ത് വന്ന പിഴവുകള്‍ തിരുത്തി പൂര്‍വാധികം ശക്തിയോടു കൂടി മുന്നോട്ടു പോകാന്‍ പാര്‍ട്ടിക്ക് കഴിയും എന്നുതന്നെ പ്രതീക്ഷിക്കാം.

ഇത്തവണത്തെ ജനവിധി വിവിധ ഘട്ടങ്ങളില്‍ അക്പാര്‍ട്ടി കൈക്കൊണ്ട സാമ്പത്തിക, നയതന്ത്ര രംഗങ്ങളിലെ സുദൃഢമായ നയനിലപാടുകള്‍ക്കു കൂടിയുള്ള പിന്തുണയായി വായിക്കപ്പെടേണ്ടതാണ്. അക്പാര്‍ട്ടിയുടെ വിജയം തുര്‍ക്കിയുടെ സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ ചെറുതല്ല. നവംബര്‍ ആദ്യ വാരം ഫലങ്ങള്‍ പുറത്തുവന്നതില്‍ പിന്നെ കുതിച്ചുയര്‍ന്ന ഓഹരി സൂചികകള്‍ വിപണി എങ്ങനെയാണ് അക്പാര്‍ട്ടിയുടെ വിജയത്തോട് പ്രതികരിക്കുന്നത് എന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.

2002 നവംബറില്‍ അധികാരമേറ്റെടുത്തതില്‍പ്പിന്നെ വിവിധ തലങ്ങളിലായി നടന്ന പത്തോളം തെരഞ്ഞെടുപ്പുകളില്‍ ജനഹിതത്തെ തങ്ങള്‍ക്കനുഗുണമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഉര്‍ദുഗാനും അക്പാര്‍ട്ടിക്കും വലിയൊരളവോളം സഹായകമായത് രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ കാണിച്ച കൈയടക്കം തന്നെയാണെന്ന് കാണാന്‍ കഴിയും. വിലക്കയറ്റവും വളര്‍ച്ചാ മുരടിപ്പും കാരണം ഇഴഞ്ഞു നടന്നിരുന്ന തുര്‍ക്കിയെ ലോകത്തിലെ ഏറ്റവും വലിയ പതിനേഴാമത്തെ സാമ്പത്തിക ശക്തിയായി പരിവര്‍ത്തിപ്പിക്കുന്നതില്‍  ഉര്‍ദുഗാന്റെ  പങ്ക് ചെറുതല്ല. സമയബന്ധിതമായ നയരൂപീകരണങ്ങള്‍ എങ്ങനെയൊക്കെ ഒരു സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും എന്നതിന്റെ വിവിധ ഉദാഹരണങ്ങള്‍ സമീപകാല തുര്‍ക്കി ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും.

1980-കളുടെ തുടക്കത്തില്‍ അന്നത്തെ പ്രധാനമന്ത്രി തുര്‍ഗൂത് ഒസാലി(Turgut Ozal)ന്റെ നേതൃത്വത്തില്‍ നടപ്പില്‍ വരുത്തിയ ഉദാരീകരണ നയങ്ങള്‍ക്ക് രണ്ടു പതിറ്റാണ്ടിന്റെ ഇടവേളക്കു ശേഷം കൂടുതല്‍ ക്രിയാത്മകവും സന്തുലിതവുമായ തുടര്‍ച്ച നല്‍കുകയായിരുന്നു ഉര്‍ദുഗാന്‍ ചെയ്തത്. ഒസാലിന്റെ ഉദാരീകരണ നയങ്ങളുടെ ഗുണഫലങ്ങളെ ദീര്‍ഘ ദൃഷ്ടിയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ പിന്നീടു വന്ന ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. തദ്ഫലമായി തൊള്ളായിരത്തി തൊണ്ണൂറുകള്‍ തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക മുരടിപ്പിന്റെയും ആഭ്യന്തര സംഘര്‍ഷങ്ങളുടേതുമായൊടുങ്ങി.പട്ടാള അട്ടിമറിയും രൂക്ഷമായ കുര്‍ദ് വംശീയ സംഘര്‍ഷങ്ങളും ഭൂകമ്പവുമെല്ലാം ചേര്‍ന്ന്  ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ടര്‍കിഷ് സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് തള്ളി. പരിതാപകരമായ ഈ സ്ഥിതി വിശേഷത്തിനൊരു മാറ്റം വരുന്നത് 2001-ലെ ബാങ്കിംഗ് പ്രതിസന്ധിക്കൊടുവില്‍ അക്പാര്‍ട്ടി അധികാരത്തിലേറിയതോടെയാണ്.

