Prabodhanm Weekly

Pages

Search

2015 നവംബര്‍ 06

നിലവിളികള്‍ കേട്ടില്ലെന്ന് നടിക്കരുത്

കല സിദ്ധാര്‍ഥന്‍ മസ്‌കത്ത് /കുറിപ്പ്‌

         'ഒരു ജാതി, ഒരു മതം' എന്നു പറഞ്ഞു നടന്നവര്‍ക്ക്  പോലും മതഭ്രാന്ത് പിടിപെട്ട വര്‍ത്തമാനകാല പരിതസ്ഥിതി യിലാണ് 'ഖുര്‍ആന്‍' എന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രസക്തി നാം അറിയേണ്ടതും അറിയിക്കേണ്ടതും. ഓരോ വ്യക്തിയും  തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും  ഇണങ്ങുന്ന തരത്തില്‍ മതത്തെ ചീകി ഒതുക്കുമ്പോള്‍ 'മാനവിക മതം' എന്ന വിശാലതയാണ് ഇല്ലാതാകുന്നത്. ഇടുങ്ങിയ താക്കോല്‍ ദ്വാരത്തിലൂടെ നാം കാഴ്ചകള്‍ കാണേണ്ടി വരികയും ചെയ്യുന്നു. ഇന്ന് മതം അതിന്റെ സങ്കുചിതമായ വിഭാവനയില്‍ അധികാര ചിഹ്നമാണ്, അവകാശ ചിഹ്നമാണ്. മാനവിക മതമായ ഇസ്‌ലാം ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടത് ഈ അവസരത്തിലാണ്. മാനവികതയും മനുഷ്യത്വവും പ്രസംഗിച്ചു നടക്കുന്നവര്‍ അധികാരത്തിലേറുമ്പോള്‍ മതാന്ധരായി മാറുന്നു. സഹജീവിയെ തിരിച്ചറിയാനും ആപത്ഘട്ടത്തില്‍ അവനെ സഹായിക്കാനും ഉതകുന്ന ഔഷധക്കൂട്ട് ഇതാണ് എന്ന്  ഈ വിശുദ്ധഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. പഠിപ്പും പത്രാസും എത്ര നേടിയാലും അധികാരത്തിന്റെയും സമ്പന്നതയുടെയും ഏത് മടിത്തട്ടില്‍ വാണാലും മനുഷ്യത്വമാവണം കാതലായ മതം. അതാവണം നമ്മുടെ ഇച്ഛാശക്തി. അതാവട്ടെ  ജീവിത പന്ഥാവും.

എനിക്ക്, എന്റേത് എന്ന് നമ്മെ പഠിപ്പിക്കാതിരിക്കുന്ന  ഒരേ ഒരു മതം ഇസ്‌ലാമാണ്. വിശാല വീക്ഷണമാണ് ഇതിന്റെ അടിസ്ഥാന തത്ത്വം തന്നെ. 'ഞാനും' 'നീയും' എന്ന അതിര്‍ വരമ്പുകള്‍ ഭേദിക്കാനും 'നമ്മള്‍' എന്ന വിശാലാര്‍ത്ഥത്തില്‍ ചിന്തിക്കാനും ഉതകുന്ന ഒന്നാണ് ഇസ്‌ലാം. ഇതിനെയാണ് ഇന്ന് വളച്ചൊടിച്ച് 'മാതൃരാജ്യത്തില്‍ നിന്നുപോലും ഭ്രഷ്ടരാക്കപ്പെടേണ്ടവരാണ് ഇസ്‌ലാം മതവിശ്വാസികള്‍' എന്ന്  അഭിനവ ഗോഡ്‌സെമാര്‍ അലമുറയിടുന്നത്. ഭാരതം എന്ന്  പുകള്‍പെറ്റ നമ്മുടെ രാജ്യത്തിന്റെ 'ആര്‍ഷഭാരത സംസ്‌കാര'ത്തെ യൂറോപ്പടക്കമുള്ള പാശ്ചാത്യര്‍ അടക്കിഭരിച്ചത് നാട്ടുരാജാക്കന്മാരുടെ സമ്പന്നത കണ്ടല്ല. മറിച്ച് ഇവിടേക്കെത്തിയ ചെങ്കിസ്ഖാനും മുഗള്‍ ഭരണാധികാരികളും കൊണ്ടതിലേറെ കൊടുത്ത് സംസ്‌കാര സമ്പന്നമാക്കിയ ഇന്ത്യയുടെ ആത്മാവ് കണ്ടതിനാലാണ്. ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം ഇന്ത്യയില്‍ നിലനിന്നിരുന്നതായി ചരിത്രകാരന്മാര്‍ രേപ്പെടുത്തുന്നു. അതിനാല്‍ തന്നെ ഈ വാഴ്ത്തിപ്പാടുന്ന ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ വേരുകള്‍ ഊന്നി നില്ക്കുന്നത്  ഇസ്‌ലാം മതത്തിന്റെ കൂടി പിന്‍ബലത്തിലാണെന്നു മറക്കരുത്.

