യു.എന്‍ നോക്കുകുത്തിയാകുമ്പോള്‍ എന്തുണ്ട് ബദല്‍
അറിയപ്പെടുന്ന മനുഷ്യചരിത്രത്തിലുടനീളം വെട്ടിപ്പിടുത്തവും അധിനിവേശവും ഉണ്ടായിട്ടുണ്ട്. അത് ഇന്നും അവിരാമം തുടരുകയാണ്. ഒരു ജനതയോ രാഷ്ട്രമോ മറ്റൊരു ജനതയുടെയോ രാഷ്ട്രത്തിന്റെയോ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയും, സാമൂഹിക ജീവിതത്തിന്റെ അസ്തിവാരമായി കണക്കാക്കപ്പെടുന്ന തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും ചെയ്യുന്നതാണ് അധിനിവേശം എന്ന് സാമാന്യമായി പറയാം. ഈ സ്വാതന്ത്ര്യാപഹരണം ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തോട് ചെയ്യുന്നതാവാം. വേറെ ചിലപ്പോള്‍ ഒരു രാഷ്ട്രത്തിനകത്തുള്ള പ്രബല ജനത അതേ രാഷ്ട്രത്തിലെ ദുര്‍ബല വിഭാഗത്തിന്റെ സ്വാതന്ത്ര്യം കവര്‍ന്ന് അവരെ അടിമകളാക്കുന്ന രൂപത്തിലും സംഭവിക്കുന്നുണ്ട്. വൈദേശികാധിനിവേശമാണ് പൊതുവില്‍ ലോകശ്രദ്ധ ആകര്‍ഷിക്കാറുള്ളത്. എന്നാല്‍ ഓരോ രാഷ്ട്രത്തിന്റെയും അകത്ത് സംഭവിക്കുന്ന ആഭ്യന്തര അധിനിവേശവും തുല്യ അളവില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കാരണം ആക്രമണോത്സുകതയിലും നിഷ്ഠുരതയിലും ഈ ആഭ്യന്തര കോളനിവത്കരണവും ഒട്ടും പിന്നിലല്ല.
സ്വാതന്ത്ര്യം കവര്‍ച്ച ചെയ്യപ്പെടുക മാത്രമല്ല, അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെ ഉന്മൂലനവും അധിനിവേശത്തിലൂടെ സംഭവിക്കുന്നുണ്ട്. പ്രബല യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ നടത്തുന്ന കോളനിവത്കരണമാണ് പുതിയ കാലത്ത് അധിനിവേശത്തിന്റെ ഉദാഹരണം. വ്യവസായ വിപ്ലവത്തിലൂടെ കരുത്താര്‍ജിച്ച ഈ രാഷ്ട്രങ്ങള്‍ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ അടിമകളാക്കി ഒരു ആഗോള കോളനി വ്യവസ്ഥ സ്ഥാപിച്ച് 20-ാം നൂറ്റാണ്ടിന്റെ മധ്യം വരെ അവരുടെ അജയ്യത നിലനിര്‍ത്തിപ്പോന്നു. എന്നാല്‍ മര്‍ദിത രാഷ്ട്രങ്ങള്‍ പതിയെ സ്വാതന്ത്ര്യം വീണ്ടെടുത്തു. അപ്പോഴേക്കും ആ രാഷ്ട്രങ്ങളെ പ്രബലശക്തികള്‍ കുത്തുപാളയെടുപ്പിച്ചിരുന്നു. അവിടത്തെ പ്രകൃതി വിഭവങ്ങളും സമ്പത്തും തദ്ദേശീയര്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത വിധം അതിന്മേല്‍ യൂറോപ് അടയിരുന്നു. തുടര്‍ന്ന് സൈനിക ശക്തിയിലൂടെ ഈ അടിമരാജ്യങ്ങളെ തങ്ങളുടെ കച്ചവടച്ചന്തകളാക്കി മാറ്റി. തദ്ദേശ വ്യവസായങ്ങളെ വളരാന്‍ അനുവദിച്ചില്ല. വിദേശ നിര്‍മിത വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കാന്‍ ഈ രാഷ്ട്രങ്ങളെ അവര്‍ നിര്‍ബന്ധിച്ചു. ഇങ്ങനെ യൂറോപ്യന്‍ അധിനിവേശം ജനതയുടെ സ്വാതന്ത്ര്യം അപഹരിക്കുക മാത്രമായിരുന്നില്ല, അവരുടെ സ്വത്വ ഉന്മൂലനം കൂടി ലക്ഷ്യം വെക്കുന്നതായിരുന്നു.