ചെലവ് ചുരുക്കിയും ദേശീയ കറന്‍സിയായ 'ലിറ'യെ സ്വതന്ത്ര വിനിമയ നിരക്ക് (Floating Exchange Rate) സംവിധാനത്തിലേക്ക് പരിവര്‍ത്തിപ്പിച്ചും വിലക്കയറ്റത്തെ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാന്‍ കുറഞ്ഞകാലം കൊണ്ട് അവര്‍ക്ക് സാധിച്ചു. ബാങ്കിംഗ് മേഖലയെ പുനഃസംഘടിപ്പിക്കുകയും കേന്ദ്രബാങ്കിനും വിവിധ റെഗുലേറ്ററി സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയും ചെയ്തത് സാമ്പത്തിക രംഗത്ത് പുത്തനുണര്‍വ്  പകര്‍ന്നു.അങ്ങനെ 2001-ല്‍ തങ്ങളുടെ നികുതി വരുമാനത്തിന്റെ 90 ശതമാനവും വിദേശ ബാങ്കുകളിലേക്കുള്ള പലിശ തിരിച്ചടവിന് ഉപയോഗിച്ചിരുന്നിടത്തു നിന്ന് 2014 ആയപ്പോഴേക്ക് ഐ.എം.എഫിലെ മുഴുവന്‍ കടങ്ങളും അടച്ചു തീര്‍ത്ത് തങ്ങളുടെ സാമ്പത്തിക ശക്തി ലോകത്തെ കാണിക്കാന്‍ തുര്‍ക്കിക്കായി.രാജ്യത്ത് വന്‍കിട അടിസ്ഥാന സൗകര്യ വികസന പ്രൊജക്ടുകള്‍ ഏറ്റെടുത്തു നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കെ തന്നെയാണ് ഇതൊക്കെ സാധ്യമാക്കിയത് എന്നത് ഈ നേട്ടങ്ങളുടെ മാറ്റ് കൂട്ടുന്നു. 

2008-ലെ ആഗോള സാമ്പത്തിക മാന്ദ്യം വന്‍കിട രാജ്യങ്ങളുടെയൊക്കെ അടിത്തറ പിഴുതപ്പോള്‍ പിടിച്ചുനിന്ന അപൂര്‍വം സമ്പദ് വ്യവസ്ഥകളിലൊന്ന് തുര്‍ക്കിയുടേതായിരുന്നു. വന്‍ സാമ്പത്തിക ശക്തികളൊക്കെ നിലനില്‍പ്പിനായി പെടാപ്പാട് പെട്ട കാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ആഗോള നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ തുര്‍ക്കിക്കായി.ഇതിന് പ്രോത്സാഹനമെന്നോണം ആഗോള റേറ്റിംഗ് ഏജന്‍സികള്‍ തുര്‍ക്കിയിലെ നിക്ഷേപങ്ങള്‍ക്ക്  ഗ്രേഡിംഗ് ഉയര്‍ത്തിയത് ലോകത്തെ വന്‍കിട കമ്പനികളെ തുര്‍ക്കിയിലേക്കാകര്‍ഷിച്ചു. ഒഴുകിയെത്തിയ വിദേശ മൂലധനത്തിന്റെ ബലത്തില്‍ ടര്‍ക്കിഷ് സാമ്പത്തിക വ്യവസ്ഥ അതിദ്രുതം വളര്‍ന്നു. 2010-ല്‍  9.2% വും 2011-ല്‍ 8.8 % വും വളര്‍ച്ച രേഖപ്പെടുത്തിയ തുര്‍ക്കി  2014 ആകുമ്പോഴേക്കും ലോകത്തെ തന്നെ ഏറ്റവും കൂടിയ വാര്‍ഷിക സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി ലോക സാമ്പത്തിക ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ബാങ്കിംഗ് പ്രതിസന്ധികളിലൊന്നിന് 2011-ല്‍ ഇരയായ തുര്‍ക്കി  ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം കൃത്യമായ ഫിസിക്കല്‍ പണനയങ്ങളുടെ പിന്തുണയോടെ സുദൃഢമായ 'ബാങ്കിംഗ് ഇക്കോ സിസ്റ്റം' രൂപപ്പെടുത്തിയത് നമുക്ക് കാണാന്‍ കഴിയും. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ലോകത്താകമാനമുള്ള ബാങ്കിംഗ് സ്ഥാപനങ്ങള്‍ ചീട്ടു കൊട്ടാരം കണക്കെ മൂക്കും കുത്തി വീണപ്പോള്‍ കാര്യമായ പരുക്കുകളൊന്നുമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് ടര്‍ക്കിഷ് ബാങ്കിംഗ് സംവിധാനങ്ങളുടെ ശക്തി വിളിച്ചോതുന്നു.

