Prabodhanm Weekly

Pages

Search

2015 നവംബര്‍ 06

വാദിയെ പ്രതിയാക്കുന്ന സംഘ്പരിവാര്‍ കുതന്ത്രം

റഹ്മാന്‍ മധുരക്കുഴി

വാദിയെ പ്രതിയാക്കുന്ന 
സംഘ്പരിവാര്‍ കുതന്ത്രം

മുസല്‍മാന്മാരുടെ ആക്രമണം കൊണ്ടാണ് ഇന്ത്യയില്‍ ബുദ്ധമതത്തിന് പതനം സംഭവിച്ചതെന്ന്, ഡോ. അംബേദ്കറെ ഉദ്ധരിച്ച്‌കൊണ്ട് കേസരി ലേഖകന്‍ സുരേന്ദ്രന്‍ വാദിക്കുന്നു (കേസരി 3.7.2015). 'ബൂത്തി'ന്റെ ശത്രുവായിട്ടാണ് ഇസ്‌ലാം രംഗപ്രവേശം ചെയ്തതെന്നും, 'ബൂത്ത്' എന്നത് ഒരു അറബി വാക്കാണെന്നും വിഗ്രഹം എന്നാണ് അതിന്റെ അര്‍ഥമെന്നും 'ബുദ്ധന്‍' എന്ന വാക്കിന്റെ വികലമായ അറബി രൂപമാണ് അതെന്നും ലേഖകന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. വിഗ്രഹങ്ങള്‍ തകര്‍ക്കുക എന്ന ദൗത്യം ബുദ്ധമതത്തെ നശിപ്പിക്കുകയെന്ന ദൗത്യമായിത്തീര്‍ന്നുവത്രെ!

വിഗ്രഹാരാധനയെയും, ബഹുദൈവ വിശ്വാസത്തെയും ശക്തിയുക്തം നിരാകരിക്കുന്ന മതമാണ് ഇസ്‌ലാം എന്നത് അനിഷേധ്യ യാഥാര്‍ഥ്യം. എന്നാല്‍, ഇതര മതവിഭാഗങ്ങളുടെ ആരാധ്യന്മാരെ നിന്ദിക്കുകയോ, ശകാരിക്കുകയോ ചെയ്യുന്നത് വിശുദ്ധ ഖുര്‍ആന്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. 'മതത്തില്‍ ഒരു നിര്‍ബന്ധവുമില്ല; ഇഷ്ടമുള്ളവന്‍ സ്വീകരിക്കട്ടെ, ഇഷ്ടമില്ലാത്തവന്‍ നിരാകരിച്ചുകൊള്ളട്ടെ' എന്ന അസന്ദിഗ്ധമായ പ്രഖ്യാപനത്തിലൂടെ വിശ്വാസ സ്വാതന്ത്ര്യം ഖുര്‍ആന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മതഭേദമന്യേ, ആരാധനാലയങ്ങള്‍ക്കെതിരെയുള്ള കൈയേറ്റങ്ങളെ പ്രതിരോധിക്കാന്‍ രംഗത്ത് വരണമെന്നും ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്റെ ഈ അധ്യാപനത്തിന് വിരുദ്ധമായി ഒരു കാലത്തും, ഒരിടത്തും മുസ്‌ലിം സമൂഹം പ്രവര്‍ത്തിച്ച ചരിത്രവുമില്ല. ഇസ്‌ലാമിക ഭരണാധികാരികളായിരുന്ന അബൂബക്ര്‍, ഉമര്‍ തുടങ്ങിയ മഹാന്മാര്‍, ഇതര മത വിഭാഗങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം പൂര്‍ണമായും അനുവദിച്ചുകൊടുക്കുകയും, അവരുടെ ആരാധനാലയങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുകയും ചെയ്ത ചരിത്രമേ ലോകത്തിന് പറയാനുള്ളൂ. 

