Prabodhanm Weekly

Pages

Search

2015 നവംബര്‍ 06

നമുക്ക് ദിശ കാണിക്കുന്ന കോംപസ്

കെ.പി ഇസ്മാഈല്‍ /ലൈക് പേജ്

         വെര്‍ണര്‍ ഹെയ്‌സെന്‍ ബെര്‍ഗ് പറഞ്ഞു: 'ഞങ്ങള്‍ പാശ്ചാത്യര്‍ മനോഹരമായ ഒരു കപ്പല്‍ പണിതു. എല്ലാവിധ സുഖസൗകര്യങ്ങളും അതിലുണ്ടായിരുന്നു. പക്ഷെ, ഒന്നുമാത്രമില്ല-ദിശയറിയാനുള്ള കോംപസ്.'

മനുഷ്യജീവിതത്തിന് കോംപസ് നല്‍കുന്നു എന്നതാണ് ഇസ്‌ലാമിന്റെ സവിശേഷത. എന്നാല്‍ സമാധാന സന്ദേശവും ലക്ഷ്യബോധവും നല്‍കുന്ന ഖുര്‍ആനെ എങ്ങനെയെല്ലാം ആക്രമിച്ചു വിലയിടിക്കാം എന്നതാണ് ഭീകരവാദത്തിന്റെ കൊയ്ത്തുകാലത്ത് നടക്കുന്ന പ്രധാന അജണ്ട. 

ഖുര്‍ആനില്‍ യുദ്ധത്തെക്കുറിക്കുന്ന വാക്യങ്ങളുണ്ട് എന്നത് ശരിയാണ്. മുഹമ്മദ് നബി ദിവ്യസന്ദേശവുമായി ജനമധ്യത്തിലേക്കിറങ്ങിയപ്പോള്‍ അവ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതിനു പകരം, നബിയെയും സഖാക്കളെയും ആക്രമിക്കാനും ഇല്ലായ്മ ചെയ്യാനുമാണ് ശത്രുക്കള്‍ ശ്രമിച്ചത്. സ്വാഭാവികമായും സ്വയരക്ഷക്കായി ആയുധമെടുക്കേണ്ടി വന്നു. അതും അല്ലാഹുവിന്റെ അനുമതിയോടെ മാത്രം. ആ സംഭവങ്ങളാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. ഇസ്‌ലാം ജനിച്ചതും വളര്‍ന്നതും എത്രമാത്രം പ്രതികൂലാവസ്ഥയിലായിരുന്നുവെന്ന് വരും തലമുറ അറിയേണ്ടതുണ്ടായിരുന്നു. ത്യാഗസ്മരണകളുണരുമ്പോഴാണ് ആദര്‍ശബോധം ജ്വലിച്ചു നില്‍ക്കുന്നത്. ഈയൊരു ക്രിയാത്മക ദൗത്യമാണ് ഖുര്‍ആനിലെ യുദ്ധവാക്യങ്ങള്‍ വായനക്കാരന് നല്‍കുന്നത്. പ്രതിരോധത്തില്‍ പോലും നീതി പാലിക്കണമെന്നും അതിക്രമം പാടില്ലെന്നും അക്രമികളോടു മാത്രമേ പോരാട്ടം പാടുള്ളൂവെന്നും ഖുര്‍ആന്‍ ശക്തമായി ഉണര്‍ത്തുന്നു. ഖുര്‍ആന്‍ യുദ്ധചരിത്രം വിവരിക്കുന്നത് അനുയായികള്‍ എത്രമാത്രം സഹിഷ്ണുതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് ഉണര്‍ത്താനാണെന്ന് വ്യക്തമാണ്. 

നബിയെയും അനുചരന്മാരെയും അതുവഴി അത്യുദാത്തമായ ഒരു വിപ്ലവ പ്രസ്ഥാനത്തെയും ഉന്മൂലനം ചെയ്യാന്‍ ശത്രുക്കള്‍ നടത്തിയ ക്രൂരവും കിരാതവുമായ ചരിത്രം രേഖപ്പെടുത്തേണ്ടത് ഖുര്‍ആന്റെ അനിവാര്യത തന്നെയായിരുന്നു. ആ പ്രതിരോധ പോരാട്ട ചരിത്രം വിട്ടുകളഞ്ഞ ഖുര്‍ആനെപ്പറ്റി ചിന്തിക്കാനേ ആവില്ല. ചരിത്രത്തില്‍ നിന്ന് ആവേശവും ഉത്തേജനവും ഉള്‍ക്കൊള്ളാത്ത ജനത ജീവിതത്തില്‍ വിജയിക്കുകയില്ല എന്നതിന് ചരിത്രം തന്നെ സാക്ഷിയാണ്. ''യുദ്ധത്തിനൊരുങ്ങിയിരിക്കുകയാണ് സമാധാനം പാലിക്കാനുള്ള ഉത്തമ മാര്‍ഗം.'' (ജോര്‍ജ് വാഷിംഗ്ടണ്‍). ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ ശ്രദ്ധിക്കു: ''ഒരു രാജ്യത്തിനും ജനതയ്ക്കും അത്യുന്നത പദവിയിലെത്തണമെന്നുണ്ടെങ്കില്‍, ഭൂതകാലത്തെ അവരുടെ വീരനായകന്മാരുടെയും സാഹസകൃത്യങ്ങളുടെയും വിജയങ്ങളുടെയും പൊതുവായ സ്മരണകളുണ്ടാവണം'' (ജ്വലിക്കുന്ന മനസ്സുകള്‍).