പുരാതന അധിനിവേശം
സാങ്കേതിക വിദ്യ വളരുന്നതിന് മുമ്പ് അധിനിവേശം കടന്നുവന്നത് കോളനിവത്കരണത്തിന്റെ രൂപത്തിലായിരുന്നു. നേരത്തെ പറഞ്ഞ യൂറോപ്യന്‍ അധിനിവേശം കോളനിവത്കരണത്തിന്റെ ഒരിനമാണ്. സമൂഹത്തെ സൈനിക മുഷ്‌ക് പ്രയോഗിച്ച് കീഴ്‌പ്പെടുത്തുന്ന രീതിയാണ് പുരാതന കോളനിവത്കരണം. നാടുവാഴിത്തവും പ്രഭുത്വവും പുരാതന അധിനിവേശത്തിന്റെ മറ്റൊരു പതിപ്പാണ്. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളാണ് ഇതിനെ വെല്ലുവിളിച്ച് രംഗത്ത് വന്നത്. അടിച്ചമര്‍ത്തലില്‍ നിന്ന് നട്ടെല്ല് നിവര്‍ത്താന്‍ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ഉയിരെടുത്തു. ഈ സായുധ പ്രസ്ഥാനങ്ങള്‍ക്ക് പക്ഷെ, യൂറോപ്യന്‍ സൈനിക മുഷ്‌കിനു മുമ്പാകെ വിജയിക്കാനായില്ല. എന്നാല്‍ ഒന്നും രണ്ടും ലോക യുദ്ധങ്ങള്‍ കഴിഞ്ഞതോടെ യൂറോപ്യന്‍ ശക്തി ക്ഷയിച്ചു.
സ്വാതന്ത്ര്യത്തിന് വേണ്ടി സമാധാനപൂര്‍വം വിവിധ കോണുകളില്‍ നിന്നുയര്‍ന്ന മുറവിളിക്ക് പിന്നീടവര്‍ ചെവികൊടുക്കാന്‍ നിര്‍ബന്ധിതരായി. മനുഷ്യരുടെ സ്വാതന്ത്ര്യ വാഞ്ഛയെ സൈനിക മുഷ്‌കിലൂടെ അല്‍പകാലം തടഞ്ഞുനിര്‍ത്താന്‍ പറ്റിയേക്കാമെങ്കിലും, പൂര്‍ണമായി ഇല്ലായ്മ ചെയ്യാനാവില്ലെന്നതാണ് അതിലെ ചരിത്രപാഠം.
പുതിയ ഭാവം
20ാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യം നേടിയ ഏഷ്യന്‍ ആഫ്രിക്കന്‍ ജനത ഇനിയങ്ങോട്ട് സ്വാതന്ത്ര്യത്തിന്റെ മധു നുകരാമെന്ന് ആശിച്ചു. പക്ഷെ അത് സഫലമായില്ല. നിയമപരമായും ഔപചാരികമായും സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും യഥാര്‍ഥ സ്വാതന്ത്ര്യം മരിചികയായി. രണ്ടാം ലോക യുദ്ധാനന്തരം നിലവില്‍ വന്ന ശക്തരും പ്രബലരുമായ രാഷ്ട്രകൂട്ടായ്മയാണ് ആ സ്വാതന്ത്ര്യ നിഷേധത്തിന്റെ വക്താക്കള്‍. റഷ്യയും അമേരിക്കയും അതിന്ന് ചുക്കാന്‍ പിടിച്ചു. സൈനികാക്രമണത്തിന് പകരം രാഷ്ട്രീയവും തന്ത്രപരവുമായ നീക്കങ്ങളിലൂടെ സ്വാതന്ത്ര്യത്തെ അവര്‍ കവര്‍ന്നെടുത്തു. ഈ നവ അധിനിവേശം അരക്കിട്ടുറപ്പിക്കാനും നിലനിര്‍ത്താനും നിരവധി തന്ത്രങ്ങള്‍ പ്രയോഗിച്ചു.