മുസ്‌ലിംകള്‍ അന്യമത വിഗ്രഹധ്വംസകരോ, ആരാധനാലയ ധ്വംസകരോ ആയിരുന്നുവെങ്കില്‍ 800 വര്‍ഷത്തിലധികം മുസ്‌ലിം ഭരണാധികാരികള്‍ ഇന്ത്യ അടക്കി വാണിട്ട്, ഹിന്ദു-ബുദ്ധ ദേവാലയങ്ങള്‍ ഇപ്പോഴും രാജ്യത്തെങ്ങും തലയുയര്‍ത്തി നില്‍ക്കുമായിരുന്നോ? മുസ്‌ലിം ഭരണാധികാരികള്‍ വിഗ്രഹഭഞ്ജനമോ, ക്ഷേത്ര ധ്വംസനമോ, അന്യമത ദ്രോഹമോ നടത്തിയില്ലെന്ന് മാത്രമല്ല; അവരുടെ ഭരണകാലത്ത് ഹിന്ദുമതം ഇവിടെ വ്യാപകമായി പ്രചരിക്കുകയാണ് ചെയ്തതെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. മാക്‌സ് വെബറുടെ അഭിപ്രായത്തില്‍ '800 വര്‍ഷത്തെ മുസ്‌ലിം ഭരണ കാലത്തിനിടയ്ക്ക് ഹിന്ദുമതം ഇവിടത്തെ വിവിധ ഗോത്രങ്ങളില്‍ വ്യാപകമായി പ്രചരിച്ചു' എന്ന് വിളിച്ചു പറയുന്നത് ഹിന്ദുത്വത്തിന്റെ ശക്തനായ വക്താവായിരുന്ന കെ.ആര്‍ മല്‍ക്കാനി തന്നെയാണ് (ഹിന്ദു-ചരിത്രത്തില്‍/കെ.ആര്‍ മല്‍ക്കാനി, കേസരി 24.7.1983). മുസ്‌ലിം ഭരണകാലത്ത് ഭരണകൂടം ഇസ്‌ലാം മതത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയോ, ഇസ്‌ലാം മതാചാര പ്രകാരമുള്ള ഭരണം നടപ്പിലാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നത് സി. അച്യുതമേനോന്‍ ആണ് (ജനയുഗം 26.11.1978). 'ബാബര്‍ മുതല്‍ ഷാജഹാന്‍ വരെയുള്ള എല്ലാ മുഗള്‍ ചക്രവര്‍ത്തിമാരും അങ്ങേയറ്റം മത സഹിഷ്ണുത പുലര്‍ത്തിയിരുന്നവരായിരുന്നു'വെന്ന് ഇടമറുകും പറയുന്നു (കേരള ശബ്ദം, 23.03.1986).