വളരെ ക്രമപ്രവൃദ്ധമായി സാമ്പത്തിക സുസ്ഥിരതയിലേക്ക് ചുവടുവെക്കുമ്പോഴാണ് അപ്രതീക്ഷിതമായി തുര്‍ക്കി  വീണ്ടും രാഷ്ട്രീയ കാലുഷ്യങ്ങള്‍ക്ക് വേദിയാകുന്നത്. അയല്‍ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങളും ഭരണ പ്രതിസന്ധികളും അതിര്‍ത്തി കടന്ന് തുര്‍ക്കിയെ വേട്ടയാടിത്തുടങ്ങി. സിറിയയില്‍ ഐസിസിനെതിരെ തുടങ്ങിയ സൈനിക നടപടി കോടികളുടെ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചതിനൊപ്പം അനിയന്ത്രിതമായ അഭയാര്‍ഥി പ്രവാഹത്തിനും കാരണമായി. നിലവില്‍ നാല് ദശലക്ഷം വിദേശ പൗരന്മാരെ ഉള്‍ക്കൊള്ളുന്ന തുര്‍ക്കി സിറിയയില്‍ നിന്നുള്ള രണ്ടര ദശലക്ഷം അഭയാര്‍ഥികള്‍ക്കാണ് ഈയിടെ സ്വാഗതമരുളിയത്. ഇടക്കാലത്ത് വെടിനിര്‍ത്തല്‍ കരാറുകള്‍ ഫലമായി രമ്യതയിലായിരുന്ന കുര്‍ദിഷ് ഗ്രൂപ്പുകള്‍ വീണ്ടും സായുധ കലാപത്തിന് തുടക്കം കുറിച്ചത് പ്രതിസന്ധിയുടെ ആക്കംകൂട്ടി. ബജറ്റ് വിഹിതത്തിന്റെ  വലിയൊരു ശതമാനം പ്രതിരോധ മേഖലയും സാമൂഹിക ക്ഷേമവും പങ്കിട്ടെടുത്തപ്പോള്‍ സ്വാഭാവികമായും സാമ്പത്തിക വളര്‍ച്ചാ നിരക്ക് താഴോട്ടിറങ്ങിത്തുടങ്ങി. കറന്റ് അക്കൗണ്ട് കമ്മി (Current Account deficit) രാജ്യത്തെ കൂടുതല്‍ വിദേശ നിക്ഷേപങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കെത്തിച്ചു.തദ്ഫലമായി ആഗോള പലിശ നിരക്കിലെ ഏത് ഇലയനക്കങ്ങള്‍ക്കും  ടര്‍ക്കിഷ് സാമ്പത്തിക വ്യവസ്ഥയില്‍ അനുരണനങ്ങളുണ്ടാകുമെന്ന സ്ഥിതി വിശേഷം സംജാതമായി.

ചുരുക്കിപ്പറഞ്ഞാല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ Middle Income Trap എന്ന സംജ്ഞയാല്‍ വ്യവഹരിക്കപ്പെടുന്ന അപൂര്‍വ പ്രതിസന്ധിയിലേക്കാണ് ഈയിടെയായി തുര്‍ക്കി പതിയെ നടന്നടുക്കുന്നത് എന്നു കാണാം. തങ്ങള്‍ക്കനുഗുണമായിട്ടുണ്ടായിരുന്ന അനുകൂല ഘടകങ്ങളെ ഉപയോഗിച്ച് എത്തിപ്പെടാവുന്നതിന്റെ പരമാവധിയില്‍ എത്തി അവിടെനിന്ന് മുന്നോട്ടു പോകാനാകാതെ കുടുങ്ങിക്കിടക്കുക എന്നതാണ് ഈ അവസ്ഥയുടെ സൈദ്ധാന്തിക നിര്‍വചനം. തങ്ങളുടെ മുഖ്യ ഉല്‍പന്നങ്ങളില്‍ നിലനിര്‍ത്തിയിരുന്ന മത്സരക്ഷമത നഷ്ടപ്പെടുകയും കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പന്ന ശ്രേണികളിലേക്ക് കടക്കാനാവാതിരിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രതിസന്ധിയുടെ പരിണിതഫലം.

