Prabodhanm Weekly

Pages

Search

2015 നവംബര്‍ 06

അനുസ്മരണം

ഖാദര്‍ എളമന

എം. ഖാലിദ്

ചെങ്ങമനാട് പ്രാദേശിക ഹല്‍ഖ അമീര്‍ ആയിരുന്നു എം. ഖാലിദ് സാഹിബ് (69). കടന്നുചെന്ന ഇടങ്ങളിലെല്ലാം ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും വെളിച്ചം പകര്‍ന്ന ഉജ്ജ്വല വ്യക്തിത്വം. 

ആലപ്പുഴ നീര്‍ക്കുന്നം കണ്ടലിത്തര പരേതനായ മുഹമ്മദ്കുഞ്ഞിന്റെയും പോഞ്ഞാട് കുമ്പളംകുന്നേല്‍ കുഞ്ഞുബീപാത്തുവിന്റെയും മകനായി ജനിച്ച ഖാലിദ്, വിദ്യാഭ്യാസ കാലത്ത് തന്നെ ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തെ കേള്‍ക്കാനിടയായി. പല തെറ്റിദ്ധാരണകളും കാരണം അദ്ദേഹം പ്രസ്ഥാനത്തിന്റെ എതിരാളിയായി മാറി. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരായ നീര്‍ക്കുന്നം അബ്ദുല്‍ അസീസ് സാഹിബ്, ഹസ്സന്‍ ബാവ മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന പ്രതിവാര ഖുര്‍ആന്‍ ക്ലാസിലേക്ക് വിമര്‍ശന ബുദ്ധ്യാ സുഹൃത്തുക്കളുമായി അദ്ദേഹം കടന്നുചെന്നു. അവിടെ നിന്ന് കേള്‍ക്കാന്‍ ഇടയായ ഖുര്‍ആന്‍ ശകലങ്ങള്‍ ആ മനസ്സിനെ വല്ലാതെ പുളകം കൊള്ളിച്ചു. താമസിയാതെ അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അനുഭാവി ആവുകയും ചെയ്തു. പ്രസ്ഥാന മാര്‍ഗത്തില്‍ സമര്‍പ്പിക്കപ്പെട്ടതായിരുന്നു തുടര്‍ന്നങ്ങോട്ടുള്ള അദ്ദേഹത്തിന്റെ ജീവിതം. തന്റെ മാര്‍ഗദര്‍ശിയും ബന്ധുവുമായ നീര്‍ക്കുന്നം അബ്ദുല്‍ അസീസ് സാഹിബിന്റെ മകള്‍ നൂര്‍ജഹാനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 

1978-ല്‍ മധ്യകേരളത്തിലെ അത്താണിയിലെ കാംകോ കമ്പനി ജീവനക്കാരനായി ആലുവയിലേക്ക് പറിച്ചുനടുകയായിരുന്നു ഖാലിദ് സാഹിബിന്റെ പ്രവര്‍ത്തന മേഖല. നൂര്‍ജഹാന്റെ മരണശേഷം ചെങ്ങമനാട്ട് തേനാറ്റില്‍ ജമീലയെ വിവാഹം ചെയ്തു. ചെങ്ങമനാട് സ്ഥിര താമസമാക്കിയ ഖാലിദ് സാഹിബ് പറമ്പയം, ചെങ്ങമനാട്, പാലപ്രശ്ശേരി, കുന്നുകര എന്നീ പ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. 

നൈര്‍മല്യവും ഗുണകാംക്ഷയും നിറഞ്ഞ കാര്‍ക്കശ്യത്തിനുടമയായിരുന്നു അദ്ദേഹം. ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്മാര്‍ഥമായി ഏറ്റെടുത്തിരുന്ന അദ്ദേഹം മാധ്യമം പത്രത്തിന്റെ തുടക്കം മുതല്‍ അത് ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്തു. മാധ്യമം ഏജന്റായും ഏരിയാ കോര്‍ഡിനേറ്ററായും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയും അഹോരാത്രം പണിയെടുത്തു. ആലുവ അന്‍സാര്‍ മസ്ജിദിന്റെയും കുന്നുശ്ശേരി ചാരിറ്റബ്ള്‍ ട്രസ്റ്റിന് കീഴിലുള്ള മസ്ജിദിന്റെയും നിര്‍മാണത്തിലും തുടര്‍ പ്രവര്‍ത്തനത്തിലും മുഖ്യ പങ്ക് വഹിച്ചു. ഹല്‍ഖാ നാസിമായും ഏരിയാ പ്രസിഡന്റായും ചുമതല വഹിച്ച ഖാലിദ് സാഹിബ് ദീര്‍ഘകാലം പ്രാദേശിക ഹല്‍ഖാ അമീര്‍ ആയിരുന്നു. പത്‌നിയും മക്കളും പ്രാസ്ഥാനിക രംഗത്ത് സജീവമാണ്. 