വാദിയെ പ്രതിയാക്കി തൂക്കിലേറ്റാനുള്ള ഹീന ശ്രമമാണ് കേസരി ലേഖകന്‍ നടത്തുന്നത്. ബുദ്ധ-ജൈന മതക്കാര്‍ക്കെതിരെ ചരിത്രത്തില്‍ വൈദിക ബ്രാഹ്മണ്യം നടത്തിയ നിഷ്ഠൂരമായ കൈയേറ്റങ്ങളെയും അതിക്രമങ്ങളെയും തന്ത്രപൂര്‍വം മറച്ചു പിടിച്ച് കുറ്റം മുസ്‌ലിംകളുടെ മേല്‍ ആരോപിക്കുകയാണ്. യഥാര്‍ഥത്തില്‍, ബുദ്ധ സംഘങ്ങളെ നശിപ്പിക്കുന്നതിനും, ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന ഐക്യം തകര്‍ക്കുന്നതിനും വൈദിക ബ്രാഹ്മണര്‍ പ്രയോഗിച്ച തന്ത്രങ്ങളുടെ സാമാന്യ ചിത്രമാണ് അര്‍ഥശാസ്ത്രത്തിലെ സംഘവൃത്തം നല്‍കുന്നത്. ഇന്ത്യയില്‍ ജന്മം കൊണ്ട ബുദ്ധമതത്തിന് ശ്രീലങ്കയിലും ബര്‍മയിലും തായ്‌ലാന്റിലും അഭയം പ്രാപിക്കേണ്ടി വന്നത് ബ്രാഹ്മണ മതത്തിന്റെ 'മഹത്തായ സഹിഷ്ണുത' കൊണ്ടാവാനേ തരമുള്ളൂ. ബുദ്ധ വിഹാരങ്ങള്‍ നശിപ്പിക്കപ്പെടുകയും, ഇന്ന് കാണുന്ന വിധത്തിലുള്ള ബ്രാഹ്മണ നിയന്ത്രിതങ്ങളായ ആരാധനാ ക്രമത്തോട് കൂടിയ ക്ഷേത്രങ്ങളായി അവയെ മാറ്റുകയും ചെയ്ത കഥ കേരളം പരശുരാമനിലൂടെ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ബുദ്ധ-ജൈന മതങ്ങള്‍ക്കെതിരെ വൈദിക ബ്രാഹ്മണര്‍ അഴിച്ചുവിട്ട ക്രൂരതകളെ രൂക്ഷവും പരിഹാസ്യവുമായ ശൈലിയില്‍ എം.വി ദേവന്‍ വിമര്‍ശിക്കുന്നതിങ്ങനെ: ''ബുദ്ധ-ജൈന മതങ്ങള്‍ക്കെതിരെ ബ്രാഹ്മണ മത റിവൈവലിസം ഉയിര്‍ക്കൊണ്ട ക്രി. 4-ാം നൂറ്റാണ്ടില്‍ 'മ്ലേഛ'രായ ബൗദ്ധരെയും ജൈനരെയും കൊന്നൊടുക്കുകയല്ലാതെ തീറ്റിപ്പോറ്റുകയാണോ ചെയ്തിരിക്കുന്നത്? ദക്ഷിണേന്ത്യയില്‍, 12-15 നൂറ്റാണ്ടുകളില്‍ ബ്രാഹ്മണ മതം രണ്ട് വിഭാഗമായി പിരിഞ്ഞ് വൈഷ്ണവരും ശൈവരും നടത്തിയത് കൊലയല്ലാതെ തിലക ഹോമമായിരുന്നോ?'' (എം.വി ദേവന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 16-22, 1991)

ബുദ്ധമതത്തിനെതിരായി ആര്‍ഷ ഭാരതം നടത്താത്ത അക്രമങ്ങള്‍ വല്ലതുമുണ്ടോ എന്ന് ചോദിക്കുന്നു പ്രശസ്ത കോളമിസ്റ്റ് എന്‍.രാമചന്ദ്രന്‍ (കേരള ശബ്ദം 27.12.1992). ''സര്‍വം സഹയായ ബുദ്ധമതത്തെ അക്രമിയും നവീകൃതോജസ്വിയുമായ ഹിന്ദുമതം വിഴുങ്ങി'' എന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണനും തറപ്പിച്ചു പറയുന്നു (ഇന്ത്യാ ചരിത്ര പരിചയം, പേജ് 49). ബുദ്ധ മതത്തെ നശിപ്പിച്ചത് മുസ്‌ലിംകളാണെന്ന, വാദിയെ പ്രതിയാക്കാനുള്ള സംഘ്പരിവാര കുതന്ത്രം, അനിഷേധ്യ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് മുമ്പില്‍ വിലപ്പോവില്ലെന്ന് സുതരാം വ്യക്തം.

റഹ്മാന്‍ മധുരക്കുഴി 

പാഠ്യപദ്ധതികള്‍ മാത്രം മാറിയിട്ടെന്ത്?

