മഹല്ലുകള്‍ക്ക് ചെയ്യാവുന്നത്
മുസ്‌ലിം പളളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന സുന്നി മഹല്ല് ഫെഡറേഷന്റെ ആഹ്വാനം മാതൃകാപരമാണെന്ന് സര്‍വരും അംഗീകരിച്ചിരിക്കുകയാണല്ലോ. ഇതിന്റെ വെളിച്ചത്തില്‍ മറ്റു മതസ്ഥരും സംഘടനകളും ഇതേ നയം സ്വീകരിക്കാനുള്ള ഒരു സാഹചര്യം കേരളത്തില്‍ സംജാതമായിട്ടുണ്ട്. ഇത്തരുണത്തില്‍ മഹല്ലടിസ്ഥാനത്തില്‍ നടപ്പാക്കാവുന്ന മറ്റു ചില പരിഷ്‌കാരങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കുകയാണ്.
പള്ളികള്‍ ഇപ്പോള്‍ വെറും നമസ്‌കാര കേന്ദ്രങ്ങള്‍ മാത്രമാണ്. എന്നാല്‍, പ്രവാചകന്റെ കാലത്ത് അങ്ങനെയായിരുന്നില്ല. സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്ന നിലക്കുള്ള ദൗത്യം കൂടി അവ നിര്‍വഹിച്ചിരുന്നു. സാംസ്‌കാരിക കേന്ദ്രങ്ങള്‍ എല്ലാവര്‍ക്കും ഉപകരിക്കണം; എല്ലാവര്‍ക്കും പ്രാപ്യമായിരിക്കണം.
മഹല്ലില്‍ നടത്തുന്ന ഓരോ വികസന പ്രവര്‍ത്തനവും മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടണം. ഇതിന്റെ ഒരു മാതൃക ഇപ്പോള്‍ എടവനക്കാട് മഹല്ലില്‍ ആരംഭിച്ചിട്ടുണ്ട്. അവര്‍ ഒരു കുടിവെള്ള പദ്ധതി ആരംഭിച്ചിരിക്കുന്നു. കുടിവെള്ളം ശേഖരിച്ച് പൈപ്പുകളിലൂടെ മഹല്ലില്‍ ജാതി ഭേദമന്യേ വിതരണം ചെയ്യുകയാണ്.
ഇതേ മഹല്ലില്‍ തന്നെ നടത്തുന്ന മറ്റൊരു സേവനം മൈക്രോ ഫിനാന്‍സ് പദ്ധതിയാണ്. സമൂഹത്തിന്റെ താഴേക്കിടയില്‍ കഷ്ടപ്പാടനുഭവിച്ചു ജീവിക്കുന്നവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് വേണ്ടി ചെറിയ തുകകള്‍ കടം കൊടുക്കുന്നു. ഇതിന്റെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കുന്നു. ചെറിയ രീതിയില്‍ തുടങ്ങിയ ഈ പദ്ധതി ഇന്ന് വലിയൊരു പ്രസ്ഥാനമായി മാറിയിരിക്കുകയാണ്.
അനുകരിക്കാവുന്ന മറ്റൊരു കാര്യവും അവര്‍ ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിലെ ഒരു ഗ്രാമം അവര്‍ ദത്തെടുത്തിരിക്കുന്നു. ആ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ സാമ്പത്തിക സഹായം ചെയ്യുന്നു. ഇങ്ങനെ ഒരു ഗ്രാമത്തെയോ പ്രദേശത്തെയോ തേടി അന്യ സംസ്ഥാനങ്ങളില്‍ പോവണമെന്നില്ല. മഹല്ലിനടുത്തുള്ള ലക്ഷം വീട് കോളനിയോ ആദിവാസി കോളനിയോ നമുക്ക് ദത്തെടുക്കാവുന്നതാണ്. സാമ്പത്തികമായി നല്ല നിലയിലുള്ള മഹല്ലുകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കാം. ഇതേ കാര്യം ആരും അറിയാതെ ഏറ്റെടുത്ത് നടത്തുന്ന വ്യക്തികള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അത്തരം ഒരു വ്യക്തിയെ എനിക്ക് നേരിട്ടറിയാം. അദ്ദേഹം എറണാകുളത്ത് ഗാന്ധി നഗറിനടുത്തുള്ള ഒരു കോളനി സ്വയം ദത്തെടുത്ത്, ആ കോളനി വാസികള്‍ക്ക് പട്ടിണിയില്ലാതെ ജീവിക്കാന്‍ വേണ്ട എല്ലാ വിഭവങ്ങളും എത്തിച്ചു കൊടുക്കുന്നു. കോളനിയില്‍ താമസിക്കുന്ന എല്ലാ വിഭാഗക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ഈ പ്രവര്‍ത്തനം മഹല്ല് ഏറ്റെടുക്കുമ്പോള്‍ അത് കുറെക്കൂടി കാര്യക്ഷമമാക്കാം.