ഖാദര്‍ എളമന

വി. ഹംസ ഹാജി

രുവാരക്കുണ്ടിലെ ആദ്യകാല ഇസ്‌ലാമിക പ്രവര്‍ത്തകരോടൊപ്പം ചെറുപ്പത്തിലേ ഇറങ്ങിത്തിരിച്ച വ്യക്തിയാണ് വെമ്മുള്ളി ഹംസഹാജി. പഴയകാലത്ത് ചെറിയ ശമ്പളത്തില്‍ മദ്‌റസാ അധ്യാപകനായി സേവനം ചെയ്ത അദ്ദേഹം ഏറെ ക്ലേശം സഹിച്ചാണ് പ്രസ്ഥാന രംഗത്ത് ഉറച്ച് നിന്നത്. അക്കാലത്തെ എതിര്‍പ്പുകളെല്ലാം അദ്ദേഹം സധൈര്യം നേരിട്ടു. എഴുപതുകളില്‍ കെ.ടി റഹീം സാഹിബിന്റെ കൂടെ അല്‍പകാലം അന്തമാനില്‍ മദ്‌റസാ അധ്യാപകനായിരുന്നിട്ടുണ്ട്. പില്‍ക്കാലത്ത് വില്ലേജ്മാനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2000 ല്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞു. 

തരിശ് മഹല്ലില്‍ മര്‍ഹൂം എന്‍.യു.കെ മൗലവിയുടെ നേതൃത്വത്തില്‍ സംയുക്ത സ്വഭാവത്തില്‍ നിലനിന്നിരുന്ന പള്ളി-മദ്‌റസാ സംവിധാനത്തെ നിലനിര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.  മഹല്ലില്‍ അന്യാധീനപ്പെട്ട് കിടന്നിരുന് ഭൂസ്വത്തുക്കള്‍ തിരിച്ച് പിടിക്കുന്നതിലും, അവയില്‍ നിന്ന് ആദായമുണ്ടാക്കി സംരക്ഷിക്കുന്നതിലും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. 

സാമൂഹിക പ്രവര്‍ത്തന രംഗത്തും അദ്ദേഹം ധാരാളം സേവനങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഭക്ഷ്യ ക്ഷാമം കൊടുമ്പിരി കൊണ്ട പഴയ കാലത്ത് മാസങ്ങളോളം കഞ്ഞിപാര്‍ച്ചക്ക് നേതൃത്വം നല്‍കിയിരുന്നു. പില്‍ക്കാലത്ത് തരിശിലെ ടൗണ്‍ മസ്ജിദ് നിര്‍മാണത്തിലും നടത്തിപ്പിലും അദ്ദേഹവും കുടുംബവും സ്തുത്യര്‍ഹമായ സേവനം ചെയ്തിട്ടുണ്ട്. 

അബൂജാസിം കരുവാരക്കുണ്ട്

ദേവദത്ത് ജി. പുറക്കാട്

കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകനും മുന്‍ പി.എസ്.സി അംഗവുമായിരുന്ന ദേവദത്ത് ജി. പുറക്കാട് ആലപ്പുഴയിലെ നിറസാന്നിധ്യമായിരുന്നു. കേരള രാഷ്ട്രീയത്തിന്റെ ഉന്നത ശ്രേണിയില്‍ എത്താനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിട്ടും ഒരു സാധാരണ കോണ്‍ഗ്രസുകാരനായി കഴിയാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. രാഷ്ട്രീയ പ്രവര്‍ത്തനം സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള മാര്‍ഗമാക്കാതെ അഴിമതിയുടെ അഴുക്കുചാലില്‍ നിന്ന് എന്നും അകലം പാലിച്ച നേതാവായിരുന്നു ദേവദത്ത്. ജമാഅത്തെ ഇസ്‌ലാമിയുടെ ഏത് പരിപാടിക്ക് ക്ഷണിച്ചാലും സസന്തോഷം സ്വീകരിച്ച് സമയത്തിനു മുമ്പേ എത്തി പ്രവര്‍ത്തകരെ പോലും അത്ഭുതപ്പെടുത്തുമായിരുന്നു. പ്രദേശത്തെ ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനായിരുന്ന പുറക്കാട് അബ്ദുല്‍ ഹമീദ് സാഹിബില്‍ നിന്നാണ് അദ്ദേഹം പ്രബോധനം വാരിക പരിചയപ്പെടുന്നത്. പിന്നീടതിന്റെ സ്ഥിരം വായനക്കാരനായി മാറുകയായിരുന്നു. മുന്‍ ജില്ലാ നാസിമായിരുന്ന മര്‍ഹും അബ്ദുല്‍ അസീസ് സാഹിബുമായും അദ്ദേഹം നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു. 

ഇതര മുസ്‌ലിം സംഘടനകളുടെ പരിപാടികളില്‍ പോലും താന്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയത് ജമാഅത്തെ ഇസ്‌ലാമിയുടെ സാഹിത്യങ്ങളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നുമാണെന്ന് അദ്ദേഹം തുറന്നു പറയുമായിരുന്നു.  സാമുദായിക, രാഷ്ട്രീയ ചിന്താഗതിക്കള്‍ക്കതീതമായി വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമകൂടിയായ ദത്തന്‍ സാറിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് മാത്രമല്ല ആലപ്പുഴയുടെ മതേതര വൃത്തത്തിന് ആകമാനം നികത്താനാവാത്ത നഷ്ടമാണ്. 

കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /15-18
എ.വൈ.ആര്‍