2921 ലക്കം പ്രബോധനത്തില്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് എഴുതിയ 'പാഠ്യപദ്ധതികള്‍ മാറിയിട്ടെന്ത് കാര്യം, ക്ലാസ്സ് മുറികള്‍ മാറിയില്ലെങ്കില്‍' എന്ന ലേഖനം വായിച്ചു. വിദ്യാഭ്യാസ മേഖല പരിഷ്‌കാരങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ലേഖകന്‍ സൂചിപ്പിച്ചത് പോലെ ക്ലാസ്സ് മുറികള്‍ക്കകത്തേക്ക് എത്തുമ്പോള്‍ എന്തു മാറ്റമാണ് അതിനുണ്ടാകുന്നത് എന്ന് ഗൗരവത്തില്‍ ആലോചിക്കേണ്ടതാണ്. ഏതു മാറ്റവും ക്ലാസ്മുറികളില്‍ നിന്ന് വിദ്യാര്‍ഥികളിലൂടെ സമൂഹത്തില്‍ എത്തുമ്പോഴേ അതിന് യഥാര്‍ഥ ഫലം ലഭിക്കുകയുള്ളൂ. ടെക്സ്റ്റ് ബുക്കിലും അനുബന്ധ രേഖകളിലും മാത്രം കെട്ടിക്കിടന്നാല്‍ പരിഷ്‌കാരങ്ങള്‍ വൃഥാവിലാകും. അധ്യാപനം തൊഴിലായി സ്വീകരിച്ച് സമയത്തിന് വന്ന് സമയത്തിന് പോകുന്ന കൂലിപ്പണി കണക്കെ എടുത്താല്‍ ഒരു പരിഷ്‌കാരവും സാധ്യമാവില്ല. കുട്ടികളുമായി ഇടപഴകിയും അവര്‍ക്ക് വിജ്ഞാനം വിവേകപൂര്‍വം പകര്‍ന്ന് കൊടുത്തും മഹിത മാതൃകകള്‍ സമ്മാനിച്ചും ആസ്വദിച്ചും ചെയ്യേണ്ട കലയാണ് അധ്യാപനമെന്നത്.

ശീലിച്ചതില്‍ നിന്ന് മാറാന്‍ സന്നദ്ധത ഇല്ലാത്തവര്‍ക്ക് പുതിയത് പകര്‍ന്നു കൊടുക്കാന്‍ കഴിയുകയില്ല. ഫലപ്രദമായതില്‍ നിന്ന് ഏറ്റവും ഫലപ്രദമായതിലേക്കുള്ള പ്രയാണമാണ് പരിഷ്‌കാരങ്ങള്‍. അത് ആദ്യം ഉള്‍ക്കൊള്ളേണ്ടത് അധ്യാപക സമൂഹം തന്നെയാണ്. കുളത്തില്‍ കിടക്കുന്ന കല്ലുകള്‍ക്ക് രൂപഭംഗി ഉണ്ടാവുകയില്ല. എന്നാല്‍ പുഴയിലെ കല്ലുകള്‍ മനോഹരമാണ്. നിരന്തരമുള്ള അനക്കങ്ങളും സ്ഥാനചലനങ്ങളുമാണ് അതിനു കാരണം. ഇതുപോലെ ചലനാത്മകമാകണം വിദ്യാഭ്യാസ മേഖലയും. എങ്കിലേ മാറ്റം യാഥാര്‍ഥ്യമാവൂ. അറിവിന്റെ നിര്‍മാണം സംഭവിക്കുന്നത് പുതിയ ക്ലാസ്സ് മുറികളിലൂടെയാണ്. അധ്യാപകനാകട്ടെ സാഹചര്യം ഒരുക്കുന്നവനും സഹായിയുമാണ്. കാര്യങ്ങളെ മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും ശ്രദ്ധാലുക്കളാണ് പുതിയ തലമുറ. നീണ്ട  പ്രഭാഷണ സമാനമായ ക്ലാസ്സുകള്‍ അരോചകവും അനാവശ്യവുമായാണ് അവര്‍ വിലയിരുത്തുക. അവരെ ഉള്‍ക്കൊള്ളുന്ന, അവര്‍ക്ക് പങ്കാളിത്തമുള്ള, പ്രവര്‍ത്തനോന്മുഖ ക്ലാസ്സുകളാവണം ഓരോന്നും. എങ്കില്‍ മാത്രമേ പരിഷ്‌കരണ ലക്ഷ്യം സാര്‍ഥകമാവുകയുള്ളൂ. അതിന് മുഷിപ്പിന്റെയും ആലസ്യത്തിന്റെയും ക്ലാസ് മുറികളല്ല, ആഹ്ലാദകരവും അന്വേഷണത്വര വളര്‍ത്തുന്നതും രചനാത്മകവുമായ ക്ലാസ് മുറികളാണ് വേണ്ടത്.