ഒന്ന്: സൈനിക കരാറുകളുണ്ടാക്കി ഒരു ദുര്‍ബല രാജ്യത്തെ മറ്റൊരു ദുര്‍ബല രാജ്യത്തിന്റെ ശത്രുവാക്കി മാറ്റുക. രണ്ട്: സൈനിക താവളങ്ങളുടെ നിര്‍മാണം. മൂന്ന്: സാമ്പത്തിക ഉടമ്പടികള്‍. അതുവഴി ദുര്‍ബല രാജ്യങ്ങളെ തങ്ങളുടെ മാര്‍ക്കറ്റുകളാക്കാനാണ് അവര്‍ ശ്രമിച്ചത്; അവരുടെ പ്രകൃതി വിഭവങ്ങള്‍ കൈയടക്കാനും. നാല്: അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികള്‍ മുഖേന ദുര്‍ബല രാഷ്ട്രങ്ങളെ ശ്വാസം മുട്ടിക്കുക. അഞ്ച്: നയതന്ത്ര കാര്യാലയങ്ങളെ ഒതുക്കുന്ന സമീപനം കൈക്കൊണ്ടു. ആറ്: വിവിധ ഏജന്‍സികള്‍ മുഖേന ദുര്‍ബല രാഷ്ട്രങ്ങളെ രാഷ്ട്രീയമായും നയതന്ത്രപരമായും അമര്‍ച്ച ചെയ്യുക. ഏഴ്: മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും പേര് പറഞ്ഞ് ഇത്തരം രാഷ്ട്രങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുക.
എന്നാല്‍ സോവിയറ്റ് യൂനിയന്‍ പത്തി മടക്കിയതോടെ വെട്ടിപ്പിടുത്തത്തിന് പുതിയ മാനം കൈവന്നു. രണ്ട് ശാക്തിക ചേരികളുടെ സ്ഥാനത്ത് ഇപ്പോള്‍ ഒരു ശക്തി മാത്രമാണ് ഗോദയില്‍. ഏകധ്രുവ വ്യവസ്ഥ സ്ഥാപിച്ചെടുക്കുകയാണവര്‍. അതിനാല്‍ അധിനിവേശം മുഖേനയുള്ള ഉന്മൂലനം പഴയതിനെ അപേക്ഷിച്ച് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. കൂടുതല്‍ അടരുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിന്റെ രൗദ്രഭാവം തീക്ഷ്ണമായിക്കൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ ഏകധ്രുവ ശക്തിയും അതിന്റെ ശിങ്കിടികളും ചേര്‍ന്ന് മൊത്തം ലോകത്തിന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുത്തിരിക്കുന്നു.
എന്താണ് പ്രചോദനങ്ങള്‍?
ഒരു സമൂഹം മറ്റൊരു ജനതയുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്ത് അവരെ അടിമകളാക്കി വെക്കുന്നത് എന്തിനാണ്? വ്യക്തിയെ അക്രമത്തിനും അധീശത്വത്തിനും പ്രചോദിപ്പിക്കുന്ന എന്തെല്ലാം ഘടകങ്ങളുണ്ടോ, അവ തന്നെയാണ് ഈ ദുഷ്പ്രവണതക്ക് നിദാനം. അവ താഴെ പറയുന്നവയാണ്:
ഒന്ന്: അഹങ്കാരം, ഗര്‍വ്, പൊങ്ങച്ചം. രണ്ട്: അന്യന്റെ സ്വത്തും വിഭവങ്ങളും പിടിച്ചെടുക്കാനുള്ള ത്വര. ഈ ദുര്‍വികാരം നിയന്ത്രിക്കാനാവാതെ വന്നാല്‍ വ്യക്തിയും ജനതയും അക്രമത്തിലേക്കും സ്വേഛാധിപത്യത്തിലേക്കും നീങ്ങും. അവര്‍ ദുര്‍ബലരെ ചവിട്ടി മെതിക്കും. ഇത്തരം ശക്തികള്‍ക്ക് മൂക്കുകയറിടാന്‍ കെല്‍പ്പുള്ള വേദികളൊന്നും അന്താരാഷ്ട്രതലത്തില്‍ ഇല്ലാതെ വന്നാല്‍ അധിനിവേശം അതിന്റെ ഉഗ്രരൂപം പൂണ്ട് പ്രത്യക്ഷപ്പെടുകയായി. ആ വെട്ടിപ്പിടുത്തത്തിന്റെ രൂപഭാവങ്ങള്‍ എന്തൊക്കെയായിരുന്നാലും, അതിന്റെ പ്രചോദനം മുകളില്‍ പറഞ്ഞവ തന്നെയായിരിക്കുമെന്ന് തീര്‍ച്ച.
