Prabodhanm Weekly

Pages

Search

2015 നവംബര്‍ 06

രണ്ടു മുറിവുകള്‍

അപര്‍ണ ഉണ്ണികൃഷ്ണന്‍

രണ്ടു മുറിവുകള്‍

അപര്‍ണ ഉണ്ണികൃഷ്ണന്‍

കാട്

മൈലാഞ്ചിപ്പടര്‍പ്പിലെ പുറ്റില്‍
നിന്നും കുടിയിറക്കപ്പെട്ട്,
ചക്രങ്ങളുടെ കാളിയമര്‍ദ്ദനത്തില്‍
മറ്റേ ലോകത്തേയ്ക്ക് ഉറയൂരും മുമ്പ്
തിരഞ്ഞുപോയ മുറികൂട്ടിപ്പൊടിപ്പുകള്‍
മച്ചിലെ കാല്‍പ്പെട്ടിയ്ക്കുള്ളില്‍,
ഉറ കുത്തിയ താളിയോലക്കെട്ടില്‍ നിന്നും,
'അപ്പന്റെ ചട്ടി' വാങ്ങിയ വയസ്സന്റെ 
വെള്ളെഴുത്തു പിടിച്ച ഓര്‍മകളില്‍ നിന്നും
മാഞ്ഞുതുടങ്ങിയ കാലത്താണ്
കാടിന്റെ കടയ്ക്കല്‍ അവര്‍ മഴു വച്ചത്...
രക്ഷപ്പെട്ട വിത്തിലെ, പക വടുകെട്ടിയ മരം
തെക്കേത്തൊടിയില്‍ കാടു പിടിയ്ക്കുന്നു.

 

കടല്‍

ഏറ്റുവാങ്ങാവുന്നതെല്ലാം വാങ്ങി
ഒടുക്കം പുഴയുടെ കണ്ണീരുപ്പു 
തട്ടി മുറികൂടിയ കടലിന്റെ
'ഇരട്ടച്ചങ്കില്‍' നങ്കൂരമാഴ്ത്തി,
സൂര്യനുരുക്കിയെടുത്ത ഉപ്പിന്
കുടിലു തൊട്ട് കൊട്ടാരം വരെ
അരക്കിലോ എട്ടു രൂപയുടെ
പാസില്‍ പ്രവേശനം
മരിച്ച പുഴയ്ക്ക് 
ഉദകം ചെയ്യാനുള്ള
'ഓര്‍ഗാനിക് ഉണങ്ങലരി'
നികത്തപ്പെട്ട പാടത്തിനു മീതെ
ഉയര്‍ന്ന മട്ടുപ്പാവില്‍ 
സൂര്യന്റെ 
ഉമിത്തീയ്ക്കു കീഴെ വേവുന്നു.

 