കൃത്യമായ കൈയടക്കത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഒന്നര പതിറ്റാണ്ടു കൊണ്ട് ആര്‍ജിച്ചെടുത്ത സാമ്പത്തിക നേട്ടങ്ങളാണ് ഊര്‍ന്നു പോവുക എന്ന് ഐ.എം.എഫും (International Monitary Fund) ഒ.ഇ.സി.ഡി(Organisation for Economic Corporation and Development)യുമൊക്കെ തുര്‍ക്കിയെ ഓര്‍മിപ്പിക്കുന്നു. വളരെ സമൂലമായ ഘടനാ പരിഷ്‌കരണങ്ങള്‍ക്ക് മാത്രമേ സാമ്പത്തിക വളര്‍ച്ചയുടെ ട്രെന്റ് നിലനിര്‍ത്താന്‍ കഴിയൂ. അതിനു സാധിച്ചില്ലെങ്കില്‍ 2023-ഓടെ പ്രതിശീര്‍ഷ വരുമാനം 25000  ഡോളറും, വാര്‍ഷിക സാമ്പത്തിക വളര്‍ച്ചാ നിരക്ക് 15 ശതമാനവും ആക്കുമെന്ന ഉര്‍ദുഗാന്റെ വാഗ്ദാനം പകല്‍ക്കിനാവായി ഒടുങ്ങും.

അക്പാര്‍ട്ടിയുടെ പുതിയ ഊഴം അത്ര എളുപ്പമല്ലെന്ന് സാരം. നവ ലിബറല്‍ നയങ്ങളുടെ സ്വാഭാവിക കൂടപ്പിറപ്പായ അയഞ്ഞ പണനയം സാധ്യമാക്കിയ അനിയന്ത്രിതമായ പണമൊഴുക്ക് സാമ്പത്തിക വ്യവസ്ഥയെ എളുപ്പം കലുഷിതമാക്കും. ഹ്രസ്വകാല വിദേശ മൂലധനത്തിന്മേലുള്ള അമിതമായ ആശ്രിതത്വം സുസ്ഥിര വളര്‍ച്ചയ്ക്ക് വിഘാതമാകും. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് പേരെ ആകര്‍ഷിക്കാന്‍ പ്രാപ്തമായ ടൂറിസം മേഖല, വന്‍ തോതിലുള്ള കയറ്റുമതിക്കുതകുന്ന ഉല്‍പാദന മേഖല, ഏഷ്യ-യൂറോ ഇടനാഴിയിലെ തന്ത്രപ്രധാനമായ എണ്ണത്താവളം തുടങ്ങി എത്രയോ അനുകൂല ഘടകങ്ങളുണ്ടെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക വ്യവഹാരങ്ങള്‍ ഇപ്പോഴും കറങ്ങുന്നത് ആഭ്യന്തര ഉപഭോഗത്തിന്റെ ചുറ്റുമാണെന്നത് അടിയന്തിര പരിഗണന അര്‍ഹിക്കുന്നു.

പല കോണില്‍ നിന്നും കൂട്ടായ വിമര്‍ശം അക്പാര്‍ട്ടിക്കും ഉര്‍ദുഗാനുമെതിരെ ഉയര്‍ന്നെങ്കിലും രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ സ്ഥിരതയും പ്രാപ്തിയും പരിചയ സമ്പത്തും ഒത്തിണങ്ങിയ ഒരു നേതൃത്വത്തെ ജനങ്ങള്‍ അക്പാര്‍ട്ടിയില്‍ കാണുന്നത് സ്വാഭാവികം മാത്രം. ഫലം പുറത്തു വന്നതില്‍ പിന്നെ ഓഹരി വിപണിയിലും  മറ്റും ദൃശ്യമായ പുത്തനുണര്‍വ് ഈ പ്രതീക്ഷകള്‍ക്ക് അടിവരയിടുന്നു. 

(ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23/ അല്‍ മുഅ്മിനൂന്‍/ 31-38
എ.വൈ.ആര്‍