അബ്ദുര്‍റസാക്ക് പുലാപ്പറ്റ

സിറിയയും ഫലസ്ത്വീനും രണ്ട് പ്രതീകങ്ങളാണ്

സിറിയയും ഫലസ്ത്വീനും രണ്ട് പ്രതീകങ്ങളായി മാറിയിരിക്കുന്നു. രണ്ടും സാമ്രാജ്യത്വശക്തികളുടെ ഇരകള്‍. അവരുടെ കളിത്തൊട്ടിലുകള്‍, അവരുടെ യുദ്ധഭൂമി. സിറിയന്‍ ജനത ഹിജ്‌റയിലാണ്. ഫലസ്ത്വീനികള്‍ തടങ്കലിലും. സിറിയന്‍ ഭരണാധികാരിയെ നിലനിര്‍ത്താനും ആട്ടിപ്പായിക്കാനും രണ്ട് ശക്തികള്‍ ആ മേഖലയെ യുദ്ധക്കളമാക്കുന്നു.

പശ്ചിമേഷ്യ നേരത്തേ തന്നെ സാമ്രാജ്യത്വശക്തികളുടെ കേളീ രംഗമാണ്. പശ്ചിമേഷ്യയിലെ അസ്വസ്ഥതകളാണ് അവര്‍ക്കെന്നും വളം. ഇപ്പോള്‍ ഫലസ്ത്വീനെ ഇസ്രയേല്‍ നിശ്ശബ്ദമാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. മസ്ജിദുല്‍ അഖ്‌സ്വയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. മുതിര്‍ന്നവരെയും പിഞ്ചുകുഞ്ഞുങ്ങളെയും നിര്‍ദാക്ഷിണ്യം വെടിവെച്ചു കൊല്ലുന്നു. ഫലസ്ത്വീനിനെ ചോരക്കളമാക്കി വിശാല ഇസ്രേയല്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു സയണിസ്റ്റുകള്‍. ആരെയും ഭയമില്ലാതെ, ദൈവത്തെ പോലും ഭയമില്ലാതെ നിസ്സഹായരായ ഒരുജനതയുടെ നേരെ ഇവര്‍ അഴിഞ്ഞാടുന്നു.

സിറിയയെ അമേരിക്കയും റഷ്യയും ചേര്‍ന്ന് പങ്കിട്ടെടുക്കാന്‍ ശ്രമിക്കുന്നു. ഇനി സിറിയയുടെ ഭാവി തങ്ങളുടെ കൈകളിലാണെന്ന മട്ടില്‍ ഇവര്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിറിയയിലും ഫലസ്ത്വീനിലും സമാധാന പുനഃസ്ഥാപനത്തിന് വന്‍ ശക്തികള്‍ക്ക് വലിയ താല്‍പര്യം ഇല്ല എന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു.

അബ്ദുല്‍ മലിക് മുടിക്കല്‍

'ദാദ്രി ഒറ്റപ്പെട്ടതല്ല' മുഖക്കുറിപ്പ് (ലക്കം 2921) ഇന്ത്യയുടെ വര്‍ത്തമാന സാഹചര്യത്തിന്റെ നേര്‍സാക്ഷ്യമായി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്.  പൗരന് ഏതു ഭക്ഷണം കഴിക്കാനും ഭരണഘടന അനുവദിക്കുന്നുണ്ട്. ഒരു പാര്‍ട്ടിക്കും ഒരാളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ അത് അനുവാദം നല്‍കുന്നില്ല.

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /15-18
എ.വൈ.ആര്‍