പട്ടിപിടുത്തക്കാരന്റെ 
അയല്‍വാസിയുടെ 
വെളിപ്പെടുത്തല്‍

ഫായിസ് മണ്ണാര്‍ക്കാട്

പുല്ല് മാത്രം തിന്നാനറിയാവുന്ന 
ബീഫ് തിന്നാത്ത 
പട്ടികളെയാണയാള്‍ക്കിപ്പോളാവശ്യം!!
അരി തിന്നാത്ത 
ആശാരിച്ചിയെ കടിക്കാത്ത 
മുറുമുറുപ്പുകളുയര്‍ത്താത്ത
നല്ല അനുസരണശീലമുള്ള പട്ടികള്‍.
പുലിവാല് കുറേയേറെ പിടിച്ചിട്ടുണ്ടെങ്കിലും 
പട്ടികളെ അയാളൊന്ന് തൊടുക പോലുമില്ലെന്ന് 
എനിക്ക് മാത്രമേ അറിയൂ.
വീടിനു അറുപത്തിനാലടിയകലെ 
പ്രത്യേകം നിര്‍മിച്ച കൂട്ടിലേ 
അയാളിവറ്റകളെ താമസിപ്പിക്കൂ. 
വിശന്ന് പൊരിഞ്ഞ് പ്രതിഷേധക്കുരയുയര്‍ത്തുമ്പോള്‍ 
ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിമാത്രം 
അല്‍പം പുല്ല് കൊടുത്ത് പ്രീണിപ്പിക്കും.
അതിഥികള്‍ വരുമ്പോള്‍ 
വാലാട്ടി നിന്നതിന് 
സ്മാര്‍ട്ട് ബോയെന്നും പറഞ്ഞ് 
എല്ലിന്‍ കഷ്ണങ്ങള്‍ എറിഞ്ഞ് കൊടുത്തതെല്ലാം 
പുറംപൂച്ചായിരുന്നെന്ന്
പട്ടികള്‍ തിരിച്ചറിയാതെ പോയി.
യജമാനന്റെ വീട് തന്റേത് കൂടിയാണെന്ന്, 
ചങ്ങലകളാണ് സ്വാതന്ത്ര്യമെന്ന് ധരിച്ച് വശായ, 
ആജ്ഞാപിച്ചാല്‍ മാത്രം കുരക്കുന്ന 
പാവം പട്ടികള്‍.
അത്‌കൊണ്ടാണ് 
കൂട്ടിലടച്ച് കെട്ടിയിട്ട് 
പെട്രോളൊഴിച്ച് ജീവനോടെ 
ചുട്ട് കൊന്ന വിവരം പുറത്ത് വന്നപ്പോള്‍ 
തന്റെ കാറിന് കുറുകെ ചാടിയ ചാവാലിപ്പട്ടി 
ചക്രത്തിനടിയില്‍ കുടുങ്ങുമ്പോള്‍ തോന്നുന്ന 
മനസ്താപം മാത്രം അയാള്‍ക്ക് 
തന്റെ 'അരുമകളായ' പട്ടികളുടെ 
'അസ്വാഭാവിക മരണത്തെ' 
(അതോ ആത്മഹത്യയോ) 
സംബന്ധിച്ച്
മൃഗസ്‌നേഹികളുടെ ചോദ്യത്തിനുത്തരമായ് 
പറയാനുണ്ടായത്!
എല്ലാ പട്ടികളും 
തന്റെ പട്ടികളെ പോലെയാണെന്നായിരുന്നു 
അയാളുടെ വിചാരം.
പുതിയ പട്ടികളെ പിടിക്കാനിറങ്ങിയപ്പോഴാണത്രേ
കുരക്കാന്‍ മാത്രമല്ല 
വിശന്ന് പൊരിഞ്ഞാല്‍ 
കുരച്ച് കുരച്ച് 
കൂട്ടം കൂടി 
ഭക്ഷണം നിഷേധിച്ചവരുടെ 
കഴുത്തില്‍ ഉളിപ്പല്ലുകളാഴ്ത്താനും 
പുതിയ പട്ടികള്‍ക്കറിയാമെന്നയാളറിഞ്ഞത്.
അത്‌കൊണ്ടാണ് 
കുരക്കുന്ന പട്ടികളെയെല്ലാം 
പേപ്പട്ടീ.. പേപ്പട്ടീയെന്ന് 
മുദ്രകുത്തി 
അയാളും സില്‍ബന്തികളും 
തല്ലിക്കൊല്ലാന്‍ 
വിളിച്ച് പറയുന്നത്.
ഇപ്പറഞ്ഞതൊന്നും പുറത്താരോടും പറയല്ലേ സുഹൃത്തേ..
എന്നെയുമയാള്‍...
എല്ലാ പട്ടികള്‍ക്കുമൊരു ദിനമുണ്ടെന്ന് 
അയാള്‍ തിരിച്ചറിയാതിരിക്കില്ല!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /15-18
എ.വൈ.ആര്‍