ഗര്‍വും അഹങ്കാരവും
അഹങ്കാരികള്‍ ഒരിക്കലും അംഗീകൃത നിയമങ്ങള്‍ പാലിക്കുന്നവരായിരിക്കില്ല. മറ്റുള്ളവരുടെ അവകാശം കവര്‍ന്നെടുക്കുന്നതിലായിരിക്കും എപ്പോഴും അവരുടെ കണ്ണ്. ഖാറൂന്‍ എന്ന സമ്പന്നനെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പറയുന്നിടത്ത് (അല്‍ഖസ്വസ് 76-78) അയാള്‍ തന്റെ സമ്പത്തിലും അറിവിലും അഹന്ത പ്രകടിപ്പിച്ചിരുന്നുവെന്ന് കാണാം. അതേ അഹങ്കാരമാണ് പാശ്ചാത്യ ശക്തികളില്‍ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങളാര്‍ജ്ജിച്ച സാങ്കേതിക വിദ്യയിലും ശാസ്ത്ര പുരോഗതിയിലും അവര്‍ ഊറ്റം കൊള്ളുന്നു. തങ്ങളുടെ അബദ്ധ വീക്ഷണങ്ങളെയും ചിന്താഗതികളെയും അവതരിപ്പിക്കുന്നതിലും അവര്‍ മിടുക്കരാണ്. മനുഷ്യത്വത്തെ കാല്‍ചുവട്ടിലിട്ട് ചവിട്ടിത്താഴ്ത്തുകയാണ് അവര്‍. പഴയ പ്രഭുക്കന്മാര്‍ക്കും ഭരണാധികാരികള്‍ക്കും ഉണ്ടായിരുന്ന അതേ അഹങ്കാര ഭാവം തന്നെ.
അഹന്തകൊണ്ട് കണ്ണ് കാണാതെ അവര്‍ പരാജിത ജനതയെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്തു. സബഅ് രാജ്ഞിയുടെ വാക്കുകള്‍ വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''അവര്‍ പറഞ്ഞു: രാജാക്കന്മാര്‍ ഒരു നാട്ടില്‍ പ്രവേശിച്ചാല്‍ അവിടെ കുഴപ്പം സൃഷ്ടിക്കുന്നു. അവിടത്തെ അഭിമാനികളെ, അപമാനിതരാക്കി മാറ്റുകയും ചെയ്യുന്നു.'' (അന്നംല് 46). സമൂദ് ജനത അവരുടെ ഗര്‍വ് പ്രകടമാക്കിയത് അനാവശ്യമായ രമ്യഹര്‍മങ്ങള്‍ പണിതുകൊണ്ടായിരുന്നു. അപ്പോള്‍ സ്വാലിഹ് (അ) അവരെ ഉണര്‍ത്തി: ''അല്ലാ, ഇവിടെ ഇക്കാണുന്നതിലൊക്കെ നിര്‍ഭയരായി യഥേഷ്ടം വിഹരിക്കാന്‍ നിങ്ങളെ വിട്ടേക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്? അതായത് ഈ തോട്ടങ്ങളിലും അരുവികളിലും? വയലുകളിലും പാകമായ പഴക്കുലകള്‍ നിറഞ്ഞ ഈന്തപ്പനത്തോപ്പുകളിലും നിങ്ങള്‍ ആര്‍ഭാടപ്രിയരായി പര്‍വതങ്ങള്‍ തുരന്ന് വീടുകളുണ്ടാക്കുന്നു. നിങ്ങള്‍ ദൈവ ഭക്തരാവുക. എന്നെ അനുസരിക്കുക'' (അശ്ശുഅറാഅ് 146-150).