ചരിത്രത്തിനെമ്പാടും കുടിയേറ്റങ്ങളുടെ കഥകള്‍ പറയാനുണ്ട്. അതിജീവനത്തിനും ആഹാരത്തിനും വേണ്ടിയുള്ളതാണ് ഒട്ടുമിക്ക പലായനങ്ങളും. തിരസ്‌കരിക്കപ്പെടുന്നവനും പറിച്ചുനടപ്പെട്ടവനും ഒരുമിക്കുന്ന ഈ ഭൂമിക നമ്മെ പലതും പഠിപ്പിക്കുന്നു. പ്രവാസത്തില്‍ കാണുന്ന ഈ ജീവിത  വൈവിധ്യം ചില നേരറിവുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ ബഹുരാജ്യ സാമൂഹിക വ്യവസ്ഥയില്‍ നാം നമ്മെ  ചിട്ടപ്പെടുത്തുന്നത് 'സ്വുബ്ഹി' മുതല്‍ 'ഇശാ' വരെയുള്ള നമസ്‌കാര ക്രമങ്ങളിലാണ്. പള്ളികളില്‍ നിന്നുയരുന്ന വാഴ്ത്തിപ്പാടലുകള്‍ അവനവന് നേരിലേക്ക്, നെറിയിലേക്ക്, നിലനില്‍പ്പിലേക്ക് ആഴ്ന്നിറങ്ങാനുള്ള അടയാളങ്ങളാണ്. വിശ്വമാനവികതയുടെ പര്യായമായ വിശുദ്ധ ഗ്രന്ഥത്തിന്റെ അര്‍ത്ഥവും  ആഴവും അതിന്റെ പരിപൂര്‍ണ്ണതയില്‍ സാര്‍ത്ഥകമാകുന്നത് ഈ  അറേബ്യന്‍ മണ്ണിലാണ്. ഇന്ത്യന്‍ ഭരണാധികാരികള്‍ കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്താന്‍ ഉലകം ചുറ്റുമ്പോള്‍ കണ്ണൊന്നു തുറന്നാല്‍ ഈ സഹിഷ്ണുത കാണാം. വിവിധ മതസ്ഥരുടെ  ആരാധനാലയങ്ങള്‍ പണിത് അവയിലെല്ലാം ആരാധനാ  സൗകര്യം ഒരുക്കുകയാണ് അറേബ്യന്‍ രാജ്യങ്ങള്‍. ജനാധിപത്യ മതേതര രാജ്യത്തു നടക്കുന്ന ഹീനമായ പ്രവൃത്തികള്‍ കണ്ടും കേട്ടും ചിന്തിക്കുന്ന ഓരോ ഭാരതീയനും ലജ്ജിച്ച് തല താഴ്ത്തുകയാണ്. 

ഇസ്‌ലാം മതത്തെ പുഛിച്ച് തള്ളുന്നവര്‍ ഒന്നോര്‍ക്കുക, കാമ്പും കഴമ്പുമുള്ള ഒരു ജനത നിങ്ങള്‍ക്കു ചുറ്റുമുണ്ട്. മതഭ്രാന്തന്മാരും മാംസഭ്രാന്തന്മാരും സഹജീവിയെ കൊന്നൊടുക്കി, മൃഗത്തിനു നല്‍കുന്ന വില പോലും മനുഷ്യജീവനു  നല്‍കാതെ കൊന്നു കൊലവിളിക്കുന്നത് എത്ര ഹീനമാണ്്! ഇവിടെയാണ് പ്രവാചകന്റെ ദീര്‍ഘ വീക്ഷണത്തെ നാം നമിക്കേണ്ടത്. സര്‍വ്വ മതസ്ഥരെയും ഒരേപോലെ കാണാന്‍ പഠിപ്പിച്ച ആ വിശുദ്ധാത്മാവ് കാലാതീതനായി നിലകൊള്ളുന്നതും ഇവിടെയാണ്.

ഒരു കൂട്ടര്‍ മതവും ഭക്തിയും കൂട്ടിക്കുഴച്ച് സാധാരണക്കാരെ ഭ്രാന്തു പിടിപ്പിക്കുകയാണ്. ഈ അവസരത്തില്‍ ഇക്കൂട്ടര്‍ ഇസ്‌ലാമിനെക്കൂടി വായിക്കട്ടെ. നന്മ എന്താണെന്ന് വായിച്ചറിയട്ടെ. ബീഫ് വിവാദം നാള്‍ക്കുനാള്‍ പുതിയ മാനങ്ങളിലെത്തുന്നു. ഹരിയാന മുഖ്യമന്ത്രിയുടേതാണ് പുതിയ വെളിപാട്. ബീഫ് കഴിക്കുന്നവര്‍ രാജ്യം വിട്ട് പുറത്ത് പോകണമത്രേ. അങ്ങനെയെങ്കില്‍ ആദ്യം പുറത്തു പോകേണ്ടവര്‍ മുസ്‌ലിം മതവിശ്വാസികളാണോ? ഇത് ഈ നരഭോജികള്‍ ആലോചിക്കുന്നില്ല. എണ്ണ നല്‍കിയ എണ്ണമറ്റ സുഖഭോഗങ്ങള്‍ ഒരുവശത്ത്, എണ്ണമറ്റ മാനസിക ശാരീരിക സംഘര്‍ഷങ്ങള്‍ മറുവശത്ത്, നാട് സ്വത്വവും സ്വസ്ഥതയും നഷ്ടപ്പെടുത്തുമ്പോള്‍ കൂടുവിട്ട് മറ്റൊരിടത്തേക്ക് ചേക്കേറിയവരാണ് പ്രവാസികള്‍. ഓരോ പ്രവാസിക്കും ഈ മരുഭൂമി പോറ്റമ്മയാണ്. ജന്മനാട്ടില്‍  നിന്നുയരുന്ന നിലവിളികള്‍ നാം കേട്ടില്ലെന്നു നടിക്കരുത്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /15-18
എ.വൈ.ആര്‍