ഉത്തമവ്യക്തിത്വം രൂപപ്പെടുത്താന്‍ സഹായകമായ ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് ഖുര്‍ആന്റെ കാമ്പ്. അവയുടെ പ്രായോഗിക രൂപമായിരുന്നു നബിയുടെ ജീവിതം. ഖുര്‍ആനും ഹദീസും നല്‍കുന്ന മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയിരുന്നെങ്കില്‍ മുസ്‌ലിം ജീവിതം പളുങ്കുപാത്രം പോലെ മിന്നിത്തിളങ്ങുമായിരുന്നു. ദുഃഖകരമെന്ന് പറയട്ടെ, സ്വന്തം കൈവശമിരിക്കുന്ന രത്‌നത്തിന്റെ വിലയറിയാത്ത വ്യാപാരികളായി അധഃപതിച്ചിരിക്കുന്നു മുസ്‌ലിംകള്‍. ഒരു മഹദ്‌വചനം ഇങ്ങനെ: ''വലിയ മനുഷ്യര്‍ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ശരാശരി മനസ്സുകള്‍ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇടുങ്ങിയ മനസ്സുകള്‍ വ്യക്തികളെപ്പറ്റി ചര്‍ച്ച ചെയ്യുന്നു.'' മുസ്‌ലിംകള്‍ക്ക് പറ്റിയ തെറ്റ് അവര്‍ ആശയങ്ങളില്‍ നിന്ന്  താഴെയിറങ്ങി എന്നതാണ്. സാമുദായികത അവരുടെ ലക്ഷ്യമായി. വ്യക്തികള്‍ അവരുടെ ചര്‍ച്ചാവിഷയമായി. വ്യക്തികള്‍ക്ക് ചുറ്റും അന്ധമായി കറങ്ങുന്നതാണ് ചിലര്‍ക്ക് ദീന്‍. 

സര്‍വവിജ്ഞാനങ്ങളും കഴിവുകളും ദൈവത്തില്‍ നിന്നാണ്. മനുഷ്യന്‍ അതിന്റെ താല്‍ക്കാലിക ചുമതലക്കാരന്‍ മാത്രം.  ശിശുവായി ജനിച്ച് യൗവനത്തിലൂടെ കടന്നു പോകുന്ന മനുഷ്യന്‍ വാര്‍ധക്യത്തില്‍ കൊഴിഞ്ഞു പോകുന്നു. മനുഷ്യന്‍ വിജ്ഞാനത്തിന്റെ താല്‍ക്കാലിക വാഹകര്‍ മാത്രമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. 

സമ്പത്തും സ്ഥാനമാനങ്ങളും കെട്ടിടങ്ങളുമല്ല, മനസ്സിന്റെ കരുത്തും ദൈവ വിശ്വാസത്തിന്റെ തീര്‍ച്ചയും ജീവിതം ക്ഷണികമാണെന്ന ബോധവുമാണ് വിജയത്തിന്റെ പടവുകള്‍. ജീവിതമെന്ന മഹത്തായ സംഭവത്തെ നിസ്സാരമായി കാണുന്നത് കൊണ്ടാണ് സത്യം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ കാര്യത്തില്‍ മനുഷ്യന്‍ വിമുഖനാകുന്നതും അലസനാകുന്നതും. 

ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്നാണല്ലോ ഖലീഫാ ഉമര്‍ ഒരു ക്ഷേമരാഷ്ട്രം സ്ഥാപിച്ചത്. ആ ക്ഷേമരാഷ്ട്രത്തിന്റെ രക്ഷയും സമാധാനവും അനുഭവിക്കാന്‍ എല്ലാ മതക്കാരുമുണ്ടായിരുന്നു. ഇന്ന് സ്വന്തം അനുയായികളുടെ അവിവേകവും അജ്ഞതയും, സാമ്രാജ്യത്വ ശക്തികളുടെയും വര്‍ഗീയ വാദികളുടെയും ഗൂഢതന്ത്രങ്ങളും കൂടിച്ചേര്‍ന്ന് ഇസ്‌ലാമിന് അത് അര്‍ഹിക്കാത്ത ദുഷ്‌പേര് ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. ഖുര്‍ആന്‍ കൈയില്‍ വെച്ചുകൊണ്ട് മുസ്‌ലിംകള്‍ ദിശയറിയാതെ സഞ്ചരിക്കുന്നു. മറ്റുള്ളവര്‍ പൊരുളറിയാതെയോ പക തീര്‍ക്കാനോ ഇസ്‌ലാമിനെ കല്ലെറിയുന്നു.   

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /15-18
എ.വൈ.ആര്‍