ഗര്‍വില്‍ നിലകൊള്ളുന്ന വഴിതെറ്റിയ ജനസമൂഹം തങ്ങളുടെ അടിത്തറയായ പൂതലിച്ച ദര്‍ശനങ്ങളെയും വീക്ഷണങ്ങളെയും സത്യമായി അവതരിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. അതിന്റെ എതിര്‍ഭാഗത്തുള്ള ദൈവിക മാര്‍ഗദര്‍ശനത്തെ അവര്‍ അവഗണിക്കുകയും ചെയ്യുന്നു. നരകമാണ് അത്തരക്കാരുടെ സങ്കേതമെന്ന് അല്ലാഹു പറയുന്നു: ''പറയുക: തങ്ങളുടെ കര്‍മങ്ങള്‍ തീര്‍ത്തും നഷ്ടപ്പെട്ടവരായി മാറിയവരാരെന്ന് ഞാന്‍ നിങ്ങളെ അറിയിച്ചുതരട്ടെയോ? ഇഹലോക ജീവിതത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളൊക്കെ പിഴച്ചു പോയവരാണവര്‍. അതോടൊപ്പം തങ്ങള്‍ ചെയ്യുന്നതെല്ലാം നല്ലതാണെന്ന് കരുതുന്നവരും തങ്ങളുടെ നാഥന്റെ വചനങ്ങളെയും അവനുമായി കണ്ടുമുട്ടുന്നതിനെയും കള്ളമാക്കി തള്ളിയവരുമാണവര്‍. അതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴായിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ നാം അവയ്ക്കു ഒട്ടും പരിഗണന കല്‍പ്പിക്കുകയില്ല. അതാണ് അവര്‍ക്കുള്ള പ്രതിഫലം; നരകം. സത്യത്തെ നിഷേധിക്കുകയും നമ്മുടെ പ്രമാണങ്ങളെയും പ്രവാചകന്മാരെയും പുഛിക്കുകയും ചെയ്തതിനുള്ള ശിക്ഷ'' (അല്‍കഹ്ഫ് 103-106).
അധികാര പ്രമത്തത
അക്രമത്തിനും സ്വേഛാധിപത്യത്തിനും വഴിവെക്കുന്ന രണ്ടാമത്തെ ഘടകം അധികാരം അരക്കിട്ടുറപ്പിക്കാനുള്ള ഒടുങ്ങാത്ത വാഞ്ഛയാണ്. പുറമേക്ക് തങ്ങള്‍ സത്യസന്ധരാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. അകമേ തങ്ങളുടെ യഥാര്‍ഥ ഉദ്ദേശ്യം മറച്ചുവെക്കുകയും ചെയ്യുന്ന ഇത്തരക്കാരെ പറ്റിയുംഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. അധികാരം കൈയില്‍ കിട്ടുമ്പോള്‍ തങ്ങളുടെ തനി സ്വഭാവം അവര്‍ പുറത്തെടുക്കും. ഖുര്‍ആന്‍ പറയുന്നു: ''ചില മനുഷ്യരുണ്ട്. ഐഹിക ജീവിതത്തെ സംബന്ധിച്ച അവരുടെ സംസാരം നിന്നില്‍ കൗതുകമുണര്‍ത്തും. തങ്ങളുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുത്താന്‍ അവര്‍ അല്ലാഹുവെ സാക്ഷിനിര്‍ത്തും. വാസ്തവത്തില്‍ സത്യത്തിന്റെ കൊടുംവൈരികളാണവര്‍. അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്. കൃഷിനാശം വരുത്താനും മനുഷ്യകുലത്തെ നശിപ്പിക്കാനുമാണ്. എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല. അല്ലാഹുവെ സൂക്ഷിക്കുക എന്ന് ആരെങ്കിലും അവനോട് പറഞ്ഞാല്‍ അഹങ്കാരം അവനെ അതിനനുവദിക്കാതെ പാപത്തില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തുന്നു. അവന് നരകം തന്നെ മതി. അത് എത്ര ചീത്ത ഇടം!'' (അല്‍ബഖറ 204-206).