പരിഗണിക്കാവുന്ന മറ്റൊരു രംഗമാണ് സകാത്തിന്റെയും മറ്റു ദാനധര്‍മങ്ങളുടെയും വിതരണം. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ വിശ്വാസിയല്ല എന്നാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചത്. അയല്‍പക്കത്തുള്ള മുസ്‌ലിം എന്ന് അദ്ദേഹം പറഞ്ഞില്ല. അയല്‍പക്കക്കാരന്‍ എന്നേ പറഞ്ഞുള്ളൂ. അയല്‍പക്കത്ത് താമസിക്കുന്നവര്‍ മുഴുവന്‍ അവിശ്വാസികളാകാം. അവരുടെയും വിശപ്പടക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ദാനധര്‍മങ്ങള്‍ ഒരു കൂട്ടര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ശരിയാണോ? ഇക്കാര്യത്തിലും മാതൃക കാണിക്കുന്ന വ്യക്തികളെ ഓരോ മഹല്ലിലും നമുക്ക് കാണാം. അവര്‍ക്ക് കിട്ടുന്ന ആദരവും അനുഗ്രഹവും ഒന്നു വേറെ തന്നെയാണ്.
ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമല്ല, സര്‍വ ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ടാണല്ലോ ഖുര്‍ആനിലുടനീളം 'യാ അയ്യുഹന്നാസ്' എന്ന് സര്‍വ ജനങ്ങളെയും അഭിസംബോധനം ചെയ്യുന്നത്. ഈ ഉദ്ദേശ്യം മനസ്സിലാക്കി വേണം നമ്മുടെ ഓരോ പ്രവര്‍ത്തനവും.
മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുക, മുസ്‌ലിംകളുടെ ആഘോഷങ്ങളില്‍ മറ്റു മതസ്ഥരെ പങ്കെടുപ്പിക്കുക മുതലായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മത സൗഹാര്‍ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. ഇത് ഇന്നത്തെ ചുറ്റുപാടില്‍ വളരെ അനുപേക്ഷണീയമാണ്. മതങ്ങളുടെ പേരില്‍ തമ്മിലടിപ്പിക്കാനും ഭിന്നിപ്പിക്കാനും ഭരണം കൈയടക്കാനും ശ്രമിക്കുന്ന ശക്തികളുടെ സ്വാധീനം ഇല്ലായ്മ ചെയ്യാന്‍ ഇത്തരം സമീപനങ്ങള്‍ കൊണ്ട് സാധിക്കും.
മേല്‍ പറഞ്ഞ കാര്യങ്ങള്‍ കര്‍മരൂപത്തില്‍ വരുത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല. പരിചയിച്ച് വന്ന ശീലങ്ങളില്‍ മാറ്റം വരുത്തണമെന്ന് മാത്രം. നാം ഇങ്ങനെ ഒരു എക്‌സ്ട്രാ മൈല്‍ സഞ്ചരിക്കാന്‍ തയാറാകുമ്പോള്‍, മറ്റു മതസ്ഥരും ഒരു എക്‌സ്ട്രാ മൈല്‍ സഞ്ചരിക്കാന്‍ തയാറാകും. നാട്ടില്‍ സൗഹാര്‍ദം വര്‍ധിക്കും. സമാധാനം ഉണ്ടാകും. ഈ സമാധാനം സംസ്ഥാനത്തിലേക്കും രാഷ്ട്രത്തിലേക്കും വ്യാപിക്കും. ഛിദ്രശക്തികളുടെ താല്‍പര്യങ്ങള്‍ക്കും ഇതോടെ അറുതിയാകും.
Comments