ഫറോവയുടെ അതിക്രമങ്ങളെ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ് അയാളെയും പിടികൂടിയിരുന്നത്. അതിനാലാണ് തന്റെ രാജ്യത്തിനകത്ത് തന്നെ കഴിയുന്ന ഇസ്‌റാഈല്യരെ അയാള്‍ അധിനിവേശം ചെയ്യുന്നത് (അല്‍ഖസ്വസ്വ് 4-6). ആദ് സമൂഹം അവരുടെ സമീപവാസികളോട് സ്വേഛാധിപത്യ നിലപാട് സ്വീകരിച്ചപ്പോള്‍ ഹൂദ് (അ) ഉണര്‍ത്തിയത് ഇങ്ങനെ: ''വെറുതെ പൊങ്ങച്ചം കാട്ടാനായി നിങ്ങള്‍ എല്ലാ കുന്നിന്മുകളിലും സ്മാരക സൗധങ്ങള്‍ കെട്ടിപ്പൊക്കുകയാണോ? നിങ്ങള്‍ക്ക് എക്കാലവും പാര്‍ക്കാനെന്ന പോലെ പടുകൂറ്റന്‍ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തുകയാണോ? നിങ്ങള്‍ ആരെയെങ്കിലും പിടികൂടിയാല്‍ വളരെ ക്രൂരമായാണ് ബലപ്രയോഗം നടത്തുന്നത്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭയഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക.'' (അശ്ശുഅറാഅ് 128-131)
സമ്പത്തിനോട് ആര്‍ത്തി
വ്യക്തിയെപോലെ സമൂഹത്തെയും സമ്പത്തിനോടുള്ള അത്യാര്‍ത്തി പിടികൂടാം. സാമ്പത്തിക ദുരമൂത്ത ജനത ഇതര ജനവിഭാഗങ്ങളുടെ പ്രകൃതി വിഭവങ്ങളും സമ്പത്തും അന്യായ മാര്‍ഗേണ പിടിച്ചടക്കുന്ന അധിനിവേശം സമീപകാലത്ത് ഏറെ ശക്തമായിട്ടുണ്ട്. സമ്പത്തിനോടുള്ള മോഹം പരിധിവിടുന്നവര്‍ പരലോകത്തെ വിസ്മരിക്കുക സ്വാഭാവികമാണ്. ദുര്‍ബലരുടെ സമ്പത്ത് കൊള്ള ചെയ്യുന്നവരാണവര്‍. അത്തരം പ്രകൃതക്കാരെ പറ്റി ഖുര്‍ആന്‍ അല്‍ഫജ്ര്‍ അധ്യായത്തില്‍ (സൂക്തം 17-20) പ്രതിപാദിച്ചിട്ടുണ്ട്. മനുഷ്യ സമൂഹത്തിന് മേല്‍ ആസൂത്രിതമായി ആക്രമണം നടത്തുന്ന ഇത്തരം സംഘങ്ങള്‍ കൊള്ളക്കാരായാണ് മാറുന്നത്. സമ്പത്തിനോടുള്ള ഒടുങ്ങാത്ത മോഹമാണവരെ നയിക്കുന്നത്'' (അല്‍ ആദിയാത്ത്).
മാറ്റത്തിനുള്ള ചുവടുവെപ്പ്
ലോകത്ത് നിലനില്‍ക്കുന്ന കയ്പുറ്റ യാഥാര്‍ഥ്യമാണ് അധിനിവേശം. അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് വലിയൊരു ചോദ്യമാണ്. അക്രമം തടയാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ തന്നെയാണ് ഈ പിശാചിനെയും നിലക്ക് നിര്‍ത്താനുള്ള മാര്‍ഗമെന്നതാണ് അടിസ്ഥാനപരമായ ഉത്തരം. വ്യക്തികളിലെ അക്രമ, സ്വേഛാധിപത്യ പ്രവണതകളെ നേരിടാന്‍ മൂന്ന് ആസൂത്രണങ്ങളാണ് അനിവാര്യം. ഒന്ന്: വ്യക്തികളെ ബോധവത്കരിക്കുക. രണ്ട്: സമൂഹത്തിനകത്ത് അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം വളര്‍ത്തി കൊണ്ടുവരിക. അതുമുഖേന അധിനിവേശം തെറ്റായ നടപടിയാണെന്ന ചിന്ത വളര്‍ന്നുവരണം. മൂന്ന്: അക്രമിയെ പിടച്ചുകെട്ടാന്‍ കെല്‍പ്പുള്ള നിയമവ്യവസ്ഥയുടെയും ഭരണ വ്യവസ്ഥയുടെയും സംസ്ഥാപനം. ഗോദയിലെ മല്ലന്മാരെ അധിനിവേശത്തില്‍ നിന്ന് അകറ്റി നിര്‍ത്തുവാനും, അവരെ അക്കാര്യത്തില്‍ വിചാരണ നടത്തുവാനും ആ സ്വതന്ത്ര ബോഡികള്‍ക്ക് കരുത്തുണ്ടാവണം.
ബോധവത്കരണം
അധിനിവേശകരായി പടയോട്ടം നടത്തുന്ന പ്രബലരാഷ്ട്രങ്ങളിലെ പൗരന്മാരുടെ മനഃസാക്ഷിയാണ് എപ്പോഴും ജാഗരൂകമായിരിക്കേണ്ടത്. വിവര സാങ്കേതിക വിദ്യകള്‍ പ്രചുരമായ ഇക്കാലത്ത് ആരുമായും ബന്ധം വളര്‍ത്തുക ഏറെ എളുപ്പമായിട്ടുണ്ട്. അതിനാല്‍ പ്രബല രാഷ്ട്രങ്ങളിലെ ബുദ്ധിയും ചിന്തയുമുള്ള വ്യക്തികളുമായി ബന്ധം സ്ഥാപിച്ച് പ്രസ്തുത രാഷ്ട്രങ്ങളുടെ ഭരണാധികാരികള്‍ ചെയ്യുന്ന അധിനിവേശത്തിന്റെ ബുദ്ധിശൂന്യതയെ പറ്റി അവരെ ബോധവത്കരിക്കുകയെന്നത് നമ്മുടെ ചുമതലയാണ്. പൊതുസമൂഹത്തിന്റെ മനഃസാക്ഷി ഉണര്‍ന്നാല്‍ അത് ഭരണകൂടത്തിന്റെ വീക്ഷണത്തെ സ്വാധീനിക്കാതിരിക്കില്ല.
ന്യൂനപക്ഷമായ പ്രബല രാഷ്ട്രങ്ങളുടെ കോടാലി ക്കൈകളാവാന്‍ അധിനിവേശത്തിലൂടെ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ് ലോകത്തെ ഭൂരിപക്ഷം വരുന്ന ദുര്‍ബല രാജ്യങ്ങള്‍. ഈ ദുരവസ്ഥക്ക് മാറ്റം സംഭവിക്കണമെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ അഭിപ്രായ രൂപീകരണം നടക്കണം. അതിന് വേണ്ടി രൂപവത്കരിക്കുന്ന അന്താരാഷ്ട്ര ബദല്‍ വേദി ഏതെങ്കിലും കരുത്തുള്ള രാഷ്ട്രങ്ങളുടെ ഓരം ചാരി നില്‍ക്കുകയല്ല വേണ്ടത്. അന്താരാഷ്ട്ര വേദി നിഷ്പക്ഷമായി നിലകൊള്ളണം. ചേരിചേരാ പ്രസ്ഥാനത്തിന് അത്തരം ഒരു വേദി രൂപീകരിക്കാനുള്ള ത്രാണി ഉണ്ടായിരിരുന്നെങ്കിലും, ഇപ്പോള്‍ ആ പ്രസ്ഥാനം ഫലത്തില്‍ ഇല്ലാതായിരിക്കുന്നു. അതിനാല്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഒരുപടി മുന്നോട്ട് കടന്ന് അത്തരം കരുത്തുറ്റ ഒരു വേദിയുണ്ടാക്കാനുള്ള ആലോചനകള്‍ നടത്തണം. ദുര്‍ബല രാഷ്ട്രങ്ങളെയും നീതി ആഗ്രഹിക്കുന്ന ഭരണകൂടങ്ങളെയും പ്രതിനിധീകരിക്കുന്നവരായി മാറട്ടെ അവര്‍. നീതിയുടെ പിന്‍ബലത്തില്‍ അന്താരാഷ്ട്ര സമാധാനം ലക്ഷ്യം വെച്ചാണവര്‍ പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെയൊരു വേദി യാഥാര്‍ഥ്യമാവുകയാണെങ്കില്‍ അത് അന്താരാഷ്ട്ര പൊതുജനാഭിപ്രായത്തിന്റെ യഥാര്‍ഥ പ്രതിഫലനമായിരിക്കും. ഇപ്പോള്‍ ലോകത്ത് നിലവിലുള്ള അന്താരാഷ്ട്ര വേദി ചില കരാറുകളെഴുതിയും പ്രഖ്യാപനങ്ങള്‍ നടത്തിയും പിരിയുകയാണ്. മുസ്‌ലിം ബുദ്ധിജീവികള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സുവര്‍ണ നാളുകളില്‍ ഒരു അന്താരാഷ്ട്ര നിയമവ്യവസ്ഥക്ക് വേണ്ടി ചുവട് വെപ്പുകള്‍ നടത്തിയിരുന്നു. ആ പ്രവര്‍ത്തനത്തിന്റെ നവീന തുടര്‍ച്ചയാണ് ഇപ്പോള്‍ ആവശ്യം. പുതുലോകത്തിന്റെ തേട്ടങ്ങള്‍ക്കനുസരിച്ചാണ് മുസ്‌ലിം പണ്ഡിതരും ബുദ്ധിജീവികളും അന്താരാഷ്ട്ര നിയമവ്യവസ്ഥ ചിട്ടപ്പെടുത്തേണ്ടത്. അന്താരാഷ്ട്ര തലത്തില്‍ ആ വ്യവസ്ഥക്ക് അംഗീകാരം നേടിയെടുക്കാന്‍ വേണ്ടി മുസ്‌ലിം രാഷ്ട്രങ്ങള്‍ ശ്രമം നടത്തുകയും വേണം.
ഐക്യരാഷ്ട്ര സഭയും മറ്റ് അന്താരാഷ്ട്ര വേദികളും ഇന്ന് തീര്‍ത്തും നിഷ്പ്രഭമായിക്കഴിഞ്ഞിരിക്കുന്നു. അധിനിവേശകരുടെ ഉന്മൂലന സിദ്ധാന്തത്തിന് ചട്ടുകമായി വര്‍ത്തിക്കുകയാണ് അവ. പകരം മറ്റൊരു വേദി രൂപീകരിക്കുകയും അതില്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കും തുല്യ പങ്കാളിത്തം നല്‍കുകയും ചെയ്ത് ഒരു ബദല്‍ വേദിക്ക് മുന്‍കൈയെടുക്കേണ്ട സന്ദര്‍ഭമാണിത്. അതിന്റെ ചട്ടക്കൂടും പ്രവര്‍ത്തന രീതിയും അധിനിവേശത്തിന്റെ സകല തിന്മകളില്‍ നിന്നും മുക്തമായിരിക്കണം; തീര്‍ത്തും നീതിയില്‍ അധിഷ്ഠിതവുമായിരിക്കണം. ആ ബദല്‍ വേദി അടിച്ചമര്‍ത്തപ്പെട്ടവരുടെ, നീതിക്ക് വേണ്ടി കേഴുന്നവരുടെ ശബ്ദമായി മാറണം.
(സിന്ദഗി നൗ ഉര്‍ദു മാസികയുടെ എഡിറ്ററാണ് ലേഖകന്‍)
വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
Comments